ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 6, 2020

ശ്രീകൃഷ്ണ ലീലാമൃതം - 006

                     

                                                       

കഥ ഇത് വരെ..                                     

 ശ്രീകൃഷ്ണലീലാമൃതം  ബ്രഹ്മലോകത്തു നിന്നും സന്തോഷപൂർവ്വം ആരംഭിച്ചു. അപ്പോൾ അവിടെ എത്തുന്ന നാരദമുനിയുടെ മുഖത്ത് നിഴലിച്ച മ്ലാനതയുടെ കാരണം അന്വേഷിച്ച ബ്രഹ്മദേവനോട് നാരദൻ വിവരിക്കുന്ന കഥയിൽ ,നാരദൻ ഭക്തിമാതാവിനെ കണ്ടുമുട്ടുന്നത് വരെ ആണ് നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടത്.

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിച്ചു കൊണ്ട്  സാക്ഷാൽ ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ തുടരട്ടെ.......




ശ്രീകൃഷ്ണ ലീലാമൃതം-006
                 
           

നാരദനും ഭക്തിമാതാവും
                                       


ഭക്തിമാതാവ് തുടർന്നു,അങ്ങനെ ഞങ്ങൾ ഇവിടെ എത്തിച്ചേർന്നു,എന്റെ അനുമാനം ശരിതന്നെ ആയിരുന്നു രാധയുടെയും ,ഗോപികമാരുടെയും പ്രേമത്തിന്റെയും ,ഭക്തിയുടെയും പ്രഭാവത്തിൽ ഈ അന്തരീക്ഷത്തിന്റെ ഓരൊ കണികയിലും ഭക്തി നിറഞ്ഞു നിൽക്കുന്നു.അത് കൊണ്ടുതന്നെ ഇവിടെ എത്തിയ ഉടൻ തന്നെ എന്റെ വാർദ്ധക്യം മറയുകയും യൗവ്വനം തിരിച്ചു കിട്ടുകയും ചെയ്തു.ഞാൻ വീണ്ടും യുവസുന്ദരിയായി മാറി.

പക്ഷെ എന്റെ രണ്ടു പുത്രന്മാർ അതെസ്ഥിതിയിൽ തന്നെ തുടരുന്നു.അല്ലയോ മഹാമുനേ ! അങ്ങ് സാക്ഷാൽ ബ്രഹ്മദേവന്റെ പുത്രനാണ്.എന്റെ പുത്രന്മാരെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ അങ്ങേയ്ക്കു സാധിക്കും .ദയവായി അങ്ങെന്നെ സഹായിച്ചാലും.ഇല്ലെങ്കിൽ ഞാൻ പുത്രദുഃഖത്താൽ ഈ ധരണി വിട്ടു പോകുന്നതാണ്.എന്ന് പറഞ്ഞു ഭക്തിമാതാവ് വാവിട്ടു കരഞ്ഞു.

ഇത് കണ്ടു വിഷമിതനായ നാരദർ പറഞ്ഞു.....


ശ്രീകൃഷ്ണ ലീലാമൃതം തുടരും ....................




കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി

Thursday, January 2, 2020

ശുഭചിന്ത / ശുഭദിനം,



എന്റെ’,’എനിക്ക്’എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....!



സര്‍വസംഗപരിത്യാഗിയായിട്ടാണ് ആ യോഗി അറിയപ്പെട്ടിരുന്നത്.....

അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം...,
ഒടുവില്‍ അതും വലിച്ചെറിഞ്ഞു...


കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമായി ഒരു പാത്രം എന്നായിരുന്ന‌ു ആ ത്യാഗിയുടെ വിശദീകരണം..... ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം......


രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും.....

അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും......



അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു....!


ത്യാഗിയുടെ സംയമനം വിട്ടുപോയി......

അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു,

“ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം.”


'എന്റെ’,’എനിക്ക്’എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ....._

കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരുടേതോ?


എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം....


അതുകൊണ്ട് നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്. പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്...


മഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിനാല്‍ ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല.....

Wednesday, January 1, 2020

ശ്രീ കൃഷ്ണലീലാമൃതം

             

ആമുഖം                                     

പ്രിയ സുഹൃത്തുക്കളെ ഭഗവാൻ ശ്രീകൃഷ്ണന്റെ നാമം ശ്രവിക്കുമ്പോൾ തന്നെ പുളകിതമാകും നമ്മുടെ മനസ്സ്. ഭഗവാന്റെ ജീവിത ലീലകളെ കോർത്തിണക്കി തയ്യാറാക്കുന്ന ഒരു സംഗ്രഹം ആണ്     

"ശ്രീകൃഷ്ണ ലീലാമൃതം" എന്ന ഈ പംക്തി.     

                                          

ഭഗവാന്റെ പൂർവ്വജന്മ കഥകൾ മുതൽ, ജനനം തുടങ്ങി ഓരോ ലീലാവിലാസങ്ങളും സ്വന്തമായ ശൈലിയിൽ അവതരിപ്പിക്കാൻ  ഉള്ള ഒരു എളിയ ഉദ്യമം ആണ് ഈ ശ്രീകൃഷ്ണ ലീലാമൃതം.         

                    

സാക്ഷാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ,  ഗുരുവായൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സദ്‌ഗമയ സത്‌സംഗവേദി ആത്മീയ കൂട്ടായ്മയുടെ എല്ലാ ഗ്രൂപ്പുകളിലും പൊന്നിൻ ചിങ്ങമാസം മുതൽ എല്ലാ വ്യാഴാഴ്ചകളിലും  ഈ പംക്തി പ്രസിദ്ധീകരിക്കുന്നതാണ്.     

                                   

ഉണ്ണിക്കണ്ണന്റെ ആശിസ്സോടെയും  എല്ലായ്പ്പോഴും  പോലെ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകളോടെയും  ഈ ഉദ്യമം സമ്പൂർണ്ണമാക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ......




കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി

ഇന്നത്തെ വാചകം / ശുഭചിന്ത,





മോശം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ എടുത്തുചാടി പ്രതികരിക്കരുത്.......


മറ്റൊരാളുടെ പ്രവര്‍ത്തിയോ, സംസാരമോ ഒക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഉടന്‍ തന്നെ പ്രതികരിക്കാന്‍ നമുക്ക് തോന്നുന്നതു സ്വാഭാവികമാണ്......


പക്ഷെ ആ പ്രതികരണം സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ ഇടവരുത്തുന്നതാവരുത്......


അതിനായി സ്വയം ചിന്തിക്കാന്‍ സമയം നല്‍കിയിട്ടു പ്രതികരിക്കുന്നതാണ് ഉത്തമം......

Wednesday, December 25, 2019

ഹനുമാൻ ജയന്തി / ശ്രീഹനുമാൻസ്വാമി




ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്‌ ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നത്‌..


ഭഗവാന്‍ ശിവന്‍റെ അംശംമാണ്‌ ഹനുമാന്‍‍...

വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍.

അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌.....



ഭജേ ഹേമരംഭാവനേ നിത്യവാസം
ഭജേ ബാലഭാനു പ്രഭാചാരുഭാസം
ഭജേ ചന്ദ്രികാകുന്ദമന്ദാരഹാസം
ഭജേ സന്തതം രാമഭൂപാലദാസം

ഭജേ ലക്ഷ്മണ പ്രാണരക്ഷാസുദക്ഷം 
ഭജേ തോഷിതാശേഷഗീർവാണപക്ഷം
ഭജേ ഘോരസംഗ്രാമസീമാഹതാക്ഷം
ഭജേ രാമനാമാനുസമ്പ്രാപ്തലക്ഷം
ജയ് ഹനുമാൻ ...



Saturday, November 30, 2019

ദേവി സ്തുതികൾ,



അമ്മേ ഭഗവതി നിത്യകന്യേ ദേവി
എന്മേൽ കഠാക്ഷിക്ക കുമ്പിടുന്നേൻ
തായേ ജഗത്തിന്റെ മായേ ചിതാനന്ദ
രൂപേ മഹേശ്വരി കുമ്പിടുന്നേൻ

Friday, November 29, 2019

ശ്രീകൃഷ്ണസ്തുതികൾ,




കളഭച്ചാര്‍ത്തിലലിഞ്ഞുവെങ്കില്‍ കണ്ണാ!
കദനങ്ങളെല്ലാമകലുമല്ലോ കണ്ണാ!
കണികാണുന്നതു നിന്‍ രൂപമെങ്കില്‍
കണ്ണകൾക്കെന്തു പുണ്യമല്ലോ കണ്ണാ!
കിങ്ങിണി നാദമടുത്തു കേട്ടീടിലോ കണ്ണാ
കര്‍ണ്ണപുടങ്ങളും കുളിരണിയും കണ്ണാ
കാത്തിരിപ്പുമൊരു പ്രാര്‍ത്ഥനയോ കണ്ണാ!
കാര്‍വ്വര്‍ണ്ണാ! നീയോടിയെത്തുമെന്നോ...
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ!


Monday, November 25, 2019

ദേവി സ്തുതികൾ,



അമ്മേ ഭഗവതി നിത്യകന്യേ ദേവി
എന്മേൽ കഠാക്ഷിക്ക കുമ്പിടുന്നേൻ
തായേ ജഗത്തിന്റെ മായേ ചിതാനന്ദ
രൂപേ മഹേശ്വരി കുമ്പിടുന്നേൻ


Sunday, November 24, 2019

ഹര കൃഷ്ണാ



അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ...
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ
കളി വിളക്കണഞ്ഞൂ ദീപങ്ങൾ മിഴി പൂട്ടി
ഓമനക്കണ്ണാ ഉറങ്ങേണ്ടേ....
ഓമനക്കണ്ണാ ഉറങ്ങേണ്ടേ....

അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ

ബ്രാഹ്മമുഹുർത്തത്തിലുണർന്നതല്ലേ കണ്ണാ
രാവേറെയായില്ലേ ശ്യാമ വർണ്ണാ ...

പലരുടെ പരിഭവം കേട്ടെന്റെ കണ്ണാ നീ
പകലൊന്നുമുറങ്ങാ
തിരുന്നതല്ലേ
പകലൊന്നുമുറങ്ങാ
തിരുന്നതല്ലേ..

അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ...


പൂമേനി വാടിത്തളർന്നുവല്ലോ കണ്ണാ
പൂന്തേന്മിഴിയിതാ     കൂമ്പിടുന്നു
ഓടി നടന്നു തളർന്നൊരാ പാദങ്ങൾ
ഒന്നുതലോടട്ടേ ഓമലേ ഞാൻ ....
ഒന്നുതലോടട്ടേ ഓമലേ ഞാൻ

അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ

താമരക്കണ്ണാ നിനക്കുറങ്ങീടുവാൻ
താരാട്ടു പാടാം ഞാൻ മേഘവർണ്ണാ
ചാരത്തു വന്നുടൻ എൻ മടിത്തട്ടിൽ നീ
ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങ്
ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങ്

ചായറങ്ങൂ കണ്ണാ വാവുറങ്ങൂ
താലോലം താലോലം വാവുറങ്ങൂ
താമരക്കണ്ണാ നീയുറങ്ങൂ എന്റെ
ഓമനക്കുട്ടാ ചായുറങ്ങൂ
ഓമനക്കുട്ടാ ചായുറങ്ങ്
ഓമനക്കുട്ടാ ചായുറങ്ങ്
ഓമനക്കുട്ടാ ചായുറങ്ങ്.....

Saturday, November 23, 2019

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം



വടക്കെ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം .
കണ്ണൂർ പട്ടണത്തിൽ നിന്നും 6 കി.മി. തെക്കുകിഴക്കായി കണ്ണൂർ കോർപ്പറേഷനിൽ പെട്ട ആദികടലായി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിറക്കൽ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നതുകൊണ്ടാണ് ഇത് 'ആദികടലായി' എന്നറിയപ്പെടുന്നത്.


കണ്ണൂർ പട്ടണത്തിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ തെക്കുകിഴക്കായി ഇന്നത്തെ കണ്ണൂർ കോർപ്പറേഷനിൽ പെട്ട 'കരാറിനകം കടലായി'യിലായിരുന്നു , പണ്ട് കോലത്തിരി രാജാക്കന്മാരുടെ പ്രമുഖമായ "കടലായി കോട്ട" സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി 'കോലത്തിരി സ്വരൂപത്തിലെ ' രാജാക്കന്മാരിൽ പ്രമുഖനായ വളഭൻ സ്ഥാപിച്ചതായിരുന്നു "കടലായി ക്ഷേത്രം"

കൊല്ലവർഷം 964ൽ ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്ന കാലത്ത്‌ കടലായി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റിൽ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. അനന്തരം കോലത്തിരി ചിറക്കൽ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കൊല്ലവർഷം 1023ൽ കടലായി കൃഷ്ണനെ അവിടെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും തൂർന്നു പോവുകയും ചെയ്തു.
 'കോട്ടമ്മൽ' എന്ന് വിളിച്ചു വരുന്ന പ്രസ്തുത സ്ഥലത്ത് പഴയ കോട്ടയുടെ പ്രാരാവശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ട്. അത് പോലെ ചിറക്കടവത്ത്‌, മോലോത്ത്‌, ഇല്ലത്തിൽ, മനയുള്ളതിൽ, അമ്പലത്തിൽ, കടലായി നട എന്നിങ്ങനെ ഇപ്പോഴും വിളിച്ചു വരുന്ന സ്ഥലനാമങ്ങൾ  പഴയ ചരിത്ര യാഥാർത്ഥ്യങ്ങളെ വിളിച്ചോതുകയാണ്.


കാലചക്രഭ്രമണത്തിൽ തകർന്നു തരിപ്പണമായ പല ക്ഷേത്രങ്ങളുടെയും നവീകരണവും പുനഃപ്രതിഷ്ഠാപനവും നടന്നു വരുന്ന ഇക്കാലത്ത് ഇവിടുത്തെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം അന്യാധീനപ്പെട്ടു പോയിരിക്കയാൽ അവിടെ നിന്നും ഉദ്ദേശം അരകിലോമീറ്റർ കിഴക്കോട്ടായി പണ്ടത്തെ ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് ഇപ്പോഴത്തെ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ മുരളീരവവും ഗോക്കളുടെ കുളമ്പൊച്ചയും പതിവായി കേൾക്കാറുണ്ടായിരുന്നതായി പഴമക്കാർ അനുസ്മരിക്കുന്നു. കൊല്ലവർഷം 1140 ചിങ്ങമാസത്തിലെ "അഷ്ടമിരോഹിണി" ദിവസം ഒരു ഭക്തൻ ഈ സ്ഥലത്തുവെച്ചു പൂജ നടത്തി പലർക്കും പ്രസാദം നൽകുകയുണ്ടായി. അടുത്ത വർഷം മുതൽ ഏതാനും ഭക്തന്മാർ ചേർന്ന് വിശേഷാൽ പൂജ, പായസ ദാനം , ഹരികഥാകാലക്ഷേപം എന്നീ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയും തുടർന്നുള്ള കാലങ്ങളിൽ ഉത്തരോത്തരം അഭിവൃദ്ധിയോടെ ഇത് ആവര്തിക്കപ്പെടുകയും ചെയ്തു.


അങ്ങനെയിരിക്കെ, 1970 ൽ ഈ ആഘോഷനടത്തിപ്പിന് ശരിയായ ഒരു ആസ്ഥാനം വേണമെന്ന ഉദ്ദേശത്തിൽ ഏതാനും ദേശവാസികൾ ചേർന്ന് സ്ഥലത്തുവെച്ചു പ്രശ്നവിചാരം ചെയ്യുകയും താമസിയാതെ ഒരു കോവിൽ പണിയിച്ചു ഭക്ത ജനങ്ങൾക്ക്‌ ആരാധന സൌകര്യമേർപ്പെടുത്തുകയും ചെയ്യണമെന്നു നിർദ്ദേശിക്കുകയും ചെയ്തതനുസരിച്ച് യഥാവിധി ക്ഷേത്ര നിർമ്മാണം ആരംഭിക്കപ്പെട്ടു. പ്രശ്നവശാൽ നിരൂപണം ചെയ്ത പ്രകാരം വലതുകരത്തിൽ കാലിക്കോലും ഇടത് കൈ കൊണ്ട് അരയിൽ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നിൽക്കുന്ന ഗോപാലകൃഷ്ണനാണ് ആരാധനാമൂർത്തി. വിധിപ്രകാരം കൃഷ്ണ ശിലയിൽ കന്യാകുമാരിയിൽ നിന്നും നിർമിച്ച വിഗ്രഹം കാലെകൂട്ടിതന്നെ വരുത്തിയത് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ സൂക്ഷിക്കുകയും പ്രതിഷ്ഠാ കലാശ മുഹൂർത്തത്തിന് മുൻപായി എഴുന്നള്ളിച്ചു ആദികടലായിൽ കൊണ്ട് വന്നു താന്ത്രികവിധി പ്രകാരമുള്ള വിവിധ പൂജാഹോമാദികൾക്ക് വിധേയമാവുകയും തുടർന്നു 1981 മാർച്ച് 15നു (1156 മീനമാസം 1) 11 മണി 45 മിനുട്ടിനും 12 മണിക്കുമിടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ വൈദിക പ്രമുഖനായ ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി, സഹതന്ത്രിമാരുടെ സഹായത്തോടെ പ്രതിഷ്ഠാ കലശം നടത്തുകയും ചെയ്തു.


2003 നവംബർ 21-ന് ശ്രീനാരായണഗുരു മണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ശ്രീ നാരായണഗുരുദേവന്റെ പ്രതിമയുടെ പ്രതിഷ്ഠാ കർമ്മം 2007 ഒക്ടോബർ 24-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി നിർവഹിച്ചു.


2011 ജനുവരി 26-ന് ശ്രീ ദേവദാസ്‌ കൊടുങ്ങല്ലൂർ നാഗസ്ഥാനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. 2011 ജൂലൈ 15-ന് ആമേട മംഗലത്ത്മന ബ്രഹ്മശ്രീ എം.എസ് ശ്രീധരൻ നമ്പൂതിരി നാഗപ്രതിഷ്ഠ നടത്തി.


ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം മൂന്നു ദിവസം ആഘോഷിക്കപെടുന്നു.മകര മാസത്തിലെ പുണർതം നാളിലാണ് ഉത്സവം ആരംഭിക്കുന്നത്.അന്നേദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തുനിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു. കടലായി,തോട്ടട, കുറുവ, കാഞ്ഞിര, അവേര ദേശവാസികളാണ് മൂന്നു ദിവസത്തെയും ഉത്സവം നടത്തി വരുന്നത്.


എല്ലാ വർഷവും മാർച്ച്‌ 15 തിയ്യതി ക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിച്ചു വരുന്നു.

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.


അയ്യപ്പൻ, ഗണപതി,മഹാലക്ഷ്മി, നാഗദൈവങ്ങൾ എന്നിങ്ങനെ ഉപദേവതമാർ ഉൾപ്പെടുന്നതാണ് ക്ഷേത്രം.



 സമ്പാദനം
 ശ്രീരാമദാസാശ്രമം
 ചെറുകോട്
 വണ്ടൂർ

 ജയ് സീതാറാം

Friday, November 22, 2019

പഞ്ചാക്ഷര മാഹാത്മ്യം



സര്‍വ്വജ്ഞനും ത്രിഗുണങ്ങള്‍ക്ക് അതീതനും ആയ ഈശ്വരന്‍ ഓം എന്ന ഏകാക്ഷരത്തില്‍ അധിവസിക്കുന്നു. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്‍ പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്‍ വാച്യ വാചക ഭാവത്തില്‍ വര്‍ത്തിക്കുന്നു.

നമഃ ശിവായ ഭീമായ

ശങ്കരായ ശിവായ തേ

ഉഗ്രോളസി സര്‍വ്വഭൂതാനാം

നിയന്തായച്ഛിവോസിനഃ

നമഃശിവായ എന്ന പഞ്ചാക്ഷരത്തിന്റെ മാഹാത്മ്യം വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല. ആ മന്ത്രം ഉരുവിട്ട് ജപിച്ച് അതില്‍നിന്ന് കിട്ടുന്ന ആനന്ദം അനുഭവിച്ചു തന്നെ അറിയണം.

ശ്രുതി(വേദം)യിലും ശൈവശാസ്ത്രത്തിലും ഷഡക്ഷരത്തോടു കൂടിയ, മോക്ഷം പ്രദാനം ചെയ്യുന്ന 'ഓം നമഃ ശിവായ' എന്ന മന്ത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. വേദസാരമാണ് ഈ മന്ത്രം. 

സര്‍വ്വവിദ്യകളുടെയും ബീജമായ ഷഡക്ഷരം ആദ്യമന്ത്രമാണ്. ആല്‍വൃക്ഷത്തിന്റെ വിത്തുപോലെ സൂക്ഷ്മമായതും മഹത്തായ അര്‍ത്ഥത്തോടുകൂടിയതും ആണ് 'നമഃ ശിവായ' എന്ന മന്ത്രം.

സര്‍വ്വജ്ഞനും ത്രിഗുണങ്ങള്‍ക്ക് അതീതനും ആയ ഈശ്വരന്‍ ഓം എന്ന ഏകാക്ഷരത്തില്‍ അധിവസിക്കുന്നു. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്‍ പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്‍ വാച്യ വാചക ഭാവത്തില്‍ വര്‍ത്തിക്കുന്നു.

പ്രാപഞ്ചിക ദുഃഖങ്ങളില്‍നിന്ന് മഹാദേവന്‍ മോചനം നല്‍കുന്നു. ഏതു രീതിയിലാണോ ഔഷധം രോഗശമനം വരുത്തുന്നത് അതുപോലെ ഈ ലോക  ജീവിതത്തിലെ ദോഷങ്ങളെല്ലാം ഭഗവാന്‍ ഇല്ലാതെയാക്കുന്നു. സര്‍വ്വജ്ഞനും പരിപൂര്‍ണ്ണനും ആയ സദാശിവന്‍ സംസാര സമുദ്രത്തില്‍ നിന്ന് തന്റെ ഭക്തനെ കരകയറ്റുന്നു.

ആദിമദ്ധ്യാന്തരഹിതനും പരിപൂര്‍ണനും ആയ ശിവന്റെ നാമത്തോടുകൂടി ഉണ്ടായതാണ് പഞ്ചാക്ഷര മന്ത്രവും ഷഡക്ഷര മന്ത്രവും. വളരെ ശ്രദ്ധയോടുകൂടി ഈ നാമം ജപിക്കേണ്ടതാണ്. ഹൃദയത്തില്‍ ഷഡക്ഷരവും പഞ്ചാക്ഷരവും ഉള്ള ഒരു ഭക്തന് മറ്റു മന്ത്രങ്ങളൊന്നും ആവശ്യമില്ല വളരെ പരിശുദ്ധമായ മന്ത്രമാണ് ഇത്.

ഒരു ഭക്തന്റെ ജീവിതം സാര്‍ത്ഥമാകുവാന്‍ ഷഡക്ഷര മന്ത്രം നമസ്‌കാര സമന്വിതം ഭഗവാന് സമര്‍പ്പിച്ചാല്‍ മതി. മൂര്‍ഖനോ പണ്ഡിതനോ നീചജാതിക്കാരനോ ആര്‍ക്കായാലും പഞ്ചാക്ഷരം ജപിച്ചാല്‍  പാപവിമുക്തനാകാം.

മനോ വാക് കര്‍മ്മങ്ങളാല്‍ ദുഷിതന്മാരും നിന്ദകരും കൃതഘ്‌നരും കള്ളം പറയുന്നവരും വക്രബുദ്ധികളും പഞ്ചാക്ഷരീ മന്ത്രം ജപിച്ചാല്‍ ശിവഭക്തരായി തീരും. അപ്പോള്‍ പ്രാപഞ്ചിക ദുഃഖത്തില്‍നിന്ന് കരകയറാനും സാധിക്കും.

തപസ്സ്, യജ്ഞം, വ്രതം എന്നിവയേക്കാള്‍ ശ്രേഷ്ഠമാണ്. മമതാബന്ധം ഉള്ളവനും ലൗകിക ജീവിതത്തില്‍ വിരക്തി വന്നവനും പഞ്ചാക്ഷര ജപം കൊണ്ട് മുക്തി ലഭിക്കും.

ഗുരുവിന്റെ ഉപദേശത്തോടുകൂടിയും ഉപദേശംഇല്ലാതെയും പഞ്ചാക്ഷരം ജപിക്കാമെങ്കിലും ഗുരൂപദേശത്തോടുകൂടി ജപിക്കുന്നതാണ് അത്യുത്തമം.

പഞ്ചാക്ഷരപ്രഭാവത്താല്‍ വേദജ്ഞരും മഹര്‍ഷിമാരും ഈ ലോകത്ത് ശാശ്വത ധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുന്നു. വിരലുകള്‍ ഉപയോഗിച്ച് ജപസംഖ്യ കണക്കാക്കാം. നൂറ്റിയെട്ട് രുദ്രാക്ഷങ്ങള്‍ ഉപയോഗിച്ചുള്ള നാമജപം വളരെ ഉത്തമമാണ്. ദേവാലയങ്ങളിലിരുന്നോ സമീപ പ്രദേശങ്ങളിലിരുന്നോ നാമം ജപിക്കുന്നത് വിശിഷ്ടമാണ്.

പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞിരുന്ന് ജപിക്കുന്നത് ധനം നല്‍കുന്നു. വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിച്ചാല്‍ ശാന്തി ലഭിക്കും. തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് ആഭിചാരികമാണ് (നിന്ദ്യം) തലമുടി കെട്ടാതെയും  കരഞ്ഞുകൊണ്ടും നാമം ജപിക്കരുത്. ദേവീസമേതനായ ശിവഭഗവാനെ മനസ്സില്‍ പ്രതിഷ്ഠിച്ച് പഞ്ചാക്ഷരം ജപിക്കണം. പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും അശുദ്ധനായാലും ശുദ്ധനായാലും പഞ്ചാക്ഷര മന്ത്രം നല്ല ഫലം നല്‍കും. പഞ്ചാക്ഷരമന്ത്രത്തിന്റെ മാഹാത്മ്യം മഹാദേവന്‍ തന്നെ ദേവിയോട് പറഞ്ഞതാണ്.

Thursday, November 21, 2019

ശോകസംഹാരി അശോകം


+

കാമദേവന്റെ അഞ്ച് പുഷ്പബാണങ്ങളില്‍ ഒന്നാണ് അശോകപുഷ്പം.  അശോകമെന്നാല്‍ ശോകത്തെയകറ്റുന്നത്. അശോകവൃക്ഷമുള്ളിടത്ത് സ്ത്രീകള്‍ക്ക് ദുഃഖമുണ്ടാകില്ലെന്നാണ് വിശ്വാസം. സുഗന്ധഹാരിയായ ചുവന്ന പുഷ്പങ്ങളുള്ള അശോകം ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ്. ക്ഷേത്രങ്ങളുടേയും ബുദ്ധവിഹാരങ്ങളുടേയും മുമ്പില്‍ അശോകം നട്ടു വളര്‍ത്തുന്നു. 
ഗൗതമബുദ്ധന്‍ ജനിച്ചതും ജൈനമതസ്ഥാപകന്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും രാമായണത്തില്‍ ഹനുമാന്‍ സീതാദേവിയെ കണ്ടുമുട്ടിയതും അശോകമരച്ചുവട്ടിലാണെന്നാണ് സങ്കല്‍പം. പദ്മ
പുരാണത്തിലും മത്സ്യപുരാണത്തിലും ബ്രഹ്മാവൈവര്‍ത്ത പുരാണത്തിലും സന്തോഷദായകമാണ് അശോകമെന്ന് പരാമര്‍ശമുണ്ട്. ശക്തി ആരാധകര്‍ ദുര്‍ഗാപൂജ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഒമ്പത് തരം ഇലകളില്‍ ഒന്ന് അശോകമാണ്. 
സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭാശയം സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് അശോകം. ഇതിന്റെ തോലിന് ഗര്‍ഭ
പാത്രത്തിന്റെ ഉള്ളിലെ ചര്‍മത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട്.


Wednesday, November 20, 2019

ശ്രീ ചൈതന്യമഹാപ്രഭു / ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 106



ജൂലേലാലോഥ ചൈതന്യഃ തിരുവുള്ളവരസ്ഥഥാ
നായന്‍മാരാളവാരാശ്ച കമ്പശ്ച ബസവേശ്വരഃ
കലിയുഗത്തില്‍ 45 ാം ശതാബ്ദ (ക്രിസ്തുവിന് ശേഷം 14 ാം നൂറ്റാണ്ട് ) ത്തില്‍ ബംഗാള്‍ പ്രദേശത്തെ നവദ്വീപ് എന്ന ഗ്രാമത്തില്‍ ജനിച്ച ഗൗരസുന്ദര്‍ നിമായി , ശ്രീ ചൈതന്യമഹാപ്രഭു കൃഷ്ണഭക്തിധാരയില്‍ ജനഹൃദയങ്ങളെ ആറാടിച്ച ദിവ്യാത്മാവാണ്.  24 ാമത്തെ വയസ്സില്‍ ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ചു. ഇദ്ദേഹം കേശവഭാരതി എന്ന സംന്യാസി വര്യനില്‍ നിന്ന് ദീക്ഷ സ്വീകരിച്ചു. ആധ്യാത്മികാചാര്യന്‍ എന്നതിലുപരി അദ്ദേഹം ഒരു നീതിജ്ഞനുമായിരുന്നു. ന്യായശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം ഒരു ഉത്കൃഷ്ട ഗ്രന്ഥം രചിച്ചിട്ടുണ്ട്. ചൈതന്യമഹാപ്രഭുവിന്റെ കൃഷ്ണഭക്തി ഉദാത്തഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.  നവദ്വീപ് ഉപേക്ഷിച്ച ചൈതന്യമഹാപ്രഭു ശ്രീജഗന്നാഥ ധാമത്തിലെത്തി അവിടെ വാസമാരംഭിച്ചു. കാശി, വൃന്ദാവനം എന്നിവിടങ്ങളിലും ദക്ഷിണമധ്യ ഭാരതമൊട്ടാകെയും സഞ്ചരിച്ച് ജഗന്നാഥപുരിയിലെത്തിയ അദ്ദേഹം ജഗന്നാഥ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നതായി പറയപ്പെടുന്നു.

(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാസ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)


Tuesday, November 19, 2019

ത്രിപുരാസുരന്റെ വരപ്രസാദം / ഗണേശകഥകൾ



ഭഗവാന്‍ ശ്രീപരമേശ്വരന്‍ ത്രിപുരാന്തകന്‍ എന്നും അറിയപ്പെടുന്നു. മൂന്നു ലോകത്തിന്റേയും അധിപനായി വിലസുകയായിരുന്നു ത്രിപുരാസുരന്‍. പ്രത്യേകമായി മൂന്നു കൊട്ടാരങ്ങള്‍ നിര്‍മിച്ച്, ത്രിപുരാസുരന്‍, തന്റെ അന്തസ് വിളിച്ചു പറയും മട്ടില്‍ സജ്ജമാക്കി. ആരായിരുന്നു ത്രിപുരന്‍?  എങ്ങനെയാണ് ത്രിപുരന് ഈ പ്രാഗല്‍ഭ്യം ലഭ്യമായത്?
പണ്ട്  ഗുല്‍സമതന്‍ എന്ന ഒരു മഹര്‍ഷിയുണ്ടായിരുന്നു. ചെറുപ്രായത്തിലേക്ക് കടക്കും മുന്‍പേ ശൈശവകാലം മുതല്‍ക്കു തന്നേ ഗുല്‍സമതന്‍ തികഞ്ഞ ഗണേശഭക്തനായിരുന്നു. ക്രമേണ ഭക്തി കൂടിക്കൂടി വന്നതോടെ, ശ്രീഗണേശന്‍ പ്രത്യക്ഷദര്‍ശനം നല്‍കി അനുഗ്രഹിച്ചു. അത്ഭുത പ്രതിഭാസമായി മാറും വിധമുള്ള ഒരു പുത്രന്‍ ഗുല്‍സമതമഹര്‍ഷിക്കുണ്ടാവുമെന്ന് ശ്രീഗണേശന്‍ വരം നല്‍കി. ആ പുത്രന്‍ ത്രിപുരന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദിവ്യങ്ങളായ മൂന്ന് കൊട്ടാരങ്ങള്‍ അവന്‍ നിര്‍മിക്കും. ഒരെണ്ണം ഇരുമ്പു കൊണ്ടും ഒന്ന് വെള്ളികൊണ്ടും ഉണ്ടാക്കും. എന്നാല്‍ സ്വര്‍ണം ഉപയോഗിച്ചുണ്ടാക്കുന്ന കൊട്ടാരം ഏറെ അതിശയമുളവാക്കുന്നതായിരിക്കും.
 പ്രസാദിച്ചാല്‍ എന്തും വാരിക്കോരി കൊടുക്കും. അതാണ് ശ്രീഗണേശന്റെ പ്രകൃതം. എത്ര കൊടുത്താലും കൊടുക്കുന്ന ആള്‍ക്ക് തൃപ്തി പോര. ചിലര്‍ക്ക് അങ്ങനെയാണ്. ഗുല്‍സമതമഹര്‍ഷിക്ക് സന്താനവും സൗഭാഗ്യവും സമ്പത്തും എല്ലാം ലഭിച്ചു. അങ്ങനെയാണ് ത്രിപുരാന്തകന്റെ ജന്മം.
ത്രിപുരാസുരനേയും ഭക്തിയോടെ തന്നെയാണ് മഹര്‍ഷി വളര്‍ത്തിയത്. എന്നാല്‍ പെട്ടന്നാണ് ത്രിപുരാസുരന് അഹങ്കാരം കേറി വന്നത്. താന്‍ മഹര്‍ഷി പുത്രനാണെന്ന സ്മരണ പോലും വെടിഞ്ഞു. ചില മാതാപിതാക്കള്‍ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമ്പോള്‍ അവര്‍ അറിയുന്നില്ല മക്കള്‍ അഹങ്കാരികളും ധൂര്‍ത്തന്മാരുമായി മാറുമെന്ന്.
ത്രിപുരാസുരന് ലഭിച്ച വരസിദ്ധി പ്രകാരം ദേവന്മാരാലോ, അസുരന്മാരാലോ, മനുഷ്യരാലോ വധിക്കപ്പെടില്ല. പിന്നെ എന്താണ് പേടിക്കാനുള്ളത്? അഹങ്കാരം കയറാന്‍ ഇതൊക്കെ പോരെ? എന്നാല്‍ പ്രകൃതിയില്‍ നിക്ഷിപ്തമായ നിയമാനുസൃതം, ഏതിനേയും വീഴ്ത്താന്‍ പാകത്തിന് ഏതു വരപ്രസാദത്തേയും വെല്ലാന്‍ പാകത്തിന് ചില പഴുതുകള്‍ അവശേഷിക്കും. ഹിരണ്യ കശിപുവിന്റെ അവസ്ഥ എന്തായിരുന്നു? രാത്രിയും പകലും വധിക്കപ്പെടരുത്. അകത്തും പുറത്തും വെച്ച് മരണം സംഭവിക്കരുത്. ഇങ്ങനെ പലവിധ വരങ്ങള്‍ നേടിയ ആളായിരുന്നല്ലോ ഹിരണ്യകശിപു. എന്നാല്‍ ത്രിസന്ധ്യയ്ക്ക് വാതില്‍പടിയില്‍ വെച്ച് നരസിംഹത്തിന്റെ കൈനഖങ്ങളാല്‍ ഹിരണ്യകശിപു കൊല്ലപ്പെട്ടില്ലേ?   ഇതുപോലെ ഏതിനും നിമിത്തമായി കാലം അതിനുള്ള അവസരങ്ങള്‍ ഒരുക്കും.

                                                                            എ.പി.ജയശങ്കര്‍,  9447213643  

Monday, November 18, 2019

വിജ്ഞാന ദീപ്തിയായ് വാഗ്ഭടാനന്ദന്‍





'ഒരുദൈവമെന്നുമൊരു മതമെന്നുമൊരു ജാതിയെന്നും വരുന്നനാളിലേധരാതലം തന്നില്‍ നിരന്തരം സുഖം വരാനെളുപ്പമായിരിക്കുമെന്നല്ലോദയാലു മോഹനന്‍ ദയാനന്ദന്‍ തൊട്ട നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍' 

മലബാറിലെ  വിദ്യാലയങ്ങളില്‍ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാര്‍ത്ഥനാഗീതത്തിലെ വരികളാണിവ.  ഭാരതത്തിന്റെ നവോത്ഥാന ശില്പികളായ രാജാറാം മോഹന്‍ റോയിയെയും മഹര്‍ഷി ദയാനന്ദ സരസ്വതിയെയും ശ്രീനാരായണ ഗുരുവിനെയും ഹൃദയപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട് ഈ കാവ്യഭാഗം. വൈജ്ഞാനികദീപ്തിയാല്‍ ഒരുകാലത്ത് കേരളത്തെ ഇളക്കിമറിച്ച  മഹാ ഗുരു വാഗ്ഭടാനന്ദന്‍'സ്വാതന്ത്ര്യചിന്താമണി' എന്ന കൃതിയില്‍ എഴുതിയ വരികളാണിവ. ജാതിചിന്തയെ ഇത്രത്തോളം അതിജീവിച്ച ഒരാള്‍ അക്കാലത്ത് അപൂര്‍വമായിരുന്നു. അതിന്റെ സ്വീകാര്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. 


തിരുനക്കര നായര്‍ സമ്മേളനം
1926ലെ കോട്ടയം തിരുനക്കര  മൈതാനിയില്‍ നടന്ന നടന്ന നായര്‍ മഹാസമ്മേളനം അക്കാലത്തെ അദ്ദേഹത്തിന്റെ സ്വീകാര്യതയെ വെളിവാക്കുന്നു.  നാലു ദിവസം നീണ്ട രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത ഹിന്ദു മതസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് മലബാറില്‍ നിന്നെത്തിയ ഈ യുവപണ്ഡിതനായിരുന്നു. അദ്ദേഹം നായര്‍ ആയിരുന്നില്ല എന്നതാണ് സമ്മേളനത്തിന്റെ ചരിത്രപരമായ പ്രാധാന്യം. ഈഴവ(തിയ്യ)നായ വാഗ്ഭടാനന്ദനായിരുന്നു കോമളനായ ആ യുവയോഗി. സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിളളയായിരുന്നു സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍. അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്ത നാഗവളളി ആര്‍. എസ്സ്. കുറുപ്പ് അതേപ്പറ്റി എഴുതുന്നു:


'പ്രസംഗവേദിയുടെ പിറകിലുളള കസേരയില്‍ നിന്നും പുരുഷസൗന്ദര്യത്തിന്റെ പൂര്‍ണ്ണഭോഗമായ ഒരു തേജോരൂപന്‍ കയ്യില്‍ അറ്റം വളഞ്ഞ ചൂരല്‍വടിയുമായി സാവധാനം മുമ്പിലേക്ക് വന്നു നിന്നു. പരമ ശാന്തമായ ശബ്ദത്തില്‍ അദ്ദേഹം പ്രസംഗം ആരംഭിച്ചു. മൈക്രോഫോണ്‍ ഈ നാട്ടില്‍ എത്തിയിട്ടില്ലാത്തകാലം. രണ്ടായിരത്തോളം ശ്രോതാക്കളുള്ള  പന്തലില്‍ ആ മഹാപുരുഷന്റെ സ്വരം മണിനാദംപോലെ മുഴങ്ങി. ആരുടെ ആദരവും അനായാസം നേടുവാന്‍പര്യാപ്തമായിരുന്ന ആ ആകാരം കണ്ടയുടനെ സദസ്സ് പരമ നിശബ്ദമായി. ആദ്യത്തെ നാലഞ്ചു വാചകങ്ങള്‍ കേട്ടുകഴിഞ്ഞതോടെ സകലരും വീര്‍പ്പടക്കി ആ വാങ്മയം നുകരാന്‍ തുടങ്ങി. അതി ഗഹനമായ ആര്‍ഷധര്‍മ്മത്തെ ആധാരമാക്കി ആര്‍ക്കും മനസ്സിലാകുന്നരീതിയില്‍ അത്യന്തം ലളിതമായി അദ്ദേഹം ചെയ്ത പ്രഭാഷണം യഥാര്‍ത്ഥത്തില്‍ ദിവ്യമായ അനുഭൂതി ശ്രോതാക്കളില്‍ ഉളവാക്കി. ആ മുഖത്ത് കണ്ണുനട്ട്, ആ വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ചു കഴിഞ്ഞ ഞങ്ങള്‍ സമയം പോയതറിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂര്‍ ആദ്ധ്യാത്മിക ചിന്തകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സദസ്യര്‍ സര്‍വ്വവും മറന്ന് നിശ്ചലരായിരുന്നു. ഈശ്വര സങ്കല്പത്തിന്റെ മാഹാത്മ്യവും ബ്രഹ്മവിദ്യയുടെ സാരവുമൊക്കെ അദ്ദേഹം അവിടെ കൂടിയിരുന്ന സകലരുടെയും മനസ്സില്‍ ദൃഢമായി പതിയത്തക്കരീതിയില്‍ പരമ ലളിതമായി വിശദീകരിച്ചു. സുമധുരവും സുബദ്ധവും ശ്രുതിശുദ്ധവുമായ സഗീതംപോലെ ആ സരസ്വതിപ്രവാഹം സദസ്യരെ ആനന്ദ നിര്‍വൃതിയിലാറാടിച്ചു. അതു നിലച്ചപ്പോള്‍ നിമിഷനേരം കരഘോഷം മുഴക്കാന്‍പോലും മറന്ന് സദസ്സ് നിശ്ചലമായിരുന്നു പോയി. പിന്നീടുണ്ടായ ഹര്‍ഷാരവം കെട്ടടങ്ങുവാന്‍ വളരെനേരം വേണ്ടിവന്നു'.


സംവാദങ്ങള്‍
ആശയസംവാദങ്ങളെ അജ്ഞതയ്‌ക്കെതിരെയുളള പ്രതിരോധമാക്കിത്തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം അദ്ദേഹം ആദ്ധ്യാത്മിക സംവാദത്തിന്റെ അലയൊലികളെത്തിച്ചു. അദ്ദേഹം ഈശ്വര വിശ്വാസത്തിനെതിരായിരുന്നില്ല. എന്നാല്‍ അതിന്റെ പേരിലുളള ചൂഷണങ്ങളെ തുറന്നെതിര്‍ക്കാന്‍ ഒട്ടും മടിച്ചില്ല. വിജ്ഞന്മാര്‍ക്കേ വാഗ്ഭടാനന്ദനെ ഉള്‍ക്കൊളളാന്‍ കഴിയൂ എന്നായിരുന്നു ശ്രീനാരായണഗുരുദേവന്റെ നിരീക്ഷണം.


ജനനവും ബാല്യവും
തേനക്കണ്ടിയില്‍ വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും വയലേരി ചീരു അമ്മയുടെയും മകനായി 1884ല്‍ ഉത്തരകേരളത്തിലെ പാട്യം എന്ന ഗ്രാമത്തിലാണ് വാഗ്ഭടാനന്ദന്‍ ജനിക്കുന്നത്. കുഞ്ഞിക്കണ്ണന്‍ എന്നാണ് കുട്ടിക്കാലത്തെ  പേര്.  സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന പിതാവ് ഏകദൈവവിശ്വാസിയായിരുന്നു. ബഹുദൈവവിശ്വാസത്തിനെതിരായി ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം കവിതകളും ശ്ലോകങ്ങളും ചമച്ചിരുന്നു. ഇത് കുഞ്ഞിക്കണ്ണനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം അച്ഛന്‍ നല്‍കി. പിന്നീട്, തലശ്ശേരി കോളജില്‍ അധ്യാപകനായിരുന്ന എം. കെ ഗുരുക്കളുടെ കീഴില്‍ വ്യാകരണശാസ്ത്രാദികള്‍ അഭ്യസിച്ചു. പാലക്കാട് കോളജില്‍ അധ്യാപകനായിരുന്ന രൈരുനായരും അദ്ദേഹത്തിന്റെ ചിന്തകളെ ചിട്ടപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം തന്റെ പ്രതിഭയെ പ്രയോഗിച്ചു  1895ല്‍ ഭാഷാഹൃദയംം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു.

വാഗ്ഭടാനന്ദന്‍ എന്നപേര് 
1905 ല്‍ തര്‍ക്കസംഗ്രഹം എന്ന ഗ്രന്ഥവുമായി കുഞ്ഞിക്കണ്ണന്‍ കോഴിക്കോട് എത്തി. ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തകനായ ഡോ. അയ്യത്താന്‍ ഗോപാലനെ കാണാനിടയായത് വഴിത്തിരിവായി. ബഹുദൈവാരാധനയെ ശക്തിയുക്തം എതിര്‍ക്കുകയും ഏകേശ്വരവിശ്വാസത്തെയും ബ്രഹ്മോപാസനയെയും പ്രാചീന വൈദിക കൃതികള്‍കൊണ്ട് സമര്‍ത്ഥിക്കുകയും ചെയ്യുന്നതിന് വൈദിക ഗ്രന്ഥങ്ങളിലും തര്‍ക്ക, വ്യാകരണശാസ്ത്രാദികളിലും പാണ്ഡിത്യമുളള ഒരാളെ തേടിയ അയ്യത്താന്‍ ഗോപാലന്, താന്‍ ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാമെന്ന് കുഞ്ഞിക്കണ്ണന്‍ വാക്കുകൊടുത്തു. എങ്കിലും സംഘടനയില്‍ അംഗമായില്ല. ഇതിനിടയില്‍ 'മോക്ഷപ്രദീപം' എന്ന കൃതിയിലൂടെ ഹൈന്ദവരിലെ അനാചാരങ്ങളെ തിരുത്താന്‍ശ്രമിച്ച ബ്രഹ്മാനന്ദശിവയോഗികളുമായി പരിചയത്തിലാവുകയും, കുഞ്ഞിക്കണ്ണന്റെ വിജ്ഞാനദീപ്തി തിരിച്ചറിഞ്ഞ മഹായോഗി അദ്ദേഹത്തെ വാഗ്ഭടാനന്ദന്‍ എന്നു സംബോധനചെയ്യുകയും ചെയ്തു.


നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
വാഗ്ഭടാനന്ദഗുരുവിന്റെ ജാതിനശീകരണപ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ജാതികള്‍ എന്നു കരുതിയിരുന്നവരെപ്പോലും വളരെ ആര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മവിദ്യാസംഘം എന്ന സംഘടനയുടെ ഭാരവാഹികളുടെ നിര അക്കാര്യം തെളിയിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടൊപ്പം നടത്തപ്പെടുന്ന ബലികള്‍ക്കെതിരെ അദ്ദേഹത്തിന്റെ പ്രതികരണം യാഥാസ്ഥിതികരെ ചൊടിപ്പിച്ചു.

അടിസ്ഥാനപരമായി അദ്ദേഹം ആത്മീയ വാദിയായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനം ശങ്കരന്റെ അദ്വൈതം തന്നെയായിരുന്നു. അദ്വൈതത്തിന്റെ പ്രായോഗികവശം സാമൂഹിക നന്മക്കുതകുന്ന മേഖലകളിലാണ് അദ്ദേഹം ഉപയോഗിച്ചത്. ബ്രഹ്മമാണ് പരമമായ സത്യം എന്ന് പറയുമ്പോള്‍ ഭൗതികജീവിതത്തെയോ ലൗകിക സാഹചര്യങ്ങളെയോ അദ്ദേഹം നിഷേധിക്കുന്നില്ല.താലികെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവ പൂര്‍ണ്ണമായി തുടച്ചുമാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആത്മവിദ്യാസംഘത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സര്‍വ്വീസ് സൊസൈറ്റിയാണ് സഹകരണ മേഖലയില്‍ കേരളത്തിലെ ആദ്യത്തെ സംരംഭം. 

ചുരുക്കത്തില്‍, മഹര്‍ഷി ദയാനന്ദ സരസ്വതി ഹിന്ദുമതത്തെ എപ്രകാരം സംശുദ്ധയുക്തിയില്‍ ഈശ്വരാഭിമുഖ്യമുളളതാക്കിത്തീര്‍ത്തോ, അതുപോലെ കേരളത്തിന്റെ സാമൂത്തിക സാഹച്്യങ്ങളില്‍ ഹൈന്ദവധര്‍മ്മത്തെ യുക്തിപൂര്‍ണ്ണമാക്കാന്‍ യത്‌നിച്ച മഹാശയനായിരുന്നു വാഗ്ഭടാനന്ദന്‍. ശ്രീനാരായണ ഗുരുവിനെ അറിയാനും അറിയിക്കാനുമുളള സംവാദ സംസ്‌കാരവും, രാജാറാം മോഹന്‍ റോയിയുടെ മാനവികതയും ഒരേവ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

ഹരികുമാര്‍ ഇളയിടത്ത്                                                      9447304886