ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 4, 2017

രാമായണ മാഹാത്മ്യം


Image result for ശ്രീരാമചന്ദ്രൻ

രാമായണത്തിലെ രാമന്‍ ജഗദാശ്രയഭൂതനാണ്. ആര്‍ക്കും അഭയകരനുമാണ്. സര്‍വോപരി മാതൃകാപുരുഷോത്തമനും. ശ്രീരാമനുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാകഥാപാത്രങ്ങളും അവരവരുടെ മണ്ഡലത്തില്‍ മാതൃകകളാവുന്നതാണ് കാണുന്നത്. വിശ്വസ്ത സേവകര്‍ക്ക് മാതൃകയാവുന്ന ഹനുമാനും വീറുറ്റ നേതൃത്വത്തിന് മാതൃകയാവുന്ന സുഗ്രീവനും സഹോദര സ്‌നേഹത്തിന് മാതൃകയാവുന്ന ലക്ഷ്മണനും തുടങ്ങി ഓരോ കഥാപാത്രവും ഏതു കാലത്തിനും ഏത് സമൂഹത്തിനും മാതൃകകളായി മാറുന്നു. 


ബാലിയെ ഭയന്ന് ഋഷ്യമൂകാചലത്തില്‍ കഴിയുന്ന സുഗ്രീവനെ കണ്ടു വിവരങ്ങള്‍ മനസ്സിലാക്കിയ രഘുരാമന്‍ ആപദ്ബാന്ധവനായിത്തീരുന്നു. ബാലിയെക്കൊന്ന് രക്ഷ നല്‍കാമെന്നും പ്രതിവിധിയായി സീതാന്വേഷണാര്‍ഥം പ്രവര്‍ത്തിക്കണമെന്നും അറിയിക്കുന്നു. ഇതു കേട്ടപ്പോള്‍ ഏതാനും ദിവസം മുമ്പ് സുന്ദരിയായ ഒരു സ്ത്രീയെ ഒരു രാക്ഷസന്‍ അപഹരിച്ചുകൊണ്ട് ആകാശമാര്‍ഗത്തിലൂടെ പോകുന്നത് താന്‍ കണ്ടുവെന്നും അവള്‍ രാമാ, ലക്ഷ്മണാ എന്നു വിളിച്ച് വിലപിച്ചിരുന്നുവെന്നും തങ്ങളെ കണ്ടപ്പോള്‍ ഉത്തരീയത്തില്‍പ്പൊതിഞ്ഞ് ആഭരണങ്ങള്‍ താഴേക്ക് വലിച്ചെറിഞ്ഞുവെന്നും അതു സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും സുഗ്രീവന്‍ അറിയിക്കുന്നു. ആഭരണങ്ങള്‍ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞ രാമന് സങ്കടം സഹിക്കുവാനാവുന്നില്ല. രാമവിലാപം കേട്ട് ലക്ഷ്മണനും സുഗ്രീവനും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും രാവണനെ കൊന്ന് ദേവിയെ വീണ്ടെടുത്തുകൊള്ളാം എന്നുറപ്പു നല്‍കുകയും ചെയ്യുന്നു.  രാമന്‍ അവതാരപുരുഷനാണെങ്കിലും മനുഷ്യസഹജമായ എല്ലാ വികാരങ്ങളും ദുഃഖങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യനായാണ് രംഗത്തുവരുന്നത്. എല്ലാം ത്യജിക്കുവാനും എല്ലാം സഹിക്കുവാനുമുള്ള ആ മനസ്സിന്റെ ഭാവമാണ് രാമായണത്തിന്റെ പ്രകാശം.


ദുഃഖമൊട്ടൊന്നൊടുങ്ങിക്കഴിഞ്ഞപ്പോള്‍ ഹനുമാന്‍ ജ്വലിപ്പിച്ച അഗ്‌നിയെ സാക്ഷിനിര്‍ത്തി രാമസുഗ്രീവസഖ്യം നടക്കുന്നു. തുടര്‍ന്ന് ബാലിയും സുഗ്രീവനുമായുണ്ടായ വൈരത്തിന്റെ കഥ അറിയിക്കുന്നു; ബാലിവധത്തിനുള്ള ഒരുക്കങ്ങളും ആരംഭിക്കുന്നു. രാമനില്‍ വിശ്വാസമുണ്ടെങ്കിലും ബാലിയുടെ ശക്തിയെക്കുറിച്ചോര്‍ത്തപ്പോള്‍ സുഗ്രീവന് പിന്നെയുമൊരു സംശയം. ആ സംശയ നിവാരണാര്‍ഥമാണ് പര്‍വതം പോലെ കിടന്ന ദുന്ദുഭിയുടെ തല രാമന്‍ കാലിന്റെ പെരുവിരല്‍കൊണ്ട് തോണ്ടിയെറിയുന്നതും സപ്തസാലങ്ങള്‍ ഒരമ്പുകൊണ്ട് പിളര്‍ത്തുന്നതും. ശ്രീരാമചന്ദ്രന്‍ സാക്ഷാല്‍ ജഗന്നാഥന്‍ തന്നെയാണെന്ന് സുഗ്രീവന് ബോധ്യപ്പെടുന്നു.


ബാലിസുഗ്രീവ യുദ്ധത്തില്‍ ആദ്യം സുഗ്രീവന്‍ പരാജയപ്പെടുന്നു. സഹോദരന്മാരെ തിരിച്ചറിയാന്‍ കഴിയാതെ വന്നതിനാല്‍ ശ്രീരാമന് ഒന്നും ചെയ്യുവാനായില്ല. തുടര്‍ന്ന് ലക്ഷ്മണനണിയിച്ച മാല ധരിച്ചു കൊണ്ട് വീണ്ടും ബാലിയെ പോരിന് വിളിക്കുകയും ആ പോരില്‍ രാമന്‍ മറഞ്ഞുനിന്നമ്പയച്ച് ബാലിയെ വീഴ്ത്തുകയും ചെയ്യുന്നു. ശ്രീരാമചന്ദ്രനെ തിരിച്ചറിഞ്ഞ ബാലിയുടെ സങ്കടവും പരാതിയും വികാരതീവ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. താന്‍ എന്തു ചെയ്തിട്ടാണ് ഈ കടുംകൈ കാട്ടിയത് എന്ന് ബാലി ചോദിക്കുന്നുണ്ടെങ്കിലും എല്ലാം ധര്‍മരക്ഷാര്‍ഥം എന്ന മറുപടിയിലൊതുക്കി,  ആ ധര്‍മത്തിന്റെ വഴി ബാലി വിട്ടുപോയ കഥയോര്‍മിപ്പിക്കുന്നു. ആത്മബോധമുണര്‍ന്ന ബാലിക്ക് ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ.

നിന്നുടെ ലോകം ഗമിപ്പാന്‍ തുടങ്ങീടു-മെന്നെയനുഗ്രഹിക്കേണം, ഭഗവാനേ!

No comments:

Post a Comment