ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 23, 2019

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം



വടക്കെ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം .
കണ്ണൂർ പട്ടണത്തിൽ നിന്നും 6 കി.മി. തെക്കുകിഴക്കായി കണ്ണൂർ കോർപ്പറേഷനിൽ പെട്ട ആദികടലായി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിറക്കൽ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നതുകൊണ്ടാണ് ഇത് 'ആദികടലായി' എന്നറിയപ്പെടുന്നത്.


കണ്ണൂർ പട്ടണത്തിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ തെക്കുകിഴക്കായി ഇന്നത്തെ കണ്ണൂർ കോർപ്പറേഷനിൽ പെട്ട 'കരാറിനകം കടലായി'യിലായിരുന്നു , പണ്ട് കോലത്തിരി രാജാക്കന്മാരുടെ പ്രമുഖമായ "കടലായി കോട്ട" സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി 'കോലത്തിരി സ്വരൂപത്തിലെ ' രാജാക്കന്മാരിൽ പ്രമുഖനായ വളഭൻ സ്ഥാപിച്ചതായിരുന്നു "കടലായി ക്ഷേത്രം"

കൊല്ലവർഷം 964ൽ ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്ന കാലത്ത്‌ കടലായി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റിൽ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. അനന്തരം കോലത്തിരി ചിറക്കൽ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കൊല്ലവർഷം 1023ൽ കടലായി കൃഷ്ണനെ അവിടെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും തൂർന്നു പോവുകയും ചെയ്തു.
 'കോട്ടമ്മൽ' എന്ന് വിളിച്ചു വരുന്ന പ്രസ്തുത സ്ഥലത്ത് പഴയ കോട്ടയുടെ പ്രാരാവശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ട്. അത് പോലെ ചിറക്കടവത്ത്‌, മോലോത്ത്‌, ഇല്ലത്തിൽ, മനയുള്ളതിൽ, അമ്പലത്തിൽ, കടലായി നട എന്നിങ്ങനെ ഇപ്പോഴും വിളിച്ചു വരുന്ന സ്ഥലനാമങ്ങൾ  പഴയ ചരിത്ര യാഥാർത്ഥ്യങ്ങളെ വിളിച്ചോതുകയാണ്.


കാലചക്രഭ്രമണത്തിൽ തകർന്നു തരിപ്പണമായ പല ക്ഷേത്രങ്ങളുടെയും നവീകരണവും പുനഃപ്രതിഷ്ഠാപനവും നടന്നു വരുന്ന ഇക്കാലത്ത് ഇവിടുത്തെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം അന്യാധീനപ്പെട്ടു പോയിരിക്കയാൽ അവിടെ നിന്നും ഉദ്ദേശം അരകിലോമീറ്റർ കിഴക്കോട്ടായി പണ്ടത്തെ ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് ഇപ്പോഴത്തെ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ മുരളീരവവും ഗോക്കളുടെ കുളമ്പൊച്ചയും പതിവായി കേൾക്കാറുണ്ടായിരുന്നതായി പഴമക്കാർ അനുസ്മരിക്കുന്നു. കൊല്ലവർഷം 1140 ചിങ്ങമാസത്തിലെ "അഷ്ടമിരോഹിണി" ദിവസം ഒരു ഭക്തൻ ഈ സ്ഥലത്തുവെച്ചു പൂജ നടത്തി പലർക്കും പ്രസാദം നൽകുകയുണ്ടായി. അടുത്ത വർഷം മുതൽ ഏതാനും ഭക്തന്മാർ ചേർന്ന് വിശേഷാൽ പൂജ, പായസ ദാനം , ഹരികഥാകാലക്ഷേപം എന്നീ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയും തുടർന്നുള്ള കാലങ്ങളിൽ ഉത്തരോത്തരം അഭിവൃദ്ധിയോടെ ഇത് ആവര്തിക്കപ്പെടുകയും ചെയ്തു.


അങ്ങനെയിരിക്കെ, 1970 ൽ ഈ ആഘോഷനടത്തിപ്പിന് ശരിയായ ഒരു ആസ്ഥാനം വേണമെന്ന ഉദ്ദേശത്തിൽ ഏതാനും ദേശവാസികൾ ചേർന്ന് സ്ഥലത്തുവെച്ചു പ്രശ്നവിചാരം ചെയ്യുകയും താമസിയാതെ ഒരു കോവിൽ പണിയിച്ചു ഭക്ത ജനങ്ങൾക്ക്‌ ആരാധന സൌകര്യമേർപ്പെടുത്തുകയും ചെയ്യണമെന്നു നിർദ്ദേശിക്കുകയും ചെയ്തതനുസരിച്ച് യഥാവിധി ക്ഷേത്ര നിർമ്മാണം ആരംഭിക്കപ്പെട്ടു. പ്രശ്നവശാൽ നിരൂപണം ചെയ്ത പ്രകാരം വലതുകരത്തിൽ കാലിക്കോലും ഇടത് കൈ കൊണ്ട് അരയിൽ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നിൽക്കുന്ന ഗോപാലകൃഷ്ണനാണ് ആരാധനാമൂർത്തി. വിധിപ്രകാരം കൃഷ്ണ ശിലയിൽ കന്യാകുമാരിയിൽ നിന്നും നിർമിച്ച വിഗ്രഹം കാലെകൂട്ടിതന്നെ വരുത്തിയത് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ സൂക്ഷിക്കുകയും പ്രതിഷ്ഠാ കലാശ മുഹൂർത്തത്തിന് മുൻപായി എഴുന്നള്ളിച്ചു ആദികടലായിൽ കൊണ്ട് വന്നു താന്ത്രികവിധി പ്രകാരമുള്ള വിവിധ പൂജാഹോമാദികൾക്ക് വിധേയമാവുകയും തുടർന്നു 1981 മാർച്ച് 15നു (1156 മീനമാസം 1) 11 മണി 45 മിനുട്ടിനും 12 മണിക്കുമിടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ വൈദിക പ്രമുഖനായ ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി, സഹതന്ത്രിമാരുടെ സഹായത്തോടെ പ്രതിഷ്ഠാ കലശം നടത്തുകയും ചെയ്തു.


2003 നവംബർ 21-ന് ശ്രീനാരായണഗുരു മണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ശ്രീ നാരായണഗുരുദേവന്റെ പ്രതിമയുടെ പ്രതിഷ്ഠാ കർമ്മം 2007 ഒക്ടോബർ 24-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി നിർവഹിച്ചു.


2011 ജനുവരി 26-ന് ശ്രീ ദേവദാസ്‌ കൊടുങ്ങല്ലൂർ നാഗസ്ഥാനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. 2011 ജൂലൈ 15-ന് ആമേട മംഗലത്ത്മന ബ്രഹ്മശ്രീ എം.എസ് ശ്രീധരൻ നമ്പൂതിരി നാഗപ്രതിഷ്ഠ നടത്തി.


ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം മൂന്നു ദിവസം ആഘോഷിക്കപെടുന്നു.മകര മാസത്തിലെ പുണർതം നാളിലാണ് ഉത്സവം ആരംഭിക്കുന്നത്.അന്നേദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തുനിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു. കടലായി,തോട്ടട, കുറുവ, കാഞ്ഞിര, അവേര ദേശവാസികളാണ് മൂന്നു ദിവസത്തെയും ഉത്സവം നടത്തി വരുന്നത്.


എല്ലാ വർഷവും മാർച്ച്‌ 15 തിയ്യതി ക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിച്ചു വരുന്നു.

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.


അയ്യപ്പൻ, ഗണപതി,മഹാലക്ഷ്മി, നാഗദൈവങ്ങൾ എന്നിങ്ങനെ ഉപദേവതമാർ ഉൾപ്പെടുന്നതാണ് ക്ഷേത്രം.



 സമ്പാദനം
 ശ്രീരാമദാസാശ്രമം
 ചെറുകോട്
 വണ്ടൂർ

 ജയ് സീതാറാം

No comments:

Post a Comment