ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 2, 2021

കഥാകൗതുകം 31 / പൂതന



കഥ 7 - ഭാഗം 3


പൂതന


വാമനാവതാരത്തിൽ ഭഗവാൻ, മഹാബലിയെ അനുഗ്രഹിച്ച് സുതലത്തിലേക്കയച്ചു; പലരും പറയുന്നത് പോലെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയല്ല ചെയ്തത്. മഹാബലിയുടെ ഓമനപ്പുത്രിയാണ് രത്നമാല. വാമനൻ ഭിക്ഷ യാചിക്കാൻ വരുന്നത് രത്നമാല അന്തപ്പുരത്തിലിരുന്ന് കണ്ടു. ഓമനത്വം തുളുമ്പുന്ന മുഖവും ബാലഭാവവും അവളെ ആകർഷിച്ചു. വാമനരൂപം കണ്ടപ്പോൾ അവൾക്ക് മാതൃസഹജമായ സ്നേഹം ഉദിച്ചു. തനിക്ക് ഇതുപോലെ ഒരു പുത്രൻ ജനിച്ചെങ്കിൽ എന്നവൾ ആഗ്രഹിച്ചു. വാമനൻ സ്വന്തം പുത്രനായി പിറന്ന്, അവനെ മുലയൂട്ടുന്നതായി അവൾ സങ്കൽപ്പിച്ചു.

സർവ്വഭൂതാന്തർസ്ഥിതനാണ് ഭഗവാൻ. അങ്ങിനെയുള്ള ഭഗവാന് രത്നമാലയുടെ മനസ്സിലെന്താണെന്ന് അറിയാൻ പ്രയാസമുണ്ടായില്ല. മഹാബലി പരമഭക്തനാണ്. ഭക്തന്റെ മകളുടെ ആഗ്രഹം കണ്ടില്ലെന്ന് നടിക്കാൻ ഭഗവാനാവില്ല. അപ്പോൾ തന്നെ ഭഗവാൻ രത്നമാലക്ക് മനസാ വരം നൽകുകയും ചെയ്തു. അടുത്ത ജന്മത്തിൽ എന്നെ എടുത്ത് ലാളിക്കാനും മുലയൂട്ടാനും അങ്ങിനെ സായൂജ്യം പ്രാപിക്കാനും നിനക്ക് ഇടവരും.

ദ്വാപരയുഗത്തിൽ രത്നമാല പൂതനയായും, ഭഗവാൻ കൃഷ്ണനായും ജനിച്ചു. ഭക്തൻ ഏതേത് ഭാവങ്ങളിൽ സങ്കൽപ്പിക്കുന്നുവോ, അതാത് ഭാവത്തിൽ ഭഗവാൻ ഭക്താഭീഷ്ടം സാധിച്ചു കൊടുക്കും എന്നാണ്‌. ഭക്തിയിലൂടെയുള്ള മുക്തിക്ക് നാലു ഘട്ടങ്ങളുണ്ട്. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിവയാണവ. രത്നമാല ഇവ നാലും ആഗ്രഹിച്ചു. അഗ്നിയെ അറിഞ്ഞുകൊണ്ട് തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും എന്ന് പറഞ്ഞത് പോലെ അറിയാതെയാണെങ്കിലും പൂതന മൂന്ന് ഘട്ടങ്ങൾ കടന്ന് സായൂജ്യമുക്തി നേടി. അതുപോലെ ഭഗവാനെ സദ്ഭാവത്തിൽ ഭജിച്ചാലും കുഭാവത്തിൽ ഭജിച്ചാലും ഭഗവാൻ മോക്ഷം നൽകും. എത്ര നീചഭാവമുണ്ടായിരുന്നാലും ഭഗവാന്റെ സാന്നിദ്ധ്യമോ, ദർശനമോ, സ്പർശനമോ ഉണ്ടായാൽ പാപമോചനം വരുകതന്നെ ചെയ്യും.


അവസാനിച്ചു


കഥാവലംബം: ഗർഗ്ഗസംഹിത


വിജയകുമാർ

©സദ്ഗമയ സത്സംഗവേദി

No comments:

Post a Comment