ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, November 3, 2019

അന്നദാനം ജീവദാനം


ഉമ



ദാനങ്ങളില്‍ സര്‍വ്വശ്രേഷ്ഠമാണ് അന്നദാനം. ഒരേ സമയം ദൈവികവും മാനുഷികവുമായ കര്‍മമാകുന്നു ദാനം.



വസ്ത്രം, അഭയം, വിദ്യ തുടങ്ങിയതെല്ലാം അതിന് നിര്‍വാഹമില്ലാത്തവര്‍ക്ക് ദാനമായ് നല്‍കണം. പക്ഷേ, അനിവാര്യമെങ്കിലും ഇവയെല്ലാം ജീവന്റെ നിലനില്‍പ്പിന് പരമപ്രധാനമല്ല. അതിജീവനത്തിന്  ആധാരമായ അന്നമാണ് ദാനങ്ങങ്ങളില്‍ ഒന്നാമത്. അന്നദാനം ജീവദാനം കൂടിയാകുന്നു. ആയുസ്സ്, ആരോഗ്യം, ഊര്‍ജം ഇവയെല്ലാം സമ്മേളിക്കുന്ന ദാനം. സഹജീവികളും തന്നെപ്പോലെ ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടവരെന്ന ബോധമുറച്ചവനേ അന്നദാനത്തിന്റെ മഹത്വറിയൂ.



ആയിരം ആനകള്‍ അല്ലെങ്കില്‍ കുതിരകള്‍, പത്തു കോടി പശുക്കള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അനേകം പാത്രങ്ങള്‍, പത്തുകോടി കന്യകമാര്‍ക്ക് വിവാഹ സഹായം ഇവയെല്ലാം ദാനമായി നല്‍കിയാലും അന്നദാനത്തോളം വരില്ല. വിശന്നുവലഞ്ഞവര്‍, വഴിയാത്രക്കാര്‍, പക്ഷിമൃഗാദികള്‍ എല്ലാം അന്നദാനത്തിന് അര്‍ഹരാണ്. അവരുടെ വയറു നിറയ്ക്കുക.


മുഖത്ത് സംതൃപ്തിയും മനസ്സില്‍ ശാന്തിയും നിറയ്ക്കുക. സ്നേഹത്തോടെ, പൂര്‍ണമായും മനസ്സ് ആ കര്‍മത്തിലുറപ്പിച്ച്  വേണം അന്നം വിളമ്പാന്‍. അന്നദാനത്തിന്റെ പുണ്യം നമ്മുടെ പുരാണങ്ങളിലെല്ലാം പ്രകീര്‍ത്തിക്കപ്പെിട്ടുണ്ട്. അന്നം പ്രദാനം ചെയ്യുന്നവന്‍ ഭൂമിയിലെ അമൂല്യമായ എല്ലാത്തിനെയും ദാനം ചെയ്യുന്നുവെന്ന് വരാഹപുരാണത്തില്‍ പറയുന്നു. നിങ്ങളുടെ വാതില്‍ക്കലെത്തുന്നവരെ അന്നവും ആതിഥ്യമര്യാദകളും നല്‍കാതെ തിരിച്ചയയ്ക്കരുതെന്ന് തൈത്തരീയ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 



അന്നപൂര്‍ണേശ്വരിയുടെ കഥ

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍ പാര്‍വതീദേവിയോട് പറഞ്ഞു. 'മഹാമായ'യായ ദേവി മറുപടിയൊന്നും പറയാതെ ഭൗതികമായതെല്ലാം കൈലാസത്തില്‍ നിന്നെടുത്ത് അപ്രത്യക്ഷയായി.



ദേവി പോയതോടെ കൈലാസത്തില്‍  ഭക്ഷണമില്ലാതായി. ഭഗവാന്‍ വിശപ്പിനെല്ലാം അതീതനായതു കൊണ്ട് ഭക്ഷണമില്ലാത്തത് പ്രശ്നമായില്ല. പക്ഷേ ശിവഭൂതഗണങ്ങള്‍ക്ക് വിശപ്പു സഹിക്കാന്‍ വയ്യാതായി. അവര്‍ കൈലാസം മുഴുവന്‍ തിരഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ല. എവിടെ നിന്നെങ്കിലും ഭക്ഷണത്തിനായി അവര്‍ ഭഗവാനോട് യാചിച്ചു. അപ്പോഴാണ് ഭഗവാന് തന്റെ തെറ്റ് മനസ്സിലായത്. മഹാദേവനും



യോഗേശ്വരനുമായ തനിക്ക് പ്രകൃതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ എന്ന് ബോധോദയമുണ്ടായി. വിശക്കുന്നവരോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം കൊടുത്തല്ലേ മതിയാകൂ. ഭഗവാന്‍ ഒരു പാത്രമെടുത്ത് ഭക്ഷണത്തിനാണ് വീടുകള്‍ തോറും കയറി. പക്ഷേ എല്ലായിടത്തും  അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആരും ഭിക്ഷ നല്‍കാന്‍ തയ്യാറായില്ല. അപ്പോഴാണ്, വിശന്നെത്തുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു ദേവിയുണ്ട് കാശിയില്‍ എന്ന വിവരം ഭഗവാന്‍ കേട്ടത്.


ഭഗവാന്‍ വൈകാതെ കാശിയിലെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി, തന്റെ പരിചാരകവൃന്ദത്തിനൊപ്പം പാര്‍വതീ ദേവി.  ഭിക്ഷ യാചിച്ചെത്തുന്നവര്‍ക്കെല്ലാം  ദേവി ഭക്ഷണം വിളമ്പുന്നു. ഒടുവില്‍ ഭഗവാന്‍ തന്റെ പാത്രവും ദേവിക്കു നേരെ നീട്ടി. ഭര്‍ത്താവിനെ കണ്ട് സ്നേഹാര്‍ദ്രയായ ദേവി ഭക്ഷണം വിളമ്പിയ ശേഷം ഭഗവാനൊപ്പം കൈലാസത്തിലേക്ക് തിരികെപ്പോയി. ശിവന്  അന്നത്തിന്റെയും അന്നദാനത്തിന്റെയും മഹത്വം അതോടെ ബോധ്യമായി. അന്നു മുതലാണ് പാര്‍വതീ ദേവി അന്നപൂര്‍ണേശ്വരിയായി അറിയപ്പെട്ടത്.


കുചേലന്‍ തന്റെ സതീര്‍ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനെ കാണാനെത്തിയ കഥയും അന്നദാനത്തിന്റെ മഹത്വമറിയിക്കുന്നു.

No comments:

Post a Comment