ദശമി വിളക്ക് : November 22
ഏകാദശി : November 23
ശ്രീരാമമന്ത്രധ്വനികളുടെ ഉറവിടമെന്ന് ഖ്യാതി നേടിയ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ ഏകാദശി…വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശി .
തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി.
സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെളുത്ത ഏകാദശിയാണ് വിശേഷമായി ആചരിച്ചുവരാറുള്ളത്. തൃപ്രയാറിൽ കറുത്ത ഏകാദശി ആചരിച്ചുവരുന്നതിന് കാരണമായി പറയപ്പെടുന്നത് ഭഗവാന്‍റെ ശൈവചൈതന്യമാണ്.
മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് ‘തൃപ്രയാർ തേവർ’, ‘തൃപ്രയാറപ്പൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ഐശ്വര്യദായിനിയായ ലക്ഷ്മീദേവിയോടും ഭൂമീദേവിയോടുമൊപ്പം വാണരുളുന്ന തൃപ്പയാറപ്പനെ ദർശിച്ചാൽ എല്ലാവിധ ദുരിതങ്ങളും ദാരിദ്ര്യവും അകന്നു ഐശ്വര്യം കൈവരും എന്നാണ് വിശ്വാസം.
തൃപ്രയാര്‍ തേവരെന്ന നാമധേയത്തിലറിയപ്പെടുന്ന ശ്രീരാമ ഭഗവാനെ ഉളളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് ഭക്തജന വിശ്വാസം. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദാരിദ്ര്യദുഃഖങ്ങളില്‍ നിന്നും അകറ്റി ആധിവ്യാധികളില്‍ നിന്ന് രക്ഷാകവചമാണിവിടത്തെ ശ്രീരാമ പുണ്യ ദര്‍ശനം.
ശരണാഗതര്‍ക്ക് കാമധേനുവായും ദുഃഖത്താല്‍ വേദനിക്കുന്നവര്‍ക്ക് കല്‍പവൃക്ഷമായും മോക്ഷാര്‍ത്ഥികള്‍ക്ക് മോക്ഷമായും ഭക്തര്‍ക്ക് സാന്ത്വനവുമായി ലക്ഷ്മീഭൂമി സമേതനായി ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ പരിലസിക്കുന്നു.
ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം പ്രവചനാതീതമാണ്. ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരിയില്‍ കുടിവെച്ച് ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം.
ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു.
കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു.
കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്‍റെ പൂർവ്വികർ നാലുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഇവിടെ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ശ്രീകൃഷ്ണ ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുത്തെന്ന ശ്രീമത് ഭാഗവതം സാക്ഷ്യപ്പെടുത്തുന്നു. ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയ ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ് .ഭഗവാന്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ വരുണനേറ്റെടുത്തു.
അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി.
എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു. ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയില്‍ കുടുങ്ങിയത് മത്സ്യങ്ങള്‍ക്കുപകരം നാലു വിഗ്രഹങ്ങളായിരുന്നു. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതാത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി.
ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു.
ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു. തൃപ്രയാറില്‍ ശ്രീരാമ വിഗ്രഹവും ഇരിങ്ങാലക്കുടയില്‍ ഭരത വിഗ്രഹവും മൂഴിക്കുളത്ത് ലക്ഷ്മണവിഗ്രഹവും പായമ്മേല്‍ ശത്രുഘ്‌നവിഗ്രഹവും സ്ഥാപിച്ചു. വേദ മന്ത്രങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ മംഗളവാദ്യധ്യാനങ്ങളില്‍ മുഴുകിയ അന്തരീക്ഷത്തില്‍ തൃപ്രയാറില്‍ പ്രതിഷ്ഠ നടന്നു. ഈ സമയത്ത് ആകാശത്ത് മയില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഈ മായാമയൂരം പ്രത്യക്ഷപ്പെട്ടതിന് നേരെ താഴെ വലിയ ബലിക്കല്ല് സ്ഥാപിക്കുവാന്‍ തീരുമാനമായി. അതിനാല്‍ പ്രധാന പ്രതിഷ്ഠയുടെ മഹത്വം ഇപ്പോഴും ബലിക്കല്ലിന് നല്കിവരുന്നു.
രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.
ശ്രീകൃഷ്ണ ഭക്താഗ്രേസരനായ വില്വമംഗലം സ്വാമിയാര്‍ ഭഗവദ് ദര്‍ശനത്തിനായി ഒരുനാള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഭഗവാന്‍റെ പുണ്യവിഗ്രഹം ധ്യാനിച്ചു നില്‍ക്കുമ്പോള്‍ അദ്ദേഹം ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. ശ്രീലക്ഷ്മിദേവിയും ഭൂമിദേവിയും ശ്രീകോവിലിന്‍റെ പടിഞ്ഞാറെ കവാടം വഴി ഭഗവാനെ പൂജിക്കാന്‍ വരുന്നതായിരുന്നു ആ കാഴ്ച. അദ്ദേഹം ശ്രീലക്ഷ്മി-ഭൂമിദേവിമാരുടെ സാന്നിദ്ധ്യം നന്നായിരിക്കുമെന്ന് കരുതി ആ ദേവിമാരെ ഭഗവാന്‍റെ വലത്തും ഇടത്തും പ്രതിഷ്ഠിച്ച് പശ്ചിമകവാടം അടപ്പിക്കുകയും ചെയ്തുവത്രേ. ഇപ്പോഴും ആ കവാടം അടഞ്ഞുകിടക്കുന്നതായി കാണാം സ്വാമിയാര്‍ക്ക് ഇവിടെനിന്ന് ശ്രീകൃഷ്ണ ദര്‍ശനവും ലഭിക്കുകയുണ്ടായത്രെ.
ചാതുര്‍ബാഹുവാണ് ഭഗവാന്‍. ദക്ഷിണ ഹസ്തങ്ങളില്‍ കോദണ്ഡവും അക്ഷമാലയും വാമകരങ്ങളില്‍ ചക്രവും ശംഖും ധരിച്ചിരിക്കുന്നു. വലതുഭാഗത്ത് ലക്ഷ്മിദേവിയും ഇടതുഭാഗത്ത് ഭൂമിദേവിയും കുടികൊള്ളുന്നു. ഭൂമിദേവിയുടെ കയ്യില്‍ താമരപ്പൂവുണ്ട്. പഞ്ചലോഹനിര്‍മ്മിതമായ ഗോളകയാല്‍ ഈ പ്രതിഷ്ഠ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ ശ്രീരാമവിഗ്രഹം മാറ്റുവാനായി ഒരിക്കല്‍ ദേവപ്രശ്‌നം വെച്ചു നോക്കിയപ്പോള്‍ ആ ചിരപുരാതന വിഗ്രഹം മാറ്റുവാന്‍ ദേവന് താല്‍പര്യമില്ലെന്നും തെളിഞ്ഞുകണ്ടു. ആയതിനാല്‍ പഞ്ചലോഹംകൊണ്ട് ഗോളക വാര്‍ത്ത് പഴയ വിഗ്രഹത്തില്‍ ഉറപ്പിക്കുകയാണുണ്ടായത്
ശ്രീകോവിലിനകത്ത് തെക്കോട്ട് ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വീരപരാക്രമിയും ശ്രീരാമചന്ദ്രന്‍റെ പരമ ഭക്തനുമായ ശ്രീ ഹനുമാന്‍ സ്വാമിക്ക് ഇവിടെ പ്രതിഷ്ഠ ഇല്ലെങ്കിലും മുഖമണ്ഡപത്തില്‍ അദ്ദേഹം കുടികൊള്ളുന്നുവെന്ന് സങ്കല്‍പ്പമുണ്ട്. ആഞ്ജനേയന്‍ ക്ഷേത്രാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.
ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്‍കി അത്ഭുതകരമായ പ്രവൃത്തികളാല്‍ ഇവിടെ കുടികൊള്ളുന്ന ശ്രീവിഷ്ണുമായ സ്വാമി (ശ്രീ ചാത്തന്‍സ്വാമി) ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ഭജിക്കുന്നവര്‍ക്ക് ഈ രണ്ടു ശക്തികളായിരിക്കും രക്ഷകരായി എത്തുക.
മതില്‍ക്കെട്ടിനകത്ത് തെക്കുവശത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്.
കൂടാതെ ഗണപതിയുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ഗോശാലകൃഷ്ണന്‍ ഉപദേവനല്ലെന്നും പ്രധാന പ്രതിഷ്ഠയുടെ മഹത്വം കൃഷ്ണനുണ്ടെന്നും 1171 മിഥുനത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞുവരുകയുണ്ടായി.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടത്തുന്നതിന് മുമ്പേ തന്നെ ഇവിടെ ശാസ്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ കണ്ടിരുന്നുവത്രേ.
ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകള്‍. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു.
ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
വൃശ്ചികം 1 മുതല്‍ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങള്‍ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദര്‍ശനം സര്‍വ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു.
വെടിവഴിപാട്, അവല്‍നിവേദ്യം, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവല്‍ ശ്രീ ഹനുമാന്‍ സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തന്‍സ്വാമിക്ക് യഥാശക്തിക്ക് ചേര്‍ന്ന തുക ഭണ്ഡാരത്തിലിട്ടാല്‍ സര്‍വ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.
വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തര്‍ ഇവിടെ നടത്താറുണ്ട്. ഭഗവാന്‍റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാല്‍ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് നടത്തിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്‍റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത് സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാരും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.
ജ്യോതിഷത്തില്‍ ശ്രീരാമ ചന്ദ്രഭഗവാനെ ബുധനായി കണക്കാക്കുന്നു. രേഖാ സംബന്ധമായ തടസങ്ങള്‍ മാറ്റുവാനും ഉന്നമനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഭക്തമനസ്സുകളില്‍ ഇന്നും കെടാവിളക്കായി തെളിഞ്ഞു നില്‍ക്കുന്നു.
തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം.
പുഴക്കടവിലെ മീനൂട്ട്, കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.
സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം `സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്.
“വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം
വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ.”
No comments:
Post a Comment