ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 6, 2017

തന്ത്രം അദ്ഭുതസിദ്ധികളുടെ മാന്ത്രികച്ചെപ്പ്


ഭാരതീയ തത്വസിദ്ധാന്തങ്ങളെ പ്രധാനമായി രണ്ടായി തരംതിരിച്ചിരിക്കുന്നു- നിഗമങ്ങൾ എന്നും ആഗമങ്ങൾ എന്നും. അതിൽ നിഗമങ്ങളിൽ പെടുന്നതാണു വേദങ്ങളും ഉപനിഷത്തുകളും മറ്റും.  മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഇഹലോക ജീവിതസുഖത്തിനായി സൃഷ്ടിക്കപ്പെട്ടവയാണു വേദങ്ങൾ.


ആഗമങ്ങളെ തന്ത്രങ്ങൾ എന്നു പറയുന്നു. ഭോഗം ച മോക്ഷം ച കരസ്ഥമേവ - അതായത് പ്രകൃതി അനുവദിക്കുന്ന ഭോഗങ്ങൾ പ്രകൃതി അനുശാസിക്കുന്ന വിധത്തിൽ അനുഭവിച്ചുകൊണ്ട് മോക്ഷം നേടണം. അതിനായി ഉള്ളതാണു തന്ത്രം. തന്ത്രം എന്നത് പ്രപഞ്ചത്തിലന്തർലീനമായിരിക്കുന്ന ചൈതന്യ പ്രതിപാദ്യമാണ്.


ജ്യോതിഷം തന്ത്രത്തിന്റെ ഭാഗമാണ്. ആഗമത്തിലെ സ്വഛന്ദ തന്ത്രത്തിൽ ജ്യോതിഷത്തെപ്പറ്റി വ്യക്തമായ വിവരണമുണ്ട്. അതിൽ ജ്യോതിഷത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു- സൗരമെന്നും ആഭ്യന്തരമെന്നും. സൗരമെന്നത് ബാഹ്യപ്രപഞ്ചത്തിലുള്ള കാലഗണനയും ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ആണ്. ആഭ്യന്തരത്തിൽ മനുഷ്യശരീരാന്തർ ഭാഗത്തുള്ള ചൈതന്യത്തിന്റെ പ്രസരവും ശരീരാന്തർഭാഗത്തുള്ള ചൈതന്യ ആധാര ചക്രങ്ങളിൽ ഗ്രഹവിന്യാസങ്ങളെപ്പറ്റിയുള്ള പഠനങ്ങളുമാണ്. ഇത് ഊർജ ചികിത്സയുമായി ബന്ധപ്പെട്ടതാണ്. ഇന്നു കാണുന്ന റേയ്കീ, പ്രാണിക് ഹീലിങ് ഇവ ഇതിന്റെ ഭാഗമാണ്.


ഈ പ്രപഞ്ചത്തിൽ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന സൃഷ്ടി സ്ഥിതി ലയങ്ങൾ 64 കലകളിലൂടെയാണ് സംഭവിപ്പിക്കുന്നത് എന്ന് തന്ത്രശാസ്ത്രം പറയുന്നു. ഇവയിൽ ഭൂരിഭാഗവും വിന്യസിക്കപ്പെട്ടിട്ടുള്ളത് നക്ഷത്രങ്ങളിലൂടെയും ജ്യോതിർ ഗ്രഹങ്ങളിലൂടെയുമാണ്. അതുകൊണ്ടു തന്നെ ഈ പ്രപഞ്ചത്തിലുള്ള പരമാണു മുതൽ ഉള്ള സകല വസ്തുക്കളുടെയും വസ്തുതകൾ ജ്യോതിഷമെന്ന  മഹാശാസ്ത്രത്തിന് അറിയാൻ കഴിയും.


പതിറ്റാണ്ടുകൾക്ക് മുമ്പുവരെ ജ്യോതിഷം മറ്റെല്ലാ ശാസ്ത്രങ്ങളെക്കാൾ മുൻപന്തിയിൽ കരുതപ്പെട്ടിരിക്കുന്നു. പ്രജാക്ഷേമ തൽപരരായ രാജാക്കന്മാർ ജ്യോതിഷാഭിപ്രായം അറിഞ്ഞിട്ടാണ് ദൈനംദിന പ്രവർത്തനങ്ങൾ വരെ നടത്തിയിരുന്നത്. അന്നു രാജസദസ്സുകളിൽ ജ്യോതിഷിക്ക് മഹത്തായ സ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു. ഇത് വെറും അന്ധവിശ്വാസം കൊണ്ടോ വിവരദോഷം കൊണ്ടോ ഒക്കെ ആയിരുന്നു എന്ന് ചില അഭിനവ ആധുനികർ സമർത്ഥിക്കാൻ ശ്രമിക്കാറുണ്ട്. ജ്യോതിഷ പ്രവചനങ്ങൾക്ക് കൃത്യതയും വ്യക്തതയും ഇല്ലായിരുന്നു എങ്കിൽ ജ്യോതിഷനോ ജ്യോതിഷമോ കാണുകയില്ലായിരുന്നു കാരണം രാജഭരണകാലത്ത് രാജവിധിക്ക് അപ്പീലില്ലായിരുന്നുവല്ലോ.


സാധാരണ ഒരു മനുഷ്യന് അനുഭവപ്പെടുന്ന ഗ്രഹപ്പിഴ ഫലം രോഗ, ദുരിത, ദുഖങ്ങളാണ്. അവ എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്നു കണ്ടെത്തി പരിഹാരം നിർദേശിക്കേണ്ട കടമയാണ് ജ്യോതിഷനുള്ളത്. ഇവയ്ക്കു താന്ത്രിക പരിഹാരങ്ങളും രോഗശാന്തിക്കായി ചികിത്സാ നിർദേശങ്ങളും ജ്യോതിഷി കണ്ടെത്തണം. ഇഹലോക ജീവിതത്തിന് അത്യാവശ്യം വേണ്ടത് ആരോഗ്യമാണ്. അതുകൊണ്ടുതന്നെയാണ് ആയുർവേദത്തിന്റെ ഉപാംഗമായി ജ്യോതിഷം പരിഗണിക്കപ്പെടുന്നതും. മുൻകാലങ്ങളിൽ വൈദ്യൻ രോഗനിർണയത്തിനും ചികിത്സകൾക്കുമായി ജ്യോതിഷം കൂടി ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് ആയുർവേദ പഠനം അക്കാദമിക് സമ്പ്രദായത്തിലേക്ക് മാറിയതോടെ ജ്യോതിഷത്തിന്റെ പ്രസക്തിയും ഏതാണ്ട് ഇല്ലാത്ത മട്ടാണ്. ആധുനിക രോഗനിർണയ ഉപാധികൾക്ക് കണ്ടെത്താൻ കഴിയാത്തത് വളരെ കൃത്യമായി കണ്ടെത്താൻ ജ്യോതിഷത്തിനു കഴിയും.


ശീലപ്പിഴ കൊണ്ടോ വൈകല്യം മൂലമോ അണുജന്യമോ അല്ലാതെയോ മനുഷ്യനു രോഗങ്ങൾ വരാറുണ്ട്. ഈ വകയുള്ളവയിൽ ചിലതിന്റെ രോഗകാരണങ്ങൾ ആധുനിക  രോഗനിർണയ ഉപാധികൾക്ക് കണ്ടെത്താൻ കഴിയില്ല. ബാധ, ആഭിചാരം, ദേവകോപം, സർപ്പദോഷം, പിതൃദോഷം മുതലായവ കൊണ്ടുണ്ടാകുന്ന ദുരിതങ്ങൾ അത്തരത്തിലുള്ളവയാണ്. ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ വക രോഗങ്ങളെ   സൈക്കോസൊമാറ്റിക്ക് എന്നു വിധിയെഴുതി ശക്തമായ മയക്കുമരുന്ന് നൽകി മനുഷ്യന്റെ ചേതന നശിപ്പിക്കലാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത് .  


 മനുഷ്യനു വരാൻ സാധ്യതയുള്ള മഹാരോഗങ്ങളെപ്പറ്റിയുള്ള സൂചന ജനനസമയത്തെ ഗ്രഹനിലയിൽ വളരെ കൃത്യമായിട്ടുണ്ടാകും. ശ്രദ്ധാപൂർവം വിശകലനം ചെയ്താൽ അതു മനസ്സിലാകുകയും ചെയ്യും. രോഗചിന്തനം ജ്യോതിഷത്തിലെ ഒരു പ്രധാന ബാഹ്യവിഷയമാണ്. മരണവും  മരണകാരണവും മരണകാരണ രോഗങ്ങളും  രോഗാരംഭ സമയവും ഒക്കെ വളരെ കൃത്യമായി പ്രവചിക്കാൻ ജ്യോതിഷം എന്ന മഹാശാസ്ത്രത്തിന് കഴിയും.


ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ബലം അനുസരിച്ചാണ് ഫലം നൽകുന്നത് എന്നുസൂചിപ്പിക്കുന്നു. പലവിധത്തിൽ ഗ്രഹങ്ങളുടെ ബലാബലം ഗണിക്കേണ്ടതുണ്ട് . അതിൽ പ്രധാനമാണ് രശ്മി ബലം. ഇത് ഗ്രഹങ്ങളിൽ നിന്ന് പുറപ്പെടുന്ന ഊർജ രശ്മികളെ സൂചിപ്പിക്കുന്നു. ഈ ബലങ്ങളെപ്പറ്റി പഠിച്ച് ഗ്രഹങ്ങൾ പുറപ്പെടുവിപ്പിക്കുന്ന രശ്മികളെ വേർതിരിച്ച് മനസ്സിലാക്കുവാൻ കഴിഞ്ഞാൽ പ്രകൃതിക്കും മനുഷ്യനും സംഭവിക്കുന്ന പല ദുരിതങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ കഴിയും. ജ്യോതിഷത്തിന്റെ സാധ്യത വളരെ വലുതാണ്.


തന്ത്രം എന്നത് ചൈതന്യത്തെപ്പറ്റിയുള്ള പ്രതിപാദ്യമാണെന്ന് നേരത്തേ സൂചിപ്പിച്ചു. ചൈതന്യം അദൃശ്യമായ ഊർജമാണ്. വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും എന്നു വേണ്ട  പ്രകൃതിക്കും വന്നുഭവിക്കുന്ന ഏതു ദുരിതത്തെയും നിയന്ത്രിക്കാൻ തന്ത്രത്തിൽ വിധിയുണ്ട്. പണ്ടുകാലങ്ങളിൽ രാജ്യക്ഷേമത്തിനു വേണ്ടി യജ്ഞങ്ങളും നടത്തിയിരുന്നു. അത് വെറും വിശ്വാസത്തിന്റെ പേരിൽ ഉള്ള ഈശ്വരപ്രീതി മാത്രമല്ല എന്ന് വിശദമായി പഠിച്ചാൽ മനസ്സിലാക്കാം. ദേവതകൾ പ്രീതിപ്പെട്ടാലേ വൃഷ്ടിയും  സമൃദ്ധിയും  ഐശ്വര്യവും ഉണ്ടാകൂ എന്നത് വിശ്വാസവും  ശാസ്ത്രീയ ഹോമയാഗാദികളിൽ പ്രയോഗിക്കപ്പെടുന്നത് ഊർജതന്ത്രവുമാണ്. റോക്കറ്റു വിക്ഷേപണത്തിന് മുൻപു ഗണപതിഹോമം കഴിക്കുന്നത് സായിപ്പിന് വിഘ്നേശ്വരനിലുള്ള ഭയഭക്തി ബഹുമാനം കൊണ്ടാണെന്ന് വിശ്വസിക്കാൻ പറ്റുമോ. മന്ത്രങ്ങളുടെ ശബ്ദ ഊർജവും ഹോമങ്ങളിൽ സമർപ്പിക്കപ്പെടുന്ന ദ്രവ്യം കത്തുമ്പോഴുണ്ടാകുന്ന ഊർജവും സമ്മേളിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതകാന്തികത ദുരിതം സംഭവിപ്പിക്കുന്ന ഊർജത്തെ നിർമ്മാർജനം ചെയ്യും എന്നുള്ളതാണ്  തന്ത്രത്തിന്റെ  ശാസ്ത്രീയ വശം. യജ്ഞങ്ങളിലും മറ്റും ഉദ്ദേശലക്ഷ്യങ്ങൾക്ക് ആവശ്യമായ ഊർജ പ്രസരണം നടത്തുന്നതിനാവശ്യമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്.


വ്യത്യസ്ത ഫലപ്രാപ്തിക്കുള്ള കർമങ്ങളിൽ മന്ത്രങ്ങളും ഉപയോഗിക്കുന്ന ദ്രവ്യങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ച് മൂർത്തികൽപ്പനയും നടത്തിയിട്ടുണ്ട്. താന്ത്രിക ഗുരുവിൽ നിന്നു മന്ത്രദീക്ഷ സ്വീകരിക്കുമ്പോൾ  ഗുരു മന്ത്രങ്ങളോടൊപ്പം ചൈതന്യവും പകർന്നു നൽകുന്നുണ്ട്. അതു കൊണ്ടാണ്  ഗുരുമുഖത്തു നിന്നു ലഭിച്ചിട്ടുള്ള മന്ത്രങ്ങളുടെ പ്രയോഗത്തിനു മാത്രമേ ഫലപൂർണത ഉണ്ടാകൂ എന്നു പറയുന്നത്. ആഗമത്തിൽ ഒട്ടനവധി തന്ത്രങ്ങളെ പ്രതിപാദിക്കുന്നുണ്ട്. അതിൽ 64 തന്ത്രങ്ങൾ പ്രബലമായി പ്രചാരത്തിലുണ്ട്. നിഗൂഢമായ ഒട്ടനവധി തന്ത്രങ്ങൾ വേറേ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പഞ്ചാമൃത തന്ത്രത്തിൽ ജരാമരണങ്ങളെ അതിജീവിക്കുവാനുള്ള വിധിയുണ്ട്. ഹിമാലയസാനുക്കളിൽ നൂറ്റാണ്ടുകൾ പ്രായമുള്ളവർ ഇന്നും ജീവിച്ചിരിപ്പുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുബ്ജികാമത തന്ത്രത്തിൽ അദ്ഭുതാവഹമായ ഫലപ്രാപ്തിയുള്ള വൈദ്യരീതി പ്രതിപാദിക്കുന്നുണ്ട്. തന്ത്രഭേദതന്ത്രം,  ഗുഹ്യതന്ത്രതന്ത്രം എന്ന തന്ത്രങ്ങളെ  വിശദമായ പഠന ഗവേഷണങ്ങൾക്ക് വിധേയമാക്കിയാൽ ഒരു പക്ഷേ അത്യന്താധുനിക രാസായുധ പ്രയോഗത്തെ നേരിടുന്നതിനുള്ള ഉപായം കണ്ടെത്താൻ കഴിഞ്ഞേക്കാം.   

കളമെഴുത്തിന്റെ ഐതീഹ്യം

Image result for കളമെഴുത്തും പാട്ടും
പണ്ട് രാക്ഷസവരംശം വിഷ്ണു ചക്രത്താല് നശിച്ചകാലം നാലു രാക്ഷസസ്ത്രീകള് പാതാളത്തില് ചെന്ന് ഒളിച്ചിരുന്നു.
അതില് ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല് ദാരികന് എന്ന പുത്രന് ജനിച്ചു.

ദാരികന് യൗവ്വനം ആയപ്പോള് രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള് സ്വന്തമാക്കി.
ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള് തന്റെ ശക്തിയില് അഹങ്കാരം കൊണ്ട ദാരികന് ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല് സ്ത്രീയാല് തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന് പാതാളത്തില് നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില് അഭയം തേടി.
ദാരികന്റെ ദുഷ്ടതകള് കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില് നിന്നും ഭദ്രകാളി ഉത്ഭവിച്ചു.


ശ്രീപരമേശ്വരന്റെ നിര്ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്നി പരമശിവനോട് തന്റെ ഭര്ത്താവിനെ രക്ഷിക്കാന് വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന് തന്റെ നെറ്റിയില് നിന്നും വിയര്പ്പ് വടിച്ചു നല്കി.

ഇത് ആരില് പ്രയോഗിക്കുന്നുവോ അവന് വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന് നല്കിയത്. ശ്രീപരമേശ്വരന് നല്കിയ വിത്തുമായി തിരിച്ച ദാരിക പത്നി കണ്ടത് തന്റെ ഭര്ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്.
കോപവും സങ്കടവും കൊണ്ട് ദാരികപത്നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്ണ്ണന് ദേവിയുടെ വ്രണങ്ങള് നക്കിയെടുത്ത് ദേവിയെ അസുഖത്തില് നിന്നും മോചിപ്പിച്ചു.


ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള് ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല് ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. 

കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന് ഈ രൂപം കാണണമെന്ന് പരമേശ്വരന് സുബ്രഹ്മണ്യനോട് നിര്ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില് വര്ണ്ണപ്പൊടികള് കൊണ്ട് കളം വരച്ചു.

ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം.

ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്ക്കും ശ്രേയസ്കരമാണ്


ഭാഗവതത്തിലെ മാനസിക സമീപനം



ക്രിയാത്മക ചിന്ത

ഒരു ഗ്ലാസില്‍ പകുതിവെള്ളമുണ്ടെന്ന് കരുതുക. അതിനെ നോക്കി ചിലര്‍ പറഞ്ഞേക്കും, ഗ്ലാസ് പകുതിയും കാലിയാണെന്ന്. മറ്റു ചിലരുടെ ദൃഷ്ടിയില്‍ ഗ്ലാസില്‍ കുറച്ചേ വെള്ളമുള്ളൂ എന്നാകാം. ചിലര്‍ പറയും ഗ്ലാസില്‍ കുറേ വെള്ളമുണ്ട്. ചിലര്‍ക്ക് പറയാനാകും ഗ്ലാസില്‍ പകുതിയും വെള്ളം നിറഞ്ഞുനില്‍ക്കുന്നു, അഥവാ പകുതിയും ഫുള്ളാണ്. ഇതെല്ലാം ശരിയാണു താനും. എന്നാല്‍ കേള്‍ക്കുന്നവരുടെ മനസ്സ് കുളിര്‍പ്പിക്കുന്നത് ഏതായിരിക്കും.

ഇതില്‍ പകുതിയും നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് പോസിറ്റീവ് തിങ്കിങ്. കുറച്ചുകൂടി വെള്ളമൊഴിച്ചാല്‍ ഗ്ലാസ് നിറയും എന്ന മനോഭാവത്തിനാണ് അത് വഴിവയ്ക്കുക. ഗ്ലാസില്‍ കുറച്ചേ വെള്ളമുള്ളൂ, പകുതിയും കാലിയാണ്, ഏതാണ്ട് കാലിയാണ് എന്നതെല്ലാം നിരാശയുടെ മനഃസ്ഥിതിയാണുണ്ടാക്കുക.

ചില ചാക്യാര്‍കൂത്തുകളില്‍ പറയുന്നത് കേട്ടിട്ടുണ്ട്, ദൂതലക്ഷണങ്ങള്‍. ഞാന്‍ തന്നെ പോകണോ, ഞാന്‍ പോയതുകൊണ്ട് പ്രയോജനമുണ്ടോ, വേറെ ആരെയെങ്കിലും അയച്ചാല്‍ പോരേ, ഇന്നുതന്നെ പോകണോ എന്നൊക്കെ. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ചോദിച്ച് ഉത്തരവാദിത്വത്തില്‍നിന്നും പിന്മാറാന്‍ ശ്രമിക്കുന്ന ദൂതന്മാരെ ഒരിക്കലും ദൂതിന് നിയോഗിക്കരുത്. അതായത് ഏതു വിഷയത്തിലും ക്രിയാത്മക സമീപനമുള്ളവരെയാണ് നിയോഗിക്കേണ്ടത്.

നമ്മുടെ പുരാണങ്ങളില്‍ നാരദരില്‍നിന്ന് പഠിക്കേണ്ട പ്രവര്‍ത്തനരീതികളില്‍ ഒന്നാണ് പോസിറ്റീവ് തിങ്കിങ് അഥവാ ക്രിയാത്മക ചിന്ത. നാരദര്‍ക്ക് ദേവന്മാരുടെയും അസുരന്മാരുടെയും മനുഷ്യരുടെയും എല്ലാം ഇടയില്‍ കടന്നുചെല്ലാനുള്ള വ്യക്തമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെയെല്ലാം മുന്‍പില്‍ നാരദന്‍ കൈക്കൊള്ളുന്ന സംഭാഷണ നയചാതുരി വ്യത്യസ്തമാണ്. എന്നാല്‍ സത്യവിരുദ്ധമായി ഒന്നുപറയുകയുമില്ല. നാരദരുടെ പദപ്രയോഗം എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പ്രകോപനപരമായി പലര്‍ക്കും തോന്നിയേക്കാം. നാരദപ്പണികൊണ്ട് എവിടെയൊക്കെ സംഘര്‍ഷമുണ്ടായാലും ശുഭപര്യവസായിയായ രംഗത്തിന് അരങ്ങൊരുങ്ങിയിട്ടുണ്ട്. നന്മയുടെ പ്രചാരകനായിരുന്നു ശ്രീനാരദര്‍.

ഭാഗവതത്തില്‍ ഭക്തജനങ്ങള്‍ ഏറെ ശ്രദ്ധയോടെയും താല്‍പര്യത്തോടെയും കേള്‍ക്കാനാഗ്രഹിക്കുന്ന കഥാഭാഗങ്ങളാണ് ധ്രുവന്റെയും പ്രഹ്ലാദന്റെയും മറ്റും രംഗങ്ങള്‍. ഇതിലെല്ലാം നാരദരുടെ സാന്നിധ്യവുമുണ്ടായിരുന്നു. നാരദര്‍ ദേവന്മാര്‍ക്കിടയിലും അസുരന്മാര്‍ക്കിടയിലും അവരെ പുകഴ്ത്തിക്കൊണ്ടാണ് സംഭാഷണമാരംഭിക്കാറ്.

നമുക്ക് ജീവിതത്തില്‍ പകര്‍ത്തിയെടുക്കാവുന്ന ക്രിയാത്മക സമീപനം ഭാഗവതത്തില്‍ മറ്റു പല സന്ദര്‍ഭങ്ങളിലും മറ്റു പലരില്‍നിന്നും പ്രകടമായിട്ടുണ്ട്. ഭാഗവതത്തിലെ ഒരു കഥാഭാഗം ഇങ്ങനെയാണ്.

കാളിന്ദിയാറ്റില്‍ ഭഗവാന്‍ കൃഷ്ണന്റെ കാളിയമര്‍ദ്ദന ഭാഗമാണ് രംഗം. കാളിയന്റെ തീവ്രവിഷം കാളിന്ദിയേയും പരിസരപ്രദേശങ്ങളേയും ഏറെ ദുഷിപ്പിച്ചതറിഞ്ഞ ശ്രീകൃഷ്ണ ഭഗവാന്‍ കാളിയന്റെ ശിരസിലേക്ക് ചാടിയിറങ്ങി ശരിക്കും മര്‍ദ്ദിച്ചു. ശിരസില്‍ ഭഗവാന്റെ ചവിട്ടുകള്‍ ഏറെ ഏറ്റപ്പോള്‍ കാളിയന്‍ തളര്‍ന്നു രക്തം ഛര്‍ദിച്ചു. ഈ അവസരത്തിലാണ് നാഗപത്‌നിമാര്‍ രംഗപ്രവേശം ചെയ്യുന്നത്. കാളിയശിരസില്‍ നര്‍ത്തനമാടിയ ഭഗവാനെ വാഴ്ത്തിക്കൊണ്ടാണ് അവര്‍ ആരംഭിക്കുന്നത്.

തങ്ങളുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയതിന്റെ യാതൊരു പരിഭവവും അവര്‍ ആദ്യം പ്രകടമാക്കുന്നില്ല. ഭര്‍ത്താവായ കാളിയനെ കുറ്റപ്പെടുത്തുന്നതരത്തിലായിരുന്നു അവരുടെ വാക്കുകള്‍. ശ്രീമദ് ഭാഗവതം ദശമസ്‌കന്ധത്തിലെ പതിനാറാം അധ്യാത്തിലേക്ക് ഒന്നു കണ്ണോടിക്കാം.

ശ്ലോകം 33
ന്യായോഹി ദണ്ഡ കൃത
കില്‍ബിഷേളസ്മിം
സ്തവാവതാരഃ ഖല നിഗ്രഹായ
രിപോഃ സുതാനാമപി തുല്യദൃഷ്‌ടേര്‍
ദ്ധല്‍സേ ദമം ഫലമേവാനുശംസന്‍.
(അല്ലയോ ഭഗവാനേ, അങ്ങ് ചെയ്തത് ന്യായം തന്നെ. പാപം ചെയ്ത ഈ കാളിയനെ ശിക്ഷിച്ചതു നന്നായി. അങ്ങയുടെ ഈ അവതാരം തന്നെ ദുഷ്ടനിഗ്രഹത്തിനുദ്ദേശിച്ചുള്ളതാണല്ലോ. ശത്രുക്കളോടും സന്താനങ്ങളോടും അങ്ങ് ഒരേ വീക്ഷണത്തോടെയാണ് പെരുമാറുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ ദണ്ഡനങ്ങള്‍ പോലും സദുദ്ദേശ്യത്തോടെയാണ്.)

ശ്ലോകം 34
അനുഗ്രഹോളയം ഭവതഃ കൃതോഹിനോ
ദണ്ഡോളസതാംതേ ഖലു കല്‍മഷാപഹഃ
യദ്ദന്ദശുകത്വ മമുക്ഷ്യദേഹിനഃ
ക്രോധോളപി തേളനുഗ്രഹ ഏവ സമ്മതഃ
(അങ്ങ് ചെയ്തത് സത്യത്തില്‍ അനുഗ്രഹം തന്നെയാണ്. അങ്ങയുടെ നിഗ്രഹം, ദണ്ഡം സര്‍വപാപങ്ങളും തീര്‍ക്കുന്നതാണ്. ഏതോ ജന്മത്തിലെ പാപങ്ങള്‍ ഹേതുവായിട്ടാണ് ഞങ്ങള്‍ സര്‍പ്പങ്ങളായി ജനിച്ചത്. എങ്കിലും ഹരേ, അങ്ങയുടെ പാദസ്പര്‍ശത്താല്‍ കാളിയന്റെ പാപങ്ങളെല്ലാം അങ്ങ് ഹരിച്ചിരിക്കുന്നു.)

ശ്ലോകം 35:-
തപഃസുതപ്തം കിമനേന പൂര്‍വം
നിരസ്തമാനേന ച മാനദേന
ധര്‍മോളഥവാ സര്‍വജനാനുകമ്പയാ
യതോഭവാം സ്തുഷ്യതി സര്‍വജീവഃ
(ഈ കാളിയന്‍ മുന്‍പ് എന്ത് തപസാണാവോ ചെയ്തിട്ടുള്ളത്? അങ്ങയുടെ പാദസ്പര്‍ശംകൊണ്ട് ഇവന്‍ അനുഗൃഹീതനായല്ലോ! അതിഥി സല്‍ക്കാരമോ പരോപകാരമോ അന്യരോടുള്ള ബഹുമാനമോ ഒന്നും ഇവന്‍ ചെയ്തതായി ഞങ്ങള്‍ക്കറിയില്ല. ധര്‍മപ്രവര്‍ത്തനങ്ങളോ സഹജീവികളോടുള്ള സ്‌നേഹമോ അനുകമ്പയോ വല്ലതും ഇവന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ? സര്‍വജീവികളിലും ജീവനായിരിക്കുന്ന അങ്ങയെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പുണ്യപ്രവൃത്തി ഇവന്‍ ചെയ്തതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല.)

ജയശങ്കര്‍ ഇടപ്പള്ളി

ജീവിതകളി - ഓണാട്ടുകരയുടെ ഒരു അനുഷ്ഠാന ക്ഷേത്രകല


 
ദേവീക്ഷേത്രങ്ങളില്‍ പറയ്‌ക്കെഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടത്തുന്ന ജീവിതകളി ഓണാട്ടുകരയുടെ ഒരു അനുഷ്ഠാന ക്ഷേത്രകലയാണ്. കരയുടെ കാവല്‍നാഥയ്ക്ക് വരുമാനവിഹിതം പങ്കിടുന്നതാണ് പറവഴിപാട്. പറയ്‌ക്കെഴുന്നള്ളിപ്പിന് ദേവസങ്കല്‍പ്പങ്ങളില്‍ ആനയെയാണ് ഉപയോഗിക്കുക. ജീവിത ഉപയോഗിക്കുന്നത് ദേവീക്ഷേത്രങ്ങളിലാണ്. പറയ്‌ക്കെഴുന്നള്ളിപ്പ് കാലമായാല്‍ ക്ഷേത്രമൂര്‍ത്തിയെ ആവാഹിച്ചുകഴിഞ്ഞാല്‍ നടയടയ്ക്കും. കരകാണാനുള്ള ദേവിയുടെ പുറപ്പാടാണ് പിന്നെ. ജീവിതയെടുക്കുന്നത് അതിനായി നിയോഗിക്കപ്പെട്ട ബ്രാഹ്മണന്മാരാണ്. ജീവിതയേറ്റാന്‍ പ്രത്യേക പരിശീലനവും പരിശുദ്ധിയും ആവശ്യമാണ്.

പ്രഭാതത്തില്‍ ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പറയെടുപ്പിനായി വീടുകളിലേക്ക് പുറപ്പെടുന്നത്. വീടുകളില്‍ ദേവിയെ പറയിട്ട് സ്വീകരിക്കും. വീട്ടുമുറ്റത്ത് ചാണകം മെഴുകി ശുദ്ധിയാക്കി പൂക്കള്‍ വിതറിയ തറയിലാണ് പീഠമിട്ട് ദേവിയെ ഇരുത്തുക. പറയിടിലിന് നെല്ല്, അവല്‍, അരി, മലര്, പഴം എന്നിവയാണ് ഉപയോഗിക്കുക. തൂശനിലയിലാണ് വഴിപാട് പറ നിറച്ചുവയ്ക്കുക. പറയില്‍നിന്നുമെടുത്ത നെല്ലും പൂവും ദേവിക്ക് മേല്‍ശാന്തി അര്‍ച്ചന നടത്തും. തുടര്‍ന്ന് പറയെടുത്തു മടങ്ങുമ്പോള്‍ ആ വീടിന് ഒരു വര്‍ഷത്തേക്കുള്ള ദേവീകടാക്ഷമായിയെന്നാണ് വിശ്വാസം.

വീടുകളിലെത്തി പറയെടുത്തശേഷം രാത്രികാലങ്ങളിലാണ് അന്‍പൊലി നടക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് താളമേളങ്ങളുടെയും വര്‍ണരാജികളുടെയും കൂടിയെഴുന്നള്ളത്തായ ജീവിതകളി നടക്കുന്നത്. ഓണാട്ടുകരയിലും സമീപപ്രദേശങ്ങളിലും മീനം മേടം മാസങ്ങള്‍ ജീവിതകളിയുടെയും പഞ്ചാരിമേളത്തിന്റെയും ലഹരിയിലാണ്. വീക്കുചെണ്ട, ഉരുണ്ടുചെണ്ട, തകില്‍, കൈത്താളം, കൊമ്പ്, കുഴല്‍ ഇവ ചേരുന്ന വൈവിധ്യമാര്‍ന്ന ഇരുപതോളം താളങ്ങളും അവയ്‌ക്കൊപ്പം ചുവടുവെയ്പുകളും അംഗചലനങ്ങളുംകൊണ്ട് ജീവിതയില്‍ ചേതോഹരങ്ങളായ ചലനങ്ങളും സൃഷ്ടിക്കുന്ന ജീവിതകളിയും വര്‍ണപ്പൊലിമ സൃഷ്ടിക്കുന്ന തീവെട്ടിയും താലപ്പൊലിയും മെഴുവട്ടവും ആരവമുയര്‍ത്തുന്ന ആര്‍പ്പും കുരവയും രാവുകള്‍ക്ക് പൂരപ്രഭ നല്‍കുന്നു.

ജീവിതകളിക്കും താളമേളങ്ങള്‍ക്കും പ്രാദേശികമായ ചില ചിട്ടമാറ്റങ്ങള്‍ ഉണ്ട്. ഓണാട്ടുകരയില്‍ പ്രാദേശിക ഭേദങ്ങള്‍ അനുസരിച്ച് രാമപുരംചിട്ട, ചെട്ടികുളങ്ങരചിട്ട, കാരാഴ്മചിട്ട എന്നിങ്ങനെ മൂന്നു ചിട്ടകളില്‍ ജീവിതകളി നടക്കുന്നുണ്ട്. മധ്യതിരുവിതാംകൂറില്‍ ഏറെ പ്രസിദ്ധം കാരാഴ്മ ചിട്ടയിലുള്ള ജീവിതകളിയാണ്. ക്ഷേത്രത്തിലെ അത്താഴപൂജയ്ക്ക് ശേഷം അന്‍പൊലി വഴിപാട് നടത്തുന്ന വീട്ടുകാര്‍ നടയ്ക്കലെത്തി അഷ്ടമംഗല്യവും വിളക്കും വാദ്യമേളങ്ങളുമായി ദേവിയെ ആനയിക്കുന്നു. ദേവി എഴുന്നള്ളുന്ന വഴിയില്‍ താലപ്പൊലിയുമായി ബാലികമാര്‍ എതിരേല്‍ക്കും. ദേവി സന്തോഷത്തില്‍ തുള്ളിച്ചാടുന്നുവെന്നവണ്ണം ജീവിത തോളില്‍ എടുത്തിരിക്കുന്ന പൂജാരിമാര്‍ മേളത്തിനൊപ്പിച്ച് ചുവടുവച്ച് ജീവിത കളിപ്പിക്കും. മണിക്കൂറുകള്‍ നീളുന്ന ജീവിതകളിയുടെ അന്ത്യത്തില്‍ പഞ്ചാരിമേളം അഞ്ചാംതാളം മുഴങ്ങും.

ഇത് ജീവിത അന്‍പൊലിക്കളത്തിലേറുവാനുള്ള താളമാണ്. അന്‍പൊലി പന്തലിന് മുന്നില്‍ പല നിരകളായി മുക്കോണിച്ച് കത്തിച്ചുവച്ചിരിക്കുന്ന നിലവിളക്കുകള്‍ക്കിടയിലൂടെ ജീവിതയുമായി ചുവടുകള്‍ വച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പും കുരവയുമായി ദേവിയെ എതിരേല്‍ക്കും. അന്‍പൊലി പന്തലിന് മുന്നിലെത്തുന്ന പൂജാരി മുറുകി നില്‍ക്കുന്ന പഞ്ചാരിമേളത്തിനൊപ്പിച്ച് നൃത്തം വയ്ക്കുന്നു. തുടര്‍ന്ന് അന്‍പൊലി സ്വീകരിക്കുന്നു. ജീവിതകെട്ടിയൊരുക്കുന്നതു മുതല്‍ അന്‍പൊലി പന്തല്‍ ഒരുക്കി അതിനു മുന്നില്‍ ജീവിത കളിപ്പിക്കുന്നതുവരെയുള്ള ഈ കലയ്ക്ക് അനുഷ്ഠാന വിശുദ്ധി മാറ്റുകൂട്ടുന്നു.


കൃഷ്ണരാജ്


Sunday, March 5, 2017

അഷ്ടപദി - പ്രളയപയോധിജലേ(അർത്ഥത്തോട് കൂടി)



(രാഗം - മാളവി, (സൗരാഷ്ട്രം) , താളം - ആദി)


പ്രളയ പയോധിജലേ, കൃഷ്ണ! ധൃതവാനസി വേദം

വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര

ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ


അല്ലയോ കൃഷ്ണാ, മഹാപ്രളയജലത്തിലൂടെ മത്സ്യശരീരനായി സമുദ്രത്തിൽ നിന്നും വേദങ്ങളെ വീണ്ടെടുക്കാൻ നീ അവതരിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു. സിന്ധൂനദീതട, ഹുയാംഹോ, നൈൽ , മേഹർഗാവ് , എന്നിങ്ങനെ  ലോകത്തെ എല്ലാ പുരാതനസംസ്ക്കാരങ്ങളിലും, ബൈബിളിൽ നോഹയുടെ പേടകം ഉൾപ്പടെ ഇത്തരം ഒരു കഥ ഉണ്ട്.)



ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!തവ തിഷ്ഠതിപ്രൃഷ്ഠേ

ധരണിധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-

കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ


ഹരേകൃഷ്ണാ, സമുദ്രത്തിൽ താണുപോകുമായിരുന്ന മാന്ഥരപർവ്വതത്തെ കൂർമ്മമായി അവതരിച്ച് നിന്റെ ശക്തവും വിശാലവുമായ പുറത്താൽ താങ്ങി നിർത്തി പലാഴിമഥനത്തിനു നീ തുണയരുളി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ദുർവാസാവ് മഹർഷിയുടെ സമ്മാനമായ കല്പ്പകദൃമഹാരം ദേവേന്ദ്രന്റെ അന്നത്തെ ആനയുടെ പുറത്ത് വയ്ക്കുകയും, പുഷ്പഗന്ധമേറ്റ് വന്ന ഭ്രമരങ്ങളുടെ സല്യത്താൽ അസഹിഷ്ണത പൂണ്ട ആന, അത് വലിച്ച് താഴെയിട്ട് ചവുട്ടിയരയ്ക്കുകയും, ഇത് കണ്ട് കോപിഷ്ടനായ മുനിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ദരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടു പോയ മന്ഥര പർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് വിഷ്ണു ആമയായ് അവതാരമെടുത്തു. തന്റെ പുറത്തുതാങ്ങി പർവതത്തെമേല്പോട്ടുയർത്തി.)


വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ

ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-

സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.


ഹരേകൃഷ്ണാ, വരാഹരൂപത്തിൽ അവതരിച്ച് നിന്റെ ബലമേറിയ തേറ്റയാൽ ഭൂമിയെ നീ ഉയരത്തി സംരക്ഷിച്ചപ്പോൾ ചന്ദ്രക്കലയ്ക്ക് സദൃശമായ മനോഹര ദർശനമായി അത്. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു)


തവകരകമലവരേ കൃഷ്ണ! നഖമത്ഭുതശൃംഗം

ദളിത ഹിരണ്യകശിപുതനുഭൃംഗം കേശവ ധൃത-

നരഹരിരൂപ! ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ.



അല്ലയോ കൃഷ്ണാ, നരസിംഹരൂപമെടുത്ത നീ കരങ്ങളിലെ കരങ്ങളിലെ ഘോരമായ നഖത്താൽ ഹിരണ്യകശ്യപനെന്ന അസുരപ്രമാണിയെ പിച്ചിച്ചീന്തുമ്പോൾ നിനക്ക് മുന്നിൽ അവൻ ഒരു വണ്ടിനോളം നിഷപ്രഭനായിരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണു കൃതയുഗത്തിൽ എടുത്ത അവസാനത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് എന്ന വരം വാങ്ങി. ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.)



ഛലയസി വിക്രമണേ കൃഷ്ണ! ബലിമത്ഭുതവാമന

പദനഖനീരജനിത ജനപാവന കേശവ, ധൃത-

വാമനരൂപ, ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.


അല്ലയോ കൃഷ്ണാ, യുവബ്രഹ്മചാരിയായ വാമന അവതാരത്തിൽ നീ അസുരച്ചക്രവർത്തി മഹാബലിയോട് മൂന്നടി മണ്ണീരന്നു. പിന്നീട് വിക്രമാനായ നീ കൗശലത്താൽ പ്രപഞ്ചത്തെ മൂന്നടിയായളന്നു . നിന്റെ പാദനഖങ്ങളെ തഴുകുന്ന ജലം പുണ്യമുള്ളതായി തീരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. ദേവന്ദ്രന്റെ മിഥ്യാഭയത്തിൽ ഗതികെട്ട് അദിതിയുടേയും കശ്യപന്റെയും പുത്രനായി ഗംഗയുടെ തീരത്തെ ആശ്രമത്തിൽ അവതരിച്ച“വടു” ആയിരുന്നു വാമനൻ. മഹാബലി യാഗം നടത്തിയ നർമ്മദാനദിയുടെ തീരത്തെത്തി മൂന്നടി മണ്ണ് തപസ്സ് ചെയ്യുവാൻ ഭിക്ഷ യാചിച്ച ബാലൻ, ദാനം ലഭിച്ചപ്പോൾ പ്രപഞ്ചം നിറഞ്ഞ രൂപാന്തരം പ്രാപിച്ച്, രണ്ടടിയിൽ തന്നെ പ്രപഞ്ചമളന്ന്, മൂന്നാം കാല്വയ്പ്പിനിടം തേടി. ശിരസ്സ് കുനിച്ച മഹാബലിയെ ഗിരികളും സമതലവും ഉപേക്ഷിച്ച് സമുദ്രതടമായ പാതാളത്തിലേക്കയച്ച് ഇന്ദ്രന്റെ ഭയമാകറ്റി )



ക്ഷത്രിയ രുധിരമയേ കൃഷ്ണ! ജഗദപഗതപാപം

സ്നപയസി പയസി ശമിതഭവതാപം കേശവ ധൃത-

ഭൃഗുപതിരൂപ! ജയ ജഗദീശഹരേ, കൃഷ്ണ! ജയ ജഗദീശ.


ഹേ, കൃഷ്ണാ, പാപികളായ ക്ഷത്രിയരെ നിഗ്രഹിച്ച് സാധുജനസംരക്ഷണാർഥം നീ ഭാർഗ്ഗവരാമാനായി അവതരിച്ചു. രുധിരപ്പുഴകളാൽ നീ ദുരിതങ്ങൾ തുടച്ച് നീക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദ പുരുഷനായി നിലകൊള്ളുന്നു. ദക്ഷിണ ഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദ പുരുഷനാവുന്നു.)



വിതരസി ദിക്ഷുരണേ കൃഷ്ണ! ദിക്പതി കമനീയം

ദശമുഖമൌലിബലിം രമണീയം കേശവധൃത-

രഘുപതിരൂപ! ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.


ഹേ, കൃഷ്ണാ, ശ്രീരാമനായി രഘുവംശത്തിൽ അവതരിച്ച നീ, ദശമുഖനായ രാക്ഷസരാജാവ് രാവണനെ നിഗ്രഹിച്ചു. സകല ദിശകളിലും ധർമ്മം പരിപാലിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു.പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. വനവാസത്തിനു ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.)



വഹസി വപുഷി വിശദേ കൃഷ്ണ! വസനം ജലദാഭം

ഹലഹതിഭീതിമിളിത യമുനാഭം കേശവ ധൃത-

ഹലധരരൂപ!ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.


ഹേ കൃഷ്ണാ, ബലരാമനായി അവതരിച്ച നീ വെള്ളിമേഘം പോലെ തിളങ്ങുന്നവനെങ്കിലും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. കറുത്ത നദിയായ കാളിന്ദിയെ കലപ്പയാൽ ഇഷ്ടാനുസരണം യമുനയിൽ ലയിപ്പിച്ചവനാണു നീ. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.



(ബാലദേവൻ, ബാലഭദ്രൻ, ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടു കൂടിയവരുമായതു കൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായി ത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീ രാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആധുനിക പുരാണസംഹിതകൾ മഹാവിഷ്ണുവിന്റെ അവതാരമായി പരിഗണിയ്ക്കാതെ ബലരാമനെ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതാ യുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.)



നിന്ദസി യജ്ഞ വിധേ കൃഷ്ണ ! അഹഹ ശ്രുതിജാതം

സദയഹൃദയദർശിതപശുഘാതം കേശവധൃത-

ബുദ്ധശരീര! ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.


ഹേ കൃഷ്ണാ, നീ അനുപമകൃപാനിധിയായ ബുദ്ധനായി അവതാരമെടുത്തു. യജ്ഞങ്ങളിലെയും ആചാരങ്ങളില്ലേയും മൃഗബലി പോലെയുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. ബുദ്ധമതം തകർത്തെറിഞ്ഞ വർണ്ണാശ്രമികൾ തന്നെ പിന്നീട് ശ്രീബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി.ബുദ്ധമതക്കാർ ഇതംഗീകരിയ്ക്കുന്നില്ല, നാസ്തികതയൊടടുത്ത് നില്ക്കുന്ന ബുദ്ധമതതത്വങ്ങൾ ബഹുദൈവ ഹിന്ദുത്വത്തെ നിഷേധിയ്ക്കുന്നു. എന്നാൽ ഹരിവംശം 1.41, ഭാഗവതപുരാണം 1.3.24., 2.7.37, 11.4.23, ഗരുഢപുരാണം 1.1, 2.30.7, 3.15.26, അഗ്നിപുരാണം 16, നാരദപുരാണം 2.72, ലിംഗപുരാണം 2.71, പദ്മപുരാണം 3.2 എന്നിവിടങ്ങളിലെല്ലാം ബുദ്ധനെ കുറിച്ച് എഴുതിച്ചേർത്ത് എന്നാൽ അസുരനിഷാദ ജന്മങ്ങളെ തെറ്റായ ആത്മീയ മാര്ഗ്ഗം കാട്ടി നിത്യനരകത്തിൽ എത്തിയ്ക്കുവാൻ അവതരിച്ചതാണെന്ന് കൂടി പറഞ്ഞ് വെടക്കാക്കി തനിക്കാക്കി എന്ന പറയുന്നതാവും ഉത്തമം)



മ്ലേച്ഛനിവഹനിധനേ കൃഷ്ണ! കലയസി കരവാളം

ധൂമകേതുമിവ കിമപി കരാളം കേശവ, ധൃത-

ഖൾഗിശരീര! ജയജഗദീശഹരേ കൃഷ്ണ! ജയ ജഗദീശ.


ഹേ കൃഷ്ണാ, ധൂമകേതുവിനെ പോലെയുള്ള കരവാളുമായി നീ ഇനി കല്ക്കിയായി അവതരിയ്ക്കും. കളിയുഗാന്ത്യത്ത്തിൽ മ്ളേച്ഛ ജനതയുടെ ഭീകര അന്ത്യത്തിന് നീ വഴിയൊരുക്കും. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. ദേവനാഗിരിയിൽ കൽക്കി എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു. കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും.മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും. ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ  ലയിക്കും)



ശ്രീജയദേവകവേഃകൃഷ്ണ! ഇദമുദിതമുദാരം

ശൃണു ശുഭദം സുഖദം ഭവസാരം കേശവ, ധൃത -

ദശവിധരൂപ ജയ ജഗദീശ ഹരേ കൃഷ്ണ ! ജയ ജഗദീശഹരേ.


ജയദേവനായ കവി ആദിവിഷ്ണുവിന്റെ ദശാവതാരങ്ങൾ ഇവിടെ വിവരിച്ചു. ഭക്തര്ക്ക് ഇത് ഐശ്വര്യവും സന്തോഷവും ഒപ്പം ശരിയായ പ്രാപഞ്ചിക നിലനില്പ്പും സാധ്യമാക്കട്ടേ.

ഹൃദയമാകുന്ന കൊട്ടാരം - ശുഭചിന്ത



അമ്മ ഒരു കഥ ഓര്‍ക്കുന്നു: ഒരു രാജാവിന് രണ്ട് മക്കളുണ്ടായിരുന്നു. ധര്‍മിഷ്ഠനും നീതിമാനുമായിരുന്നു രാജാവ്. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍, രാജകുമാരന്മാരില്‍ ആരെ രാജ്യഭാരം ഏല്‍പിക്കും എന്ന ചിന്തയിലായി അദ്ദേഹം. തന്റെ മക്കളില്‍ ആരാണ് രാജാവാകാന്‍ യോഗ്യന്‍ എന്ന് കണ്ടുപിടിക്കണം. അതിന് ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. രാജാവ് മക്കളെ അടുത്തുവിളിച്ച് അവര്‍ക്ക് രണ്ടുപേര്‍ക്കും ചെറിയൊരു തുക നല്‍കി പറഞ്ഞു: ‘ഈ പണം ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ കൊട്ടാരങ്ങള്‍ നിറയ്ക്കണം. നിങ്ങളില്‍ ആരാണോ ഈ ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നത് അവരെ അനന്തരാവകാശിയായി വാഴിക്കും.’

മൂത്ത മകന്‍ ചിന്തിച്ചു: ‘ഇത് കുറച്ച് പണമേയുള്ളൂ. ഇതുകൊണ്ട് എന്റെ കൊട്ടാരം മുഴുവന്‍ നിറയ്ക്കാനുള്ള സാധനങ്ങള്‍ ഞാനെങ്ങനെ വാങ്ങും? എത്ര ചിന്തിച്ചിട്ടും അയാള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. അവസാനം നഗരത്തിലുള്ള ചപ്പുചവറുകള്‍ വാങ്ങി അയാള്‍ തന്റെ കൊട്ടാരം നിറച്ചു. ചേട്ടനെപ്പോലെ അനുജനും ആദ്യം ഉത്തരംകിട്ടാതെ വിഷമിച്ചു. പക്ഷേ, അയാള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിരുത്തി ചിന്തിച്ചു. ഒടുവില്‍ ആ പണം കൊണ്ട് അയാള്‍ നല്ല മണമുള്ള ഒരു പെര്‍ഫ്യൂം (സുഗന്ധദ്രവ്യം) വാങ്ങി തന്റെ കൊട്ടാരത്തിലെ മുറികളിലെല്ലാം അടിച്ചു. അതിന്റെ നറുമണംകൊണ്ട് കൊട്ടാരത്തിലെ മുറികളെല്ലാം നിറച്ചു.

മക്കളേ, ഇത് നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. ഈ കഥയിലെ കൊട്ടാരം നമ്മുടെ ഹൃദയമാണ്. പണം നമ്മുടെ ജീവിതമാണ്. നമുക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ അവിവേകത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാം. പക്ഷേ, ഇത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുര്‍ഗന്ധം വമിപ്പിക്കുന്നതാക്കും. അല്ലെങ്കില്‍ വിവേകത്തിന്റെയും ഈശ്വരേച്ഛയുടെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നമ്മുടെയും മറ്റുള്ളവരുടെയും ജിവിതം സുഗന്ധപൂരിതമാക്കാം. ഏത് മാര്‍ഗം തിരഞ്ഞെടുക്കണമെന്ന് നമുക്ക് നിശ്ചയിക്കാം.

ശ്രീരാമഗീത



സായാഹ്നത്തില്‍, ഉദ്യാനത്തില്‍ വൃക്ഷമൂലത്തില്‍ ഒറ്റക്ക് വിശ്രമിക്കുകയായിരുന്ന ശ്രീരാമനെ അനുജന്‍ ലക്ഷ്മണന്‍ സമീപിച്ചു.

14 കൊല്ലം, തികഞ്ഞ ആത്മസംയമനത്തോടെ, നിസ്വാര്‍ത്ഥണായി ശ്രീരാമനെ സേവിച്ചുകൊണ്ട്, രാമന്റെ അവതാരദൗത്യത്തില്‍ സഹകരിച്ച്, ലക്ഷ്മണന്‍ തപശ്ചര്യയിലായിരുന്നുവല്ലോ. തത്ഫലമായി ലക്ഷ്മണന്റെ മനസ്സ് സമാഹിതമാണ്-വാസനാസമ്മര്‍ദ്ദം ഇല്ലാതെ വിക്ഷേപങ്ങള്‍ നിലച്ച് ശാന്തമാണ്. ഇങ്ങനെ ശുദ്ധമായ മനസ്സാണ് തത്ത്വവിചാരത്തിന് പറ്റിയ ഉപകരണം.

അനുജന്‍ ജ്യേഷ്ഠനെ സമീപിക്കുംപോലല്ല, ശിഷ്യന്‍ ഗുരുവിനടുത്തെന്നപോലെ ലക്ഷ്ണമണന്‍ ശ്രീരാമന്നടുത്തെത്തി. ആത്മാര്‍പ്പണഭാവത്തില്‍, ഭക്ത്യാദരപൂര്‍വം ശ്രീരാമനെ പ്രണമിച്ച്, വിനയന്വിതനായി ലക്ഷ്മണന്‍ പറഞ്ഞു:

ത്വം ശുദ്ധബോധോളസി ഹി സര്‍വദേഹിനാം
ആത്മസ്യധീശോളസി നിരാകൃതിഃ സ്വയം
പ്രതീയസേ ജ്ഞാനദൃശാം മഹാമതേ!
പാദാബ്ജഭൃംഗാഹിതസംഗസംഗിനാം. (4)

ശരീരിയായ വ്യക്തിയായല്ല ശ്രീരാമനെ ലക്ഷ്മണന്‍ കാണുന്നത്. അതുല്യയോദ്ധാവും അയോദ്ധ്യാധിപതിയും ഇപ്പോള്‍ വിരഹവ്യഥ അനുഭവിക്കുന്നവനുമായ ശ്രീരാമചന്ദ്രന്‍ ലക്ഷ്മണന്റെ സ്വന്തം സഹോദരന്‍ തന്നെ. എന്നാല്‍, ഭക്തനായ ലക്ഷ്മണന്റെ സൂക്ഷ്മബുദ്ധി രാമന്റെ പരമാത്മാവിനെ ദര്‍ശിക്കുന്നു. അയാള്‍ ഈ സത്യം കാണുന്നുവെന്നു മാത്രമല്ല, വെട്ടിത്തുറന്ന് പറയുകും ചെയ്യുന്നു: ”ശുദ്ധചൈത്യമാണവിടുന്ന്. എല്ലാവരും അവരവരുടെ അനുഭവങ്ങളെ അറിയുന്നത് അതിന്റെ പ്രകാശത്തിലാണ് ഏതൊരു പ്രജ്ഞാനത്തിന്റെ വെളിച്ചത്തിലാണോ പരിചിതങ്ങളായ എല്ലാ വിഷയജ്ഞാനങ്ങളും അനുഭവപ്പെടുന്നത്, അപരിമേയമായ ആ നിര്‍വ്വിഷയജ്ഞാനമാണ് നിന്തിരുവടി”- ത്വം ശുദ്ധബോധോളസി.

ഈ ‘ശുദ്ധബോധം’ തന്നെയാണ് ജീവികളില്‍ കുടികൊള്ളുന്ന ചൈതന്യം-സര്‍വ്വഭൂതാന്തരാത്മാവ്. ചൈതന്യം നമ്മില്‍ നിലനില്‍ക്കുന്നിടത്തോളം ശരീരമനോബുദ്ധികള്‍ പ്രവര്‍ത്തിക്കും. ജഡോപാധികളെ അസാന്നിദ്ധ്യത്തില്‍ ശാരീരികവും മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ നമ്മുടെ സര്‍വപ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നുവെന്നതിനാല്‍ അതിനെ ‘അധീശന്‍’ എന്നു പറയാം. ജഗദീശ്വരനും ഈ ആത്മാവുതന്നെയെന്നര്‍ത്ഥം.
”പരമാത്മാവായ നിന്തിരുവടി വാസ്തവത്തില്‍ അരൂപി (നിരാകൃതി)യാണ്.” പരിമിതിയുള്ളതിനേ ആകൃതിയുണ്ടാവാന്‍ തരമുള്ളൂ. ഒന്ന് മറ്റൊന്നിനാല്‍ പരിച്ഛേദിക്കപ്പെടുന്നുവെങ്കില്‍, അതിനൊരു രൂപം കാണും. എങ്ങും വ്യാപിച്ചുനില്‍ക്കുന്നുവെന്നതുകൊണ്ട് ആകാശത്തിന് ആകൃതിയില്ല. ആത്മാവ് ശരീരാദ്യുപാധികളാല്‍ പരിച്ഛേദിക്കപ്പെടാതെ അവയ്ക്കതീതനായി, നിരുപാധികനായി നിലകൊള്ളുന്നതിനാല്‍ രൂപരഹിതനത്രെ.

നിന്തിരുവടിയെത്തെന്നെ സദാ ഭജിക്കുന്നവര്‍ ശുദ്ധാന്തഃകരണന്മാരായി നിന്തിരുവടിയുടെ യഥാര്‍ത്ഥസ്വരൂപം ദര്‍ശിക്കാന്‍ സമര്‍ത്ഥമായ ജ്ഞാനദൃഷ്ടി സമ്പാദിക്കുന്നു. സ്വപ്നാവസ്ഥയില്‍ സ്വപ്നാഭിമാനി സ്വപ്നത്തെ ദര്‍ശിക്കുന്നു; സുഷുപ്തിയില്‍ സുപ്തന്‍ സുഷുപ്തിയെ ‘ദര്‍ശിക്കുന്നു.’ അതുപോലെ തുരീയാവസ്ഥയില്‍ (സമാധിയില്‍) സാധകന്‍ ശുദ്ധചൈതന്യത്തെ (ജ്ഞാനത്തെ) ‘ദര്‍ശിക്കുന്നു.’

തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ ലക്ഷ്യാര്‍ത്ഥത്തെ ഗാഢമായി വിചിന്തനം ചെയ്യുന്നതിന്റെ ചെയ്യുന്നതിന്റെ ഫലമായി മനസ്സ് അതിന്റെ പരിമിതമേഖലകളായ ‘വിഷയവികാരവിചാര’ങ്ങളെ വിട്ട് ബ്രഹ്മചിന്തനത്തില്‍ത്തന്നെ വ്യാപൃതമാവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ മനസ്സ് സൂക്ഷ്മഗ്രഹണത്തിന് സമര്‍ത്ഥ ഒരു ദിവ്യോപകരണമായി മാറുന്നു. അതത്രെ ‘ജ്ഞാനചക്ഷുസ്സ്’. പ്രസ്തുത ജ്ഞാനദൃഷ്ടികൊണ്ട് സാധകന്‍ പരമാത്മാവിനെ-ശ്രീരാമന്റെ യഥാര്‍ത്ഥസ്വരൂപത്തെ-‘ദര്‍ശിക്കുന്നു.’

അര്‍ഥവും അനര്‍ഥവും

അര്ഥത്താല്ദുഃഖമല്ലോ സര്വര്ക്കും സുഖമില്ലാ
അര്ഥവാനെന്നാല്സദാ ദുഃഖചിന്തനംതന്നെ
ഇതിനാലാത്മനാശം നരകം ഫലമെന്നു
മതിയുണ്ടെങ്കിലറിഞ്ഞീടണം മനുഷ്യരും
യശസ്സും ഗുണം പല ഗുണമെന്നിരിക്കിലും
നശിപ്പിക്കുന്നു ലോഭം ശ്വിത്രമംഗത്തെപ്പോലെ
അര്ഥമുണ്ടാക്കീടുമ്പോള്രക്ഷണേ വ്യയത്തിങ്ക-
ലര്ഥാനുഭാവത്തിങ്കലുള്ളൊരു ഫലമതും
ആയാസം ഭ്രമം നരന്മാര്ക്കിതുതന്നേയുള്ളൂ
ആയതുമല്ല കളവസത്യം കാമം ക്രോധം
മദവും ഡംഭം ദര്പ്പം വൈരവും വ്യസനവും
ഭേദവുമവിശ്വാസമസൂയ വിപരീതം
ഭയവും ഹിംസയിത്ഥം പതിനഞ്ചര്ത്ഥവും
വന്നീടുമര്ഥമൂല,മിതിലുമനര്ഥങ്ങള്
മാനവന്മാര്ക്കു തങ്ങളേതുമേയറിയാതെ
വന്നുകൂടീടും, മേന്മേല്‍; മുമുക്ഷുവായുള്ളവന്
അര്ഥവാനര്ഥാശ തന്മാനസത്തിങ്കല്നിന്ന-
ങ്ങെത്രയും ദൂരെ ത്യജിക്കണം സംശയമില്ല
ഭ്രാതൃബന്ധുക്കള്ഭാര്യ താതനെ ഇഷ്ടബന്ധു
യാതൊരു ജനത്തെയും ശത്രുവാക്കുന്നു ദ്രവ്യം.
അര്ഥത്താല്ചിലര്പുണ്യം ചെയ്തു ദേവനാകുന്നു
മാനുഷജന്മമതും സ്വാര്ഥവും ത്യജിച്ചിട്ട-
ങ്ങൂനഹീനമാം നല്ലഗതിയെച്ചേരും ചിലര്‍.
ആപത്തിന്ഭവനമാമര്ഥത്തിങ്കലേനിന്നു
ദേവര്ഷി പിതൃഭൂതജനങ്ങള്മറ്റുള്ളോര്ക്കും
വീതിച്ചീടാഞ്ഞാലധഃപതിച്ചു വെറുതെ പോം
ഉത്തമകുശലന്മാര്സര്വവുമുപേക്ഷിച്ചും
മുക്തിയെസാധിക്കുന്നു മൂഢര്സാധിക്കയില്ല.
അതിനാലര്ഥത്തിനാല്വിദ്വാനും വൃഥാക്ലേശം
ഭവിച്ചീടുന്നു സുഖത്തിങ്കലിച്ഛയാതന്നെ
കേവലാത്മാവുതന്റെ മായാമോഹത്താല്നൂനം
കേവലജ്ഞാനമുള്ളിലേതുമില്ലായ്കയാലെ
കര്മ്മമൂലമായ് മൃത്യുതന്നാലെ ഗ്രസ്തമായ
ജന്മത്താലെന്തു ഫലം ജന്മികളായുള്ളോര്ക്കും?
വേണ്ടതെന്തെന്നാല്മോക്ഷം ജന്മികള്ക്കെല്ലാം നൂനം
സകലഗുണംവരും ഭഗവല്പ്രസാദത്താല്
സകലക്ലേശമായ സംസാരം കടക്കേണം
അതിന് മറ്റൊന്നിനാല്വഴിയുമുണ്ടായ്വരാ.


-ശ്രീമഹാഭാഗവതം കിളിപ്പാട്ട് (എഴുത്തച്ഛന്‍)




നീതിശതകം


ശക്യോ വാരയിതും ജലേന ഹുതഭുക്
ശൂര്‍പ്പേണ സൂര്യാതപോ
നാഗേന്ദ്രോ നിശിതാംകുശേന സമദോ
ദണ്ഡേന ഗോഗര്‍ദഭൗ
വ്യാധിര്‍ഭേഷജസംഗ്രഹൈശ്ച
വിവിമെധെര്‍മന്ത്രപ്രയോഗൈര്‍വിഷം
സര്‍വസ്യൗഷധമസ്തി ശാസ്ത്രവിഹിതം
മൂര്‍ഖസ്യ നാസ്ത്യൗഷധം


അഗ്‌നി വെള്ളംകൊണ്ടും, സൂര്യന്റെ ചൂട് മുറംകൊണ്ടും, മദിച്ചിരിക്കുന്ന ഗജശ്രേഷ്ഠന്‍ മൂര്‍ച്ചയേറിയ തോട്ടികൊണ്ടും, പശുവും കഴുതയും വടികൊണ്ടും രോഗങ്ങള്‍ ഔഷധസംഗ്രഹങ്ങളെ (ദ്രാവകം, ലേഹ്യം, ഗുളിക, പൊടി എന്നിവകളെ)ക്കൊണ്ടും, വിഷം മന്ത്രപ്രയോഗങ്ങളെക്കൊണ്ടും തടയുന്നതിനെ സാധിക്കുന്നു. ശാസ്ത്രങ്ങളില്‍ വിധിക്കപ്പെട്ടിരിക്കുന്ന പ്രതിക്രിയകളാല്‍ എല്ലാറ്റിനേയും നിവാരണം ചെയ്‌വാന്‍ കഴിയുന്നുണ്ട്. എന്നാല്‍ മൂര്‍ഖനു ഒരൗഷധവും പറ്റുകയില്ല.

ഭര്‍ത്തൃഹരി




Saturday, March 4, 2017

നാരായണ ഹരേ നാരായണ ഹരേ നാരായണ

നാവെന്തിനു തന്നു ഭഗവാൻ

 നാരായണ നാമം പാടാൻ

കാതെന്തിനു തന്നു ഭഗവാൻ

നാരായണ ഗീതം കേൾക്കാൻ

കണ്ണെന്തിനു തന്നു ഭഗവാൻ

നാരായണ രൂപം കാണാൻ

കയ്യെത്തിനു തന്നു ഭഗവാൻ

നാരായണ പാദം തഴുകാൻ

കാലെന്തിനു തന്നു ഭഗവാൻ

നാരായണ സവിധം ചെല്ലാൻ

പൂവെന്തി നു തന്നു ഭഗവാൻ

നാരായണ പൂജകൾ ചെയ്യാൻ

നാരായണ ഹരേ നാരായണ ഹരേ നാരായണഹരേ നാരായണ

നാരായണ കൃപയില്ലെങ്കിൽ
നാടില്ല... കാടില്ല.....

നാളില്ല നാളയുമില്ല നാരായണ ശരണം ശരണം

നാരായണ ഹരേ നാരായണ ഹരേ നാരായണ

നാം തന്നെ ഉത്തരവാദി - ശുഭചിന്ത


അമൃതവാണി

മറ്റു പലതിലും ഏറ്റവും പിന്നിലാണെങ്കിലും മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളീയര്‍ വളരെ മുന്നിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ഒളിമ്പിക്‌സില്‍ മദ്യപാന മത്സരം നടത്തിയാല്‍ കേരളം എല്ലാ വിഭാഗങ്ങളിലും തീര്‍ച്ചയായും സ്വര്‍ണം നേടും. റെക്കോഡും സ്ഥാപിക്കും. എത്രയെത്ര മദ്യദുരന്തങ്ങള്‍ ഈ മണ്ണിലുണ്ടായി? എത്രയെത്ര കുടുംബങ്ങള്‍ അനാഥമായി? എന്നിട്ടും ഈ മഹാവിപത്തിനെ വീണ്ടും നാം വിളിച്ചുവരുത്തുന്നല്ലോ!

അമിതവേഗത്തില്‍ വണ്ടിയോടിച്ചാല്‍ പിഴയടയ്ക്കണം. വിദേശരാജ്യങ്ങളില്‍ മൂന്നുതവണ ഒരാള്‍ പിടിക്കപ്പെട്ടാല്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ് തന്നെ റദ്ദാക്കും. അതുപോലെ, അനാശാസ്യ കാര്യങ്ങള്‍ക്കായി സെല്‍ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദ്രോഹംചെയ്യുന്ന അമിതമദ്യപാനവും ശിക്ഷാര്‍ഹമാക്കണം. മദ്യപാനത്തെപ്പോലെ മനുഷ്യനെ നശിപ്പിക്കുന്ന ശീലങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം.

അതുപോലെ തട്ടിപ്പുസംഘങ്ങളും ക്വട്ടേഷന്‍സംഘങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം സൈ്വരവിഹാരം നടത്തുന്നു. പട്ടാളത്തില്‍ ആെള എടുക്കുന്നതുപോലെ ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇവിടെ ആളുകളെ തിരഞ്ഞെടുക്കുന്നു. യുവാക്കളുടെ ജീവിതമാണ് ഇവിടെയും ഹോമിക്കപ്പെടുന്നത്.

ഇത്ര ഭീകരമാണ് നമ്മുടെ ലോകം എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതാണ് സത്യം. ഈ അവസ്ഥ എങ്ങനെയുണ്ടായി? ഇതിനുത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണോ? ഇപ്പോഴത്തെ ഈ അവസ്ഥയുടെ പൂര്‍ണ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്. അതിന് മറ്റൊന്നിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രകൃതിനിയമങ്ങളും സദാചാരമൂല്യങ്ങളും പാലിക്കാതെയുള്ള മനുഷ്യന്റെ ജീവിതമാണ് ഇതിന്റെ അടിസ്ഥാന കാരണം.

ഗോവിന്ദാഷ്ടകം - ശ്രീകൃഷ്ണസ്തുതികൾ


സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രങ്ഗണരിങ്ഖണലോലമനായാസം പരമായാസം
മായാകല്പിതനാനാകാരമനാകാരം ഭുവനാകാരം
ക്ഷ്മായാ നാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം

മൃത്‌സ്നാമത്സീഹേതി യശോദാതാഡനശൈശവ സംത്രാസം
വ്യാദിതവക്ത്രാലോകിതലോകാലോകചതുര്‍ദ്ദശലോകാലിം
ലോകത്രയപുരമൂലസ്തംഭം ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത ഗോവിന്ദം പരമാനന്ദം

ത്രൈവിഷ്ടപരിപുവീരഘ്നം ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാരമനാഹാരം ഭുവനാഹാരം
വൈമല്യസ്ഫുടചേതോവൃത്തി വിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത ഗോവിന്ദം പരമാനന്ദം

ഗോപാലം പ്രഭുലീലാവിഗ്രഹ ഗോപാലം കുലഗോപാലം
ഗോപീഖേലനഗോവര്‍ദ്ധനധൃതി ലീലാലാളിത ഗോപാലം
ഗോഭിര്‍ന്നിഗദിത ഗോവിന്ദസ്ഫുടനാമാനം ബഹുനാമാനം
ഗോപീഗോചരപഥികം പ്രണമത ഗോവിന്ദം പരമാനന്ദം

ഗോപീമണ്ഡലഗോഷ്ഠീഭേദം ഭേദാവസ്ഥമഭേദാഭം
ശശ്വദ് ഗോഖുരനിര്‍ദ്ധൂതോദ്ധതധൂളീധൂസരസൌഭാഗ്യം
ശ്രദ്ധാഭക്തിഗൃഹീതാനന്ദമചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത ഗോവിന്ദം പരമാനന്ദം

സ്നാനവ്യാകുലയോഷിദ്‌വസ്ത്രമുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്‌വസ്ത്രാഹ്യുപുദാതുമുപാകര്‍ഷന്തം
നിര്‍ദ്ധൂതദ്വയശോകവിമോഹം ബുദ്ധം ബുദ്ധേരന്തസ്ഥം
സത്താമാത്രശരീരം പ്രണമത ഗോവിന്ദം പരമാനന്ദം

കാന്തം കാരണകാരണമാദിമനാദിം കാലമനാഭാസം
കാളിന്ദീഗതകാളിയശിരസി മുഹുർനൃത്യന്തം നൃത്യന്തം
കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം

വൃന്ദാവനഭുവി വൃന്ദാരകഗണവൃന്ദാരാധ്യം വന്ദേഹം
കുന്ദാഭാമലമന്ദസ്മേര സുധാനന്ദം സുഹൃദാനന്ദം
വന്ദ്യാശേഷമഹാമുനിമാനസ വന്ദ്യാനന്ദപദദ്വന്ദ്വം
വന്ദ്യാശേഷഗുണാബ്ധിം പ്രണമത ഗോവിന്ദം പരമാനന്ദം

ഗോവിന്ദാഷ്ടകമേതദധീതേ ഗോവിന്ദാര്‍പ്പിതചേതാ യോ
ഗോസിന്ദാച്യുത മാധവ വിഷ്ണോ ഗോകുലനായക കൃഷ്ണേതി
ഗോവിന്ദാങ്ഘ്രിസരോജദ്ധ്യാനസുധാജലധൌതസമസ്താഘോ

ഗോവിന്ദം പരമാനന്ദാമൃതമന്തഃസ്ഥം സ തമഭ്യേതി

തോൽപ്പാവക്കൂത്തിന്റെ യുദ്ധകഥ

Image result for തോല്‍പ്പാവക്കൂത്ത്


നൂല്‍പ്പാവക്കളിക്ക് പലയിടത്തും പ്രത്യേകം തിയറ്ററുകള്‍ (രംഗവേദി) ഉണ്ട്. എന്നാല്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാന്‍ പ്രത്യേക കൂത്തുമാടങ്ങള്‍ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലേയുള്ളൂ.
തോല്‍പ്പാവക്കൂത്ത് ഏറെ ശ്രദ്ധേയമായ രംഗകലാവിശേഷമാണ്. ഏറെ ജനകീയമായ കലാരൂപങ്ങളിലൊന്ന്. പാവകളി, പാവക്കൂത്ത്, നിഴലനാടകം എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. ഇതിന് അതിപ്രാചീനമായ ചരിത്രമുണ്ട്. ഭാരതത്തിനു പുറമേ, യൂറോപ്പ്, ഈജിപ്ത്, ഗ്രീസ്, ജാവ, തായ്‌ലന്റ്, ഇന്തോനേഷ്യ, സയാം, മാലി, ശ്രീലങ്ക, ഫിലിപ്പീന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം പണ്ടുമുതലേ പാവക്കൂത്ത് ദൃശ്യവേദിയുടെ ഭാഗമായിരുന്നു.

ക്രിസ്തുവിന് 1000 വര്‍ഷംമുമ്പേ, ഇന്നത്തെ സിനിമയ്‌ക്കൊപ്പം പ്രചാരമുണ്ടായിരുന്നു പാവകളിക്കെന്ന് പുരാതനരേഖകളില്‍ പറയുന്നു. നൂല്‍പ്പാവക്കളിക്ക് പലയിടത്തും പ്രത്യേകം തിയറ്ററുകള്‍ (രംഗവേദി) ഉണ്ട്. എന്നാല്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാന്‍ പ്രത്യേക കൂത്തുമാടങ്ങള്‍ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലേയുള്ളൂ. അവയുടെ കാലപ്പഴക്കം അതിലേറെ വിസ്മയിപ്പിക്കുന്നതാണ്. നിഴലും വെളിച്ചവും ഇടകലര്‍ത്തി, രംഗവേദിയില്‍ നടത്തപ്പെടുന്ന ദൃശ്യ പ്രകടനമാണിത്. രാമായണ-മഹാഭാരത കഥകളുടെ അതിവിദഗ്ധമായ ഈ ദൃശ്യപ്രകടനം ഉത്സവകാല രാത്രികളില്‍ ആസ്വദിക്കാനെത്തുന്ന വന്‍ജനവിഭാഗം ഒരുകാലത്തുണ്ടായിരുന്നു. ഇന്നും ചിലെടങ്ങളിലുണ്ട്. ആചാരവും അനുഷ്ഠാനവുമായി വിശ്വാസത്തിന്റെ ഭാഗമായി, നാട്ടുസംസ്‌കാരത്തോടൊപ്പം തോല്‍പ്പാവക്കൂത്ത് ഇന്നും ചേര്‍ന്നു നില്‍ക്കുന്നു.

നാലുവിധം പാവകളി ലോകത്ത് നിലവിലുണ്ടെങ്കിലും ഇതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ കുറവാണ്, എന്നല്ല ഇല്ലെന്നുതന്നെ പറയാം.’ദി ഹോം ഓഫ് ദ പപ്പറ്റ് പ്ലേ’ (1902) എന്ന റിച്ചാര്‍ഡ് പിസ്‌കലിന്റെ പുസ്തകത്തില്‍ ഭാരതത്തിലാണ് പാവകളിയുടെ ഉത്ഭവം എന്നു രേഖപ്പെടുത്തുന്നു. ചിലര്‍ ഇത് ശരിയല്ലെന്നു വാദിക്കുന്നുണ്ട്. ചൈനയിലോ ഗ്രീസിലോ ആയിരിക്കാം പാവകളിയുടെ ഉത്ഭവം എന്നാണവര്‍ പറയുന്നത്.
പുരാതന ഈജിപ്തില്‍ ചെറിയ പാവകളെ നിര്‍മിച്ച് സ്ത്രീകള്‍ വിശുദ്ധഘോഷയാത്രകളില്‍ ഉപയോഗിച്ചിരുന്നതായി കാണുന്നുണ്ട്. അവ സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു.
സ്പാര്‍ട്ടാ, തെബ്‌സ്, ഏതന്‍സ് എന്നിവിടങ്ങളില്‍ വിപുലമായ കലാപ്രകടനങ്ങള്‍ നടത്തിയ ഗ്രീസിലാകട്ടെ, പാവകളിക്കാര്‍ ഏറെ പ്രശംസിക്കപ്പെട്ടതായി ചരിത്രമുണ്ട്.

പാവക്കൂത്ത് മറ്റു രാജ്യങ്ങളില്‍ വ്യാപിച്ചതിനു പിന്നില്‍ യുദ്ധത്തിന്റെ കഥയുണ്ട്. ഗ്രീസിനെ റോമക്കാര്‍ ആക്രമിച്ചപ്പോള്‍ ജീവരക്ഷയ്ക്കായി ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവരില്‍ പാവക്കൂത്ത് കലാകാരന്മാരുണുണ്ടയിരുന്നു. ജീവിതവും സമ്പാദ്യവുമായ പാവകളുമായാണ് അവര്‍ ആ രാജ്യങ്ങളിലെത്തിയത്. അങ്ങനെ പാവക്കൂത്ത് രാജ്യാന്തരങ്ങള്‍ കടക്കുകയായിരുന്നു.