ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 26, 2017

സ്വാര്‍ത്ഥത, ദേശീയത, തസ്‌കരസംഘം



ഇന്ന് ലോകമെമ്പാടും വിലമതിക്കുന്ന ഏകാത്മ മാനവ ദര്‍ശനത്തിന്റെ അവതാരകന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ഋഷിതുല്യമായ ദര്‍ശനവും വീക്ഷണവും പ്രചവനങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയില്‍ ജനിച്ച് സ്വാതന്ത്ര്യസമരത്തിന്റെ ഉച്ചാവസ്ഥയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഭാവി ഭാരതത്തെക്കുറിച്ച് നടത്തിയ വിചിന്തനമാണ് ഏകാത്മ മാനവ ദര്‍ശനമായത്, അത് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്ലാത്ത വിശ്വമാനവികതയുടെ ദര്‍ശനമായിക്കഴിഞ്ഞു. ദേശീയതയെക്കുറിച്ച് പണ്ഡിറ്റ് ദീനദയാല്‍, അരനൂറ്റാണ്ടു മുമ്പ് അവതരിപ്പിച്ച കാഴ്ചപ്പാടില്‍ ചിലത്....
ദേശീയഭാവനയുടെ ശക്തമായ വേലിയേറ്റമോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണമോ കൊണ്ട് പരകീയാധാരം (അസ്വാതന്ത്ര്യം) നശിച്ചെങ്കില്‍ അഥവാ അപ്രത്യക്ഷമാവുകയാണെങ്കില്‍, പെട്ടെന്ന് ഈ വിരോധാത്മകമായ ദേശീയതയുടെ മുന്നില്‍ വലിയ ചോദ്യം ഉയരുന്നു. ദേശഭക്തിയുടെയും ദേശീയതയുടെയും ആശ്രയാസ്ഥാനമായിരുന്ന പരകീയാധാരം അവസാനിച്ചു; അസ്വതന്ത്ര രാജ്യങ്ങളില്‍ മാത്രമേ ദേശഭക്തര്‍ ഉണ്ടാകുന്നുള്ളു. ദേശഭക്തിയുണ്ടാകാന്‍ പാരതന്ത്ര്യമാണോ ആവശ്യം? അല്ല. അപ്പോള്‍ ആലോചിക്കേണ്ടത്, ദേശഭക്തിയെന്നാല്‍ എന്താണ് എന്നതാണ്, അതിനു സൃഷ്ടിപരമായ എന്തെങ്കിലും അടിസ്ഥാനമില്ലാതിരുന്നാല്‍ വലിയ ദേശഭക്തര്‍ പോലും ദേശഭക്തിയുടെ പേരില്‍ സ്വര്‍ത്ഥ ലാഭത്തിന് യത്‌നിച്ചുവെന്ന് വരും. പേരിനും പദവിക്കുംവേണ്ടി രാജ്യതാല്‍പര്യങ്ങള്‍ പോലും ബലികഴിക്കാന്‍ തയ്യാറാകും. അതുകൊണ്ട് ദേശഭക്തിക്ക് ഭാവാത്മകമായ സങ്കല്‍പ്പം ഉണ്ടാവണം. അല്ലെങ്കില്‍ ദേശഭക്തിയാകുന്ന പ്രാസാദം, മണലിനുമേല്‍ കെട്ടിപ്പൊക്കിയ കെട്ടിടം പോലെ ചെറുകാറ്റടിച്ചാല്‍ നിലം പതിക്കും.

ഈ സൃഷ്ടിപരമായ അടിസ്ഥാനം മനസിലാക്കാന്‍ ആത്മനിരീക്ഷണം അനിവാര്യമാണ്. പരകീയ അധികാരത്തിനു പകരം നാം നമ്മുടെ രാഷ്ട്രത്തെയും രാജ്യത്തെയും പറ്റി ചിന്തിക്കണം. പരകീയാധികാരത്തെ നാം എന്തുകൊണ്ടെതിര്‍ക്കുന്നുവെന്ന് ആഴത്തില്‍ ചിന്തിക്കാം. പരകീയാധികാരത്തിന്റെ സ്ഥിതിവിശേഷംകൊണ്ടാണോ നമ്മുടെ സാമ്പത്തിക നില വഷളായിത്തീരുന്നത്. നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും പടര്‍ന്നു പിടിച്ചിരിക്കുകയാണ്. നമുക്ക് വലിയ ഉദ്യോഗങ്ങള്‍ ലഭിക്കുന്നില്ല. രാജ്യഭരണകാര്യങ്ങളില്‍ നമുക്കൊരു സ്ഥാനവുമില്ല. നമ്മുടെ ആത്മാഭിമാനത്തിനു പോലും ചിലയിടങ്ങളില്‍ ക്ഷതമേല്‍ക്കുന്നു- അങ്ങനെ പലതും. ഇന്ന് പരകീയാധാരത്തെ എതിര്‍ക്കുന്ന ഒരാള്‍ക്ക് നാളെ ഉദ്യോഗം ലഭിക്കുകയും അയാള്‍ എതിര്‍പ്പുപേക്ഷിക്കുകയുമാണെങ്കില്‍ അയാള്‍ ദേശഭക്തനാണെന്ന് പറയുവാന്‍ കഴിയുമോ?

എതിര്‍ക്കുന്ന നിര്‍ദ്ധനനായ ദേശഭക്തനെ ഭരണവര്‍ഗ്ഗം വിലയ്ക്ക് വാങ്ങിയാലും അയാള്‍ നമ്മുടെ സ്‌നേഹാദരങ്ങള്‍ക്ക് തുടര്‍ന്നു പാത്രമാകുമോ? ഇന്ന് രാജ്യത്തില്‍ ഒരു പദവിയും നേടിയിട്ടില്ലാത്ത ഒരാളെ നാളെ പദവിനേടി ഭരണവര്‍ഗത്തിന്റെ മുന്‍പില്‍ എറാന്‍ മൂളാന്‍ തയ്യാറായല്‍ അയാളുടെ വാക്കുകളില്‍ ഒരു ദേശഭക്തന്റേതിലുള്ളത്ര ശക്തിപ്രഭാവം കാണുമോ? ദേശഭക്തനാകട്ടെ ധനവും, ഐശ്വര്യവും പദവിയും വലിച്ചെറിഞ്ഞ് ദാരിദ്ര്യവും കഷ്ടപ്പാടും സേവാവ്രതവും സ്വീകരിക്കുന്നു; അതില്‍ത്തന്നെയാണ് അയാളുടെ മഹത്വം.
പരകീയാധികാരത്തെ എതിര്‍ക്കുന്ന ദേശഭക്തനില്‍ പണമില്ലായ്മ, പദവിയില്ലായ്മ, തൊഴിലില്ലായ്മ എന്നിവയുടെ മാത്രമല്ല, മുഴുവന്‍ രാജ്യത്തിന്റെയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് പ്രശ്‌നം. രാഷ്ട്രത്തെ മുഴുവന്‍ ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

രാഷ്ട്രം എന്ന സങ്കല്‍പത്തില്‍ തന്നെ ദേശഭക്തിയുടെ രഹസ്യം അടങ്ങിയിരിക്കുന്നു. നാം സ്വന്തം കാര്യത്തിനു പകരം സമ്പൂര്‍ണ രാഷ്ട്രത്തെപ്പറ്റിയും എന്തുകൊണ്ടാണ് ചിന്തിക്കുന്നത്? ഈ പ്രശ്‌നങ്ങളെ ഒറ്റക്ക് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം എല്ലാവരും ചേര്‍ന്നു ശ്രമിച്ചാല്‍ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയുമെന്നതുകൊണ്ടാണോ രാഷ്ട്രത്തിന്റെ ക്ഷേമത്തെപ്പറ്റി ചിന്തിക്കുന്നത്. അതില്‍ നമ്മുടെയും ക്ഷേമം ഉണ്ടെന്നതിനാലാണോ? ഈ സ്വാര്‍ത്ഥ ഭാവനയാണ് നമ്മിലെങ്കില്‍ നമ്മുടെ ദേശീയത തസ്‌കരന്മാരുടെ സംഘടനപോലെ ആയിത്തീരും. അവരും ഒന്നുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പരസ്പരം സംരക്ഷണം നല്‍കുന്നു; തങ്ങളുടെ നേതാക്കന്മാരെ അനുസരിക്കുന്നു. സ്വാര്‍ത്ഥതയെ സമൂഹത്തിന്റെ സ്വാര്‍ത്ഥതക്കുവേണ്ടി ഉപേക്ഷിക്കുന്നു.

പുറമേ നോക്കിയാല്‍ ഇതെല്ലാം നല്ലകാര്യങ്ങളാണെങ്കിലും ഇവരുടെ കൂട്ടുകെട്ട് ചിരന്തനമോ മനുഷ്യത്വത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ളതോ അല്ല. കൊള്ളമുതല്‍ വീതംവെക്കുമ്പോള്‍ അവരില്‍ വഴക്കും അന്തഃഛിദ്രവുമുണ്ടാകുന്നു. അല്ലെങ്കില്‍ അവര്‍ ഒത്തുചേര്‍ന്ന് മറ്റുള്ളവരെ കൊള്ള ചെയ്തുകൊണ്ടിരിക്കും. രണ്ടു സ്ഥിതികളും ഹാനികരമാണ്. ദേശീയതയും ഇതുപോലുള്ള സാമ്പത്തിക കാരണങ്ങളുടെ സമ്മര്‍ദ്ദംമൂലം ഉണ്ടായതാണെങ്കില്‍ ഒന്നുകില്‍ വ്യക്തിപരവും വര്‍ഗ്ഗപരവുമായ സ്വാര്‍ത്ഥത കാരണം കലഹമുണ്ടാകും. അല്ലെങ്കില്‍ ചില പാശ്ചാത്യരാഷ്ട്രങ്ങളെപ്പോലെ ”പീഡനമനുഭവിക്കുന്ന മാനവസമൂഹത്തിന്റെ രക്ഷക്കുവേണ്ടിയാണ്” എന്ന മുറവിളി മുഴക്കിയിട്ടും സ്വന്തം ദേശീയ സ്വാര്‍ത്ഥത്തിനുവേണ്ടി മറ്റു രാഷ്ട്രങ്ങളെ അടിമകളാക്കി നിരന്തരം ലോകയുദ്ധത്തില്‍ മുഴുകി മാനവ സമുദായത്തിന്റെ വിപത്തിന് കാരണമായിത്തീരും. ഈ സാമ്പത്തികാധിപത്യം ‘സത്യമല്ല, ശിവമല്ല, സുന്ദരവുമല്ല.”

No comments:

Post a Comment