ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 5, 2017

രാമായണത്തിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍



രാമായണത്തിലെ ഓരോ ഭാഗവും പ്രസക്തമാണ്. വായിക്കുംതോറും കൂടുതല്‍ ആശ്ചര്യപ്പെടുത്തുന്നവ.  ഓരോ വായനയിലും ഓരോ ഭാഗമാണ് മനസ്സിനെ സ്വാധീനിക്കുന്നത്.  എന്തോ, മനസ്സിനെ പിടിച്ചുലയ്ക്കുന്നത് ദശരഥവിയോഗം കേട്ടെത്തുന്ന ഭരതന്റെ അവസ്ഥയാണ്.

''പിതരി സ്വര്‍ഗമാപന്നേ രാമേ ചാരണ്യമാശ്രിതേ
കിം മേ ജീവിതസാമര്‍ഥ്യം പ്രവേക്ഷ്യാമി ഹുതാശനം''


ഭരതന്റെ വിലാപമാണ് - ''പിതാവ് സ്വര്‍ഗത്തെ പ്രാപിച്ചു. അച്ഛന്റെ കാലശേഷം രാജ്യഭാരം ഏറ്റെടുക്കേണ്ട ജ്യേഷ്ഠന്‍ ശ്രീരാമചന്ദ്രനാണെങ്കില്‍ വനവാസത്തിന് പോയിരിക്കുന്നു. ഈ സമയത്ത് സാമര്‍ഥ്യമില്ലാത്തവനും നിരാശ്രയനുമായ ഞാനെന്തുചെയ്യാനാണ്. ഞാന്‍ അച്ഛന്റെ ഈ ചിതയില്‍ ചാടി മരിക്കാന്‍ പോവുകയാണ്.'' പ്രിയപ്പെട്ടവരുടെ വേര്‍പാട് എത്ര വിവേകശാലിയായ മനുഷ്യനിലും ഉണ്ടാക്കുന്ന അനാഥത്വബോധവും മാനസികത്തകര്‍ച്ചയും വരച്ചുകാട്ടുകയാണ് വാല്മീകി ഭരതവിലാപത്തിലൂടെ. ഈ നഷ്ടങ്ങള്‍ക്കെല്ലാം കാരണം കൈകേയിയാണെന്നറിയുന്ന ഭരതന്‍ സര്‍വനിയന്ത്രണങ്ങളും വിട്ട് അവരോട് പൊട്ടിത്തെറിക്കുന്നു - മുന്നില്‍ നില്‍ക്കുന്നത് തന്റെ മാതാവാണെന്നുപോലും മറന്ന് !


''ഭര്‍ത്താവിനെക്കൊന്ന പാപേ മഹാഘോരേ
നിസ്ത്രപേ നിര്‍ദയേ ദുഷേ്ട നിശാചരേ
നിന്നുടെ ഗര്‍ഭത്തിലുദ്ഭവിച്ചേനൊരു
പുണ്യമില്ലാത്ത മഹാപാപി ഞാനഹോ''


ഒരു മകനും പെറ്റമ്മയോട് പറയാന്‍ മടിക്കുന്ന വിധത്തിലുള്ള കൈകേയീഭര്‍ത്സനത്തിലൂടെ, ഭരതനിലെ ദുഃഖത്തിന്റെയും മനസ്സിനേറ്റ മുറിവിന്റെയും ആഴമാണ് എഴുത്തച്ഛന്‍ കാണിക്കുന്നത്.
ലൗകികജീവിതത്തില്‍ ഒരാപ്തവാക്യംപോലെ എടുക്കാവുന്ന വസിഷ്ഠമഹര്‍ഷിയുടെ വാക്കുകളാണ് ഭരതനെ തിരിച്ചറിവിലേക്ക് നയിക്കുന്നത്.


''....ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം
ലബ്ധ്വാ പുരന്ദരാര്‍ഥാസനം ദുര്‍ലഭം''.


'' ഒരു പുരുഷായുസ്സില്‍ അനുഷ്ഠിക്കേണ്ടതും അനുഭവിക്കേണ്ടതുമെല്ലാം കഴിഞ്ഞശേഷം, അച്ഛന്‍ സ്വര്‍ഗത്തില്‍ ദേവന്മാരുടെയും ദേവേന്ദ്രന്റെയും ബഹുമാനത്തിന് പാത്രമായി കഴിയുന്നു. ഇനിയെന്തിന് അങ്ങ് ദുഃഖിക്കണം''?
രാജ്യഭാരമേല്‍ക്കാതെ, ജ്യേഷ്ഠനെ തിരിച്ചുകൊണ്ടുവരാനായി കാട്ടിലേക്ക് പുറപ്പെടുകയായിരുന്നു ഭരതന്‍. വിദൂരത്തിലുള്ള അധികാരംപോലും കൈയെത്തിപ്പിടിക്കാന്‍ വേഷം കെട്ടുന്ന, അനര്‍ഹമായ അധികാരം കൈവിടാന്‍ മടിക്കുന്ന ഇക്കാലത്ത് ഭരതകഥ കൂടുതല്‍ പ്രസക്തമാകുന്നു. വനത്തില്‍വെച്ചുള്ള ഭരതരാഘവസംവാദത്തില്‍, ശ്രീരാമചന്ദ്രന്റെ ഒരു ന്യായത്തിനും ഭരതന്‍ കീഴ്‌പ്പെടുന്നില്ല.



''യദി ത്വവശ്യം വാസ്തവ്യം കര്‍ത്തവ്യം ച പിതുര്‍വചഃ
അഹമേവ നിവത്സ്യാമി ചതുര്‍ദശ സമാഗമേ''.


പിതാവിന്റെ ആജ്ഞ നിറവേറ്റാനായി മകനെന്ന നിലയ്ക്ക്, താന്‍ 14 വര്‍ഷം കാട്ടില്‍ കഴിയാമെന്നുവരെ ഭരതന്‍ പറയുന്നു. ഒടുവില്‍ രാമാവതാരത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുമൊക്കെ വസിഷ്ഠന്‍ ഭരതനെ ബോധ്യപ്പെടുത്തുന്നു. ശ്രീരാമപാദുകങ്ങളുമായി ഭരതന്‍ മടങ്ങുന്നു. 


പതിന്നാലുവര്‍ഷം ജ്യേഷ്ഠന്റെ പാദുകങ്ങള്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ച് ഭരതന്‍ രാജ്യഭരണം നടത്തി - ലൗകികസുഖങ്ങള്‍ വെടിഞ്ഞ്. തന്റെ ആഗമനം അറിയിക്കാനായി ആദ്യം ഭരതസമക്ഷത്തേക്ക് അയയ്ക്കുന്നത് ഹനുമാനെയാണ്. ഇതിനൊരു വ്യാഖ്യാനമുണ്ടത്രെ - രാമഭക്തി ഏറ്റവുമുള്ളത് തനിക്കാണെന്ന വിചാരമുണ്ടത്രെ ഹനുമാന്. പതിന്നാലുവര്‍ഷം ജ്യേഷ്ഠനെമാത്രം മനസ്സില്‍ വിചാരിച്ച്, എല്ലാം ത്യജിച്ചുകഴിയുന്ന ഭരതന്റെ അവസ്ഥ നേരിട്ടു കാണിക്കുക വഴി രാമഭക്തനെന്ന ആഞ്ജനേയന്റെ അഹങ്കാരം ശമിപ്പിക്കലായിരുന്നുവത്രെ ശ്രീരാമചന്ദ്രന്റെ ഉദ്ദേശ്യം.

No comments:

Post a Comment