മഹാബലി എന്ന പേര് കേരളവും ഓണവും ആയി ബന്ധപ്പെട്ടാണ് നമ്മൾ കേട്ടിരിക്കുന്നത്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് വിശ്വസിക്കുന്ന അസുര ചക്രവർത്തി.. സദ്ഭരണത്താൽ കീർത്തി കേട്ട പ്രഹ്ലാദ പൗത്രൻ.. തന്റെ പ്രജകളെ ആണ്ടിലൊരിക്കൽ കാണാനെത്തുമെന്ന് മലയാളികൾ വിശ്വസിക്കുന്ന മഹാബലി തമ്പുരാൻ. പക്ഷെ ഭാഗവത കഥ അനുസരിച്ച് മഹാബലിയും കേരളവുമായി യാതൊരു വിധ ബന്ധവുമില്ല. ഈ ഓണക്കാലത്ത് മഹാബലിയുടെ കഥ നമുക്ക് അറിയാൻ ശ്രമിക്കാം
മൂന്നു ലോകത്തിലും അസുരാധിപത്യത്തിന്റെ ശക്തമായ കാലം. ദേവവൃന്ദത്തെ പാരമ്പര്യ ശത്രുക്കളായിക്കണ്ട അസുരന്മാര് ദേവന്മാരെ തോല്പ്പിച്ച് അവരെ സ്വദേശത്തുനിന്ന് പായിക്കുകയും ദേവേന്ദ്രനെപ്പോലും നാടുകടത്തുകയും ചെയ്തു. ഭഗവാന് വിഷ്ണുവിന്റെ ഭക്തരില് സര്വ്വശ്രേഷ്ഠനും ഭഗവദനുജ്ഞയാല് മുപ്പത്താറായിരം വര്ഷം നാടുവാഴാന് ഭാഗ്യം ലഭിച്ചവനുമായ പ്രഹ്ലാദന്റെ പൗത്രനായ ഇന്ദ്രസേനനാണ് ഇപ്പോഴത്തെ ചക്രവർത്തി. ദേവലോകം മാത്രമല്ല ഇതരലോകങ്ങളും കീഴ്പ്പെടുത്തിയെങ്കിലും അഹങ്കാരമത്തുബാധിക്കാതെ അദ്ദേഹം ധര്മ്മാനുസൃതമായി പ്രജാപരിപാലനം ചെയ്തുപോരുന്നു. അസുരകുല ജാതരാണെങ്കിലും പ്രപിതാമഹനായ ഹിരണ്യാക്ഷന്റെ കാലത്തിനുശേഷം അസുരഭാവങ്ങള് മാറ്റിവച്ച് കുലമര്യദകള് പാലിക്കുന്നവരും വിഷ്ണുഭക്തരുമായിത്തീര്ന്നിരുന്നു.
പാലാഴി മഥനത്തിൽ അസുരരെ ദേവകൾ ചതിച്ചതിൽ മനം നൊന്ത അസുരർ ചക്രവര്ത്തിയുടെ ശക്തി വര്ദ്ധിപ്പിച്ച് സ്വര്ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച് മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത് എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്ക്കാന് ദേവന്മാര്ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര് സ്വര്ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.
അനന്തരം മഹാബലി സ്വര്ഗ്ഗത്തില് വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്ത്തി അഭിവൃദ്ധിയോടും കീര്ത്തിയോടും കൂടി വിരാജിച്ചു.
വാമനാവതാരം.
ഇന്ദ്രപദവിയും സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട ദേവകൾ അമ്മയായ അദിതിയോട് സങ്കടം ബോധിപ്പിച്ചു. എന്നാൽ ദേവന്മാര്ക്ക് സ്വര്ഗ്ഗം നഷ്ടപ്പെട്ടു എന്നറിഞ്ഞ അദിതി മാതാവ് ഒരിക്കലും അസുര നിഗ്രഹത്തിനുള്ള വരം വേണമെന്ന് തന്റെ പതിയായ കശ്യപ മഹര്ഷിയോട് ആവശ്യപ്പെട്ടില്ല.
"യഥാ താനി പുന: സാധോ! പ്രപദ്യേരന് മമാത്മജാ:
തഥാ വിധേഹി കല്യാണം ധിയാ കല്യാണകൃത്തമ!"
തന്റെ പുത്രന്മാര്ക്കു വീണ്ടും ഐശ്വര്യവും സ്ഥാനമാനങ്ങളും ലഭിക്കാന് മംഗളമായ വരം തരണം എന്നാണ് ആവശ്യപ്പെട്ടത്. ഇതുകേട്ട കശ്യപ മഹര്ഷി മമതാബന്ധത്തിന്റെ ശക്തിയെപ്പറ്റി ഓര്ത്ത് ഭഗവാന്റെ മയാബലം അത്ഭുതം തന്നെ എന്നു പറയുന്നു. ഈ ദുഖത്തിന് പരിഹാരമായി ഭഗവാനെ ഭജിക്കൂ എന്നാണ് അദ്ദേഹം പത്നിയോട് ആവശ്യപ്പെട്ടത്.
അതിനായി പയോവൃതം ഉപദേശിച്ചു.
വൃതാവസാനം അദിതീകശ്യപരുടെ പുത്രനായി ഭഗവാന് ബാലഭാവത്തില് ചിങ്ങമാസത്തിലെ ശുക്ലദ്വാദശിയിലെ തിരുവോണം നാളില് അഭിജിത്ത് മുഹൂര്ത്തില് ഉച്ചസമയത്ത് അവതരിച്ചു തപസ്സിന്റെ ഫലമായോ
ദേവരക്ഷണത്തിനു വേണ്ടിയോ ആയിരുന്നില്ല ഭഗവാന്റെ അവതാരം. പ്രത്യക്ഷത്തില് അങ്ങിനെ തോന്നുമെങ്കിലും ഭക്തവാത്സല്യത്താല് ഭക്തോത്തമനായ ബലിയെ ഉദ്ധരിക്കുക എന്നായിരുന്നു ഭഗവാന്റെ ലക്ഷ്യം. കേവലം ബ്രാഹ്മണ ബാലനായി വന്നത് ഒരിക്കലും ബലിയെ വഞ്ചിക്കനായിരുന്നില്ല.
പൊക്കം കുറഞ്ഞതുകൊണ്ടാണ് ഭഗവാന് വാമനൻ എന്നു പേര് വന്നത് എന്നൊരു തെറ്റിധാരണയുണ്ട്.
"വാമം വൽഗു ശരീരം അസ്യ അസ്തി വാമന:" വാമം എന്ന് വെച്ചാൽ സൗന്ദര്യം എന്നാണ് അർത്ഥം... അത്യാകർഷകമായ സൗന്ദര്യം ഉള്ളതുകൊണ്ടാണ് ഭഗവാന് വാമനൻ എന്ന് പേര് വന്നത്.
ഭഗവാന്റെ ആ അവതാരവേള ഇന്ദ്രസേനന്റെ ഇഹലോകവാസത്തിന്റെ ജാതകാന്ത്യവുമായിത്തീര്ന്നു. നര്മ്മദയുടെ വടക്കേക്കരയിലുള്ള ഭൃഗുകച്ഛമെന്ന വയലില് ഇന്ദ്രസേനന് അശ്വമേധയാഗമാരംഭിച്ചു. (വിശ്വജിത്തെന്ന യാഗമായിരുന്നെന്ന് മഹാഭാരതം). ഒരുദിനം യാഗശാലയിലേക്ക് സൂര്യന്മട്ടില് തേജസ്സാര്ന്ന മുഖേത്താടെ ബാലനായ ബ്രാഹ്മണവടു കടന്നുവന്നു. ആ തേജസ്സില് മതിമറന്ന എല്ലാവരും ആ വടുവിന്റെ മഹാതേജസ്സില് ആശ്ചര്യംകൊണ്ടു. എല്ലാവരും എഴുന്നെറ്റുചെന്ന് വടുവിനെ വേണ്ടവിധം ബഹുമാനിച്ചാദരിക്കാനാരംഭിച്ചു. ഇന്ദ്രസേനന് ഭാര്യയായ വിന്ധ്യാവലിയുമൊത്ത് അര്ഘ്യപാദ്യാദികള്വച്ച് പൂജിച്ചു.
മഹാബലി വാമനകുമാരന്റെ കാല് കഴുകി ജലം തീര്ത്ഥമെന്നോളം ശിരസ്സില് തളിച്ചു.
മഹാബലി ചക്രവര്ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്ക്ക് വേണ്ടതെല്ലാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്ക്കാന് തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന് കന്യകമാരെയോ എല്ലാമെല്ലാം തരാന് നാം ഒരുക്കമാണ്.”
വാമനന് പറഞ്ഞു: “സര്വ്വോത്തമനായ കീര്ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില് തന്നെയാണ് അങ്ങും ജനിച്ചത്. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര് ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”
അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല് മഹാബലി ചക്രവര്ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല് ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”
വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന് ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന് ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”
“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്ത്ഥങ്ങള് കൊണ്ട് സന്തോഷിക്കുന്നവന് സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ലാം ജയിച്ചാലും സുഖമായിരിക്കാന് സാധിക്കില്ല. അര്ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല് സംതൃപ്തി വരുന്നവന് സംസാരബന്ധനത്തില് നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന് ചാരിതാര്ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ് സുഖകാരണം. അധികരിക്കുമ്പോള് ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”
“എന്നാല് അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങി
വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന് തടഞ്ഞുകൊണ്ട് പറഞ്ഞു:
“ഈ വന്നിരിക്കുന്നത് സാക്ഷാല് വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില് , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല് , സത്യപാലനാര്ത്ഥം ദേഹത്തെ വേണ്ടിവന്നാല് അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്ക്കാനും മരണത്തില് നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല് അങ്ങ് ഈ ദാനത്തില് നിന്നും പിന്മാറണം.”
ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്മ്മിഷ്ഠനായ മഹാബലി ചക്രവര്ത്തി പ്രതിവചിച്ചു:
“അസത്യത്തെക്കാള് വലിയ അധര്മ്മം മറ്റൊന്നില്ല. അതിനാല് അസത്യതല്പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന് സമര്ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല് പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന് മരണത്തെക്കാള് ഭയക്കുന്നു. മരണാനന്തരം ധനാദികള് വിട്ടുപിരിയണമെന്നു നിശ്ചയമാകയാല് ജീവിച്ചിരിക്കുമ്പോള്ത്തന്നെ ധനാദിസര്വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല് യശസ്സ് എന്നും നിലനില്ക്കും.”
ഈ വാക്കുകള് കേട്ട് ക്രുദ്ധനായ ശുക്രാചാര്യന് മഹാബലിയെ ശപിച്ചു.
“കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്നിന്നും ഒട്ടും വ്യതിചലിച്ചില്ല. പ്രഹ്ലാദന്റെ പൗത്രനായ താന് സത്യംചെയ്തുപോയാല് എന്തു വിപത്തുവന്നാലും പാലിക്കുമെന്ന് പറഞ്ഞ് അദ്ദേഹം വാമനമൂർത്തിയെ പീഠത്തിലിരുത്തി ഓം എന്നുചൊല്ലി ദാനം ചെയ്തു നീര്വീഴ്ത്തി ഭൂമി ദാനം ചെയ്തു.
വടുവായ ബാലന് പെട്ടെന്ന് വളര്ന്നു.. ആകാശംമുട്ടെ വളര്ന്നുകൊണ്ട് തന്റെ വിശ്വരൂപപ്രകടനത്തില്ക്കൂടി സകല പ്രപഞ്ചസഞ്ചയത്തെയും ചരാചരവര്ഗ്ഗങ്ങളെയും ഇന്ദ്രസേനാദി അസുരവൃന്ദത്തില് ചിലര്ക്കും അവിടെ കൂടിയിരുന്ന മഹര്ഷിമാര്ക്കും കാട്ടിക്കൊടുത്തുകൊണ്ട് രണ്ടു ചുവടുകള് വച്ചു ഭൂലോകവും സ്വര്ലോകവും അളന്നുകഴിഞ്ഞു. മൂന്നാമത് ഉയര്ത്തിയ കാലുമായി വടു ഇന്ദ്രസേനനെന്ന അസുരാധിപനോട് ചെദിച്ചു:’മൂന്നാമത് കാലടിവയ്ക്കാന് ഇനി സ്ഥലമുണ്ടെങ്കില് കാട്ടിത്തരിക. മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന് വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില് വച്ചാലും. മരണാവസരത്തില് ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന് ശ്രമിച്ചാലും ഒരിക്കല് നശിക്കാതിരിക്കില്ല. അതിനാല് ഇപ്പോള്ത്തന്നെ നശിക്കുന്നതായാല് നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല് അവിവേകവും വര്ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല് ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന് അവിടെയെത്തിച്ചേർന്നു.
പ്രസന്നമായ മനസോടുകൂടി ഭഗവാനെ നമസ്കരിച്ച് പ്രഹ്ലാദന് പറഞ്ഞു.
“ഹേ ഭഗവാന്, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്കി. അതിനെ ഇപ്പോള് മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്ശനം നല്കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള് , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”
ഭഗവാന് പറഞ്ഞു: “ഞാന് യാതൊരുവനെ അനുഗ്രഹിക്കാന് വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്വ്വാനര്ത്ഥകാരണമായ അര്ത്ഥത്തെ അപഹരിച്ചാല് മാത്രമേ അവന് അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല് സത്യാന്വേഷിക്ക് അര്ത്ഥാപഹരണം അനുഗ്രഹമാണ്.”
“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല് ഗര്വ്വില്ലാതെയിരിക്കണം. ജന്മം, കര്മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില് ഗര്വ്വം ഭാവിക്കാതിരിക്കാന് ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്ക്ക് ജയിക്കാന് കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്വ്വ ഐശ്വര്യത്തെയും ഞാന് അപഹരിച്ചിട്ടും എല്ലാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന് ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന് ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”
ഭഗവാൻ തുടർന്നു“ദേവന്മാര്ക്കും ലഭിക്കാന് കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്ണിമന്വന്തരത്തില് അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്മ്മാവ് നിര്മ്മിച്ചിരിക്കുന്ന സുതലത്തില് വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല് മനസ്സില് ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന് കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്ശനചക്രം നിഗ്രഹിക്കും. ഞാന് സുതലത്തിന്റെ പടിക്കല് സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന് അറിയുക.”
അനന്തരം ഭഗവാന് പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില് കയ്യില് ഗദയും ധരിച്ചു ഞാന് നില്ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല് നിന്റെ സംസാരകാരണമായ കര്മ്മബന്ധം നിശ്ശേഷം നശിക്കും.”
മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്മാരോടൊപ്പം സുതലത്തില് പ്രവേശിച്ചു.
അങ്ങനെ ഭഗവാന് ദേവന്മാര്ക്ക് സ്വര്ഗ്ഗവും തിരിച്ചു നല്കി. മഹാബലിക്കു സ്വര്ഗത്തേക്കാള് സുന്ദരവും സുഖകരവുമായ സുതലവും നല്കി. അവിടെ ഭഗവാന്തന്നെ അവരെ കാത്തുരക്ഷിച്ചു കാവല് നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന് ഇപ്പോഴും സേവചെയ്യുന്നു.
മഹാബലി അസുരകുല ജാതനാണെങ്കിലും സല്ഗുണസമ്പന്നന് ആയിരുന്നു. സര്വ്വാത്മ ഭാവത്തോടെ ഗുരുവായ ശുക്രാചാര്യരെ ശരണം പ്രപിച്ചതിനാല് ഗുരുവിന്റെ പരമ പ്രീതി അദ്ദേഹത്തിനുണ്ടായി. നാം ഇന്ന് മാധ്യമങ്ങളില്ക്കൂടി കാണുന്ന കുടവയറും കൊമ്പന്മീശയും എല്ലാമുള്ള രൂപമല്ല മഹാബലിയുടെത്. പരമഭക്തനായ ബലി പൂജകളും യാഗങ്ങളും സല്ക്കര്മ്മങ്ങളും നിമിത്തം അതീവ തേജസ്വി ആയിരുന്നു. ആഹുതികൊണ്ട് ജ്വലിക്കുന്ന ആഹവനീയാഗ്നി എന്നപോലെ ശോഭിക്കുന്നു എന്ന് ഭാഗവതത്തില് ബലിയെ വര്ണ്ണിക്കുന്നു. ഇന്ദ്രനെ മുട്ടിലിഴയിച്ച ഒരു സുന്ദര യൗവനം ഉണ്ടായിരുന്നു മഹാബലിക്ക്. ഇന്ദ്രിയ ശക്തി, മനശ്ശക്തി, ദേഹശക്തി, പ്രഭാവം ഭക്തി എന്നിവകളാല് ആരാലും തോല്പ്പിക്കാന് കഴിയാത്ത ഗുണങ്ങള് ബലിക്ക് ഉണ്ടായിരുന്നു. എല്ലാം തികഞ്ഞ ബലിക്ക് ഈ വക ഗുണങ്ങളിലെല്ലാം അതിയായ അഹങ്കാരവും ഉണ്ടായിരുന്നു. ലോകാനാം എകമീശ്വരം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. ബലിയുടെ സര്വ്വ നാശത്തിനും കാരണമായേക്കാവുന്ന ഈ അഹങ്കാരത്തെ നശിപ്പിക്കനാണ് ഭഗവാൻ വാമനനായി അവതരിച്ചത്. കാരണം ഭക്താഗ്രഗണ്യനായ പ്രഹ്ലാദനെ അനുഗ്രഹിച്ചു ഭഗവാന് പറഞ്ഞീട്ടുണ്ട് അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നു തലമുറ പവിത്രമാക്കി ഞാൻ കാത്തു സംരക്ഷിച്ചു കൊള്ളാം എന്ന്. എല്ലാവര്ക്കും ഉള്ളില് ആത്മാവായി വാഴുന്ന ഭഗവാന് ഒരു മാത്രകൊണ്ട് ഈ അഹങ്കാരത്തെ നശിപ്പിക്കാന് കഴിയും. പക്ഷെ ഭഗവാന് പ്രിയം തന്നെ പൂജിക്കുന്നതിനെക്കാള് തന്റെ ഭക്തനെ ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുന്നതിലാണ്. അതിനാല് ഭക്തന്റെ മഹത്വത്തെ ഉയര്ത്താനായി ഭഗവാന് ചെറിയവനായി വന്നു മൂന്നടി മണ്ണ് യാചിച്ചു. വാങ്ങുന്നവനെക്കള് ഉയര്ന്നാണ് കൊടുക്കുന്നവന്റെ കൈകള്. ദാനത്തിന്റെ മഹാത്മ്യത്തെക്കൂടി ഇവിടെ കാണിച്ചു തരുന്നു. കേവലം നിസ്സാരമായ മൂന്നടി മണ്ണ് ചോദിച്ചപ്പോള് ബലിയുടെ അഹങ്കാരം “ലോകാനാം ഏകമീശ്വരം” എന്ന വാക്കിലൂടെ പുറത്തു വന്നു. അപ്പോഴാണ് ഭഗവാന് ത്രിവിക്രമ സ്വരൂപം കൈ ക്കൊണ്ടത്.
ഭാഗവത ഭാഷ്യം
"ഗുരോരനുഗ്രഹെണൈവ "
പുമാന് പൂര്ണ്ണ പ്രശാന്തയേത്"
ഗുരുവിന്റെ അഹൈതുകകൃപകൊണ്ടാണ് ഒരുവന് ആത്മതത്വം സാക്ഷാത്ക്കരിച്ച് നിത്യാനന്ദമനുഭവിക്കാന് കഴിയുന്നത്. ഗുരു ഈശ്വര തുല്യനാണ്. അതുകൊണ്ടുതന്നെ ശിഷ്യന്റെ കീര്ത്തിയും പ്രശസ്തിയും അദ്ദേഹത്തെ സന്തുഷ്ടനാക്കുന്നു. വാമനമൂര്ത്തി മൂന്നടി മണ്ണ് യാചിച്ചപ്പോള് ബലിയുടെ ഗുരുവായ ശുക്രാചാര്യര് പറഞ്ഞതൊന്നും ഈ ദാനം മുടക്കാനയിരുന്നില്ല. ബലിയുടെ അറിവും ഭക്തിയും സത്യസന്ധതയും എടുത്ത് കാണിക്കാനായിരുന്നു നരകത്തേയോ സ്ഥാനഭ്രംശത്തേയോ മരണത്തെയോ ഞാന് ഒട്ടും തന്നെ ഭയപ്പെടുന്നില്ല. എന്നാല് ബ്രഹ്മജ്ഞരെ അപമാനിക്കുന്നതിന് ഞാന് ഭയപ്പെടുന്നു എന്ന ബലിയുടെ വാക്കുകള് അദ്ദേഹത്തിന്റെ മഹാത്മാക്കളോടുള്ള ബഹുമാനത്തെ മനസ്സിലാക്കിത്തരുന്നു. യഗാദികള്ക്കൊണ്ട് യാതോരുത്തനെ സത്തുക്കള് സമാരാധിക്കുന്നുവോ ആ വിഷ്ണുവാണ് എന്റെ മുന്പില് വന്ന് യാചിക്കുന്നത് എങ്കില് ഭഗവാനാഗ്രഹിക്കുന്ന ഭൂമി ഞാന് ദാനം ചെയ്യും എന്ന പ്രസ്താവന അദ്ദേഹത്തിന്റെ ഭക്തിയേയും ഉറച്ച സത്യസന്ധതയേയും മനസ്സിലാക്കി തരുന്നു. ഭാഗവതത്തില് ഋഷഭോപദേശത്തില് പറയുന്നു,
ഭഗവാനില് നിന്നും വിപരീതമായി നില്ക്കാന് പറയുന്ന ഗുരു ഗുരുവല്ല എന്ന്.(ഗുരൂര് ന്ന സ സ്യാത് ) ഭഗവത് വിപരീതമായി പറയുന്നത് ഗുരുവയാല്പ്പോലും സ്വീകരിക്കേണ്ടതില്ല എന്ന ആ ഉപദേശത്തെ ബലി ഇവിടെ പ്രാവര്ത്തികമാക്കി.
ശിഷ്യന്റെ ഈ മഹത്വത്തെ എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ ആയിരുന്നു ശുക്രാചാര്യരുടെ ഉദ്ദേശം. നീ സര്വ്വ ഐശ്വര്യത്തില് നിന്നും ഭ്രഷ്ടനായി തീരട്ടെ എന്ന ശുക്രാചാര്യരുടെവാക്കുകള് ശാപമായി തോന്നാമെങ്കിലും അത് ഒരു അനുഗ്രഹം തന്നെ ആയിരുന്നു. ഞാന് എന്റെ എന്നീ മനോഭാവത്തോടെ ലൌകികമായി നേടിയതെല്ലാം ഉപേക്ഷിക്കുമ്പോള് മാത്രമേ മനശ്ശുദ്ധി വന്ന് ആത്മ സാക്ഷാത്ക്കാരം കൈവരിക്കാന് സാധിക്കുകയുള്ളൂ. അതിനു വേണ്ടി ശുക്രാചാര്യര് ശിഷ്യനെ പരോക്ഷമായി അനുഗ്രഹിക്കുകയായിരുന്നു. ഇത്രയും സല്ഗുനണസമ്പന്നനായ ബലിയില് ഉണ്ടായിരുന്ന ദോഷം സര്വ്വ നാശത്തിനും കാരണമായേക്കാവുന്ന അഹങ്കാരമായിരുന്നുഅതിനു മുന്പിലാണ് ഭഗവാന് ത്രിവിക്രമ സ്വരൂപനായി നിന്നത്. ഭക്തന് ഒരിക്കലും ച്യുതി ഉണ്ടാകാന് അനുവദിക്കില്ല എന്നതാണ് ഭഗവാന്റെ മതം. ഹേ ബലേ ! നിന്റെ അഹങ്കരത്തെക്കാള് എത്രയോ വലിയതാണ് എനിക്ക് നിന്നോടുള്ള സ്നേഹ വാത്സല്യം എന്ന് കാണിച്ചുകൊണ്ട് ഭഗവാന് കാരുണ്യത്തിന്റെ മൂര്ത്തീ രൂപം കൈക്കൊണ്ട് നിന്നു.
സര്വ്വം ഭഗവാന് സമര്പ്പിക്കുകയെന്ന മഹത്തായകര്മ്മം ചെയ്തപ്പോള് ബലി മഹാബലി ആയിത്തീർന്നു. സര്വ്വ സമര്പ്പണം ചെയ്ത ഭക്തന് ഭഗവാന് തന്റെ കാരുണ്യത്തിന്റെ മൂര്ത്തീ ഭാവമായി ത്രിവിക്രമ സ്വരൂപം കാണിച്ചു കൊടുത്തു. അതുകണ്ട മഹാബലി അഹന്ത നശിച്ച് നിര്മ്മല ഹൃദയത്തോടെ ഭഗവല് പദങ്ങളെ തന്റെ ശിരസ്സിലേറ്റിക്കൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. “അഹം ഭക്ത പരാധീന “ എന്ന് ഭഗവാന് അംബരീക്ഷ ചരിതത്തില് ദുര്വ്വാസാവ് മഹര്ഷിഹയോട് പറയുന്നത് പ്രത്യക്ഷത്തില് ഇവിടെ കാണാന് കഴിയും. തന്റെ ഭക്തന് എന്ത് തന്നെ നല്കിയാലും ഭഗവാന് തൃപ്തിയാവില്ല. അതാണ് ഭക്തിയുടെ മഹത്വം. സ്വര്ഗ്ഗാധിപത്യത്തിനു പകരം ദേവാദികള്പോലും കൊതിക്കുന്ന പരമോന്നതമായ സുതലത്തില് മഹാബലിക്ക് ആധിപത്യം നല്കി അതും കൂടാതെ സര്വ്വദാ ദര്ശനമരുളിക്കൊണ്ട് സുതലത്തിന്റെ കാവൽക്കാരനായി വാമനമൂര്ത്തി മഹാബലിയോടൊപ്പം സുതലത്തില് സദാ വസിക്കുന്നു.
ഓണവും മഹാബലിയും തമ്മിലുള്ള ബന്ധം ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ ഇനി പറയുന്നവ അനുമാനങ്ങൾ മാത്രമാണ് .ആ കാഴ്ചപാടോടു കൂടി മാത്രം തുടർ ലേഖനങ്ങൾ വായിക്കുക. വിവാദങ്ങൾ ഒഴിവാക്കുക
ഓണത്തെപ്പറ്റി ചെറുപ്പത്തില് പഠിച്ച കഥ എല്ലാവര്ക്കും സര്വ്വ സമ്മതനും നല്ല ഭരണകര്ത്താവുമായ മഹാബലിയെ അസൂയാലുക്കളായ ദേവന്മാരുടെ ആഗ്രഹനിവൃത്തിക്കായ് ഭഗവാന് കേവലം അഞ്ചു വയസ്സായ മായമനുഷ്യവേഷത്തില് വന്നു വഞ്ചിച്ചു കൈക്കലാക്കി. അതുകൂടാതെ പാതാളത്തിലേക്ക് ചവിട്ടിത്തഴ്തുകയും ചെയ്തു. എന്നിട്ടും പ്രജാവത്സലനായ മഹാബലി തന്റെ പ്രജകളെ കാണാന് കൊതിച്ചു വാമനനോട് യാചിച്ചപ്പോള് കൊല്ലത്തില് ഒരിക്കല് വന്നു കൊള്ളാന് അനുവാദം കൊടുത്തു. അങ്ങിനെ തന്റെ പ്രജകളെ കാണാന് വരുന്ന സുദിനമാണ് ഓണം. മഹാബലിയുടെ സമൃദ്ധമായ ഭരണകാലത്തെ ഓര്മ്മക്കായാണ് നാം ഇന്ന് ഓണം ആഘോഷിക്കുന്നത്.
ഈ കഥ അറിയാത്ത ഒരു കുഞ്ഞു പോലും ഓണം ദേശീയോത്സവമായി കൊണ്ടാടുന്ന ഈ കേരളത്തില് ഉണ്ടാകില്ല.
ആദ്യമായി ഓണം കേരളീയരുടെ ദേശീയ ഉത്സവമായി മാറിയത് എങ്ങിനെയാണ് ആണെന്ന് ഒന്ന് ചിന്തിക്കാം. മഹാബലി ഒരിക്കലും കേരളം മാത്രം ഭരിച്ച ചക്രവര്ത്തി ആയിരുന്നില്ല. യുദ്ധത്തില് എല്ലാവരെയും ജയിച്ച് സര്വ്വ ലോകങ്ങളും കീഴടക്കിയ അദ്ദേഹം സ്വയം പറയുന്നുണ്ട് ‘ലോകാനാം ഏകമീശ്വരം’ എന്ന്. പിന്നെ എങ്ങിനെയാണ് കേരളത്തില് മാത്രം മഹാബലിയും ഓണവും ഇത്രയ്ക്കു പ്രചാരം നേടിയത്? അതിനെപ്പറ്റി പറഞ്ഞു കേട്ടതും ശരിയാകാന് സാധ്യത ഉള്ളതുമായ ഒരു ചരിത്രം കേട്ടറിഞ്ഞത് പറയാം...
പണ്ട് രാജഭരണകാലത്ത് പെരുമാള് രാജവംശത്തില്പ്പെട്ട ധര്മ്മിഷ്ടനായ രാജാവ് കേരളം ഭരിച്ചിരുന്നു. വാമനമൂര്ത്തിയായിരുന്നു അദ്ദേഹത്തിന്റെ ഉപാസനാമൂര്ത്തി. വാമന ഭഗവാന്റെ ജന്മദിനമായ ചിങ്ങമാസത്തിലെ തിരുവോണം അദ്ദേഹം ഉത്സവം പോലെ കൊണ്ടാടി. തൃക്കാക്കരയിലുള്ള വാമനമൂര്ത്തി ക്ഷേത്രത്തില് തിരുവോണത്തിന് പത്തുദിവസം മുന്പ് അത്തം മുതല് ആഘോഷം തുടങ്ങി. തന്റെ പ്രജകള് എല്ലാവരും ഈ ആഘോഷത്തില് പങ്കുചേരണം എന്ന അദ്ദേഹത്തിന്റെ നിര്ദ്ദേശപ്രകാരം ജാതിമതഭേദമന്യേ ദേശീയ ഉത്സവമാക്കി എല്ലാവരും സ്വന്തം വീടുകളില് ഓണം ആഘോഷിക്കാന് തുടങ്ങി. പത്താം ദിവസം മണ്ണില് പ്രതിമയുണ്ടാക്കി (തൃക്കാക്കരയപ്പന് എന്നാണ് സങ്കല്പം) വാമനമൂര്ത്തിക്ക് പൂജയും നൈവേദ്യവും നല്കി. എല്ലാവരും സദ്യയും പുതുവസ്ത്രങ്ങളും കളികളുമായി ഓണം ആഘോഷിച്ചു പോന്നു. പിന്നീട് സാമൂതിരിമാരും കോലത്തിരിമാരും കേരളം വിഭജിച്ചു ഭരിച്ചപ്പോള് ആഘോഷങ്ങളിലും മാറ്റങ്ങള് ഉണ്ടായി. അതുകൊണ്ടാണ് മലബാര് ഭാഗത്ത് തൃക്കാക്കരയപ്പനെ വച്ചുള്ള പൂജ സമ്പ്രദായം ഇല്ലാതായത്. എന്നിരുന്നാലും എല്ലാ കേരളീയരും ഓണം ദേശീയ ഉത്സവമായി കണക്കാക്കി ആഘോഷിച്ചു പോന്നു. ഇതാണ് ഓണം കേരളത്തിന്റെ ഉത്സവമായി മാറുവാന് പറയപ്പെടുന്ന ഒരു വിശ്വസനീയമായ കാരണം. ഓണത്തിന് വാമനമൂര്ത്തിയെ മാത്രമല്ല മഹാബലിയെയും പൂജിക്കുന്നു.
ഓണത്തിന് നാം മുറ്റത്ത് ചാണകം മെഴുകി പൂക്കളം ഒരുക്കുന്നത് വാമനമൂര്ത്തിയെ പൂജിക്കുവാനുള്ള സ്ഥലമാണ്. പൂവ് മസസ്സിന്റെ പ്രതീകമാണ്. മാലിന്യം നീക്കി പരിശുദ്ധമായ മനസ്സില് ആണ് ഭഗവാന് ഇരിപ്പിടം നല്കുന്നത്. ഇവിടെ പൂജിക്കുന്നത് തൃക്കാക്കരയപ്പനായ ത്രിവിക്രമ മൂര്ത്തിയെ ആണ്. ഭക്തനു വേണ്ടി പ്രകടമായ കാരുണ്യത്തിന്റെ മൂര്ത്തീ ഭാവം. മാത്രമല്ല അതോടൊപ്പം മഹാബലിയേയും പൂജിക്കുന്നു. ഭക്തനേയും ഭഗവാനേയും ഒരുപോലെ പൂജിക്കുന്ന മഹത്തായ ആഘോഷം. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും ഒരുമിച്ചു നിൽക്കാനും നാം ഓരോരുത്തരും പൂര്ണ്ണ മനസ്സോടെ തയ്യാറാകണം. ഇതാണ് ഓണം നമുക്ക് പകര്ന്നു തരുന്ന മഹത്തായ സന്ദേശം. ഒരു പക്ഷെ ഈ സന്ദേശം പ്രജകള്ക്ക് പകര്ന്നു നൽകുക എന്ന ഉദ്ദേശമായിരുന്നിരിക്കാം രാജാവ് തിരുവോണം ദേശീയോത്സവമാക്കുവാന് തീരുമാനിച്ചതിന് ഒരു കാരണം.
ഇതെല്ലാംഉള്കൊണ്ടുള്ളതാകട്ടെ ഇനിയുള്ള നമ്മുടെ ഓണം. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ആത്മാര്ത്ഥേതയുടെയും ഒത്തൊരുമയുടെയും തിരുവോണം. എല്ലാവര്ക്കും സര്വ്വേശ്വരന്റെ കാരുണ്യവും നന്മയും ഉണ്ടാകട്ടെ...
ഐതിഹ്യങ്ങളും കഥകളും എന്തു തന്നെ ആയാലും മലയാളികൾക്ക് ഓണമെന്നാൽ ഒരു സമ്പൽസമൃദ്ധമായ ഭരണത്തിന്റെ സ്മരണ തന്നെയാണ്.. കുറ്റങ്ങളും കുറവുകയുമില്ലാത്ത, കള്ളവും ചതിയുമില്ലാത്ത ഒരു മാവേലി നാട് നമ്മുക്ക് സ്വപ്നം കാണാനെങ്കിലും ആവട്ടെ.. ഒരു നല്ല ഓണം ആശംസിച്ചു കൊണ്ട് ലേഖനം അവസാനിപ്പിക്കുന്നു
കടപ്പാട് ഉണ്ണികൃഷ്ണൻ കീശ്ശേരിൽ .സദ്ഗമയ സത്സംഗ വേദി
No comments:
Post a Comment