ശ്രീലളിതാത്രിശതീ വ്യാഖ്യാനം
45. ഈശ്വരത്വവിധായിനീ
_ഈശ്വരത്വം നൽകുന്നവൾ. ഈശ്വരത്വം എന്തെന്നു വിധിക്കുന്നവൾ. ഐശ്വര്യമുള്ള ഭാവം ഈശ്വരത്വം. ഈ അർത്ഥത്തിൽ അണിമ തുടങ്ങിയ അഷ്ടൈശ്വര്യങ്ങളും തന്റെ ഭക്തർക്കു നൽകുന്നവൾ എന്നർത്ഥം. ഐശ്വര്യം എന്ന പദത്തിന് വ്യാവഹാരികമായി സമ്പത്ത്, സുഖം, ആരോഗ്യം എന്നിങ്ങനെയും അർത്ഥം. ഈ പക്ഷത്തിൽ ഭൗതിക സുഖങ്ങൾ നൽകുന്നവൾ എന്നു വ്യാഖ്യാനം.
_ഈശ്വരശബ്ദം പരമേശ്വരനെ കുറിക്കുന്നു. ഈശ്വരത്വം ഈ പക്ഷത്തിൽ ശ്രീപരമേശ്വരന്റെ പ്രഭാവമാണ്. സൃഷ്ടിസ്ഥിതിലയങ്ങൾക്ക് ഈശ്വരനെ ശക്തനാക്കുന്നത് ഈശ്വരിയായ ലളിതാംബികയാണ്.
'' ശിവശ്ശക്ത്യായുക് തോ യദി ഭവതി ശക്തഃ പ്രഭാവിതും
നചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി "
( _ശിവൻ ശക്തിയോടു ചേർന്നാൽ പ്രഭവിക്കാൻ ശക്തനായിത്തീരുന്നു. അപ്രകാരമല്ലെങ്കിൽ - ശക്തിയോടു ചേരുന്നില്ലെങ്കിൽ - ശിവൻ ദേവനാണെങ്കിലും സ്പന്ദിക്കാൻ പോലും കഴിവില്ലാത്തവനാകുന്നു.) എന്ന് സൗന്ദര്യലഹരി.
_ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെയും ഇന്ദ്രാദിദേവകളെയും ഈശ്വരന്മാരെന്നു പറയാറുണ്ട്. ഐശ്വര്യസമഗ്രത അവർക്കെല്ലാമുണ്ട്. ഓരോരുത്തരുടേയും ശക്തിയും പ്രവർത്തനവും ദേവി സംവിധാനം ചെയ്ത പ്രവർത്തക്രമത്തിന്റെ ഭാഗമാണ്. അങ്ങനെ ഈശ്വരത്വത്തെ വിധാനം ചെയ്തവൾ.
_ഈശ്വരശബ്ദത്തിന് നേതാവ്, അധിപതി എന്നിങ്ങനെയും അർത്ഥം. മനുഷ്യരിൽ ചിലർ അധികാരം കൊണ്ടോ ജ്ഞാന വൈരാഗ്യാദികൾ കൊണ്ടോ മറ്റുള്ളവർക്ക് ഈശ്വരന്മാരായി കാണുന്നുണ്ട്. അവർക്ക് ഈശ്വരത്വം നൽകിയവൾ.
_''തേ സമ്മതാ ജനപദേഷൂ ധനാനി തേഷാം_
_തേഷാം യശാംസി ന ച സീദതി ധർമ്മവർഗഃ_
_ധന്യാസ്ത ഏവ നിഭൃതാത്മജഭൃത്യദാരാഃ_
_യേഷാം സദാ fഭ്യുദയദാ ഭവതീ പ്രസന്നാ''
_(ദേശങ്ങളിൽ ജനസമ്മതരായും സമ്പന്നരായും യശസ്വികളായും ധർമ്മാദികൾ ക്ഷയിക്കാത്തവരായും വിനീതരായ പുത്രഭൃതദാരാദികളാൽ ധന്യരായും ഉള്ളവരെല്ലാം നിന്തിരുവടിയുടെ പ്രസാദമുള്ളവരാണ്. അവരുടെ അഭ്യുദയം നിന്തിരുവടി നൽകുന്നതാണ്.) എന്നു ദേവീമാഹാത്മ്യം.
ഓം ഈശ്വരത്വവിധായിന്യൈ നമഃ
_ശ്രീവത്സം കടപ്പാട്
No comments:
Post a Comment