ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 10, 2020

ദീപാവലി # 03





പ്രകൃത്യേന ലയതേ ഇതി പ്രലയ:'' ആദിമ മൂലപ്രകൃതിയില്‍ തിരികെ ലയിക്കുന്ന പ്രക്രിയയാണ്‌ പ്ര-ലയം= പ്രളയം. ഈ ദിവസം അഥവാ മുഹൂര്‍ത്തമാണ്‌ കാലരാത്രി എന്നറിയപ്പെടുന്നത്‌. നാം അത്‌ പറഞ്ഞുപറഞ്ഞ്‌ കാളരാത്രി എന്നാക്കി മാറ്റി. കാലത്തിന്റെ രാത്രിയാണ്‌ കാലരാത്രി. അതായത്‌ കാലത്തിന്റെ അവസാനം. ഇങ്ങനെ ഒരു കാലരാത്രിക്കുശേഷം അനന്തനിദ്രയാണ്‌ തുടര്‍ന്നു വരുന്നത്‌. ആ മഹാനിദ്രയില്‍ സകലതും ഈ ബിന്ദുവില്‍ ലയിച്ചുകിടക്കുന്നു. ആ ദീര്‍ഘ നിദ്രയെത്തുടര്‍ന്ന്‌ വീണ്ടും വിസ്‌ഫോടനം നടക്കുന്നു. ഇങ്ങനെ പ്രപഞ്ചസൃഷ്‌ടിയുടെ ആദിയില്‍ ഉണ്ടായ വിസ്‌ഫോടനമാണ്‌ ദീപാവലി. അവിടത്തെ ദീപങ്ങള്‍ മണ്‍ചിരാതുകള്‍ ആയിരുന്നില്ല. ഗാലക്‌സികളും അതിലെ അനന്തകോടി നക്ഷത്രഗണങ്ങളും ആയിരുന്നു. അവ വരാനിരിക്കുന്ന വിസ്‌മയസൃഷ്‌ടി മുഹൂര്‍ത്തങ്ങളെത്തന്നെ വരവേല്‍ക്കുകയാണ്‌ ചെയ്‌തത്‌. കാലമാകുന്ന വീഥിയുടെ ഇരുവശങ്ങളിലും വിശ്വനാഥനാല്‍ തെളിക്കപ്പെട്ട ദീപങ്ങളുടെ കാഴ്‌ചയാണ്‌ താരാവ്യൂഹങ്ങള്‍.
ദീര്‍ഘകാലത്തെ തമോനിദ്ര അഥവാ ഹിമയുഗത്തിനുശേഷം സൃഷ്‌ടിയുടെ ആരംഭം കുറിക്കുന്ന വിസ്‌ഫോടനമാകുന്ന പ്രകാശാവലി തന്നെയാണ്‌ ദീപാവലി.



അങ്ങനെ ദീപാവലി ആഘോഷിക്കുന്നതിലൂടെ നാം പ്രപഞ്ചാരംഭം തന്നെയാണ്‌ ആഘോഷിക്കുന്നത്‌. അത്‌ ഏറ്റവും വിശിഷ്‌ടമായ ഒന്നുതന്നെയാണ്‌. ആഘോഷങ്ങള്‍ എല്ലാതരത്തിലും വേണം. ദീപാലങ്കാരങ്ങള്‍, പടക്കങ്ങള്‍, മധുരദ്രവ്യങ്ങള്‍ തുടങ്ങിയവയെല്ലാം നല്ലതുതന്നെ. അതോടൊപ്പം നമ്മുടെയെല്ലാം മനസ്സില്‍ അറിവിന്റെ ദീപാവലി തെളിയേണ്ടിയിരിക്കുന്നു. നാം ആഘോഷിക്കുന്ന ദീപാവലി വാസ്‌തവത്തില്‍ നമ്മെയെല്ലാം ഉള്‍ക്കൊള്ളുകയും പരിപാലിക്കുകയും ചെയ്യുന്ന മഹാപ്രപഞ്ചത്തിന്റെ വരവറിയിക്കുന്ന ദീപക്കാഴ്‌ചയാണെന്ന സത്യം നമ്മില്‍ ജ്വലിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു.




ദീപാവലിയുടെ  പ്രപഞ്ചസത്യം

കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി കണക്കാക്കുന്നത്‌. അതായത്‌ കറുത്തവാവിന്‌ തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്‌, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്‌. വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി.


കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു.
 എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ്‌ ദീപാവലി. ഉത്തരേന്ത്യയിലാണ്‌ ദീപാവലി അതികേമമായി ആഘോഷിക്കുന്നത്‌. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു.  _ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു. ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന്‌ ആഘോഷിക്കുന്നു.


ഇങ്ങനെയും ദീപാവലി അറിയപ്പെടുന്നു



പരിവര്‍ത്തനത്തിന്റെ ദീപാവലി

ഭാരതം ഉത്സവങ്ങളുടെ നാടാണ്. ഒരു വര്‍ഷത്തിലുടനീളം എണ്ണമറ്റ ഉത്സവങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യമനസ്സിനെ ഈശ്വരസ്മരണയിലേക്കും ആത്മാന്വേഷണത്തിലേക്കും തിരിച്ചുവിടുക എന്നതാണ് ഉത്സവങ്ങളുടെ ലക്ഷ്യം. അതുപോലെതന്നെ സാംസ്‌കാരികമായ ഐക്യം ജനങ്ങളില്‍ വളര്‍ത്താനും ഉത്സവങ്ങള്‍ ഉപകരിക്കുന്നു.



 ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും, ഇരുട്ട് തിന്മയുടെയും അജ്ഞാനത്തിന്റെയും പ്രതീകമാണ്.


എല്ലാ അറിവിലും വച്ചു ശ്രേഷ്ഠം ആത്മജ്ഞാനം അഥവാ അവനവനെക്കുറിച്ചുള്ള അറിവാണ്. കാരണം മനുഷ്യന് ദുഃഖത്തില്‍നിന്നുള്ള ആത്യന്തികമായ മോചനം നല്‍കുന്നത് ആത്മജ്ഞാനം മാത്രമാണ്. ഈ അറിവിനെ നമ്മുടെയുള്ളില്‍ ഉണര്‍ത്തുക എന്നതിന്റെ പ്രതീകമായിട്ടാണ് നമ്മള്‍ ദീപാവലിയ്ക്കു ദീപങ്ങള്‍ കൊളുത്തുന്നത്. കത്തുന്ന ഒരു തിരിയില്‍ നിന്ന് ആയിരം തിരികള്‍ കൊളുത്തിയാലും ആദ്യത്തെ തിരിയുടെ പ്രകാശത്തിന് ഒരു കുറവും വരുന്നില്ല. നമ്മുടെ അറിവ് എത്രമാത്രം മറ്റുള്ളവര്‍ക്കു നാം പകര്‍ന്നുകൊടുത്താലും അത് അല്‍പംപോലും കുറയുന്നില്ലെന്ന് ഇതുനമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് അറിവിന്റെ മഹത്വം.
അതുപോലെ ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന നല്ല ചിന്തകളും, അയാളുടെ സല്‍പ്രവൃത്തികളും മറ്റുള്ളവരെയും സ്വാധീനിക്കുന്നു.



 ദീപാവലിപോലെയുള്ള ഉത്സവവേളകളില്‍ എല്ലാവരും ഒരേ മനസ്സോടെ ഈശ്വരചിന്തയില്‍ മുഴുകുന്നു, ഒന്നിച്ചു കീര്‍ത്തനങ്ങള്‍ പാടുന്നു, ഒന്നിച്ച് ആഹ്ലാദിക്കുന്നു. അതിന്റെ നല്ല തരംഗങ്ങള്‍ ചുറ്റും വ്യാപിക്കുന്നു. മറ്റുള്ളവരിലും സന്തോഷവും ഈശ്വരസ്മരണയും ഉണര്‍ത്താന്‍ അതിനു കഴിയുന്നു. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു.
വനത്തിനോടു ചേര്‍ന്ന് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ വഴിവിളക്കുകള്‍ ഒന്നുമില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ അവിടെ കൊള്ളകള്‍ വര്‍ദ്ധിച്ചു. കൊള്ളക്കാര്‍ വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നതു സ്ഥിരം സംഭവമായി. ചിലപ്പോള്‍ കൊലപാതകങ്ങളും നടന്നു. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതുകണ്ടു നാട്ടുകാര്‍ ഉദ്യോഗസ്ഥരെ സമീപിച്ച് നാട്ടില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാന്‍ അപേക്ഷിച്ചു. അവര്‍ പല തവണ അപേക്ഷകള്‍ നല്‍കിയിട്ടും മേലധികാരികളെ നേരില്‍ക്കണ്ടുപറഞ്ഞിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ക്കു യാതൊരു കുറവും സംഭവിച്ചതുമില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാള്‍ക്കു തോന്നി, തന്റെ വീടിനുമുന്നില്‍ ഒരു റാന്തല്‍വിളക്കു കത്തിച്ചുവച്ചാലോ എന്ന്! അത്രയും സ്ഥലത്തു പ്രകാശം കിട്ടുമല്ലോ!
സന്ധ്യയായപ്പോള്‍ അദ്ദേഹം തന്റെ വീടിനുമുന്നില്‍ വഴിയോടുചേര്‍ന്ന് ഒരു റാന്തല്‍വിളക്കു കത്തിച്ചു. അതു വഴിയിലൂടെ പോകുന്നവര്‍ക്ക് പ്രകാശം നല്‍കി. ഇതുകണ്ടപ്പോള്‍ അടുത്ത വീട്ടുകാരന് അതു നല്ല ഭംഗിയുള്ളതായിത്തോന്നി. അദ്ദേഹവും തന്റെ വീടിനുമുന്നിലെ വഴിയരികില്‍ ഒരു റാന്തല്‍ വിളക്കു കത്തിച്ചുവച്ചു. ഇതുകണ്ട് അടുത്തവീട്ടുകാരും അതുതന്നെ ചെയ്തു. അങ്ങനെ എല്ലാ വീട്ടുകാരും വീടിനുമുന്നില്‍ റാന്തല്‍വിളക്കു കത്തിച്ചുവച്ചു. അതോടെ ആ ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതെയായി. കള്ളന്മാരുടെ ശല്യവും കുറഞ്ഞു.


 ഒരാളില്‍നിന്നാരംഭിച്ച സദ്പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായി.

No comments:

Post a Comment