ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 4, 2017

രക്തബീജയുദ്ധവിസ്താരം - ശ്രീമദ്‌ ദേവീഭാഗവതം. 5. 28. - ദിവസം 120.



കൃത്വാ ഹാസ്യം തതോ ദേവീ തമുവാച വിശാംപതേ
മേഘഗാംഭീരയാ വാചാ യുക്തിയുക്തമിദം വച:
പൂര്‍വ്വമേവ മയാ പ്രോക്തം മന്ദാത്മന്‍ കോം വികത്ഥസേ
ദൂതസ്യാഗ്രേ യഥായോഗ്യം വചനം ഹിത സംയുതം


വ്യാസന്‍ തുടര്‍ന്നു: ദേവി പുഞ്ചിരിച്ചുകൊണ്ട് എന്നാല്‍ ഘനഗംഭീരമായ സ്വരത്തില്‍ രക്തബീജനോടു പറഞ്ഞു: ‘നീയെന്തിനാണ്‌ ആവശ്യമില്ലാതെ പുലമ്പുന്നത്? നിങ്ങളുടെ ദൂതനോട് ഞാനെന്തിനാണ് ആഗതയായിട്ടുള്ളതെന്നു ഞാന്‍ പറഞ്ഞയച്ചിരുന്നല്ലോ. മാത്രമല്ല എനിക്ക് അനുരൂപനാവാന്‍ യോഗ്യതയുള്ള പുരുഷന്‍ എന്നെക്കാളും ബലവാനും ബുദ്ധിമാനും സമ്പന്നനും ആയിരിക്കണം. എനിക്കങ്ങിനെയൊരു വ്രതമുണ്ടെന്നു നിന്‍റെ രാജാവിനോടും അവന്‍റെ അനുജനോടും പറയുക. അവര്‍ക്ക് എന്നെ ജയിച്ചിട്ടു വിവാഹം കഴിക്കാമല്ലോ! ഇനി നിന്‍റെ കാര്യം – നമുക്ക് ഒന്ന് പൊരുതി നോക്കാം. അതിനു ധൈര്യമില്ലെങ്കില്‍ നിന്‍റെ പ്രഭുവിനോപ്പം നിനക്കും പാതാളത്തിലേയ്ക്ക് ഒടിപ്പോവാം.’


ദേവി ഇങ്ങിനെ പറഞ്ഞപ്പോള്‍ അസുരനില്‍ ക്രോധവും യുദ്ധാവേശവും ഉണ്ടായി. അവന്‍ സിംഹത്തെ ലക്ഷ്യമാക്കി കുറേ അമ്പുകള്‍ എയ്തു. ദേവി ആ സര്‍പ്പതുല്യശരങ്ങളെ ലക്ഷ്യമെത്തുന്നതിന്‍ മുന്‍പ് തന്‍റെ ബാണങ്ങളാല്‍ മുറിച്ചിട്ടു. രക്തബീജന്‍റെ നേര്‍ക്ക് ദേവി അനേകം ശരങ്ങള്‍ തൊടുത്തുവിട്ടു. അവന്‍ പെട്ടെന്ന് തേരില്‍ മോഹാലസ്യപ്പെട്ടു വീണു. അസുരന്മാര്‍ നിലവിളിച്ചുകൊണ്ട് ചുറ്റുംകൂടി. ‘കൊല്ലുന്നേ’ എന്ന് മുഖത്തു കയ്യടിച്ച് അവര്‍ അലമുറയിട്ടു. ശുംഭന്‍ ആ ശബ്ദം കൊട്ടാരത്തിലിരുന്നു കേട്ട് അസുരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘കാംബോജരും കാലകേയരുമായ ദാനവന്മാര്‍ സൈന്യസമേതം യുദ്ധത്തിനിറങ്ങട്ടെ’ എന്നയാള്‍ ആജ്ഞാപിച്ചു.


ശുംഭന്‍ സൈന്യബലം വര്‍ദ്ധിപ്പിച്ചു യുദ്ധത്തിനാക്കം കൂട്ടിയപ്പോള്‍ ചണ്ഡിക മണിനാദവും അംബിക ഞാണൊലിയും മുഴക്കി. കാളിക വാ പിളര്‍ന്നലറി. കൂടെ സിംഹവും ഗര്‍ജ്ജിച്ചു. ഈ ശബ്ദകോലാഹലം അസുരന്മാരുടെ വീറു കൂട്ടാന്‍ ഉതകി. അവര്‍ ദേവിയുടെ നേരെ കൂരമ്പുകള്‍ അയച്ചു തുടങ്ങി. അപ്പോള്‍ ബ്രഹ്മാദി ദേവതകള്‍ ചണ്ഡികയുടെ സമീപം അവരവരുടേതായ ദേവ ഭാവത്തില്‍ വേഷഭൂഷകള്‍ അണിഞ്ഞ് അതത് വാഹനങ്ങളില്‍ ആഗതരായി.


അരയന്നത്തിന്റെ പുറത്തുകയറി ബ്രഹ്മാണിയായി അക്ഷസൂത്രവും കമണ്ഡലുവും കയ്യിലെടുത്ത് ബ്രഹ്മശക്തി വന്നെത്തി. ഗരുഡവാഹനത്തില്‍ ശംഖ്, ചക്രം, ഗദ, എന്നിവ ധരിച്ചു പത്മം കയ്യില്‍ പിടിച്ചു മഞ്ഞപ്പട്ടുടുത്ത് വിഷ്ണുശക്തി ആഗതയായി. ശങ്കരശക്തി വൃഷഭാരൂഢയായി ത്രിശൂലം കയ്യിലേന്തി ചന്ദ്രക്കല ചൂടി സര്‍പ്പമാലകള്‍ അണിഞ്ഞു വന്നു. സ്കന്ദകുമാരന്‍ മയില്‍ വാഹനത്തിലേറി തന്റെ വേലും പിടിച്ച് യുദ്ധോല്‍സുകയായ സുന്ദരിയായി വന്നണഞ്ഞു. ഇന്ദ്രാണി പുഞ്ചിരി തൂകി വെള്ളാനപ്പുറത്ത് ആഗതയായി. കയ്യില്‍ വജ്രം പിടിച്ച് ഉള്ളിലുറഞ്ഞ ക്രോധത്തോടെ ഇന്ദ്രാണി യുദ്ധസന്നദ്ധയായി നിന്നു. വാരാഹീ ശക്തി ശവാസനസ്ഥയായി പന്നിയുടെ രൂപത്തില്‍ നിലകൊണ്ടു. അപ്പോള്‍ നരസിംഹഭാവത്തില്‍ നാരസിംഹിക എത്തി. യാമ്യ ഒരു പോത്തിന്‍റെ പുറത്ത് യമദണ്ഡും കയ്യിലേന്തി ഉഗ്രരൂപത്തില്‍ പ്രത്യക്ഷയായി. വാരുണിയും കൌബേരയും അപ്പോഴേയ്ക്ക് അവിടെയെത്തി. എല്ലാ ദേവതകളുടെയും ശക്തി വിശേഷം സമൂര്‍ത്തമായി ആഗതരായത് കണ്ടു ദേവി സംപ്രീതയായി.


 
അപ്പോള്‍ ലോകമംഗളകാരകനായ ശങ്കരന്‍ ചണ്ഡികയോട് ദേവകാര്യത്തിനായി ദൈത്യരെ വധിക്കാനിനി അമാന്തം അരുതേ എന്ന് അഭ്യര്‍ത്ഥിച്ചു. ശുംഭനെയും നിശുംഭനെയും മറ്റ് അസുരപ്പരിഷകളെയും വധിച്ച ശേഷം ദേവതകള്‍ അവരവരുടെ വാസസ്ഥലങ്ങള്‍ തുടര്‍ന്നും അലങ്കരിക്കട്ടെ എന്ന് ശങ്കരന്‍ ആഹ്വാനം ചെയ്തു. അങ്ങിനെ ലോകത്തില്‍ നിന്നും ‘ഈതി ബാധകള്‍’ നിശ്ശേഷം ഇല്ലാതാകട്ടെയെന്നും ഭൂമി ഫലഭൂയിഷ്ടമായി വിളങ്ങട്ടെയെന്നും പരമശിവന്‍ അരുളിച്ചെയ്തു.


അപ്പോള്‍ ചണ്ഡികയുടെ ദേഹത്തുനിന്നും മഹാശക്തി പുറത്തുവന്നു. അതിപ്രചണ്ഡയായ അവളുടെ കൂടെ ഓരിയിടുന്ന അനേകം കുറുനരികളും ഉണ്ടായിരുന്നു. ആ ഘോരരൂപിണി പുഞ്ചിരി തൂകിക്കൊണ്ട് പരമശിവനോട് പറഞ്ഞു: ‘ഭവാന്‍ എന്‍റെയൊരു ദൂതനായി ശുംഭനെയും നിശുംഭനെയും പോയി കാണുക. അവസാനമായി അവര്‍ക്ക് പാതാളഗമനത്തിനായി ഞാന്‍ ഒരവസരം കൂടി നല്‍കാമെന്ന് പറയുക. ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകട്ടെ. ഇന്ദ്രന് സിംഹാസനം തിരികെ ലഭിക്കട്ടെ.  ദേവകള്‍ക്കുള്ള യജ്ഞാംശം അവര്‍ക്ക് തന്നെ ചെന്ന് ചേരട്ടെ. ജീവനില്‍ കൊതിയുണ്ടെങ്കില്‍ അവര്‍ പാതാളവാസം സ്വീകരിക്കട്ടെ. അല്ല, യുദ്ധമാണ് വേണ്ടതെങ്കില്‍ എന്‍റെ കുറുനരികള്‍ക്ക് വിശപ്പടക്കാന്‍ അവരുടെ മാംസം പ്രയോജനപ്പെടും എന്നും അവരെ അങ്ങ് അറിയിക്കുക.'


ശൂലപാണിയായ ശിവന്‍ ഉടനെതന്നെ ശുംഭസദസ്സില്‍ ചെന്നു. ‘ഹിതമായത് നിനക്ക് പറഞ്ഞു തരാനാണ് ഞാന്‍ വന്നിട്ടുള്ളത്. വേഗം തന്നെ നിങ്ങള്‍ പാതാളത്തിലേയ്ക്ക് പൊയ്ക്കൊള്ളുക. അവിടെ പ്രഹ്ലാദനും മഹാബലിയും ഉണ്ട്. അഥവാ നിങ്ങള്‍ക്ക് മരിക്കാനാണ് ആഗ്രഹമെങ്കില്‍ യുദ്ധക്കളത്തിലേയ്ക്ക് വന്നാലും. ആ മഹാരാജ്ഞിയുടെ കല്‍പ്പന ഇതാണ്. നിങ്ങള്‍ക്ക് ശ്രേയസ്ക്കരമായത് പറയാന്‍ എന്നെ ഏല്‍പ്പിച്ചു, ഞാനത് ചെയ്തു.’


ഭഗവാന്‍ ശങ്കരന്‍ ഉടനെ അവിടം വിട്ടു. സാക്ഷാല്‍ ശങ്കരനെ തന്‍റെ ദൂതനാക്കിയ ദേവി ‘ശിവദൂതി’ എന്ന പേരില്‍ പ്രശസ്തയായി. അസുരന്മാരാകട്ടെ യുദ്ധത്തിനിറങ്ങാന്‍ തന്നെ തീരുമാനിച്ചു. പടച്ചട്ടയും ആയുധങ്ങളും അണിഞ്ഞ് അവര്‍ യുദ്ധക്കളത്തിലെത്തി. അവര്‍ ചണ്ഡികയ്ക്ക് നേരെ കൂര്‍ത്തു മൂര്‍ത്ത ശരങ്ങള്‍ വര്‍ഷിച്ചു. കാളികയുടെ ശൂലവും ഗദയും വേലും ആ ശരങ്ങളെ പൊടിച്ചു കളഞ്ഞു. ദാനവരെ കാളിക വായിലിട്ടു ചവച്ചു തുപ്പി. ബ്രഹ്മാണി കമണ്ഡലുവിലെ വെള്ളം തളിച്ച് ദാനവരെ കൊന്നൊടുക്കി. കാളപ്പുറത്തു നിന്നും ശൂലമുപയോഗിച്ചു മഹേശ്വരി അസുരന്മാരെ വകവരുത്തി. ചക്രവും ഗദയും കൊണ്ട് വൈഷ്ണ്വി ദാനവരെ തച്ചുകൊന്നു. ഐന്ദ്ര ഐരാവതത്തിനു മുന്നില്‍ വന്നുപെട്ട അരക്കരെ വജ്രം കൊണ്ട് വീഴ്ത്തി കാലപുരിക്കയച്ചു. വാരാഹി തന്റെ തേറ്റകൊണ്ട്‌ എതിരാളികളെ കുത്തി മലര്‍ത്തി. നാരസിംഹി കൂര്‍ത്ത നഖമുനകള്‍ ആഴ്ത്തി അസുരന്മാരെ കൊന്നു ഭക്ഷിച്ചു. ശിവദൂതി അട്ടഹാസത്തോടെ ദൈത്യസംഹാരം ചെയ്തു. കൌമാരി മയിലിന്‍റെ പുറത്തു പറന്നു വന്നു ശരങ്ങളെയ്ത് അനേകം അസുരന്മാരെ കൊന്നു. വാരുണി തന്റെ കയറുകൊണ്ട് ശത്രുക്കളെ ബന്ധിച്ചു തള്ളി. ഇങ്ങിനെ ‘അമ്മമാര്‍’ ദാനവരെ കൊന്നൊടുക്കവേ, സൈന്യം ഹാഹാരവം മുഴക്കി ഓടിത്തുടങ്ങി. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. ദേവന്മാരുടെ ജയജയ ശബ്ദവും ദാനവരുടെ പാലായനവും ദൈത്യ സേനാധിപന്മാരെ അതീവകോപിഷ്ഠരാക്കി. രക്തബീജന്‍ യുദ്ധസന്നദ്ധനായി രംഗത്തിറങ്ങി. കോപത്താല്‍ ചുവന്ന കണ്ണുകളും കയ്യില്‍ ആയുധങ്ങളുമായി അവന്‍ ദേവിയെ ആക്രമിക്കാന്‍ തേരിലേറി.




പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Friday, March 3, 2017

ഈശ്വരൻ നമ്മോടൊത്തുള്ളപ്പോൾ ആശ്രയമറ്റവരാണോ നാം

ഹരിയുടെ കാലിൽ വീഴാതാർക്കും പരിതാപാഗ്നി ശമിക്കില്ല

നിത്യം ഗുരുവെ വണങ്ങാതാർക്കും നിർവ്വാണസുഖം കിട്ടില്ല

നാമജപത്തിൽ മുഴുകാതാർക്കും ഈശനിലെത്താനാവില്ല

ഭക്തി രസത്തിൽ ലയിക്കാതാർക്കും മുക്താവസ്ഥ ലഭിക്കില്ല

ധ്യാനജപാദികൾ ചെയ്തിടാത്തോൻ ആനന്ദാമൃതമുണ്ണില്ല

ധർമ്മം ദയയും കൂടാതെ സത്കർമ്മം ചെയ്യാൻ കഴിയില്ല

സംഗം മുഴുവനുപേക്ഷിക്കാതെ സംസാരാഗ്നി കെടുകില്ല

ഉള്ളിലസൂയയൊഴിഞ്ഞീടാതെ ഭഗവാൻ നേരിൽ വരുകില്ല

നേരിട്ടീശനെ ദർശിക്കാതെ നേരെന്താണെന്നറിയില്ല

എല്ലാം ഈശ്വരനെന്നറിയാതെ അല്ലലൊടുക്കാൻ വഴിയില്ല

ഭക്തനു തുണയും തോഴനു താങ്ങും ഭഗവാനല്ലാതിങ്ങില്ല

ഈശ്വരൻ നമ്മോടൊത്തുള്ളപ്പോൾ ആശ്രയമറ്റവരാണോ നാം !

ബാലമുകുന്ദാഷ്ടകം - ശ്രീകൃഷ്ണസ്തുതികൾ


കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി
സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി
ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി
ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി
ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി
കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി
ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി
ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി
ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം

എന്തിനാണ് ചന്ദനം തൊടുന്നത്, പൂവ് ചൂടുന്നത്


Image result for ചന്ദനം തൊടുന്നത്
ശരീരമാകുന്ന ക്ഷേത്രത്തിലേക്കുള്ള പൂജയാണ് ചന്ദനം തൊടലും പൂ ചൂടലും. സാധാരണ, ഇത് മനസ്സിലാവണമെങ്കില്‍ ‘പൂജ’ എന്താണെന്ന് പഠിക്കണം. പൂജയില്‍ ആത്മാരാധന എന്നൊരു വിശേഷ വിധിയുണ്ട്. ഒരു ദേവതയുടെ പൂജ ആരംഭിക്കുന്ന സമയത്ത്, ദേവന് മൂലമന്ത്രം ജപിച്ച് ചന്ദനം തൊട്ട്, ദേവന് മൂലമന്ത്രം ചൊല്ലി പൂചൂടി തന്നിലേക്ക് മാനസപൂജ ചെയ്യുന്നു- ആത്മാരാധന.

ഇവിടെ, ഈശ്വരന്‍ എല്ലായിടത്തുമുണ്ട്. ഈശ്വരന്‍ നമ്മുടെ ഉള്ളിലുണ്ട്. ഈശ്വരീയത എവിടെയാണോ ഉള്ളത്, അവിടെ നമ്മള്‍ ആരാധിക്കാറുണ്ട്. അമ്പലത്തില്‍ പോയാല്‍, ദേവതയെ പ്രതിഷ്ഠിച്ചു എന്ന് ഉറപ്പുള്ള ശ്രീകോവിലിനു മുന്‍പില്‍ തൊഴാറുണ്ട്. പ്രതിഷ്ഠിച്ചു എന്ന് ഉറപ്പുണ്ട്; ഈശ്വരനുണ്ട്. അതുപോലെ നമ്മുടെ ഉള്ളില്‍ ഈശ്വരനുണ്ട്. ഈ ശരീരം ക്ഷേത്രം ആണ്- ശരീരം പവിത്രമാണ്. ഇതിന് ആത്മാരാധന എന്ന് പേരുണ്ട്. ആത്മാവിനെ ആരാധിക്കുകയാണ്. തന്റെ ഉള്ളിലെ ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടിയാണ് ചന്ദനവും പൂവും ഒക്കെ ചൂടുന്നത്.

കാരണം, പൂജയില്‍ ജലഗന്ധപുഷ്പ ധൂപ ദീപങ്ങളെക്കൊണ്ടാണ് പൂജ. ഏതു പൂജയിലും ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം എന്നിവയുണ്ടാകും. അതില്‍ പൃത്ഥ്വീതത്ത്വത്തിന്റെ പ്രതീകമാണ് ഗന്ധം. ആകാശതത്ത്വത്തിന്റെ പ്രതീകമാണ് പുഷ്പം.

പഞ്ചഭൂതങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും ആയ രണ്ട് ഭൂതങ്ങളെക്കൊണ്ടുള്ള അര്‍ച്ചനയാണ് ചന്ദനം തൊടലും പൂവ് ചൂടലും. ചെറിയൊരു പൂജ ആണത്.

ഉത്തരം നല്‍കിയത്: എം. ടി. വിശ്വനാഥന്‍,
ശ്രേഷ്ഠാചാര സഭ, കോഴിക്കോട്. 9447114335

Buddham sharnam gachhami.. ബുദ്ധം ശരണം ഗച്ഛാമി


Thursday, March 2, 2017

തിരുവാലത്തൂര് ഭഗവതി ക്ഷേത്രം - 108 ദുർഗ്ഗാലയങ്ങൾ

പാലക്കാട് ചിറ്റൂര് റോഡില് 5 കിലോ മീറ്റര് അകലെ കൊടുമ്പിലാണ് തിരുവാലത്തൂര് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉഗ്രപ്രതാപിയായ മഹിഷസുരമര്ദ്ദിനിയും ശാന്തസ്വരൂപിണിയായ അന്നപൂര്ണ്ണേശ്വരിയും ഒരേ മതില്കെട്ടില് കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രം.


പരശുരാമ പ്രതിഷ്ഠിതമായ 108 ദുര്ഗ്ഗാലയങ്ങളില് ഒന്നാണിതെന്ന് ഐതിഹ്യമുണ്ട്. പരശുരാമ മഹര്ഷിയ്ക്ക് ഈ സ്ഥലം ഇഷ്ടമാവുകയും പരാശക്തിയെ ഉപാസിച്ച് തപശക്തിയുടെ ഫലത്താല് പ്രകാശ രൂപത്തില് ഭഗവതി പ്രത്യക്ഷപ്പെടുകയും ഈ ചൈതന്യത്തെ നിര്ഗുണത്തില് ലയിപ്പിക്കാതെ ലോകോപാകരത്തിനു നിലനിര്ത്തുകയും ചെയ്തുവത്രേ. യുഗങ്ങള്ക്കുശേഷം മഹാനായ ഒരു സ്വാമിയാര് ഭഗവതിയെ സാത്വിക രൂപത്തില് ഉപാസിച്ചതിന്റെ ഫലമായി സാത്വികഭാവത്തിലുള്ള ഒരു ക്ഷേത്രവും കൂടി ആവിര്ഭവിയ്ക്കുകയും ഭഗവതിയുടെ രൗദ്രഭാവത്തിലും സൗമ്യഭാവത്തിലുമുള്ള രൂപത്തില് തുല്യ പ്രാധാന്യത്തോടെ ക്ഷേത്രങ്ങള് നിലകൊള്ളുകയും ചെയ്തു.


മഹിഷസുരമര്ദ്ദിനി ദേവി ശ്രീലകത്ത് ഒരാള് പൊക്കത്തില് രൗദ്രഭാവത്തില് ഒരൊറ്റ ദാരുവില് അഷ്ടഭുജങ്ങളില് ശംഖ്, ചക്ര, ഗദാപത്മത്തോടുകൂടിയാണ് കാണപ്പെടുന്നത്. ദേവിയുടെ ഉ ഗ്രത വര്ദ്ധിപ്പിയ്ക്കാതെ, ഭക്തര്ക്ക് അഭയം തേടാവുന്ന രീതിയില് താന്ത്രിക വിധിക്കനുസരിച്ച് മറ്റൊരു പ്രതിഷ്ഠ നടത്തി പൂജകള് അവിടെ നടത്താന് തുടങ്ങി.


വര്ഷങ്ങള്ക്കു മുമ്പ് മലയാളി ബ്രാഹ്മണര് ഈ പ്രദേശത്ത് നിന്നും ദേശാടനം ചെയ്തപ്പോള് പരദേശത്തുനിന്നും ബ്രാഹ്മണര് അധിവസിച്ചു വത്രേ . തൃശ്ശിവപേരൂര് ആസ്ഥാനമായ ശ്രീശങ്കര മഠങ്ങളില് ചെന്ന് പരിഹാരം കാണാന് സ്വാമിയാരോട് അപേക്ഷിച്ചപ്പോള് മഹിഷാസുരമര്ദ്ദിനിയുടെ അനുഗ്രഹത്തിനായി ശാന്തത വരുത്തി അഭയം തേടണമെന്നായിരുന്നു കല്പന. തുടര്ന്ന് മൂപ്പില് സ്വാമിയാരുടെ ജ്ഞാന ദൃഷ്ടിയിലൂടെ മഹിഷാസുരമര്ദ്ദിനിയുടെ ഇടതുഭാഗത്ത് സ്വയംഭൂവായി ദര്ശിച്ച ദേവചൈതന്യത്തെ അന്നപൂർണേശ്വരിയായി  പ്രതിഷ്ഠിച്ച് ക്ഷേത്ര നിര്മ്മാണം നടത്തിയെന്നാണ് ഐതിഹ്യം.


മഹിഷാസുരമര്ദ്ദിനിയുടെ ബലിക്കല്ല് വളരെ ഉയരത്തില് മേൽക്കൂരയില്ലാതെയാണ്  പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയുടെ ദൃഷ്ടി മറയ്ക്കത്തക്ക വിധമാണ് പണി കഴിപ്പിച്ചിരിക്കുന്നത്.   ഇന്നും ദേവിയുടെ നേര്ദൃഷ്ടിയില്‍ ക്ഷേത്രത്തിന് പുറത്ത് ഒന്നും വാഴില്ല എന്നൊരു വളരെ ശക്തമായ വിശ്വാസം ഉണ്ട്.

മുൻകാലങ്ങളിൽ  ക്ഷേത്രത്തിലെ ശാന്തിക്കാര് ക്ഷേത്രത്തില് തന്നെ സ്ഥിര താമസമായിരിക്കും . പിന്നീട് ആ സ്ഥിതി മാറി , പൂജാരികള് അന്യസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും പൂജയ്ക്ക് പോയിത്തുടങ്ങി . അത്തരത്തില് ഈ ക്ഷേത്രത്തിലെ മേല്ശാന്തിയും ക്ഷേത്രത്തിന്റെ  തെക്കേ ഗോപുര വാതില് കടന്നു വയലിന്റെ നടുവിലൂടെ നടന്നു പോകുമ്പോള് കൃഷിപ്പണി ചെയ്തു കൊണ്ടിരുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി. മേല്ശാന്തി സ്ത്രീയെ ശപിച്ച് ഒരു കല്ലാക്കി മാറ്റി. ആ സമയത്ത് സ്ത്രീയുടെ കയ്യില് ഒരു കുഞ്ഞും ഉണ്ടായിരുന്നു. ആ കുഞ്ഞും കല്ലായിത്തീര്ന്നു. ഇവരുടെയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില് ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തായി 200 മീറ്റര് അകലെ നെല്പാടങ്ങള്ക്കു നടുവില് കല്രൂപം നിലനില്ക്കുന്നുണ്ട്.


അന്നപൂര്ണ്ണേശ്വരിയുടെ തിരുനടയില് അന്നദാനം ഒരു പതിവായിരുന്നു . ഭക്തജനങ്ങള് ഉദരസംബന്ധമായ രോഗങ്ങള്ക്ക് പരിഹാരമായും ഈ ഭോജനത്തെ കണ്ടിരുന്നു. ഇപ്പോള് ഉത്സവ കാലത്ത് 10 ദിവസവും അന്നദാനം നടത്തി വരുന്നു. ഊട്ടുപുരയോട് ചേര്ന്നുള്ള കിണറ്റിലെ വെള്ളം ഒരിക്കലും വറ്റില്ലെന്ന് മാത്രമല്ല പരിസരത്ത് മറ്റു കിണറ്റിലെ വെള്ളത്തില് നിന്നും വിഭിന്നമായി ഒരു പ്രത്യേക സ്വാദ് അനുഭവപ്പെടുന്നു
ണ്ടത്രേ.


ഒരു പ്രത്യേക രീതിയിലാണ് ക്ഷേത്രത്തിന്റെ ചുറ്റുമതില് പണിതിരിക്കുന്നത്. ഭാരമുള്ള കരിങ്കല് സ്തൂപങ്ങള് അടുക്കി വച്ചാണ് ചുറ്റു മതില് നിര്മിച്ചിരിക്കുന്നത്. ഒരു ദിവസം അത്താഴപൂജയ്ക്ക് ശേഷം നടയടച്ചു പോയ മേല്ശാന്തി അദ്ഭുതകരമായ ഒരു കാഴ്ച കണ്ട് അമ്പരന്നുപോയി. തലേ ദിവസം വരെ ഉണ്ടായിരുന്ന സാധാരണ അതിര് കുറ്റികള്ക്ക് പകരം നാലാള് പൊക്കത്തില് നിര്മിച്ച കരിങ്കല് ഭിത്തിയാണ് അദ്ദേഹത്തിന്കാ ണാന് കഴിഞ്ഞത് . അമ്പരപ്പിന്റെ ആധിക്യത്തില് നിലവിളിച്ചു പോയ മേല്ശാന്തിയുടെ ശബ്ദം കേട്ട് മറുവശത്ത് പണി ചെയ്തത് കൊണ്ടിരുന്ന ദേവിയുടെ ഭൂതഗണങ്ങള് നിര്മാണം മതിയാക്കി ഓടിയകന്നുവത്രേ. ഇത് പൂര്ത്തിയാക്കാന് ഇന്നും ജനങ്ങള്ക്ക് കഴിയുന്നില്ലെന്ന് പറയപ്പെടുന്നു.


തിരുവാലത്തൂര് എന്ന പേരിനും ഒരു ഐതീഹ്യമുണ്ടത്രെ. ദേവി കുടികൊള്ളുന്നതിന്റെ ഇടതു വശത്ത് കൂടി ശോകനാശിനി എന്ന നദി ഒഴുകിയിരുന്നു . പിന്നീട് ദേവി അതിന്റെ ഗതി മാറ്റി വലത്തുവശത്തു കൂടിയാക്കി. വലതു വശത്ത് കൂടി നദി (ആറ് ) ഒഴുകുന്ന പ്രദേശം എന്ന് ധ്വനിപ്പിക്കുന്ന വിധത്തില് ശുഭസൂചകമായി ‘ തിരു’ കൂട്ടിച്ചേര്ത്ത് പ്രദേശം തിരുവലത്താറ് എന്ന പേരില് അറിയപ്പെടാന് തുടങ്ങി. മനുഷ്യ ജീവിതത്തിലെ ശോകങ്ങള് മാറ്റാന് ദേവി മഹിഷാസുര മര്ദ്ദിനിയുടെ സാനിദ്ധ്യത്താല്‍ പുഴയുടെ ഈ ഭാഗത്ത് കുളിച്ചു ദര്ശനം നടത്തുന്നവര്ക്ക് ശോകത്തിനു അറുതി വരുമെന്നും പറയപ്പെടുന്നു.


വൃശ്ചികമാസത്തില് തൃക്കാര്ത്തിക നാളില് ഒന്പതാം ദിവസമായി വരുന്ന രീതിയില് ഉത്സവത്തിനു കൊടിയേറ്റം നടത്തുന്നു. 10 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവനാളുകളില് ഉത്സവബലി ചടങ്ങ് രണ്ട് ക്ഷേത്രങ്ങളില് വെവ്വേറെ ദിവസങ്ങളില് നടത്തപ്പെടുന്നു. രാവിലെ രണ്ടു ദേവിമാരും ആറാട്ടിന് പുറപ്പെടുന്നു. നീരാടിയത്തിനു ശേഷം അടുത്തുള്ള ശിവക്ഷേത്രത്തില് ദര്ശനം നടത്തിയതിനു ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. വൈകുന്നേരങ്ങളില് പഞ്ചവാദ്യത്തോടെയുള്ള കാഴ്ച്ച ശീവേലിയും ഉണ്ട്.

കാര്ത്തികനാളില് കാര്ത്തിക സദ്യ ഗംഭീരമായി നടത്തപ്പെടുന്നു . ഉത്സവത്തിന്റെ പത്താം ദിവസം ആറാട്ടുസദ്യ ഉണ്ട്. പതിനായിരത്തില്
പരംകല്വിളക്കുകളില് ദീപം തെളിയിച്ചു മനോഹരമായ ദീപക്കാഴ്ച്ചയും ഉണ്ട്.

പള്ളിവേട്ട ഒരു പ്രധാന ചടങ്ങാണ് . ദേവി ആനപ്പുറത്ത് എഴുന്നള്ളി നിശബ്ദയായി നായാട്ടിനു പോയ ശേഷം പള്ളിയാളില് നിന്നും വേട്ടയാടി ജനങ്ങളുടെ ആര്പ്പുവിളികളോടെ തിരിച്ചു വരുന്നതാണിത്. പിന്നീട് പള്ളിയുറക്കം .

പശുക്കിടാവിനെ കണികണ്ട് ഉണരുന്ന ദേവിമാര് കൊടിയിറക്കി ആറാട്ടിന് പോകുന്നു . ആനപ്പുറത്ത് തിരിച്ചു വരുന്ന ദേവിമാര് ആനയോട്ടത്തോട് കൂടി മൂന്ന് പ്രദക്ഷിണം വച്ച് ക്ഷേത്രത്തിനകത്
തേക്ക് പ്രവേശിച്ചതിനു ശേഷം ഉച്ചക്ക് ആറാട്ടു സദ്യയോടുകൂടി ഉത്സവ ചടങ്ങുകള് അവസാനിക്കുന്നു.

മാർഗം - ശുഭചിന്ത


ഒരു രാജാവിന് രണ്ട് മക്കളുണ്ടായിരുന്നു. ധർമ്മിഷ്ടനും നീതിമാനുമായിരുന്നു രാജാവ്. പിൻഗാമിയെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ, രാജകുമാരന്മാരിൽ ആരെ രാജ്യഭാരം ഏല്പിക്കും എന്ന ചിന്തയിലായി അദ്ദേഹം. തന്റെ മക്കളിൽ ആരാണ് രാജാവാകാൻ യോഗ്യൻ എന്ന് കണ്ടുപിടിക്കണം. അതിന് ഒരു പരീക്ഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു. രാജാവ് മക്കളെ അടുത്തുവിളിച്ച് രണ്ടുപേർക്കും ചെറിയ ഒരു തുക നൽകി പറഞ്ഞു: 'ഈ പണം ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ കൊട്ടാരങ്ങൾ നിറയ്ക്കണം. നിങ്ങളിൽ ആരാണോ ഈ ജോലി ഏറ്റവും ഭംഗിയായി നിർവ്വഹിക്കുന്നത്, അയാളെ എന്റെ അനന്തരാവകാശി ആയി വാഴിക്കും.'


മൂത്ത മകൻ ചിന്തിച്ചു: 'ഇതു കുറച്ച് പണമേയുള്ളൂ. ഇതുകൊണ്ട് എന്റെ കൊട്ടാരം മുഴുവൻ നിറയ്ക്കാനുള്ള സാധനങ്ങൾ ഞാനെങ്ങനെ വാങ്ങും?' എത്ര ചിന്തിച്ചിട്ടും അയാൾക്ക് തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. അവസാനം നഗരത്തിലുള്ള ചപ്പുചവറുകൾ വാങ്ങി അയാൾ തന്റെ കൊട്ടാരം നിറച്ചു.


ജ്യേഷ്ഠനേപ്പോലെ അനുജനും ആദ്യം ഉത്തരം കിട്ടാതെ വിഷമിച്ചു. പക്ഷേ, അശാൾ കൂടുതൽ മനസ്സിരുത്തി ചിന്തിച്ചു. ഒടുവിൽ ആ പണം കൊണ്ട് അയാൾ നല്ല മണമുള്ള ഒരു സുഗന്ധദ്രവ്യം വാങ്ങി തന്റെ കൊട്ടാരത്തിലെ മുറികളിലെല്ലാം അടിച്ചു. അതിന്റെ നറുമണംകൊണ്ട് കൊട്ടാരത്തിലെ മുറികളെല്ലാം നിറച്ചു.


ഇത് നമ്മുടെ ഓരോരുത്തരുടേയും കഥയാണ്. ഈ കഥയിലെ കൊട്ടാരം നമ്മുടെ ഹൃദയമാണ്. പണം നമ്മുടെ ജീവിതമാണ്. നമുക്ക് രണ്ട് കാര്യങ്ങൾ ചെയ്യാം. ഒന്നുകിൽ അവിവേകത്തിന്റെ മാർഗത്തിൽ സഞ്ചരിക്കാം. പക്ഷേ, ഇത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുർഗന്ധം വമിപ്പിക്കുന്നതാക്കും. അല്ലെങ്കിൽ വിവേകത്തിന്റെയും ഈശ്വരേച്ഛയുടെയും മാർഗത്തിലൂടെ സഞ്ചരിച്ച് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം സുഗന്ധപൂരിതമാക്കാം. ഏത് മാർഗം തിരഞ്ഞെടുക്കണമെന്ന് നമുക്ക് നിശ്ചയിക്കാം

അമ്മ

ശ്രീകൃഷ്ണസ്തുതികൾ - ചിലങ്ക കെട്ടി ഓടി ഓടി വാ വാ

ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


നിൻ പിഞ്ചു പാദം തേടി തേടി വന്നു

നിൻ ദിവ്യ നാമം പാടി പാടി വന്നു


നിൻ പിഞ്ചു പാദം തേടി തേടി വന്നു

നിൻ ദിവ്യ നാമം പാടി പാടി വന്നു


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


ദേവകി നന്ദന കാനന വാസാ

കേശവാ ഹരേ മാധവാ


ദേവകി നന്ദന രാധാ ജീവനേ

കേശവാ ഹരേ മാധവാ


ഗോകുല ബാലനേ ഓടി വാ വാ

ഗോപാല ബാലനേ ആടി വാ വാ


ഗോകുല ബാലനേ ഓടി വാ വാ

ഗോപാല ബാലനേ ആടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


പാണ്ഡവ രക്ഷക പാപ വിനാശക

കേശവാ ഹരേ മാധവാ


അർജ്ജുന രക്ഷക അജ്ഞാന നാശക

കേശവാ ഹരേ മാധവാ


ഗീതാമൃതനേ ഓടി വാ വാ

ഹൃദയാനന്ദനേ ആടി വാ വാ


ഗീതാമൃതനേ ഓടി വാ വാ

ഹൃദയാനന്ദനേ ആടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


കംസവിമർദ്ദന കാളിയമർദ്ദന

കേശവാ ഹരേ മാധവാ


ആശ്രിതവൽസല ആപൽബാന്ധവ

കേശവാ ഹരേ മാധവാ


ഓംകാരനാമമേ ഓടി വാ വാ

ആനന്ദ ഗീതമേ പാടി വാ വാ


ഓംകാരനാമമേ ഓടി വാ വാ

ആനന്ദ ഗീതമേ പാടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


നിൻ പിഞ്ചു പാദം തേടി തേടി വന്നു

നിൻ ദിവ്യ നാമം പാടി പാടി വന്നു


നിൻ പിഞ്ചു പാദം തേടി തേടി വന്നു

നിൻ ദിവ്യ നാമം പാടി പാടി വന്നു


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ


ചിലങ്ക കെട്ടി ഓടി ഓടി വാ വാ

എൻ താമരക്കണ്ണാ ആടി ഓടി വാ വാ

വിശ്വാസത്തിന്റെ വഴികള്‍ - ഗുരുവരം



ഈശ്വരവിശ്വാസത്തിന്റെ രംഗത്ത് രണ്ട് പ്രധാനരീതികളാണു കാണുന്നത്. ഒന്ന് ബഹുദൈവവിശ്വാസമാണ്, മറ്റൊന്ന് ഏകദൈവവിശ്വാസവും. ബഹുദൈവവിശ്വാസം പ്രകടമാകുന്നത് ദേവീദേവമാര്‍ഗ്ഗങ്ങളിലാണ്. ദേവീദേവന്മാരില്‍ ഏറ്റവും പ്രധാനികള്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും അവരുടെ പത്‌നിമാരും ആണല്ലോ. ശിവന്റെ മക്കളായ കാര്‍ത്തികേയനും ഗണപതിക്കുമുള്ള സ്ഥാനം മറക്കുന്നില്ല. ആരാധനാമൂര്‍ത്തികള്‍ വൈഷ്ണവം ശൈവം ശാക്തേയം എന്നീ സമ്പ്രദായങ്ങള്‍ക്കു കീഴിലാണെല്ലാം വരിക.

ഇവരെ ആരാധിക്കുന്ന മുഖ്യധാരാക്ഷേത്രങ്ങള്‍ പണിയാന്‍ പണമിറക്കിയിരുന്നവര്‍ രാജാക്കന്മാരും ധനികരും അവയുടെ മുഖ്യനടത്തിപ്പുകാര്‍ ബ്രാഹ്മണരുമായിരുന്നു. ഇപ്പോഴും പൂജാദികര്‍മ്മങ്ങള്‍ മുഖ്യമായും ബ്രാഹ്മണര്‍ തന്നെയാണല്ലോ ചെയ്യുന്നത്. തങ്ങളുടെ അധ്വാനം കൊണ്ടാണു ക്ഷേത്രങ്ങള്‍ ഉണ്ടായതെങ്കിലും അവ പ്രവര്‍ത്തനം തുടങ്ങിയാല്‍ പിന്നെ അവക്ക് അരികിലൂടെയുള്ള വഴികളുപയോഗിക്കാന്‍ പോലും അവകാശമില്ലാത്തവരായിരുന്നു തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ താഴ്ന്ന ജാതിക്കാര്‍.

അവരുടെ ദൈവങ്ങള്‍ എങ്ങനെയൊക്കെയുള്ളവരായിരുന്നു? ‘യക്ഷിയും പേയും അവര്‍ക്കു ദൈവം’ എന്നാണു കുമാരനാശാന്‍ പറഞ്ഞത്. ഇന്ന് ശിഷ്ടദൈവങ്ങളുടെ ക്ഷേത്രങ്ങളിലേക്ക് എല്ലാവര്‍ക്കും പ്രവേശിക്കാമെങ്കിലും നീചമൂര്‍ത്തികളെ ആരാധിക്കുന്ന ശീലം ഹിന്ദുസമൂഹത്തില്‍ നിന്ന് നിശ്ശേഷം പോയിട്ടില്ല. ആല്‍ത്തറ യക്ഷികളും മാടന്‍ നടകളും ചാത്തന്‍ സേവയും ഒക്കെ സജീവമായി നിലനില്‍ക്കുന്നുണ്ട്. ഒന്നും ഉദാത്തങ്ങളായ ആശയങ്ങള്‍ കൊണ്ട് ജീവിതത്തെ സമ്പന്നമാക്കുന്നവയല്ല.

വലിയ കുടുംബങ്ങളില്‍ പൂര്‍വികരെ അടക്കിയ സ്ഥാനങ്ങളും ആരാധനാസ്ഥാനങ്ങളായി മാറുക പതിവാണ്. തലമുറകള്‍ കഴിയുമ്പോള്‍ കുടുംബക്ഷേത്രങ്ങളായും പിന്നീട് അതതു പ്രദേശങ്ങളുടെ കാവല്‍ ദൈവങ്ങളുടെ ഇരിപ്പിടങ്ങളായും അവ പരിണമിക്കും. ശിവന്റെയോ ദേവിയുടെയോ കൃഷ്ണന്റെയോ ഒക്കെ സ്ഥാനങ്ങളായിട്ടാവും നാം അവയെ കാണുക. ഒരുപാടു കുടുംബങ്ങളില്‍ പിതൃക്കളെ കൂടാതെ പലതരം വെച്ചാരാധനകളുമുണ്ട്.

വിശ്വാസത്തിലും ദൈവാരാധനയിലും വന്നു ഭവിച്ച ഈ ഉച്ചനീചത്വത്തെ അംഗീകരിക്കുന്നവരല്ല സാരഗ്രാഹികളായ മഹാത്മാക്കള്‍. ദൈവത്തിന്റെ അംശം എല്ലാവരിലുമുണ്ട് എന്ന നിലപാടാണവര്‍ക്ക്. ആ നിലയ്ക്ക് ഏകദൈവവിശ്വാസത്തിന്റെ ദിശയിലാണ് അവര്‍ സഞ്ചരിച്ചത്. ഏറ്റവും ഹൃദ്യവും ലളിതവുമായി ഈ ആശയം കബീര്‍ പ്രകാശിപ്പിച്ചിരിക്കുന്നു:
തേരാ സായി തുഝ് മേ ഹൈ ജേ്യാം പഹുപന്‍ മേ ബാസ്
കസ്തൂരീ കാ ഹിരണ്‍ ജ്യോം ഫിര്‍ ഫിര്‍ ഢൂംഡത് ഘാസ്
(നിന്റെ ദൈവം നിന്നില്‍ തന്നെയുണ്ട് . . .പൂവില്‍ സുഗന്ധം പോലെ. കസ്തൂരിമാന്‍ തന്റെ ശരീരത്തിലെ ഗന്ധം പുല്ലില്‍ തിരയുമ്പോലെ എന്തിനു പുറത്ത് തിരയുന്നു?)

സത്തുക്കളുടെ ഈ മാര്‍ഗ്ഗം തെന്നിന്ത്യക്ക് പുറത്ത് ‘സന്ത് മത് ‘ സത്തുക്കളുടെ മതം എന്ന് അറിയപ്പെടുന്നു. (പൊതുവെ ഗുരുശിഷ്യപാരസ്പര്യമാണ് ഈ പാരമ്പര്യങ്ങളുടെ കാതല്‍ എങ്കിലും ഒരു കാര്യം ഓര്‍ക്കാനുണ്ട്. എല്ലാ ഗുരുക്കന്മാരും സത്തുക്കളാണെങ്കിലും എല്ലാ സത്തുക്കളും ഗുരുക്കന്മാരാവണമെന്നില്ല) ‘മെഡീവല്‍’ -ഏകദേശം പതിമൂന്നാം നൂറ്റാണ്ട് കാലത്ത് – ഇന്ത്യയില്‍ ഉല്‍ഭവിച്ച ഭക്തിപ്രസ്ഥാനവും അതിന്റെ തുടര്‍ച്ചകളുമാണിത്. ഈ മഹാന്മാര്‍ പലരും വടക്ക് പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഉള്ളവരായിരുന്നു. തെക്ക് കൂടുതല്‍ മറാഠികളായിരുന്നു.

അവര്‍ എഴുതാന്‍ സംസ്‌കൃതം ഉപയോഗിച്ചില്ല. അവരവരുടെ പ്രദേശത്തെ ഭാഷയില്‍ സംവദിച്ചു. സമൂഹത്തെ ഭക്തിയിലേക്കും ആ വഴിക്ക് ആശയപരവും സാംസ്‌കാരികവുമായ പാകപ്പെടലുകളിലേക്കും അവര്‍ നയിച്ചു. ആത്മവിദ്യക്ക് കളമൊരുക്കുന്ന ആത്മപരിശോധനയും നൈതികതയുമൊക്കെ സാധാരണജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞുവെന്നു വേണം കരുതാന്‍. വൈദികമായ അനുഷ്ഠാനങ്ങളിലും അവര്‍ ഏര്‍പ്പെട്ടില്ല. ആന്തരികതയുടെ ദൈവശാസ്ത്രമായിരുന്നു അവരുടേത്.
ഒ. വി. ഉഷ

ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ



പരമശിവൻ

പ്രധാനപ്പെട്ട ദിവസം -  തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം,
ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് -  എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി
സംഹാര ഭാവം - നടരാജ
രോഗ രക്ഷ ഭാവം - വൈദീശ്വര
ആരാധനാ ഭാവം -  ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം, ജലം
പ്രധാന ഹോമം - മ്യത്യുഞ്ജയ
മൂലമന്ത്രം - ഓം നമ: ശിവായ
ശിവജsയുടെ പേര് - കപർദും



ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി .


ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത് . നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്തി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു.


ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.ഭൈരവൻ, ഭദ്രകാളി വീരഭദ്രൻഎന്നിവരാണ് ഭൂതഗണങ്ങൾ.


ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ എന്നിവർ പുത്രന്മാർ. കടുംനീല നിറത്തിലെ കഴുത്ത് മൂലം നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്.


ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം


ഭസ്മ ഭൂഷിതനാണ് മഹാദേവന്‍

ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സം ഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം.


അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.


ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല.


മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്.


ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.



ശിവരൂപം:

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.


തൃക്കണ്ണ് :

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം(അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.


ചന്ദ്രകല :

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.



ഭസ്മം:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.


ജട:

ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.


നീലകണ്ഠം:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.



ഗംഗാനദി:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു.


ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.



നാഗങ്ങൾ:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.



മാൻ:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.



തൃശൂലം:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു. ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.



നന്തി:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.


ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.



നീലകണ്ഠം :

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.


ഢമരു :

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.



ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു

1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്


പഞ്ചഭൂത ക്ഷേത്രങ്ങൾ :

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.



1-ജംബുകേശ്വര ക്ഷേത്രം

തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം.
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.



2-അണ്ണാമലയാർ ക്ഷേത്രം

അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ തമിഴ്നാട്ലാണ. അരുണാചലേശ്വർ ആണ് മൂര്‍ത്തി. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി



3-കാളഹസ്തി ക്ഷേത്രം

ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.


ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.


ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.



4- ഏകാംബരേശ്വര ക്ഷേത്രം

തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്.


ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാതിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.


മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.



5-ചിദംബരം ക്ഷേത്രം

തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.

ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.


ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ ഇവിടെ  കൊത്തിവെച്ചിരിക്കുന്നു.



ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ



1.സോമനാഥ്

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.


ഗസ്നിയിലെ മഹ്മൂദിന്റെആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025ൽ ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.



2.മല്ലികാര്‍ജുന സ്വാമി ക്ഷേത്രം

ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ്‌ പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ്‌ ഇവിടെ ആരാധിച്ചു പോരുന്നത്.


ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്‍ത്തി നല്‍കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 212 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.


3.മഹാകാലേശ്വർ

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു.

ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിം‌ഗംസ്വയം‌ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.


പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേനമഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.



4.ഓംകാരേശ്വർ

ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.



5.കേദാർനാഥ്

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം, ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.

പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.



6.ഭീംശങ്കർ

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം. പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.



7.വിശ്വനാഥൻ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്നകാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്.


ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, യുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.



8.ത്രയംബകേശ്വർ

മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ.


ത്രയംബകേശ്വർ ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷിഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം

ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.



9.വൈദ്യനാഥൻ

ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ്വൈദ്യനാഥ് ക്ഷേത്രം. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. ഹിന്ദു പുരാണമനുസരിച്ച്രാവണൻ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാൻ ശിവനോടുള്ള ഭക്തിയാൽ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.



10.നാഗേശ്വർ

ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം. ദ്വാദശജ്യോതിർലിംഗ സ്തോത്രത്തിൽ പറയുന്നത് നാഗേശ്വര ക്ഷേത്രം ദാരുകാവനത്തിലാണെന്നാണ്. ഇന്ന് ഈ ജ്യോതില്ലിംഗക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ.

ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ദാരുകവനത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി ഇന്ന് വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ദേവദാരു വൃക്ഷങ്ങളുടെ വനം എന്നർത്ഥം വരുന്ന 'ദാരുവനത്തിൽ' നിന്നാണ് 'ദാരുകാവനം' എന്ന വാക്ക് ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു. ഇതുപ്രകാരം ദേവദാരു വൃക്ഷങ്ങൾ കാണപ്പെടുന്ന വനം ഉത്തരാഘണ്ഡിലെ അൽമോറയിലാണുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല. ദേവദാരു വൃക്ഷങ്ങൾ ശിവനുമായി വളരെയേറെ ബന്ധമുള്ളതാണെന്ന് ചില കൃതികളിലും പരാമർശിക്കുന്നു. . മുനിമാർ ശിവനെ പ്രസാദിപ്പിക്കുവാനായി ദേവദാരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം.


11.രാമേശ്വർ

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ്രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.

ശ്രീരാമന്‍ ഇവിടെയൊരു ശിവലിംഗവും പ്രതിഷ്ഠിച്ചു. വിന്ധ്യാവാസിനി ക്ഷേത്രത്തില്‍  നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററും മിര്‍ സാപുര്‍  പട്ടണത്തില്‍  നിന്ന് എട്ട് കിലോമീറ്ററും അകലെയായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.


വിന്ധ്യാവാസിനി ദേവീക്ഷേത്രത്തിനും അഷ്ടഭുജ ദേവീക്ഷേത്രത്തിനും ഇടയിലാണ് രാമേശ്വര്‍  മഹാദേവക്ഷേത്രം. ഈ മൂന്ന് പ്രബല ക്ഷേത്രങ്ങളെയും ചേര്‍ത്ത് മഹാത്രികോണം എന്നാണ് വിളിക്കുന്നത്.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.



12.ഗ്രിഷ്നേശ്വർ

ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു.



ദ്വാദശ ജ്യോതിർലിംഗ സ്തോത്രം:

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.



ദ്വാദശജ്യോതിര്ലിംഗസ്മരണം സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാര്ജുനം | ഉജ്ജയിന്യാം മഹാകാളമോങ്കാരമമലേശ്വരം ||൧|| പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം | സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ ||൨|| വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ | ഹിമാലയേ തു കേദാരം ഘുസൃണേശം ശിവാലയേ ||൩|| ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ | സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി ||൪|| ഇതി ദ്വാദശജ്യോതിര്ലിംഗസ്മരണം സംപൂര്ണം.



ശിവനാമങ്ങൾ

1. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .


2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.അത് ധരിക്കുന്നതുകൊണ്ട് ശിവന്
ശൂലി എന്ന പേര് ലഭിച്ചു .


3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര് ലഭിച്ചു .


4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .


5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍ എന്ന പേരിലും അറിയപ്പെടുന്നു .


6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു .


7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു


8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു .


9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര് ലഭിച്ചു .

10. ഭഗവാന്‍ ജ്ഞാനശക്തിക്ക് ആശ്രയമായതിനാല്‍ അദ്ദേഹം മഹേശ്വരന്‍ എന്ന പേരിലും അറിയുന്നു .
.

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു .


12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു .


13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു .


14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര് ലഭിച്ചു .


15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര് ലഭിച്ചു .


16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര് ലഭിച്ചു .


17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു .


18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു .


19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,*മംഗളരൂപി* എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .


20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു ..


21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര് ലഭിച്ചു .


22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര് ലഭിച്ചു .


23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .


24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .


25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .


26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു .


27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .


ഇനിയും എത്രയെത്ര നാമങ്ങൾ ഉച്ചരിചാലും മതി വരില്ല ഭഗവാനെ ഹര ഹര മഹാദേവാ



ശിവരാത്രി

സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപംതുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.


പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു. ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക. പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.



ശിവലിംഗപൂജ

ശിവലിംഗപൂജ ചെയ്യാന്‍ ഏറ്റവും പറ്റിയ ദിവസം ശിവരാത്രിയാണ്. ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അങ്ങനെ സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍‌മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. എല്ലാ പാപങ്ങളെയും അത് നശിപ്പിക്കുന്നു. ഇഷ്ടകാര്യം സാധിക്കനമെങ്കില്‍ പനിനീരില്‍ ഭസ്മം കുഴച്ച് ശിവലിംഗം ഉണ്ടാക്കണം. ഇതില്‍ കൂവളത്തിന്‍റെ ഇലകൊണ്ട് അതിരുദ്ര മന്ത്രാവലി ജപിച്ച് അര്‍ച്ചന നടത്തണം. രാവിലെ മേചക വസ്ത്രം (കറുപ്പ്) ധരിച്ചു വേണം ശിവലിംഗ പൂജ നടത്താന്‍. മന്ത്രാവലി എട്ട് തവണയാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കേണ്ടത്. ഇതിനു ശേഷം ഏഴു തവണ ശിവലിംഗത്തെ വലം വച്ച് ഏഴ് തവണ നമസ്കരിക്കണം. പിന്നെ കൂവളത്തില രണ്ട് കൈകളിലും എടുത്ത് ശിവചൈതന്യം ഉധ്വാസയാമി എന്ന് ഉച്ചരിച്ച് ശിവലിംഗത്തില്‍ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അവ മണത്ത ശേഷം കളയുക. ശിവലിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഭസ്മം സൂക്ഷിച്ചുവച്ച് നിത്യവും ധരിക്കുന്നത് നല്ലതാണ്. ശിവലിംഗ പൂജയ്ക്ക് നെയ് വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. സത്യദോഷ ശാന്തിക്ക് മണ്ണ് കുഴച്ചും ദാരിദ്ര്യ മോചനത്തിന് ഭസ്മം കുഴച്ചും ശിവലിംഗ പൂജ നടത്താം. വിദ്യാ വിജയത്തിന് ചന്ദനവും പനിനീരും ചേര്‍ത്താണ് ലിംഗം ഉണ്ടാക്കേണ്ടത്. പ്രഭാതത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് നടത്തുന്ന ഈ പൂജയ്ക്ക് മുല്ലപ്പൂവാണ് ഉപയോഗിക്കേണ്ടത്. പ്രേമം, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടി മഞ്ഞള്‍പ്പൊടി, പനിനീര്‍ എന്നിവ ചേര്‍ത്ത് ശിവലിംഗം ഉണ്ടാക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാത്രി അര്‍ച്ചന നടത്തണം.



ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ്  മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ...


ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും... കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ്‌ ദമ്പതിപൂജ..വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം...  ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്‍ പാര്‍വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്....ദമ്പതികള്‍ പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ....


Wednesday, March 1, 2017

അജ്ഞാനം - ശുഭചിന്ത

സത്ഗുരുഭ്യോം നമഃ..


അവരവരുടെ ചിന്തകളാണ് ശരി എന്ന അജ്ഞാനത്തില് മനുഷ്യര് ഇരിക്കുന്നു. ഈ അജ്ഞാനം സകലവിധമായ ദു:ഖത്തിനും കാരണമാകുന്നു.
അജ്ഞാനമാണെന്നു മനസ്സിലാക്കി ദു:ഖങ്ങള് മാറ്റാന് ഒരു സദ്ഗുരുവിനു മാത്രമേ സാധിക്കു.


സദ്ഗുരുവിന്റെ കൃപ നമ്മേ എല്ലാ വിധ പാപങ്ങളില് നിന്നും മോചിപ്പിക്കുന്നു. അതു കൊണ്ടു ഗുരുവിന്റെ ചരണങ്ങളില് ദൃഡ വിശ്വാസം ഉണ്ടാവണം. നമ്മുടെ  അഹം ഭാവം നിമിത്തമാണ് നാം ഗുരുവില് നിന്നും അകന്നു പോകുന്നത്. അതു കൊണ്ടു ഭഗവാനോട് നാം എത്ര ജന്മമായാലും ഗുരുവിന്റെ ചരണകമലങ്ങളെ വിട്ടു പിരിയരുതേ എന്ന് പ്രാര്ത്ഥിക്കുക.


ശ്രീ മഹാദേവന് ഗുരുവിന്റെ മഹിമയെ കുറിച്ച് തന്റെ
പത്നിയായ ഉമയോട് ഇങ്ങനെ പറയുന്നു:-   


"ചാര്വാക വൈഷ്ണവമതേ സുഖം പ്രഭാകരേ നഹി
ഗുരോ: പാദാന്തികേ യദ്വത് സുഖം വേദാന്ത സമ്മിതം."


ഗുരുവിന്റെ ചരണകമലങ്ങള് നല്കുന്ന ആനന്ദം വേറെ ഒരു
മതത്തിനും നല്കാനാവില്ല. മനശ്ശാന്തിയും സമാധാനവും മതത്തെ ആശ്രയിച്ചത് കൊണ്ടു കിട്ടുന്നില്ല. എന്നാല് ഗുരുവിന്റെ സാമീപ്യം നമുക്ക് സദ്ചിന്തകളെ വളര്ത്തി, അജ്ഞാനത്തെ നശിപ്പിക്കുന്നു. കാരണം ഭഗവാനെ വഹിക്കുന്ന ശരീരത്തെ ഗുരുവിന്റെ ചരണങ്ങള് താങ്ങുന്നു. അപ്പോള് അതു എത്ര ശ്രേഷ്ഠമാണെന്ന് ഊഹിക്കാമല്ലോ!


ഓം ദക്ഷിണാമൂര്ത്തയേ നമഃ

ആ സ്ത്രീയാണ് ഈ നാശങ്ങൾക്കെല്ലാം കാരണം..- പുരാണകഥകൾ



യുദ്ധാനന്തരം , മൂത്ത സഹോദരനായ കർണ്ണനു ബലിയി‌ടുമ്പോൾ ദുഖം സഹിക്കാനാവാതെ സ്വന്തം അമ്മയെക്കുറിച്ച് യുധിഷ്ഠിരൻ പറഞ്ഞ വാക്കുകളാണിവ. ഇതിൽ നിന്നും നമുക്കറിയാം , കുന്തിയുടെ ഒരു ദീർഘമൗനത്തിനുണ്ടായ കാലത്തിന്റെ മറുപ‌ടിയാണ് യുധിഷ്ഠിരനിലൂടെ പുറത്തു വന്നത്. പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്ത , ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി ഒരാളെ ഉണ്ടായിരുന്നുള്ളു അത് കുന്തിയാണ്.


 വിവാഹശേഷം , ഒരു നായാട്ടിനിടക്ക് കാട്ടിലെ മുനിയിൽ നിന്നും ശാപം കിട്ടിയ പാണ്ഡു പിന്നീടങ്ങോട്ട് സ്ത്രീബന്ധം പാടില്ലാതെ ജീവിതം തുടർന്നു. ഇവിടെയും മക്കളുണ്ടാവാൻ കുന്തിദേവിക്ക് സഹായമായത് പഴയ ദുർവാസാവിന്റെ മന്ത്രം തന്നെയാണ്. മൂന്നു മക്കൾക്ക് ശേഷം ആ മന്ത്രം കുന്തിദേവി , മാദ്രിക്ക് കൈമാറുന്നതോടെ ദേവിക്ക് പിന്നീട് ആ മന്ത്രം ഉപയോഗിക്കാൻ കഴിയാതെ വരുന്നു. നകുലനും , സഹദേവനും പിന്നീട് ജനിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ അപമാനിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് അവരുടെ പിതൃത്വം. ഷണ്ഡൻ പാണ്ഡുവിനെങ്ങിനെ മക്കളുണ്ടായി. ഇത്തരം കുത്തുവാക്കുകളിൽ പെട്ട് പിടയുമ്പോഴും കുന്തിദേവിക്ക് മാനം കാക്കാൻ ഈ മന്ത്രം തുണക്കെത്തിയില്ല.


യുദ്ധത്തിനുമുമ്പ് , കൃഷ്ണനും , കുന്തീദേവി തന്നെയും കർണ്ണനോടു താനാരെന്ന സത്യം സ്വകാര്യമായി പറയുന്നുണ്ട്. യുദ്ധത്തിൽ നിന്നു പിൻമാറാനായി.  എന്നിരിക്കിലും കൊടുത്തുപോയ വാക്കിനുവേണ്ട് കർണ്ണൻ തന്റെ അമ്മയെപോലും നിരാശയാക്കി തിരിച്ചയക്കുന്നു. എന്നാൽ മാനാഭിമാനം മറന്ന് കുന്തി ഈ വാചകങ്ങൾ പാണ്ഡവരോട് പറഞ്ഞിരുന്നെങ്കിലോ ?. രാജ്യവും , സ്വത്തും ഒന്നും വേണ്ടാ എന്നു വെച്ച് തങ്ങളുടെ മൂത്ത സഹോദരനായി കർണ്ണനെ സ്വീകരിച്ചാനയിച്ചേനെ. ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി കുന്തി ദേവി മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ സമൂഹത്തിലുള്ള അവരുടെ പേടി അതവരെക്കൊണ്ട് പറയിച്ചില്ല.


കർണ്ണനും വേണമെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു. കാരണം , ദുര്യോധനൻ കുരുക്ഷേത്ര യുദ്ധത്തിനു പാണ്ഡവരെ വെല്ലുവിളിക്കുന്നത് , ദ്രോണരെയോ , ഭീഷ്മരെയോ കണ്ടല്ല മറിച്ച് കവചകുണ്ഡലങ്ങൾ സ്വന്തമായിരുന്ന , മഹാമേരു ആയ കർണ്ണന്റെ കരുത്തിൽ വിശ്വസിച്ചാണ്. ആ സൗഹൃദത്തെ മുറുക്കെപിടിക്കാൻ , കൊടുത്ത വാക്കുപാലിക്കാൻ രക്തബന്ധങ്ങളെപോലും കർണ്ണൻ പുല്ലുപോലെ വലിച്ചെറിയുന്നു. ചതിയിലൂടെ കവചകുണ്ഡലങ്ങൾ സ്വന്തമാക്കിയ ഇന്ദനോടുപോലും , കർണ്ണനു ദേഷ്യമില്ല. ശ്രീകൃഷ്ണഭഗവാനോടുപോലും അടുത്ത ജന്മത്തിൽ കാണാം എന്നു പറഞ്ഞു യാത്രയാക്കുന്നു. എന്നിരിക്കിലും , ഭർത്താവ് മരിച്ചശേഷം , കുട്ടികളെ വളർത്തിവലുതാക്കി നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിച്ച കുന്തിയുടെ ഒരു മനോഭാവം പ്രകീർത്തിക്കേണ്ടതു തന്നെയാണ്.

ശ്രീകൃഷ്ണസ്തുതികൾ - ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


അമ്പാടി തന്നിൽ മേവും ഉമ്പർനായകാ നിൻ മെയ്

അൻപിനാൽ കാണാകേണം ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ആവോളം കൂപ്പുന്നേ ഞാൻ ദേവകി ദേവി പെറ്റ

ദേവേശ ദേവ ദേവ ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഇച്ഛയില്ലെനിക്കിനി ത്വച്ചരണങ്ങളൊഴി-

ഞ്ഞച്ച്യുതാ മറ്റൊന്നിങ്കൽ ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഈരേഴുലകമെല്ലാം ഈരടിയായളന്ന

ഈശനേ വാമനനേ ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഉള്ളത്തിൽ കാണാകേണം മുല്ലപ്പൂങ്കുഴലാലേ

ഉള്ളഴിക്കുന്ന നിൻ മെയ് ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഊതുന്ന കുഴലുമായ് പീതാമ്പരത്തോടെന്റെ

ചേതസ്സിൽ കാണാകേണം ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഐശ്വര്യ ദായകനേ കൈയിതാ കൂപ്പുന്നേ ഞാൻ

നീയൊഴിഞ്ഞില്ലാ ഗതി ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഒന്നിട വിട്ടു ഗോപസുന്ദരിമാരോടൊപ്പം

ഒന്നിച്ചു കളിച്ചൊരു ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഓരോരോ ലീലപൂണ്ടു കാരുണ്യം കൊണ്ടു ധർമ്മം

പാലിച്ചു വസിച്ചൊരു ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


ഔഷധി മേനി പൂണ്ട വൃന്ദാവനത്തിലെല്ലാം

ഘോഷമായ് ലീല ചെയ്ത ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


അംഭോജനാഭ കൃഷ്ണ ശംഭു പൂജിത ദേവാ

അൻപിനാൽ കാണാകേണം ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ


അച്ച്യുതാ നിൻ ചരിത്രം അദ്ഭുതം ദിനം തോറും

ഉച്ചരിക്കായ് വരേണം ഗോവിന്ദാ


ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഐരാണിക്കുളം മഹാദേവക്ഷേത്രം - ക്ഷേത്രങ്ങൾ



പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂർ ജില്ലയിൽ മാളയിൽ നിന്നും ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണ് സങ്കല്പം.


ക്ഷേത്രത്തിൽ രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്, തെക്കേടത്തപ്പനും വടക്കേടത്തപ്പനും. രണ്ടും ശിവൻ തന്നെയാണ്. കിഴക്കോട്ടാണ് ദർശനം.സമീപകാലത്തു നടന്ന പുനരുദ്ധാരണത്തിൽ തകർന്ന വിഗ്രഹം മാറ്റി പഞ്ചലോഹത്തിൽ പുതിയതു പ്രതിഷ്ഠിച്ചു. തെക്കേടത്തപ്പൻ സാമാന്യം വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗ പ്രതിഷ്ഠയാണ്. വടക്കേടത്തപ്പന്റെ ശ്രീകോവിലിൽ ശിവനും പാർവ്വതിയും സുബ്രഹ്മണ്യനും ഒരേ പീഠത്തിൽ വസിക്കുന്നു. മൂന്നും പഞ്ചലോഹ വിഗ്രഹങ്ങളാണ്. കേരളത്തിലെന്നല്ല, ഭാരതത്തിലെത്തന്നെ അപൂർവ്വമായിട്ടുള്ള വിഗ്രഹരൂപത്തിലെ ശിവപ്രതിഷ്ഠകളിൽ ഒന്നാണ് ഇത്. നിലയില്ലാത്ത ചതുരാകൃതിയിലുള്ള ശ്രീകോവിലാണ്.


ക്ഷേത്രത്തിൽ നിന്നും ക്ഷേത്രവ്യവസ്ഥ ലംഘിക്കുന്നവർക്കുള്ള ശിക്ഷ, ക്ഷേത്രത്തിന് ദാനം കിട്ടിയ സ്വത്തുവിവരം മുതലായവ രേഖപ്പെടുത്തിയ ധാരാളം ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നായ ഐരാണിക്കുളം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഇത്. ചേരന്മാരുടെ ഭരണം ദുർബ്ബലമായപ്പോൾ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാൽ അവർ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോൾ ഭരണകർത്താക്കളായിരുന്ന ഇല്ലക്കാർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് രണ്ട് പ്രതിഷ്ഠ നടത്തിയെന്നും അതിനാലാണ് ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠ വന്നതെന്നും പറയപ്പെടുന്നു. അവ തെക്കേടത്തപ്പനെന്നും വടക്കേടത്തപ്പനെന്നും അറിയപ്പെടുന്നു.


ആദ്യകാലത്ത് വൃശ്ചികമാസത്തിലെ തിരുവാതിര കൊടികയറി ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവമുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ ഇന്ന് ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 8 ദിവസം മാത്രമേ ഉത്സവം കൊണ്ടാടുന്നുള്ളൂ. കൊടിമരമില്ലാത്തതിനാൽ താത്കാലികമായി അടയ്ക്കാമരം കൊണ്ട് അത് നിർമ്മിച്ചാണ് കൊടിയേറ്റം.


തന്ത്രി താമരശ്ശേരി മേയ്ക്കാടാണ്. ഗണപതിയും നാഗദൈവങ്ങളും ശാസ്താവും ഭഗവതിയും ഉപദേവതകൾ. കൂടാതെ വടക്കുഭാഗത്ത് കീഴ്തൃക്കോവിലിൽ മഹാവിഷ്ണുവും വാണരുളുന്നു. ക്ഷേത്രത്തിൽ നിത്യവും മൂന്നുനേരം പൂജയുണ്ട്‌. ആദ്യം തെക്കേടത്തപ്പനാണ് പൂജ. അതിനുശേഷമേ മറ്റുള്ള ദേവന്മാർക്ക് പൂജയുള്ളൂ.

രക്തബീജയുദ്ധം - ശ്രീമദ്‌ ദേവീഭാഗവതം. 5. 27. - ദിവസം 119.



ഹതൌ തൌ ദാനവൌ ദൃഷ്ട്വാ ഹത ശേഷാശ്ച സൈനികാ:
പാലായനം തത: കൃത്വാ ജഗ്മു: സര്‍വേ നൃപം പ്രതി
ഭിന്നാംഗാ വിശിഖൈ കേചിത് കേചിച്ഛിന്നകരാസ്തഥാ
രുധിരസ്രാവ ദേഹാശ്ച രുദന്തോfഭിയയു:പരേ


വ്യാസന്‍ തുടര്‍ന്നു: ചണ്ഡമുണ്ഡന്മാര്‍ യുദ്ധത്തില്‍ മരണപ്പെട്ടപ്പോള്‍ ബാക്കിയായ അസുരന്മാരില്‍ ചിലര്‍ നേരെ രാജാവായ ശുംഭന്‍റെയടുക്കല്‍ ചെന്ന് വിവരമറിയിച്ചു. അവരുടെ കൈകാലുകള്‍ മുറിഞ്ഞും ദേഹമാകെ ചോരക്കറ പുരണ്ടും കാണപ്പെട്ടു. വാവിട്ടുകരഞ്ഞു കൊണ്ട് ‘ഞങ്ങളെ രക്ഷിച്ചാലും’ എന്നവര്‍ ആര്‍ത്തു വിളിച്ചു.


‘അവള്‍ ദേവന്മാരെപ്പോലും വിജയിച്ച ചണ്ഡമുണ്ഡന്മാരെ കൊന്നുകളഞ്ഞു. ബാക്കിവന്ന ഭടന്മാരെ ചവച്ചരച്ചു തിന്നു. ആന, ഒട്ടകം, കുതിര, കാലാള്‍പ്പട എല്ലാമേ നശിച്ചു. കാളി അവിടെ യുദ്ധഭൂമിയില്‍ ചെയ്തു കൂട്ടുന്ന കോലാഹലങ്ങള്‍ അത്യത്ഭുതങ്ങളും ഭീതിജനകവുമാണ്. തലനാരിന്‍റെ ചണ്ടിയും, തലയോട്ടികളുടെ ചുരക്കയും കൈകാലുകളാവുന്ന മീനുകളും തേരുരുണ്ടുണ്ടായ ചാലുകളില്‍ കൂടി ഒഴുകുന്ന ചോരപ്പുഴയില്‍ കാണാം. യുദ്ധഭൂമിയില്‍ എങ്ങും മാംസച്ചെളിയാണ്. അതുകണ്ടിട്ട് നമ്മുടെ ധീരന്മാര്‍ക്ക് പോലും ധൈര്യം ചോരുന്നു. എന്നാല്‍ സുരന്മാര്‍ സന്തോഷിക്കുകയാണ്. രാജാവേ, വംശം രക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പാതാളത്തിലേയ്ക്ക് പോയാലും. ആ ദേവിയുടെ കോപത്തിന് മുന്നില്‍ ഒന്നിനും നിലകൊള്ളാനാവില്ല. ദേവിയുടെ വാഹനമായ് സിംഹം അസുരന്മാരെപ്പിടിച്ചു തിന്നും ബാക്കിയുള്ളവര്‍ കാളിയുടെ അമ്പ്കൊണ്ട് കൊല്ലപ്പെടും. അതിനാല്‍ നിങ്ങള്‍ സഹോദരര്‍ വെറുതെ പോരിനിറങ്ങി മരിക്കാന്‍ നില്‍ക്കണ്ട. ഒരു പെണ്ണിനുവേണ്ടി വംശം മുടിക്കരുതേ. ദൈവാധീനമാണ് ജയവും തോല്‍വിയും. ചെറിയ കാര്യങ്ങള്‍ നേടാനായി പെരും ദുഃഖം വരുത്താനിടയാക്കരുത്. ഈയൊരു പെണ്ണ് കാരണം ദൈത്യന്മാര്‍ എത്രപേരാണ് കൊല്ലപ്പെട്ടത്! എന്നിട്ടിപ്പോഴും ആ പെണ്ണ് യുദ്ധക്കൊതി തീരാതെ ദേവസേനയെ ജയിച്ചു പേരെടുത്ത നിന്നെയും കാത്ത് നില്‍ക്കുകയാണ്.


നീ പുഷ്കരത്തില്‍ തപസ്സുചെയ്യുമ്പോള്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടുവല്ലോ. അന്ന് നീ ചോദിച്ചത് ‘അമരത്വം’ ആണ്. പുരുഷവര്‍ഗ്ഗത്തില്‍പ്പെട്ട ദേവാസുരമാനുഷഗന്ധര്‍വയക്ഷകിന്നരാദികള്‍ക്കൊന്നും നിന്നെ കൊല്ലാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ യുദ്ധക്കലിപൂണ്ടു വന്നിട്ടുള്ളത് ഒരു സ്ത്രീയാണ്. അവളുടെ ലക്ഷ്യം നിന്നെ കൊല്ലുകയാണ്.


അവള്‍ മൂലപ്രകൃതിയാണ്. കല്‍പ്പാന്തത്തിലെല്ലാറ്റിനെയും സംഹരിക്കുന്നത് ആ ദേവിയാണ്. ലോകസൃഷ്ടാവും ദേവന്മാര്‍ക്ക് അമ്മയും അവളാകുന്നു. ത്രിഗുണാത്മികയും താമസിയും സര്‍വ്വശക്തയും ആണവള്‍. ഒരിക്കലും നാശമില്ലാത്ത, ആരാലും തോല്‍പ്പിക്കാനരുതാത്ത, സര്‍വ്വജ്ഞയും വേദജനനിയും സന്ധ്യയും ആനന്ദസ്വരൂപിണിയുമാണ്. നാശമില്ലാത്തവളും ഒരേ സമയം സിദ്ധിയും, സിദ്ധിപ്രദയും അവളാകുന്നു. അങ്ങിനെയുള്ള ദേവിയോടുള്ള വിരോധം കളഞ്ഞ് അവളെ അഭയം പ്രാപിക്കുകയാണ് ബുദ്ധി. അവളുടെ ആജ്ഞയനുസരിച്ച് കഴിഞ്ഞാല്‍ അസുരകുലത്തെ മുടിക്കാതെ രക്ഷിക്കാം.’


ഭടന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശുംഭന്‍ രാജോചിതമായി ഇങ്ങിനെ പറഞ്ഞു: ‘യുദ്ധത്തില്‍ തോറ്റവര്‍ക്കും മാനമില്ലേ? നിങ്ങള്‍ക്ക് ചുണയുണ്ടോ? ഭീരുക്കളാണെങ്കില്‍ പാതാളത്തില്‍ പോയി ഒളിക്കുക. ഈ ലോകം മുഴുവനും വിധിയുടെ വിളയാട്ടമല്ലേ? അപ്പോള്‍പ്പിന്നെ ഈ സമയത്ത് നാമെന്തിനു ഭയക്കണം? ദേവന്മാരും ദൈവവശഗന്മാരാണ്. മാത്രമോ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ഇന്ദ്രാദി ദേവകളും ദൈവത്തിന്‍റെ കയ്യിലെ ആയുധങ്ങള്‍ മാത്രം. വരുന്നത് വരട്ടെ. അതിനേതായാലും മാറ്റമൊന്നും ഉണ്ടാവുകയില്ല. വരാന്‍ പോകുന്നതിനനുകൂലമായാണ് പ്രയത്നങ്ങള്‍ നടക്കുക. അതുകൊണ്ട് വിദ്വാന്മാര്‍ക്ക് ഭയമില്ല. അവര്‍ സ്വധര്‍മ്മം ചെയ്യും. ഫലത്തെപ്പറ്റി ആകുലചിത്തരാവുകയില്ല. സുഖം, ദുഃഖം, ആയുസ്സ്, മരണം, ഇവയെല്ലാം വിധിക്കനുസരിച്ചേ നടക്കൂ. ദൈവനിര്‍മ്മിതമാണിതെല്ലാം. ആയുസ്സൊടുങ്ങിയാല്‍ ബ്രഹ്മാവിനും വിഷ്ണുവിനും രുദ്രനും ഒരേ ഗതിയാണ്. ഇന്ദ്രാദിദേവന്മാരും ഞാനുമൊക്കെ കാലന് കീഴ്പ്പെട്ടിരിക്കുന്നു. നന്മതിന്മകള്‍ എന്താണെങ്കിലും വന്നുകൊള്ളട്ടെ. ഒരു പെണ്‍കൊടി വന്നു പോരിനു വിളിക്കുമ്പോള്‍ അതിനെ നേരിടാതെ നൂറുകൊല്ലം ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? യുദ്ധം ചെയ്യുക തന്നെയാണ് ധര്‍മ്മം. അതിന്റെ ഫലം എന്തുമായിക്കൊള്ളട്ടെ.


യുക്തിവാദികള്‍ വിധി എന്നൊന്നില്ല എന്ന് വാദിക്കുന്നു. ഉദ്യമം ചെയ്യാതെ ഒന്നും നടക്കില്ലല്ലോ. വെറുതെയിരുന്ന് വിധിപോലെ വരട്ടെ എന്ന് വിചാരിക്കുന്നവര്‍ ഭീരുക്കളും മടിയന്മാരുമാണ്. അദൃഷ്ടം (വിധി) എന്താണെന്ന് കണ്ടിട്ടുള്ളവര്‍ ആരുണ്ട്‌? അതിനു തെളിവുണ്ടോ? മൂഢന്മാരെ പേടിപ്പിക്കാനുള്ള സങ്കല്പം മാത്രമാണത്. പണ്ഡിതന്മാര്‍ക്ക് ഇത് ബാധകമല്ല. നമ്മുടെ പ്രയത്നത്തില്‍ യാതൊരു കുറവും ഉണ്ടാവരുത്. ധാന്യം പൊടിക്കണമെങ്കില്‍ അത് വെറുതെ കല്ലിന്‍റെയടുത്ത് കൊണ്ടുവെച്ചാല്‍ പോര. അത് കല്ലിലിട്ടു തിരിക്കുകതന്നെ വേണം. ദേശം, കാലം, സ്വബലം, ശത്രുബലം എന്നിവയെ അപഗ്രഥിച്ചു  ചെയ്‌താല്‍ ദേവഗുരുവായ ബൃഹസപതി പറഞ്ഞതുപോലെ നേട്ടം ഉറപ്പാണ്.’


ഇങ്ങിനെ ഉറപ്പിച്ചു പറഞ്ഞ് ശുംഭന്‍ തന്‍റെ വീരസേനാധിപന്‍ രക്തബീജനെ വലിയൊരു സേനയോടൊപ്പം യുദ്ധത്തിനയച്ചു. ‘നീ പോയി നിന്‍റെ ബലം മുഴുവനും ഉപയോഗിച്ച് പൊരുതി വിജയിച്ചു വരിക’. ‘ഞാനവളെ തീര്‍ച്ചയായും തോല്‍പ്പിച്ചു നിന്റെ മുന്നില്‍ കൊണ്ടുവരാം. എന്‍റെ പോരിന്‍റെ ബലം നിനക്ക് കാണാമല്ലോ’ എന്ന് രക്തബീജന്‍ സര്‍വ്വാത്മനാ സമ്മതിച്ചു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. ആന, തേര്, കാലാള്‍, അശ്വം, എന്ന് വേണ്ട അവന്‍ എല്ലാ തയ്യാറെടുപ്പുകളുമായാണ് ദേവിയെ നേരിടാനെത്തിയത്. അവന്‍റെ വരവ് കണ്ടപ്പോള്‍ ദേവി ഉച്ചത്തില്‍ ശംഖൂതി. ദേവകള്‍ക്ക് സന്തോഷമായി. ദൈത്യരുടെയുള്ളില്‍ ഭീതി വര്‍ദ്ധിച്ചു.


രക്തബീജന്‍ ചാമുണ്ഡിയുടെ സമീപമെത്തി ഇങ്ങിനെ പറഞ്ഞു. ’മറ്റുള്ളവരെപ്പോലെ ഞാന്‍ ഭീരുവാണെന്ന് കരുതിയാണോ ശംഖൂതി പേടിപ്പിക്കാന്‍ നോക്കുന്നത്? ഞാന്‍ ധൂമ്രനല്ല. രക്തബീജനാണ്. യുദ്ധമാണ് ആവശ്യമെങ്കില്‍ നമുക്ക് തുടങ്ങാം. നീയിതുവരെ കണ്ടത് ഭീരുക്കളെയായിരിക്കാം. എന്നെ അക്കൂട്ടത്തില്‍ പെടുത്തണ്ട.


പിന്നെ, നീ മുതിര്‍ന്നവരെ അനുസരിക്കുന്നവളും നല്ല കുടുംബത്തില്‍ വളര്‍ന്നവളും ആണെങ്കില്‍ ഞാന്‍ പറയുന്നത് കേട്ടാലും. അല്‍പ്പമെങ്കിലും ശാസ്ത്രം പഠിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍, നീതിശാസ്ത്രം നിനക്ക് മനസ്സിലാവുമെങ്കില്‍, നിന്നില്‍ സാഹിത്യാഭിരുചിയുണ്ടെങ്കില്‍ നിനക്ക് എന്റെ വാക്കുകള്‍ ഹിതമാവും. നവരസങ്ങളില്‍ രണ്ടെണ്ണമാണ് കേമം എന്ന് വിദ്വാന്മാര്‍ പറയുന്നു. ശൃംഗാരവും ശാന്തവും ആണവ. അവയില്‍ത്തന്നെ ശൃംഗാരം ബഹുകേമം. വിഷ്ണു മലര്‍മങ്കയിലും ശങ്കരന്‍ മലമങ്കയിലും ചേര്‍ന്ന് കഴിയുന്നത് ശൃംഗാരരസം ഒന്നുകൊണ്ടാണ്. ബ്രഹ്മാവിന് സരസ്വതിയുമുണ്ട്. ഇന്ദ്രന് സചി. മരത്തിനു ചുറ്റിപ്പടരുന്ന വള്ളികളുണ്ട്. മാനുകള്‍ക്ക് പേടമാന്‍. ആണ്‍ താറാവിന് പെണ്‍താറാവ് കൂട്ടുണ്ട്. ഇക്കൂട്ടരെല്ലാം സംയോഗസുഖം അനുഭവിക്കുന്നു. ഇതിനു യോഗമില്ലാത്തവരും ഇങ്ങിനെയുള്ള ഇണകളെ കിട്ടാത്തവരുമാണ് മുനിമാരായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത്. സംസാരസുഖം അറിയാത്ത അവരെ പഞ്ചാരവാക്കുകള്‍ പറയാന്‍ മിടുക്കരായവര്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നു. കാമന്‍റെ മുന്നില്‍ ജ്ഞാനവും ധൈര്യവും വൈരാഗ്യവും എങ്ങിനെ പിടിച്ചു നില്‍ക്കും? അതുകൊണ്ട് സുന്ദരിയായ നീ ശുംഭനെയോ നിശുംഭനേയോ ഭര്‍ത്താവായി സ്വീകരിച്ചു സസുഖം വാഴുക.’



ഇങ്ങിനെ പറഞ്ഞു മുന്നില്‍ നില്‍ക്കുന്ന രക്തബീജനെനോക്കി ദേവിയുടെ നെറ്റിത്തടത്തില്‍ നിന്നുണ്ടായ ചാമുണ്ഡയും ദേവീദേഹത്തില്‍ നിന്നുത്ഭൂതയായ കാളികയും ഉറക്കെയുറക്കെ അട്ടഹസിച്ചു.




പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്