ഹനുമാനെ കണ്ട രാമന് ഒരു കാര്യം വ്യക്തമായി. ഈ യുവാവ് കേവലം ഒരു വടുവല്ല. ഇക്കാര്യം രാമന്‍, ലക്ഷ്മണനോടും പറഞ്ഞു. ഭവാന്മാര്‍ ആരാണ്? ഇവിടെ വന്നത് എന്തിന? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കാത്ത് ഹനുമാനിരുന്നു.
ഹനുമാന്റെ കര്‍ണഭൂഷാമണികള്‍ രാമന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാശുദ്ധിയും വ്യാകരണനിഷ്ഠയും ധര്‍മാനുഷ്ഠാന പ്രതിപത്തിയും അത്യന്തം ശ്ലാഘനീയമായിരുന്നു. അതെല്ലാം രാമന്‍ നിരീക്ഷിച്ചു. രാമന്‍ തന്റെ കര്‍ണഭൂഷാരത്‌നം കണ്ടെന്നു മനസ്സിലാക്കിയ ഹനുമാന്‍ അവ രാമപാദങ്ങളില്‍ പതിച്ച് നമസ്‌ക്കരിച്ചു.
ഹനുമാന്‍ അഞ്ജനയുടെ ഗര്‍ഭത്തിലിരുന്ന കാലത്ത് ബാലി ഭ്രൂണഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഉരുക്കിയ പഞ്ചലോഹങ്ങളും പൊടിച്ച നവരത്‌നങ്ങളും വജ്രപ്പൊടിയും കൂട്ടികലര്‍ത്തി അഞ്ജനയ്ക്ക് ബാലി കുടിക്കാന്‍ കൊടുത്തു. അത് ഗര്‍ഭാശയത്തിലെത്തി രണ്ടായി പിരിഞ്ഞ് ഗര്‍ഭസ്ഥശിശുവിന് കര്‍ണാഭരണമായി പരിണമിച്ചു. ഹനുമാന്റെ കര്‍ണാഭരണങ്ങള്‍ അന്യര്‍ക്ക് അദൃശ്യമായിരിക്കുമെന്നും അവ ദര്‍ശിക്കുന്ന ദിവ്യനെ ദൈവമായി സ്വീകരിച്ച് ആരാധിക്കണമെന്നും മഹാദേവന്‍, ഹനുമാനെ ഉപദേശിച്ചിരുന്നു.
ഹനുമാന് മരണമുണ്ടാകില്ലെന്ന കാര്യവും പരമേശ്വരനാണ് ഹനുമാനെ ഗ്രഹിപ്പിച്ചത്. ശ്രീരാമന്‍ വനവാസവും സീതാപഹരണവുമുള്‍പ്പെടെയുള്ള തന്റെ ജീവിതകഥ വടുവായെത്തിയ ഹനുമാനെ പറഞ്ഞു കേള്‍പ്പിച്ചു. വടു, സുഗ്രീവന്റെ കഥ രാമനെയും അറിയിച്ചു. ഉടനെ ഹനുമാന്‍ വടുവേഷം മാറ്റി സ്വന്തം രൂപമെടുത്ത് രാമലക്ഷ്മണന്മാരെ ഓരോ തോളുകളില്‍ വഹിച്ച് ഋശ്യമൂകഗിരിയുടെ മുകളിലുള്ള സുഗ്രീവനു മുമ്പിലെത്തിച്ചു. സുഗ്രീവനും ഹനുമാനും
മറ്റു മന്ത്രിവാനരന്മാരും ചേര്‍ന്ന് രാമലക്ഷ്മണന്മാരെ വീരോചിതം സത്ക്കരിച്ചു. അതിഥികള്‍ക്ക് വിശ്രമിക്കാന്‍ അവര്‍ സങ്കേതമൊരുക്കി. വിശ്രമത്തിനു ശേഷം രാമസുഗ്രീവന്മാര്‍ സംഭാഷണത്തിലേര്‍പ്പെട്ടു.
''രാജ്യവും ഭാര്യയും നഷ്ടപ്പെട്ടവരാണ് നമ്മള്‍ ഇരുവരും. പരസ്പര സഹായം കൊണ്ട് നമുക്ക് ദുഃഖപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാം.'' സുഗ്രീവന്‍ പറഞ്ഞതു കേട്ട രാമന്‍ മറുപടി പറഞ്ഞു; ''രാജ്യം എനിക്ക് നഷ്ടമായിട്ടില്ല, രാജ്യത്തെ ഞാന്‍ വെടിഞ്ഞതാണ്. എനിക്കുണ്ടായ മഹാവിപത്ത് ഭാര്യയെ നഷ്ടപ്പെട്ടതാണ്. നമുക്ക് പരസ്പരം സഹായം ചെയ്ത് ദുഃഖനിവൃത്തി വരുത്താം.''
No comments:
Post a Comment