ഓം നമോ ഭഗവതേ വാസുദേവായ
11. ബ്രഹ്മാവാദിയാ,യീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിർണ്ണയം
ദിക്പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചുകിടക്കുന്നു
അല്പകർമ്മികളാകിയ നാമെല്ലാ-
മല്പകാലം കൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
സാരം: ബ്രഹ്മാവ് മുതൽ ഈച്ച, എറുമ്പ് എന്നീ ചെറുജീവികൾ വരെയും കർമ്മബദ്ധന്മാരാണ്. ലോകാവസാനത്തിൽ പ്രളയം വരുന്നതുവരെയും ബ്രഹ്മാവിന് ഭുവനസൃഷ്ടി നടത്തുകയെന്ന കർമ്മപാശത്തിൽനിന്ന് വിമുക്തനാവാൻ സാധിക്കില്ല. അഷ്ടദിക്പാലകന്മാർപോലും ഓരോദിക്കുകളിലായി ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അല്പകർമ്മികളും, അല്പായുസ്സുകളുമായ നമ്മളെപ്പോലുള്ള ജന്തുക്കളും ജനനമരണമെന്ന ചക്രത്തിൽപ്പെട്ട് കർമ്മബന്ധനത്തിൽ കിടന്നുവലയുകയാണ് ചെയ്യുന്നത്.
ഇവിടെ കവി എന്താണ്പറയുന്നത്! ബ്രഹ്മാവിനുപോലും കർമ്മം ചെയ്യാതിരിക്കാനാവില്ല. നമ്മെപ്പോലെയുള്ളവർക്ക് കർമ്മവും, ആയുസ്സും കുറവാണ്. എന്നാൽ ബ്രഹ്മാവിന് ഒരുപ്രളയാനന്തരം ആരംഭിക്കുന്ന സൃഷ്ടികർമ്മം അടുത്ത ബ്രഹ്മപ്രളയം വരെ തുടർന്നുകൊണ്ടേയിരിക്കണം. വളരെയധികം നീണ്ടകാലഘട്ടമാണത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ യുഗങ്ങൾ ചേർന്നതാണ് ചതുർയുഗം. ചതുർയുഗങ്ങളുടെ ദൈർഘ്യം 43,20000 മനുഷ്യവർഷമാണ്. ഇപ്രകാരമുള്ള 1000 ചതുർയുഗങ്ങൾ ചേർന്നാൽ ഒരുകല്പം അതായത് ബ്രഹ്മാവിന്റെ പകലാകും. അത്രയും കാലംതന്നെയാണ് ബ്രഹ്മാവിന്റെ ഒരുരാത്രി!അതാണ് പ്രളയകാലം. പ്രളയശേഷം ബ്രഹ്മാവ് സൃഷ്ടികർമ്മം ആരംഭിക്കുന്നു, അതായത് പ്രളയകാലം കഴിഞ്ഞാൽ ബ്രഹ്മാവ് കർമ്മം ചെയ്തുകൊണ്ടേയിരിക്കുന്നു. അതുപോലതന്നെ
അഷ്ടദിക്പാലന്മാരുടെ കർമ്മവും ദീർഘകാലയളവിലുള്ളതാണെന്ന് പറയാം.
അവരെയൊക്കെ അപേക്ഷിച്ച് നോക്കുമ്പോൾ,നമുക്ക് വളരെ ഹ്രസ്വമായ ആയുസ്സും, വളരെ കുറച്ച് കർമ്മങ്ങളും മാത്രമെയുള്ളൂ എന്ന്മനസ്സിലാക്കാമല്ലോ. ഓരോജന്മം കഴിയുന്തോറും വീണ്ടും ജന്മമെടുക്കുകയും, അങ്ങനെ ജനനമരണമാകുന്ന കാലചക്രത്തിൽപെട്ട് ഉഴലുകയുമാണ് നമ്മുടെ ജീവൻ. അതിനാൽ എപ്പോഴും ഭഗവാനിൽ മനസ്സർപ്പിച്ച് സത്കർമ്മം ചെയ്യണമെന്നാണ് ഭഗവാന്റെ ഉപദേശവും !!
ഭഗവദ്ഗീതയിൽ കർമ്മത്തെപ്പറ്റി ഭഗവാൻ വ്യക്തമായി നമ്മെ മനസ്സിലാക്കി തരുന്നുണ്ട്.
ശ്ലോകം 3/5
ന ഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകർമകൃത്-
കാര്യതേ ഹ്യവശ: കർമ്മ
സർവ്വഃ പ്രകൃതിജൈർഗുണൈഃ
സാരം: ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളിൽ നിന്നുളവാകുന്ന വാസനകൾക്കനുസരിച്ച് ഓരോമനുഷ്യനും കർമ്മം ചെയ്യാൻ നിർബന്ധിതനാണ്. ആർക്കും ഒരൊറ്റ നിമിഷം പോലും താന്താങ്ങളുടെ കർമ്മത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല.
ശ്ലോകം 3/22
ന മേ പാർത്ഥാസ്തികർതവ്യം
ത്രിഷുലോകേഷു കിഞ്ചന -
നാനവാപ്തമവാപ്തവ്യം
വർത്ത ഏവ ച കർമണി.
സാരം: അല്ലയോ പാർത്ഥ! മൂന്നുലോകങ്ങളിലും എനിക്ക് ചെയ്യേണ്ടതായിട്ടൊന്നുമില്ല. എനിക്ക് ഇല്ലാത്തതായോ, ആവശ്യമായതായോ യാതൊന്നുമില്ല. എങ്കിലും ഞാൻ വിധിക്കപ്പെട്ട കർമ്മം ചെയ്തു കൊണ്ടേയിരിക്കുന്നു!
ഭഗവാന്റെ വാക്കുകളാണിത്.
ആർക്കും ഒരു നിമിഷം പോലും കർമ്മം ചെയ്യാതിരിക്കാനാവില്ല, സാക്ഷാൽ ഭഗവാനു പോലും പറ്റില്ല എന്നാണ് ഭഗവാൻ ഈ ശ്ലോകങ്ങളിലൂടെ നമ്മെ മനസ്സിലാക്കി തരുന്നത് !!
ഈ കർമ്മബന്ധനത്തിൽ നിന്ന് മുക്തരാവേണ്ടവിധവും ഭഗവാൻ തന്നെ ഉപദേശിക്കുന്നുണ്ട്. നിഷ്ക്കാമഭക്തിയോടെ ഭഗവാനിൽ അർപ്പിച്ച് കർമ്മാനുഷ്ഠാനം ചെയ്ത് മുക്തിപദം നേടാവുന്നതാണ്! ഈ ലോകത്ത് ഒന്നിലും എന്റേതെന്ന ഭാവമില്ലാത്തവനും, മനസ്സിനെ പൂർണ്ണമായിവശത്താക്കിയവനും, ഒരാശയും അവശേഷിച്ചിട്ടില്ലാത്തവനുമായ മനുഷ്യൻ കാമ്യകർമ്മങ്ങളെല്ലാം വെടിയുന്നതോടെ കർമ്മമില്ലാത്ത ( അതായത് ജനനമരണചക്രങ്ങളിൽ പെട്ടുഴലാതെ ) ബ്രഹ്മാനുഭവത്തിൽ എത്തിച്ചേരുന്നു!!
ഹരേ! കൃഷ്ണാ..
ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ
തുടരും .
ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി
No comments:
Post a Comment