ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 11, 2018

ഈ വർഷത്തെ ശിവരാത്രി വ്രതം അനുഷ്ഠിച്ചോളൂ, ഇരട്ടിഫലം!

ശിവപ്രീതിക്കായുള്ള എട്ടുവ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ശിവരാത്രി കൃഷ്ണചതുർദ്ദശി തിഥിയെ അടിസ്ഥാനമാക്കി അനുഷ്ഠിക്കപ്പെടുന്ന വ്രതമാണ്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകലപാപങ്ങളും നശിക്കും. ഇക്കൊല്ലത്തെ ശിവരാത്രി ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് വരുന്നത്. ശിവരാത്രിയും പ്രദോഷവും ഒരുമിച്ചു വരുന്നതിനാൽ അന്നേദിവസം ശിവരാത്രി വ്രതം അനുഷ്ഠിച്ചാൽ ഇരട്ടി ഫലം ലഭിക്കും .

പാലാഴി മഥനം നടത്തിയപ്പോൾ ഉണ്ടായ കാളകൂട വിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവ്വതി ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി.

ശിവരാത്രിയുടെ തലേന്നു മുതൽ വ്രതം ആരംഭിക്കാം. ഈ വർഷം ശിവരാത്രിയുടെ തലേദിവസം മഹാദേവന്  പ്രാധാന്യമുള്ള  തിങ്കളാഴ്ചയായതിനാൽ ഒരിയ്ക്കൽ എടുക്കുന്നത് നല്ലതാണ്. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ശിവക്ഷേത്ര ദർശനം നടത്തുക. പൂർണ്ണ ഉപവാസം ഉത്തമം. അതിനു സാധിക്കാത്തവർക്ക് ഒരിയ്ക്കലെടുക്കാം, ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ബില്യാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂർവം ചൊല്ലുക. രാത്രി പൂർണ്ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ജലധാര എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. ഭഗവാന്‍റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്.

പഞ്ചാക്ഷരീ മന്ത്രമായ "ഓം നമശിവായ" 108 തവണ ഭക്തിപൂർവം ചൊല്ലുകയോ എഴുതുകയോ ചെയ്യാം. പിറ്റേന്ന് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ചുകൊണ്ടു പാരണ വിടാം. 

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. മഹാശിവരാത്രി വ്രതം അവനവനും, ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ  ഉത്തമമത്രേ. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം. അന്നേ ദിവസം ബലി തർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു. 

*ശിവ ദർശന ഫലങ്ങൾ*

ശിവനെ രാവിലെ ദർശിച്ചു പ്രാർത്ഥിച്ചാൽ ശരീരത്തിന് ആരോഗ്യവും മനസ്സിന് ബലവും വർദ്ധിക്കും. ഉച്ചയ്ക്ക് പ്രാർത്ഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർത്ഥിച്ചാൽ കഷ്ട–നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർദ്ധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാവുമെന്നും വിശ്വസിക്കപ്പെടുന്നു.

(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

No comments:

Post a Comment