ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 21, 2017

ചന്ദ്രനും ആത്മാവും - ഭാഗവതത്തിലൂടെ...


സര്‍വഭക്ഷകനായ അഗ്നി എല്ലാത്തിനേയും ദഹിപ്പിക്കും. കിട്ടുന്നതിനെയെല്ലാം സ്വീകരിക്കും. നാളത്തേക്കായി ഒന്നും മാറ്റിവക്കില്ല. ശുദ്ധിയും അശുദ്ധിയും നോക്കിയില്ലെങ്കിലും അഗ്നി എല്ലായ്‌പ്പോഴും പരിശുദ്ധനായിരിക്കും. അടുക്കാനാവാത്ത ചൂട് അഗ്നിയുടെ സ്വഭാവമാണ്. എന്നാല്‍ ആര്‍ക്കും പ്രകാശത്തെ ദാനം ചെയ്യുന്നു. നല്‍കുന്നവന്‍ ബ്രാഹ്മണനോ മ്ലേച്ഛനോ എന്ന് അഗ്നി നോക്കാറില്ല. ആരു നല്‍കുന്നതും ഒരേ മനസ്സോടെ സ്വീകരിക്കും. അപ്പോഴും അഗ്നി നിര്‍മലനായിരിക്കും. ചിലപ്പോള്‍ അഗ്നി വിറകുകളിലും മറ്റും മറഞ്ഞിരിക്കും. ചിലപ്പോള്‍ സ്പഷ്ടമായി പ്രകാശം പരത്തിനില്‍ക്കും.

ഇതെല്ലാം കണ്ട ജ്ഞാനി അന്നന്നുകിട്ടുന്ന ആഹാരംകൊണ്ട് തൃപ്തിപ്പെടണം. നാളത്തേക്ക് സമ്പാദ്യമൊന്നും മാറ്റിവയ്ക്കരുത്. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എന്തുതോന്നിയാലും ആത്മാവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പാപലേശംപോലും ഏല്‍ക്കാത്തവനായിരിക്കണം. അടുക്കാനാവാത്ത തപഃശക്തിയുള്ളവനെന്ന് മറ്റുള്ളവര്‍ ചിന്തിച്ചാലും ജ്ഞാനി ഉള്ളുകൊണ്ട് ശാന്തനായിരിക്കണം. ആവശ്യമുള്ള ഘട്ടത്തില്‍ പ്രകാശിച്ച് സഞ്ചിതപാപങ്ങളെയെല്ലാം നശിപ്പിക്കാന്‍ ചുറ്റുപാടുമുള്ളവരെ സഹായിക്കണം. ആ പാകത്തിനുള്ള തപഃശക്തി ജ്ഞാനി കരസ്ഥമാക്കിയിരിക്കണം. അഗ്നി സ്വതേ രൂപമില്ലാത്തവനാണ്. പാത്രമനുസരിച്ച് ഏതു രൂപവും സ്വീകരിക്കും. അതുപോലെയാണ് ആത്മാവും എന്നു മനസ്സിലാക്കണം. ആത്മാവിന് നിശ്ചിതരൂപമില്ല. എന്നാല്‍ മനുഷ്യതിര്യഗ് വ്യത്യാസമില്ലാതെ ഏതില്‍ വസിച്ചാലും ആ രൂപത്തില്‍ അറിയപ്പെടുന്നുവെന്നുമാത്രം. രൂപം മായമാത്രമെന്ന് അഗ്നിയില്‍ നിന്നു പഠിച്ചു. ശരീരകോശങ്ങള്‍ നിത്യവും നശിച്ചും പുതിയവ സൃഷ്ടമായും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ആത്മാവ് ക്ഷീണ-പുഷ്ടികളോ ജനനമരണങ്ങളോ ഇല്ലാതെ നിലനില്‍ക്കുന്നു.

ആത്മാവ് അനശ്വരനാണ് എന്നു പഠിക്കാന്‍ ചന്ദ്രനും സഹായിച്ചു. ചന്ദ്രക്കലകള്‍ ഇടയ്ക്കിടെ ചെറുതായും പിന്നീട് വലുതായും കാണപ്പെടാറുണ്ട്. എന്നാല്‍ ഈ ക്ഷയവൃദ്ധികളൊന്നും ചന്ദ്രനെ ബാധിക്കുന്നില്ല. ചന്ദ്രന്‍ അക്ഷീണനായി ഗോളരൂപത്തില്‍ തന്നെ നിലനില്‍ക്കുന്നു. ക്ഷയിച്ചു നശിച്ചു എന്നു തോന്നുന്നിടത്തുനിന്നും വീണ്ടുംപക്ഷബലത്തോടെ ഉണര്‍ന്നെഴുന്നേറ്റുവരുന്ന ചന്ദ്രനെക്കണ്ട്, കാലാനുസൃതമായ വൃദ്ധിക്ഷയങ്ങള്‍ ദേഹത്തിന് മാത്രമാണെന്നും ആത്മാവിനെ അതൊന്നും ബാധിക്കുന്നില്ലെന്നും പഠിച്ചു. സുഖദുഃഖാദികള്‍ കാലത്തിന്റെ പ്രകൃതമാണ്. എന്നാല്‍ അതിലൊന്നും തളരില്ല.

സൂര്യന്‍ കാലാനുസൃതം ഗുണങ്ങള്‍ സ്വീകരിക്കുന്നു. യഥാകാലം ആ ഗുണങ്ങളെ വിട്ടുകൊടുക്കുകയും ചെയ്യുന്നു. സൂര്യന്‍ തന്റെ കിരണങ്ങളെക്കൊണ്ട് ജലത്തെ സ്വീകരിച്ച് പൊതുജനാവശ്യത്തിനുതകും വണ്ണം വീണ്ടും മഴയായി ജനങ്ങളിലേക്കെത്തിക്കുന്നു. എന്നാല്‍ ഒരു സഹായം ചെയ്യുന്നു എന്ന ഭാവം സൂര്യനില്ല. സൂര്യരശ്മികള്‍ക്ക് എവിടെയും കടന്നുചെല്ലാം. എല്ലാത്തിനേയും പ്രകാശിപ്പിക്കുകയും ചെയ്യും. ജലത്തില്‍ കാണുന്ന സൂര്യ പ്രതിബിംബത്തിന് ഇളക്കമുണ്ടാകാം. എന്നാല്‍ ഇളക്കം സൂര്യനെ ബാധിക്കില്ല. സ്വയം കത്തിനിന്നും പ്രപഞ്ചത്തിന് പ്രകാശം പകര്‍ന്നുകൊടുക്കുന്നവനാണ് സൂര്യന്‍. അവരെ ഊര്‍ജസ്വലരാക്കിക്കൊണ്ടിരിക്കുന്നു.

ഇതുപോലെയാണ് ആത്മാവിന്റെ അവസ്ഥ. പ്രകൃതിക്കുണ്ടാകുന്ന മാറ്റങ്ങളൊന്നും ആത്മാവിനെ ബാധിക്കില്ല. യോഗി ഏതു വിഷയങ്ങളും സ്വീകരിക്കുന്നത് ചുറ്റുപാടും ജീവിക്കുന്നവര്‍ക്കുവേണ്ടിയാകണമെന്നും അതിനായി സ്വയം സമര്‍പ്പിക്കാനും തയ്യാറായിരിക്കണമെന്നും സൂര്യനില്‍നിന്നും പഠിച്ചു. സൂര്യബിംബങ്ങള്‍ വിവിധ ജലത്തില്‍ വിവിധ രൂപത്തില്‍ കാണുന്നുവെങ്കിലും സൂര്യന്‍ ഒന്നുമാത്രം. ആത്മാവ് വിവിധ ശരീരങ്ങളില്‍ വ്യത്യസ്തമായി കാണപ്പെടുന്നുണ്ടെങ്കിലും ആത്മാവ് ഒന്നുമാത്രം. ആ പരമാത്മാവിനെത്തന്നെയാണ് നാം പലതായി കാണുന്നത്.

No comments:

Post a Comment