ശ്രീലളിതാത്രിശതീ വ്യാഖ്യാനം
_ശ്രീവിദ്യാ മന്ത്രത്തിന്റെ മൂന്നാം അക്ഷരമായ 'ഈ' കൊണ്ടു തുടങ്ങുന്ന നാമങ്ങൾ ആരംഭിക്കുന്നു.
41. ഈകാരരൂപാ
_ശ്രീവിദ്യാ മന്ത്രത്തിന്റെ മൂന്നാമത്തെ അക്ഷരമായ ഈകാരമായി രൂപം പൂണ്ടവൾ.ഈകാരം മഹാലക്ഷ്മിയെ കുറിക്കുന്നു. വസ്തുക്കളിലും ജീവികളിലും ആഹ്ലാദമായും സമ്പത്തായും ആകർഷകമായും കലകളിൽ രസമായും മഹാലക്ഷ്മീചൈതന്യമായി വർത്തിക്കുന്നവൾ._
_ഈകാരം പുല്ലിംഗമായി സ്വീകരിച്ചാൽ കാമദേവൻ എന്നർത്ഥം. ഈ അർത്ഥത്തിൽ ജീവികളെ പരസ്പരം ബന്ധിക്കുകയും പ്രപഞ്ചപ്രവർത്തനം സാദ്ധ്യമാക്കുകയും ചെയ്യുന്ന രതിക്ക് ആധാരമായി വർത്തിക്കുന്നവൾ._
_'ഈ' എന്ന ക്രിയാ ധാതുവിന് വ്യാപിക്കുക, ചലിക്കുക, ഉണ്ടാകുക, എന്നിങ്ങനെ ബന്ധപ്പെട്ട അർത്ഥങ്ങൾ. ഈ അർത്ഥം കൊണ്ടു വ്യാഖ്യാനിച്ചാൽ വ്യാപന ശീല, വിഷ്ണുരൂപിണി എന്നർത്ഥം._
_മന്ത്രവ്യാഖ്യാനത്തിൽ ക, ഏ എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് ഉദ്ധരിക്കപ്പെട്ട കാമേശ്വരതത്ത്വത്തെയും കാമേശ്വരീതത്ത്വത്തെയ്യം ഏകോപിപ്പിക്കുന്ന ശിവശക് തൈക്യരൂപിണിയായി പ്രപഞ്ചരൂപത്തിൽ വ്യാപിക്കുന്നവൾ. "ഈ വ്യാപ്താവിതി ധാതോസ്തസ്യാവ്യാപ്തിസ്ത്രിതീയവർണാർത്ഥഃ'' എന്ന് വരിവസ്യാരഹസ്യം
ഓം ഈകാരരൂപായൈ നമഃ
42. ഈശിത്രീ
_നിയന്ത്രിക്കുന്നവൾ, ഭരിക്കുന്നവൾ. സർവ്വ പ്രപഞ്ചങ്ങളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പരാശക്തി. എല്ലാത്തിനെയും പ്രേരിപ്പിക്കുന്നവൾ.
_വ്യക്തികളുടേയോ സമൂഹത്തിന്റെയോ ഇച്ഛ സമൂഹത്തിന്റെ പ്രവർത്തനമായി രാഷ്ട്രങ്ങളും ശാസ്ത്ര സംവിധാനങ്ങളുമായി രൂപം കൊള്ളുന്നു. വ്യക്തിയുടെ ചേതനയായാലും സമൂഹചേതനയായാലും അതിനു പ്രേരകമാകുന്നതും അതിനെ നിയന്ത്രിക്കുന്നതും പരയായചിച്ഛക്തിയാണ്. പ്രവർത്തനത്തിനു പ്രേരണയായും പ്രവർത്തനമായും പ്രവർത്തഫലമായും ഫലഭോക്താവായും വർത്തിക്കുന്നതിനാൽ ഈശിത്രീ എന്നു നാമം.
ഓം ഈശിത്യൈ നമഃ
_ശ്രീവത്സം കടപ്പാട്
No comments:
Post a Comment