ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 15, 2017

മണ്ഡോദരി


    രാമായണത്തിൽ  വാത്മീകി അവതരിപ്പിച്ചിട്ടുള്ള ഒരു ഉത്തമ കഥാപാത്രമാണ് മണ്ഡോദരി. രാമായണത്തിലെ പ്രതിനായകനായ രാവണന്റെ പട്ടമഹിഷിയെന്നനിലയിൽ ജീവിച്ചിരുന്ന ഈ സ്ത്രീരത്നം  സൽപ്രവർത്തികൾക്ക് മാത്രമായി തന്റെ കാലം കഴിച്ചു.


   ഉത്തരരാമായണത്തിൽ മണ്ഡോദരിയുടെ പൂർവ്വചരിത്രം വിവരിച്ചിരിക്കുന്നു. കശ്യപപ്രജാപതിയുടെ പുത്രനായ മയൻ  ഒരിക്കൽ അപ്സരസ്സുകളുടെ നൃത്തം കാണാൻ ദേവലോകത്ത് ചെന്നിരുന്നു. അവിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ഹേമ എന്ന അപ്സരസിൽ മയന് അനുരാഗം തോന്നുകയും ഇന്ദ്രാദികളുടെ അനുവാദത്തോടെ ഹേമയെ വിവാഹം ചെയ്യുകയും ചെയ്തു. ഹിമവാന്റെ തെക്കേ ചെരുവിൽ ഹേമപുരം എന്ന ഒരു നഗരം സൃഷ്ടിച്ച് അവർ അവിടെ സുഖമായി വസിച്ചു. മായാവി , ദുന്ദുഭി എന്ന് രണ്ട് പുത്രന്മാരുമുണ്ടായി. ഒരു പുത്രി ജനിക്കുന്നതിനായി അവർ ഹിമവപാർശ്വത്തിലിരുന്ന് ശിവനെ തപസ്സ് ചെയ്തു.


      അന്നൊരിക്കൽ  മധുരാ എന്ന ദേവസ്ത്രീ സോമവാരവൃതം അനുഷ്ടിച്ച് ശിവനെ നമസ്കരിക്കുനതിനായി കൈലാസത്തിൽ വന്നു. പാർവ്വതീദേവി  പുത്രന്റെ പിറന്നാൾആഘോഷത്തിനായി ബ്രാഹ്മണസന്നിധിയിൽ പോയിരിക്കുക ആയിരുന്നു. ദേവി തിരികെ വന്നപ്പോൾ  ശിവന്റെ ഭസ്മം മധുരയുടെ കുചങ്ങളിൽ പറ്റിയിരിക്കുന്നത് കണ്ട് കുപിതയായി. തവളവേഷം പൂണ്ട് പന്ത്രണ്ട് വർഷം പാഴ് കിണറ്റിൽ കഴിയട്ടെ എന്ന് പാർവതി മധുരയെ ശപിച്ചു. മധുര ശാപമനുസരിച്ച് മയൻ തപസ്സ് ചെയ്യുന്നതിനടുത്തുള്ള ഒരു കിണറ്റിൽ ചെന്ന് തവളയായി ജീവിതം തുടങ്ങി. ശിവൻ ആരും അറിയാതെ അവിടെ വരികയും പന്ത്രണ്ട് വർഷത്തിന് ശേഷം അവൾ സുന്ദരിയായ ഒരു കന്യകയായി മാറുമെന്നും നിതാന്തപരാക്രമിയായ ഒരാൾ അവളെ വേൾക്കുമെന്നും ശാപമോക്ഷം കൊടുക്കുകയും ചെയ്തു. ശാപകാലം കഴിഞ്ഞ മധുര സുന്ദരിയായ ഒരു തരുണീമണിയായി കിണറ്റിൽ കിടന്ന് കരഞ്ഞു. ശബ്ദം കേട്ട് ഓടിചെന്ന മയനും ഹേമയും കൂടി അവളെ കരക്കെടുത്ത് മണ്ഡോദരി എന്ന് പേരിട്ട് വളർത്തി.


     അന്നൊരിക്കൽ ജൈത്രയാത്ര കഴിഞ്ഞ് മടങ്ങവേ രാവണൻ മയനെ സന്ദർശിച്ചു. സുന്ദരിയായ മണ്ഡോദരിയെ കണ്ട രാവണൻ അവളിൽ അനുരക്തനാവുകയും വിധിപ്രകാരം വിവാഹം ചെയ്ത് ലങ്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.


   മണ്ഡോദരിയുടെ സ്വഭാവ വൈശിഷ്ട്യം രാമായണത്തിൽ എടുത്തുപറയുന്നുണ്ട്. രാവണനെ ദുഷ്കൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിച്ച് സൽകർമ്മങ്ങളിലേക്ക് നയിക്കാൻ അവൾ  വളരെ ശ്രമിച്ചിരുന്നു. എന്നാൽ അവയെല്ലാം പരാജയമായിരുന്നു. ശിംശിപാവൃക്ഷച്ചുവട്ടിൽ കഴിഞ്ഞ സീതയെ സംരക്ഷിക്കുവാൻ  മണ്ഡോദരി പ്രത്യേകം ശ്രധിച്ചിരുന്നു.  ഒരിക്കൽ തന്റെ വിവാഹാഭ്യർത്ഥന നിരസിച്ച സീതയെ ശിരശ്ചേദം ചെയ്യാൻ വാളുയർത്തിയ രാവണനെ മണ്ഡോദരി അനുനയിപ്പിച്ച് മണ്ടത്തരത്തിൽ നിന്നും പിൻമാറ്റി സീതയെ രക്ഷിച്ച കഥ രാമായണത്തിൽ വിവരിക്കുന്നുണ്ട്.



    സ്വഭാവസൗകുമാര്യം പോലെതന്നെ ശരീരസൗന്ദര്യത്തിലും മണ്ഡോദരി അഗ്രഗണ്യയായിരുന്നു. ശിവാനുഗ്രഹത്താൽ കിട്ടിയ രൂപലാവണ്യം ഹനുമാനെ പോലും അതിശയിപ്പിച്ചതായി രാമായണം വിവരിക്കുന്നുണ്ട്.രാവണന്റെ ഉറക്കറയിൽ പ്രവേശിച്ച ഹനുമാൻ  മണ്ഡോദരിയെ കണ്ട്" സീതയാണന്ന് നണ്ണിപ്പോയ് രൂപയൗവ്വന ലക്ഷ്മിയിൽ" എന്നാണ് വാത്മീകി പ്രസ്താവിച്ചിരിക്കുന്നത്..


   ഭർതൃു പരിലാളനത്തിലും മാതൃകയായിരുന്നു മണ്ഡോദരി. സ്ത്രീരത്നം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന  ഉത്തമകഥാപാത്രമായിട്ടാണ്  രാമായണത്തിൽ മണ്ഡോദരിയെ അവതരിപ്പിച്ചിരിക്കുന്നത്.



രാജശേഖരൻ നായർ, പാലാ.

No comments:

Post a Comment