ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 1, 2021

ഭജഗോവിന്ദം - ഭാഗം 30



ഗോവിന്ദാ ഹരിഗോവിന്ദാ


29. സുഖതഃ ക്രിയതേ രാമാഭോഗഃ
പശ്ചാത് ഹന്ത ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!



സാരം :-

സുഖാനുഭവങ്ങൾക്കായി മനുഷ്യർ സ്ത്രീസംഭോഗത്തിൽ മുഴുകുന്നു. കഷ്ടം! തത്ഫലമായി ശരീരത്തിൽ രോഗങ്ങൾ പിടിപെടുന്നു.അവസാനം ,എല്ലാവർക്കും മരണം തന്നെയാണ് ശരണം. എന്നാലും മനുഷ്യർ പാപകർമ്മങ്ങൾ ഉപേക്ഷിക്കുന്നില്ലല്ലോ! ഹേ! മൂഢബുദ്ധേ! ഗോവിന്ദനിൽ അഭയം തേടൂ, ഗോവിന്ദനെ ഭജിക്കൂ!


       ഭൗതികസുഖങ്ങളിൽ സന്തോഷംകണ്ടെത്തുന്ന മനുഷ്യർ തങ്ങളുടെ ജീവിതം ഭഗവാനെ സ്മരിക്കാതെ വൃഥാവിലാക്കുന്നതിനെപ്പറ്റിയാണ് ആചാര്യർ വ്യാകുലതയോടെ ഇവിടെ പറയുന്നത്.അന്യസ്ത്രീകളുമായുള്ള സംസർഗ്ഗമാണ് സന്തോഷം എന്നു കരുതുന്നവർ സ്വയം രോഗംവരുത്തി അവസാനം മരണത്തിലേക്കെത്തുകയാണ്ചെയ്യുന്നത്. ജനിച്ചവർക്കെല്ലാം മരണം അനിവാര്യമാണെന്നിരിക്കെ,പാപകർമ്മങ്ങളിൽമാത്രംഏർപ്പെട്ട് ജന്മം പാഴാക്കുന്നതിനെപ്പറ്റിയാണ് ഈ ശ്ലോകം എടുത്തുപറയുന്നത്. ഇതൊന്നുമല്ല,യഥാർത്ഥമായ പരമാനന്ദം അനുഭവിക്കണമെങ്കിൽ ഭഗവാനെ സ്മരിക്കണം, നന്നായി ഭജിക്കണം, ഭഗവന്നാമസങ്കീർത്തനം ചെയ്യണം, അങ്ങിനെ മുക്തിനേടണം, അതാണ് യഥാർത്ഥ ആനന്ദം.


ഈ തത്ത്വത്തെ ഒന്നുകൂടി വിശദമാക്കാനായി ശ്രീമദ് ഭഗവദ്ഗീതയിലെ രണ്ടു ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിക്കാം.

7/27

ഇച്ഛാദ്വേഷസമുത്ഥേന
ദ്വന്ദ്വമോഹേന ഭാരത !
സർവ്വഭൂതാനി സമ്മോഹം
സർഗ്ഗേ യാന്തി പരന്തപ!

സാരം...

ഹേ! ഭരതകുലജാതനായ അർജ്ജുനാ ! ഇച്ഛ, ദോഷം എന്നിവയാലുണ്ടാകുന്ന ദ്വന്ദ്വമോഹത്താൽ സർവ്വഭൂതങ്ങളും സൃഷ്ടിഗതിയിൽ സമ്മോഹാധീനരായിത്തീരുന്നു.

7/28

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകർമ്മണാം
തേ ദ്വന്ദ്വമോഹനിർമ്മുക്താ
ഭജന്തേ മാം ദൃഢവ്രതാഃ

സാരം...

എന്നാൽ പുണ്യചരിതന്മാരും, പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരും ആയ ജനങ്ങൾ,ദ്വന്ദ്വമോഹത്തിൽനിന്ന് മുക്തരായും ദൃഢവ്രതരായും എന്നെ ഭജിക്കുന്നു.

      ഭൗതികമായ വിഷയസുഖങ്ങളിൽ പെട്ടു പോകുന്നവരെപ്പറ്റിയാണ് ഭഗവാൻ ഇവിടെ പറയുന്നത്.മോഹങ്ങളകന്ന് പാപംനശിച്ചവർക്കും, പുണ്യവാന്മാർക്കും ഭഗവാങ്കൽ ഭജിക്കാനും മുക്തിനേടാനും സാധിക്കുമെന്നും ഭഗവാൻ പറയുന്നു.അതുപോലെതന്നെ,ഭൗതികവിഷയസുഖങ്ങൾക്കടിമപ്പെട്ടവരെക്കുറിച്ചാണ് ശങ്കരാചാര്യർ മുകളിലെ ശ്ലോകത്തിൽ സൂചിപ്പിച്ചത്, അവർക്കും മരണം അനിവാര്യമാണെന്നറിഞ്ഞിട്ടും പാപകർമ്മങ്ങൾ ഉപേക്ഷിക്കാനാവുന്നില്ലല്ലോ എന്നാണ് അദ്ദേഹം ആശങ്കപ്പെടുന്നത്.ഇതിൽനിന്നും മോചനംനേടിയാൽ മാത്രമേ ഭഗവദ്പ്രാപ്തി നേടാനാവുകയുള്ളൂ എന്നതാണ് പരമാർത്ഥം.
ഹരേ കൃഷ്ണാ ....


സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം
ഗോവിന്ദാ .. ഹരിഗോവിന്ദാ...



 തുടരും ....





ചിന്താമണി വിശ്വനാഥൻ


സദ്ഗമയസത്സംഗവേദി

No comments:

Post a Comment