ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, March 31, 2017

ശിവ പഞ്ചാക്ഷരി സ്തോത്രം


നമ ശിവായ 



ന

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരായായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃ ശിവായ


മ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മകാരായ നമഃ ശിവായ


ശി

ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശികാരായ നമഃ ശിവായ


വ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ- മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ തസ്മൈ വകാരായ നമഃ ശിവായ


യ

യക്ഷസ്വരൂപായ ജഡാധരായ പിനാകഹസ്തായ സനാതനായ ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമഃ ശിവായ


പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ | ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

ജീവിത സാഹചര്യങ്ങളെ സ്വാഗതം ചെയ്യുക - ശുഭചിന്ത


ജീവിതത്തില്‍ ചില സാഹചര്യങ്ങളെ സ്വീകരിക്കുകയും മറ്റു ചിലതിനെ തിരസ്‌കരിക്കുകയും ചെയ്യുന്നതു മനുഷ്യസഹജമായ സ്വഭാവമാണ്. അതുപോലെ, ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഇഷ്ടം തോന്നും. മറ്റു ചിലതിനോട് അനിഷ്ടവും വച്ചുപുലര്‍ത്തും.
ഇങ്ങനെ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഈ സ്വാതന്ത്ര്യം വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. ഇഷ്ടമുള്ളതാണെങ്കിലും അല്ലെങ്കിലും എല്ലാ അനുഭവങ്ങളെയും സ്വാഗതം ചെയ്യാനുള്ള മനോഭാവം കൈവരുമ്പോള്‍ മാത്രമേ നമുക്ക് സന്തോഷവും സമാധാനവും ഉണ്ടാകുകയുള്ളൂ.
ഒരു റെയില്‍പാളംപോലെ കൃത്യമായൊരു സഞ്ചാരപഥത്തിലൂടെ നീങ്ങുന്നതല്ല ജീവിതം. അതൊരു നദിപോലെയാണ്. അങ്ങനെയാകണം ജീവിതം. ഒഴുകുന്ന മാര്‍ഗത്തിലുള്ള തടസ്സങ്ങളെല്ലാം തരണംചെയ്തുകൊണ്ടാണ് നദിയൊഴുകുന്നത്.
ആ പ്രവാഹത്തിനിടയില്‍ ഒന്നിനെയും നദി തിരസ്‌കരിക്കുന്നില്ല. എല്ലാത്തിനെയും സ്വീകരിക്കുന്നു, സ്വാഗതം ചെയ്യുന്നു. അതുപോലെയാകണം ജീവിതം. അപ്പോഴാണ് ഈ വിശ്വത്തിനും പ്രകൃതിക്കും അനുസരിച്ചു ജീവിതം താളാത്മകമാകുന്നത്.

നഹുഷാഭിഷേകം - ശ്രീമദ്‌ ദേവീഭാഗവതം. 6. 7. - ദിവസം 134.



അഥം തം പതിതം ദൃഷ്ട്വാ വിഷ്ണുര്‍ വിഷ്ണുപുരീം യയൌ
മനസാ ശങ്കമാനസ്തു തസ്യ ഹത്യാകൃതം ഭയം
ഇന്ദ്രോ fപി ഭയ സന്ത്രസ്തോ യയാവിന്ദ്രപുരീം തത:
മുനയോ ഭയ സംവിഗ്നാ ഹൃഭവന്നിഹതേ രിപൌ


വ്യാസന്‍ തുടര്‍ന്നു. വൃത്രന്‍ മരിച്ചു വീണു കഴിഞ്ഞപ്പോള്‍ ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് മടങ്ങി. തെറ്റായ വിധത്തില്‍ വൃത്രനെ കൊന്നതില്‍ അദ്ദേഹത്തിനു ഭയവും ആശങ്കയും ഉണ്ടായി. ഇന്ദ്രനും സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ സമാധാനമില്ലായിരുന്നു. മുനിമാര്‍ക്കും കുറ്റബോധം കൊണ്ട് ആകെ ഭയമായി. ‘ഒരുവനെ ചതിച്ചു കൊല്ലാന്‍ നമ്മള്‍ ഇന്ദ്രന് കൂട്ട് നിന്നു. മുനിമാര്‍ എന്ന് സ്വയം വിളിക്കാന്‍ പോലും നമുക്കിനി അര്‍ഹതയില്ല. നമ്മള്‍ പറഞ്ഞതുകൊണ്ടാണ് വൃത്രന്‍ ഇന്ദ്രനുമായി മൈത്രിയുണ്ടാക്കിയത്. വിശ്വാസവഞ്ചന ചെയ്ത ശക്രന്റെ കൂടെ കൂടിയ നമ്മളും പാപികള്‍ തന്നെ. മമത കൊണ്ട് ഇത്തരം അനര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നു. കള്ളശപഥത്തിനു കൂട്ടുനിന്ന ഋഷിമാരാണ് നമ്മള്‍! പാപകൃത്യം ചെയ്യുന്നവന്‍ മാത്രമല്ല അതില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുള്ളവനും പാപി തന്നെ. പ്രേരണ ചെലുത്തുന്നവന്‍, ബുദ്ധിയോതിക്കൊടുക്കുന്നവന്‍, ഫലഭോക്താക്കള്‍ എല്ലാവറം പാപഭാക്കുകള്‍ തന്നെയാണ്.


വജ്രത്തിനുള്ളില്‍ പ്രവേശിച്ച് വധത്തിനു കൂട്ട് നിന്ന ‘സത്വസ്വരൂപനായ’ ശ്രീഹരിക്കും ഇതില്‍ പങ്കുണ്ട്. ഇന്ദ്രനുമായുള്ള കൂട്ടുകെട്ടില്‍ സാക്ഷാല്‍ വിഷ്ണുപോലും പാപിയയി. മമതാ ബന്ധമാണിതിനു കാരണം. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ധര്‍മ്മത്തിനും മോക്ഷത്തിനും ഇപ്പോള്‍ സ്ഥാനമില്ല എന്നായിരിക്കുന്നു. എല്ലാവര്ക്കും വേണ്ടത് കാമവും അര്‍ത്ഥവും മാത്രം. ധര്‍മ്മചര്‍ച്ചയൊക്കെ പണ്ഡിതന്മാര്‍ക്ക് വെറും ഡംബുകാണിക്കാനുള്ള വേദിയാണ്.’ മുനിമാരുടെ മനസ്ഥൈര്യം നശിച്ചു. തപസ്സില്‍ മുഴുകാന്‍ അവര്‍ക്കാവുന്നില്ല.


ത്വഷ്ടാവ് മകന്‍റെ മരണവൃത്താന്തം അറിഞ്ഞപ്പോള്‍ മനം നൊന്തു കരഞ്ഞു. അദ്ദേഹത്തിന് ആകെ വിരക്തിയായി. എങ്കിലും അദ്ദേഹം മകന്‍റെ ഭീമാകാരമായ ദേഹത്തിനു മുന്നില്‍ച്ചെന്ന് അവനു വേണ്ട ഉദകക്രിയകള്‍ ഉചിതമായി ചെയ്തു. എന്നിട്ട് മനസ്സ് നൊന്ത് ശക്രനെ ശപിച്ചു, ‘സ്വമിത്രത്തെ ചതിച്ചു കൊന്ന ഇന്ദ്രന് വിധിവശാല്‍ ഇതുപോലെയുള്ള മനോദുഖം ഉണ്ടാവട്ടെ.’. പിന്നീടദ്ദേഹം മഹാമേരുവില്‍പ്പോയി ഉഗ്രതപസ്സില്‍ മുഴുകി.


ജനമേജയന്‍ ചോദിച്ചു: വൃത്രനെ കൊന്ന ഇന്ദ്രന്‍റെ സ്ഥിതി പിന്നെയെന്തായി? അവനു പിന്നീട് സുഖമായിരുന്നോ അതോ ദുഖജീവിതമായിരുന്നോ?


വ്യാസന്‍ പറഞ്ഞു: ഇതില്‍ സംശയം വേണ്ട. പാപഫലം അനുഭവിച്ചല്ലേ തീരൂ? ബലിഷ്ഠനായാലും ദുര്‍ബ്ബലനായാലും ദേവനായാലും മനുഷ്യരായാലും അസുരനായാലും പാപം ചെയ്തോ? അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ അനുഭവിക്കണം. വൃത്രനെ കൊല്ലാനുള്ള ബുദ്ധി ഉപദേശിച്ചതും അതിനായി ഒത്താശചെയ്തതും മഹാവിഷ്ണുവാണല്ലോ? എന്നാല്‍ ആപത്തില്‍പ്പെട്ടപ്പോള്‍ വിഷ്ണുപോലും ഇന്ദ്രന്‍റെ രക്ഷക്കെത്തിയില്ല.


നമ്മുടെ സമയം നന്നായിരിക്കുമ്പോള്‍ നിറയെ ബന്ധുക്കള്‍ വരും. അല്ലാത്തപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടി ആരുമുണ്ടാവില്ല. അതിപ്പോള്‍ മാതാപിതാക്കളോ സഹോദരങ്ങളോ ആരും നമുക്ക് കൂട്ടുണ്ടാവില്ല. ദൈവഹിതം നമുക്കനുകൂലമല്ലെങ്കില്‍ പുത്രനോ ബന്ധുവോ ഭൃത്യനോ ഭാര്യയോ ആര്‍ക്കും നമ്മെ സഹായിക്കാന്‍ കഴിയില്ല. ദുര്‍വൃത്തി ചെയ്തതുമൂലം വൃത്രനെ കൊന്നവരുടെയെല്ലാം തേജസ്സ് നിഷ്പ്രഭമായി. ഇന്ദ്രനെ ബ്രഹ്മഹന്താവെന്നു വിളിച്ച് ദേവന്മാര്‍പോലും ഇന്ദ്രനെ ശപിക്കാന്‍ തുടങ്ങി.


‘വിശ്വാസവഞ്ചന കാട്ടി മിത്രമായ മുനിയെ ഇന്ദ്രന്‍ കൊന്നതിന്‍റെ കഥ ഗന്ധര്‍വ്വന്മാര്‍ കൂടുന്ന വെടിവട്ടങ്ങളില്‍ ചര്‍ച്ചയായി. ‘കൊല്ലാന്‍ ഇന്ദ്രന്‍ മിടുക്കനാണ്. അതിനു വേണ്ടി അയാള്‍ ആരുടെ കൂട്ടും കൂടും. മുനിമാര്‍പോലും ഇന്ദ്രന് വേണ്ടി കള്ളം പറഞ്ഞു. വേദപ്രമാണം വിട്ടു ഹിംസയുടെ ബൌദ്ധമാര്‍ഗ്ഗമാണ് അവരും തിരഞ്ഞെടുത്തത്. സ്വന്തം വാക്ക് മാറ്റി ഇങ്ങിനെ ഒരാളെ കൊല്ലണമെങ്കില്‍ അത് ഇന്ദ്രനോ ഹരിക്കോ മാത്രമേ പറ്റൂ.’ ഗന്ധര്‍വ്വന്മാരുടെ ഇടയിലും മറ്റും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ഇന്ദ്രനും അറിഞ്ഞു. കീര്‍ത്തികെട്ട ജീവിതം എന്തിനു കൊള്ളാം? പുറത്തിറങ്ങി നടക്കുമ്പോള്‍ മറ്റുള്ളവര്‍ പുച്ഛിച്ചു ചിരിക്കുന്നു. ഇന്ദ്രദ്യുമ്നന്‍ എന്ന രാജര്‍ഷി പോലും കീര്‍ത്തി നശിച്ചതിനാല്‍ സ്വര്‍ഗ്ഗത്തു നിന്നും വീണുപോയില്ലേ?


ഇന്ദ്രദ്യുമ്നനാണെങ്കില്‍ യാതൊരു പാപവും ചെയ്യാത്തവനായിരുന്നു. അപ്പോള്‍ പാപികളുടെ കഥ പറയാനുണ്ടോ? ചെറിയൊരു തെറ്റിന്റെ പേരില്‍ യയാതിക്ക് പതിനെട്ടു യുഗം വെറുമൊരു ഞണ്ടായി കഴിയേണ്ടി വന്നു. ഭൃഗുപത്നിയുടെ ഗളഛേദം ചെയ്ത സാക്ഷാല്‍ ശ്രീഹരിക്കും മുനി ശാപം മൂലം മീനാദി മൃഗയോനികളില്‍ പിറക്കേണ്ടതായി വന്നു. മഹാബലിക്കു മുന്നില്‍ കൈ നീട്ടി യാചിക്കേണ്ടി വന്നു. ദുഷ്കൃതം ചെയ്തവന് ശ്രീരാമനുണ്ടായ ദുഖത്തില്‍പ്പരം എന്ത് ശിക്ഷയാണ് കിട്ടുക? കാട്ടില്‍ ജീവിക്കുക, ഭാര്യയെ നഷ്ടപ്പെട്ടു കേഴുക എന്നിവയെല്ലാം ശ്രീഹരി അനുഭവിക്കേണ്ടി വന്നത് ഭൃഗു മുനിയുടെ ശാപം കൊണ്ടാണ്.


വിപ്രഹത്യാപാപഭയം ഇന്ദ്രനെ വിടാതെ പിടികൂടി. വീട്ടിലും പുറത്തും യാതൊരു സ്വൈര്യവും ഇല്ലാതായി.  ആരെയും കാണാന്‍ കൂട്ടാക്കാതെ വീട്ടിനു പുറത്തിറങ്ങാതെ പേടിച്ചു വീര്‍പ്പിട്ടു നില്‍ക്കുന്ന കാന്തനെ കണ്ടു ശചി ചോദിച്ചു: 'എന്തിനാണ് അങ്ങ് വിഷമിക്കുന്നത്? അവനെ വധിച്ചതോടെ ശത്രുഭയം തീര്‍ന്നല്ലോ? ശത്രുതാപനായ അങ്ങ് എന്തിനാണ് പ്രാകൃതനെപ്പോലെ മാഴ്കുന്നത്?'


അപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: ‘എനിക്കിപ്പോള്‍ കിടനില്‍ക്കാന്‍ പറ്റിയ ശത്രുക്കള്‍ ആരുമില്ല എന്നത് ശരി തന്നെ. പക്ഷെ എനിക്ക് സുഖമില്ല, സമാധാനവുമില്ല. ബ്രഹ്മഹത്യാപാപഭീതിയാണ് എന്നെയിപ്പോള്‍ അലട്ടുന്നത്. നന്ദനോദ്യാനവും കാടും വീടും അമൃതുപോലും എന്നെ സംപ്രീതനാക്കുന്നില്ല. ഗന്ധര്‍വഗാനങ്ങളും അപ്സരസ്സുകളുടെ ചുവടുവെയ്പ്പും എന്നെ സന്തോഷിപ്പിക്കുന്നില്ല. എനിക്ക് കാമധേനുവും കല്‍പ്പവൃക്ഷവും വേണ്ട. എനിക്ക് മന:സുഖം ലഭിക്കാന്‍ എന്തുചെയ്യണം എന്നാലോചിച്ചു കരയുകയാണ് ഞാന്‍.’


പത്നിയോട് ഇങ്ങിനെ വേവലാതി പറഞ്ഞിട്ട് ഇന്ദ്രന്‍ മാനസസരസ്സില്‍ ചെന്ന് അവിടെയൊരു താമരത്തണ്ടിനുള്ളില്‍ക്കയറി ഇരുന്നു. പാപഫലങ്ങള്‍ വരുമ്പോള്‍ ഒളിക്കാന്‍ പറ്റിയ ഒരിടമാണ് അതെന്നയാള്‍ വെറുതെ വിചാരിച്ചു. വെള്ളത്തില്‍ക്കഴിയുന്ന ഒരു നീര്‍ക്കോലിപോലെ നിഷ്പ്രഭനായി അയാള്‍ അവിടെ നീന്തിക്കഴിഞ്ഞുകൂടി. ഇന്ദ്രനെ കാണാഞ്ഞു ദേവലോകം ആശങ്കാകുലരായി. ദുര്‍നിമിത്തങ്ങള്‍ എങ്ങും കണ്ടുതുടങ്ങി. എല്ലാടവും അരാജകത്വം കാണപ്പെട്ടു. ഗന്ധര്‍വ്വന്മാരും മുനികളും മറ്റും ഭയവിഹ്വലരായി. ഭൂമിയില്‍ മഴ നിന്നു. വിഭവങ്ങള്‍ ഉണ്ടാകാതെയായി. തടാകങ്ങള്‍ വെള്ളം വറ്റി ഭൂമി ഉണങ്ങിവരണ്ടു. ഇന്ദ്രനെ കണ്ടു കിട്ടാഞ്ഞ് മുനിമാര്‍ നഹുഷനെപ്പിടിച്ചു രാജാവാക്കി.


നഹുഷന്‍ ധര്‍മ്മിഷ്ഠനായിരുന്നുവെങ്കിലും രാജപദവി അയാളെ വിഷയാസക്തനും കാമപീഡിതനുമാക്കി. അയാള്‍ അപ്സരനാരിമാരോടോത്ത് രമിച്ചു കഴിഞ്ഞു. ഇന്ദ്രന്‍റെ ഭാര്യയായ ശചിയുടെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞ നഹുഷന്‍ മുനിമാരെ വിളിച്ചു ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് ഇന്ദ്രന്‍റെ സ്ഥാനം തന്നു. അപ്പോള്‍ ഇന്ദ്രാണിയും എനിക്ക് സ്വന്തമാവണമല്ലോ? എന്നെ സേവിക്കാനായി ശചിയെ കൊട്ടാരത്തിലേയ്ക്ക് പറഞ്ഞയക്കുക. ഞാന്‍ ദേവേന്ദ്രനും ലോക നാഥനുമല്ലേ? ഇക്ഷണം എനിക്ക് ശചിയെ വേണം. നിങ്ങള്‍ അതിനുള്ള ഒത്താശകള്‍ ചെയ്താലും.’

ദേവന്മാരും മുനിമാരും കൂടി ഇന്ദ്രാണിയെ ചെന്ന് കണ്ടു വിവരം ധരിപ്പിച്ചു. ‘ഞങ്ങള്‍ എന്ത് ചെയ്യട്ടെ! അവന്‍ ഇന്ദ്രനും ഞങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനുമാണ്.’ എന്നവര്‍ നിസ്സഹായരായി. അപ്പോള്‍ ശചി ഗുരുവായ ബൃഹസ്പതിയോട് പരാതി പറഞ്ഞു. ‘നഹുഷനില്‍ നിന്നും അങ്ങെന്നെ രക്ഷിക്കണം.'


'നിന്നെ സത്യത്തിനും ധര്‍മ്മത്തിനും എതിരായി നഹുഷനു വിട്ടുകൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല' എന്ന് ഗുരു അവള്‍ക്ക് വാക്ക് കൊടുത്തു. 'ശരണാഗതനെ കൈവിടുന്നവനു നരകത്തില്‍ നിന്നും ഒരിക്കലും മോചനമില്ല. നിന്നെ ഞാന്‍ കൈവിടുകയില്ല. നിനക്ക് സമാധാനമായി ഇരിക്കാം.'



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Thursday, March 30, 2017

നവഗ്രഹ വന്ദനം - നവഗ്രഹസ്‌തുതികൾ


നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം.


1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം. 

2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം. 

3 ചൊവ്വയെ തെക്കോട്ടു നോക്കിയും 

4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കും 

5 വ്യാഴത്തേ വടക്കോട്ടു നോക്കിയും

6 ശുക്രനെയും കിഴക്കോട്ടു നോക്കിയും

7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയുംനിന്ന് തൊഴുത് പ്രാർത്ഥിക്കണം.

8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും, 

9 കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും.


നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ  അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി. 

ഓരോ രാശിക്കും ചന്ദ്രാഷ്ടമം  ഉണ്ടാക്കുക ഭാവികമാണ്. ചന്ദ്രാഷ്ടമ ദിവസം കാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനെ എന്റെ ചന്ദ്രാഷ്ടമ  ദോഷങ്ങൾ അകലേണമേ എന്ന് പ്രാർത്ഥിച്ചാൽ ദോഷങ്ങൾ ഉണ്ടാവുകയില്ല...


ഓം  നമഃ  ശിവായ..

പെരളശ്ശേരി നാരോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്രം.


ചരിത്രപ്രാധാന്യം കൊണ്ടും സ്ഥല മഹാത്മ്യം കൊണ്ടും പൗരാണിക പ്രസക്തി കൊണ്ടും ധന്യമാണ് പെരളശ്ശേരി നാരോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്രം. 


ശ്രീരാമസ്വാമിയു ടെ, പാദസ്പർശത്താൽ പുണ്യമായതും ഋഷീശ്വരന്മാരുടെ പൂജാദികാര്യങ്ങളാൽ ചൈതന്യവത്തുമായ നാരോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന് ഏതാണ്ട് രണ്ടായിരം വർഷം പഴക്കം കണക്കാകപെടുന്നു. പൂർവ്വികാരാധനയാൽ അതിവിശിഷ്ടമാക്കപെട്ട സാളഗ്രാമത്തിന്റ െ സാന്നിദ്ധ്യമുള്ളതിനാൽ ഇവിടുത്തെ മണിക്കിണർ തീർത്ഥം ഔഷധഗുണമുള്ളതത്രെ കേരളത്തിലെ ഇതര വൈഷ്ണവ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ മൂന്ന് ഭാവത്തിലുള്ള ആരാധനാ സമ്പ്രദായം നിലനില്കുന്നു എന്നതാണ് നാരോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ സവിശേഷത. 


വെണ്ണകൈയ്യില്ലേന്തിയ ബാലഗോപലൻ, 
സമ്മോഹന ഗോപാലനായ ശ്രീ കൃഷ്ണൻ, 
സുദർശനമൂർത്തിയായ മഹാവിഷ്ണുവിൻറെ ചതുർബാഹരൂപം 


എന്നിവയാണ് ആരാധനാഭാവങ്ങൾ. വിശ്വാസപൂർവം ഭജിക്കുന്നവർക്കു ക്ഷിപ്രഫലദായകനാണ് നാരോത്തപ്പൻ നാരോത്തപ്പന്റെ അനുഗ്രഹത്താൽ സമ്മോഹന പുഷ്പാഞ്ജലി നടത്തി വിവാഹം കഴിഞ്ഞവരും സന്ധാനഗോപാല പുഷ്പാഞ്ജലിയാൽ സന്ധാനഭാഗ്യംകൈവ ന്നവരും സുദർശനാ൪ച്ചനയാൽ കർമമതടസവും ദുരിതവും നീങ്ങിയവരും നിരവധിയാണ്.അത് കൊണ്ടു തന്നെ നാരോത്ത് ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തെ ഭക്തർ ' കലിയുഗ വൈകുണ്ഠമെന്ന്' അത്യാദരപൂർവ്വം വിളിക്കുന്നു.

 എത്തിചേരുന്നവരു ന്നവർകെല്ലാം പൂജയ്ക്കു ശേഷം ഭഗവത് പ്രസാദമായ പാൽപായസം നല്കാൻ സാദിക്കുന്നത് ശ്രീ നരോത്തപ്പന്റെ കരുണാ കടാക്ഷം കൊണ്ടു മാത്രമാണ് എന്നത് പ്രത്യക്ഷ സത്യമത്രെ

ശ്രീകൃഷ്ണ കഥകൾ



നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ
നിർധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ



കുരുക്ഷേത്ര യുദ്ധം ജയിച്ചു യുധിഷ്ഠിരന്‍ ഭരണഭാരമേറ്റതിന്റെ ഭാഗമായി രാജസൂയം എന്ന വിശേഷപ്പെട്ട യാഗം നടക്കുകയാണ്. രാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും മഹര്‍ഷിമാരുമെല്ലാം നന്നായി സല്‍ക്കരിക്കപ്പെട്ടു.


മറ്റൊരു ഭാഗത്ത് സാധാരണക്കാരും ദരിദ്രരുമായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. അവിടുത്തെ കാര്യങ്ങളെല്ലാം ശ്രീകൃഷ്ണന്നൊപ്പം നടന്നു കാണുകയായിരുന്ന യുധിഷ്ഠിരനില്‍ അഹങ്കാരം കിളിര്‍ത്തു-പതിനായിരങ്ങളുടെ അന്നദാതാവാണല്ലോ താന്‍! ആ മുഖഭാവം ശ്രീകൃഷ്ണന്‍ ശ്രദ്ധിക്കുകയും ചെയ്തു.

പെട്ടെന്നാണ് ആളുകള്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റ ഉടനെ ഇലകളില്‍ എന്തോ തിരയുന്നതുപോലെ ഉരുണ്ടുരുണ്ടു പോകുന്ന ഒരു വിചിത്രജീവിയെ കണ്ടത്. അത് ഒരു കീരിയായിരുന്നു. പക്ഷേ, സാധാരണ കീരിയല്ല; പകുതി ശരീരം സ്വര്‍ണനിറത്തില്‍!

യുധിഷ്ഠിരന്‍ അതിനെ കൗതുകത്തോടെ വിളിച്ചു; ശരീരത്തിന്റെ പകുതിഭാഗത്തിന് എങ്ങനെ സ്വര്‍ണം കിട്ടി എന്ന് അന്വേഷിച്ചു. അപ്പോള്‍ കീരി തന്റെ കഥ പറയാന്‍ തുടങ്ങി:

ഇവിടെനിന്ന് വളരെ വളരെ ദൂരെയാണ് എന്റെ സ്ഥലം. ഭാര്യയും ഭര്‍ത്താവും മകനും മാത്രമുള്ള ഒരു ദരിദ്ര കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് ഞാനും കഴിഞ്ഞിരുന്നത്.

അങ്ങനെയിരിക്കെ, വലിയ ഒരു ക്ഷാമകാലം വന്നു. അനേകം മനുഷ്യരും ജീവജാലങ്ങളും പട്ടിണിയില്‍ മരിച്ചു. ഞാന്‍ താമസിച്ചിരുന്ന കുടുംബത്തിനേയും പട്ടിണി വിഴുങ്ങും എന്ന അവസ്ഥയില്‍ അജ്ഞാതനായ ഒരാള്‍ ഒരു പാത്രം നിറയെ ഭക്ഷണം എത്തിച്ചു, ഉടനെ സ്ഥലം വിട്ടു.
ഗൃഹനാഥ ആ പാത്രത്തിലെ ഭക്ഷണം ഭര്‍ത്താവിനും തനിക്കും മകനുമായി വീതിച്ചു. അപ്പൊഴാണ് ഒരു വഴിപോക്കന്‍ അവശതയോടെ ഭക്ഷണം ചോദിച്ച് എത്തിയത്.

ഗൃഹനാഥന്‍ തന്റെ പാത്രം അയാളുടെ മുന്നിലേക്ക് നീക്കിവച്ചു കൊടുത്തു. അയാള്‍ ആര്‍ത്തിയോടെ അത് വാരിവലിച്ചു കഴിക്കുന്നത് ഭാര്യയും മകനും നോക്കിനില്‍ക്കുകയാണ്. അയാളുടെ കണ്ണാകട്ടെ മറ്റു രണ്ടുപേരുടെ ഇലകളിലുമാണ്!

ഭാര്യ അപ്പോള്‍ തന്റെ ഭക്ഷണവിഹിതം അയാളുടെ മുന്നിലേക്ക് നീക്കിക്കൊടുത്തു. താന്‍ നല്‍കിക്കൊള്ളാമെന്ന് പറഞ്ഞ് മകന്‍ അമ്മയെ തടഞ്ഞുവെങ്കിലും അമ്മ സമ്മതിച്ചില്ല.

എന്നാല്‍ വഴിപോക്കന്‍ അതും വേഗത്തില്‍ ഭക്ഷിച്ചുതീര്‍ത്തു. മകനാകട്ടെ, തന്റെ വിഹിതവും അയാളുടെ മുന്നിലേക്ക് മടികൂടാതെ നീക്കിവെച്ചു; ഒരാളുടെ വിശപ്പെങ്കിലും പൂര്‍ണമായി ശമിക്കുമല്ലോ എന്ന വിചാരത്തോടെ.
ഭക്ഷണം കഴിച്ചശേഷം, ഒരു നന്ദിവാക്കുപോലും പറയാതെ വഴിപോക്കന്‍ സ്ഥലം വിട്ടു. ഒഴിഞ്ഞ വയറുമായി വീട്ടുകാര്‍ മൂവരും തളര്‍ന്നു കിടപ്പായി. കുറേനേരം കഴിഞ്ഞു. ഒരനക്കവും ഇല്ല. ഞാന്‍ അവരെ ഒരു പ്രദക്ഷിണം വച്ചു നോക്കി. പട്ടിണിമൂലം അവരുടെ പ്രാണന്‍ ഒഴിഞ്ഞുപോയിരുന്നു!
എന്തൊരു ത്യാഗമാണ് അവര്‍ അനുഷ്ഠിച്ചത്! ആ അന്നദാനത്തിന്റെ മഹത്വം എത്ര വാഴ്ത്തിയിലാണ് തീരുക എന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ വൈകിയില്ല. തറയില്‍ തൂവിക്കിടന്നിരുന്ന ഏതാനും അന്നമണികള്‍ക്ക് മീതെ കിടന്നുരുണ്ടു. അവ സ്പര്‍ശിച്ച എന്റെ പകുതി ശരീരം പെട്ടെന്ന് സ്വര്‍ണനിറമാര്‍ന്നതായി. ഞാന്‍ അദ്ഭുതപ്പെട്ടു. ക്രമേണ ഒരാഗ്രഹം ഉണ്ടായി. അതിന്റെ സാഫല്യത്തിനുവേണ്ടി അന്നദാനം നടക്കുന്നിടത്തെല്ലാം ഞാന്‍ ചെല്ലാറുണ്ട്. ബാക്കി ശരീരഭാഗം കൂടി സ്വര്‍ണനിറമാക്കാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന പ്രതീക്ഷയോടെ….

പക്ഷെ, എന്തു ചെയ്യാം! എച്ചിലിലകളില്‍ ഉരുണ്ടതെല്ലാം വെറുതെയായി. നിരാശമൂലം പോകാന്‍ മടിയുമായി. അപ്പോള്‍ കേട്ടൂ, മഹാനായ യുധിഷ്ഠിര ചക്രവര്‍ത്തിയുടെ രാജസൂയവും അന്നദാനവും. വളരെ ദൂരം താണ്ടി ഇങ്ങോട്ട് പോരുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ കഷ്ടം തോന്നുന്നു. പട്ടിണി കിടന്നു മരിക്കാറായപ്പോഴും, മുന്നില്‍ വിളമ്പിവച്ച ഭക്ഷണം വിശന്നുവന്ന അതിഥിക്ക് ദാനം ചെയ്ത ആ ദരിദ്ര കുടുംബം എത്ര ശ്രേഷ്ഠം! അവര്‍ക്കൊപ്പം നില്‍ക്കാന്‍ ലോകത്തിലെ ഒരു അന്നദാന ചക്രവര്‍ത്തിക്കും കഴിയില്ലെന്ന് തീര്‍ച്ചയായി. അഥവാ പൂര്‍ണതതേടുന്ന എനിക്ക് അതിനുള്ള പുണ്യമില്ലാതെ പോയി എന്നും പറയാം!

കീരിയുടെ കഥ ശ്രവിച്ച യുധിഷ്ഠിരന്‍ വിളറിയ മുഖത്തോടെ അടുത്തുനില്‍ക്കുന്ന ഭഗവാന്‍ കൃഷ്ണനെ ഒന്നുനോക്കി. ആ മുഖത്തുനിറഞ്ഞു നിന്നത് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി! കണ്ണില്‍ ഒരു കുസൃതിനോട്ടവും!
സ്വര്‍ണക്കീരി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. യുധിഷ്ഠിരന് കാര്യം മനസ്സിലായി. ഇതെല്ലാം ഭഗവാന്‍ നടത്തിയ ലീലയാണ്. തന്നിലുണ്ടായ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ പ്രയോഗിച്ച ഒരു മരുന്ന്!
യുധിഷ്ഠിരന്‍ വളരെ വിനയത്തോടെ, കുറ്റബോധത്തോടെ കൃഷ്ണഭഗവാനോട് മാപ്പപേക്ഷിച്ചു.

ജയവും തോല്‍വിയും അനിവാര്യമാണ് - ശുഭചിന്ത



ലക്ഷ്യം മറക്കാതെ മക്കള്‍ ജാഗ്രതയോടെ മുന്നോട്ടു പോകണം. വീണുപോകുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം. ഇനി ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിപെട്ട് വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ട് അവിടെ വീണ്കിടക്കരുത്. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കണം.

വീഴുന്നത് എഴുന്നേല്‍ക്കാന്‍ വേണ്ടിയാണ്. വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണ് എന്നു കരുതണം. ജയവും തോല്‍വിയും ജീവിതത്തിന്റെ സ്വഭാവമാണ്. ഇനിയുള്ള ചുവടുകള്‍ ജാഗ്രതയോടെ മുന്നോട്ടുവെയ്ക്കണം. മഹാത്മക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണ്. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് വിവേകവും സമാധാനവും പകര്‍ന്നുതരും. ഇതിന്റെ കൂടെ നമ്മുടെ പ്രയത്‌നം, അതായത് സാധനയും ആവശ്യമാണ്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷംവരെ വളരെ ശ്രദ്ധയോടെ നീങ്ങണം

ഈശ്വരസാക്ഷാത്കാരത്തിനുള്ള മക്കളുടെ എല്ലാ പ്രയത്‌നങ്ങളിലും സാധനയിലും അമ്മ കൂടെ ഉണ്ടാവും. മക്കള്‍ വീണാലും പിടഞ്ഞെണീക്കണം. ഏതു വീഴ്ചയെയും ഉയര്‍ച്ചയായി മാറ്റാന്‍ അമ്മ മക്കളോടൊപ്പം ഉണ്ടായിരിക്കും.

വൃത്രാസുരവധം - ശ്രീമദ്‌ ദേവീഭാഗവതം. അദ്ധ്യായം 6 - ദിവസം 133.



ഏവം പ്രാപ്തവരാ ദേവാ ഋഷയശ്ച തപോ ധനാ:
ജഗ്മു: സര്‍വ്വേ ച സംമന്ത്ര്യ വൃത്രസ്യാശ്രമമുത്തമം
ദദൃശുസ്തത്ര തം വൃത്രം ജ്വലന്തമിവ തേജസാ


ഇങ്ങിനെ ദേവിയില്‍ നിന്നും അഭീഷ്ടവരം സിദ്ധിച്ച ദേവന്മാര്‍ വൃത്രന്‍ തപസ്സു ചെയ്തിരുന്ന ഇടത്തേയ്ക്ക് ചെന്നിട്ട് മധുരസ്വരത്തില്‍ സാമവാദങ്ങള്‍ പറയാന്‍ തുടങ്ങി. വൃത്രന്‍ ഇരുന്നിടം അദ്ദേഹത്തിന്‍റെ തപോബലത്തില്‍ ജ്വലിച്ചു തിളക്കമാര്‍ന്നിരുന്നു. വിണ്ണവരെ ഒറ്റയടിക്ക് വിഴുങ്ങാനും മൂന്നുലകങ്ങളും ജ്വലിപ്പിക്കാനും പോന്ന ആ താപസന്‍റെയടുക്കല്‍ച്ചെന്ന് ഋഷിമാര്‍ രസകരമായും അദ്ദേഹത്തിനു ഹിതകരമായും സംസാരിക്കാന്‍ തുടങ്ങി.


‘അല്ലയോ മഹാഭാഗാ, സകലലോകങ്ങള്‍ക്കും അങ്ങയെ ഭയമാണ്. നീയാണെങ്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. ശക്രനോടുള്ള നിന്‍റെ വൈരം രണ്ടാള്‍ക്കും നല്ലതിനല്ല. രണ്ടാള്‍ക്കും അതുകൊണ്ട് സ്വൈരക്കേടാണ് എപ്പോഴും. വൈരിയായി ഒരാളുണ്ടെങ്കില്‍ സമാധാനം പോയി എന്നര്‍ത്ഥം. ഉറങ്ങാന്‍കൂടി പറ്റാത്ത അവസ്ഥ. പരസ്പരം വൈരികളായി ഇരിക്കുന്നുവെങ്കിലും തമ്മില്‍ ഒന്ന് പോരടിച്ചിട്ടും കാലം കുറേയായി. നിങ്ങള്‍ തമ്മിലുള്ള ഈ വൈരം കൊണ്ട് മറ്റുള്ള ദേവന്മാര്‍ക്കും മാനുഷര്‍ക്കും അസുരന്മാര്‍ക്കും ആകെ ബുദ്ധിമുട്ടാണ്. എപ്പോഴും ദുഖിച്ചു പേടിച്ചു കഴിയാനാണോ ഈ ജീവിതം? സുഖമാസ്വദിച്ചു കഴിയേണ്ട ജന്മം ഇങ്ങിനെ പാഴാക്കുന്നതെന്തിനാണ്? യുദ്ധക്കൊതിയന്മാരായ ചിലര്‍ അതിനെ വാഴ്ത്തിയെന്നുവരാം. എന്നാല്‍ പണ്ഡിതന് യുദ്ധമെന്നാല്‍ അത് എല്ലാവരും തോല്‍ക്കുന്ന വൃഥാപ്രയത്നം മാത്രമാണ്. പ്രപഞ്ചത്തിലെ സുഖമാകെ കെടുത്താന്‍ രണ്ടു കൂട്ടര്‍ തമ്മിലുള്ള പോരിനു കഴിയും. ഭോഗവിഷയങ്ങള്‍ എല്ലാവര്ക്കും അങ്ങിനെ അപ്രാപ്യമാവുകയും ചെയ്യും. കളിയായി പൂക്കള്‍കൊണ്ടുള്ള തല്ലുപോലും നല്ലതല്ല. പിന്നെയാണ് അമ്പുകള്‍ കൊണ്ടുള്ള തീക്കളി!


യുദ്ധത്തില്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നാര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ദേഹത്ത് അമ്പുകൊണ്ടാല്‍ മുറിയും എന്നതില്‍ സംശയമേയില്ല. എല്ലാം ദൈവാധീനമാണ്. ജയപരാജയങ്ങള്‍ നമ്മുടെ കയ്യില്‍ അല്ലാത്തപ്പോള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ട് എന്തുകാര്യം? സുഖമായി ഉണ്ട് കുളിച്ചുറങ്ങി ഭാര്യയുടെ ശുശ്രൂഷ ആസ്വദിച്ച് കഴിയുന്നതോ വാള്‍പ്പയറ്റില്‍ ദേഹത്ത് മുറിവുണ്ടാവുന്നതോ സുഖപ്രദം? വാസ്തവത്തില്‍ കൂരമ്പേറ്റു മരിക്കുന്നവന് സ്വര്‍ഗ്ഗം ലഭിക്കും എന്നൊക്കെയുള്ള പറച്ചില്‍ എല്ലാം വെറുതെ. വെറുതെ ദേഹത്ത് ചോരയുമൊലിപ്പിച്ച് കാക്കയ്ക്കും കഴുകാനും കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അങ്ങ് ശക്രനോടു സന്ധി ചെയ്യുകയാണ് നല്ലത്. അങ്ങിനെ രണ്ടാള്‍ക്കും സുഖമായി ജീവിക്കാം. ഞങ്ങള്‍ മാമുനിമാര്‍ക്കും ദേവന്മാര്‍ക്കും അതൊരാശ്വാസമാകും. നിങ്ങള്‍ പോരില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സമാധാനമായി സുഖമനസ്സോടെ സ്വന്തം ഭവങ്ങളില്‍ കഴിയാന്‍ സാധിക്കുമോ? ഞങ്ങള്‍ മുനിമാരുടെ മദ്ധ്യസ്ഥം നിങ്ങള്‍ക്ക് സ്വീകാര്യമാവും എന്ന് കരുതുന്നു. രണ്ടാളും പരസ്പരം ശപഥം ചെയ്തു പിണക്കം തീര്‍ക്കണം. മഹാനായ നിന്‍റെ മനസ്സിന് യോജിച്ചവണ്ണം ശക്രന്‍ ശപഥം ചൊല്ലും. നീയും അതുപോലെ ചെയ്യുക. ഭൂമിയുടെ നിലനില്‍പ്പ്‌ തന്നെ സത്യത്തിലാണല്ലോ. സത്യമാണ് സൂര്യന് നിദാനം. കാറ്റ് വീശുന്നത് സത്യം കൊണ്ടാണ്. സമുദ്രം പരിധി ലംഘിക്കാത്തതിനും കാരണം മറ്റൊന്നല്ല. നിങ്ങള്‍ രണ്ടാളും സഖ്യം ചെയ്ത് പരസ്പരം വൈരം മറന്ന് ആത്മസുഹൃത്തുക്കളെപ്പോലെ ഊണും വിശ്രമവും ഒന്നിച്ചാവുന്ന കാലം അനതിവിദൂരമാണ്.'



ഇത്രയും കേട്ടപ്പോള്‍ വൃത്രന്‍ പറഞ്ഞു: ‘നിങ്ങള്‍ എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. കാരണം മുനിമാര്‍ കള്ളം പറയില്ലല്ലോ. കുടിലതയറിയാത്ത സത്യവൃത്തന്മാരാണ് ഋഷിമാര്‍. എങ്കിലും നിങ്ങള്‍ക്ക് കാപട്യമെന്തെന്നറിയാന്‍ വയ്യാത്തതുകൊണ്ട് ഒന്ന് മനസ്സിലാക്കണം. ബുദ്ധിയുള്ളവന്‍ സഖ്യം ചെയ്യുമ്പോള്‍ എതിര്‍ കക്ഷിയുടെ സ്വഭാവം നോക്കും. കള്ളനുമായും, ലജ്ജയില്ലാത്തവനുമായും സദാചാരവിരുദ്ധനുമായും സദ്‌വൃത്തനായ ഒരുവന്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയില്ല. നിങ്ങള്‍ ശാന്തശീലരായതുകൊണ്ട് ലോകത്തിന്‍റെ രീതികള്‍ നിങ്ങള്‍ക്കറിയില്ല.’


അപ്പോള്‍ മുനിമാര്‍ പറഞ്ഞു: ‘നന്മതിന്മകളുടെ ഫലം ദേഹമെടുത്ത എല്ലാവരും അനുഭവിക്കുകതന്നെ ചെയ്യും. വിശ്വാസവഞ്ചകര്‍ക്ക് നരകം ഉറപ്പാണ്. ദ്രോഹം ശീലമാക്കിയവന് ശാന്തി കിട്ടുകയുമില്ല. ബ്രഹ്മഹത്യക്കും മദ്യപാനത്തിനും മറ്റും പ്രായശ്ചിത്തം ചെയ്യാന്‍ വിധിയുണ്ട്. എന്നാല്‍ മിത്രദ്രോഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക് പ്രായശ്ചിത്തം ഇല്ലേയില്ല. അതുകൊണ്ട് അങ്ങ് പറയൂ നിബന്ധനകള്‍. ആ വ്യവസ്ഥ രണ്ടാള്‍ക്കും സ്വീകാര്യമാവട്ടെ. അപ്പോള്‍ സന്ധിചെയ്യാന്‍ തടസ്സമില്ലല്ലോ.’


കല്ലുകൊണ്ട്, വജ്രം കൊണ്ട്, മരം കൊണ്ട്, നനഞ്ഞതോ ഉണങ്ങിയതോ ആയ യാതൊന്നും കൊണ്ടും ഇന്ദ്രന്‍ എന്നെ കൊല്ലരുത്. രാത്രിയും പകലും അരുത്. ഇത്തരത്തിലൊരു സന്ധി ഇന്ദ്രനുമായി ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.’


‘അങ്ങിനെയാവാം’ എന്ന് മുനിമാര്‍ വൃത്രന് വാക്ക് കൊടുത്തു. ഇന്ദ്രനോട് വിവരം പറഞ്ഞു. സന്ധിവ്യവസ്ഥ അംഗീകരിപ്പിച്ചു. മുനിമാരുടെ സാന്നിദ്ധ്യത്തില്‍ അഗ്നിസാക്ഷിയായി ഇന്ദ്രന്‍ സത്യം ചെയ്തു. വൃത്രന്‍ സന്തോഷിച്ചു. പരസ്പരം ചെയ്ത സന്ധിയിലും സത്യശപഥത്തിലും വിശ്വാസമര്‍പ്പിച്ച് വൃത്രന്‍ ഇന്ദ്രനെ മിത്രമാക്കി. അവര്‍ ഒരുമിച്ചു നന്ദനാരാമങ്ങളില്‍ വിഹരിച്ചും ഗന്ധമാദനത്തില്‍ ഉലാത്തിയും കടല്‍ത്തീരത്തു മേളിച്ചും അവരുടെ മൈത്രീബന്ധം ഉറപ്പിച്ചു. വൃത്രന്‍ തുറന്ന മനസ്സോടെ ഇന്ദ്രനെ വിശ്വസിച്ചു കഴിഞ്ഞു.


എന്നാല്‍ ഇന്ദ്രന്‍റെ വക്രബുദ്ധി വൃത്രനെ എങ്ങിനെ വധിക്കാം എന്നു തന്നെ ചിന്തിക്കുകയായിരുന്നു. എന്തെങ്കിലും ഒരു പഴുതിനു വേണ്ടി ഇന്ദ്രന്‍ ഉഴന്നുനടന്നു. ശപഥം കഴിഞ്ഞ് ഒരു വര്‍ഷം കടന്നുപോയി. ഇന്ദ്രന്‍റെ ആകാംഷ കൂടിവന്നു. ആയിടയ്ക്ക് ത്വഷ്ടാവ് മകനോട് പറഞ്ഞു: ‘വൃത്രാ, ഞാന്‍ നിനക്ക് ഹിതം പറയാന്‍ വന്നതാണ്. ശത്രുതയില്‍ക്കഴിഞ്ഞവന്‍ സുഹൃത്തായാല്‍ അവനെ പൂര്‍ണ്ണമായും വിശ്വസിക്കരുത്. ഇന്ദ്രന്‍ അസൂയക്കാരനാണ്. നിന്നോടുള്ള വൈരം പോയതായി അഭിനയിക്കുകയാണ് ആ സ്ത്രീലമ്പടന്‍. അവന്‍ ദ്രോഹം ചെയ്യാന്‍ തരം നോക്കി നടക്കുന്ന മായാവിയാണ്. വാശിക്കാരനും മത്സരബുദ്ധിയുള്ളവനുമാണ്. അമ്മയുടെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിനെ നശിപ്പിച്ച ദുഷ്ടനാണ്‌ അവന്‍. ആ ശിശുവിനെ അവന്‍ ഏഴു കഷണമാക്കിയ കഥ നീ കേട്ടിട്ടില്ലേ? ഒരിക്കല്‍ പാപം ചെയ്തവന് അതാവര്‍ത്തിക്കാന്‍ മടി കാണില്ല.’


അച്ഛന്‍ ഇത്ര വിശദമായി പറഞ്ഞിട്ടും വൃത്രന് ഇന്ദ്രനോട് വിശ്വാസക്കുറവ് തോന്നുകയുണ്ടായില്ല. അവന്‍റെ കാലമടുത്തതായിരിക്കും അതിനു കാരണം. കടല്‍ത്തീരത്ത് ഉലാത്തിക്കൊണ്ടിരുന്ന വൃത്രനെക്കണ്ട് ഇന്ദ്രന്‍ വിചാരിച്ചു. ‘ഇത് നല്ല തക്കമാണ്. ഇത് രുദ്രസന്ധ്യയാണല്ലോ, പകലുമല്ല, രാത്രിയുമല്ല. വിജനമാണീ സ്ഥലം. ഇവനെ കൊന്നുകളയണം.’ ഉടനെതന്നെ ബ്രഹ്മാദി ദേവതകള്‍ തനിക്ക് നല്‍കിയ വരത്തെപ്പറ്റി ഇന്ദ്രന്‍ ആലോചിച്ചു. ഭഗവാന്‍ ഹരിയെ സ്മരിച്ചു. ഭഗവാന്‍ അദൃശ്യനായി വജ്രായുധത്തില്‍ പ്രവേശിച്ചു. ‘ഇവനെ കൊല്ലാനുള്ള ഉപായമെന്താവും? സകല ദേവന്മാരെയും വെല്ലാനുള്ള കഴിവ് വൃത്രനുണ്ട്. ഇവനെ ചതിയില്‍പ്പെടുത്തി കൊല്ലുക തന്നെ. ശത്രു ജീവനോടെയിരിക്കുമ്പോള്‍ സുഖമെവിടെ?’


അപ്പോള്‍ ആ സമുദ്രത്തില്‍ ഭീമാകാരമായ ഒരു നുര പൊന്തി വന്നു. ‘ഇതുണങ്ങിയതോ നനഞ്ഞതോ അല്ല. ഇതൊരായുധവുമല്ല’ എന്ന് നിശ്ചയിച്ച്  ഇന്ദ്രന്‍ ആ നുര കയ്യില്‍ കോരിയെടുത്തു. പരമഭക്തിയോടെ പരാശക്തിയെ സ്മരിച്ചു. ദേവിയും ആ നുരയ്ക്കുള്ളില്‍ ശക്തിയായി പ്രവേശിച്ചു. ആ നുരകൊണ്ട് ഭഗവാന്‍ ഹരി ഒളിച്ചിരുന്ന വജ്രത്തെ മൂടിയിട്ട് ഇന്ദ്രന്‍ അത് വൃത്രന് നേരെ പ്രയോഗിച്ചു. വജ്രമേറ്റ് വൃത്രന്‍ മരിച്ചു വീണു. ശക്രന്‍ സന്തോഷിച്ചു. ആരുടെ കനിവാലാണോ ഇന്ദ്രന് തന്‍റെ ശത്രുവിനെ വകവരുത്താന്‍ കഴിഞ്ഞത്, ആ പരാശക്തിയെ മഹര്‍ഷിമാര്‍ വാഴ്ത്തി. ഇന്ദ്രന്‍ യഥാവിഥി ദേവിയെ പൂജിച്ചു. ദേവോദ്യാനത്തില്‍ ഒരു ക്ഷേത്രം പണിത് മാണിക്ക്യക്കല്ലുകൊണ്ട് വിഗ്രഹം തീര്‍ത്ത് ഇന്ദ്രന്‍ ദേവീപൂജ നടത്തി. ദേവന്മാര്‍ക്കങ്ങിനെ ദേവി കുലദേവതയായി. വൃത്രന്റെ മരണം സാധിപ്പിച്ചതിനാല്‍ ശക്രന്‍ മഹാവിഷ്ണുവിനെയും പൂജിച്ചു. ദേവഭയം ഇല്ലാതാക്കാനാണല്ലോ ശ്രീഹരി ഇന്ദ്രനെ സഹായിച്ചത്. ആകാശവാസികള്‍ സന്തോഷിച്ചു.


പരാശക്തിയുടെ ശക്തിവിശേഷം ചേര്‍ന്ന കടല്‍പ്പതകൊണ്ട് മൂടി ദേവി വൃത്രനെ മോഹിപ്പിച്ചതിനാലാണ് ശക്രന് അവനെ വധിക്കാന്‍ കഴിഞ്ഞത്. വൃത്രനെ വധിച്ചത് ദേവിയാണെന്നും അല്ല, ശക്രനാണ് വൃത്രഹന്താവെന്നും ലോകര്‍ രണ്ടു വിധത്തില്‍ പറഞ്ഞു വരുന്നുണ്ട്.


പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Wednesday, March 29, 2017

മനസ്സെന്ന കണ്ണാടി - ശുഭചിന്ത


അമൃതവാണി
മനസ്സിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഒന്ന് ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കുന്നു. സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേത് ബാഹ്യലോകത്തിലേക്ക് നോക്കുന്നു. ഇവ തമ്മില്‍ പിടിവലി എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ, അവയ്ക്ക് പ്രാധാന്യം നല്‍കാതെ മുന്നോട്ടുപോയാല്‍ പ്രശ്‌നമില്ല. പലപ്പോഴും മനസ്സിനെ വഴിയില്‍ വച്ചിരിക്കുന്ന കണ്ണാടിയോട് ഉപമിക്കാം. വഴിയില്‍ക്കൂടി നായപോയാലും പൂച്ചപോയാലും ആട് പോയാലും കണ്ണാടിയില്‍ അതെല്ലാം കാണാം.അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലും നമ്മുടെ മനസ്സ് ഭ്രമിച്ചുപോകാം. എന്നാല്‍ കണ്ണാടിയുടെ ഒരു ഗുണം മനസ്സിനില്ല.

കണ്ണാടിയില്‍ എല്ലാം തെളിഞ്ഞുകണ്ടാലും ഒന്നും അതിനെ ബാധിക്കില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിന് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സിന് കണ്ണാടിയുടെ ഗുണം ഉണ്ടാവണം. കാണുന്നതും കേള്‍ക്കുന്നതും എല്ലാം വഴിവക്കിലെ ദൃശ്യംപോലെ നമ്മള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ആവശ്യത്തിലേറെ കെട്ടുപാടുകള്‍ പാടില്ല? ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണ്. ആത്മാവിന് ബാധകമല്ലെന്ന് നമ്മള്‍ അറിയണം. ദൃഢമായി ഉള്‍ക്കൊള്ളണം. ഒരു സാക്ഷിയെപ്പോലെ കഴിയണം.

നദിയിലൂടെ വെള്ളം മാത്രമല്ല, പലവസ്തുക്കളും ഒഴുകിവരും. മത്സ്യങ്ങള്‍ നീന്തിത്തുടിക്കും. ഇതെല്ലാം നദിയുടെ സ്വഭാവമാണ്. നദിയിലേക്ക് ചാടി നീന്താതിരുന്നാല്‍, നദീതീരത്തിരുന്ന് നമുക്ക് ഇവയെല്ലാം നോക്കിക്കാണാം, ആനന്ദിക്കാം. എന്നാല്‍ നദിയുടെ കുത്തൊഴുക്കിലേക്ക് നമ്മള്‍ എടുത്തുചാടിയാല്‍ നമ്മളും ഒഴുക്കില്‍പ്പെട്ട് അപകടത്തിലാകാം, മുങ്ങിമരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍പ്പെടാതെ കഴിയണം.

ദുര്‍ഘടമായ വഴിയാണിത്. ലോകസുഖങ്ങളില്‍ ഭ്രമിച്ചവരാണ് നമ്മള്‍ എല്ലാവരും. ഈശ്വരസാധന ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. നദിക്ക് കുറുകെയുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് സാധകന്റെ ആദ്യകാലങ്ങള്‍. ഇത്രയും കാലം ഉപയോഗിക്കാതിരുന്നതിന്നാല്‍ പാലം മുഴുവന്‍ പായല്‍ നിറഞ്ഞിരിക്കുന്നു. താഴെ മോഹങ്ങളുടെ, ദുഷ്ചിന്തകളുടെ നദി പാഞ്ഞൊഴുകുന്നു. പാലത്തില്‍ നല്ലതുപോലെ വഴുക്കലും ഉണ്ട്. ഓരോ ചുവടും ശ്രദ്ധയോടെ വെക്കണം. ആഗ്രഹങ്ങളും ക്രോധവും അസൂയയുമൊക്കെ മനസ്സില്‍ വരുമ്പോള്‍ വേറിട്ട് അവയെ തിരിച്ച് അറിയണം.

വിഷ്ണുമൂര്‍ത്തി - മുഖത്തെഴുതിന്റെ സൗന്ദര്യം


മഹാ വിഷ്ണുവിന്‍റെ  നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത്‌ .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ  വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..


എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും  പ്രഹ്ലാദന്‍  മറുപടി കൊടുത്തു.. പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു  എന്നാല്‍ ഈ തൂണിലുണ്ടോ  നിന്‍റെ  ഭഗവാന്‍ എന്നു പറഞ്ഞു  തന്‍റെ  കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തന്‍റെ മടിയില്‍ വച്ച് ഹിരണ്യ കശിപുവിന്‍റെ  മാറ് പിളര്‍ന്ന് രക്തം കുടിച്ചു .. നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ്  വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .


പാലന്തായി കണ്ണന്‍ എന്ന വിഷ്ണുഭക്തനായ കുട്ടിയെ കുറുവാട് കുറുപ്പ് , കളവു ചെയ്തുവെന്ന പേരില്‍ കദളികുളത്തിന്റെ കല്‍പടവില്‍ വച്ച്  അതി ക്രൂരമായി കൊന്നുവെന്നും അതിനു പ്രതികാരമെന്നോണം കുറുവാട് കുറുപ്പിനെയും കുടുംബത്തെയും പരദേവത വധിച്ചു തറവാട് തന്നെ ഇല്ലാതാക്കിയെന്നും വിഷ്ണുമൂര്‍ത്തിക്ക് ഒരു പ്രാദേശിക കഥയുണ്ട്. ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഭക്ത വത്സലനായ ദേവനായി കണക്കാക്കുന്ന വിഷ്ണുമൂര്‍ത്തി മഹാവിഷ്ണുവിന്റെ നാലമവതാരമായ നരസിംഹ മൂര്‍ത്തി തന്നെയാണ് .
"എന്നുടയ കണ്ണനെ കൊന്ന കുറുവാടനെ കണ്ടുപിടിച്ചു ഞാന്‍ കൊന്നുയിരടക്കി വണ്ണം മുടിക്കുമെന്ന്” പരദേവതയുടെ അട്ടഹാസം.
പാലന്തായി കണ്ണന്റെ ചുരികപുറത്തേറി മംഗലാപുരത്തുനിന്നും ഈ ദേവന്‍
നീലേശ്വരം കോട്ടപുറത്തേക്കു എഴുന്നള്ളിയെന്നും അവിടെ തെയ്യകോലം കെട്ടി ആരാധിച്ചുവെന്നും കഥ..


"പണ്ടേ പാലാഴി തന്നില്‍ പരമസുഖ രസത്തോട് വാഴും
ശ്രീ വൈകുണ്ഡന്‍ മര്‍ത്ത്യ മൃഗേന്ദ്രനായവതരിച്ചുണ്ടായ ശേഷം
ഭൂമി മുന്‍പായന്നള്ളടത്തില്‍ പുകള്‍ പെരിയ സ്ഥലം നല്ല
പാലായി ദേശത്തിങ്കല്‍ പാലായി പരപ്പെന്‍ തന്‍ പരമപദ
സാജ്ഞത്തിങ്കലേല്‍പ്പിച്ചു കോലം "


പാലായി പരപ്പെന്‍ എന്ന മലയനാണ് ആദ്യമായി വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടിയാടിയതെന്നു പറയപ്പെടുന്നു.എന്ത് വേഷം നരസിംഹമൂര്‍ത്തിക്ക് നല്‍കണമെന്ന ചിന്തയില്‍ വിഷമിച്ചുറങ്ങിയ അദ്ദേഹത്തിന് ഇന്ന് കാണുന്ന തരത്തിലുള്ള രൂപം സ്വപ്ന ദര്‍ശനമുണ്ടായി എന്ന് ഐതിഹ്യം .
മിക്കവാറും കാവുകളില്‍ ഉപദേവനായി ശ്രീ വിഷ്ണുമൂര്‍ത്തിയെ കാണാം .. പ്രധാന ദേവന്‍ / ദേവി ആരായാലും വിഷ്ണുവിന്‍റെ  സ്ഥാനം വലതു വശത്തായിരിക്കും ..


കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിന്നും  നരിവിളിക്കും തുണയായി എത്തുന്ന നരഹരി ഭഗവാന്‍ നാരായണന്‍ തന്നെയാണ് വടക്കന്‍ കേരളത്തിലെ പ്രധാന നാട്ടുപരദേവത.. ഈ തെയ്യം സാധാരണയായി മലയ സമുദായക്കാരാണ് കെട്ടിയാടറുള്ളത്  എങ്കിലും ചിലയിടങ്ങളില്‍ പുല വിഷ്ണുമൂര്‍ത്തി എന്ന പേരില്‍ പുലയ സമുദായക്കാരും കെട്ടിയാടാറുണ്ട്.. ഹിരണ്യവധം ചെയ്യുന്നതും പിന്നീട് പ്രഹ്ലാദനെ ആശീര്‍വദിക്കുന്നതും വളരെ  മനോഹരമായാണ് തെയ്യം നമുക്ക് കാണിച്ചു തരുന്നത്..  വളരെ മനോഹരമായ മുഖത്തെഴുത്ത്‌ ഈ തെയ്യത്തിന്‍റെ  ഒരു പ്രത്യേകതയാണ്..

തീര്‍ത്ഥജലം


നാം ക്ഷേത്രങ്ങളില് ചെന്നാല് അവിടെ നിന്നും തീര്ത്ഥം സേവിക്കാറുണ്ട്.
എന്താണ് വാസ്തവത്തില് തീര്ത്ഥജലം, അത് സേവിച്ചാലുള്ള പ്രയോജനമെന്ത്, അതിനു പിന്നിലുള്ള തത്വമെന്ത് എന്ന് അറിയാത്തവരുടെ അറിവിലേക്കായാണ്  ഈ പോസ്റ്റ്.


ക്ഷേത്രങ്ങളില് നിന്ന് ലഭിക്കുന്ന തീര്ത്ഥം അത് വെറും ജലമല്ല. അഭിഷേകജലമാണ് നമുക്ക് തീര്ത്ഥമായി ലഭിക്കുന്നത്. ശാസ്ത്രീയമായി ആ ജലത്തിന് പലപ്രത്യേകതകളുമുണ്ട്.


ക്ഷേത്രങ്ങളിലെ വിഗ്രഹത്തില് ഉപയോഗിക്കുന്ന മാലയും പൂക്കളുമൊക്കെ പല ഔഷധ ഗുണങ്ങളുമുള്ളതാണ്. ഉദാഹരണത്തിന് തുളസി, തെച്ചി, കൂവളം, ചെമ്പരത്തി തുടങ്ങിയവ. ഏകദേശം ഇരുപത്തിനാലുമണിക്കൂറും ആ വിഗ്രഹത്തില് ഇതുപോലുള്ള ഔഷധഗുണങ്ങളുള്ള പൂക്കളുടേയും ഇലകളുടേയും മാലകളുടേയും വലിയൊരു കൂമ്പാരതന്നെ ഉണ്ടായിരിക്കും.
ശ്രീകോവിലിനകത്തെ വിളക്കിന്റെ ചൂടും ശ്രീകോവിലിനകത്തെ നീരാവിയും കൊണ്ട് ഔഷധപുഷ്പങ്ങളുടേയും ഇലകളുടേയും സുഖന്ധതൈലങ്ങള് ആ വിഗ്രഹത്തില് ആവിയായി നിക്ഷേപിക്കപെടുന്നുണ്ട്.


ദിവസവും രാവിലെ അഞ്ചുമണിയോടെ അഭിഷേകം നടക്കുന്ന ദേവാലയവിഗ്രഹത്തില് അടുത്ത അഭിഷേകം അടുത്തദിവസം രാവിലയെയുള്ളൂ. അതുകൊണ്ട് ഇരുപത്തിനാലുമണിക്കൂറും ശ്രീകോവിലനകത്തുള്ള വായുപൂരിതമായിരിക്കുന്ന പുഷപങ്ങളുടേയും ഇലകളുടേയും ചന്ദനത്തിണ്റ്റേയും കര്പ്പൂരത്തിന്റെയും എസന്ഷ്യല് ഓയില് എന്ന ഔഷധ സംഋദ്ധമായ രാസവസ്തുക്കളാണ് വിഗ്രഹത്തില് നിറയുന്നത്. ഇതിന്റെ നല്ലൊരു അംശം വിഗ്രഹത്തില് തങ്ങിനില്ക്കുന്നത് നിര്മ്മാല്യം കഴിഞ്ഞതിന്ശേഷം വെള്ളംകൊണ്ട് അഭിഷേകം ചെയ്യുമ്പോള് ആ അഭിഷേക ജലത്തിലുമുണ്ടാവും ഈ ഔഷധഗുണങ്ങള്. അത് നമ്മുടെ ശരീരത്തിനകത്തേക്ക് അല്പം തീര്ത്ഥംവഴി പോകുമ്പോള് തന്നെ ഒരു മെഡിസിനല് ഇഫക്ട് ഉണ്ടാകുന്നു.


ആ തീര്ത്ഥ ജലത്തില് കുറെകൂടി തുളസിയും കര്പ്പൂരം, പനിനീര് എന്നിവ ചേര്ക്കാറുണ്ട് അതുകൂടി ആയാല് ആ തീര്ത്ഥജലം സേവിക്കുന്നത് ഔഷധജലം സേവിക്കുന്നതുപോലെയാണ്. അന്താരാഷ്ടതലത്തില് തന്നെ പല പഠനങ്ങളും തീര്ത്ഥജലത്തില് നടത്തി അതിലെ ഔഷധഗുണം ശരിവെച്ചിട്ടുണ്ട്. അതുകൊണ്ട് ക്ഷേത്രത്തില് നിന്ന് സേവിക്കുന്ന തീര്ത്ഥം വെറും തീര്ത്ഥമല്ല എന്നുകൂടി അറിയുക.


#ഭാരതീയചിന്തകൾ

രാമായണത്തിന്റെ മൂല്യങ്ങള്‍


വാത്മീകി രചിച്ച കാവ്യ ഗ്രന്ഥമാണ് രാമായണം. ആദികാവ്യം, പുരാവൃത്തം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നു. സംഭവങ്ങള്‍ തുടര്‍ച്ചയായി വര്‍ണിച്ചിരിക്കുന്നതിനാല്‍ ആഖ്യാനകാവ്യവുമാണ്. വാത്മീകി ജന്മനാ കാട്ടാളനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വാത്മീകി എന്ന പേരില്‍ ഒരു സമുദായം തന്നെയുണ്ട്. ദുരാചാരിയും ദുര്‍വൃത്തനുമായിരുന്ന കാട്ടാളന്‍ രാമനാമം ഉരുവിട്ട് സദാചാരിയും സദ്‌വൃത്തനുമായിത്തീര്‍ന്നു എന്നതാണ് വാത്മീകിയുടെ കഥ. ദളിതനായ അദ്ദേഹം രചിച്ച മഹാകാവ്യമെന്ന സവിശേഷതയും രാമായണത്തിനുണ്ട്.


രാമായണം ശ്രീരാമന്റെ ജീവിത വ്യാഖ്യാനത്തിനപ്പുറം സീതയുടെ ജീവിതമാണെന്ന് പറയാം. ചിന്താവിഷ്ടയായ സീത എന്ന കാവ്യം കുമാരനാശാന്‍ എഴുതിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാധാരണ കഥാപാത്രമായിട്ടാണ് വാത്മീകി ശ്രീരാമനെ ചിത്രീകരിച്ചത്. മനുഷ്യത്വത്തിന്റെ മഹനീയമായ ദൃഷ്ടാന്തങ്ങളും രാമനില്‍ കാണാം. സാധാരണക്കാരന്റെ ധര്‍മ്മ സങ്കടങ്ങളും അസാമാന്യ മനുഷ്യന്റെ ദര്‍ശന ദീപ്തിയും രാമനില്‍ പ്രകടമാണ്.
പൊങ്ങച്ച സംസ്‌കരണത്തിലൂടെ ജീവിതം പെരുപ്പിച്ച് ഞെളിയുന്ന ആധുനിക സ്ത്രീ സമൂഹത്തിന് സീതയും ഊര്‍മ്മിളയും മണ്ഡോദരിയും അഹല്യയും നല്‍കുന്ന തിരിച്ചറിവ് എന്താണ്?


ശ്രീരാമന്റെ വളര്‍ച്ചയും ഉയര്‍ച്ചയും നേര്‍വഴിയിലൂടെയാണ്. സ്വാര്‍ത്ഥതയില്ലാത്തതാണ്. അതിമോഹവും അധികാരമോഹവും രാമനെ തൊട്ടിട്ടില്ല. രാജ്യാഭിഷേകം പൂര്‍ത്തിയാകുമ്പോഴാണ് മറ്റൊരാള്‍ അവകാശിയായി എത്തുന്നത്. ഉള്ളംകൈയിലെത്തിയ അധികാരം പൂര്‍ണമനസോടെ ത്യജിക്കുവാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ആധുനിക കാലത്ത് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റാത്ത കാര്യം.
ഏകപത്‌നീവ്രതമാണ് മറ്റൊരു പ്രത്യേകത. ഇതൊക്കെയാണെങ്കിലും വൈരുദ്ധ്യാത്മകത ശ്രീരാമനില്‍ കാണാന്‍ കഴിയും. ഗര്‍ഭിണിയായിട്ടും സ്വന്തം ഭാര്യയെ അപവാദത്തിന്റെ പേരില്‍ ഉപേക്ഷിച്ചു. ലങ്കയില്‍ കഴിഞ്ഞതിന്റെ പേരില്‍ അഗ്നിപരീക്ഷണം നടത്തിച്ചു. ശംഭൂക മഹര്‍ഷിയെ വധിച്ചു.


സീതയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. സീതയുടെ ജനനത്തെയോ, മതാപിതാക്കളെയോ കുറിച്ച് രാമായണത്തില്‍ പറയുന്നില്ല. ഉഴവുചാലില്‍ നിന്ന് കിട്ടിയ കുട്ടിയെ ജനകമഹാരാജാവ് വളര്‍ത്തി. വിവാഹമാണ് സീതയുടെ ജീവിതം വഴിതിരിച്ചുവിടുന്നത്. വിവാഹിതയായി കൊട്ടാരത്തിലെത്തിയ സീതക്ക് ഭര്‍ത്താവിന്റെ കൂടെ കാട്ടിലേക്ക് പോകേണ്ടിവന്നു. താലികെട്ടിയ പുരുഷന്റെ കൂടെ സുഖ-ദുഃഖങ്ങള്‍ സഹിച്ച് കഴിഞ്ഞുകൂടുക എന്നത് സ്ത്രീധര്‍മ്മമാണെന്ന് സീത കരുതി. 

കാട്ടിലെത്തിയ സീത ചപലയും ചഞ്ചല ചിത്തയുമായിത്തീരുന്നു. പൊന്മാനെ കണ്ട് മനസ്സിളകി. ബാലസഹജമായ ചാപല്യത്തോടെ അതിനെ പിടിച്ചുതരണമെന്നാവശ്യപ്പെട്ടു. കണ്ണില്‍പെടുന്നതെന്തും സ്വന്തമാക്കണമെന്ന് കരുതി മുന്‍പിന്‍ ചിന്തയില്ലാതെ ചാടിപ്പുറപ്പെടുന്ന സ്ത്രീകളുടെ നാടാണിത്. സൗഗന്ധിപുഷ്പത്തിന്റെ മണം കാറ്റിലൂടെ മണത്തറിഞ്ഞ് ആ പൂവ് പറിച്ചുകൊണ്ടുവരാന്‍ ഭര്‍ത്താവിനെ പറഞ്ഞയച്ചതും സ്ത്രീയാണ്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുവാന്‍ വ്രതശുദ്ധിയോടെ പ്രതികരിച്ചതും സാവിത്രി എന്ന സ്ത്രീയാണ്.
സ്ത്രീത്വം തുടിച്ചുനില്‍ക്കുന്ന കാവ്യമാണ് രാമായണം. സീത, ഊര്‍മ്മിള, കൈകേയി, മണ്ഡോദരി, താര, അഹല്യ തുടങ്ങി സ്ത്രീകളുടെ നീണ്ടനിര തന്നെയുണ്ട്. ഓരോ സ്ത്രീയും ഓരോ ദൗത്യം നിര്‍വഹിക്കുന്നു. അഗ്നിപരീക്ഷ നടത്തേണ്ട ഘട്ടത്തില്‍ സീത ശങ്കിച്ചുനിന്നില്ല. ഗര്‍ഭിണിയായപ്പോള്‍ അപവാദം ഭയന്ന് അവള്‍ ഉപേക്ഷിക്കപ്പെട്ടു. വാത്മീകിയുടെ ആശ്രമത്തില്‍ അഭയം തേടി. ഇരട്ടക്കുട്ടികളെ പ്രസവിച്ചു. 


ശ്രീരാമനെ കണ്ടുമുട്ടുന്നു. ഒടുവില്‍ മണ്ണിലേക്കുതന്നെ മടങ്ങിപ്പോകുന്നു. മണ്ണില്‍ നിന്ന് ജനിച്ചവള്‍ മണ്ണിലേക്കുതന്നെ മടങ്ങി.
ലക്ഷ്മണന്റെ പത്‌നി ഊര്‍മ്മിള അമ്മമാരെ ശുശ്രൂഷിച്ച് കൊട്ടാരത്തില്‍ തന്നെ കഴിഞ്ഞു. ഭര്‍ത്താവിന്റെ കൂടെ അവള്‍ക്കും പോകാമായിരുന്നു. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കി. 'കാട്ടാളാ അരുത്' എന്ന മുന്നറിയിപ്പാണ് രാമായണം നല്‍കുന്നത്. മാനുഷികമായ സര്‍വ്വ ചൈതന്യങ്ങളും ഊറ്റിത്തീര്‍ക്കുന്ന പൈശാചികാവസ്ഥയില്‍ സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനമൂല്യങ്ങള്‍ രാമായണം പകര്‍ന്നുതരുന്നു. 

ഭഗവദ് ഗീത

ഹരേ കൃഷ്ണാ,

മമൈവാംശോ ജീവലോകേ ജീവഭൂത: സനാതന:
മന: ഷഷ്ടാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കര്‍ഷതി.



എന്‍റെ ശാശ്വതാംശങ്ങളാണ് ഈ ലോകത്തിലുള്ള ബദ്ധരായ സകല ജീവസത്തകളും. ബദ്ധമായ ജീവിതം
നയിക്കുകയാല്‍ മനസ്സുള്‍പ്പടെയുള്ള ആറു ഇന്ദ്രിയങ്ങളും
ഉപയോഗിച്ച് അവര്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ്.


ജീവസത്തയുടെ വ്യക്തിത്വം വെളിവാക്കുന്നു ഈ ശ്ലോകം.പരമപുരുഷന്റെ ചെറിയൊരംശമാണ് ജീവാത്മാവ്. വേദങ്ങളനുസരിച്ച് ഭഗവാന്‍ അനേകം
വിസ്തരണങ്ങളിലൂടെ ആവിര്‍ഭവിക്കുന്നുണ്ട്. അവയില്‍
പ്രാധാന്യമേറിയവയെ വിഷ്ണുതത്ത്വമെന്നും മറ്റുള്ളവയെ
ജീവാത്മാക്കളെന്നും പറയുന്നു. വിഷ്ണുതത്ത്വമെന്നാല്‍
ശ്രീരാമന്‍, നരസിംഹം, മറ്റു ദേവന്മാര്‍ എന്നിവര്‍. ഓരോ ജീവാത്മാക്കള്‍ക്കും വ്യക്തിത്വമുണ്ട്, അതോടൊപ്പം
പരിമിതമായ സ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യത്തെ
ദുരുപയോഗപ്പെടുത്തുമ്പോള്‍ ജീവന്‍ ബദ്ധാത്മാവായി
തീരുന്നു. സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് വേണ്ടവിധം
ആണെങ്കില്‍ അവയില്‍ നിന്ന് മോചനം നേടാം.



ഈ ഭൌതികതയിലേക്ക് ജീവനെ മുഖ്യമായി പിടിച്ചിഴക്കുന്നത് മനസ്സ് തന്നെ. മനസ്സ് സത്ത്വഗുണത്തില്‍
ആണെങ്കില്‍ നല്ല കര്‍മ്മങ്ങള്‍ ചെയ്യും. രജോഗുണമായത്
എങ്കില്‍ അവന്‍റെ കര്‍മ്മങ്ങള്‍ ക്ലേശകരങ്ങളായിരിക്കും.
തമസ്സിനടിപ്പെട്ടിരുന്നാല്‍ താഴ്ന്നതരം ജീവികളുടെ
പദവിയിലേക്ക് നീങ്ങും. മുക്തനായ ജീവന് ഭഗവത്
കരുണയാല്‍ ഒരു ആദ്ധ്യാത്മികശരീരം ലഭിക്കുന്നു.
സ്വര്‍ണ്ണത്തരികളില്‍ ഓരോന്നും സ്വര്‍ണ്ണം തന്നെയെന്നത്
പോലെ ഭഗവദ് അംശങ്ങളെന്ന നിലയ്ക്ക് ജീവസത്തകള്‍
ഗുണം കൊണ്ട് ഭഗവത് സദൃശങ്ങള്‍ തന്നെ എന്ന് മനസ്സിലാക്കാം.



(ഭഗവദ് ഗീത...................15...7...ശ്രീല..പ്രഭുപാദര്‍.)


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.........ഹരിബോല്‍.

ദേവവരദാനം - ശ്രീമദ്‌ ദേവീഭാഗവതം. 6. 5. - ദിവസം 132.



തഥാ ചിന്താതുരാന്‍ വീക്ഷ്യ സര്‍വാന്‍ സര്‍വ്വാര്‍ത്ഥ തത്ത്വ വിത്
പ്രാഹ പ്രേമ ഭാരോദ് ഭ്രാന്താന്‍ മാധവോ മേദിനീ പതേ
കിം മൌന മാശ്രിതാ യൂയം ബ്രുവന്തു കാരണം സുരാ:
സദസദ്വാ പി തച്ഛ്രുത്വാ യതിഷ്യേ തന്നിവാരണേ


ദേവന്മാര്‍ ചിന്താകുലരായി നില്‍ക്കുന്നത് കണ്ടു ശ്രീഹരി അവരോടു വീണ്ടും ആഗമനോദ്ദേശം എന്തെന്ന് പറയാന്‍ ആവശ്യപ്പെട്ടു. എന്തിനാണെങ്കിലും പരിഹാരം ഉണ്ടാക്കാം എന്നവര്‍ക്ക് പ്രത്യാശ നല്‍കി.


‘ഈ മൂന്നു ലോകത്തും അങ്ങേയ്ക്ക് അറിയാത്തതായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? പിന്നെ എന്തിനാണീ ചോദ്യം? പണ്ട് വാമാനാവതാരമെടുത്ത് ബലിയില്‍ നിന്നും മൂന്നുലോകവും അളന്നെടുത്ത് ഇന്ദ്രന് നല്‍കിയത് അങ്ങാണ്. അതിനും മുന്‍പ് അമൃത് കൊണ്ടുവന്ന് അസുരന്മാരെ പറ്റിച്ചു ദേവഹിതം ചെയ്തതും അങ്ങ് തന്നെ. ഇപ്പോഴത്തെ ആപത്തിനും അങ്ങല്ലാതെ മറ്റാരുണ്ട് ഞങ്ങള്‍ക്ക് രക്ഷചെയ്യാന്‍?’ എന്നായി ദേവന്മാര്‍.


അപ്പോള്‍ വിഷ്ണു പറഞ്ഞു: ‘മനസ്സിലായി. നമുക്ക് വഴിയുണ്ടാക്കാം. അവനെ കൊല്ലാനുള്ള മാര്‍ഗ്ഗം നമുക്ക് കണ്ടെത്താം. നിങ്ങള്‍ക്ക് ഹിതം ചെയ്യാന്‍ ബുദ്ധിയോ ചതിയോ സൂത്രമോ എന്താണെന്ന് വച്ചാല്‍ അത് ഞാന്‍ പ്രയോഗിക്കും. സാമ,ദാന,ഭേദ,ദണ്ഡങ്ങളായ ഉപായങ്ങള്‍ ബന്ധുക്കളിലും ശത്രുക്കളിലും അവരവരുടെ തരം പോലെ സന്ദര്‍ഭാനുസരണം ഉപയോഗിക്കണം എന്നാണു ശാസ്ത്രമതം. ബ്രഹ്മാവ്‌ അവന്‍റെ തപസ്സില്‍ സംപ്രീതനായാണ് വരം നല്‍കിയത്. അതിന്‍റെ പ്രഭാവം അവനെ ദുര്‍ജ്ജയനാക്കിയിരിക്കുന്നു. ത്വഷ്ടാവ് അവനെ നിര്‍മ്മിച്ചിരിക്കുന്നത് അവന്‍റെ യുദ്ധപരാക്രമം രണത്തില്‍ ഉത്തരോത്തരം വര്‍ദ്ധിക്കുന്നതരത്തിലാണ്. ഇവനെ കീഴടക്കാനും വധിക്കാനും സാമം തന്നെ മാര്‍ഗ്ഗം. അതായത് സാമത്താല്‍ അവനെ വശത്താക്കിയിട്ട് ചതിയില്‍ക്കൂടി മാത്രമേ അവനെ ജയിക്കാനാവു. ഗന്ധര്‍വ്വന്മാര്‍ പോയി അവനെ വശീകരിക്കട്ടെ. വൃത്രനുമായി മിത്രത്വം ഭാവിച്ച് അവനു വിശ്വാസം വരുന്നതുപോലെ ഇടപെടുക. അങ്ങിനെ സമയമാകുമ്പോള്‍ ഇന്ദ്രന്‍റെ വജ്രായുധത്തില്‍ ഒളിച്ചിരുന്ന് ഞാന്‍ വേണ്ട സഹായം ചെയ്യാം. ഇതൊക്കെയാണെകിലും അവന്‍റെ ആയുസ്സ് തീരും വരെ നാം കാത്തിരിക്കണം.


ഋഷിമാരും ഗന്ധര്‍വ്വന്മാരും ചേര്‍ന്ന് വൃത്രനുമായി മൈത്രീബന്ധം സ്ഥാപിക്കുക. 'കാര്യസാദ്ധ്യത്തിനു കള്ളമാവാം.!' കാരണം അവനെ ശൌര്യം കൊണ്ട് കൊല്ലാനാവില്ല. ഇങ്ങിനെയൊരു കാര്യം ഞാന്‍ ബലിയുടെ കാര്യത്തില്‍ ചെയ്തിട്ടുണ്ട്. മോഹിനീ വേഷത്തില്‍ അസുരരെ മുഴുവന്‍ ഞാന്‍ കൊതിപ്പിച്ചു വഞ്ചിച്ചിട്ടുമുണ്ട്. നിങ്ങള്‍ ഏവരും ചേര്‍ന്ന് ജഗദംബികയായ യോഗമായയെ പ്രീതിപ്പെടുത്തുക. ഞാനും ആ അമ്മയെ വാഴ്ത്തി സ്തുതിക്കാം. ശത്രു സംഹാരവിജയത്തിനായി ഇന്ദ്രന്‍ ജഗന്മോഹിനിയായ ശിവയെ പൂജിക്കട്ടെ. ശത്രുവിനെ മോഹവലയത്തിലാക്കാന്‍ യോഗമായക്ക് നിഷ് പ്രയാസം കഴിയും. മായക്കടിമയായാല്‍പ്പിന്നെ അവനെ കൊല്ലുക എളുപ്പമാവും. മായാ ദേവിയുടെ ഒത്താശയില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അംബികാപ്രസാദം മാത്രമാണ് കാര്യസാദ്ധ്യത്തിനുതകുക.


പരയായ ആ ജഗന്മാതാവിനെ, പ്രകൃതിയെ സത്വഗുണഭാവത്തോടെ പൂജിക്കുക. സകലഭൂതങ്ങളുടെയും അന്തര്യാമി അവളാണ്. ഞാനും എന്തെങ്കിലും സാധിക്കണമെങ്കില്‍ ആ ദേവിയെയാണ് ആശ്രയിക്കുന്നത്. മധുകൈടഭന്മാരെ കൊല്ലാന്‍ എനിക്ക് അയ്യായിരം കൊല്ലം വേണ്ടിവന്നു. അന്ന് ഞാന്‍ മൂലപ്രകൃതിയെ പ്രീതയാക്കിയാണ് അവരെ മോഹവലയത്തിലാക്കിയത്. മദഗര്‍വ്വിതരായ അവരെ അങ്ങിനെയാണ് ചതിവില്‍ ഞാന്‍ നിഹനിച്ചത്. അതുകൊണ്ട് ആ പരാപ്രകൃതിയെ ഭജിക്കുക മാത്രമേ കരണീയമായുള്ളു.”


മഹാവിഷ്ണുവിന്‍റെ ആദേശപ്രകാരം ദേവന്മാര്‍ മന്ദാരവൃഷങ്ങള്‍ നിറഞ്ഞ മേരുപര്‍വ്വതത്തില്‍ച്ചെന്നു തപസ്സാരംഭിച്ചു. സര്‍വ്വാര്‍ത്ഥപ്രദായികയായ ദേവിയെ, ജഗന്മാതാവായ സൃഷ്ടിസ്ഥിതിസംഹാരകാരിണിയെ സ്തുതിച്ചു.


"ദേവീ ഭഗവതീ വൃത്രാസുരന്‍റെ പീഡനത്താല്‍ വലയുന്ന ദേവന്മാരായ ഞങ്ങളെ രക്ഷിക്കണേ. ദീനജനത്തിന്റെ ഏകാശ്രയമായ അമ്മ അഭയമരുളും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഞങ്ങളെ അവിടുത്തെ മക്കളായി കണക്കാക്കിയാലും. അമ്മയ്ക്ക് അറിയാത്തതായി മൂന്നു ലോകത്തും ഒന്നുമില്ല. എന്നിട്ടും ഞങ്ങള്‍ വലയുന്നത് അമ്മ അറിയുന്നില്ലേ? ബ്രഹ്മാണ്ഡം നിന്റെ സൃഷ്ടിയാണ്. അതിലെ കാര്യകര്‍ത്താക്കളായ ത്രിമൂര്‍ത്തികളും നിന്‍റെ സൃഷ്ടികളാണ്. അതുകൊണ്ട് അവര്‍ സ്വതന്ത്രരായല്ല വര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. അവര്‍ വിഹരിക്കുന്നത് നിന്‍റെ പുരികക്കൊടിയുടെ ചലനം അവരെ പ്രവര്‍ത്തനനിരതരാക്കുന്നത് കൊണ്ട് മാത്രമാണ്. തെറ്റ് ചെയ്ത പുത്രന്മാരെപ്പോലും ഒരമ്മ ഉപേക്ഷിക്കുന്നില്ല അപ്പോള്‍പ്പിന്നെ നിരപരാധികളായ ഞങ്ങളെ രക്ഷിക്കാന്‍ അമ്മയെന്താണമാന്തിക്കുന്നത്? അല്ല, ഇനി അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ നേടിയിട്ടും ഞങ്ങള്‍ ഭക്തിഹീനരായി സുഖലോലുപതയില്‍ മുഴുകി കഴിയുന്നു എന്ന് കരുതി ഞങ്ങളെ ഇനി കാണുകയേ വേണ്ട എന്നാണോ അവിടുന്നു നിനയ്ക്കുന്നത്? ഇങ്ങിനെയൊരു പരിഭവം സൃഷ്ടാവിന്  സ്വന്തം സൃഷ്ടികളെക്കുറിച്ചുണ്ടാവുമോ?


അവിടുന്ന് പണ്ട് മഹിഷാസുരനെ വധിച്ചു ഞങ്ങളെ രക്ഷിച്ചു. അതുപോലെ ഈ വൃത്രനെയും കൊന്നു ഞങ്ങള്‍ക്ക് അഭയം നല്‍കിയാലും. ശുംഭനിശുംഭ സോദരന്മാരെ ഹനിച്ചതും അമ്മയാണല്ലോ. അതുപോലെ വരലാഭം കിട്ടിയതിനാല്‍ മദഗര്‍വ്വോടെ ഞങ്ങളെ പീഡിപ്പിക്കുന്ന ഈ ദുഷ്ടനെയും അമ്മ ഹനിക്കണം. ദൈത്യപീഡയാല്‍ വലയുന്ന ദേവന്മാരുടെ അഴല്‍ തീര്‍ക്കാന്‍ ശക്തിയുള്ള മറ്റാരെയും ഞങ്ങള്‍ക്കറിയില്ല. അമ്മയല്ലാതെ ഞങ്ങള്‍ക്ക് മറ്റാരും ആശ്രയമില്ല.


അമ്മയെന്ന നിലയ്ക്ക് വൃത്രനോടും അവിടുന്നു ദയ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആയിക്കോളൂ. പക്ഷെ അവനിലെ പാപബുദ്ധി ഒന്ന് മാറ്റിയെടുക്കണം. അവനെ ശുദ്ധനാക്കൂ. അല്ലെങ്കില്‍ അവനു നരകം തന്നെ ഗതി. പോരില്‍ നിന്‍റെ അമ്പുകള്‍ ഏറ്റു മരണമടയുന്നവര്‍ നേരെ അമരാവതിയിലേയ്ക്ക് പോവുകയാണല്ലോ ചെയ്യുന്നത്? അങ്ങിനെ നിന്‍റെ ശത്രുക്കള്‍ക്ക് പോലും സദ്ഗതി ലഭിക്കുന്നു. എന്നാല്‍പ്പിന്നെ അമ്മെ, ഇവനും സദ്ഗതി കൊടുത്ത് ഞങ്ങളെ രക്ഷിച്ചുകൂടേ? ഈ മഹാപാപി അവിടുത്തെ ഭക്തനാവാന്‍ യാതൊരു സാദ്ധ്യതയുമില്ല. കാരണം അങ്ങിനെയുള്ള ഒരാള്‍ ദേവന്മാരെ ഇങ്ങിനെ ഉപദ്രവിച്ചു വലയ്ക്കുമോ?


അമ്മെ, അവിടുത്തെ ഞങ്ങള്‍ എങ്ങിനെയാണ് പൂജിക്കുക? പൂക്കള്‍ എടുത്ത് അര്‍ച്ചിക്കാമെന്ന് വച്ചാല്‍ ആ പൂക്കളും എല്ലാ അര്‍ച്ചന വസ്തുക്കളും അമ്മയുടേത് മാത്രമല്ലേ?  മന്ത്രങ്ങളും ഞങ്ങള്‍ അടക്കം എല്ലാ ജീവജാലങ്ങളും അവിടുത്തെ ശക്തിരൂപങ്ങള്‍ തന്നെയല്ലേ? അതുകൊണ്ട് അമ്മയുടെ കാല്‍ക്കല്‍ കുമ്പിട്ടു നമസ്കരിക്കുകയല്ലാതെ മറ്റൊന്നും ഉചിതമാവുകയില്ല. ഞങ്ങള്‍ മാത്രമല്ല രാഗാദി ദോഷങ്ങള്‍ തൊട്ടു തീണ്ടാത്ത മാമുനിമാര്‍ പോലും പണിയുന്നത് അവിടുത്തെ കാലടികളല്ലേ? സംസാരമാവുന്ന അലകടല്‍ കടക്കാനുള്ള ഒരേയൊരു തോണി അമ്മയുടെ തൃപ്പാദകമലങ്ങള്‍ മാത്രമാകുന്നു എന്ന് ആ മഹാന്മാര്‍ക്ക് നല്ലവണ്ണം അറിയാം. ഹോമകര്‍മ്മങ്ങള്‍ ചെയ്യുന്നവരും നിന്നെയാണ് ഭജിക്കുന്നത്. ആ കര്‍മ്മങ്ങളില്‍ ദേവന്മാര്‍ക്കുള്ള ‘സ്വാഹാ’യും പിതൃക്കള്‍ക്കുള്ള ‘സ്വധ’യും സ്മരിക്കപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവ രണ്ടും ദേവിയുടെ തന്നെ രണ്ടു ഭാവങ്ങളാണ്.


അവിടുന്നാണ് ബുദ്ധിശക്തിയും, കാന്തിയും ശാന്തിയും. മനുഷ്യരില്‍ തെളിയുന്ന ബോധത്തിനു നിദാനമാവുന്നതും ലോകാംബയായ അവിടുന്നു തന്നെയാണ്. മൂന്നുലോകത്തുമുള്ള സകലവിഭവങ്ങളും നിന്റെ കരവിരുത് തന്നെയാണ്. ആ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് അമ്മേ, അവിടുത്തെ ഭക്തന്മാര്‍ സുഭിക്ഷമായി കഴിയുന്നു.”


ഇങ്ങിനെ വാഴ്ത്തി സ്തുതിക്കുന്ന ദേവന്മാര്‍ക്ക് മുന്നില്‍ സര്‍വ്വാഭരണ വിഭൂഷിതയായി മനോജ്ഞ ഭാവത്തില്‍ ഒരു കന്യകയായി ദേവി പ്രത്യക്ഷപ്പെട്ടു. നാല് തൃക്കൈകളില്‍ പാശം, അങ്കുശം, വരം, അഭയം എന്നിവയും അരക്കെട്ടില്‍ ചാര്‍ത്തിയ കണകണ ശബ്ദമുണ്ടാക്കുന്ന കിങ്ങിണിക്കൂട്ടവും ദേവിയുടെ ചാരുരൂപത്തെ അതിമോഹനമാക്കി.  കുയിലിന്‍റെതു പോലുള്ള മധുരനാദമാണ് ദേവിയുടേത്. കൈവളകളും കാല്‍ത്തളകളും ചിലുമ്പുന്ന നാദവും അതിമനോഹരം. അമ്പിളിക്കീറുകൊണ്ടുണ്ടാക്കിയ കിരീടത്തില്‍ വിശിഷ്ട രത്നങ്ങള്‍ തിളങ്ങുന്നു. പൂപ്പുഞ്ചിരി പൊഴിക്കുന്ന മുഖ കമലം. മൂന്നു കണ്ണുകള്‍, പാരിജാതപ്പൂവിന്‍റെ നീലനിര്‍മ്മല പ്രഭാപൂരം പൊഴിച്ച് ചുവന്ന പട്ടു ഞൊറിഞ്ഞുടുത്ത സുപ്രസന്നരൂപം. കരുണാസമുദ്രം.

സര്‍വ്വസൃഷ്ടികള്‍ക്കും നിദാനമായ പരയും ദ്വൈതപ്രപഞ്ച കാരണയുമായ അമ്മ സര്‍വ്വശൃംഗാരപ്രൌഢി നിറഞ്ഞ സര്‍വ്വജ്ഞയും സര്‍വ്വവേദാന്തങ്ങളുടെയും സത്തയുമാണ്. സച്ചിദാനന്ദം മോഹനരൂപം ധരിച്ചു മുന്നില്‍ നില്‍ക്കുന്നത് കണ്ട് ദേവന്മാര്‍ എല്ലാവരും താഴെവീണു നമസ്കരിച്ചു.


‘എന്താണ് നിങ്ങള്‍ക്ക് വേണ്ടത്’ എന്ന് ദേവി അവരോടു ചോദിച്ചു.

‘ദേവന്മാരെ പീഡിപ്പിക്കുന്ന വൃത്രനെ മോഹിപ്പിച്ചാലും. അവനു ദേവന്മാരില്‍ വിശ്വാസം ജനിപ്പിക്കണം. വജ്രായുധത്തിന് അസുരനിഗ്രഹശക്തിയും തന്നു ഞങ്ങളെ അനുഗ്രഹിക്കണം’ എന്ന് ദേവന്മാര്‍ ആവശ്യപ്പെട്ടു.

‘അങ്ങിനെയാവട്ടെ’ എന്ന് ദേവി സംപ്രീതയായി അവരോടു പറഞ്ഞു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Tuesday, March 28, 2017

വീഴ്ചകളെ ഉയരങ്ങളാക്കണം - ശുഭചിന്ത


അമൃതവാണി
സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് പല മക്കളും അമ്മയോടു പറയാറുണ്ട്. മനസ്സ് കുരങ്ങിനെപ്പോലെയാണ്. ഒരു മരത്തില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. മനസ്സിനെ കൂട്ടുപിടിക്കുന്നത് മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണ്. അത് എപ്പോഴും കുഴപ്പങ്ങള്‍ കാണിച്ചുകൊണ്ടിരിക്കും.

നമുക്ക് ഒരിക്കലും സൈ്വരമില്ല. മനസ്സിന്റെ പുറകെ പോകുന്നതിനിടയില്‍ നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ഓര്‍മയുണ്ടാകണം? ഈശ്വര സാക്ഷാത്കാരമാണ് നമ്മുടെ ലക്ഷ്യം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുത്. മനസ്സില്‍ ദുഷ്ടചിന്തകള്‍ നിറയുന്നതിനെക്കുറിച്ച് മക്കള്‍ ഗൗരവം കൊടുകൊടുക്കേണ്ട കാര്യമില്ല.

നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പുറംകാഴ്ചകള്‍ കാണാറില്ലേ? ചിലതു മനോഹരമായ ദൃശ്യങ്ങളായിരിക്കും. എത്ര നല്ല കാഴ്ചകള്‍ ആണെങ്കിലും ബസ്സ് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അത് മറക്കുന്നു. നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ഓര്‍മിക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നുവരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല.