ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, November 1, 2019

നിങ്ങള്‍ അന്നദാനം ചെയ്യാറുണ്ടോ?


ആചാര്യശ്രീ രാജേഷ്



ശരീരവും മനസ്സുമെല്ലാം അന്നമയമാണെന്നാണ് പ്രാചീന ശാസ്ത്രങ്ങള്‍ പറഞ്ഞുതരുന്നത്. ഭക്ഷണമില്ലാതെ ഒരു നേരം, അല്ലെങ്കില്‍ ഒരു ദിവസം തള്ളിനീക്കുമ്പോള്‍  നമുക്കറിയാന്‍ സാധിക്കും വിശപ്പിന്റെ ദുഃഖം എന്തെന്ന്. ഇതേ ദുഃഖം നിരന്തരമായി ഏറ്റുവാങ്ങി നമുക്ക് ചുറ്റും കഴിയുന്ന സഹജീവികളുടെ  ആ  ദുഃഖത്തെ തിരിച്ചറിയാന്‍ കഴിയുന്നവനിലേ  അന്നദാനത്തിന്റെ ചിന്ത ഉടലെടുക്കൂ. അങ്ങനെയുള്ളവരോടാണ്  ഈശ്വരന്‍ വേദങ്ങളിലൂടെ അന്നദാന മഹത്വത്തെക്കുറിച്ച് ഉപദേശിക്കുന്നത്. ഒരു ഋഗ്വേദമന്ത്രം കാണൂ.



ഓം ന വാ ഉ ദേവാഃ ക്ഷുധമിദ്വധം

ദദുരുതാശിതമുപ ഗച്ഛന്തി മൃത്യവഃ.

ഉതോ രയിഃ പൃണതോ നോപ

ദസ്യത്യുതാപൃണന്മര്ഡിതാരം ന വിന്ദതേ. (ഋഗ്വേദം 10.117.1)



(ദേവാഃ=) ദേവന്മാര്‍ (ക്ഷുധം ഇത്=) നിശ്ചയമായും വിശക്കുന്നവന് (വധം=) വധത്തെ (ന വാ ഉ ദദുഃ=) നല്‍കുന്നില്ലതന്നെ. (ഉത=) മാത്രമല്ല, (ആശിതമ്=) സുഭിക്ഷമായി ഭക്ഷിച്ചവനെ (മൃത്യവഃ=) മരണങ്ങള്‍ (ഉപഗച്ഛന്തി=) സമീപിക്കുന്നുണ്ട്. (ഉത=) കൂടാതെ (ഉ=) നിശ്ചയമായും (പൃണതഃ=) ദാനത്തിലൂടെ അന്യരെ പോഷിപ്പിക്കുന്നവന്റെ (രയിഃ=) ധനം (ന ഉപദസ്യതി=) ഇല്ലാതാകുകയില്ല, നഷ്ടമാകുകയില്ല. (ഉത=) മാത്രമല്ല, (അപൃണന്‍=) ദാനം നല്‍കാത്തവന്‍ (മര്ഡിതാരം=) ആനന്ദദായകനായ പരമാത്മാവിനെ (ന വിന്ദതേ=) ഒരിക്കലും പ്രാപിക്കുകയില്ല.



'ദേവന്മാര്‍ ഒരിക്കലും വിശക്കുന്നവന് വധത്തെ നല്‍കുന്നില്ല' എന്ന, മന്ത്രത്തിന്റെ ആദ്യ പാദത്തിന് രണ്ടു രീതിയില്‍ അര്‍ഥം പറയാം. ആദ്യത്തേത്, സൂര്യചന്ദ്രാദി ജഡദേവതകളെ സംബന്ധിച്ചതാണ്. പ്രപഞ്ചത്തിലും ശരീരത്തിലുമുള്ള ദേവതകളുടെ താദാത്മ്യാവസ്ഥയാണ്  ആരോഗ്യം. ദേവതാകോപം എന്നു പറയുന്നത് രോഗങ്ങളും. മന്ത്രം പറയുകയാണ്, ദേവന്മാര്‍ വിശക്കുന്നവനെ വധിക്കുക്കുന്നില്ല. അഥവാ അമിതമായി കഴിക്കുന്നവര്‍ക്കാണ് രോഗങ്ങള്‍ വന്നുചേരുക.



രണ്ടാമത്തെ അര്‍ഥം, ദേവന്മാര്‍ എന്നാല്‍ ദാനം ചെയ്യുന്നവരാണ് (ദേവോ ദാനത് നിരുക്തം). ദാനം ചെയ്യുന്നവര്‍ വിശക്കുന്നവരെ വധിക്കുന്നില്ല. അഥവാ പട്ടിണി കിടന്ന് ഈ ലോകത്ത് ആളുകള്‍ മരിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ദാനം ചെയ്യാത്തവരാണ്. അന്നം ഉണ്ടായിട്ടും അത് ദാനം ചെയ്യാതിരിക്കുന്നവര്‍ വാസ്തവത്തില്‍ കൊലപാതകത്തിന് ഉത്തരവാദികളാണ്. എന്നാല്‍ അന്നദാനം ചെയ്യുന്നവരിലേക്ക് ഈ പാപക്കറ വന്നെത്തുന്നില്ല.



അന്നം കഴിച്ചതുകൊണ്ട് ആരും മരിക്കാതിരിക്കുന്നില്ല. ശരിതന്നെ, പക്ഷെ ഒന്ന് സ്വാഭാവിക മരണവും മറ്റേത് വധവുമാണ് ഇതാണ് വ്യത്യാസം. വിശപ്പുകൊണ്ട് ആരും ഈ ലോകത്ത് വധിക്കപ്പെടരുത്  ഇതാണ് ഈശ്വരന്റെ നിര്‍ദേശം.


പിന്നീട് മന്ത്രം പറയുന്നത് ദാനം കൊണ്ട് അന്യരെ പോഷിപ്പിക്കുന്നവരുടെ ധനം നഷ്ടമാകില്ല എന്നാണ്. ദാനം ചെയ്യുമ്പോള്‍ സ്വ സമ്പാദ്യം കുറഞ്ഞുപോകില്ലേ എന്നാണ് ഹ്രസ്വദര്‍ശികളുടെ ആശങ്ക. എന്നാല്‍ അങ്ങനെ സംഭവിക്കില്ല, മറിച്ച് ദാനം ചെയ്യാതിരിക്കുന്നവന്റെ ധനമാണ് ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളം പോലെ ദുഷിച്ചുപോകുന്നത്. രോഗങ്ങളായും മറ്റ് വിപത്തുകളായുമെല്ലാം ആ ധനം അവനില്‍നിന്നും അവന്‍പോലുമറിയാതെ നഷ്ടമാകുന്നു. ദാനമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് തിരുക്കുറളില്‍ പറയുന്നു. പുണ്യരൂപത്തില്‍ ആ ധനം ക്ഷയിക്കാതെ  സംരക്ഷിക്കപ്പെടുകയേ ചെയ്യുന്നുള്ളൂ.



അവസാനമായി മന്ത്രത്തില്‍ പറയുന്നത് അന്നദാനം ചെയ്യാത്തവന് ആനന്ദദായകനായ പരമാത്മാവിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല എന്നാണ്. അന്നദാനം ചെയ്തവര്‍ക്കറിയാം അത് നല്‍കുന്ന ആനന്ദത്തെക്കുറിച്ച്. ആ  ആനന്ദത്തിന്റെ ഉറവിടം ഭഗവാനാണത്രേ. അതിനാല്‍ ദാനം ചെയ്യാത്തവര്‍ക്ക് ഒരിക്കലും ആ ഭഗവാനെ പ്രാപ്തമാകുകയില്ല.  കാരണം ഭഗവാന്‍ സ്വയം ദാനസ്വരൂപനാണ്. അതുകൊണ്ട് നിങ്ങള്‍ അന്നദാനം ശീലമാക്കിയിട്ടില്ലെങ്കില്‍ ഇന്നുതന്നെ അതു ചെയ്യേണ്ടതാണ്. ഇത് ഈശ്വരന്റെ മഹത്തായ ഉപദേശമാണ്.

No comments:

Post a Comment