ശ്രീലളിതാത്രിശതീ വ്യാഖ്യാനം
43. ഈപ്സിതാർത്ഥപ്രദായിനീ
_ഈപ്സിതമായ അർത്ഥങ്ങളെ പ്രദാനം ചെയ്യുന്നവൾ. എല്ലാ പ്രവർത്തനങ്ങളും സ്വാഭാവികമായി ഫലങ്ങളുളവാക്കുന്നു. മനുഷ്യർ സാമാന്യമായി ഫലം ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരാണ്. നിഷ്കാമമായ പ്രവർത്തനം പോലും മോക്ഷപ്രാപ്തി എന്ന ഫലത്തെയെങ്കിലും ലക്ഷ്യമാക്കുന്നതായി കാണാം. സ്വാർത്ഥലാഭത്തിനുള്ള ആഗ്രഹം കുറയ്ക്കാൻ അഭ്യാസം കൊണ്ടും മനോനിയന്ത്രണം കൊണ്ടും ഒട്ടൊക്കെ കഴിയും. ആരാധനകളും ഉപാസനയും ഫലാപേക്ഷയോടെ ചെയ്യുന്നവരാണ് അധികം പേരും._
_ആഗ്രഹങ്ങൾ എന്തു തന്നെയായാലും അതു സാധിച്ചു കൊടുക്കുന്നവളാണ് ലോകമാതാവ്. അമ്മയെ ആശ്രയിക്കുന്നവർക്ക് അമ്മയുടെ കാരുണ്യം കൊണ്ട് ദുഷ്ടചിന്തകൾ ഉണ്ടാവുകയില്ല. ഈപ്സിതം സദ്ഭാവ പ്രേരിതമായിരിക്കും. ആ ആഗ്രഹങ്ങൾ അമ്മ പ്രദാനം ചെയ്യും.ഇവിടെ അമ്മ എന്ന സങ്കല്പത്തിന് പ്രാധാന്യമുണ്ട്. വേണ്ടാത്തതും അരുതാത്തതുമായ ഒന്നിനുവേണ്ടി കുട്ടി വാശി പിടിച്ചു കരയുമ്പോൾ അതിൽ നിന്ന് കുട്ടിയുടെ ശ്രദ്ധ കൗശലപൂർവ്വം മാറ്റി കുട്ടിക്കു ഗുണകരമായ എന്തെങ്കിലും കൊടുത്ത് അമ്മ സമാധാനിപ്പിക്കുന്നതു പോലെ ജഗദംബയും തന്റെ ഭക്തന്റെ മനസ്സിൽ നല്ല ആഗ്രഹങ്ങൾ ഉണ്ടാക്കുകയും അത് സാധിപ്പിച്ച് അവനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ആഗ്രഹങ്ങൾ എന്താണെന്ന് അമ്മയോട് പറയേണ്ട ആവശ്യവുമില്ല.
_''ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണഃ_
_ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ_
_ഭയാത്ത്രാതും ദാതും ഫലമപിച വാഞ്ഛാസമധികം_
_ശരണ്യലോകാനാം തവ ഹി ചരണാവേവ നിപുണൗ "
_ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ_
_ഭയാത്ത്രാതും ദാതും ഫലമപിച വാഞ്ഛാസമധികം_
_ശരണ്യലോകാനാം തവ ഹി ചരണാവേവ നിപുണൗ "
_(ലോകങ്ങൾക്കു ശരണ്യയായ അല്ലയോ ദേവീ ! അന്യദേവഗണങ്ങൾ അഭയവരമുദ്രകൾ കൈകൾ കൊണ്ടു കാണിക്കുന്നു. നിന്തിരുവടി വരാഭീതികളായ മുദ്രകൾ പ്രകടിപ്പിക്കുന്നില്ല. ഭയത്തിൽ നിന്നു രക്ഷിക്കാനും ആഗ്രഹിച്ചതിലേറെ ഫലം നൽകാനും അവിടത്തെ തൃപ്പാദങ്ങൾ തന്നെ സമർത്ഥങ്ങളാണല്ലോ) എന്നു സൗന്ദര്യലഹരിയിൽ ശങ്കരാചാര്യർ ദേവിയെ സ്തുതിക്കുന്നു.
_ലളിതാസഹസ്രനാമത്തിൽ'കാമദായിനീ, 'ഭക്തസൗഭാഗ്യദായിനീ, 'വാഞ്ഛിതാർത്ഥപ്രദായിനീ', 'ഭക്തിമത്കല്പലതികാ ' എന്നീ നാമങ്ങൾ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നു.
ഓം ഈപ്സിതാർത്ഥപ്രദായിന്യൈ നമഃ
_ശ്രീവത്സം കടപ്പാട്
No comments:
Post a Comment