ശ്രീലളിതാത്രിശതീ വ്യാഖ്യാനം.
46. ഈശാനാദിബ്രഹ്മമയീ
ഈശാനൻ തുടങ്ങിയ ബ്രഹ്മന്മാരുടെ രൂപം സ്വീകരിച്ചവൾ. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ , ഈശ്വരൻ, സദാശിവൻ എന്നിവരെ ചേർത്ത് 'പഞ്ച ബ്രഹ്മങ്ങൾ' എന്നു പറയുന്നു. ഇവർ ദേവിയിൽ നിന്നു ഭിന്നരല്ല. ദേവിയുടെ മൂർത്തികളാണ്. ശക്തിയുക്തരല്ലാത്തപ്പോൾ പ്രവർത്തിക്കാൻ കഴിവില്ലാത്തവരായിരിക്കും. അപ്പോൾ അവരെ 'പഞ്ചപ്രേതങ്ങൾ ' എന്നു പറയും. ശക്തി കൂടി ചേരുമ്പോൾ സൃഷ്ടിസ്ഥിതിലയതിരോധാനുഗ്രഹരൂപമായ പ്രപഞ്ചപ്രവർത്തനത്തിനു ശക്തരായിത്തീരും. അപ്പോൾ പഞ്ചബ്രഹ്മങ്ങൾ.
ഈശാനനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദ്യോജാതൻ എന്നീ ശിവമൂർത്തികളെ ആഗമങ്ങളിൽ പഞ്ചബ്രഹ്മം എന്ന പദം കൊണ്ടു കുറിക്കാറുണ്ട്. ഈ മൂർത്തികളായി രൂപം പൂണ്ടവൾ എന്നും വ്യാഖ്യാനിക്കാം.
''ബ്രഹ്മരൂപാ, ഗോവിന്ദരൂപിണി, രുദ്രരൂപാ, ഈശ്വരീ, സദാശിവാ, പഞ്ചബ്രഹ്മസ്വരൂപിണീ" തുടങ്ങി പല നാമങ്ങളിലായി ലളിതാസഹസ്രനാമം ഈ ആശയം അവതരിപ്പിക്കുന്നു.
ഓം ഈശാനാദിബ്രഹ്മമയൈ നമഃ
No comments:
Post a Comment