
എത്ര നിശാചരരുണ്ടു വന്നേറ്റതി- ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ രാമമയമായ് ചമഞ്ഞിതു സംഗ്രാമ ഭൂമിയുമെന്തൊരു വൈഭവമന്നേരം. എന്നോടുതന്നെ പൊരുന്നിതു രാഘവ- നെന്നു തോന്നീ രജനീചരര്‍ക്കാകവെ. മക്കളും ബന്ധുക്കളും മറ്റ് സഹായികളും മരിച്ചതിന്റെ സങ്കടത്തോടും കോപത്തോടും കൂടി രാവണന്‍ അവസാനയുദ്ധത്തിനു ഒരുങ്ങിയിരിക്കയാണ്. പത്തു കഴുത്തന്‍ (രാവണന്‍) പത്ത് പടനായകര്‍ക്കൊപ്പം ബഹുസഹസ്രം രാക്ഷസപ്പടയോടും കൂടിയാണ്് വന്നിരിക്കുന്നത്. അവരോടു പൊരുതാനൊന്നും നിങ്ങള്‍ പോകേണ്ട എന്ന് തന്റെ വാനരസേനയെ വിലക്കിയ ശേഷം ശ്രീരാമന്‍ ധീരനായ് പടനടുവില്‍ ചെന്നതിന്റെ ശേഷമുള്ള അവസ്ഥ എഴുത്തച്ഛന്‍ ഇങ്ങനെ വരച്ചു കാട്ടുന്നു. എവിടെ നോക്കിയാലും രാമന്‍! എന്നോടാണ് രാമന്‍ പൊരുതുന്നത് എന്ന് ഓരോരോ രാക്ഷസനും വിചാരിച്ചു! അതിന്നാല്‍ പരമാവധി ദ്വേഷത്തോടെയും കോപത്തോടെയും അവര്‍ രാമനെതിരെ പൊരുതിക്കൊണ്ടിരുന്നു. ഇതു പോലെ ഒരവസ്ഥ ശ്രീകൃഷ്ണാവതാരത്തിലും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. -പക്ഷേ, ദ്വേഷത്തിന്റേതല്ല, യുദ്ധത്തിന്റേതുമല്ല; രാഗത്തിന്റേതാണ്. പരമപ്രേമ നിര്‍വൃതിയുടേതാണ്്- രാസക്രീഡയില്‍ , വൃന്ദാവനത്തിലെ ഓരോരോ ഗോപികയ്ക്കും ഓരോകൃഷ്ണന്‍ എന്ന നിലയിലുള്ള ആനന്ദനൃത്തമാണിത്.! ഓരോരോ തരുണികളോടു ചേര്‍ന്നു നിന്നാ- നോരോരോ തനുയുതനായ് അനേകരൂപി. (കുഞ്ചന്‍ നമ്പ്യാര്‍, ശ്രീകൃഷ്ണ ചരിതം 6-3 ) രാഗ ദ്വേഷ വിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരന്‍ ആത്മവശൈ്യര്‍ വിധേയാത്മാ പ്രസാദമധി ഗച്ഛതിഎന്ന ഗീതാ ശ്ലോകവുമായും ഇതിനെ ബന്ധിപ്പിക്കാം. രാഗദ്വേഷങ്ങളില്‍നിന്നു മുക്തരായ് ഇന്ദ്രിയ വിഷയങ്ങളിലേര്‍പ്പെട്ടാലും ആത്മനിയന്ത്രണമുള്ളവര്‍ ശാന്തിയെ പ്രാപിക്കുന്നുമെന്ന തത്വമാണല്ലോ ശ്രീകൃഷ്ണന്‍ മുന്നോട്ട് വെയ്ക്കുന്നത്. രാമായണവുമായി ബന്ധപ്പെട്ട് സ്വാമി രാമദാസ് പറഞ്ഞ ഒരു കഥയും ഓര്‍മ്മയില്‍ വരുന്നു. ഏതു രാമായണത്തില്‍ നിന്നാണ് അദ്ദേഹത്തിനു ലഭിച്ചതെന്ന് നിശ്ചയമില്ല. എവിടെ നിന്നായാലെന്ത്? ഏറെചിന്തനീയം തന്നെ. അന്തിമ പോരാട്ടത്തിന് രാവണന്‍ വന്ന സമയം. ഒരു സംഘം വാനരര്‍ രാക്ഷസസംഘത്തിന്റെ ആക്രമമത്താല്‍ വിഷമിക്കുന്നത് രാമന്‍ ശ്രദ്ധിച്ചു. രാവണനുമായി നേരിട്ടുള്ള പോരാട്ടം മുറുകിയിരിക്കുന്ന അവസ്ഥയിലും രാമന്‍ തന്റെ ഭക്തരെ രക്ഷിക്കുവാനുള്ള ഉപായം കണ്ടെത്തി -പെട്ടെന്നാണ്,എല്ലാ വാനരന്മാരും സാക്ഷാല്‍ ശ്രീരാമ രൂപത്തിലായി അപ്പോഴോ? ഒരു വാനരന്‍ അടുത്തുള്ള വാനരനെ കാണുന്നത് രാമനായിട്ടാണ് പിന്നെ എന്തു പറയാന്‍ ? സന്തോഷാധിക്യത്താല്‍ ആനന്ദനൃത്തമാടുകയായി! ഇനി എന്തുയുദ്ധം ആരോടുയുദ്ധം? ഭഗവാന്‍ പക്ഷഭേദം കാട്ടിയില്ല. എതിര്‍ത്തുനില്‍ക്കുന്ന രാക്ഷസന്മാരേയും സ്വന്തം രൂപത്തിലാക്കി മാറ്റിക്കഴിഞ്ഞു! അപ്പോള്‍ എന്തു സംഭവിച്ചുവെന്നോ? ഒരുരാക്ഷസന്‍ അടുത്തുള്ള രാക്ഷസനെ രാമനായി കണ്ടുതുടങ്ങി! അവനുണ്ടോ സഹിക്കാന്‍ കഴിയുന്നു? അടുത്തു കിട്ടിയ രാമനെ എങ്ങനേയും കൊല്ലാന്‍ സാഹസികശ്രമമായി. അങ്ങനെ രാക്ഷസപ്പടപരസ്പരം കൊന്നൊടുങ്ങുകയും ചെയ്തു. വലിയഒരുതത്ത്വം ഈകഥ മുന്നോട്ടുവയ്ക്കുന്നു. മനസ്സാണ് മുഖ്യമായ പ്രശ്‌നം. രാമനെക്കുറിച്ചു സ്‌നേഹവും ഭക്തിയും നിറഞ്ഞ മനസ്സ് പുറത്തുള്ളതിലെല്ലാം. രാമനെ കാണുന്ന അവസ്ഥയിലാകുമ്പോള്‍ ആനന്ദനിര്‍വൃതിയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? അകത്തും പുറത്തും ആനന്ദം; ആനന്ദസാഗരം. മറുവശത്തെ രാക്ഷസ മനസ്സുകളില്‍ ഉണ്ടായമാറ്റം ശ്രദ്ധേയം. രാമനെക്കുറിച്ചുള്ള ദ്വേഷമാണ് രാക്ഷസമനസ്സുകളില്‍ നിറഞ്ഞിരിക്കുന്നത്. പുറത്തു കാണുന്നതെല്ലാം രാമനാണെന്നു വന്നപ്പോള്‍ മനസ്സിന്റെ സമനില പാടേ തെറ്റി. വെറുപ്പ് ഇരട്ടിയായി! ഭ്രാന്തവും അക്രമാസക്തവുമായി; പരസ്പ്പരം വെട്ടിക്കൊല്ലലായി! ഫലമോ? സര്‍വ്വത്രനാശവും! അതിനാല്‍ രാമന്‍ നിറയട്ടേ അഥവാ സ്‌നേഹം നിറയട്ടേ മനസ്സില്‍ പോരാ, പുറത്തേക്കും അത് ഒഴുകട്ടേ. അപ്പോള്‍ ലോകത്തില്‍ രാമന്‍ മാത്രമേ ഉണ്ടാകൂ; സ്‌നേഹം മാത്രമേ ഉണ്ടാകൂ! രാമായണം വായിക്കുന്നത് രാമനെ അറിയാനാണ്. സത്യവും ധര്‍മ്മവും സ്‌നേഹവുമായി രാമനെ അറിയുന്നതും ആരാധിക്കുന്നതും ക്ലേശങ്ങള്‍ സഹിക്കുന്നതുമെല്ലാം രാമനായിത്തീരുവാനാണ്. അപ്പോള്‍ എവിടേയും രാമനേയുള്ളൂ എന്ന തത്വബോധത്തിന്റെ ആനന്ദത്തില്‍ നാം അലിയുകയാകും: അതീവ ശാന്തമായി, അതീവ സുന്ദരമായി!
No comments:
Post a Comment