ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 25, 2017

ക്ഷേത്ര ആചാരങ്ങൾ


പുറം മതില്‍ മുതല്‍ ശ്രീകോവില്‍ വരെയുള്ള ഭാഗം ക്ഷേത്ര പരിധിയാണ്. ഈ പരിധി മുഴുവ൯ ഭംഗിയും വൃത്തിയായും സൂക്ഷിക്കുക എന്നത്‌ ഭക്തന്റെ കടമയാണ്.

ഭക്തിയെപ്പറ്റി ദൈവസഹായമുണ്ടായാല്‍ മറ്റൊരു ലേഖനത്തില്‍ വിവരിക്കാം. ഇവിടെ ക്ഷേത്ര ആചാരങ്ങളെപ്പറ്റി മാത്രമേ പരാമര്‍ശിക്കുവാ൯ ഉദ്ദേശമുള്ളു.

മു൯പറഞ്ഞ പരിധിയില്‍ കുളിക്കാതെ ആരും പ്രവേശിക്കരുത്. ഇഴയുന്നവയായാലും, നാല്‍ക്കാലിയായാലും, പുലയുള്ളവര്‍ , വാലായ്മയുള്ളവര്‍ , അശുദ്ധര്‍ , ഹൈന്ദവര്‍ അല്ലാത്തവര്‍ ( തെറ്റിദ്ധരിക്കരുതേ, ഹിന്ദുമതവിശ്വാസികളായ മറ്റുള്ളവര്‍ക്ക് കയറാം)

സ്ത്രീകള്‍ മാസമുറ ആയാല്‍ 7 ദിവസവും, ഗര്‍ഭം ധരിച്ചാല്‍ എഴാം മാസം തുടങ്ങുന്നതു മുതല്‍ പ്രസവിച്ചു 148 ദിവസം വരെയും, ക്ഷേത്ര മുറ്റത്ത് പ്രവേശിക്കരുത്, മാംഗല്യം ചാര്‍ത്തിയ വധൂവര൯മാരും ചുറ്റമ്പലത്തില്‍ പ്രവേശിക്കരുത്.


ബലിക്കല്ലുകള്‍ ചവിട്ടാതെയും, അതിന്റെ പുറമെയും മാത്രമേ സഞ്ചരിക്കാവൂ. ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ കഴിവതും, ഒന്നിലും സ്പര്‍ശിക്കാതിരിക്കുവാ൯ ശ്രമിക്കുന്നതാണ് ഉത്തമം.

വാസ്തുശാസ്ത്രത്തില്‍ ഉഗ്രമൂര്‍ത്തികളുടെ മു൯വശത്തും വലതുവശത്തും, വീടുവരുന്നത് നല്ലതല്ല എന്നും, ശാന്തമൂര്‍ത്തികളുടെ, പിറകിലും ഇടതുവശത്തും വീട് നന്നല്ല എന്നു പറയുന്നുണ്ട്.

ഇതിനര്‍ത്ഥം ഉഗ്രമൂര്‍ത്തികളുടെ ശക്തി വിശേഷം മു൯വശത്തും, വലതുവശതും ആണെന്നും, ശാന്തമൂര്‍ത്തികളുടെ ശക്തി വിശേഷം പിറകിലും, ഇടതു വശത്തും, ആണെന്നു ഗ്രഹിക്കണം. അപ്പോള്‍ ഏതേതു മൂര്‍ത്തികളെ ഏതു വശത്തു നിന്നും പ്രാര്‍ത്ഥിക്കണം എന്നു മനസ്സിലായിക്കാണുമല്ലോ.


തിരുനടയില്‍ തോഴുമ്പോള്‍ , ഇടത്തോട്ടോ വലത്തോട്ടോ മാറി നിന്ന് തൊഴേണം. മൂര്‍ത്തിയുടെ നേര്‍ക്കു നേര്‍ നിന്ന് തൊഴുന്നതു ഉചിതമല്ല.യാതോരു കാരണവശാലും നന്ദിയെപ്പോലെയുള്ള ദേവവാഹനങ്ങളില്‍ സ്പര്‍ശിക്കരുത് . സര്‍പ്പ പ്രതിഷ്ഠകളെ സ്പര്‍ശിക്കാ൯ ശ്രമിക്കുന്നതു ശാപം ഏറ്റുവാങ്ങേണ്ടി വരും ( അറിഞ്ഞുകൊണ്ടല്ലങ്കില്‍ പോലും). ക്ഷേത്ര പ്രദക്ഷിണത്തിനും കണക്കുണ്ട്. ഗണപതിക്ക് -1, സൂര്യന്‍ -2, ശിവന്‍ -3, വി ഷ്ണുവിന് -4, ശാസ്താവിന് -5, സുബ്രഹ്മണ്യന് -6, ഭഗവതിക്ക് -7, അരയാലിന് -7

ഏത്‌ ദേവനാണെങ്കിലും -3 ഉത്തമം എന്നുണ്ട്.


ഒരിക്കല്‍ ഉടുത്തഴിച്ചിട്ട വസ്ത്രം നനയ്ക്കാതെ വീണ്ടും ധരിച്ച് ക്ഷേത്രത്തില്‍ എത്തുന്നത് ഉത്തമം അല്ല. ക്ഷേത്രത്തില്‍ എത്തുമ്പോള്‍ , ഒരുപിടി പൂവെങ്കിലും കൊണ്ടു വരേണ്ടത് ഭക്ത്ന്റെ ധര്‍മ്മം ആണ്. പക്ഷെ അവിടെയും നിഷിദ്ധ പുഷ്പങ്ങള്‍ ആവരുത്. 


അതായത്‌ ശിവന് - കുവളത്തില
ദേവിക്ക് - വെള്ളത്താമര
ഭദ്രയ്ക്ക് - ചുവന്ന പൂക്കള്‍
കൃഷ്ണന് - തുളസി
വ്യാഴത്തിന് (വിഷുന്നുവിന്) - മഞ്ഞ പുഷ്പങ്ങള്‍ (ചെമ്പകപ്പുവ്‌)
ശാസ്താവിന് - നീലനിറങ്ങള്‍ (നീലത്തമാര) 

നെല്ലും, അരിയും വെള്ളവും ചേര്‍ന്നതാണ് അക്ഷതം ഇതുകൊണ്ട് വിഷ്ണുവിനെ അര്‍ച്ചിക്കരുത്

ക്ഷേത്ര നടയില്‍ , തിരുസന്നിധിയില്‍ , സാഷ്ടാംഗ നമസ്കാരമാണ് ഉത്തമം. എന്നാല്‍ സ്ത്രീകള്‍ ഇത് ചെയ്യരുത്. ക്ഷേത്രത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭഗവാന്റെ പ്രാണനാണ്, അതിനാല്‍ അവസരം കിട്ടിയാല്‍ ക്ഷേത്രത്തിലെ വിളക്കില്‍ എണ്ണ ( ഗര്‍ഭഗൃഹത്തിലെ വിളക്കല്ല) ഒഴിക്കാനും, തെളിയിക്കേണ്ടാതായി വന്നാല്‍ ഒരിക്കലും തള്ളിക്കളയരുത്

അഭിഷേക പ്രിയരായ ദേവകളെ അങ്ങനെ പുജിക്കണം. ഉദാ.


ശിവഭഗവാന് ധാരയാണ് പ്രിയം.
വിഷ്ണുവിന് - പാല്‍പ്പായസം
കൃഷ്ണന് - തുളസിമാല, തൃക്കൈയില്‍ വെണ്ണ.
ഗണപതിക്ക് - മോദകം, അപ്പനിവേദ്യം
ശാസ്താവ് - നാളികേരമുടയ്ക്കല്‍ , അപ്പവും, അരവണയും
സുബ്രഹ്മണ്യന് - പാലഭിഷേകം, പഞ്ചാമൃതം
ദുര്‍ഗ്ഗയ്ക്ക് - നെയ്യ്‌പ്പായസം
ഭദ്രയ്ക്ക് - കടുംപായസം, ഗുരുതി.


ശിവനൊഴികെ എല്ലാവര്‍ക്കും പട്ട് നല്‍കാം. ക്ഷേത്രത്തിലെ ഉപദൈവങ്ങളെ എല്ലാം കണ്ട് പ്രാര്‍ത്ഥിച്ച ശേഷം, തിരുസന്നിധി ദര്‍ശിച്ചാല്‍ സംശയിക്കണ്ട തിരുകടാക്ഷം ഉറപ്പ്‌.


തൊഴേണ്ടത് എങ്ങനെയാണ് കൈകള് രണ്ടും കൂപ്പി താമരമൊട്ടുപോലെയായി ഹൃദയത്തില് ചേര്ത്താണ് തൊഴേണ്ടത്. 

രണ്ടുകൈകളുംകൂപ്പി തലയ്ക്ക് മീതെ പന്ത്രണ്ടംഗുലം ഉയരത്തില് പിടിച്ചും ദൈവത്തെ വന്ദിക്കാം. രണ്ടു കൈയുംകൂപ്പി നെറ്റിക്ക് നേരെ ഗുരുവിനെയും, രണ്ടുകൈയും കൂപ്പി ഉദരത്തിനു നേരെ മാതാവിനെയും വന്ദിക്കുന്നു. കൈകള് കൂപ്പുന്ന സമയത്ത് കൈകളുടെഅടിഭാഗങ്ങള് തമ്മില് സ്പര്ശിക്കാന് പാടില്ല. പെരുവിരലിന്റെ അടിഭാഗം ശുക്രമണ്ഡലവും, പെരുവിരലിന്റെ അടിയില് ഹൃദയരേഖ കഴിഞ്ഞുള്ള ഭാഗം ചന്ദ്ര മണ്ഡലവുമാണ്. ചന്ദ്രശുക്രമണ്ഡലങ്ങള് നിഷേധ ചൈതന്യം പുറപ്പെടുവിക്കു ന്നു.ആദ്ധ്യാത്മിക കാര്യങ്ങളില് നിഷേധ ചൈതന്യം സ്വീകാര്യമല്ലാത്തതുകൊണ്ടാണ് കൈയ്യിന്റെ അടിഭാഗങ്ങള് യോജിച്ചിരിക്കരുത് എന്നുപറയുന്നത്. തൊഴുന്ന സമയത്ത് സര്പ്പാകൃതിയില് വിഗ്രഹത്തില് നിന്നും വരുന്ന കാന്തശക്തി വിരലുകളിലൂടെ പ്രവഹിച്ച് തലച്ചോറിലെത്തുന്നു. അവിടെ നിന്ന് ശരീരമാസകലം ആപ്ലാവനം ചെയ്യുന്നു. പഞ്ചഭൂത ശക്തികളില് ഭൂമിശക്തി ചെരുവിരലിലൂടെയും ജലശക്തി മോതിര വിരലിലൂടെയും അഗ്നിശക്തി നടുവിരളിലൂടെയും, വായുശക്തി ചൂണ്ടുവിരലിലൂടെയും, ആകാശ ശക്തി പെരുവിരലിലൂടെയും ശരീരത്തില് പ്രവേശിക്കുന്നു.

Friday, February 24, 2017

പുത്രേഷണ ഒഴിവാക്കുക



ഓരോ നിമിഷവും മക്കളെക്കുറിച്ച്‌ ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ്‌ പുത്രേഷണ. എന്റെ മകന്‍, എന്റെ മകള്‍…. അവര്‍ വളര്‍ന്നു വലുതായി സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍, നിങ്ങളെ ശ്രദ്ധിക്കാതാകുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു. “ഞാന്‍ ഇവനുവേണ്ടി എന്തെല്ലാമാണ്‌ ചെയ്തത്‌, ഇവന്‍ ഇപ്പോള്‍ എന്നോട്‌ സംസാരിക്കുന്നുപോലുമില്ല.” തുടങ്ങിയ പരാതികള്‍.

അവര്‍ ഈ ലോകത്തില്‍ വന്നുചേര്‍ന്നതിനുള്ള കാരണക്കാര്‍ മാത്രമാണ്‌ നിങ്ങള്‍, ഇതിനപ്പുറത്തൊന്നുമില്ല. അവര്‍ ഈശ്വരന്റെ സന്തതികളാണ്‌. പക്ഷേ, എന്റെ മക്കള്‍, എന്റെ മക്കള്‍… ഈ ധാരണ നിങ്ങളുടെ മനസ്സിനെ രോഗിയാക്കുന്നു. ഈ ജ്വരം നിങ്ങളെ ദോഷകരമായി ബാധിക്കുന്നു. ജ്വരഗ്രസ്തനായിത്തീരുമ്പോള്‍ മക്കള്‍ക്കേതാണ്‌ നല്ലത്‌, ഏതാണ്‌ ചീത്ത എന്ന്‌ തിരിച്ചറിയാനുള്ള കഴിവുപോലും നിങ്ങള്‍ക്ക്‌ നഷ്ടമാകുന്നു.


നിങ്ങള്‍ സ്വന്തം ചിന്തകളും ആശയങ്ങളും അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ധാരണകളില്‍ നിങ്ങള്‍ സന്തുഷ്ടരാണോ? എല്ലാ മതാപിതാക്കളും മക്കളുടെ നന്മയെ ഓര്‍ത്തു, സ്നേഹം കൊണ്ടുമാത്രമാണിങ്ങനെയെല്ലാം ചെയ്യുന്നത്‌. ഈ ലോകത്തില്‍ എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. എന്നിട്ടും ഇത്രയും പ്രശ്നങ്ങളും, ദുഃഖവും, വേദനയും എവിടെ നിന്നാണ്‌ ഉണ്ടാകുന്നത്‌? ഈ ആഗ്രഹം അല്ലെങ്കില്‍ പുത്രേഷണയാണ്‌ ഇതിനു കാരണം. എന്റെ മക്കള്‍, എന്റെ മകന്‍, എന്റെ മകള്‍… ഇതാണ്‌ ഓരോരുത്തരുടെയും ചിന്താഗതി.
തത്ഫലമായി നമ്മള്‍ മറ്റു കുഞ്ഞുങ്ങളെ മറക്കുന്നു. ഓരോ മാതാപിതാക്കള്‍ക്കും അവനവന്റെ മക്കള്‍ മറ്റുള്ളവരെക്കാള്‍ കേമനും ബുദ്ധിമാനുമായിത്തീരുന്നു.


ഒരിക്കല്‍ എന്റെ ഒരു ഭക്തന്‍ അദ്ദേഹത്തിന്റെ നാലുമാസം പ്രായമായ കുഞ്ഞിനെ കാണിച്ചുകൊണ്ട്‌ പറഞ്ഞു, “ഗുരുജി, എന്റെ കുഞ്ഞ്‌ അതീവ ബുദ്ധിമാനാണ്‌. താങ്കളുടെ ഫോട്ടോ കാണുമ്പോഴേക്കും തിരിച്ചറിയുന്നു.” ഓരോ ശിശുവും ബുദ്ധിമാനാണ്‌. പക്ഷേ, സ്വന്തം കുഞ്ഞിനോടുള്ള മോഹം കൊണ്ട്‌ ഈ ധാരണ ഉറപ്പിച്ചെടുക്കുന്നു – ഇതാണ്‌ പിന്നീട്‌ ദുഖത്തിന്‌ കാരണമായിത്തീരുന്നത്‌.

പുത്രസ്നേഹം നിമിത്തം നിങ്ങള്‍ പരവശരായിരിക്കുന്നു. പിന്നീട്‌ പറയുന്നു, “ഗുരുജി, മകനെ വളര്‍ത്താന്‍ ഞാന്‍ എന്റെ ജീവിതം ബലിയര്‍പ്പിച്ചു. ഇപ്പോള്‍ ഇവന്‍ എന്നെ തിരിഞ്ഞുനോക്കുന്നില്ല.” – ഇങ്ങനെ ജീവിതം ദുഃഖപൂര്‍ണവും വിഷാദപൂര്‍ണവുമായിത്തീരുന്നു. പുത്രസ്നേഹം നിങ്ങളുടെ ചേതനയെ അടിച്ചമര്‍ത്തുന്നു. നിങ്ങളുടെ മനസ്സും സത്ഗുണങ്ങളും ഉള്ളിലേക്ക്‌ വലിയുന്നു.


ശരീരം വെടിഞ്ഞ്‌ പോകുമ്പോഴും ഇങ്ങനെയുള്ളവരുടെ ക്രോധവും വെറുപ്പും നിറഞ്ഞ മനസ്സ്‌ മക്കള്‍ക്ക്‌ ചുറ്റും വ്യാപരിച്ചു കൊണ്ടിരിക്കുന്നു. വീണ്ടും വീണ്ടും അവരുടെ വീട്ടില്‍ തന്നെ, കുടുംബത്തില്‍ തന്നെ നിങ്ങള്‍ ജനിക്കുന്നു. പുത്രേഷണ നിങ്ങളെ ബന്ധിച്ചുകൊണ്ടേയിരിക്കുന്നു.
ആസക്തിയില്ലാത്ത കുട്ടികളെ വളര്‍ത്തുക, അവരെ ശ്രദ്ധിക്കുക അത്‌ ഒരു കലയാണ്‌. മക്കള്‍ ഈശ്വരന്റെ തന്നെ പ്രതിരൂപമാണ്‌, ഈശ്വരന്റെ മക്കളാണ്‌. ഈ ചിന്തയോടെ അവരെ വളര്‍ത്തുക. പകരമായി അവരില്‍ നിന്ന്‌ ഒന്നും പ്രതീക്ഷിക്കാതിരിക്കുക. ഇങ്ങനെ ദിവ്യസ്നേഹം നല്‍കി മക്കളെ വളര്‍ത്തിയാല്‍ പുത്രമോഹത്തില്‍ നിന്നുണ്ടാകുന്ന ദുരിതം നിങ്ങളെ സ്പര്‍ശിക്കുകയില്ല.

ശ്രീ ശ്രീ രവിശങ്കര്‍




നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രം


തിരുവനന്തപുരം നഗരത്തില് നിന്നും 20 കിലോമീറ്റര് അകലെയാണ് നെയ്യാറ്റിന്കര ശ്രീകൃഷ്ണ ക്ഷേത്രം.


തനി കേരളത്തനിമയില് തീര്ത്ത ഈ ക്ഷേത്രത്തിന്റെ മുഖ്യകവാടത്തില്‍ അര്ജുനനു ഗീത ഉപദേശിക്കുന്ന ഭഗവാന് ശ്രീകൃഷ്ണൻറെ ഒരു ശി്ല്പമുണ്ട് . ഭഗവാന് ശ്രീകൃഷ്ണന്റെ ഇരുകയ്യിലും വെണ്ണ.

പണ്ട് അഗസ്ത്യമുനി സഹ്യപര്വത്തിലുള്ള തന്റെ ആശ്രമത്തില് യാഗം നടത്തി വരികയായിരുന്നു. ഒരിക്കല് വില്വമംഗലം സ്വാമിയാര് അഗസ്ത്യാശ്രമം കാണാനെത്തി. യാഗശാലയില് നറുനെയ്യ് നിറച്ച ധാരാളം കുംഭങ്ങള് കൂന്നുകുടിക്കിടന്നിരുന്നു. അതില് നിന്നും വാര്ന്നൊഴുകിയ നെയ്യ് ആറായി മാറി. നെയ്യൊഴുകുന്ന ആറ് നെയ്യാര് ആയി.


അഗസ്ത്യന് വെണ്ണ ചെറു ഉരുകളാക്കി ഹോമകുണ്ഡത്തിലേക്കിടുന്ന കാഴ്ച വില്വമംഗത്തിലനെ രസിപ്പിച്ചു. യാഗാഗ്നി മുഖത്ത് നിന്ന് ഉണ്ണികൃഷ്ണന് ഉരുളകള് രണ്ട് കൈ കൊണ്ടും മാറി മാറി സ്വീകരിക്കുന്നു. നെയ്യാറില് നിന്ന് കിട്ടിയ ഒരു കൃഷ്ണശില ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെ ഇവിടം നെയ്യാറ്റിന്കര എന്ന് അറിയപ്പെടാന് തുടങ്ങി.

ദശാവതാരങ്ങളില് മത്സ്യാവതാരം നെയ്യാറ്റിന്കരയിലായിരുന്നു എന്ന് പുരാണങ്ങളില് പറയുന്നു.പണ്ടൊരിക്കല് ഇവിടെ കടുത്ത വരള്ച്ച അനുഭവപ്പെടുകയും ഭഗവാന്റെ അഭിഷേകത്തിന് പോലും ബുദ്ധിമുട്ട് നേരിടുകയും ചെയ്തു .ഇതെല്ലാം കണ്ട ഒരു കൃഷ്ണഭക്തയുടെ മനംനൊന്ത പ്രാര്ത്ഥനയുടെ ഫലമായി ആറ്റിലൂടെ നെയ്യിന് പകരം വെള്ളം ഒഴുകാന് തുടങ്ങി.ഈ കൃഷ്ണഭക്തയ്ക്ക് ഭഗവാന്റെ ദര്ശനം ഉണ്ടായി. ഭഗവാനെ കണ്ട കാര്യം അവര് വിളിച്ചുപറഞ്ഞതു കൊണ്ട് അവരുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി എന്നും പറയപ്പെടുന്നു. അവരുടെ സങ്കടം കണ്ടപ്പോള് ഭഗവാന് ഒരു കണ്ണിന് കാഴ്ച തിരികെ നല്കുകയും ചെയ്തു.

അക്കാലത്ത് തിരുവിതാംകൂറില്‍ രാജ്യാവകാശത്തര്ക്കം നടന്നിരുന്നു. രാജ്യവകാശിയാകാന് പോകുന്ന മാര്ത്താണ്ഡവര്മയെ വധിക്കാന് ബന്ധുക്കളും അനുയായികളും ചേര്ന്ന്തീരുമാനിച്ചു. പിന്തുടരുന്ന ശത്രുക്കളില് നിന്ന് രക്ഷപ്പെടാന് അദ്ദേഹം  നെയ്യാറിന്റെ മറുകരയിലെത്തി കാട്ടിലൊളിച്ചു. അവിടം സുരക്ഷിതമല്ലന്ന് തോന്നിയിട്ടാവണം അദ്ദേഹം പത്മനാഭസ്വാമിയെവിളിച്ചു പ്രാര്ത്ഥിച്ചു. വിളികേട്ട വിജനമായ സ്ഥലത്ത് ഒരു ബാലനെകണ്ടു. ആ കുട്ടിയാണ് അടുത്തുള്ള പ്ലാവ് കാണിച്ചുകൊടുത്തു. മാര്ത്താണ്ഡവര്മ ആ പ്ലാവിന്റെ പൊത്തില്കയറി ഒഴിച്ചു. അങ്ങനെ അദ്ദേഹം ശത്രുക്കളില് നിന്ന് രക്ഷപ്പെട്ടു. പ്ലാവില്നിന്നും ഇറങ്ങിയ രാജാവ് കാട്ടില് ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ചെന്നു. അവിടെ കണ്ടത് ഒരു ശിലമാത്രം. അദ്ദേഹം ആ ശിലയെ നമസ്കരിച്ച് യാത്രയായി.രാമവര്മതമ്പുരാന്റെ നാടുനീങ്ങലോടെ മാര്ത്താണ്ഡവര്മ തിരുവിതാകൂര് മഹാരാജാവ് ആയി.


 രാജ്യഭാരമേറ്റടുത്തെശേഷം അദ്ദേഹം നെയ്യാറ്റിന്കരയിലെത്തി പ്ലാവിനെ പട്ടുചുറ്റി പൂജിച്ച് അമ്മച്ചിപ്ലാവെന്ന് നാമകരണം ചെയ്തു. തന്നെ രക്ഷിച്ച ബാലന് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഭഗവാന്റെ അതേ രൂപത്തില് പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച് ഈ ക്ഷേത്രം പണികഴിപ്പിച്ചു. ശ്രീകോവിലിന്റെ പ്രധാന വാതില് അടുത്തിടെ സ്വര്ണം പൂശി.ഗണപതിയും ധര്മശാസ്താവും നാഗരാജാവും ഉപദേവതകളാണ്. മീനമാസത്തിലെ തിരുവോണനാളില് തുടങ്ങുന്ന ഉത്സവം പത്താംദിവസമായ രോഹിണിനാളില് ആറോട്ടുകൂടി സമാപിക്കും. ഇവിടത്തെ ആറാട്ട് ദിവസമാണ് തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില് കൊടിയേറുന്നത്.  പ്രതിഷ്ഠനടത്തിയത് തന്റെ ജന്മദിനമായ അനിഴം നാളില് ആണ്. ഈ ദിനം പ്രതിഷ്ഠാനദിനമായി ആചരിക്കുന്നു. ഭഗവാന്റെ തൃക്കയ്യില് വെണ്ണയും കദളിപ്പഴവും വെച്ച് നിവേദിക്കും. ഈ വെണ്ണ ഉദരരോഗത്തിന് ഉത്തമമാണെന്ന് വിശ്വാസം. അഷ്ടമിരോഹിണിയും വിഷുവും നവരാത്രിയും മണ്ഡലപൂജയുമെല്ലാം അതിന്റെ മുഴുവന് പ്രാധാന്യത്തോടും ആചാരങ്ങളോടുമാണ് ഇവിടെ ആഘോഷിക്കുന്നത്. തിരുവിതാംകൂര് ദേവസ്വം ബോര്ഡിനാണ് ഇപ്പോള് ക്ഷേത്രത്തിന്റെ ഭരണച്ചുമതല...

ശ്രീകൃഷ്ണസ്തുതികൾ

മിന്നും പൊന്നിൻ കിരീടം തരിവളകടകം കാഞ്ചിപൂഞ്ചേല മാല

ധന്യ ശ്രീ വൽസ സൽ കൗസ്തുഭമിടകലരും ചാരുദോരന്തരാളം

ശംഖം ചക്രം ഗദാ പങ്കജമിതി വിലസും നാലു തൃക്കൈകളോടെ

സങ്കീർണ്ണ ശ്യാമ വർണം ഹരിവപുരമലം പൂരയേൻ മംഗളം വഃ

ഉത്തമ ഭക്തനാണ് മഹാത്മാവ് - ഗീതാദര്‍ശനം,



ഏതാനും ജന്മങ്ങള്‍കൊണ്ടോ, അല്‍പ്പകാലമാത്ര സേവനംകൊണ്ടോ, ഭഗവത തത്വജ്ഞാനം അനുഭവത്തില്‍ കൊണ്ടുവരാന്‍ സാധ്യമല്ല. ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തു നേടിയ പാപസഞ്ചയത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. അങ്ങനെ ആഗ്രഹമെന്ന മാലിന്യം തീര്‍ത്തും നശിക്കണം. ശ്രവണം, കീര്‍ത്തനം തുടങ്ങിയ ഭക്തി സാധനകള്‍ അനുഷ്ഠിക്കണം. ആ ഭക്തന്റെ-പ്രേമ ലക്ഷണയായ ഭക്തിയുടെ പൂര്‍ണാവസ്ഥയില്‍, ജ്ഞാനമാകുന്ന ദീപം കൊളുത്തും. ആര് കൊളുത്തും? ഭഗവാന്‍ തന്നെ പത്താമധ്യായത്തില്‍ പതിനൊന്നാം ശ്ലോകത്തില്‍ പ്രഖ്യാപിക്കുന്നു.

തേഷാമേവാനുകമ്പാര്‍ത്ഥ-
മഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ
ജ്ഞാനദീപേന ഭാസ്വതാ

(ആ ഭക്തന്മനാരോടുള്ള കാരുണ്യം കാരണമായി, ഞാന്‍ തന്നെ അവരുടെ ഹൃദയത്തില്‍ പ്രവേശിച്ച്, ജ്ഞാനമാകുന്ന ദീപം പ്രകാശിപ്പിച്ച് അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിക്കും)
ആ ജ്ഞാനദീപത്തിന്റെ സ്വഭാവം എന്താണ്?

”വാസുദേവഃ സര്‍വ്വം ഇതി”
”ഞാന്‍ വാസുദേവന്റെ പുത്രനാണ്. മാത്രമല്ല, വാസുദേവന്‍ എന്ന നാമത്തിന് മറ്റൊര്‍ത്ഥം ഉണ്ട്. (വാസയതി = ഛാദയതി, മൂടിവക്കുന്നവന്‍ എന്നും, ദിവ്യതി = പ്രകാശയതി, പ്രകാശിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം) അപരാ ശക്തിയായ മായകൊണ്ട് ജ്ഞാനം മറച്ചുവെക്കുന്നവനെന്നും, പരാശക്തിയായ മായകൊണ്ട് ജ്ഞാനം പ്രകാശിപ്പിക്കുന്നവന്‍ എന്നും വാസുദേവന്‍ എന്ന് പദത്തിന് അര്‍ത്ഥം കിട്ടുമെന്ന് പണ്ഡിതര്‍. ഈ വാസുദേവന്‍ -ശ്രീകൃഷ്ണന്‍ തന്നെയാണ് മനുഷ്യര്‍ ജീവിക്കുന്ന ഭൗതിക പ്രപഞ്ചവും എന്റെ ഭക്തന്മാര്‍ എന്നെ സേവിച്ചുകൊണ്ടിരിക്കുന്ന അതീന്ദ്രിയവും മായാശക്തിക്ക് അപ്രാപ്യമായ പരമവ്യോമം എന്നറിയപ്പെടുന്ന വൈകുണ്ഠാദി ലോകങ്ങളും എന്നതാണ് പരമമായ ജ്ഞാനം.

സൂര്യനെ ഉദാഹരിക്കാം- സൂര്യന്‍ എന്ന് പറയുമ്പോള്‍, സൂര്യബിംബവും സൂര്യന്‍ തന്റെ രശ്മികളും രശ്മികളില്‍നിന്ന് പടരുന്നതും എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന വെയിലും (താപം) വെയിലിന്റെ ചൂടും ഊര്‍ജ്ജവും എല്ലാം ഉള്‍പ്പെടുന്നതുപോലെ ശ്രീകൃഷ്ണന്‍ എല്ലാമാണ്. സൂര്യനില്ലെങ്കില്‍ പിന്നെന്താണ് ബാക്കിയുണ്ടാവുക. അതുപോലെ ശ്രീകൃഷ്ണനില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

ഈ ജ്ഞാനം എന്റെ ഈ ഉത്തമഭക്തന്മാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഭഗവാന്റെ തിരുവായ്‌മൊഴികള്‍, അതേപടി തന്നെ നമ്മള്‍ അംഗീകരിക്കണം. ”മത്തഃസര്‍വം പ്രവര്‍ത്തതേ” (എന്നില്‍നിന്നാണ് എല്ലാത്തിനും പ്രവര്‍ത്തന ശക്തി കിട്ടുന്നത്). ജന്മാദി അസ്യയതഃ (ഈ പ്രപഞ്ചത്തിന്റെ ജന്മം തുടങ്ങിയ എല്ലാം ഭഗവാനില്‍നിന്നാണ്). ഇതാണ് ഭഗവത്തത്വ വിജ്ഞാനം. മധുസൂദന സരസ്വതി സ്വാമികള്‍ ഗീതാഭാഷ്യത്തില്‍ പ്രഖ്യാപിക്കുന്നതും ഈ ജ്ഞാനമാണ്. ശ്രദ്ധിക്കുക.

”കൃഷ്ണാത്പരം കിമപി തത്ത്വം
അഹം ന ജാനേ.”

(കൃഷ്ണനേക്കാള്‍ ഉല്‍കൃഷ്ടമായിട്ടോ, കൃഷ്ണനില്‍നിന്ന് വേറിട്ടോ ഒരു തത്വവും എനിക്ക് അറിയില്ല.)

സ മഹാത്മാ സുദുര്‍ലഭഃ

ഈ ജ്ഞാനത്തോടെ പ്രേമ ഭക്തിയിലൂടെ ശ്രീകൃഷ്ണനെ സേവിക്കുന്ന വ്യക്തിയാണ് മഹാത്മാവ് എന്ന് വിളിക്കാന്‍ യോഗ്യന്‍. ഇതില്‍ കുറഞ്ഞ മഹത്വം മാത്രമുള്ള ഒരു മനുഷ്യനെയും മഹാത്മാവ് എന്നു വിളിക്കുന്നത് പൂര്‍ണമായും ശരിയല്ല എന്നുകൂടി ഭക്തന്മാര്‍ വ്യാഖ്യാനിക്കുന്നു. അത്തരം ഭക്തന്മാരെ കിട്ടുന്നത് വല്ലപ്പോഴുമായിരിക്കും.

”നാരായണ പരായണഃ സുദുര്‍ലഭഃ പ്രശാന്താത്മാ” (നാരായണ ഭക്തനായ പ്രശാന്താത്മാവ് സുദര്‍ലഭമാണ്) എന്ന് ശ്രീമദ് ഭാഗവതവും പറയുന്നു.

കാനപ്രം കേശവന്‍ നമ്പൂതിരി 9961157857

മോ​ക്ഷം​ - ശുഭചിന്ത


അമൃതവാണി
amruthaദുഃഖനിവൃത്തിയെ അഥവാ ശാശ്വതമായ ആനന്ദത്തെയാണ് മോക്ഷമെന്ന്പറയുന്നത്. അതുഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെയാകാം. ജീവിത സാഹചര്യങ്ങൾ എന്തുതന്നെയായാലും ജീവന്മുക്തന്മാർ തങ്ങളിൽത്തന്നെ ആനന്ദിക്കുന്നു. സുഖ ദുഃഖങ്ങളുടെ നടുവിലും അവയാലൊന്നും ബാധിക്കപ്പെടാതെ അവർ ആത്മനിഷ്ഠരായി കഴിയുന്നു.

എല്ലാത്തിനേയും ഈശ്വരമയമായിക്കാണുന്നു. തവളക്കു വാലുള്ള കാലത്തോളം വെള്ളത്തിലേ ജീവിക്കാൻ പറ്റൂ. വാലുപോയാൽ അതിനു കരയിലും വെള്ളത്തിലും ജീവിക്കാം. ഇതുപോലെ അഹങ്കാരാമാകുന്നവാൽ നഷ്ടമായ അവർക്ക് ശരീരത്തിലിരുന്നാലും ശരീരം വിട്ടാലും ആനന്ദം തന്നെ. ഒന്നിനും ബന്ധിക്കാൻ കഴിയുന്നില്ല. ഈ മാനസികാവസ്ഥതന്നെ മോക്ഷം.

ശരീരം എടുത്താൽ സുഖവും ദുഃഖവും കൂടെയുണ്ടാവും. അതുജീവിതത്തിന്റെ സ്വഭാവമാണ്. കർമ്മങ്ങൾക്കനുസരിച്ച് അതുമാറിയും മറഞ്ഞുമിരിക്കും. തീയുടെ സ്വഭാവമാണ് ചൂട്. നദിയുടെ സ്വഭാവമാണ് ഒഴുക്ക്. അതുപോലെ ജീവിതത്തിന്റെ സ്വഭാവമാണ് സുഖവും ദുഃഖവും എന്നുമനസ്സിലാക്കിയാൽ അവ അനുഭവിക്കേണ്ടിവരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കാം. അങ്ങനെയുള്ള വർക്ക് ഈലോകത്തിൽ നിന്നുണ്ടാകുന്ന പ്രതിബന്ധങ്ങൾ ഒന്നും ബാധകമല്ല.

ന​ട​യ്ക്കി​രു​ത്ത​ൽ


മൃഗങ്ങളെ ക്ഷേത്രങ്ങളിൽ വഴിപാടായി സമർപ്പിക്കുന്നതിനെയാണ് നടയ്ക്കിരുത്തൽ എന്നു പറയുന്നത്. ഗോധനവർദ്ധനയ്ക്കും പാപങ്ങളെ ഇല്ലായ്മചെയ്യുന്ന പരിഹാരക്രിയക്കായും കാള, പശു, ആട് എന്നിവയെ നടയ്ക്കിരുത്താറുണ്ട്.


ശിക്ഷേത്രങ്ങളിൽ കാളക്കുട്ടികളേയും വിഷ്ണു ക്ഷേത്രങ്ങളിൽ പുശുക്കളേയും ദേവീക്ഷേത്രങ്ങളിൽ ആടുകളേയും നടക്കിരുത്തും. എന്നാൽ ഭക്തർക്കിഷ്ടം പോലെ ആനകളെ നടയ്ക്കിരുത്തുന്നതും പതിവുള്ള കാര്യങ്ങളാണ്. ഇപ്രകാരമെല്ലാം ചെയ്താൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് വിശ്വാസം. നടതള്ളുക, നടയ്ക്കിരുത്തുക നടകെട്ടുക എന്നിങ്ങനെ പലപേരുകളും നാട്ടുവ്യത്യാസമനുസരിച്ച് പറയപ്പെടുന്നു.


നടയ്ക്കിരുത്തുന്ന കന്നുകുട്ടിയെ പ്രത്യേകം തീറ്റകൊടുത്ത് ശുദ്ധിയോടെ പരിപാലിക്കുന്നു. കുറച്ചുപ്രായമായാൽ കുളിപ്പിച്ചു മാലയിടിച്ച് ക്ഷേത്രംവലംവയ്പ്പിച്ച് നടയ്ക്കൽ നിർത്തുന്നു. പുരോഹിതൻ അതിനെ തീർത്ഥം തളിച്ച് കുറിതൊടുവിച്ച് അമ്പലത്തിലേയ്ക്ക് സ്വീകരിക്കുന്നു.
ഇപ്രകാരം നടയിരുത്തുന്ന കന്നുകളുടെ സംരക്ഷണചുമതല അതാത് അമ്പലങ്ങൾക്കാണ്. അമ്പലത്തിൽ നിന്നും ഭക്തജനങ്ങളിൽനിന്നും തീറ്റകൾ നിർബാധം ഇവയ്ക്കുലഭിക്കുന്നു. ഇവയെ അമ്പലക്കാള, ദേവിയുടെ ആട്, അമ്പല പശു എന്നിങ്ങനെ വിളിച്ചും വരുന്നു. അമ്പലത്തിൽ വരുന്ന ഭക്തർ ഇവയെ തൊട്ടുതൊഴുന്നതും പതിവുള്ളതാണ്. 

മഹാക്ഷേത്രങ്ങളിൽ ആനയെനടയ്ക്കിരുത്തുന്നതും പതിവാണ്. ഗുരരുവായൂരമ്പലത്തിലാണ് ഏറ്റവും കൂടുതൽ ആനകളുള്ളത്. അതെല്ലാം നടക്കിരുത്തിയവ തന്നെയാണ്.

ഇന്ന് മഹാശിവരാത്രി

Image result for sivarathri wallpaper
ആരോഗ്യം, ഉത്തമപത്നി, ഉത്തമകുലത്തില്‍ ജനനം തുടങ്ങി മരണാനന്തര സദ്ഗതി ഇവയ്ക്കൊക്കെ ശിവപൂജ ഉത്തമം തന്നെ. ശിവരാത്രി വ്രതം ശിവപൂജയ്ക്കേറ്റവും ശ്രേഷ്ഠവുമാണ്‌. 

സോമവാരവും അമാവാസിയുമൊത്തുവന്നാല്‍ അത്‌ മൂന്നുകോടി ശിവരാത്രിക്ക്‌ തുല്യമാണ്‌. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി സംബന്ധം വന്നാല്‍ ആദ്യത്തേത്‌ എടുക്കണം. ശ്രയോദശിസംബന്ധമുള്ള ശിവരാത്രി ഉത്തമമാണ്‌.

പാലാഴി മഥനം നടത്തുമ്പോള്‍ ഉണ്ടായ ഹലാഹലവിഷം ലോകരക്ഷയ്ക്കായി ശ്രീമഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന്‌ ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതമനുഷ്ഠിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷം പാനം ചെയ്ത്‌ രാത്രിയാണ്‌ ശിവരാത്രിയായി ആഘോഷിക്കുന്നത്‌. ഈ ദിവസംവ്രതമനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌ ഭഗവാന്‍ തന്നെയാണെന്ന്‌ ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. മറ്റ്‌ വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ മറ്റ്‌ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന്‌ പറയപ്പെടുന്നു. 


ശിവരാത്രി നാളില്‍ ത്രയോദശിദിവസം ഒരു നേരമേ ആഹാരം കഴിക്കാവൂ. ബ്രഹ്മമുഹൂര്‍ത്തത്തില്‍, എഴുന്നേല്‍ക്കണം. പിന്നീട്‌ കുളികഴിഞ്ഞ്‌ ഭസ്മം, രുദ്രാക്ഷധാരണം കഴിഞ്ഞ്‌ ശിവസ്തുതി ചെയ്യണം. പകല്‍ മുഴുവന്‍ ഉപവാസവും. ശിവപുരാണപാരായണവും പറ്റുമെങ്കില്‍ ആ ദിവസം മുഴുവന്‍ ശിവക്ഷേത്രങ്ങളില്‍ തന്നെ കഴിക്കുകയും സായംസന്ധ്യയ്ക്ക്‌ വീണ്ടും കുളിച്ച്‌ ശിവപൂജ ചെയ്ത്‌ രാത്രി ഉറക്കമൊഴിക്കുകയും വേണം. പിറ്റേന്ന്‌ ശിവപൂജ, ദാനം മുതലായവയ്ക്കുശേഷം പാരണ കഴിക്കാം.


ദേവാധിദേവനായ ശിവഭഗവാനെ രുദ്രന്‍ എന്നാണ്‌ യജുര്‍വേദത്തില്‍ വിശേഷിപ്പിക്കുന്നത്‌. ശിവന്‌ നിരവധി പേരുകള്‍ ഉണ്ടെങ്കിലും പൗരാണികനാമം രുദ്രന്‍ എന്നാണ്‌. പ്രണവസ്വരൂപമായ പരമാത്മചൈതന്യം പ്രകൃതിയും പുരുഷനുമായി പിരിഞ്ഞു എന്നും അതില്‍ പുരുഷരൂപംപിരിഞ്ഞ്‌ ഏകാദശ രുദ്രന്മാര്‍ ഉണ്ടായി എന്നും യജുര്‍വേദത്തില്‍ കാണുന്നു. വിഷ്ണു ദേവനുള്‍പ്പെടെ മറ്റ്‌ ദേവതാസങ്കല്‍പങ്ങള്‍ പ്രചാരമാകുന്നതിന്‌ മുന്‍പ്‌ പ്രകൃതി പ്രതിഭാസങ്ങളായി ഇടിമിന്നലിനേയും പ്രകൃതിക്ഷോഭത്തെയും ഈശ്വരനായി ആരാധിച്ചിരുന്ന ഗോത്രസംസ്കൃതികാലത്തും രുദ്രന്‍ എന്നപേരില്‍ ആദിദേവനായി ശിവഭാഗവാന്‌ സ്ഥാനമുണ്ടായിരുന്നു. 
രോദിപ്പിക്കുന്നതിനാല്‍ (ദുഷ്ടരെ കരയിപ്പിക്കുന്നതിനാല്‍) രുദ്രന്‍ എന്നപേരുണ്ടായെന്ന്‌ അഗ്നിപുരാണം പറയുമ്പോള്‍ ശിവപുരാണം പറയുന്നത്‌ ദുഃഖം അലിയിച്ച്‌ ഇല്ലാതാക്കുന്നവന്‍ ആരോ ആ പരമകാരുണ്യവാനായ ശിവ ഭഗവാനെ, രുദ്രന്‍ എന്നുവിളിക്കുന്നു. എന്നും ദുഃഖത്തിന്‌ കാരണമായ അജ്ഞാനത്തെ നശിപ്പിക്കുന്നവന്‍ രുദ്രന്‍ എന്നും അര്‍ത്ഥം കാണുന്നു. കലിയുഗത്തില്‍ ദോഷങ്ങളെ കളഞ്ഞ്‌ പരിശുദ്ധമാക്കുന്നത്‌ മഹാദേവന്‌ നമസ്കാരവും ധ്യാനവുമാണെന്ന്‌ കൂര്‍മ്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്‌. മഹാനായ ദേവനാണ്‌ മഹാദേവന്‍ അദ്ദേഹത്തെ ഈശ്വരന്മാരുടെ മഹേശ്വരനായും ദേവതകളുടെ പരമദൈവമായും കാണുന്നുവെന്ന്‌ ശ്രുതി. 


കലിയുഗത്തില്‍ കലിദോഷശമനത്തിന്‌ ഭക്തിയോടെ ശിവനെ ഉപാസിച്ചാല്‍ മതിയാക്കുന്നതാണ്‌. ശിവനാമമാഹാത്മ്യവും ശ്രുതി സ്മൃതികളില്‍ പ്രസിദ്ധമായി കാണുന്നുണ്ട്‌. ‘ശിവ’യെന്ന രണ്ടക്ഷരം ഒരു പ്രാവശ്യം ഉച്ചരിച്ചാല്‍ മനുഷ്യരുടെ പാപം പെട്ടെന്ന്‌ നശിച്ചുപോകുന്നു. അതുകൊണ്ടാണ്‌ ശിവമാഹാത്മ്യത്തെയും ശിവനാമം ചേര്‍ന്നപഞ്ചാക്ഷരത്തെയും ശിവാഗമജ്ഞന്മാര്‍ ജീവരത്നമെന്ന്‌ വ്യഹരിച്ചുവരുന്നത്‌.
ശ്രീപരമേശ്വരനെ ഭക്തിയോകുകൂടി ഹൃദയത്തില്‍ സാക്ഷാത്കരിക്കുന്നവര്‍ക്ക്‌ ശാശ്വതമായ സിദ്ധിയുണ്ടാകുന്നു. മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുന്നില്ല എന്നുശ്രുതി. എല്ലാ ശ്രേയസ്സുറ്റവര്‍ക്കും ഈ ശിവനാമം കാരണഭൂതമാകുന്നു. സകലഭൂതങ്ങളുടെയും നാഥനും ഈശ്വരന്മാരുടെ ഈശ്വരനുമാകുന്നു ശിവന്‍ എന്ന്‌ മഹാഭാരതവചനം.
സത്വ-രജോ-തമോ ഗുണങ്ങളില്‍ തമോഗുണവാനാണ്‌ ശിവന്‍. എങ്കിലും ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ്‌. ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ നിശ്ചമായും അഭീഷ്ടസിദ്ധിയും ഉണ്ടാകും. ശൈവഭസ്മത്തിന്റെ മാഹാത്മ്യത്താല്‍ മഹാവിഷ്ണുപോലും ശിവഭക്തനായി പരിണമിച്ചതായി പത്മപുരാണത്തില്‍ പറയുന്നു. ശിവാരാധനയില്‍ ശിവലിംഗത്തിന്റെ മാഹാത്മ്യം ഇപ്രകാരം പറയുന്നു. ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ മൂന്ന്‌ ശക്തിവിശേഷങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ശിവലിംഗത്തിന്റെ ആധാരപീഠമാണ്‌ ബ്രഹ്മാവ്‌. മദ്ധ്യഭാഗം വിഷ്ണു, മുകള്‍ ഭാഗം ശിവന്‍. സൃഷ്ടിസ്ഥിതി സംഹാരം എന്നീ മൂന്നുഭാവങ്ങളും ഒന്നിച്ച്‌ സമ്മേളിക്കുന്ന മനോഹരസങ്കല്‍പമാണ്‌ ശിവലിംഗം. 

Thursday, February 23, 2017

ഭാരതവും ഹിന്ദുമതവും



ചിന്താശീലനായ ഒരു ഇംഗ്ലീഷുകാരന്‍ – റാംസേ മക്ഡൊനാള്‍ഡം – ഒരു പ്രധാന കാര്യം പറഞ്ഞിട്ടുണ്ട്‌. “ഇന്ത്യയും ഹിന്ദു മതവും ശരീരവും ആത്മാവുമെന്നപോലെ അന്യോന്യബദ്ധമാണ്‌.” ഇന്ത്യ ശരീരവും ഹിന്ദുമതം – കൂടുതല്‍ ശരിയായി പറഞ്ഞാല്‍, സനാതനധര്‍മം – അത്മാവുമാണ്‌.

നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളും രാഷ്ട്രീയമായ ശിഥിലീകരണവും ഉണ്ടായിട്ടും ഹിന്ദുസംസ്കാരത്തിന്റെ ഏകീഭാവവും രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന്‌ മറ്റേ ഭാഗത്തേക്ക്‌ തീര്‍ഥയാത്രക്കാരുടെ അനിയന്ത്രിതപ്രവാഹവും എന്നും ഉണ്ടായിരുന്നു. ഹിന്ദുധര്‍മസംസ്കാരം അനശ്വരമാണെന്നു മാത്രമല്ല ചലനാത്മകവുമാണ്‌.

നീണ്ട ചരിത്രത്തിനിടയ്ക്ക്‌ അതില്‍ പല മാറ്റങ്ങളുമുണ്ടായി. ഇവിടെയും ശരീരം – ആത്മാവ്‌ എന്ന രൂപകം സത്യമാണ്‌. ആത്മാവിനെയും ബ്രഹ്മത്തിനെയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍, ഈശ്വര സാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യം, കര്‍മനിയമം, പ്രപഞ്ചത്തിന്റെ ചാക്രികമായ ഹ്രാസവികാസ പരിണാമസിദ്ധാന്തം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങളാണ്‌ ഹിന്ദുമതത്തിന്റെ ഉയിര്‍; ജീവിതത്തില്‍ ഇവയെ പ്രായോഗികമാക്കുകയാണ്‌ അതിന്റെ ഉടല്‍. ഉയിരിനു മാറ്റമില്ല; ഉടല്‍ കാലാകാലം മാറിക്കൊണ്ടേയിരിക്കുന്നു.

ഹിന്ദുമതത്തില്‍ ആദ്യത്തെ വിപ്ലവകരമായ പരിവര്‍ത്തനം തുടങ്ങി വച്ചത്‌ ശങ്കരാചാര്യരായിരുന്നു. അദ്ദേഹം അദ്വൈതദര്‍ശനത്തിന്‌ സ്ഥിരപ്രതിഷ്ഠ നല്‍കി. അദ്ദേഹത്തെ തുടര്‍ന്ന്‌ രാമാനുജാചാര്യരും മാധ്വാചാര്യരും വന്നു. ഈ മൂന്നു മഹാചാര്യന്മാര്‍ ദക്ഷിണ ഭാരതത്തിന്റെ മൂന്നു ഭിന്നദേശങ്ങളിലാണ്‌ ജനിച്ചത്‌. അവര്‍ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്ന ഹിന്ദുമതത്തിലെ മൂന്നു ഭിന്ന സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പ്രാചീനതത്ത്വങ്ങളെ അവര്‍ ക്രമാനുകൂലമായ രീതിയില്‍ പുതുതായി പ്രസ്താവിക്കുകയും അവയ്ക്ക്‌ ഭദ്രമായ ദാര്‍ശനികാടിസ്ഥാനം നല്‍കുകയും ചെയ്തു. ജനങ്ങളെ പ്രധാനമായും ഉയര്‍ന്ന ജാതിക്കാരെ – മതവിഭാഗങ്ങളുമായി സംഘടിപ്പിച്ചിട്ടു കൊണ്ട്‌ അവര്‍ ഭാരതമാകെ സഞ്ചരിക്കുകയും ആ വിഭാഗങ്ങളിലൂടെ ഹിന്ദുമതത്തില്‍ ഊര്‍ജസ്വലത വളര്‍ത്തുകയും ചെയ്തു.


എങ്ങനെയാണ്‌ ഈ ദാര്‍ശനിക സമ്പ്രദായങ്ങളിലെ ആശയങ്ങളുടെ ശക്തി സാധാരണ ജനങ്ങളിലെത്തിയത്‌? മഹാഭക്തന്മാരിലൂടെ. അനാദികാലം മുതല്‍ ഭാരതത്തില്‍ അനേകം പുണ്യാത്മാക്കളുണ്ടായിട്ടുണ്ട്‌; ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജാതിഭേദം കൂടതെ അവര്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച്‌ സര്‍വ്വത്ര ധര്‍മപ്രചാരം ചെയ്തു. അവര്‍ സമുദായത്തിന്റെ വിവിധതലങ്ങളില്‍പ്പെട്ടവരായിരുന്നു. അവരില്‍ മിക്കവരും ഗൃഹസ്ഥരായിരുന്നുവെങ്കിലും ലൗകികസംഗങ്ങളില്‍ നിന്ന്‌ മുക്തരായിരുന്നു. ആചാര്യന്മാര്‍ ചെയ്തതുപോലെ സംസാരിച്ചതും പഠിപ്പിച്ചതും സംസ്കൃതത്തിലായിരുന്നില്ല, പ്രാദേശികഭാഷയിലായിരുന്നു. അവരില്‍ പലരും വലിയ കവികളായിരുന്നു. അവരുടെ ആത്മോദ്ദീപകഗാനങ്ങള്‍ ഇന്നും ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോലും പാടിവരുന്നു. മുക്തിക്കുള്ള പ്രധാനമാര്‍ഗമായി അവര്‍ ഭക്തിമാര്‍ഗമപേക്ഷിച്ചു. അവരില്‍ വളരെ വലിയ ചില വ്യക്തികള്‍ സ്ത്രീകളായിരുന്നു.




ശിവരാത്രി വ്രതാനുഷ്ഠാനം - ഒരു ലഘുവിവരണം:



2017ലെ മഹാശിവരാത്രി 24-02-2017, 1192 കുംഭം 12, കറുത്തപക്ഷം, ചതുര്‍ദശി തിഥി, വെള്ളിയാഴ്ചയാണ്. കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ ചതുര്‍ദശി തിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദശി തിഥി ആരംഭിക്കുന്നത് ശിവരാത്രി ദിവസം രാത്രി 9.38 മുതലാണ്‌ (ഗണനം: കൊല്ലം ജില്ല)



ശിവരാത്രിവ്രത മാഹാത്മ്യം:

മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ 'നാഗേശ്വരം' എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോഴവിടെ 'മഹാശിവരാത്രി' ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു.

ഏതാനും നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്‍റെ ദൂതന്മാരും ശിവന്‍റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂദന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടുപോകുകയും ചെയ്തു.

ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.

കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്തപക്ഷം) ചതുര്‍ദ്ദശിതിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.


ഈ വര്‍ഷത്തെ മഹാശിവരാത്രിക്ക് അതീവപ്രാധാന്യമുണ്ട്. കാരണം, അന്ന് പ്രദോഷവും ആകുന്നു. ശിവരാത്രിയുടെ തലേദിവസം (23-02-2017, വ്യാഴാഴ്ച) വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം. ഈ വര്‍ഷത്തെ മഹാശിവരാത്രിദിവസം പ്രദോഷവും ആകയാല്‍ തലേദിവസം മുതലുള്ള വ്രതാനുഷ്ഠാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആകയാല്‍ അന്നുമുതല്‍ ശുദ്ധമായി, ശിവപൂജയും ആരാധനയും സകുടുംബമായി നടത്താവുന്നതാണ്.

ശിവരാത്രി ദിവസം 'ഉപവാസം', 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).

ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.


ശിവരാത്രിദിവസം ജപിക്കാനുള്ള സ്തോത്രം ചുവടെ എഴുതിയിട്ടുണ്ട്

ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്.

അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.

വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിലും അതീവ വ്രതശുദ്ധിയോടെയുള്ള ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട്. മിക്ക ശിവക്ഷേത്രങ്ങളിലും അന്ന് രാത്രി പ്രത്യേക അന്നദാനവും നടത്തിവരുന്നു.

ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അന്ന് പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്‍റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല.



24/2/2017
 വെള്ളിയാഴ്ചയാണ് ഈ വര്‍ഷത്തെ മഹാശിവരാത്രി.  പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.



ശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള സ്തോത്രം:


ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെ ഭക്തിയോടെ,
നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.

ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-
ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!

സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!

ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്‍കേണമേ!

ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ!

(അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ സ്തോത്രം ഭക്തിയോടെ, കഴിയുന്നത്ര ജപിക്കണം)


കടപ്പാട് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രo

ശ്രീകൃഷ്ണസ്തുതികൾ - അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണാ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണാ

അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ

ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ

ആതങ്കമെല്ലാമകറ്റിടണേ

ഇന്ദിരാ നാഥാ ജഗന്നിവാസാ കൃഷ്ണാ

ഇന്നെൻെറ മുന്നിൽ വിളങ്ങീടണേ

ഈരേഴുലകിനുമേകനാഥാ കൃഷ്ണാ

ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ

ഉണ്ണീ ഗോപാലാ കമലനേത്രാ കൃഷ്ണാ

ഉള്ളിൽ നീ വന്നു വസിച്ചിടേണം

ഊഴിയിൽ വന്നു പിറന്ന ബാലാ കൃഷ്ണാ

ഊനം കൂടാതെന്നെ പാലിക്കേണം

എന്നുള്ളിലുള്ളൊരു താപമശേഷവും

എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കേണം

ഏടലർ സായക തുല്യമൂർത്തേ കൃഷ്ണാ

ഏറിയ മോദേന കൈതൊഴുന്നേൻ

ഐഹികമായ സുഖത്തിലഹോ കൃഷ്ണാ

അയ്യോ നമുക്കൊരു മോഹമില്ലേ!!

ഒട്ടല്ല കൗതുകമന്തരംഗേ കൃഷ്ണാ

ഓമൽത്തിരുമേനി ഭംഗി കാണാൻ

ഓടക്കുഴൽ വിളി മേളമോടെ കൃഷ്ണാ

ഓടി വരികെൻെറ ഗോപബാലാ

ഔദാര്യ കോമള കേളീശീലാ കൃഷ്ണാ

സൗഭാഗ്യ സമ്പൽ സമൃദ്ധി താനേ

അംബുജ ലോചനാ നിൻ പാദ പങ്കജം

അൻപോടു ഞാനി#3364;ാ കുമ്പിടുന്നേൻ

അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ

അത്തൽ കളഞ്ഞെന്നെ പാലിക്കേണേ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

ഭക്തനില്ലാതെ സമ്പൂര്‍ണ്ണാനന്ദമില്ല - ഗീതാദര്‍ശനം


ഗീതാദര്‍ശനം
സ യുക്താത്മാ ഹി- ആ ജ്ഞാനി ഭക്തന്‍ എന്നോട് എപ്പോഴും ചേര്‍ന്നുതന്നെ-എന്റെ സൗന്ദര്യത്തെയും ആനന്ദത്തെയും വാക്കുകളെയും ലീലകളെയും എപ്പോഴും ആസ്വദിച്ചുകൊണ്ടുനില്‍ക്കുന്നു. തീക്കനല്‍ കൂമ്പാരത്തില്‍ ഇട്ടു ചുട്ടുപഴുത്ത്, മറ്റൊരു തീക്കനലായി മാറിയ ഇരുമ്പു ദണ്ഡ്, എന്തെങ്കിലും കാരണവശാല്‍ ഭൂമിയിലേക്ക് തെറിച്ചു വീണ്, തണുത്തുപോയാല്‍ വീണ്ടും സാധാരണ ഇരുമ്പ് ദണ്ഡായി മാറും.

പക്ഷേ, ഭക്തന്‍ ഭഗവാനില്‍, തെറിച്ചുവീഴുന്ന പ്രശ്‌നമേയില്ല. ഈ ആശയാണ് യുക്താത്മാ- എന്ന പദം ഉള്‍ക്കൊള്ളുന്നത്.

മാം അനുത്തമാം ഗതി ആ സ്ഥിതഃ- ഭഗവാന്‍ പറയുന്നു. എന്നെത്തന്നെ സ്‌നേഹപൂര്‍വം സേവിക്കാതെ ഒരുനിമിഷം പോലും കഴിച്ചുകൂട്ടാന്‍ കഴിയാതെ എന്നെ ആശ്രയിക്കുന്നു. ആ ഭക്തനെ ഏറ്റവും ഉത്കൃഷ്ടവും ആനന്ദരസ പൂര്‍ണവുമായ എന്റെ ലോകത്തിലേക്ക് ഞാന്‍ ആരായിരിക്കും. ഞാനും എന്റെ ലോകവും രണ്ടു വ്യത്യസ്തമായ വസ്തുക്കളല്ല. എന്റെ വ്യക്തിത്വത്തില്‍ ഉള്‍പ്പെട്ടതുതന്നെയാണ് എന്റെ ലോകവും അതുകൊണ്ടാണ്. മാം= എന്നെ-എന്നു പറഞ്ഞത്. ആ ഭക്തന് എന്നെ പിരിഞ്ഞ് ജീവിക്കാന്‍ സാധ്യമല്ലാത്തതുപോലെ എനിക്കും ആ ഭക്തനെ കൂടാതെ ആനന്ദം പൂര്‍ണാവുകയില്ല എന്ന് താല്‍പ്പര്യം.


ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

ഇ​ഷ്ട​ദേ​വ​താ​ ധ്യാ​നം​ - ശുഭചിന്ത


അമൃതവാണി
ammaചഞ്ചലതയാണ് മനസ്സിന്റെ സ്വഭാവം. ഒരു നിമിഷം ഒന്നിനെക്കുറിച്ച് ചിന്തിക്കും. അടുത്ത നിമിഷം മറ്റൊന്നിനെക്കുറിച്ചായിരിക്കും ചിന്ത. മനസ്സിൽ ചിന്തകൾ ഒഴിഞ്ഞനേരമില്ല. ഇങ്ങനെയുള്ള മനസ്സിനെ നിശ്ചലതയിലേക്ക് കൊണ്ടുവരാനുള്ള മാർഗ്ഗമാണ് ധ്യാനം. പല ധ്യാനരീതികൾ ഉള്ളതിൽ ഉത്തമമായ ഒന്നാണ് ഇഷ്ടദൈവത്തിന്റെ രൂപധ്യാനം.

എല്ലാ ദിവസവും കൃത്യസമയത്ത് ധ്യാനിക്കണം. ഇഷ്ടദൈവത്തിന്റെ ചിത്രം വ്യക്തമായി കാണത്തക്കവണ്ണം മുന്നിൽവച്ചിരിക്കണം. ആസനത്തിലിരുന്ന് നടുനിവർന്ന് ഏകാഗ്രതയോടെ ആ രൂപത്തിലേക്ക് നോക്കുക. അവിടുത്തെ ശിരസിൽ വച്ചിരിക്കുന്ന കിരീടം, തലമുടി, നെറ്റിത്തടം, പുരികം, കണ്ണുകൾ, കാതുകൾ, കർണ്ണാഭരണങ്ങൾ, മൂക്ക്, മൂക്കുത്തി, കവിൾത്തടം, ചുണ്ടുകൾ ഇങ്ങനെ ഓരോന്നും ഏകാഗ്രതയോടെ അൽപനിമിഷം നോക്കിയിരിക്കുക. പിന്നെ കണ്ണടച്ച് ആ മുഖം മനസ്സിൽ കാണുക.

മനസ്സിലെ രൂപം മങ്ങുമ്പോൾ വീണ്ടും കണ്ണുതുറന്ന് മുന്നിലിരിക്കുന്ന ചിത്രത്തിലേക്ക് ശ്രദ്ധാപൂർവ്വം നോക്കണം. വീണ്ടും കണ്ണടച്ച് ആ മുഖകമലം മനസ്സിൽ കാണുക. ഏകാഗ്രത വന്നാൽ പിന്നെ പൂർണരൂപം തന്നെ ധ്യാനിക്കാം.

രൂപത്തിന് അപ്പുറം കടക്കാൻ വേണ്ടിയാണ് രൂപധ്യാനം. നട്ടുച്ചക്ക് നിഴൽ മറയുന്നതുപോലെ ഏകാഗ്രത പൂർണമാകുമ്പോൾ മുഖം മറയും. ധ്യാനത്തിലൂടെ ആരോഗ്യം, ബുദ്ധികൂർമ്മത, ഓർമ്മശക്തി, വാസനാക്ഷയം, ചിത്തശക്തി എല്ലാം കൈവരും.

കർണ്ണനു കിട്ടിയ ശാപം


ഹസ്തിനപുരിയിൽ  കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യർ  ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാൻ കൊതിച്ച് സൂതപുത്രനായ കർണ്ണനും ദ്രോണരുടെ ശിഷ്യനായി ചേർന്നു. എല്ലാ കാര്യങ്ങളിലും കർണ്ണൻ അർജുനനോടൊപ്പമായിരുന്നു. അർജുനനോട് കൂടുതൽ  വാത്സല്യമുള്ള ദ്രോണർ , അർജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോൾ കർണ്ണൻ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണർ  പറഞ്ഞു: ''നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാർ ക്കും ബ്രാഹ്മണശ്രേഷ്ഠന്മാർക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാൻ പാടുള്ളൂ!''


നിരാശനാകാതെ കർണ്ണൻ  അത്യപൂർവമായ വിദ്യ പഠിക്കാൻ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയിൽ  താമസിക്കുന്ന പരശുരാമൻ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കർണ്ണൻ അറിഞ്ഞു. വൈകാതെ കർണ്ണൻ ഒരു ബ്രാഹ്മണബാലൻറെ വേഷത്തിൽ  പരശുരാമനെ ചെന്നുകണ്ടു. താൻ പരശുരാമൻറെ സ്വന്തം കുലമായ ഭൃഗുവംശത്തിൽ  ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തിൽ ത്തന്നെ കർണ്ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാർ ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കർ ണനെ പഠിപ്പിച്ചു.
ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താൻ പരിശീലിച്ചുകൊണ്ടിരുന്ന കർണ്ണൻ മാനാണെന്നു കരുതി ഒരു മഹർ ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹർ ഷി കർ ണനെ ശപിച്ചു: ''നീ തോൽ പിക്കാൻ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നിൽ ക്കുമ്പോൾ നിൻറെ തേർ ച്ചക്രങ്ങൾ ഭൂമിയിൽ  താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!'' കർണ്ണൻ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹർഷി കനിഞ്ഞില്ല.


പരശുരാമൻ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കർ ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു. ഒരു ദിവസം ആശ്രമത്തിൻറെ ഇറയത്ത് കർണ്ണൻറെ മടിയിൽ  തലവെച്ച് പരശുരാമൻ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കർ ണ്ണൻറെ തുട തൻറെ കൂർ ത്ത കൊമ്പുകൾകൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാൻ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിൻറെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കർണ്ണൻ വേദന സഹിച്ചുകൊണ്ടിരുന്നു. വണ്ട് തുളച്ചുതുളച്ച്കയറിയപ്പോൾ കർണ്ണൻറെ തുടയിലെ മുറിവിൽ  നിന്ന് ചോര ഒഴുകി പരശുരാമൻറെ ദേഹം നനഞ്ഞു. അദ്ദേഹം ഉണർ ന്നു. ''എന്തുപറ്റി, ഭാർ ഗവകുമാരാ?'', പരശുരാമൻ ചോദിച്ചു.
കർണ്ണൻ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമൻ നോക്കിയ ഉടൻ വണ്ട് ചത്തുവീണ് രാക്ഷസൻറെ രൂപമെടുത്തു. 'ദംശൻ' എന്ന രാക്ഷസനായിരുന്നു അവൻ. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാൻ ശ്രമിച്ച അവൻ മുനിശാപം മൂലം വണ്ടായിത്തീർ ന്നതായിരുന്നു.


ദംശൻപോയ ഉടൻ പരശുരാൻ കർണ്ണനോടു ചോദിച്ചു: ''യഥാർ ഥത്തിൽ  നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണർക്കില്ല. ക്ഷത്രിയർക്കേ അതു സാധ്യമാവൂ. സത്യം പറയൂ!''

കർണ്ണൻ പരശുരാമൻറെ കാൽക്കൽ  വീണു: ''സൂതനായ അധിരഥൻറെയും രാധയുടെയും മകനായ കർണ്ണനാണ് ഞാൻ. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാൻ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!''


പരശുരാമൻ കോപം സഹിക്കാനാകാതെ കർണ്ണനെ ശപിച്ചു: ''വഞ്ചകാ! നിൻറെ ശത്രുവിനോട് പോരിനു നിൽക്കുമ്പോൾ നിനക്ക് ഞാൻ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓർമ്മവരാതാകട്ടെ!''

കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കർണ്ണനോട് സഹതാപം തോന്നി പരശുരാമൻ ഇങ്ങനെയും പറഞ്ഞു: ''നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാൻ അനുഗ്രഹിക്കുന്നു!''


പരശുരാമൻറെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കർണ്ണൻ ഹസ്തിനപുരിയിൽ  തിരിച്ചെത്തി. പിന്നീട് കുരുക്ഷേത്രയുദ്ധത്തിൽ  അർജുനനോട് പോരാടുന്ന നേരത്ത് മഹർഷിയുടേയും പരശുരാമന്റേയും ശാപങ്ങൾ ഫലിക്കുകയും ചെയ്തു.

Wednesday, February 22, 2017

അറിവാണ് ഭക്തി


എന്നില്‍ എന്ന പദത്തിന് പ്രകൃതി എന്ന അര്‍ത്ഥം കല്‍പിച്ചുനോക്കൂ. ദൈവത്തിലേക്കുള്ള വഴി അറിവാണെന്നും അതിനാല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്തോറും ദൈവത്തോടടുക്കുമെന്നുള്ള വിശ്വാസത്തിന് പിന്നിലെ മഹത്തായ സത്യം മനുഷ്യന്‍ ഉള്‍ക്കൊണ്ടിരുന്നു. 

കര്‍മത്തിലൂടെ ജ്ഞാനപഥം ശുദ്ധീകരിച്ച് ഒരുപാട് ധന്യാത്മാക്കള്‍ നമുക്ക് മുന്‍പേ കടന്നുപോയിട്ടുണ്ട്.

ഭക്തി പിറവിയെടുക്കുന്നത് ഭയത്തില്‍നിന്നാണെന്ന് പറയപ്പെടുന്നു. എങ്കില്‍ ഭക്തന്‍ ആരെയാണ് അല്ലെങ്കില്‍ എന്തിനെയാണ് ഭയപ്പെടുന്നത്? ശ്രീകോവിലിനെയോ? വിഗ്രഹത്തെയോ? പൂജാവസ്തുവിനെയോ? മന്ത്രത്തെയോ? പൂജാരിയെയോ? ഭക്തിയുടെ പശ്ചാത്തലത്തില്‍ മനുഷ്യനും പ്രകൃതിയും പരസ്പരം പ്രണയിച്ചപ്പോള്‍ സൂര്യഭഗവാനും, മലദേവവും വനദേവതയും ജലദേവതയും സന്നിധിക്കുള്ളില്‍ പൂജിക്കപ്പെട്ടു. ദൃഢബന്ധത്തിലൂടെ ജീവന്റെ നിലനില്‍പ്പിനുവേണ്ടി പ്രകൃതിയെ പൂര്‍ണമായും ആശ്രയിച്ചിരുന്ന മനുഷ്യന്റെ രൂപപ്പെടുത്തലാണ് ഭക്തി എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.


ആഗ്രഹിക്കുന്നതൊക്കെ യഥേഷ്ടം നല്‍കുന്ന പ്രകൃതിയെ ആരാധിക്കേണ്ടത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ആവശ്യമായിരുന്നു. സംരക്ഷണത്തിലൂടെ ഉപയോഗം തുടരാമെന്നുള്ള തിരിച്ചറിവായിരിക്കണം മനുഷ്യന്റെ പ്രകൃതി സ്‌നേഹത്തിന് കാരണമായിത്തീര്‍ന്നത്. അമിതമായ ചൂഷണം പ്രകൃതിയുടെ താളം തെറ്റിച്ചാല്‍ ദുരന്തം നേര്‍ക്കുനേരെ കാണേണ്ടിവരുമെന്നുള്ള ഉറച്ചവിശ്വാസം ആദിമമനുഷ്യനോടൊപ്പമുണ്ടായിരുന്നു. ദൈവികമായൊരു സംരക്ഷണവലയം പ്രകൃതിക്കുവേണ്ടി രൂപപ്പെടുത്തിയത് അതുകൊണ്ടായിരിക്കണം. ദൈവം പ്രകൃതിയായതിനാല്‍ പ്രകൃതിയിലുള്ളതിനെയെല്ലാം ദേവപ്രസാദമായി കാണാന്‍ തുടങ്ങിയതോടെ മനുഷ്യമനസ്സില്‍ പ്രകൃതിവിരുദ്ധതയ്ക്ക് സ്ഥാനമില്ലാതെയായി.


ഭക്തിയുടെ അദൃശ്യശക്തിയാല്‍ മനുഷ്യനുണ്ടായ ഉണര്‍വ് ലോകം ദര്‍ശിച്ചത് അങ്ങനെയൊരു സാഹചര്യത്തിലായിരിക്കണം. ഭഗവത്ഗീതാവചനം ഇവിടെ ചേര്‍ത്തുവായിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. ”ജീവികള്‍ ഒന്നിനോടും ദ്വേഷമില്ലാതെ മൈത്രിയും കാരുണ്യവുമുള്ളവനായി ഞാനെന്നും എന്റേതെന്നുമുള്ള ഭാവമില്ലാതെ സുഖദുഃഖങ്ങള്‍ തുല്യമായി ഗണിച്ച് ക്ഷമയോടും സദാ സന്തോഷത്തോടും യോഗം ശീലിച്ച് മനോബുദ്ധികള്‍ നിയന്ത്രിച്ച് ദൃഢനിശ്ചയത്തോടെ മനസ്സും ബുദ്ധിയും എന്നിലര്‍പ്പിച്ച ഭക്തന്‍ ആരാണോ അവനാണ് യഥാര്‍ത്ഥ ഭക്തന്‍.”

എന്നില്‍ എന്ന പദത്തിന് പ്രകൃതി എന്ന അര്‍ത്ഥം കല്‍പിച്ചുനോക്കൂ. ദൈവത്തിലേക്കുള്ള വഴി അറിവാണെന്നും അതിനാല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്തോറും ദൈവത്തോടടുക്കുമെന്നുള്ള വിശ്വാസത്തിന് പിന്നിലെ മഹത്തായ സത്യം മനുഷ്യന്‍ ഉള്‍ക്കൊണ്ടിരുന്നു. കര്‍മത്തിലൂടെ ജ്ഞാനപഥം ശുദ്ധീകരിച്ച് ഒരുപാട് ധന്യാത്മാക്കള്‍ നമുക്ക് മുന്‍പേ കടന്നുപോയിട്ടുണ്ട്. അവരുടെ കാല്‍പ്പാടുകള്‍ അവസാനിക്കുന്നത് ആത്മീയതയുടെ തിരുമുറ്റത്താണ്.


ഭക്തിയെന്താണണെന്നറിയാത്ത ഭക്തന്മാര്‍ ഒന്നും കാണുന്നില്ലെന്നുമാത്രം. മനുഷ്യനെയും പ്രകൃതിയെയും ബന്ധിപ്പിച്ച ഭക്തി എന്ന ചരട് അല്‍പ്പാല്‍പ്പമായി മുറിച്ചു കളയുന്നതില്‍ ഇത്തരക്കാര്‍ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദുരന്തങ്ങള്‍ക്ക് ആടിത്തിമിര്‍ക്കാനുള്ള വേദിയായി പ്രകൃതി മാറിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.


പരിഷ്‌കാരത്തിന്റെ സൂത്രവാക്യത്തിനനുസരിച്ച് പ്രകൃതിഗണിതത്തെ മാറ്റിയെഴുതിക്കൊണ്ട് ലാഭത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി പൊട്ടിച്ചിരിക്കുന്ന ആധുനിക മനുഷ്യന്റെ മുഖം വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏറെ ഭയപ്പെടുന്നത് പ്രകൃതി തന്നെയായിരിക്കും. ആഗോളസ്വതന്ത്രവ്യാപാരത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നുകിടക്കെ അമിതമായ ചൂഷണത്തിലൂടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടേണ്ടതു നിര്‍ബന്ധമായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഭക്തിക്കുപോലും പുതിയ ഭാവം നല്‍കി കമ്പോളത്തിലേക്ക് തള്ളിവിടുന്നു. ഭക്തിയുടെ മറവില്‍ ചെയ്തുകൊണ്ടിരിക്കുന്ന അകര്‍മങ്ങല്‍ സമൂഹത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അര്‍ത്ഥത്തിന്റെ യാഥാര്‍ത്ഥ്യത്തെ അറിയേണ്ടതുണ്ട്.


ശരീരത്തെ ക്ഷേത്രമായും മനസ്സിനെ വിഗ്രഹമായും സങ്കല്‍പിച്ചാല്‍ മനുഷ്യന്‍ ദൈവതുല്യനാകുമെന്നു പറയപ്പെടുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇങ്ങനെയൊരു തലത്തിലേക്ക് ഇന്നത്തെ മനുഷ്യന്‍ എത്തുന്നില്ല. എന്തൊക്കെയോ വാരിക്കൂട്ടാന്‍ വേണ്ടി മറ്റെന്തൊക്കെയോ നശിപ്പിച്ചുകൊണ്ട് കുതിരകണക്കെ മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ദുഃഖിച്ചിരിക്കുമ്പോള്‍ മടിയിലെടുത്തുവയ്ക്കാനും സന്തോഷിക്കുമ്പോള്‍ വലിച്ചെറിയാനുമുള്ള ഒരു വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. പരിഷ്‌കാരം കടന്നുവന്നു മനുഷ്യന് എന്തൊക്കെയോ സമ്മാനിച്ചെങ്കിലും മറ്റെന്തൊക്കെയോ തട്ടിയെടുത്തു കൊണ്ടുപോവുകയും ചെയ്യുന്നു. അറിവിനോടുള്ള ആത്മാര്‍ത്ഥതയില്ലായ്മയാണ് അതിലൊന്ന്.
അറിവിന്റെ മഹത്വം പാക്കനാരെ ബോധ്യപ്പെടുത്താന്‍ നാറാണത്തു ഭ്രാന്തന്‍ നടത്തിയ ഒരു പരീക്ഷണം ഇവിടെ പ്രസക്തമാണ്: ഒരു ചെടിക്കമ്പ് കയ്യിലെടുത്ത നാറാണത്ത് അതിനെ മൂന്ന് കഷണങ്ങളാക്കി അവ മൂന്നിനെയും ഉയര്‍ത്തിപ്പിടിച്ചു. പിന്നീട് അവ തറയിലേക്കിട്ട് അതിന്മേലൊന്നില്‍ കാര്‍ക്കിച്ച് തുപ്പി. അദ്ഭുതം! ആ മൂന്നു കഷണങ്ങളും ഒന്നായിച്ചേര്‍ന്നു. താന്‍ ചെയ്തതിന്റെ പൊരുളെന്താണെന്ന് പറയാന്‍ പാക്കനാരോട് നാറാണത്ത് ആവശ്യപ്പെട്ടു. പാക്കനാര്‍ ഒരു ചെറുപുഞ്ചിരി പൊഴിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി: ”സുഖവും ദുഃഖവും മാത്രമല്ല അറിവുകൂടി ജീവിതത്തില്‍ പ്രധാനമാണ്. താങ്കള്‍ പുറത്തേക്ക് തുപ്പിയത് അജ്ഞാനമാണ്. ജീവിതത്തില്‍ ഇവയെ ഒന്നിപ്പിക്കുന്നത് ജ്ഞാനമാണെന്നും ജ്ഞാനമുണ്ടെങ്കില്‍ മാത്രമേ ജീവിതം പൂര്‍ണമാകൂ എന്നുമല്ലേ താങ്കള്‍ ഈ കാണിച്ചതിനര്‍ത്ഥം?”



അറിയേണ്ടത് അറിയാതെ അറിവുള്ളതായി നടിക്കുന്നതാണ് ഇന്നത്തെ മനുഷ്യന്റെ ഏറ്റവും വലിയ പോരായ്മ. അമ്പലം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ അമ്പലത്തില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നവനെ ഭക്തന്‍ എന്നു വിളിക്കാന്‍പറ്റുമോ? വിഗ്രഹത്തിലൂടെ, ദീപനാളത്തിലൂടെ, അര്‍ച്ചനാപുഷ്പങ്ങളിലൂടെ, സുഗന്ധവസ്തുക്കളിലൂടെ നന്മയുടെ വലിയൊരു പാഠഭാഗം പഠിച്ചെടുക്കാന്‍ സാധിക്കാത്ത കാലത്തോളം ആര്‍ക്കും ദൈവത്തിലേക്കെത്താന്‍ പറ്റില്ല. എന്തിനോടൊക്കെയോ അല്ലെങ്കില്‍ ആരോടൊക്കെയോ ഉള്ള അറപ്പും വെറുപ്പും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടു ദൈവനാമത്തില്‍ കൈകൂപ്പുന്നതിന് എന്തര്‍ത്ഥം?