അധ്യായം 33, - പ്രദ്യുമ്നജനനവും വിവാഹവും
ഓം നമോ ഭഗവതേ വാസുദേവായ...
ഭഗവാന്റെ ലീലകൾ പലപ്പോഴും പല തത്ത്വങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കുന്നവയാണ്. മനുഷ്യന്റെ കുടുംബ ജീവിതം പലപ്പോഴും പ്രാരാബ്ധനിബിഡമാകും. പ്രശ്നങ്ങൾ ഒഴിഞ്ഞ സമയം അധികം ഉണ്ടാവില്ല. ഭഗവാന്റെ കുടുംബ ജീവിതത്തിലും അത്തരം ഉദാഹരണങ്ങൾ ശ്രീശുകൻ കാണിക്കുന്നു. എന്തിനാണെന്നോ? നമ്മളേക്കാൾ വലിയ ആളുകൾക്കുപോലും, ഇങ്ങിനെയൊക്കെ സംഭവിയ്ക്കാറുണ്ടല്ലോ എന്നോർക്കുമ്പോൾ നമ്മുടെ ദുഃഖം സാരമില്ല എന്ന് തോന്നും. ദുഃഖം ഇല്ലാതാവൽ അല്ല, അത് സഹിയ്ക്കാനുള്ള കഴിവ്, അതിനെപ്പോലും സുഖമായി മാറ്റാനുള്ള കഴിവ് - അതാണ് മനഃസംസ്കാരംകൊണ്ട് ഉണ്ടാവേണ്ടത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഏറ്റവും സുഖം കുഞ്ഞുങ്ങൾ ഉണ്ടായാലല്ലേ. അങ്ങിനെയൊക്കെയാണ് നമ്മുടെ ധാരണ. ഭഗവാന് സന്തതി ഇല്ലാതെ അനവധി നാൾ! പ്രശ്നം വെച്ചപ്പോൾ പരിഹാരം ജഗത്പിതാവായ കാശിവിശ്വനാഥനെ ഭജിക്കലായിരുന്നു. അനുഗ്രഹംകൊണ്ട് ഒരുണ്ണിയുണ്ടായി. എന്നിട്ട് സന്തോഷമായോ?
ഈ ലോകത്തിൽ - ''സുഖവും, അസുഖവും മിശ്രമായ് താനിരിക്കും, ഹാ! സുഖങ്ങൾവെറും ജാലം, ആരറിവൂ നിയതിതൻ ത്രാസ്സ് തൂങ്ങുന്നതും, താനേ താണുപോവുന്നതും!" സുഖം എന്ന് വിചാരിയ്ച്ചിരിക്കുമ്പോഴാണ്, രുഗ്മിണി പ്രസവിച്ച് പെറ്റുവാലായ്മ പോകുന്നതിനു മുൻപുതന്നെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയത്. ഭഗവാന്റെ കുടുംബത്തിലെ കഥയാണ്! ഇന്ന് എവിടെയെങ്കിലും നടക്കുന്ന സംഭവമല്ല. എന്താപത്തുവന്നാലും അമ്മയെ ആശ്രയിക്കും - 'ദുർഗാംദേവീം ശരണം അഹം പ്രപദ്യേ!' കുറേനാൾ കഴിഞ്ഞപ്പോൾ ആ ഉണ്ണി - പ്രദ്യുമ്നൻ - തിരിച്ചുവന്നു. നാരദമഹർഷിയാണ് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞത്.
"ശംബരൻ എന്നൊരാളാണ് ഉണ്ണിയെ കൊണ്ടുപോയത്. പക്ഷേ അയാളിന്നിപ്പോൾ ജീവിച്ചിരിപ്പില്ല. ഈ ഉണ്ണി തന്നെയാണ് കുറച്ചു വലുതായപ്പോൾ, തന്നെ കട്ടുകൊണ്ടുപോയത് അയാളാണെന്ന് മനസ്സിലാക്കി നിഗ്രഹിച്ചത്. അതുകൊണ്ട് ഇനി ആ വക കേസ്സ് അന്വേഷിച്ചിട്ട് കാര്യമില്ല. പ്രദ്യുമ്നന്റെ കൂടെ കാണുന്ന ആ കുട്ടി ശംബരന്റെ അടുക്കളക്കാരിയായിരുന്നു. അവർ തമ്മിൽ പ്രേമവിവാഹം നടന്നതാണ്." ഭഗവാന്റെ കുടുംബത്തിലെ സീമന്തപുത്രനാണ്, ശത്രുവിന്റെ അടുക്കളയിലെ ദേഹണ്ഡക്കാരിയായ മായാവതിയെ കല്യാണം കഴിച്ചുകൊണ്ടുവന്നിരിയ്ക്കുന്നത്. നമ്മുടെ കുടുംബത്തിലാണ് ഇങ്ങിനെ 'എന്റെ ഹസ്ബൻഡ്' എന്നും പറഞ്ഞ് ഒരു കുട്ടി കേറി വന്നിരുന്നതെങ്കിലോ? മകൻ പറയുന്നു, ''അമ്മക്കറിയ്യ്യോ? എന്റെ ഭാര്യയാണിത്. ഞാൻ കണ്ട്, പ്രേമിച്ച്, വിവാഹം കഴിച്ചു." ഇതൊക്കെ ഭഗവാന്റെ കുടുംബ ജീവിതത്തിലും ഉണ്ടായി.
സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..
ഉണ്ണിക്കൃഷ്ണൻ കൈതാരം
© സദ്ഗമയ സത്സംഗവേദി
No comments:
Post a Comment