ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 18, 2021

സദ്ഗമയ ആർഷവാണി , ശുഭചിന്ത




കുസുമം വര്‍ണ്ണ സമ്പന്നം  ഗന്ധഹീനം ന ശോഭതേ ।

ന ശോഭതേ ക്രിയാഹീനം മധുരം വചനം തഥാ ॥


എത്രയധികം വര്‍ണ്ണപ്പകിട്ട്  നിറഞ്ഞതാണെങ്കിലും  സുഗന്ധം ഇല്ലാത്ത പുഷ്പത്തിന് ഒരു വിലയും ഇല്ല


അതു പോലെ  വാക്കുകള്‍ എത്ര മധുരങ്ങളായാലും  അവയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തികള്‍ ഇല്ലെങ്കില്‍  ആ വാക്കുകള്‍ക്ക് എന്താണ് വില?


പൊള്ളയായ വാക്കുകള്‍ നിറഞ്ഞു തുളുമ്പുന്ന ലോകത്തില്‍ ആണ് നാം കഴിഞ്ഞുകൂടുന്നത് എന്നത് ഒരു  ദുഃഖസത്യമാണ്.

കഥാകൗതുകം 37 / കഥ - 9 യയാതി - ഭാഗം - 3



കഥ - 9 യയാതി - ഭാഗം - 3



യയാതി പൂരുവിനോട് ചോദിച്ചു. "മകനേ പൂരു, നീ എനിക്ക് പ്രിയപ്പെട്ടവനാണ്. ശുക്രന്റെ ശാപം കാരണം എനിക്കിപ്പോൾ ജരയും നരയും വന്നുപെട്ടിരിക്കുന്നു. യൗവനം ആസ്വദിച്ച് തൃപ്തിയുമായില്ല. നിന്റെ യൗവനം എനിക്ക് തരിക. കുറേക്കാലം കഴിഞ്ഞാൽ നിന്റെ യൗവനം തിരിച്ചു തന്ന് എന്റെ ജര പാപങ്ങളോടുകൂടി ഞാൻ തിരിച്ചു വാങ്ങിക്കൊള്ളാം." ഇത് കേട്ട് പൂരു അച്ഛനോട് പറഞ്ഞു: "അച്ഛൻ വിഷമിക്കേണ്ട. പിതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് പുത്രന്മാരുടെ കടമയാണ്. എന്റെ യൗവനം അച്ഛൻ സ്വീകരിച്ച് യഥേഷ്ടം കാമസുഖങ്ങൾ അനുഭവിച്ചാലും."



പൂരുവിന്റെ വാക്കുകൾകേട്ട് യയാതിക്ക് സന്തോഷമായി. അദ്ദഹം ശുക്രാചാര്യരെ സ്മരിച്ച് തന്റെ ജര പൂരുവിന് നൽകി, അവന്റെ യൗവനം സ്വീകരിച്ചു. രാജാവ് കാമഭോഗങ്ങൾ ആവോളം ആസ്വദിച്ച് കൊണ്ട് രാജ്യം ഭരിച്ചു. യയാതി മഹാനായ രാജാവായിരുന്നു. അദ്ദേഹം ധർമ്മത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ രാജ്യപാലനം നടത്തി. വർഷങ്ങൾ കടന്നുപോയി. കാമാനുഭവങ്ങൾ കൊണ്ട് കാമത്തെ ഒരിക്കലും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് ബോദ്ധ്യമായ രാജാവ് പൂരുവിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: "മകനേ, കാമമോഹിതന്റെ വിവേകശക്തി ദുർബലമായിരിക്കും. വിവേകശക്തി ദുർബലമായാൽ നന്മതിന്മകളും ശരിതെറ്റുകളും സത്യാസത്യങ്ങളും തിരിച്ചറിയാൻ കഴിയാതെവരും. ഞാൻ നിന്റെ ത്യാഗത്തിൽ സന്തോഷിക്കുന്നു. യൗവനം നീ തിരിച്ചു വാങ്ങുക. ഞാൻ ഇനി രാജ്യകാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. ഇനി മുതൽ നീയാണ് രാജ്യം ഭരിക്കേണ്ടത്.



തുടർന്ന് യയാതി മഹാരാജാവ് രാജകുമാരന് ഇങ്ങനെ ഉപദേശം നൽകി. "പ്രിയപുത്രാ, നിനക്ക് കോപം അരുത്. കോപം എപ്പോഴും അനർത്ഥകാരിയാണ്. നിന്നെ ശകാരിക്കുന്നവന്നെ തിരിച്ചങ്ങോട്ടും ശകാരിക്കാതെ സംയമനം പാലിച്ചുനോക്കൂ. നിന്റെ ക്ഷമ ശകാരിക്കുന്നയാളുടെ കോപത്തെ തണുപ്പിക്കും. നിന്ദിക്കുന്നവന്റെ സുകൃതത്തെ ക്ഷമാവാൻ നേടുകയും ചെയ്യും. മർമ്മത്തിൽ കുത്തുന്ന ക്രൂരമായ വാക്കുകൾ ആരോടും പ്രയോഗിക്കരുത്. മറ്റുള്ളവർക്ക് മനോവേദനയുണ്ടാക്കുന്ന വാക്ക് ഹിംസയാണ്; പാപമാണ്. ഒരു ശരമേറ്റാൽ വേദന താൽക്കാലികമാണ്. എന്നാൽ ക്രൂരമായ വാക്കുകളാകുന്ന ശരമേറ്റാൽ രാവും പകലും വേദനയായിരിക്കും. ജീവികളിൽ കാരുണ്യവും സൗഹാർദ്ദവും ദാനവും മധുരഭാഷണവും ഈ മഹത്തായ കാര്യങ്ങളെക്കാൻ വലുതായ ഈശ്വരസേവ വേറെയില്ല."



"അതുകൊണ്ട് പ്രിയപ്പെട്ട പൂരു, നല്ല വാക്ക് പറയുക, പരുഷവാക്ക് പറയാതിരിക്കുക, പൂജ്യരെ ബഹുമാനിക്കുക, യഥാശക്തി ദാനം ചെയ്യുക, ആരോടും ഒന്നും ഇരക്കാതെ ജീവിക്കുക." രാജാവ് ഇങ്ങനെ പറഞ്ഞത് കേട്ട് പൂരു അച്ഛനെ സാഷ്ടാംഗനമസ്കാരം ചെയ്തു. യയാതിയാകട്ടെ മകനെ അനുഗ്രഹിച്ചു കൊണ്ട് വാനപ്രസ്ഥത്തിനായി വനത്തിലേക്ക് യാത്രയായി.



തുടരും......

വിജയകുമാർ


©സദ്ഗമയ സത്സംഗവേദി

Saturday, January 2, 2021

കഥാകൗതുകം 31 / പൂതന



കഥ 7 - ഭാഗം 3


പൂതന


വാമനാവതാരത്തിൽ ഭഗവാൻ, മഹാബലിയെ അനുഗ്രഹിച്ച് സുതലത്തിലേക്കയച്ചു; പലരും പറയുന്നത് പോലെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയല്ല ചെയ്തത്. മഹാബലിയുടെ ഓമനപ്പുത്രിയാണ് രത്നമാല. വാമനൻ ഭിക്ഷ യാചിക്കാൻ വരുന്നത് രത്നമാല അന്തപ്പുരത്തിലിരുന്ന് കണ്ടു. ഓമനത്വം തുളുമ്പുന്ന മുഖവും ബാലഭാവവും അവളെ ആകർഷിച്ചു. വാമനരൂപം കണ്ടപ്പോൾ അവൾക്ക് മാതൃസഹജമായ സ്നേഹം ഉദിച്ചു. തനിക്ക് ഇതുപോലെ ഒരു പുത്രൻ ജനിച്ചെങ്കിൽ എന്നവൾ ആഗ്രഹിച്ചു. വാമനൻ സ്വന്തം പുത്രനായി പിറന്ന്, അവനെ മുലയൂട്ടുന്നതായി അവൾ സങ്കൽപ്പിച്ചു.

സർവ്വഭൂതാന്തർസ്ഥിതനാണ് ഭഗവാൻ. അങ്ങിനെയുള്ള ഭഗവാന് രത്നമാലയുടെ മനസ്സിലെന്താണെന്ന് അറിയാൻ പ്രയാസമുണ്ടായില്ല. മഹാബലി പരമഭക്തനാണ്. ഭക്തന്റെ മകളുടെ ആഗ്രഹം കണ്ടില്ലെന്ന് നടിക്കാൻ ഭഗവാനാവില്ല. അപ്പോൾ തന്നെ ഭഗവാൻ രത്നമാലക്ക് മനസാ വരം നൽകുകയും ചെയ്തു. അടുത്ത ജന്മത്തിൽ എന്നെ എടുത്ത് ലാളിക്കാനും മുലയൂട്ടാനും അങ്ങിനെ സായൂജ്യം പ്രാപിക്കാനും നിനക്ക് ഇടവരും.

ദ്വാപരയുഗത്തിൽ രത്നമാല പൂതനയായും, ഭഗവാൻ കൃഷ്ണനായും ജനിച്ചു. ഭക്തൻ ഏതേത് ഭാവങ്ങളിൽ സങ്കൽപ്പിക്കുന്നുവോ, അതാത് ഭാവത്തിൽ ഭഗവാൻ ഭക്താഭീഷ്ടം സാധിച്ചു കൊടുക്കും എന്നാണ്‌. ഭക്തിയിലൂടെയുള്ള മുക്തിക്ക് നാലു ഘട്ടങ്ങളുണ്ട്. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിവയാണവ. രത്നമാല ഇവ നാലും ആഗ്രഹിച്ചു. അഗ്നിയെ അറിഞ്ഞുകൊണ്ട് തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും എന്ന് പറഞ്ഞത് പോലെ അറിയാതെയാണെങ്കിലും പൂതന മൂന്ന് ഘട്ടങ്ങൾ കടന്ന് സായൂജ്യമുക്തി നേടി. അതുപോലെ ഭഗവാനെ സദ്ഭാവത്തിൽ ഭജിച്ചാലും കുഭാവത്തിൽ ഭജിച്ചാലും ഭഗവാൻ മോക്ഷം നൽകും. എത്ര നീചഭാവമുണ്ടായിരുന്നാലും ഭഗവാന്റെ സാന്നിദ്ധ്യമോ, ദർശനമോ, സ്പർശനമോ ഉണ്ടായാൽ പാപമോചനം വരുകതന്നെ ചെയ്യും.


അവസാനിച്ചു


കഥാവലംബം: ഗർഗ്ഗസംഹിത


വിജയകുമാർ

©സദ്ഗമയ സത്സംഗവേദി

Friday, January 1, 2021

ഭജഗോവിന്ദം - ഭാഗം 30



ഗോവിന്ദാ ഹരിഗോവിന്ദാ


29. സുഖതഃ ക്രിയതേ രാമാഭോഗഃ
പശ്ചാത് ഹന്ത ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!



സാരം :-

സുഖാനുഭവങ്ങൾക്കായി മനുഷ്യർ സ്ത്രീസംഭോഗത്തിൽ മുഴുകുന്നു. കഷ്ടം! തത്ഫലമായി ശരീരത്തിൽ രോഗങ്ങൾ പിടിപെടുന്നു.അവസാനം ,എല്ലാവർക്കും മരണം തന്നെയാണ് ശരണം. എന്നാലും മനുഷ്യർ പാപകർമ്മങ്ങൾ ഉപേക്ഷിക്കുന്നില്ലല്ലോ! ഹേ! മൂഢബുദ്ധേ! ഗോവിന്ദനിൽ അഭയം തേടൂ, ഗോവിന്ദനെ ഭജിക്കൂ!


       ഭൗതികസുഖങ്ങളിൽ സന്തോഷംകണ്ടെത്തുന്ന മനുഷ്യർ തങ്ങളുടെ ജീവിതം ഭഗവാനെ സ്മരിക്കാതെ വൃഥാവിലാക്കുന്നതിനെപ്പറ്റിയാണ് ആചാര്യർ വ്യാകുലതയോടെ ഇവിടെ പറയുന്നത്.അന്യസ്ത്രീകളുമായുള്ള സംസർഗ്ഗമാണ് സന്തോഷം എന്നു കരുതുന്നവർ സ്വയം രോഗംവരുത്തി അവസാനം മരണത്തിലേക്കെത്തുകയാണ്ചെയ്യുന്നത്. ജനിച്ചവർക്കെല്ലാം മരണം അനിവാര്യമാണെന്നിരിക്കെ,പാപകർമ്മങ്ങളിൽമാത്രംഏർപ്പെട്ട് ജന്മം പാഴാക്കുന്നതിനെപ്പറ്റിയാണ് ഈ ശ്ലോകം എടുത്തുപറയുന്നത്. ഇതൊന്നുമല്ല,യഥാർത്ഥമായ പരമാനന്ദം അനുഭവിക്കണമെങ്കിൽ ഭഗവാനെ സ്മരിക്കണം, നന്നായി ഭജിക്കണം, ഭഗവന്നാമസങ്കീർത്തനം ചെയ്യണം, അങ്ങിനെ മുക്തിനേടണം, അതാണ് യഥാർത്ഥ ആനന്ദം.


ഈ തത്ത്വത്തെ ഒന്നുകൂടി വിശദമാക്കാനായി ശ്രീമദ് ഭഗവദ്ഗീതയിലെ രണ്ടു ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിക്കാം.

7/27

ഇച്ഛാദ്വേഷസമുത്ഥേന
ദ്വന്ദ്വമോഹേന ഭാരത !
സർവ്വഭൂതാനി സമ്മോഹം
സർഗ്ഗേ യാന്തി പരന്തപ!

സാരം...

ഹേ! ഭരതകുലജാതനായ അർജ്ജുനാ ! ഇച്ഛ, ദോഷം എന്നിവയാലുണ്ടാകുന്ന ദ്വന്ദ്വമോഹത്താൽ സർവ്വഭൂതങ്ങളും സൃഷ്ടിഗതിയിൽ സമ്മോഹാധീനരായിത്തീരുന്നു.

7/28

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകർമ്മണാം
തേ ദ്വന്ദ്വമോഹനിർമ്മുക്താ
ഭജന്തേ മാം ദൃഢവ്രതാഃ

സാരം...

എന്നാൽ പുണ്യചരിതന്മാരും, പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരും ആയ ജനങ്ങൾ,ദ്വന്ദ്വമോഹത്തിൽനിന്ന് മുക്തരായും ദൃഢവ്രതരായും എന്നെ ഭജിക്കുന്നു.

      ഭൗതികമായ വിഷയസുഖങ്ങളിൽ പെട്ടു പോകുന്നവരെപ്പറ്റിയാണ് ഭഗവാൻ ഇവിടെ പറയുന്നത്.മോഹങ്ങളകന്ന് പാപംനശിച്ചവർക്കും, പുണ്യവാന്മാർക്കും ഭഗവാങ്കൽ ഭജിക്കാനും മുക്തിനേടാനും സാധിക്കുമെന്നും ഭഗവാൻ പറയുന്നു.അതുപോലെതന്നെ,ഭൗതികവിഷയസുഖങ്ങൾക്കടിമപ്പെട്ടവരെക്കുറിച്ചാണ് ശങ്കരാചാര്യർ മുകളിലെ ശ്ലോകത്തിൽ സൂചിപ്പിച്ചത്, അവർക്കും മരണം അനിവാര്യമാണെന്നറിഞ്ഞിട്ടും പാപകർമ്മങ്ങൾ ഉപേക്ഷിക്കാനാവുന്നില്ലല്ലോ എന്നാണ് അദ്ദേഹം ആശങ്കപ്പെടുന്നത്.ഇതിൽനിന്നും മോചനംനേടിയാൽ മാത്രമേ ഭഗവദ്പ്രാപ്തി നേടാനാവുകയുള്ളൂ എന്നതാണ് പരമാർത്ഥം.
ഹരേ കൃഷ്ണാ ....


സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം
ഗോവിന്ദാ .. ഹരിഗോവിന്ദാ...



 തുടരും ....





ചിന്താമണി വിശ്വനാഥൻ


സദ്ഗമയസത്സംഗവേദി

Tuesday, November 10, 2020

ദീപാവലി # 03





പ്രകൃത്യേന ലയതേ ഇതി പ്രലയ:'' ആദിമ മൂലപ്രകൃതിയില്‍ തിരികെ ലയിക്കുന്ന പ്രക്രിയയാണ്‌ പ്ര-ലയം= പ്രളയം. ഈ ദിവസം അഥവാ മുഹൂര്‍ത്തമാണ്‌ കാലരാത്രി എന്നറിയപ്പെടുന്നത്‌. നാം അത്‌ പറഞ്ഞുപറഞ്ഞ്‌ കാളരാത്രി എന്നാക്കി മാറ്റി. കാലത്തിന്റെ രാത്രിയാണ്‌ കാലരാത്രി. അതായത്‌ കാലത്തിന്റെ അവസാനം. ഇങ്ങനെ ഒരു കാലരാത്രിക്കുശേഷം അനന്തനിദ്രയാണ്‌ തുടര്‍ന്നു വരുന്നത്‌. ആ മഹാനിദ്രയില്‍ സകലതും ഈ ബിന്ദുവില്‍ ലയിച്ചുകിടക്കുന്നു. ആ ദീര്‍ഘ നിദ്രയെത്തുടര്‍ന്ന്‌ വീണ്ടും വിസ്‌ഫോടനം നടക്കുന്നു. ഇങ്ങനെ പ്രപഞ്ചസൃഷ്‌ടിയുടെ ആദിയില്‍ ഉണ്ടായ വിസ്‌ഫോടനമാണ്‌ ദീപാവലി. അവിടത്തെ ദീപങ്ങള്‍ മണ്‍ചിരാതുകള്‍ ആയിരുന്നില്ല. ഗാലക്‌സികളും അതിലെ അനന്തകോടി നക്ഷത്രഗണങ്ങളും ആയിരുന്നു. അവ വരാനിരിക്കുന്ന വിസ്‌മയസൃഷ്‌ടി മുഹൂര്‍ത്തങ്ങളെത്തന്നെ വരവേല്‍ക്കുകയാണ്‌ ചെയ്‌തത്‌. കാലമാകുന്ന വീഥിയുടെ ഇരുവശങ്ങളിലും വിശ്വനാഥനാല്‍ തെളിക്കപ്പെട്ട ദീപങ്ങളുടെ കാഴ്‌ചയാണ്‌ താരാവ്യൂഹങ്ങള്‍.
ദീര്‍ഘകാലത്തെ തമോനിദ്ര അഥവാ ഹിമയുഗത്തിനുശേഷം സൃഷ്‌ടിയുടെ ആരംഭം കുറിക്കുന്ന വിസ്‌ഫോടനമാകുന്ന പ്രകാശാവലി തന്നെയാണ്‌ ദീപാവലി.



അങ്ങനെ ദീപാവലി ആഘോഷിക്കുന്നതിലൂടെ നാം പ്രപഞ്ചാരംഭം തന്നെയാണ്‌ ആഘോഷിക്കുന്നത്‌. അത്‌ ഏറ്റവും വിശിഷ്‌ടമായ ഒന്നുതന്നെയാണ്‌. ആഘോഷങ്ങള്‍ എല്ലാതരത്തിലും വേണം. ദീപാലങ്കാരങ്ങള്‍, പടക്കങ്ങള്‍, മധുരദ്രവ്യങ്ങള്‍ തുടങ്ങിയവയെല്ലാം നല്ലതുതന്നെ. അതോടൊപ്പം നമ്മുടെയെല്ലാം മനസ്സില്‍ അറിവിന്റെ ദീപാവലി തെളിയേണ്ടിയിരിക്കുന്നു. നാം ആഘോഷിക്കുന്ന ദീപാവലി വാസ്‌തവത്തില്‍ നമ്മെയെല്ലാം ഉള്‍ക്കൊള്ളുകയും പരിപാലിക്കുകയും ചെയ്യുന്ന മഹാപ്രപഞ്ചത്തിന്റെ വരവറിയിക്കുന്ന ദീപക്കാഴ്‌ചയാണെന്ന സത്യം നമ്മില്‍ ജ്വലിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു.




ദീപാവലിയുടെ  പ്രപഞ്ചസത്യം

കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി കണക്കാക്കുന്നത്‌. അതായത്‌ കറുത്തവാവിന്‌ തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്‌, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്‌. വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി.


കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു.
 എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ്‌ ദീപാവലി. ഉത്തരേന്ത്യയിലാണ്‌ ദീപാവലി അതികേമമായി ആഘോഷിക്കുന്നത്‌. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു.  _ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു. ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന്‌ ആഘോഷിക്കുന്നു.


ഇങ്ങനെയും ദീപാവലി അറിയപ്പെടുന്നു



പരിവര്‍ത്തനത്തിന്റെ ദീപാവലി

ഭാരതം ഉത്സവങ്ങളുടെ നാടാണ്. ഒരു വര്‍ഷത്തിലുടനീളം എണ്ണമറ്റ ഉത്സവങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യമനസ്സിനെ ഈശ്വരസ്മരണയിലേക്കും ആത്മാന്വേഷണത്തിലേക്കും തിരിച്ചുവിടുക എന്നതാണ് ഉത്സവങ്ങളുടെ ലക്ഷ്യം. അതുപോലെതന്നെ സാംസ്‌കാരികമായ ഐക്യം ജനങ്ങളില്‍ വളര്‍ത്താനും ഉത്സവങ്ങള്‍ ഉപകരിക്കുന്നു.



 ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും, ഇരുട്ട് തിന്മയുടെയും അജ്ഞാനത്തിന്റെയും പ്രതീകമാണ്.


എല്ലാ അറിവിലും വച്ചു ശ്രേഷ്ഠം ആത്മജ്ഞാനം അഥവാ അവനവനെക്കുറിച്ചുള്ള അറിവാണ്. കാരണം മനുഷ്യന് ദുഃഖത്തില്‍നിന്നുള്ള ആത്യന്തികമായ മോചനം നല്‍കുന്നത് ആത്മജ്ഞാനം മാത്രമാണ്. ഈ അറിവിനെ നമ്മുടെയുള്ളില്‍ ഉണര്‍ത്തുക എന്നതിന്റെ പ്രതീകമായിട്ടാണ് നമ്മള്‍ ദീപാവലിയ്ക്കു ദീപങ്ങള്‍ കൊളുത്തുന്നത്. കത്തുന്ന ഒരു തിരിയില്‍ നിന്ന് ആയിരം തിരികള്‍ കൊളുത്തിയാലും ആദ്യത്തെ തിരിയുടെ പ്രകാശത്തിന് ഒരു കുറവും വരുന്നില്ല. നമ്മുടെ അറിവ് എത്രമാത്രം മറ്റുള്ളവര്‍ക്കു നാം പകര്‍ന്നുകൊടുത്താലും അത് അല്‍പംപോലും കുറയുന്നില്ലെന്ന് ഇതുനമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് അറിവിന്റെ മഹത്വം.
അതുപോലെ ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന നല്ല ചിന്തകളും, അയാളുടെ സല്‍പ്രവൃത്തികളും മറ്റുള്ളവരെയും സ്വാധീനിക്കുന്നു.



 ദീപാവലിപോലെയുള്ള ഉത്സവവേളകളില്‍ എല്ലാവരും ഒരേ മനസ്സോടെ ഈശ്വരചിന്തയില്‍ മുഴുകുന്നു, ഒന്നിച്ചു കീര്‍ത്തനങ്ങള്‍ പാടുന്നു, ഒന്നിച്ച് ആഹ്ലാദിക്കുന്നു. അതിന്റെ നല്ല തരംഗങ്ങള്‍ ചുറ്റും വ്യാപിക്കുന്നു. മറ്റുള്ളവരിലും സന്തോഷവും ഈശ്വരസ്മരണയും ഉണര്‍ത്താന്‍ അതിനു കഴിയുന്നു. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു.
വനത്തിനോടു ചേര്‍ന്ന് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ വഴിവിളക്കുകള്‍ ഒന്നുമില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ അവിടെ കൊള്ളകള്‍ വര്‍ദ്ധിച്ചു. കൊള്ളക്കാര്‍ വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നതു സ്ഥിരം സംഭവമായി. ചിലപ്പോള്‍ കൊലപാതകങ്ങളും നടന്നു. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതുകണ്ടു നാട്ടുകാര്‍ ഉദ്യോഗസ്ഥരെ സമീപിച്ച് നാട്ടില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാന്‍ അപേക്ഷിച്ചു. അവര്‍ പല തവണ അപേക്ഷകള്‍ നല്‍കിയിട്ടും മേലധികാരികളെ നേരില്‍ക്കണ്ടുപറഞ്ഞിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ക്കു യാതൊരു കുറവും സംഭവിച്ചതുമില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാള്‍ക്കു തോന്നി, തന്റെ വീടിനുമുന്നില്‍ ഒരു റാന്തല്‍വിളക്കു കത്തിച്ചുവച്ചാലോ എന്ന്! അത്രയും സ്ഥലത്തു പ്രകാശം കിട്ടുമല്ലോ!
സന്ധ്യയായപ്പോള്‍ അദ്ദേഹം തന്റെ വീടിനുമുന്നില്‍ വഴിയോടുചേര്‍ന്ന് ഒരു റാന്തല്‍വിളക്കു കത്തിച്ചു. അതു വഴിയിലൂടെ പോകുന്നവര്‍ക്ക് പ്രകാശം നല്‍കി. ഇതുകണ്ടപ്പോള്‍ അടുത്ത വീട്ടുകാരന് അതു നല്ല ഭംഗിയുള്ളതായിത്തോന്നി. അദ്ദേഹവും തന്റെ വീടിനുമുന്നിലെ വഴിയരികില്‍ ഒരു റാന്തല്‍ വിളക്കു കത്തിച്ചുവച്ചു. ഇതുകണ്ട് അടുത്തവീട്ടുകാരും അതുതന്നെ ചെയ്തു. അങ്ങനെ എല്ലാ വീട്ടുകാരും വീടിനുമുന്നില്‍ റാന്തല്‍വിളക്കു കത്തിച്ചുവച്ചു. അതോടെ ആ ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതെയായി. കള്ളന്മാരുടെ ശല്യവും കുറഞ്ഞു.


 ഒരാളില്‍നിന്നാരംഭിച്ച സദ്പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായി.

ദീപാവലി - 02




അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ


ധന ത്രയോദശി

ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.


നരക ചതുർദശി

ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.



ലക്ഷ്മി പൂജ

ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.



ബലി പ്രതിപദ

കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം.
ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.



ഭാതൃ ദ്വിതീയ

ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം
തമോനിദ്രയിൽ സൃഷ്‌ടിയുടെ ആരംഭം കുറിക്കുന്ന വിസ്‌ഫോടനമാകുന്ന പ്രകാശാവലി


കാര്‍ത്തികമാസമെന്നത്‌ ശരത്‌കാലത്തിന്റെ സവിശേഷ കാലഘട്ടമാകുന്നു. ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ ഭൂമിയിലെ ജീവിതാവസ്‌ഥകള്‍ മാറിമാറി വരുന്നത്‌ കാണാം. പ്രപഞ്ചപരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഈ ജീവിതാവസ്‌ഥകളിലും നിഴലിക്കുന്നത്‌ നമുക്ക്‌ കാണാനാകും. സൃഷ്‌ടിയുടെ ആദിയില്‍ അവര്‍ണ്ണനീയമായ ശൂന്യതയും അന്ധകാരവും ഒരേയൊരു ബിന്ദുവില്‍ വിലയംപ്രാപിച്ച അവസ്‌ഥയെ കാണിക്കുന്നു.
 ആധുനികശാസ്‌ത്രം പ്രപഞ്ചാരംഭം ബിഗ്‌ബാങ്ങ്‌ തിയറിയിലൂടെയാണ്‌ വിശദീകരിക്കുന്നത്‌. കേവലം ഒരേയൊരു ബിന്ദുവില്‍ നിന്നും വിസ്‌ഫോടനം പ്രാപിച്ചാണ്‌ ഈ കാണുന്ന ദൃശ്യപ്രപഞ്ചമുണ്ടായതെന്നാണ്‌ ''ബിഗ്‌ബാങ്ങ്‌'' സിദ്ധാന്തത്തിന്റെ ഉള്ളടക്കം. വെറും ഒരു ബിന്ദുവില്‍ നിന്നും ഇക്കാണുന്ന മഹാപ്രപഞ്ചമോ എന്ന്‌ ആദ്യം കേള്‍ക്കുന്ന സാധാരണക്കാര്‍ക്ക്‌ സംശയം തോന്നാം. അനന്തമായ സ്‌ഥലം, കാലം, ദ്രവ്യം ഇവ ഘനീഭവിച്ചുണ്ടാകുന്ന ഒരു ബിന്ദുവാണ്‌ അത്‌. ശാസ്‌ത്രലോകം അതിനെ ഗ്രേറ്റ്‌ സിന്‍ഗുലാരിറ്റി അഥവാ മഹാവൈചിത്ര്യം എന്നു വിളിക്കുന്നു.


അവര്‍ണ്ണനീയമായ സാന്ദ്രത ആ ബിന്ദുവിനുണ്ട്‌. ഒരു ലഘുവായ ഉദാഹരണം പറഞ്ഞാല്‍, വെറുമൊരു കടുകുമണിയുടെ മാത്രം വലിപ്പമുള്ള ഒരു അരിമണിയില്‍ നിന്നും ഏക്കറുകള്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ഉണ്ടാകുന്നില്ലേ? അതുപോലെ അനന്തമായ സ്‌ഥല, കാല, ദ്രവ്യ, അന്ധകാരങ്ങള്‍ ലയിച്ചു ഘനീഭവിച്ച ഒരേയൊരു ബിന്ദുവില്‍ സ്‌ഫോടനം നടക്കുന്നതോടുകൂടി സ്‌ഥലവും കാലവും ഉണ്ടാവുകയും അനുനിമിഷം വികസിക്കുവാന്‍ തുടങ്ങുകയും ചെയ്‌തു. ഈ വികാസപ്രക്രിയ ഇപ്പോഴും അനുസ്യൂതം തുടരുന്നു. അങ്ങനെയാണ്‌ ഗാലക്‌സികളും നക്ഷത്രങ്ങളുമെല്ലാം ഒന്നിനൊന്ന്‌ പരസ്‌പരം അകന്നു കൊണ്ടിരിക്കുകയാണെന്ന്‌ നാം മനസിലാക്കുന്നത്‌. പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും എല്ലാ വസ്‌തുക്കളില്‍ നിന്നും അകന്നകന്നു മാറിക്കൊണ്ടിരിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്‌.
പ്രപഞ്ചവികാസമാണ്‌ ഇതിനു കാരണം. ആദിവിസ്‌ഫോടനത്തില്‍ അനുഭവപ്പെട്ട ഉഗ്രമായ ചാലകഊര്‍ജ്‌ജം (കൈനറ്റിക്‌ എനര്‍ജി) യാണ്‌ ഈ വികാസത്തിനു കാരണം. അതേസമയം പ്രപഞ്ചകേന്ദ്രത്തിലേക്ക്‌ മറ്റു സകലതിനേയും ആകര്‍ഷിക്കുന്ന തീവ്രമായ ഗുരുത്വാകര്‍ഷണവും അവിടെയുണ്ട്‌.


 സ്‌ഫോടനത്തിന്റെ ചലനോര്‍ജ്‌ജം കൂടുതലായി നില്‍ക്കുന്നതുകൊണ്ടാണ്‌ വികാസപ്രക്രിയ ഇപ്പോഴും തുടരുന്നത്‌. ഇതും ഗുരുത്വശക്‌തിയും തുല്യമാകുമ്പോള്‍ വികാസം നിലയ്‌ക്കും. പിന്നീട്‌ ചലനോര്‍ജ്‌ജം കുറയുകയും ഗുരുത്വാകര്‍ഷണം കൂടുകയും ചെയ്യുമ്പോള്‍ വികസിക്കുന്നതിനു പകരം പ്രപഞ്ചം ചുരുങ്ങുവാന്‍ തുടങ്ങും. വിസ്‌ഫോടനത്തിന്റെ വിപരീത പ്രക്രിയ ഇതിന്‌ മഹാവിഭേദനക്രിയ (ഗ്രേറ്റ്‌ ക്രഞ്ച്‌) എന്നു പറയും. ഒടുവില്‍ ആരംഭിച്ച ബിന്ദുവിലേക്ക്‌ എല്ലാം തിരികെ ലയിക്കുന്നു. ഇതാണ്‌ മഹാപ്രളയം.

ദീപാവലി - 01



പോസ്റ്റ് No# 01



ദീപാവലി


ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം.
രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു.
എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി.

തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഇന്നാണ് ഈ പുണ്യദിനം.

കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു.

ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു.

സദ്ഗമയ -സത്‌സംഗവേദി

മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി.

ഗംഗാസ്‌നാനം
നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചു കൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം.
ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു.

പച്ചവെള്ളത്തില്‍, ‘ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു’ എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍.


ദീപാവലിക്ക്‌ ദീപാളി എന്നുംപേരുണ്ട്‌. ദീപാളി എന്നാൽ നിർദ്ധനത്വം എന്നാണർഥം. ദീപാളി കുളിക്കുക എന്നൊരു പ്രയോഗംതന്നെ നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുണ്ട്‌. തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ”എന്നാ ഗംഗാസ്‌നാനം ആച്ചാ” എന്നാണ് അഭിസംബോധന ചെയ്യുക.


എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.
വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്.



യമായ ധര്‍മരാജായ മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ
എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്. യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി കാണുന്നു.


ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പക വിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടു കൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം.



ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു.
പതിവായി നാം എല്ലാ വർഷവും ആഘോഷിക്കുന്ന ദീപാവലിക്കു നാം അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇതിനു വേണ്ട പൂജാസാമഗ്രികൾ ഏറ്റവും പ്രധാനമാണ്


സിന്ധുരം, കർപ്പൂരം, ചന്ദനത്തിരി, നാളികേരം, പഴങ്ങൾ, മധുരപലഹാരങ്ങൾ, ഗംഗാജലം എന്നിവ വീടുകളിൽ ഉണ്ടാവണം. വീട് ശുദ്ധികരിക്കാൻ എല്ലാ മുറികളിലും ഗംഗാജലം തളിക്കുക ഇട്ടു വീട്ടിലെ എല്ലാ അശുദ്ധികളും മാറ്റും. മാത്രമല്ല നല്ല ഊർജം പ്രദാനം ചെയ്യുകയും ചെയ്യും.
പൂജാമുറിയിൽ നല്ല ചുമന്ന തുണി വിരിച്ചു പൂജാദ്രവ്യങ്ങൾ ഗണപതിയുടെയും ,ദേവീയുടെയും മുൻപിൽ സമർപ്പിക്കുക. പല തവണ ദേവീമന്ത്രം ഉരുവിട്ട ശേഷം വിഘ്നശാന്തിക്കായി ഗണപതിയേയും, ധനാഗമനത്തിന് ദേവിയെയും പ്രാർത്ഥിക്കുക. ഇത് എല്ലാ കഷ്ടപ്പാടുകളും അകറ്റി ശാന്തിയും ധനവും പ്രദാനം ചെയ്യും.

ദീപാവലിക്ക് എണ്ണ തേച്ച് കുളിക്കണം? കാരണം





ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ശരീരമാസകലം എണ്ണ തേച്ചു കുളിക്കണമെന്നു പഴമക്കാർ പറയാറുണ്ട്. മറ്റുള്ള  വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമെങ്കിലും ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട . അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.


ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തിൽ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാൻ   ഭഗവാൻ എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തിൽ  എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്.
പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച്‌ കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണ് .



അന്നേദിവസം ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്.

ദീപാഞ്ജലിയോടെ..




ആശ്വിനിമാസത്തിലെ കറുത്ത ചതുര്‍ദശിനാളില്‍ ആഘോഷിക്കുന്ന ഹൈന്ദവോത്സവമാണ് ദീപാവലി. മലയാളികള്‍ക്കാവട്ടെ തുലാമാസത്തിലെ പുണ്യദിനവും. ദീപക്കാഴ്ച (ദീപ+ ആവലി)= ദീപങ്ങളുടെ കൂട്ടം) യാണ് ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതു ദീപവും ഇത്തിരി ചൂടും ഒത്തിരി വെളിച്ചവും പകര്‍ന്നും പകുത്തും നല്‍കുന്നു. സമസ്ത നന്മകളും വെളിച്ചമാണ്. സദ്ഭാവനയും സദ്പ്രവൃത്തിയും വെളിച്ചമാണ്. ആധ്യാത്മിക ശാസ്ത്രത്തിന്റെ  ആദ്യഗ്രന്ഥത്തിലെ ആദിമന്ത്രവും വെളിച്ചത്തെ ഉപാസിക്കുന്നു. 'അഗ്നിം ഈളേ പുരോഹിതം' (=മുമ്പില്‍ കൊളുത്തിയ അഗ്നിയെ (ഞാന്‍) വണങ്ങുന്നു.) വെളിച്ചമേ നയിച്ചാലും.  -ഘലമറ സശിറഹ്യേഹശഴവേ എന്ന് സാര്‍വജനീനമായ പ്രാര്‍ഥന.


ഭാരതത്തിലങ്ങോളമിങ്ങോളം ദീപാവലി സമുചിതമായി ആഘോഷിക്കുന്നു. വ്യാപാരികളായ വൈശ്യര്‍ ഐശ്വര്യദേവതയായ ലക്ഷ്മിയെ ഈ അവസരത്തില്‍  പ്രത്യേകമായി പൂജിക്കുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ സമാരംഭമായും അവര്‍ ദീപാവലിയെ ഗണിക്കുന്നുണ്ട്.



നിറയെ എണ്ണവിളക്കുകള്‍ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും  കൊളുത്തി വെയ്ക്കുന്ന ചടങ്ങാണ് ദീപാവലിക്കുള്ളത്. അന്നേ ദിവസം അതിഥികള്‍ക്കും അയല്‍ക്കാര്‍ക്കും മധുരപലഹാര വിതരണം ഉത്തരേന്ത്യയിലെ പതിവുകാഴ്ചയാണ്. യഥാശക്തി പുതിയ പാത്രങ്ങള്‍ വാങ്ങുന്ന സമ്പ്രദായവും ദീപാവലി നാളിലുണ്ട്. ചുരുക്കത്തില്‍ നവചാരുതയുടെ സൗമ്യവും മധുരവും ദീപ്തവുമായ ആഘോഷം തന്നെ ദീപാവലി. ദീപാവലിക്ക് 'നരക ചതുര്‍ദശി'  എന്നും വിളിപ്പേരുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ച ദിനത്തിന്റെ  ആഹ്ലാദപൂര്‍ണമായ അനുസ്മരണമാണ് ദീപാവലിക്കു പിന്നിലുള്ളത്. ഈ വിശ്വാസം രൂഢിയാണു താനും.


 
ഉല്‍ക്കടപ്രഭാവനായ അസുരനാണ് നരകന്‍. നരകന്റെ കഥ ഭാഗവതം ദശമസ്‌കന്ധം വിവരിക്കുന്നുണ്ട്. ഹിരണ്യാക്ഷന്‍ എന്ന അസുരന് ഭൂമീദേവിയിലുണ്ടായ മഹാശക്തിമാനായ ശിശുവാണ് നരകന്‍. അശുദ്ധിയില്‍നിന്നും ജനിച്ച ശിശുവിനേയും കൊണ്ട് ഭൂമീദേവി മഹാവിഷ്ണുവിന്റെയടുക്കല്‍ ചെന്നു. കുഞ്ഞിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. മഹാവിഷ്ണു മനസ്സലിഞ്ഞ് ശിശുവിന് നാരായണാസ്ത്രം നല്‍കി. ഭഗവാന്‍ ഇങ്ങനെ പറഞ്ഞു 'അല്ലയോ നരകാ, ഈ അസ്ത്രം നിന്റെ കൈയിലിരിക്കുന്നിടത്തോളം കാലം ഞാനൊഴികെ ആര്‍ക്കും നിന്നെ വധിക്കാന്‍ സാധ്യമല്ല.'  നരകന്‍ വളര്‍ന്നു. 'പ്രാഗ്‌ജ്യോതിഷം'  എന്ന നഗരം തലസ്ഥാനമാക്കി, ദാനവ ചക്രവര്‍ത്തിയായി നരകന്‍ ഭരണം തുടങ്ങി. വാല്മീകി രാമായണം കിഷ്‌കിന്ധാ കാണ്ഡത്തിലും പ്രാഗ്‌ജ്യോതിഷത്തെ പരാമര്‍ശിക്കുന്നുണ്ട്.



പ്രാഗ്‌ജ്യോതിഷത്തില്‍ കയറി സീതയെ അന്വേഷിക്കണമെന്ന് സുഗ്രീവന്‍ വാനരന്മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു. നരകന്‍ ത്രിലോകങ്ങള്‍ക്കും ഭീഷണിയായി. വിക്രിയകള്‍ കാണിച്ചുകൊണ്ട് നരകന്‍ ദേവലോകത്തിലെത്തി. ദേവന്മാരെതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും അപഹരിച്ചുകൊണ്ട് നരകന്‍ പ്രാഗ്‌ജ്യോതിഷത്തിലേക്ക് മടങ്ങി. ഇന്ദ്രന്‍ ദ്വാരകയിലെത്തി ശ്രീകൃഷ്ണനോട് സങ്കടം പറഞ്ഞു. സത്യഭാമയുമായി, ഗരുഡാരൂഡനായി ശ്രീകൃഷ്ണന്‍ പ്രാഗ്‌ജ്യോതിഷത്തിലേക്ക് തിരിച്ചു. അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. നരകന് ഭഗവാന്‍ നല്‍കിയ നാരായണാസ്ത്രം പുത്രന്‍ ഭഗദത്തനു ലഭിച്ചു. ലോകദ്രോഹിയായ നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിവസം നരകചതുര്‍ദശി. ഈ വിജയാഹ്ലാദത്തിന്റെ സോത്സാഹ പ്രകടനമത്രെ ദീപാവലി. ഭാഗവതം ദശമസ്‌കന്ധത്തിലെ ഈ അര്‍ഥവാദകഥയ്ക്ക് ഒട്ടേറെ മാനങ്ങളുണ്ട്. അശുദ്ധിയില്‍നിന്നും ഒട്ടേറെ നരകാസുരന്മാര്‍ ഇന്നും ഭൂമിയില്‍ ജന്മമെടുക്കുന്നു. അവരുടെ കുലം ഒരിക്കലും ഒടുങ്ങുകയില്ല. കാരണം ഭഗവാന്റെ നാരായണാസ്ത്രം തലമുറകള്‍ കൈമാറുകയായി.



പക്ഷേ തിന്മയ്ക്ക് ഒരിക്കലും ശാശ്വത വിജയം ഉണ്ടാവില്ല. ദുഷ്ടന്മാര്‍ ഭീകരരൂപികളായി എന്നും വസുന്ധരാദേവിക്ക് അലോസരങ്ങളും ആപത്തുകളും നല്‍കിക്കൊണ്ടേയിരിക്കും. ഇന്ദ്രന്‍ ഭഗവാനോട് സങ്കടം പറഞ്ഞതുപോലെ നമ്മളും പ്രാര്‍ഥിക്കുക. ഭൂമിയെ നരകമാക്കുന്ന ആസുരതകള്‍ക്കെതിരെ ജാഗ്രതയോടെ ശ്രദ്ധയും ഏകാഗ്രതയും തന്മയതയും പുലര്‍ത്തുക. അജ്ഞാനത്തിന്റെയും അധര്‍മത്തിന്റെയും അന്ധതാ മിശ്രമകലുവാന്‍ ഭക്തിയുടേയും ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും ദീപം കൊളുത്തുക. മൂന്നുവര്‍ഷത്തെ ഇരുട്ടും മൂന്നുമണിക്കൂറിലെ ഇരുട്ടും  മൂന്നു ദിവസത്തെ ഇരുട്ടും ഇല്ലാതാവാന്‍ ഒരു നിമിഷാര്‍ധത്തിലെ വെളിച്ചത്തിന്റെ വേലിയേറ്റം മതിയാകും. ഒരു കാര്യം അധ്യാത്മ വിചാരത്തിലോര്‍മിക്കുക. വെളിച്ചം ഒരിക്കലും ഇരുട്ടിനെ കാണുന്നില്ല. സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ് സമസ്ത തമോഗര്‍ത്തങ്ങളിലും പടര്‍ന്നു കയറുന്നു. സ്വന്തം വിളക്ക് സ്വയം ഊതിയണയ്ക്കാതിരിക്കാനുള്ള വിവേകിതയാണ് നമുക്ക് ഉണ്ടാവേണ്ടത്. വെളിച്ചം വിളക്ക് അന്വേഷിച്ച് വരാതിരിക്കുവാനും ശ്രദ്ധയുണ്ടാവണം. വെളിച്ചം ദുഃഖമാണ് എന്ന പാഠം ഒരിക്കലും ഉണ്ണികളെ പഠിപ്പിക്കരുത്. നരകന്മാരുടെ എണ്ണം അത് വര്‍ധിപ്പിക്കും.



ഭൗതികമായ ചില ആചരണങ്ങള്‍ ദീപാവലിക്കുണ്ട്. തമിഴരും കേരളീയരും 'ദീവാളി' നാളില്‍ എണ്ണ തേച്ചു കുളിക്കാറുണ്ട്. പലതരം പലഹാരമുണ്ടാക്കി ഭക്ഷിക്കുന്നുമുണ്ട്. 'ദീവാളി കുളിക്കുക'  എന്നൊരു മലയാള ശൈലിയും. ദുര്‍വ്യയം ചെയ്ത് ദരിദ്രരാവുക എന്നര്‍ഥം. ജ്ഞാനവിജ്ഞാനങ്ങളുടെ ദീപാങ്കുരങ്ങള്‍ മണ്ണിലും മനസ്സിലും മുളയട്ടെ. ദീപമേ നയിച്ചാലും!

ദീപാഞ്ജലിയോടെ.

സദ്ഗമയ -സത്‌സംഗവേദി

Sunday, November 8, 2020

കനകധാരാസ്തോത്രം



സംപത്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി
ത്വദ്‌വന്ദനാനി ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തു മാന്യേ 16


താമരപ്പൂവു പോലെ മനോഹരമായ നയനങ്ങളോടു കൂടിയ അവിടുത്തേപ്പറ്റി ഞാന്‍ ചെയ്യുന്ന സകല ദുരിതഹരങ്ങളായ സ്തുതികളും വന്ദനങ്ങളും സകല ഇന്ദ്രിയങ്ങളേയും ആനന്ദിപ്പിക്കുന്നവയും സാമ്രാജ്യവിഭവങ്ങളെ ദാനം ചെയ്യുന്നവയും സമ്പത്കരങ്ങളും ആയി ഭവിക്കേണമേ 16

✍അജിത മനോജ് സദ്ഗമയസത്സംഗവേദി

ഭാഗവതകഥാമൃതം



അധ്യായം 33, - പ്രദ്യുമ്നജനനവും വിവാഹവും



ഓം നമോ ഭഗവതേ വാസുദേവായ...


ഭഗവാന്റെ ലീലകൾ പലപ്പോഴും പല തത്ത്വങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കുന്നവയാണ്. മനുഷ്യന്റെ കുടുംബ ജീവിതം പലപ്പോഴും പ്രാരാബ്ധനിബിഡമാകും. പ്രശ്നങ്ങൾ ഒഴിഞ്ഞ സമയം അധികം ഉണ്ടാവില്ല. ഭഗവാന്റെ കുടുംബ ജീവിതത്തിലും അത്തരം ഉദാഹരണങ്ങൾ ശ്രീശുകൻ കാണിക്കുന്നു. എന്തിനാണെന്നോ? നമ്മളേക്കാൾ വലിയ ആളുകൾക്കുപോലും, ഇങ്ങിനെയൊക്കെ സംഭവിയ്ക്കാറുണ്ടല്ലോ എന്നോർക്കുമ്പോൾ നമ്മുടെ ദുഃഖം സാരമില്ല എന്ന് തോന്നും. ദുഃഖം ഇല്ലാതാവൽ അല്ല, അത് സഹിയ്ക്കാനുള്ള കഴിവ്, അതിനെപ്പോലും സുഖമായി മാറ്റാനുള്ള കഴിവ് - അതാണ് മനഃസംസ്കാരംകൊണ്ട് ഉണ്ടാവേണ്ടത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഏറ്റവും സുഖം കുഞ്ഞുങ്ങൾ ഉണ്ടായാലല്ലേ. അങ്ങിനെയൊക്കെയാണ് നമ്മുടെ ധാരണ. ഭഗവാന് സന്തതി ഇല്ലാതെ അനവധി നാൾ! പ്രശ്നം വെച്ചപ്പോൾ പരിഹാരം ജഗത്പിതാവായ കാശിവിശ്വനാഥനെ ഭജിക്കലായിരുന്നു. അനുഗ്രഹംകൊണ്ട് ഒരുണ്ണിയുണ്ടായി. എന്നിട്ട് സന്തോഷമായോ?


ഈ ലോകത്തിൽ - ''സുഖവും, അസുഖവും മിശ്രമായ് താനിരിക്കും, ഹാ! സുഖങ്ങൾവെറും ജാലം, ആരറിവൂ നിയതിതൻ ത്രാസ്സ് തൂങ്ങുന്നതും, താനേ താണുപോവുന്നതും!" സുഖം എന്ന് വിചാരിയ്ച്ചിരിക്കുമ്പോഴാണ്, രുഗ്മിണി പ്രസവിച്ച് പെറ്റുവാലായ്മ പോകുന്നതിനു മുൻപുതന്നെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയത്. ഭഗവാന്റെ കുടുംബത്തിലെ കഥയാണ്! ഇന്ന് എവിടെയെങ്കിലും നടക്കുന്ന സംഭവമല്ല. എന്താപത്തുവന്നാലും അമ്മയെ ആശ്രയിക്കും - 'ദുർഗാംദേവീം ശരണം അഹം പ്രപദ്യേ!' കുറേനാൾ കഴിഞ്ഞപ്പോൾ ആ ഉണ്ണി - പ്രദ്യുമ്നൻ - തിരിച്ചുവന്നു. നാരദമഹർഷിയാണ് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞത്.


"ശംബരൻ എന്നൊരാളാണ് ഉണ്ണിയെ കൊണ്ടുപോയത്. പക്ഷേ അയാളിന്നിപ്പോൾ ജീവിച്ചിരിപ്പില്ല. ഈ ഉണ്ണി തന്നെയാണ് കുറച്ചു വലുതായപ്പോൾ, തന്നെ കട്ടുകൊണ്ടുപോയത് അയാളാണെന്ന് മനസ്സിലാക്കി നിഗ്രഹിച്ചത്. അതുകൊണ്ട് ഇനി ആ വക കേസ്സ് അന്വേഷിച്ചിട്ട് കാര്യമില്ല. പ്രദ്യുമ്നന്റെ കൂടെ കാണുന്ന ആ കുട്ടി ശംബരന്റെ അടുക്കളക്കാരിയായിരുന്നു. അവർ തമ്മിൽ പ്രേമവിവാഹം നടന്നതാണ്." ഭഗവാന്റെ കുടുംബത്തിലെ സീമന്തപുത്രനാണ്, ശത്രുവിന്റെ അടുക്കളയിലെ ദേഹണ്ഡക്കാരിയായ മായാവതിയെ കല്യാണം കഴിച്ചുകൊണ്ടുവന്നിരിയ്ക്കുന്നത്. നമ്മുടെ കുടുംബത്തിലാണ് ഇങ്ങിനെ 'എന്റെ ഹസ്ബൻഡ്' എന്നും പറഞ്ഞ് ഒരു കുട്ടി കേറി വന്നിരുന്നതെങ്കിലോ? മകൻ പറയുന്നു, ''അമ്മക്കറിയ്യ്യോ? എന്റെ ഭാര്യയാണിത്. ഞാൻ കണ്ട്, പ്രേമിച്ച്, വിവാഹം കഴിച്ചു." ഇതൊക്കെ ഭഗവാന്റെ കുടുംബ ജീവിതത്തിലും ഉണ്ടായി.



സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..


 ഉണ്ണിക്കൃഷ്ണൻ കൈതാരം

© സദ്ഗമയ സത്സംഗവേദി 

പദ്മ പുരാണം, ഭാഗവത മാഹാത്മ്യം



ദാരിദ്ര്യദുഃഖജ്വരദാഹിതാനാം മായാപിശാചീപരിമര്‍ദ്ദിതാനാം I സംസാരസിന്ധൌ പരിപാതിതാനാം ക്ഷേമായ വൈ ഭാഗവതം
പ്രഗര്‍ജ്ജതി II

( ദാരിദ്രം, രോഗം മുതലയവയാലുണ്ടാകുന്ന ദുഃഖത്താല്‍ ദഹിപ്പിക്കപ്പെടുന്ന വരുടേയും, മായയാകുന്ന പിശാചിനാല്‍ പീഡിപ്പിക്കപ്പെടുന്ന വരുടേയും, ജന്മമൃത്യു രൂപത്തോടു കൂടിയ സംസാരസാഗരത്തില്‍ ക്ലേശമനുഭവിക്കുന്നവരുടേയും ക്ഷേമത്തിനായി ഞാന്‍ മാത്രം മതിയെന്നു് ശ്രീമദ് ഭാഗവതം ഉറക്കെ വിളിച്ചുപറയുന്നു )

( പദ്മ പുരാണം,
ഭാഗവത മാഹാത്മ്യം, 6.95)

ജ്ഞാനപ്പാന - ഭാഗം-13


ഓം നമോ ഭഗവതേ വാസുദേവായ


11. ബ്രഹ്മാവാദിയാ,യീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിർണ്ണയം
ദിക്പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചുകിടക്കുന്നു
അല്പകർമ്മികളാകിയ നാമെല്ലാ-
മല്പകാലം കൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.


സാരം: ബ്രഹ്മാവ് മുതൽ ഈച്ച, എറുമ്പ് എന്നീ ചെറുജീവികൾ വരെയും കർമ്മബദ്ധന്മാരാണ്. ലോകാവസാനത്തിൽ പ്രളയം വരുന്നതുവരെയും ബ്രഹ്മാവിന് ഭുവനസൃഷ്ടി നടത്തുകയെന്ന കർമ്മപാശത്തിൽനിന്ന് വിമുക്തനാവാൻ സാധിക്കില്ല. അഷ്ടദിക്പാലകന്മാർപോലും ഓരോദിക്കുകളിലായി ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അല്പകർമ്മികളും, അല്പായുസ്സുകളുമായ നമ്മളെപ്പോലുള്ള ജന്തുക്കളും ജനനമരണമെന്ന ചക്രത്തിൽപ്പെട്ട് കർമ്മബന്ധനത്തിൽ കിടന്നുവലയുകയാണ് ചെയ്യുന്നത്.



     ഇവിടെ കവി എന്താണ്പറയുന്നത്! ബ്രഹ്മാവിനുപോലും കർമ്മം ചെയ്യാതിരിക്കാനാവില്ല. നമ്മെപ്പോലെയുള്ളവർക്ക് കർമ്മവും, ആയുസ്സും കുറവാണ്. എന്നാൽ ബ്രഹ്മാവിന് ഒരുപ്രളയാനന്തരം ആരംഭിക്കുന്ന സൃഷ്ടികർമ്മം അടുത്ത ബ്രഹ്മപ്രളയം വരെ തുടർന്നുകൊണ്ടേയിരിക്കണം. വളരെയധികം നീണ്ടകാലഘട്ടമാണത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ യുഗങ്ങൾ ചേർന്നതാണ് ചതുർയുഗം. ചതുർയുഗങ്ങളുടെ ദൈർഘ്യം 43,20000 മനുഷ്യവർഷമാണ്. ഇപ്രകാരമുള്ള 1000 ചതുർയുഗങ്ങൾ ചേർന്നാൽ ഒരുകല്പം അതായത് ബ്രഹ്മാവിന്റെ പകലാകും. അത്രയും കാലംതന്നെയാണ് ബ്രഹ്മാവിന്റെ ഒരുരാത്രി!അതാണ് പ്രളയകാലം. പ്രളയശേഷം ബ്രഹ്മാവ് സൃഷ്ടികർമ്മം ആരംഭിക്കുന്നു, അതായത് പ്രളയകാലം കഴിഞ്ഞാൽ ബ്രഹ്മാവ് കർമ്മം ചെയ്തുകൊണ്ടേയിരിക്കുന്നു. അതുപോലതന്നെ
അഷ്ടദിക്പാലന്മാരുടെ കർമ്മവും ദീർഘകാലയളവിലുള്ളതാണെന്ന് പറയാം.



   അവരെയൊക്കെ അപേക്ഷിച്ച് നോക്കുമ്പോൾ,നമുക്ക് വളരെ ഹ്രസ്വമായ ആയുസ്സും, വളരെ കുറച്ച് കർമ്മങ്ങളും മാത്രമെയുള്ളൂ എന്ന്മനസ്സിലാക്കാമല്ലോ. ഓരോജന്മം കഴിയുന്തോറും വീണ്ടും ജന്മമെടുക്കുകയും, അങ്ങനെ ജനനമരണമാകുന്ന കാലചക്രത്തിൽപെട്ട് ഉഴലുകയുമാണ് നമ്മുടെ ജീവൻ. അതിനാൽ എപ്പോഴും ഭഗവാനിൽ മനസ്സർപ്പിച്ച് സത്കർമ്മം ചെയ്യണമെന്നാണ് ഭഗവാന്റെ ഉപദേശവും !!



ഭഗവദ്ഗീതയിൽ കർമ്മത്തെപ്പറ്റി ഭഗവാൻ വ്യക്തമായി നമ്മെ മനസ്സിലാക്കി തരുന്നുണ്ട്.


ശ്ലോകം 3/5
ന ഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകർമകൃത്-
കാര്യതേ ഹ്യവശ: കർമ്മ
സർവ്വഃ പ്രകൃതിജൈർഗുണൈഃ



സാരം: ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളിൽ നിന്നുളവാകുന്ന വാസനകൾക്കനുസരിച്ച് ഓരോമനുഷ്യനും കർമ്മം ചെയ്യാൻ നിർബന്ധിതനാണ്. ആർക്കും ഒരൊറ്റ നിമിഷം പോലും താന്താങ്ങളുടെ കർമ്മത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല.


ശ്ലോകം 3/22
ന മേ പാർത്ഥാസ്തികർതവ്യം
ത്രിഷുലോകേഷു കിഞ്ചന -
നാനവാപ്തമവാപ്തവ്യം
വർത്ത ഏവ ച കർമണി.



സാരം: അല്ലയോ പാർത്ഥ! മൂന്നുലോകങ്ങളിലും എനിക്ക് ചെയ്യേണ്ടതായിട്ടൊന്നുമില്ല. എനിക്ക് ഇല്ലാത്തതായോ, ആവശ്യമായതായോ യാതൊന്നുമില്ല. എങ്കിലും ഞാൻ വിധിക്കപ്പെട്ട കർമ്മം ചെയ്തു കൊണ്ടേയിരിക്കുന്നു!



ഭഗവാന്റെ വാക്കുകളാണിത്.
ആർക്കും ഒരു നിമിഷം പോലും കർമ്മം ചെയ്യാതിരിക്കാനാവില്ല, സാക്ഷാൽ ഭഗവാനു പോലും പറ്റില്ല എന്നാണ് ഭഗവാൻ ഈ ശ്ലോകങ്ങളിലൂടെ നമ്മെ മനസ്സിലാക്കി തരുന്നത് !!


ഈ കർമ്മബന്ധനത്തിൽ നിന്ന് മുക്തരാവേണ്ടവിധവും ഭഗവാൻ തന്നെ ഉപദേശിക്കുന്നുണ്ട്. നിഷ്ക്കാമഭക്തിയോടെ ഭഗവാനിൽ അർപ്പിച്ച് കർമ്മാനുഷ്ഠാനം ചെയ്ത് മുക്തിപദം നേടാവുന്നതാണ്! ഈ ലോകത്ത് ഒന്നിലും എന്റേതെന്ന ഭാവമില്ലാത്തവനും, മനസ്സിനെ പൂർണ്ണമായിവശത്താക്കിയവനും, ഒരാശയും അവശേഷിച്ചിട്ടില്ലാത്തവനുമായ മനുഷ്യൻ കാമ്യകർമ്മങ്ങളെല്ലാം വെടിയുന്നതോടെ കർമ്മമില്ലാത്ത ( അതായത് ജനനമരണചക്രങ്ങളിൽ പെട്ടുഴലാതെ ) ബ്രഹ്മാനുഭവത്തിൽ എത്തിച്ചേരുന്നു!!
ഹരേ! കൃഷ്ണാ..


ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ


  തുടരും .

ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി

സനാതനം - 76



ഭൂതയജ്ഞം (ബലിവൈശ്വദേവയജ്ഞം)


ദിവസവും പക്ഷിമൃഗാദികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, രോഗികള്‍ക്ക്, പതിതര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു ഗൃഹസ്ഥന്‍ തയ്യാറാകണം. എവിടെയാണ് ഈശ്വരന്‍? ബ്രഹ്മയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള ഈശ്വരനെയാണ് കണ്ടെത്തുന്നത്. അഗ്നിഹോത്രം ചെയ്യുമ്പോള്‍ അഗ്നിയിൽ ഈശ്വരനെ ദര്‍ശിക്കുന്നു. പിതൃയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ അച്ഛനമ്മമാർ, പിതൃക്കൾ ആചാര്യൻ ഇവരിൽ ഈശ്വരനെ ദര്‍ശിക്കുന്നു. ബലിവൈശ്വദേവയജ്ഞം ചെയ്യുമ്പോള്‍ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ കാണാന്‍ കഴിയുന്നു. വളര്‍ത്തുമൃഗങ്ങളെ ഊട്ടുക, തുളസിക്കും ആലിനും, കൂവളത്തിനുമൊക്കെ വെള്ളമൊഴിച്ചു കഴിഞ്ഞിട്ടേ പണ്ടു വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ.

സകല ചരാചരങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ഭൂതയജ്ഞത്തിന്റെ അടിസ്ഥാനം. പ്രപഞ്ചത്തിലെ ഏല്ലാ ജീവജാലങ്ങളെയും നമ്മളാൽ കഴിയുംവിധം പോഷിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. എണ്ണിയാലൊടുങ്ങാത്ത വൈവിദ്ധ്യങ്ങളോടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ചരാചരങ്ങളെല്ലാം സഹോദരങ്ങളായി നമുക്ക് കാണാൻ കഴിയണം. ആ ഹൃദയവിശാലത ഉണ്ടെങ്കിൽ മാത്രമേ ഭൂതയജ്ഞത്തിന്റെ പൊരുൾ മനസ്സിലാവുകയുള്ളൂ.

മുന്‍തലമുറകള്‍ പാലിച്ചതുപോലെ കുടുംബസങ്കല്‍പവും ധര്‍മ്മാചരണവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ സമൂഹത്തിനു സാധിക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ദേശകാലങ്ങളനുസരിച്ച് പഞ്ചമഹായജ്ഞങ്ങളുടെ ബാഹ്യ ചടങ്ങുകൾക്ക് മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും യജ്ഞാർത്ഥമെന്ന ഉദ്ദേശവും അതിന്റെ സദ്ഫലങ്ങളിലും  മാറ്റമുണ്ടാകുന്നില്ല. ജീവിതത്തിന് മാറ്റമില്ലാത്ത ഒരു ലക്ഷ്യമുണ്ടെന്നറിഞ്ഞ് യജ്ഞാർത്ഥമായി കർമ്മം ചെയ്യുമ്പോൾ സർവ്വ ശ്രേയസ്സും വന്ന് ഭവിക്കുന്നു.

തുടരും......

©സദ്ഗമയ സത്സംഗവേദി

ബ്രഹ്മസൂത്രം ലളിതവ്യാഖ്യാനം ഭാഗം - 13



ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.



സൃഷ്ടിക്കു മുൻപുണ്ടായിരുന്നതായി ഉപനിഷത്തു പറയുന്ന സത്ത പ്രധാനം അഥവാ പ്രകൃതിയാണ്. അതിൽ സങ്കല്പം പറഞ്ഞിരിക്കുന്നത് ഗൗണമായിട്ടാണ്. അതായത് അപ്രധാനമായിട്ടാണ്. സാംഖ്യന്മാരുടെ ഈ വാദം ശരിയല്ല എന്തുകൊണ്ടെന്നാൽ ഉപനിഷത്തുതന്നെ ആത്മശബ്ദം പ്രയോഗിച്ചിരിക്കുന്നു.

തത്ത്വമസി വാക്യം സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. നീ ആ ബ്രഹ്മസ്വരൂപമായ ആത്മാവാകുന്നുവെന്നർത്ഥം. അതായത് നമ്മുടെ സ്വരൂപം ആത്മാസ്വരൂപമായ ബ്രഹ്മമാകുന്നു എന്ന് ഉപദേശിച്ചിരിക്കുന്നു.

സൂത്രം 7:- തന്നിഷ്ഠസ്യ മോക്ഷോപദേശാത്

തന്നിഷ്ഠസ്യ= അതിൽ നിഷ്ഠയോടുകൂടിയവന്, മോക്ഷോപദേശാത് = മോക്ഷം ലഭിക്കുമെന്ന ഉപദേശമുള്ളതുകൊണ്ട്.

ജഗത്സൃഷ്ടികർത്താവായ ആത്മാവിനെ നിഷ്ഠയോടുകൂടി ധ്യാനിക്കുന്നവർക്ക് സംസാരവിമുക്തി സിദ്ധിക്കുമെന്ന് വിധിയുള്ളതിനാലും പ്രധാനം ജഗത് കാരണമാവുകയില്ല.



തുടരും...

വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി