ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 5, 2016

ദത്താത്രേയന്‍


അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായിട്ട്‌ വിഷ്ണുഭഗവാന്‍ ദത്താത്രേയന്‍ എന്ന നാമധേയത്തില്‍ അവതരിക്കുന്നത്‌. ഇതു സംബന്ധിച്ച പുരാണകഥ ഇപ്രകാരമാണ്‌.

പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു.
പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നുരാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ ‘സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ’ എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി ‘നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ’ എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി.

ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു.

ദത്താത്രേയന്റെ അവതാരം സംബന്ധിച്ച്‌ മറ്റൊരു പുരാണകഥയും കൂടിയുണ്ട്‌. അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ പാതിവ്രത്യം കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ക്ക്‌ വലുതായ അസൂയ തോന്നിയത്രേ. ഒരിക്കല്‍ ഭൂമിയില്‍ പത്തുവര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത്രയും മാഹാത്മ്യത്തോടുകൂടിയ അനസൂയയെ പരീക്ഷിക്കുന്നതിനായി ലക്ഷ്മി, സരസ്വതി തുടങ്ങിയവര്‍ ത്രിമൂർത്തികളെ തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു. അനസൂയ വരം നല്‍കാമെന്ന്‌ പറഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞു. അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. ഇതുകേട്ട്‌ അനസൂയ പുഞ്ചിരിയോടുകൂടി അപ്രകാരമുള്ള വരം നല്‍കണമെന്ന്‌ പറഞ്ഞു. അനന്തരം അനസൂയ ത്രിമൂര്‍ത്തികളെ മാതൃഭാവത്തോടുകൂടി വീക്ഷിച്ചു. അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി ത്രിമൂര്‍ത്തികള്‍ മുലകുടി മാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി. തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാര്‍ അനസൂയയോട്‌ അവരെ പൂര്‍വാസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു. ഇതിന്‌ ശേഷം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു.
ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌. അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ

ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ദത്താത്രേയന്റെ നാമധേയത്തില്‍ പ്രസിദ്ധമായ പുരാണമാണ്‌ ദത്തപുരാണം.

വിശ്വാമിത്രകഥയും കാമബീജപ്രാപ്തിയും - ശ്രീമദ്‌ ദേവീഭാഗവതം. 3. 17. - ദിവസം 54.




ഇത്യാകര്‍ണ്ണ വചസ്തസ്യ മുനേസ്തത്രാവനീപതി:
മന്ത്രിവൃദ്ധം സമാഹൂയ പപ്രച്ഛ തമതന്ദ്രിത:
കിം കര്‍ത്തവ്യം സുബുദ്ധേ fത്ര മയാ fദ്യ വദ സുവ്രത
ബലാന്നയാമി താം കാമം സപുത്രാം ച സുഭാഷിണീം




വ്യാസന്‍ തുടര്‍ന്നു: മഹര്‍ഷി രാജ്ഞിയെ തന്റെ കൂടെ പറഞ്ഞയക്കില്ല എന്ന് പറഞ്ഞത് കേട്ട രാജാവ് മന്ത്രിയോട് ഇനിയെന്താണ് നാം ചെയ്യേണ്ടതെന്ന് ആരാഞ്ഞു. 'കുഞ്ഞിനേയും രാജ്ഞിയും ബലം പ്രയോഗിച്ചു കൊണ്ട് പോയാലോ?നിസ്സാരനാണെന്നു തോന്നിയാലും ശത്രുവിന്റെ ബലത്തെ അവഗണിക്കരുത്. ശത്രു, ക്ഷയരോഗം പോലെയാണ്. അത് ക്രമത്തില്‍ വര്‍ദ്ധിതവീര്യമാര്‍ന്നു മൃത്യുവിനുപോലും ഇടവരുത്തും. ഇവിടെയിപ്പോള്‍ പോരാളികള്‍ ആരുമില്ല. ആ കുഞ്ഞിനെ ഇപ്പോള്‍ത്തന്നെ പിടികൂടി കൊന്നു കളയാം. എന്റെ ചെറുമകന് പിന്നീട് ആരെയും പേടിക്കണ്ടല്ലോ!'


അപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു: രാജാവേ, അതിസാഹസം അരുത്. ഭരദ്വാജമഹര്‍ഷി പറഞ്ഞത് കേട്ടില്ലേ? വിശ്വാമിത്രനുണ്ടായ അനുഭവം നമുക്കൊരു പാഠമാണ്. ഗാധിയുടെ മകനായ വിശ്വാമിത്രന്‍ വിശ്രുതനായ രാജാവായിരുന്നു. അദ്ദേഹം   ഒരിക്കല്‍ വസിഷ്ഠമുനിയുടെ ആശ്രമത്തില്‍ ചെന്നു. അവിടെ അതിഥിയായിച്ചെന്ന അദ്ദേഹം മഹര്‍ഷിയെ നമസ്കരിച്ച് ബഹുമാനിച്ചു. മുനി രാജാവിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കാമധേനുവാണ് എല്ലാം ഒരുക്കിയത്. സ്വാദിഷ്ടമായ ഭോജനം രാജാവിന് നന്നായി ഇഷ്ടപ്പെട്ടു. നന്ദിനിയുടെ അത്ഭുതകരമായ കഴിവ് മനസ്സിലാക്കിയ രാജാവ് അതിനെ തനിക്ക് കിട്ടിയാല്‍ കൊള്ളാമെന്നു മുനിയോട് അഭ്യര്‍ത്ഥിച്ചു. ‘പാല്‍ നിറഞ്ഞ കുടംപോലെയുള്ള അകിടുകള്‍ ഉള്ള ആയിരം പശുക്കളെ ഞാനങ്ങേയ്ക്ക് പകരം തരാം, നന്ദിനിയെ എനിക്ക് തന്നാലും’. എന്നാല്‍ ‘എന്റെ പശു ഹോമത്തിനുള്ള സകലതും ഒരുക്കിത്തരുന്നവളാണ്. അതിനെ തരാന്‍ പറ്റില്ല. അങ്ങയുടെ ആയിരം പശുക്കളെ അങ്ങുതന്നെ വച്ചുകൊള്ളുക.’ എന്നായി വസിഷ്ഠന്‍. ‘ഞാന്‍ പതിനായിരം, അതല്ലെങ്കില്‍ ഒരു ലക്ഷം പശുക്കളെ തരാം. എന്നിട്ടും നന്ദിനിയെ തരാന്‍ ഭാവമില്ലെങ്കില്‍ ബലം പ്രയോഗിക്കാന്‍ ഞാന്‍ മടിക്കില്ല’ എന്നായി രാജാവ്.


വസിഷ്ഠന്‍ പറഞ്ഞു: ‘ബലമായിട്ടു വേണമെങ്കില്‍ കൊണ്ടുപോയ്ക്കൊള്ളുക. ഞാന്‍ സ്വമനസ്സാ അങ്ങേയ്ക്ക് അവളെ തരുകയില്ല. രാജാവ് ഭൃത്യന്മാരോട് പശുവിനെ പിടിച്ചുകെട്ടി കൂട്ടിക്കൊണ്ടുവരാന്‍ കല്പിച്ചു. കാമധേനു കണ്ണീര്‍ പൊഴിച്ചുകൊണ്ട്‌ മുനിയോടു സങ്കടം പറഞ്ഞു: ‘മാമുനേ അങ്ങ് എന്തിനാണെന്നെ ഉപേക്ഷിക്കുന്നത്? ‘ഞാന്‍ നിന്നെ ഉപേക്ഷിക്കുകയോ? അതുണ്ടാവില്ല. ഞാന്‍ ഇവിടെ അതിഥിയായി ബഹുമാനിച്ചു സല്‍ക്കരിച്ച രാജാവ് നിന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോവാന്‍ ശ്രമിക്കുകയാണ്‌.’ ഇതുകേട്ട നന്ദിനി ക്രുദ്ധയായി ഒന്നമറി. ഉടനെതന്നെ ആ ദേഹത്തില്‍ നിന്നും ഘോരരൂപികളായ രാക്ഷസന്മാര്‍ ആയുധധാരികളായി പുറത്തുവന്നു. രാജസൈന്യത്തെ തകര്‍ത്ത് അവര്‍ കാമധേനുവിനെ മോചിപ്പിച്ചു. വിശ്വാമിത്രന്‍ വിഷണ്ണനായി തിരിച്ചുപോയി. മുനിയുടെ തേജസ്സിനുമുന്നില്‍ തന്റെ ക്ഷാത്രവീര്യം തുലോം ദുര്‍ബലമാണെന്ന് മനസ്സിലാക്കിയ രാജാവ് തപസ്സു തുടങ്ങി. ബ്രഹ്മബലത്തെ വെല്ലാന്‍ ക്ഷാത്രബലത്തിനു കഴിയില്ലെന്ന് കണ്ട രാജാവ് ഘോരതപസ്സിലൂടെ രാജര്‍ഷി വിശ്വാമിത്രനായിത്തീര്‍ന്നു.



പ്രധാനമന്ത്രി തുടര്‍ന്നു: 'അതിനാല്‍ രാജാവേ, മഹര്‍ഷിമാരുമായി വൈരം നല്ലതിനല്ല. വംശം മുറിക്കാന്‍ വരെ അവര്‍ക്ക് സാധിക്കും. സുദര്‍ശനന്‍ ഇവിടെത്തന്നെ കഴിയട്ടെ. അങ്ങ് മഹര്‍ഷിയെ സന്തോഷിപ്പിക്കുക. നമുക്ക് മടങ്ങിപ്പോകാം. മാത്രമല്ല ആ ബാലനും അങ്ങും തമ്മില്‍ എന്താണ് ശത്രുത? പോരെങ്കില്‍ അവന്‍ ബലഹീനനായ ഒരു ശിശുമാത്രം. ദയ കാണിക്കാന്‍ കിട്ടുന്ന അവസരം ഒന്നും പാഴാക്കരുത്. ലോകം ഈശ്വരന് അധീനമാണ്. എല്ലാം നടക്കേണ്ട കാലത്ത് നടന്നിരിക്കും. ഈശ്വരന്‍ നിശ്ചയിച്ചാല്‍ പുല്ല് വജ്രമാവും; വജ്രം പുല്ലുമാവും. കടുവയെ കൊല്ലാന്‍ ചിലപ്പോള്‍ മുയല്‍ മതി. മത്തഗജത്തെ കൊല്ലാന്‍ കൊതുകും മതിയാവും.'


വ്യാസന്‍ തുടര്‍ന്നു: രാജാവ് മുനിയെ വണങ്ങി കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോയി. മനോരമ സ്വസ്ഥയായി ആ ആശ്രമത്തില്‍ താമസിച്ച് സുദര്‍ശനനെ വളര്‍ത്തി വലുതാക്കി. അതീവ സുഗുണവാനായി അവന്‍ വളര്‍ന്നു. ഒരിക്കല്‍ ഒരു മുനികുമാരന്‍ രാജ്ഞിയുടെ സേവകനായ വിദല്ലനെ, ‘ക്ലീബന്‍’ – ആണും പെണ്ണും കേട്ടവന്‍- എന്ന് വിളിച്ച് ആക്ഷേപിച്ചു. വിദല്ലന്‍ അപ്പോഴേക്ക് വൃദ്ധനായിരുന്നു. ക്ലീബന്‍ എന്ന വാക്കിലെ ആദ്യാക്ഷരം സ്പഷ്ടമായി സുദര്‍ശനന്റെ ഉള്ളില്‍ പതിഞ്ഞു. അവനാ ശബ്ദം ‘ക്ലീം’ എന്ന് അനുസ്വാരത്തോടെ ഇടയ്ക്കിടക്ക് ഉച്ചരിക്കാന്‍ തുടങ്ങി. കാമരാജം എന്ന് പേരുള്ള ദേവീ മന്ത്രമാണിതെന്ന് ആ ചെറുപ്രായത്തിലും അവനുള്ളില്‍ എങ്ങിനെയോ ബോദ്ധ്യമായി. കളിക്കുമ്പോഴും ഉറങ്ങുമ്പോഴും അവനാ മന്ത്രം സദാ ജപിക്കാന്‍ തുടങ്ങി. അത്രമാത്രം സാരവത്തായിരുന്നു അവനാ മന്ത്രധ്വനി. പതിനൊന്നു വയസ്സില്‍ അവന് ഉപനയനം നടത്തി. വേദ യോഗശാസ്ത്രങ്ങളും ധനുര്‍വിദ്യയും അവന്‍ പെട്ടെന്ന് തന്നെ പഠിച്ചു. ഒരിക്കല്‍ ചെമ്പട്ട് ധരിച്ച രക്തവര്‍ണ്ണമുള്ള രക്താംഗിനിയായ ദേവിയെ അവന് ദര്‍ശിക്കാന്‍ സാധിച്ചു. ഗരുഡവാഹിനിയായ, വൈഷ്ണവീശക്തിയെ കണ്ട് രാജകുമാരന്‍ പ്രസന്നനായി. എല്ലാ വിദ്യകളും അനായാസം പഠിച്ച അവന്‍ അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് നദീതീരത്തുള്ള ആശ്രമത്തില്‍ കഴിഞ്ഞു വന്നു. ജഗദംബിക ആ ബാലന് വില്ല്, അമ്പുകള്‍, ആവനാഴി, കവചം എല്ലാം നല്‍കി.



ആ കാലത്ത് കാശിരാജാവിന്റെ മകള്‍ ശശികല സര്‍വ്വലക്ഷണയുക്തയായി കൊട്ടാരത്തില്‍ വളരുന്നുണ്ടായിരുന്നു. കാട്ടില്‍ക്കഴിയുന്ന കാമദേവനെപ്പോലുള്ള സുദര്‍ശനനെപ്പറ്റി അവള്‍ തോഴിമാരില്‍ നിന്നും കേട്ടിരുന്നു. മനസാ അവള്‍ അവനെ തന്റെ നാഥനായി സങ്കല്‍പ്പിക്കുകയും ചെയ്തു. ഒരിക്കല്‍ സ്വപ്നത്തില്‍ അവള്‍ക്ക് ജഗദംബിക ദര്‍ശനമേകി. ‘നിന്റെ അഭീഷ്ടം സാധിക്കട്ടെ; സുദര്‍ശനന്‍ നിന്നെ വരിക്കാന്‍ ഇടവരും’ എന്നായിരുന്നു വരം. സ്വപ്നത്തില്‍ കണ്ട ദേവീ രൂപം അവളെ വല്ലാതെ ആകര്‍ഷിച്ചു. എന്താണവളുടെ നവഹര്‍ഷത്തിനു കാരണമെന്ന് ചോദിച്ച അമ്മയോട് പുഞ്ചിരിച്ചതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ തന്റെ തോഴിയോട് അവള്‍ മനസ്സ് തുറന്നു. സ്വപ്നദര്‍ശനവൃത്താന്തം വിശദമായി അവളോടു പറഞ്ഞു. ചമ്പകപുഷ്പങ്ങള്‍ തോരണം ചാര്‍ത്തിയ പൂവാടികയില്‍ തോഴിമാരുമായി കളിച്ച് പൂക്കള്‍ പെറുക്കിയെടുത്തുകൊണ്ടിരുന്ന അവള്‍ ധൃതിപിടിച്ചു നടന്നു പോകുന്ന ഒരു ബ്രാഹ്മണനെ കണ്ടു. ‘അങ്ങ് എവിടെ നിന്നാണ് വരുന്നത്? എന്ന് ചോദിച്ചപ്പോള്‍ ബ്രാഹ്മണന്‍ പറഞ്ഞു: ‘ഞാന്‍ ഭരദ്വാജന്റെ ആശ്രമത്തില്‍ നിന്നാണ് വരുന്നത്. മടങ്ങുമ്പോള്‍ ഇതിലെ വന്നു എന്നേയുള്ളു.’


‘അവിടെ ആശ്രമത്തില്‍ എന്താണ് പ്രത്യേകിച്ചു വിശേഷമുള്ളത്? മറ്റൊരിടത്തും ഇല്ലാത്ത വിശേഷങ്ങള്‍ എന്താണവിടെ കാണുക?' എന്നായി ശശികല.


‘അവിടെ ധ്രുവസന്ധിയുടെ പുത്രനായ സുദര്‍ശനന്‍ ഉണ്ട്. പേരുകൊണ്ടും സ്വഭാവം കൊണ്ടും ശ്രീമാനായ ആ രാജകുമാരനെ കാണാത്ത കണ്ണുകള്‍ നിഷ്ഫലമാണെന്ന് ഞാന്‍ പറയും. എല്ലാ ഗുണങ്ങളും മൂര്‍ത്തീകരിച്ചു കാണാന്‍ കൊതിയായ ബ്രഹ്മാവ്‌ സൃഷ്ടിച്ച അത്യത്ഭുത ഗുണാകാരമാണ് ആ കുമാരന്‍റേത്. നിനക്കവനെ വരനായി കിട്ടിയാല്‍ നിങ്ങള്‍ തമ്മില്‍ എത്ര ചേര്‍ച്ചയായിരിക്കും! മണിയും സ്വര്‍ണ്ണവും പോലെ ഉത്തമം!' ബ്രാഹ്മണന്‍ ഹിതം പറഞ്ഞു സ്ഥലം വിട്ടു.

Sunday, December 4, 2016

ഭാരദ്വാജാശ്രമപ്രവേശം. - ശ്രീമദ്‌ ദേവീഭാഗവതം. 3. 16 - ദിവസം 53



യുധാജിത്വഥ സംഗ്രാമാദ്ഗത്വ fയോദ്ധ്യാം മഹാബല:
മനോരമാം ച പപ്രച്ഛ സുദര്‍ശന ജിഘാംസയാ
സേവകാന്‍ പ്രേഷയാമാസ ക:ഗതേതി മുഹുര്‍ വദന്‍
ശുഭേ ദിനേ f ഥ ദൌഹിത്രം സ്ഥാപയാമാസ ചാസനേ



വ്യാസന്‍ തുടര്‍ന്നു: യുധാജിത്ത് യുദ്ധം അവസാനിപ്പിച്ച് അയോദ്ധ്യയില്‍ ചെന്നപ്പോള്‍ മനോരമയെവിടെപ്പോയി എന്നന്വേഷിച്ചു. അവരെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ആളയപ്പിച്ചശേഷം സ്വന്തം കൊച്ചു മകനെ അയാള്‍ രാജാവായി വാഴിച്ചു. കിരീടധാരണത്തിനായി സമ്പൂര്‍ണ്ണ കലശങ്ങളും അഥര്‍വ്വവേദധ്വനികളും വസിഷ്ഠമുനിയുടെ കാര്‍മ്മികത്വത്തില്‍  കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു. അയോദ്ധ്യയിലെ ഒരുത്സവം തന്നെയായിരുന്നു ഈ ചടങ്ങ്. ബ്രാഹമണരും സ്തുതിപാഠകരും പാടിയ ഗീതങ്ങളാല്‍ ആകാശം മുഖരിതമായി. യുവരാജാവിനെ വാഴിക്കുന്നതില്‍ ജനത്തിനും അത്യുല്‍സാഹമായിരുന്നു. ഇടയ്ക്കെപ്പോഴോ ‘സുദര്‍ശന്‍ എവിടെ’ എന്ന് ചില സാധുക്കള്‍ ചിന്തിച്ചു എന്ന് മാത്രം. മനോരമ പുത്രനെക്കൊണ്ട് എങ്ങു പോയിക്കാണും എന്നവര്‍ സന്ദേഹിച്ചു. യുധാജിത്തിന്റെ കീഴില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനാവാതെ ആ സാധുക്കള്‍ ദുഖിതരായി കഴിഞ്ഞുകൂടി. കൊച്ചുമകനെ രാജ്യഭാരം എല്‍പ്പിച്ചുവെങ്കിലും ഭരണത്തിനായി തനിക്ക് വേണ്ടപ്പെട്ട ഒരു മന്ത്രിയെ ചുമതലപ്പെടുത്തി യുധാജിത്ത് തന്റെ കൊട്ടാരത്തിലേയ്ക്ക് തിരിച്ചുപോയി.



ചിത്രകൂടത്തില്‍ ഒരു താപസന്റെ ആശ്രമത്തില്‍ സുദര്‍ശനന്‍ ഉണ്ടെന്നറിഞ്ഞ യുധാജിത്ത് അവനെ കൊന്നുകളയാന്‍ അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു. ബലന്‍ എന്ന കാട്ടുരാജാവിനെയും കൂട്ടി അയാള്‍ ശൃംഗവേരപുരത്തിന്റെ അധിപതിയായ ദുര്‍ദശന്റെ അടുത്തെത്തി. ശത്രുഭയം തനിക്കിവിടെയും ഉണ്ടെന്നറിഞ്ഞ മനോരമ വിഷണ്ണയായി. ‘എന്റെ അച്ഛനെകൊന്നതുപോലെ  അയാള്‍ എന്റെ പുത്രനെയും കൊല്ലും. പണ്ട് പാണ്ഡവര്‍ വനവാസം ചെയ്ത കാലത്തുണ്ടായ ഒരു സംഭവം ഞാനും കേട്ടിട്ടുണ്ട്. അവര്‍ അഞ്ചുപേരും ദ്രൌപദിയും ഒരു മുനിയുടെ ആശ്രമത്തിലാണല്ലോ കഴിഞ്ഞിരുന്നത്. ആണുങ്ങള്‍  നായാട്ടിനു പോകുമ്പോള്‍ ദ്രൗപതി ആശ്രമത്തില്‍ കഴിഞ്ഞു. ആ ആശ്രമത്തില്‍ അത്രി, ധൌമ്യന്‍, ഗാലവന്‍, ഗൌതമന്‍, ഭൃഗു, പൈലന്‍, ജാബാലി, കണ്വന്‍, ച്യവനന്‍, യജ്ഞദത്തന്‍, സുമന്തു, അത്രിഹോത്രന്‍, വീതിഹോത്രന്‍, കഹോഡന്‍, വത്സലന്‍, യവക്രി, യജ്ഞകൃത്ത്, രാശാസനന്‍, ക്രതു തുടങ്ങിയ മുനിമാര്‍ വേദപാഠനിരതരായി വാണിരുന്നു. രൂപവതിയായ ദ്രൗപതി തന്റെ ദാസിയോടൊപ്പം അവിടെ സുഖമായി കഴിഞ്ഞു വന്നു. പകല്‍ സമയത്ത് 'ശത്രുക്കള്‍ക്ക് പേടിസ്വപ്ന'മായ പാണ്ഡവര്‍ കാട്ടില്‍ നായാട്ടുമായി ചുറ്റി നടന്നു. സിന്ധുരാജ്യത്തെ രാജാവ് ജയദ്രഥന്‍ അതുവഴി തന്റെ ഭടന്മാരുമായി പോകുമ്പോള്‍ ആശ്രമത്തിലെ വേദപാഠസ്വരം കേട്ട് ആകൃഷ്ടനായി അങ്ങോട്ട്‌ ചെന്നു. രണ്ടു ഭൃത്യന്മാരെ കൂട്ടി ആശ്രമത്തിലെത്തിയ അദ്ദേഹം വേദം ചൊല്ലുന്ന മുനിമാരെ കണ്ടു. മുനിമാരെ വന്ദിക്കാനായി അദ്ദേഹം അകത്തുകടന്നപ്പോള്‍ ആശ്രമത്തില്‍ ആരാണ് വന്നിരിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ സ്ത്രീകളും മുനി പത്നിമാരും അവിടെയെത്തി. അക്കൂട്ടത്തില്‍ അതിസുന്ദരിയായ ദ്രൌപതിയും ഉണ്ടായിരുന്നു. 'മറ്റൊരു ലക്ഷ്മീ ദേവിതന്നെയാണിവള്‍' എന്നു ചിന്തിച്ച് അദ്ദേഹം മുനിമാരോടു ചോദിച്ചു, ‘ആരാണീ കൃഷ്ണവര്‍ണ്ണയായ സുന്ദരി? ആരുടെ ഭാര്യയാണിവള്‍? ആരുടെ പുത്രിയാണ്? മുള്ളുനിറഞ്ഞ കാട്ടിലെ ലവംഗലതപോലെയും രാക്ഷസന്മാരുടെ കൂട്ടത്തില്‍ ഇരിക്കുന്ന രംഭയെപ്പോലെയുമാണിവള്‍.’



രാജാവിന്റെ ചോദ്യം കേട്ട് ധൌമ്യന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഇത് ദ്രൗപതി, പാണ്ഡവരുടെ പത്നിയാണീ സുഭഗ. അപ്പോള്‍ രാജാവ് ചോദിച്ചു: ‘എന്നിട്ട് ആ വീരന്മാര്‍ എവിടെയാണിപ്പോള്‍? അവര്‍ കാട്ടില്‍ സുഖവാസം നടത്തുകയാണോ?’



ധൌമ്യന്‍ തുടര്‍ന്നു. അവര്‍ അയ്‌വരും കൂടി നായാട്ടിനു പോയിരിക്കുന്നു. ഉച്ചയാവുമ്പോഴേയ്ക്ക് അവര്‍ വേട്ടമൃഗങ്ങളുമായി എത്തിച്ചേരും.’


അപ്പോള്‍ രാജാവ് ദ്രൌപതിയുടെ സമീപം ചെന്ന് നമസ്കാരം പറഞ്ഞു കുശലം ചോദിച്ചു. 'സുന്ദരീ ഭവതിക്ക് സുഖം തന്നെയല്ലേ? വനവാസം പതിനൊന്നുകൊല്ലം കഴിഞ്ഞില്ലേ ഇപ്പോള്‍? എവിടെയാണ് ഭര്‍ത്താക്കന്മാര്‍?’. ഭര്‍ത്താക്കന്മാര്‍ ഉടനേ തിരിച്ചു വരുമെന്നും അതുവരെ വിശ്രമിക്കണമെന്നും ദ്രൗപതി രാജാവിനോട് പറഞ്ഞു. അങ്ങിനെ പറഞ്ഞു നില്‍ക്കുന്ന ആ സ്ത്രീരത്നത്തെ കാമജ്വരം മൂത്ത രാജാവ് ബലാല്‍ കടന്നു പിടിച്ചു. മുനിമാര്‍ തടുത്തിട്ടും അവന്റെ ശ്രമം അവന്‍ ഉപേക്ഷിച്ചില്ല.



ആരെയും വിശ്വസിക്കാന്‍ വയ്യ. പണ്ട് മഹാബലിക്കുണ്ടായ അനുഭവവും അറിയാമല്ലോ? വിരോചനപുത്രനായ ബലി, യജ്ഞകര്‍ത്താവും, ധര്‍മ്മിഷ്ഠനും, സത്യവ്രതനും സര്‍വ്വോപരി ദാനശീലനും ആയിരുന്നു. ദക്ഷിണാദികളോടെയുള്ള യജ്ഞങ്ങള്‍ നൂറെണ്ണം അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ദേവകാര്യം സാധിക്കാനായി ഭഗവാന്‍ വിഷ്ണു കപടവേഷധാരിയായ വാമനനായി വന്നു സൂത്രത്തില്‍ അദ്ദേഹത്തിന്‍റെ  സമ്പത്തെല്ലാം കൈക്കലാക്കിയല്ലോ! ബലിയുടെ നൂറ്റിയൊന്നാമത് യജ്ഞം മുടക്കുകയായിരുന്നു വാമനന്റെ ലക്‌ഷ്യം. ഇന്ദ്രനുവേണ്ടിയാണ് ഭഗവാന്‍ ഇത് ചെയ്തത്. ഉത്തമനായ മഹാബലിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ കഥ എന്ത് പറയാന്‍? ലോഭം മൂത്തുകഴിയുമ്പോഴാണ്‌ മനുഷ്യര്‍ അധപ്പതിക്കുന്നത്. അത്യാഗ്രഹികള്‍ പരലോകത്തെപ്പോലും പേടിയില്ലാതെ പാപം ചെയ്തു കൂട്ടുന്നു! കഷ്ടം. മനോവാക് കര്‍മ്മങ്ങളാല്‍ പരദാരങ്ങളെ കട്ടുകൊണ്ടുപോകുന്നവരും അത്യാഗ്രഹികളായവരും നരകത്തില്‍ വീഴും എന്ന് നിശ്ചയം!      



ദേവന്മാരെ പ്രീതിപ്പെടുത്തി ധനം സമ്പാദിക്കാമെന്നു മനുഷ്യര്‍ കരുതുന്നു. എന്നാല്‍ ദേവന്മാര്‍ക്ക് സ്വന്തം കയ്യില്‍ നിന്നും ധനം കൊടുക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് അവരും കച്ചവടത്തിലൂടെയോ ദാനം വാങ്ങിയോ ഒക്കെയാണ് ധനം സമ്പാദിച്ച് ഭക്താഭീഷ്ടം സാധിപ്പിക്കുന്നത്. വൈശ്യന്‍ തനിക്ക് സമ്പത്ത് കൂട്ടിക്കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ കച്ചവടം ചെയ്യുന്നത് അന്യന്റെ പണം തന്റെ പെട്ടിയില്‍ വീഴണം എന്ന ആഗ്രഹം കൊണ്ടാണല്ലോ! എല്ലാവരും പരധനത്തില്‍ ആശവെച്ചുകൊണ്ടിരിക്കുമ്പോള്‍ ആര് ആരെ വിശ്വസിക്കും? ലോഭചിന്തയാല്‍ നയിക്കപ്പെടുന്നവര്‍ക്ക് ദാനംകൊണ്ടും, യാത്രകൊണ്ടും, ശാസ്ത്രപഠനം കൊണ്ടും എന്ത് പ്രയോജനം? അതുകൊണ്ട് മഹാഭാഗാ, അങ്ങ് യുധാജിത്തിനെ മടക്കി പറഞ്ഞയക്കണം. സീത വാല്മീകിയുടെ ആശ്രമത്തില്‍ എന്നവണ്ണം ഞാനിവിടെ സമാധാനമായി കഴിഞ്ഞുകൊള്ളട്ടെ.'


വ്യാസന്‍ തുടര്‍ന്നു: മനോരമയുടെ അപേക്ഷകേട്ട്‌ ഭരദ്വാജന്‍ രാജാവിനോട്, 'മനോരമ ഇവിടെ കുഞ്ഞുമായി സസുഖം കഴിയട്ടെ. കൊട്ടാരത്തിലേക്കവള്‍ വരുന്നില്ല' എന്ന് അറിയിച്ചു. എന്നാല്‍ രാജാവ് അങ്ങിനെ വിട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ‘മഹാമുനേ, ശാഠ്യം വേണ്ട. അവളെ കൊണ്ട് പോകാനാണ് ഞാന്‍ വന്നിട്ടുള്ളത്. വിട്ടു തന്നില്ലെങ്കില്‍ എനിക്ക് ബലം പ്രയോഗിക്കേണ്ടി വരും.”


‘പണ്ട് വസിഷ്ഠന്റെ കാമധേനുവിനെ വിശ്വാമിത്രന്‍ കൊണ്ടുപോയതുപോലെ അത്രയ്ക്ക് ശക്തി അങ്ങേയ്ക്കുണ്ടെങ്കില്‍ ഈ ആശ്രമത്തില്‍ നിന്നും അവളെ ബലമായി കൊണ്ടുപോകാം. ഞാനായിട്ട് അവളെ നിന്‍റെ കൂടെ പറഞ്ഞയക്കില്ല.’

Saturday, December 3, 2016

യുധാജിത്ത് വീരസേന യുദ്ധം - ശ്രീമദ്‌ ദേവീഭാഗവതം. 3.15. - ദിവസം 52.




സംയുഗേ ച സതി തത്ര ഭൂപയോ-
രാഹവായ സമുപാത്തശസ്ത്രയോ:
ക്രോധലോഭവശയോ: സമം തത:
സംബഭൂവ തുമുലസ്തു വിമര്‍ദ്ദ:



വ്യാസന്‍ തുടര്‍ന്നു: ആസന്നയുദ്ധത്തിനായി രണ്ടു രാജാക്കന്മാരും ആയുധപാണികളായി തയ്യാറെടുത്തു നിന്നു. കയ്യില്‍ കുലച്ച വില്ലുകളും മറ്റു യുദ്ധസന്നാഹങ്ങളുമായി യുധാജിത്തും ഇന്ദ്രസമം തേജസ്വിയായ വീരസേനനും യുദ്ധമാരംഭിച്ചു. ഇരു കൂട്ടരും അസ്ത്രങ്ങള്‍ തുരുതുരാ വര്‍ഷിച്ചു തുടങ്ങി. മേഘം പര്‍വ്വതത്തിന് മുകളില്‍ പേമാരി ചൊരിയുന്നതുപോലെയായിരുന്നു ശരവര്‍ഷം. ആനകള്‍ കുതിരകള്‍ രഥങ്ങള്‍ തുടങ്ങിയവയും  യുദ്ധത്തില്‍ പങ്കെടുത്തു. ദേവന്മാരും മുനിവൃന്ദവും ഈ യുദ്ധം കാണാന്‍ വന്നു. യുദ്ധത്തില്‍ മരിച്ചവരുടെ രക്തപങ്കിലമായ ദേഹം തിന്നാന്‍ കാക്കകളും കഴുകന്മാരും പറന്നിറങ്ങി. പാപികള്‍ക്ക് നരകത്തില്‍ കാണാനിടയാവുന്ന വൈതരണിക്ക് തുല്യമായ ചോരപ്പുഴതന്നെ ആ യുദ്ധഭൂമിയില്‍ ഒഴുകി. യമുനാ നദിയില്‍ കളിക്കുന്ന ബാലന്മാര്‍ വലിച്ചെറിയുന്ന ചുരക്ക പോലെ ഭടന്മാരുടെ തലകള്‍ ചോരയില്‍ മുങ്ങി അവിടവിടെ തെറിച്ചു വീണു. ജീവന്‍ വേര്‍പെട്ട ദേഹത്തിനു മുകളില്‍ ചുറ്റിപ്പറ്റിനിന്ന്  തിരികെ ആ ദേഹത്തില്‍ പ്രവേശിക്കാന്‍ വെമ്പി നില്‍ക്കുന്ന ജീവനെപ്പോലെ കഴുകന്മാര്‍ തേരില്‍ നിന്നും മരിച്ചുവീണ ദേഹങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു.



യുദ്ധത്തില്‍ മരിച്ച ഒരു രാജാവ് വിമാനമേറിയിട്ട് ഒരപ്സരസ്സിനെ മടിയിലിരുത്തി താഴെ വീണു കിടക്കുന്ന തന്റെ ദേഹത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നു: ‘സുന്ദരീ, എന്റെ സുന്ദരശരീരമതാ അമ്പുതറച്ചുതകര്‍ന്നു താഴെക്കിടക്കുന്നു.’ മറ്റൊരു രാജാവ് മരണശേഷം സുരനാരിയുമായി വിമാനമേറവേ അദ്ദേഹത്തിന്‍റെ ധര്‍മ്മപത്നിയും തന്റെ ശരീരം അഗ്നിയില്‍ ഉപേക്ഷിച്ച് വേഗം വിമാനത്തിലെത്തി തന്റെ കാന്തനെ പിടികൂടി. പിന്നെ പോര് അവര്‍ തമ്മിലായി. പരസ്പരം യുദ്ധംചെയ്ത് മരിച്ചു വിമാനമേറിയ രണ്ടു ഭടന്മാര്‍ പരലോകത്തും കലഹം തുടര്‍ന്നു. രണ്ടാള്‍ക്കും ഒരേയപ്സരസ്സിനോട് മോഹമുണ്ടായതാണ് കാരണം. ഈ പരലോക കലഹത്തിലും അവര്‍ പരസ്പരം പോരാടി മരിച്ചു. ഒരു യുവഭടന്‍ മരിച്ചു സ്വര്‍ഗ്ഗത്തിലെത്തി ഒരു ദേവകന്യയെ സന്ധിച്ചു. അതീവഗുണ വതിയായ അവളെ നല്ലവാക്കു പറഞ്ഞ് അയാള്‍  വശത്താക്കി. അയാള്‍ അപ്സരസ്സുമായി രമിച്ചു കഴിഞ്ഞു. മറ്റൊരു ഭടനും ഇതുപോലെയൊരു ദേവാംഗനയെ കിട്ടി. എന്നാലയാള്‍ക്ക് വ്രതഭംഗം ഉണ്ടായെങ്കിലോ, തന്റെ സല്‍പേര് കളങ്കപ്പെട്ടെങ്കിലോ എന്നൊക്കെയുള്ള പേടിയുണ്ടായത് കൊണ്ട് അവളെ പ്രാപിക്കാതെ വിഷണ്ണനായി കഴിയുകയാണുണ്ടായത് .



ഭൂമി മുഴുവന്‍ യുദ്ധകോലാഹലത്തിന്റെ പൊടിപടലങ്ങളില്‍ മുങ്ങി എങ്ങും ഇരുട്ടായി. സൂര്യനാണെങ്കില്‍ ചോരക്കടലില്‍ മുങ്ങിയെന്നവണ്ണം രക്തഛവി പൂണ്ടു നിലകൊണ്ടു. യുധാജിത്ത് വീരസേനനെ അമ്പെയ്ത് വീഴ്ത്തി. തലതകര്‍ന്ന് അദ്ദേഹം മരിച്ചു. കൂടെ അനേകം ഭടന്മാരും കൊല്ലപ്പെട്ടു. തന്റെ അച്ഛനെ കൊന്ന യുധാജിത്തിനെ വല്ലാതെ ഭയന്ന മനോരമ തന്റെ ഓമനപ്പുത്രനെയും അയാള്‍ കൊന്നുകളയും എന്ന് ആകുലയായി വിലപിച്ചു. 'എനിക്കിനി ആരുണ്ട്‌ തുണ? നായാട്ടിനിടക്കുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. മകനാണെങ്കില്‍ പ്രായമായിട്ടുമില്ല. ലോഭത്തില്‍പ്പെട്ട ദുഷ്ടന്മാര്‍ എന്തുചെയ്യാനും മടിക്കില്ല. അവര്‍ക്ക് ബന്ധുക്കള്‍ എന്നോ ഗുരുക്കന്മാരെന്നോ ഉള്ള യാതൊരു ചിന്തയുമില്ല. ലോഭചിത്തര്‍ ആരെയും കൊല്ലാന്‍ മടിക്കാത്തവരാണ്. അവര്‍ ആഹരിക്കാന്‍ പാടില്ലാത്തത് കഴിക്കും, ഒരിക്കലും പ്രാപിക്കാന്‍ പാടില്ലാത്ത നാരിയെ അവര്‍ ബലമായി ഭോഗിക്കുകയും ചെയ്യും. എങ്ങിനെയാണ് ഞാനീ ചെറിയ കുഞ്ഞിനെ പരിപാലിക്കുക? യുധാജിത്തിനെപ്പോലെതന്നെ, അവന്‍റെ അമ്മ ലീലാവതിയും ക്രൂരതയോടെ മാത്രമേ എന്നോടും മകനോടും പെരുമാറുകയുള്ളൂ. മകനെ അവര്‍ കൊന്നില്ലെങ്കില്‍ തുറുങ്കില്‍ അടക്കുകയെങ്കിലും ചെയ്യും എന്ന് നിശ്ചയം. പണ്ട് ദേവേന്ദ്രന്‍ ദൈത്യമാതാവിന്റെ ഉദരത്തില്‍ക്കടന്നു ശിശുവിനെ ഏഴാക്കി മുറിച്ച് അവയെ ഓരോന്നിനെയും വീണ്ടും ഏഴു വീതമാക്കി ആകെ നാല്‍പ്പത്തിയൊന്‍പത് കഷണങ്ങള്‍ ആക്കി. അവര്‍ മരുത്തുക്കള്‍ ആയി. സപത്നിക്ക് വിഷം കൊടുത്തത്തിന്റെ മറ്റൊരു കഥയുമുണ്ട്. അങ്ങിനെ വിഷത്തിന്റെ ശക്തിയാല്‍ ഉണ്ടായ കുഞ്ഞാണ് സഗരന്‍. അവന്റെ ദേഹത്ത് ഗരം (വിഷം) ബാധിച്ചിരുന്നല്ലോ. കൈകേയി രാമനെ കാട്ടിലയച്ചത് ഭര്‍ത്താവ് ജീവിച്ചിരിക്കെത്തന്നെയാണ്. രാമന്‍ കാടു പൂകിയതില്‍ മനം നൊന്ത് ദശരഥരാജാവ് ഉടനെ മരിക്കുകയും ചെയ്തു. സുദര്‍ശനനെ രാജാവായിക്കാണാന്‍ ആഗ്രഹിച്ച മന്തിമാര്‍ ഇപ്പോള്‍ പ്രാണഭീതിയാല്‍ യുധാജിത്തിന്റെ ഭാഗം ചേര്‍ന്നിരിക്കാം. എനിക്കിപ്പോള്‍ ആരും ആശ്രയമില്ല. എങ്കിലും പരിശ്രമിക്കാതിരിക്കുന്നതില്‍ കാര്യമില്ല. പുത്രരക്ഷയ്ക്കായി എന്തെങ്കിലും ഉടനെ ചെയ്യണം.’ ഇങ്ങിനെ ചിന്തിച്ച് രാജ്ഞി തന്റെ വിശ്വസ്തനായ മന്ത്രി വിദല്ലനെ വിളിപ്പിച്ചു. കുട്ടിയുടെ കൈപിടിച്ച് ആ മാതാവ് കണ്ണീരൊഴുക്കി. എന്താണിനി ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘നമുക്ക് ഗംഗാതീരത്തിലുള്ള വനത്തിലേയ്ക്ക്  ഉടനെ പുറപ്പെടാം’. അവിടെ എന്റെ മാതുലന്‍ സുബാഹുവുണ്ട്. അദ്ദേഹം ഭവതിക്ക് സംരക്ഷ നല്‍കും.'



ലീലാവതിയോട്, യുധാജിത്തിനെ കാണാന്‍ പോകണം എന്നൊരു സൂത്രം പറഞ്ഞ് ഒരു ദാസിയെക്കൂട്ടി വിദല്ലന്‍ രാജ്ഞിയെ നഗരത്തിനു വെളിയില്‍ എത്തിച്ചു. അവിടെ യുധാജിത്തിനെക്കണ്ട് അവള്‍ പേടിച്ചു വിറച്ചു. മരിച്ചു കിടക്കുന്ന അച്ഛന്റെ ദേഹം കണ്ട് അവള്‍ പൊട്ടിക്കരഞ്ഞു. ഏതായാലും യുധാജിത്ത് അവളുടെ അച്ഛന്‍ വീരസേനനു വേണ്ട സംസ്കാരകര്‍മ്മങ്ങള്‍ ചെയ്യാന്‍ അവളെ അനുവദിച്ചു. അത് കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ക്കകം അവര്‍ ഗംഗാതീരത്തെത്തി. അവിടെ കൊള്ളക്കാര്‍ അവരെ ആക്രമിച്ച് തേരടക്കം എല്ലാം മോഷ്ടിച്ചുകൊണ്ട് പോയി. മനോരമ കുട്ടിയുടെ കൈപിടിച്ചു വിദല്ലനും തോഴിയുമൊത്ത് ഗംഗയുടെ തീരത്തുകൂടെ നടന്നു വലഞ്ഞു. ഒടുവില്‍ ഒരു പൊങ്ങുതടി പിടിച്ചു നദി കടന്ന് അക്കരെയുള്ള ത്രികൂടപര്‍വ്വതത്തിലെ ഭരദ്വാജാശ്രമത്തിലെത്തി. താപസരെക്കണ്ട് ഭയമൊടുങ്ങിയ അവളോട് മുനിമാര്‍ കാര്യങ്ങള്‍ തിരക്കി. ആരാണ്, എവിടെ നിന്നു വരുന്നു, ഭര്‍ത്താവ് എവിടെ എന്നെല്ലാം ചോദിച്ചു. വിദല്ലനാണ് മറുപടി പറഞ്ഞത്. 'ധ്രുവസന്ധി രാജാവിന്റെ രാജ്ഞിയാണ് ഇവള്‍. മനോരമ.' സൂര്യവംശരാജാവായ ധ്രുവസന്ധി സിംഹവുമായുള്ള മല്ലയുദ്ധത്തില്‍ മരണമടഞ്ഞ വൃത്താന്തമെല്ലാം മന്ത്രി പറഞ്ഞു കേള്‍പ്പിച്ചു. “ഇപ്പോള്‍ അഭയം തേടിയാണ് ഇവര്‍ എത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അഭയം നല്‍കുന്നത് യജ്ഞത്തെക്കാള്‍ പുണ്യമല്ലേ മഹാമുനേ’.



ഋഷി അവരെ സമാധാനിപ്പിച്ചു. അവര്‍ക്ക് അഭയം നല്‍കി. രാജ്ഞിയുടെ പുത്രന്‍ രാജാവാകും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. മുനിയുടെ വാക്കുകള്‍ കേട്ട് സമാധാനം കൈവന്ന രാജ്ഞി വിദല്ലനോടും തോഴിയോടും കൂടി ആശ്രമത്തില്‍ കഴിഞ്ഞു വന്നു.  

സൂര്യപുത്രന്‍ ശനീശ്വരന്റെ ചൈതന്യം വഴിയുന്ന ശനിശിംഗനാപ്പൂര്‍ ഗ്രാമം

വീടുകള്‍ക്ക് വാതിലുകളില്ലാത്ത, മരങ്ങള്‍ക്ക് നിഴലുകളില്ലാത്ത, ക്ഷേത്രങ്ങള്‍ക്ക് മേല്‍ക്കൂരയില്ലാത്ത, വ്യാപാരസ്ഥാപനങ്ങള്‍ക്ക് അടച്ചുറപ്പില്ലാത്ത ഒരു ഗ്രാമം. അപൂര്‍വതകള്‍ നിറഞ്ഞതാണു ശനീശ്വരന്‍ കാക്കുന്നതെന്നു ഗ്രാമീണര്‍ വിശ്വസിച്ചുപോരുന്ന മഹാരാഷ്ട്രയിലെ ശനിശിംഗാപ്പൂര്‍ ഗ്രാമത്തിന്റെ കഥ. സൂര്യപുത്രന്‍ ശനീശ്വരന്റെ ചൈതന്യം വഴിയുന്ന ശനിശിംഗനാപ്പൂര്‍ ഗ്രാമം.

 നവഗ്രഹങ്ങളില്‍ ഏഴാമനായ ശനിയത്രേ പ്രപഞ്ചഗതിയെ നേര്‍വഴിയില്‍ നടത്തുന്നത്. ഭൂമിയിലെ സര്‍വ ചരാചരങ്ങള്‍ക്കു മേലെയും ശനിയുടെ നിയന്ത്രണമുണ്ട്. സര്‍വദോഷങ്ങളുടെയും പരിഹാര ദേവനുമാണ് ശനി. തീരാദുരിതങ്ങള്‍ വിട്ടുമാറാതാവുമ്പോള്‍ സര്‍വദോഷങ്ങളുടെയും പരിഹാരദേവനായ ശനിക്കു മുമ്പില്‍ അഭയം തേടുക. അത് ശിംഗനാപ്പൂരിലെ ശനീശ്വരന്റെ സവിധത്തിലാകുമ്പോള്‍ ദുരിതമുക്തി സുനിശ്ചയം.


മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ശനിശിംഗനാപ്പൂര്‍ ഗ്രാമവും ക്ഷേത്രവും. ഇവിടെയെത്തുമ്പോള്‍ പതിവുക്ഷേത്രസങ്കല്പങ്ങളെല്ലാം മറന്നേക്കുക. കാരണം ഈ ക്ഷേത്രത്തിനു മേല്‍ക്കൂരയില്ല. ഇവിടെ ആള്‍രൂപവിഗ്രവുമില്ല. ഉള്ളത് സ്വയംഭൂവായൊരു കൃഷ്ണശിലയാണ്. തറകെട്ടി സംരക്ഷിച്ചിരിക്കുന്ന അഞ്ചരയടി പൊക്കമുള്ള ശില. മുമ്പിലൊരു ശൂലം. തൊട്ടരികെ ശിവന്റെയും ഹനുമാന്റെയും കൊച്ചു വിഗ്രഹങ്ങള്‍. ആര്‍ഭാടങ്ങളൊന്നുമില്ലാതെ ദൈവമിരിക്കുന്ന മണ്ണാണിത്; മറാഠികളുടെ 'ജാഗൃത ദേവസ്ഥാന്‍'.  സദാ ജാഗരൂഗനായ ദേവനിരിക്കുന്ന സ്ഥാനമെന്ന് അര്‍ഥം. ദിവസവും അമ്പതിനായിലേറെപ്പേരാണ് പ്രാര്‍ഥനകളുമായി ശനിശിംഗനാപ്പൂരിലെത്തുന്നത്. അമാവാസി നാളിലാണെങ്കില്‍ ഭക്തരുടെ എണ്ണം മൂന്നു ലക്ഷം കവിയും.


സ്വയംഭൂവായ ശനിക്കു പിന്നില്‍ ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്.

നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മഹാമാരിക്കാലത്ത് ശിംഗനാപ്പൂരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒരു കറുത്ത കൂറ്റന്‍ ശില ഒഴുകിയെത്തി. അതു വലിയൊരു മരത്തിന്റെ വേരിലുടക്കി നിന്നു. ഗ്രാമത്തിലെ ആട്ടിടയന്മാരായിരുന്നു ആ കാഴ്ച ആദ്യമായി കണ്ടത്. അവരിലൊരാള്‍ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ശില കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ ശിലയില്‍ നിന്ന് രക്തപ്രവാഹമുണ്ടായതു കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ആട്ടിടയന്മാര്‍ ഗ്രാമീണരെ വിവരമറിയിച്ചു. ഓടിക്കൂടിയ ജനങ്ങള്‍ എത്ര ശ്രമിച്ചിട്ടും ആ ശില ഇളക്കാന്‍ പോലും സാധിച്ചില്ല. ഇരുമ്പുദണ്ഡുകൊണ്ട് കല്ലില്‍ കുത്തിയ ആട്ടിടയന് അന്നു രാത്രി സ്വപ്‌നത്തില്‍ ശനീശ്വരന്‍ ദര്‍ശനം നല്‍കി. തന്റെ സാന്നിധ്യമാണ് ആ കൂറ്റന്‍ ശിലയിലുള്ളതെന്ന് ശനീശ്വരന്‍ അരുളിച്ചെയ്തുവത്രെ. അത് പൊക്കിയെടുക്കുക എളുപ്പമല്ലെന്നും രക്തബന്ധത്തില്‍പ്പെട്ട രണ്ടു പേര്‍ ഒരുമിച്ച് ശ്രമിച്ചാലേ അതു സാധ്യമാകൂ എന്നും ഭഗവാന്‍  നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരു പുരുഷനും അയാളുടെ സഹോദരീപുത്രനും ചേര്‍ന്നു വേണം ഈ കര്‍മ്മം ചെയ്യാന്‍. എന്നും അവിടെ പൂജ ചെയ്യണം. ശനിയാഴ്ച തൈലാഭിഷേകം നടത്തണം. ഒരിക്കലും ശിലയ്ക്കു മേല്‍ക്കൂര പണിയരുത്. എക്കാലവും ആകാശമായിരിക്കണം അതിനു മേലാപ്പ്. മറ്റൊന്നു കൂടി പറഞ്ഞു: ശിംഗനാപ്പൂരിലെ വീടുകള്‍ക്ക് ഇനിമുതല്‍ വാതില്‍പ്പാളികള്‍ വെയ്‌ക്കേണ്ടതില്ല. എല്ലാ ആപത്തുകളില്‍ നിന്നും താന്‍  കാത്തുകൊള്ളാം. ഒരു മോഷ്ടാവും വീടുകളില്‍ കടന്നുചെല്ലാന്‍ ധൈര്യപ്പെടില്ല. ഇത്രയും കാര്യങ്ങള്‍ ധരിപ്പിച്ച് ശനീശ്വരന്‍ മറഞ്ഞു.


സ്വപ്‌നത്തിലുണ്ടായ സംഭവങ്ങള്‍ ആട്ടിടയന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടിച്ചു യഥാവിധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തറകെട്ടി അതിനു മീതെ ശില കുത്തനെ നാട്ടി പൂജയാരംഭിച്ചു. അമ്പലമില്ലാത്ത ശനിശിംഗനേശ്വരന്റെ ചരിത്രം അവിടെ തുടങ്ങുന്നു. അന്നു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. കാലം എത്രയോ  മുന്നോട്ടുനീങ്ങിയെങ്കിലും വിശ്വസങ്ങളെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഇവിടുത്തെ ജനത ഒരുക്കമല്ല. കാരണം വിശ്വാസങ്ങള്‍ക്ക് ബലം പകരുന്ന ഒരു പാട് സാക്ഷ്യങ്ങളുണ്ട് അവര്‍ക്കു പറഞ്ഞുകേള്‍പ്പിക്കാന്‍. വാതിലുകളില്ലാത്ത വീടുകളില്‍ ഇന്നും അവര്‍ പേടി കൂടാതെ ഉറങ്ങുന്നത് ശനീശ്വരന്റെ കാവലിലാണ്. ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഈ ഗ്രാമം ഓടിയെത്തുന്നതും ഈ സന്നിധിയിലേക്കാണ്. കടിയേറ്റ ആളെ വെള്ളത്തുണിയല്‍ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. ബന്ധുവായ ഒരു പുരുഷന്‍ ശനിയുടെ ശിലയില്‍ ധാര ചെയ്തു വെള്ളം മരുന്നായി നല്‍കും. വിഷമിറങ്ങാന്‍ പിന്നെ ഒട്ടുംവൈകില്ലത്രേ. മറ്റൊരു അത്ഭുതം കൂടി കേള്‍ക്കുക. സ്വയംഭൂവായ ശിലയ്ക്ക് സമീപം ഒരു ആര്യവേപ്പും അത്തിമരവും പടര്‍ന്നുനില്‍പ്പുണ്ട്. രണ്ടിന്റെയും ശിഖരങ്ങള്‍ നീണ്ട് ശിലയ്ക്കരികിലെത്തിയാല്‍ അത് താനേ ഉണങ്ങിക്കരിയും. ഒരിക്കലും ശിലയ്ക്ക് തണലായി നില്‍ക്കില്ല. ശനിയുടെ സാന്നിധ്യം നിറയുന്ന ഇത്തരം കഥകള്‍ക്കിവിടെ പഞ്ഞമില്ല. എത്രപറഞ്ഞാലും തീരില്ല.



ശിംഗനാപ്പൂരിലെത്തുമ്പോള്‍ ദേവചൈതന്യം തൊട്ടറിയുന്നതു പോലൊരു അനുഭൂതിയാണ്. ഭയവും ഭക്തിയും കൂടിക്കലരുന്ന പ്രതീതി. തൈലാഭിഷേകമാണ് ഇവിടെ പ്രധാന വഴിപാട്. പതിവായി കണ്ടു പരിചയമില്ലാത്ത പൂജാദ്രവ്യങ്ങളുമായി ഭക്തരുടെ നീണ്ട നിര അണമുറിയാതെയെത്തുന്നതു കാണാം. അവരുടെ കൈകളില്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ ശനിയുടെ പേടിപ്പെടുത്തുന്ന രൂപം, അഭിഷേകത്തിനുളള എണ്ണ തുടങ്ങി പലതും. പാനസ്‌നാലയില്‍ മുങ്ങി, നനഞ്ഞ വസ്ത്രങ്ങളോടെ നില്‍ക്കുന്നവരും കൂട്ടത്തിലുണ്ടാകും. ശനിയാഴ്ചകളില്‍ അമാവാസി വരുമ്പോള്‍ ശിംഗനാപ്പൂരിലെ തിരക്ക് പറഞ്ഞറിയിക്കാനാവില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങളാണ് ദര്‍ശനത്തിനെത്തുക. ശനിജയന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. പല്ലക്കില്‍ ഭഗവാനെയിരുത്തി നാടുനീളെ എഴുന്നള്ളിക്കുന്ന മഹോത്‌സവമാണു ശനിജയന്തി.


അടച്ചുപൂട്ടാന്‍ വാതില്‍പ്പാളികളില്ലാത്ത ശിംഗനാപ്പൂരിലെ വീടുകള്‍ തികച്ചുമൊരു വിസ്മയക്കാഴ്ചയാണ്. വിശ്വസിക്കുക: വാതിലില്ല, താഴില്ല. വെറും കട്ടിളകള്‍ മാത്രം. ഈശ്വരനുമേലുള്ള വിശ്വാസം ഇത്രത്തോളം വരുമോ! അഞ്ചുവര്‍ഷം മുമ്പുവരെ ഒരു മോഷണക്കേസുപോലും ശിംഗനാപ്പൂരില്‍ ഇല്ലായിരുന്നു. പക്ഷേ 2010ല്‍ ഒരു വീട്ടില്‍നിന്ന് 50000 രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമുള്‍പ്പെടെയുള്ള വസ്തുക്കള്‍ കളവുപോയി. കള്ളനു കിട്ടേണ്ട ശിക്ഷ ശനീശ്വരനില്‍ നിന്നു കിട്ടിക്കഴിഞ്ഞെന്നാണ് വിശ്വാസികളുടെ പക്ഷം.


ശിംഗനാപ്പൂരിലെ നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ കാണാം വാതിലുകളില്ലാത്ത കുടിലുകളും മണിമാളികകളും. ഒരു കര്‍ട്ടന്‍ തൂക്കിയിടുന്നതിന് അപ്പുറത്തേക്ക് ശനിയെ പിണക്കാന്‍ ഇവിടത്തുകാര്‍ക്ക് ഭയമാണ്. ചുരുക്കം വീടുകള്‍ മാത്രമാണ് അപവാദമായുള്ളത്. അമ്പലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും കള്ളന്മാര്‍ കയറാതെ ഇപ്പോഴും കാത്തുപോരുന്നത് ശനി ഭഗവാനെന്നാണു വിശ്വാസം. പണവും പൊന്നും ഒന്നുമവര്‍ പൂട്ടിവയ്ക്കാറില്ല. ആരെങ്കിലും മോഷണത്തിനു തുനിഞ്ഞാല്‍ അവന് 'സാഠേ സാഥി' (ഏഴരശ്ശനി)യുടെ തുടക്കമായെന്ന് ഗ്രാമീണര്‍ കരുതുന്നു. ഒന്നുകില്‍ അസുഖം, അല്ലെങ്കില്‍ അപകട മരണം; അതുമല്ലെങ്കില്‍ മരിക്കുവോളം ദാരിദ്ര്യം. ഇതിലേതെങ്കിലുമൊരു ശിക്ഷ ഉറപ്പായിരിക്കുമത്രേ.


വീടിനു വാതിലുകള്‍ വെയ്ക്കാത്തത് നാട്ടുകാരില്‍ വേരുറച്ചുപോയ വിശ്വാസിത്തിന്റെ ഭാഗമാണെന്നു കരുതാം. പക്ഷേ  ബാങ്കിനും പോസ്റ്റോഫീസിനും സ്‌കൂളുകള്‍ക്കും വാതിലില്ലെങ്കിലോ? ഇല്ലെന്നതാണ് ശിംഗനാപ്പൂരിലെ യാഥാര്‍ഥ്യം. യൂക്കോ ബാങ്ക് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത് വാതിലുകളില്ലാത്ത കെട്ടിടത്തിലാണ്. ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത് 2011ല്‍. ഇപ്പോള്‍ 3700 പേര്‍ക്ക് അക്കൗണ്ടുകളുണ്ടിവിടെ. ഒന്നിനുമില്ല അരക്ഷിതാവസ്ഥ. ആര്‍ക്കും പരാതിയുമില്ല. കാരണം എല്ലാത്തിനും സാക്ഷിയും സംരക്ഷകനുമായി ശിംഗനാപ്പൂരിലെ ജാഗൃത ദേവന്‍ ശനീശ്വരനുണ്ടല്ലോ!

അംഗിരസ്സ്

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹര്‍ഷി. ഇരുപത്തൊന്നു പ്രജാപതികളിലും സപ്തര്‍ഷികളിലും ഒരാള്‍; പിതൃക്കളുടെയും ദേവന്‍മാരുടെയും പുരോഹിതന്‍; യാഗാധീശനായും ചിലപ്പോള്‍ അഗ്നിപിതാവായും ശ്രുതികളില്‍ പരാമൃഷ്ടന്‍; അനേകം വേദസൂക്തങ്ങളുടെ കര്‍ത്താവ്; മേരുവില്‍ ശിവപാര്‍വതിമാരെ ശുശ്രൂഷിച്ച മഹര്‍ഷികളില്‍ ഒരാള്‍. ആഗ്നേയി (അഗ്നികന്യക)യുടെ ഗര്‍ഭത്തില്‍നിന്നു ജനിച്ചവന്‍ എന്ന അര്‍ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്.

ശിവന്‍ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാര്‍ത്തനായിത്തീര്‍ന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവന്‍ അതു യാഗാഗ്നിയില്‍ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ 'അംഗാര' (തീക്കനല്‍) ത്തില്‍നിന്ന് ഉദ്ഭവിച്ചവനാകയാല്‍ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്.

അര്‍ജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തില്‍ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവര്‍ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അര്‍ച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യന്‍, മാര്‍ക്കണ്ഡേയന്‍ എന്നു രണ്ടു പുത്രന്‍മാര്‍ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണുന്നു. അപുത്രനായ രഥീതരന്‍ എന്ന ക്ഷത്രിയന്റെ ഭാര്യയില്‍ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രന്‍മാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥര്‍വനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവന്‍മാരാണ്. ഇവരുടെ പിന്‍ഗാമികളെ പൊതുവില്‍ 'അഥര്‍വാംഗിരസന്‍മാര്‍' എന്നു വിളിച്ചുവന്നു. ആംഗിരസന്‍മാരെ അഗ്നിയോടും യാഗകര്‍മങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമര്‍ശം വൈദികസാഹിത്യത്തില്‍ പലേടത്തും കാണാം. അവര്‍ വിദേഹരാജാക്കന്‍മാരുടെയും വൈശാലിരാജാക്കന്‍മാരുടെയും വംശപുരോഹിതന്‍മാരായിരുന്നിട്ടുണ്ട്. ഉതഥ്യന്‍, മാര്‍ക്കണ്ഡേയന്‍, ദീര്‍ഘതമസ്സ്, ഘോരന്‍ എന്നിവര്‍ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തില്‍പ്പെട്ട അറുപതു വര്‍ഷങ്ങളില്‍ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.

അംഗിരസ്സ് എന്നപേരില്‍ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

ലക്ഷ്മണന്റെ അചഞ്ചലമായ ഭക്തി

രാമന്‍ മഹാവിഷ്ണുവിന്റെയും ലക്ഷ്മണന്‍ അനന്തന്റെയും അവതാരങ്ങളാണ് എന്ന രാമായണ സങ്കല്പത്തെ അനുപദം സമര്‍ഥിക്കുന്നതാണ് ലക്ഷ്മണകുമാരന്റെ ഓരോ ചലനവും വാക്കും. ഭ്രാതൃഭക്തിയെ ഈശ്വരഭക്തിയാക്കുന്ന സമര്‍പ്പണവും അതിനൊത്ത കര്‍മവും സൗമിത്രിയില്‍ എല്ലായ്‌പ്പോഴും കാണാം. രാമന്റെ നിഴലായിട്ടല്ലാതെ ലക്ഷ്മണനും വര്‍ത്തിക്കാന്‍ വയ്യ.

രാമനെ സീതയില്‍നിന്ന് അകറ്റാനാണ് മാരീചന്‍ രാമാശ്രമത്തിന്റെ സമീപത്തെത്തിയത്. സീതാദേവി ആ ചാരുരൂപം കണ്ട് ഭ്രമിക്കുകയും ചെയ്തു. അങ്ങനെ പൊന്‍മാന്‍ രൂപമെടുത്ത മാരീചനെ പിടിക്കാന്‍ രാമന്‍ പുറപ്പെട്ടു. അപ്പോഴുമുണ്ട് ലക്ഷ്മണന്‍ സീതയ്ക്ക് കാവല്‍. ലക്ഷ്മണനെക്കൂടി അകറ്റാന്‍ വേണ്ടിയാണ് മാരീചന്റെ അടുത്ത അടവ്. രാമന്റെ ശബ്ദത്തില്‍ ദീനമായി വിലപിക്കുകയായിരുന്നു ആ തന്ത്രം. ഭര്‍ത്താവിന്റെ ദീനരോദനം കേള്‍ക്കെ, ദേവി പരിഭ്രാന്തയായി. പതിയെ രക്ഷിക്കാന്‍ അവര്‍ അനുജനോട് ആജ്ഞാപിച്ചു. എന്നാല്‍, ലക്ഷ്മണന് സംശയമേതുമുണ്ടായില്ല. അത് രാമന്റെ വിലാപമാവുക സാധ്യമല്ല. രാക്ഷസതന്ത്രം കണ്ട് ഭ്രമിച്ചുവശാകരുതെന്ന് കുമാരന്‍ ദേവിയോട് പറയുകയും ചെയ്തു.

ആസുരശക്തികള്‍ എന്തെല്ലാം അടവുകളെടുത്താണ് മനസ്സിന് ചാഞ്ചല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്! ക്ഷുഭിതനായ വിശ്വനായകന്‍ ലോകസംഹാരത്തിനുതന്നെ പോന്നവനാണ്. അരക്ഷണം മതി ത്രൈലോക്യവും ചാമ്പലാകാന്‍. വിശ്വനായകനായ രാമനില്‍നിന്ന് ദൈന്യനാദം പുറപ്പെടുക അസാധ്യം. വിലാസശബ്ദം രാക്ഷസമായയാണ്, അത് രാമനില്‍നിന്ന് ഉണ്ടായതല്ല എന്ന കാര്യത്തില്‍ ലക്ഷ്മണന് സംശയലേശം പോലുമില്ല.ജാനകി തന്റെ ഭര്‍ത്താവിനെ മതിക്കുന്നതിലെത്രയോ ഉപരിയാണ് ലക്ഷ്മണന്‍ തന്റെ സോദരനെ മതിക്കുന്നതെന്ന് ഇവിടെ നാം കാണുന്നു. ഭര്‍ത്തൃപ്രണയിനിയായ സീതാദേവിക്ക് രാമന് ആപത്തുപറ്റിയോ എന്ന് ശങ്കയുണ്ടായി. അത് പ്രണയത്തിന്റെ സ്വാഭാവികമായ ചാഞ്ചല്യമാണ്. സീത രാമനെ അറിയുന്നു; ആവീര്യം അനന്യദൃഷ്ടമായ വീര്യം അറിയുന്നു. എന്നാല്‍, ആര്‍ദ്രമായ പ്രണയത്തിന്റെ മുമ്പില്‍ ആ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ലക്ഷ്മണന്റെ നേരേ അനുചിതമായ ആരോപണം ഉന്നയിക്കാന്‍ ഇടയായത്. ആ കടുവാക്കുകള്‍ മര്‍മം ഭേദിക്കുന്നതുതന്നെ ആയിരുന്നു. രാമന് ആപത്തുവരരുതെന്ന് ആരെക്കാളും വിചാരമുള്ളവനാണ് ലക്ഷ്മണന്‍. എന്നാല്‍, ആരാലും അഹിതമേല്പിക്കാന്‍ കഴിയാത്ത അജയ്യതയുടെ കവചമണിഞ്ഞവനാണ് രാമന്‍. ത്രിലോകങ്ങളിലും ആര്‍ക്കുണ്ട് അതിനെ ഭേദിക്കാന്‍ കരുത്ത്? തരളമായ സ്‌നേഹത്തിന് ഉലയ്ക്കാന്‍ കഴിയാത്ത വജ്രകഠിനമായ വിശ്വാസമാണ് ലക്ഷ്മണന്‍ രാമനെക്കുറിച്ച് സൂക്ഷിക്കുന്നത്.

സീതയുടെ അനുചിത വാക്കുകള്‍ കേട്ടു പൊറുക്കാഞ്ഞതുകൊണ്ടു മാത്രമോ ലക്ഷ്മണന്‍ ദേവിയുടെ കാവല്‍ വനദേവതമാരെ ഭരമേല്പിച്ച് രാമനെ തേടി പോകാന്‍ സന്നദ്ധനായത്. സീതയുടെ വാക്കിന്റെ ദാഹകശക്തി ചെറുതല്ല. പക്ഷേ, ആ പൊള്ളല്‍ മാത്രമല്ല ലക്ഷ്മണനെ പ്രേരിപ്പിക്കുന്നത്. ഭാതൃപത്‌നി തനിക്ക് ഗുരുതന്നെയാണ്. അതുകൊണ്ട് ആജ്ഞ ഗുരുകല്പനയായിത്തന്നെ സ്വീകരിക്കേണ്ടവനാണ് ലക്ഷ്മണന്‍. ധര്‍മത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഉറച്ചവന്റെ ധര്‍മസങ്കടം  അറിയാന്‍!
സീത വിധിവിഹിതമെങ്കിലും സ്വന്തം ആപത്താണ് ക്ഷണിച്ചുവരുത്തുന്നതെന്ന് അറിഞ്ഞുകൊണ്ടാണ് ലക്ഷ്മണന്‍ പുറപ്പെടുന്നത്..

വനവാസത്തിന് രാമനൊപ്പം പുറപ്പെടാന്‍ നില്‍ക്കുമ്പോള്‍ ഊര്‍മിളയെക്കുറിച്ചുള്ള വിചാരംപോലും ലക്ഷ്മണനെ അലട്ടുന്നില്ല.
ആരാണ് ശ്രീരാമന്‍ ലക്ഷ്മണന്? ജ്യേഷ്ഠസഹോദരന്‍മാത്രമോ? ഈ ഭക്തിയും സമര്‍പ്പണവും രാമനെ ഭഗവാന്റെ സ്ഥാനത്തു നിര്‍ത്തുന്നു. ജ്യേഷ്ഠനോടുള്ള സ്‌നേഹമോ ആദരമോ വിധേയത്വമോ അല്ല ഉപാസകന്റെ അചഞ്ചലവും ഏകബിന്ദുവില്‍ നിഷ്ഠവുമായ ഭക്തിയാണ് ലക്ഷ്മണന്‍ പ്രകടിപ്പിക്കുന്നത്. താന്‍ എന്ന സ്വത്വത്തിന്റെ അര്‍ഥവും ആദര്‍ശവും ഈ നിസ്തുല വിഗ്രഹം സാക്ഷാത്കരിക്കുന്നു. അതില്‍നിന്ന് വേറിട്ടൊരു ജീവിതമോ ജീവിതസുഖമോ തനിക്കില്ല. ഒരു നിമിഷംപോലും പതറിപ്പോകാത്ത ഭക്തിയുടെ വിശിഷ്ട നിദര്‍ശനമായിട്ടാണ് അധ്യാത്മരാമായണത്തില്‍ ലക്ഷ്മണന്‍ പ്രത്യക്ഷപ്പെടുന്നത്. ഉപാസനയുടെ താരതമ്യം അസാധ്യമായ മാതൃകയാണത്.
രാമകഥയുടെ ഓരോ ഘട്ടവും ലക്ഷ്മണന്റെ അചഞ്ചലമായ ഭക്തിയെ ഉദാഹരിക്കുകകൂടി ചെയ്യുന്നു

ദുര്‍ഗാഷ്ടോത്തരശതനാമാവലീ

ഓം സത്യായൈ നമഃ ।
ഓം സാധ്യായൈ നമഃ ।
ഓം ഭവപ്രീതായൈ നമഃ ।
ഓം ഭവാന്യൈ നമഃ ।
ഓം ഭവമോചന്യൈ നമഃ ।5।
ഓം ആര്യായൈ നമഃ ।
ഓം ദുര്‍ഗായൈ നമഃ ।
ഓം ജയായൈ നമഃ ।
ഓം ആദ്യായൈ നമഃ ।
ഓം ത്രിണേത്രായൈ നമഃ ।10।
ഓം ശൂലധാരിണ്യൈ നമഃ ।
ഓം പിനാകധാരിണ്യൈ നമഃ ।
ഓം ചിത്രായൈ നമഃ ।
ഓം ചണ്ഡഘംടായൈ നമഃ ।
ഓം മഹാതപസേ നമഃ ।15।
ഓം മനസേ നമഃ ।
ഓം ബുദ്ധ്യൈ നമഃ ।
ഓം അഹംകാരായൈ നമഃ ।
ഓം ചിദ്രൂപായൈ നമഃ ।
ഓം ചിദാകൃത്യൈ നമഃ ।20।
ഓം സര്‍വമന്ത്രമയ്യൈ നമഃ ।
ഓം സത്തായൈ നമഃ ।
ഓം സത്യാനന്ദസ്വരൂപിണ്യൈ നമഃ ।
ഓം അനന്തായൈ നമഃ ।
ഓം ഭാവിന്യൈ നമഃ ।25।
ഓം ഭാവ്യായൈ നമഃ ।
ഓം അഭവ്യായൈ നമഃ ।
ഓം സദാഗത്യൈ നമഃ ।
ഓം ശാംഭവ്യൈ നമഃ ।
ഓം ദേവമാത്രേ നമഃ ।30।
ഓം ചിന്തായൈ നമഃ ।
ഓം രത്നപ്രിയായൈ നമഃ ।
ഓം സര്‍വവിദ്യായൈ നമഃ ।
ഓം ദക്ഷകന്യായൈ നമഃ ।
ഓം ദക്ഷയജ്ഞവിനാശിന്യൈ നമഃ ।35।
ഓം അപര്‍ണായൈ നമഃ ।
ഓം അനേകവര്‍ണായൈ നമഃ ।
ഓം പാടലായൈ നമഃ ।
ഓം പാടലാവത്യൈ നമഃ ।
ഓം പട്ടാംബരപരീധാനായൈ നമഃ ।40।
ഓം കലമംജീരരംജിന്യൈ നമഃ ।
ഓം ഈശാന്യൈ നമഃ ।
ഓം മഹാരാജ്ഞൈ നമഃ ।
ഓം അപ്രമേയപരാക്രമായൈ നമഃ ।
ഓം രുദ്രാണ്യൈ നമഃ ।45।
ഓം ക്രൂരരൂപായൈ നമഃ ।
ഓം സുന്ദര്യൈ നമഃ ।
ഓം വനദുര്‍ഗയൈ നമഃ ।
ഓം മാതങ്ഗ്യൈ നമഃ ।50।
ഓം കന്യകായൈ നമഃ ।
ഓം ബ്രാഹ്ംയൈ നമഃ ।
ഓം മാഹേശ്വര്യൈ നമഃ ।
ഓം ഐന്ദ്രായൈ നമഃ ।
ഓം കൌമാര്യൈ നമഃ ।55।
ഓം വൈഷ്ണവ്യൈ നമഃ ।
ഓം ചാമുണ്ഡായൈ നമഃ ।
ഓം വാരാഹ്യൈ നമഃ ।
ഓം ലക്ഷ്ംയൈ നമഃ ।
ഓം പുരുഷാകൃത്യൈ നമഃ ।60।
ഓം വിമലായൈ നമഃ ।
ഓം ജ്ഞാനരൂപായൈ നമഃ ।
ഓം ക്രിയായൈ നമഃ ।
ഓം നിത്യായൈ നമഃ ।
ഓം ബുദ്ധിദായൈ നമഃ ।65।
ഓം ബഹുലായൈ നമഃ ।
ഓം ബഹുലപ്രേമായൈ നമഃ ।
ഓം മഹിഷാസുരമര്‍ദിന്യൈ നമഃ ।
ഓം മധുകൈടഭഹന്ത്ര്യൈ നമഃ ।
ഓം ചണ്ഡമുണ്ഡവിനാശിന്യൈ നമഃ ।70।
ഓം സര്‍വശാസ്ത്രമയ്യൈ നമഃ ।
ഓം സര്‍വദാനവഘാതിന്യൈ നമഃ ।
ഓം അനേകശസ്ത്രഹസ്തായൈ നമഃ ।
ഓം സര്‍വശസ്ത്രാസ്ത്രധാരിണ്യൈ നമഃ ।
ഓം ഭദ്രകാല്യൈ നമഃ ।75।
ഓം സദാകന്യായൈ നമഃ ।
ഓം കൈശോര്യൈ നമഃ ।
ഓം യുവത്യൈ നമഃ ।
ഓം യതയേ നമഃ ।
ഓം പ്രൌഢായൈ നമഃ ।80।
ഓം അപ്രൌഢായൈ നമഃ ।
ഓം വൃദ്ധമാത്രേ നമഃ ।
ഓം അഘോരരൂപായൈ നമഃ ।
ഓം മഹോദര്യൈ നമഃ ।
ഓം ബലപ്രദായൈ നമഃ ।85।
ഓം ഘോരരൂപായൈ നമഃ ।
ഓം മഹോത്സാഹായൈ നമഃ ।
ഓം മഹാബലായൈ നമഃ ।
ഓം അഗ്നിജ്വാലായൈ നമഃ ।
ഓം രൌദ്രമുഖ്യൈ നമഃ ।90।
ഓം കാലരാത്ര്യൈ നമഃ ।
ഓം തപസ്വിന്യൈ നമഃ ।
ഓം മഹാദേവ്യൈ നമഃ ।
ഓം വിഷ്ണുമായായൈ നമഃ ।
ഓം ശിവാത്മികായൈ നമഃ ।95।
ഓം ശിവദൂത്യൈ നമഃ ।
ഓം കരാല്യൈ നമഃ ।
ഓം അനന്തായൈ നമഃ ।
ഓം പരമേശ്വര്യൈ നമഃ ।
ഓം കാത്യായന്യൈ നമഃ ।100।
ഓം മഹാവിദ്യായൈ നമഃ ।
ഓം മഹാമേധാസ്വരൂപിണ്യൈ നമഃ । ഓം ഗൌര്യൈ നമഃ ।
ഓം സരസ്വത്യൈ നമഃ ।
ഓം സാവിത്ര്യൈ നമഃ ।105।
ഓം ബ്രഹ്മവാദിന്യൈ നമഃ ।
ഓം സര്‍വതന്ത്രൈകനിലയായൈ നമഃ ।
ഓം വേദമന്ത്രസ്വരൂപിണ്യൈ നമഃ ।108।
॥ ഇതി ശ്രീ ദുര്‍ഗാഷ്ടോത്തരശതനാമാവലിഃ ॥

നിറപറ


       
മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്.

ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്.

നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു.

ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു.

തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. *പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു*.

വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്റെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. *പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം*.

*നിറപറ ഗുണങ്ങള്‍*

1. ദേവസന്നിധിയില്‍ നെല്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കുടുംബഐശ്വര്യം, യശസ്സ്

2. ദേവസന്നിധിയില്‍ അവില്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
ദാരിദ്ര്യ ശമനം

3. ദേവസന്നിധിയില്‍ മലര്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
രോഗശാന്തി

4. ദേവസന്നിധിയില്‍ ശര്‍ക്കരപറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
ശത്രു ദോഷം നീങ്ങും.

5. ദേവസന്നിധിയില്‍ നാളികേര പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കാര്യതടസ്സം നീങ്ങും.

6. ദേവസന്നിധിയില്‍ പുഷ്പം പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
മാനസിക ദുരിതങ്ങള്‍ നീങ്ങും.

7. ദേവസന്നിധിയില്‍ പഴം പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

8. ദേവസന്നിധിയില്‍ മഞ്ഞള്‍ പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
മംഗല്യഭാഗ്യം

9. ദേവസന്നിധിയില്‍ എള്ള് പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
രാഹുദോഷം നീങ്ങും, ശാശ്വത സുഖം.

10. ദേവസന്നിധിയില്‍ നാണയ പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
     
ധനസമൃദ്ധി.

#ഭാരതീയചിന്തകൾ

Friday, December 2, 2016

സുദര്‍ശനോത്പത്തി - ശ്രീമദ്‌ ദേവീഭാഗവതം. 3. 14. - ദിവസം 51.


സുദര്‍ശനോത്പത്തി


ശ്രുതോ വൈ ഹരിണാ ക്ലുപ്തോ യജ്ഞോ വിസ്തരതോ ദ്വിജ
മഹിമാനം യഥാംബായാ വദ വിസ്തരതോ മമ
ശ്രുത്വാ ദേവ്യാശ്ചരിത്രം  വൈ കുര്‍വ്വേ മഖമനുത്തമം
പ്രസാദാത്തവ  വിപ്രേന്ദ്ര  ഭവിഷ്യാമി ച പാവന:



ജനമേജയന്‍ പറഞ്ഞു: 'ഭഗവാന്‍ ശ്രീഹരി അനുഷ്ഠിച്ചതായ   അംബായജ്ഞം എങ്ങിനെയയിരുന്നുവെന്ന് അങ്ങ് വിവരിച്ചുവല്ലോ. ഇനി ആ ദേവിയുടെ മാഹാത്മ്യത്തെക്കൂടി ഞങ്ങള്‍ക്കായി വര്‍ണ്ണിച്ചാലും. ദേവിയുടെ മഹച്ചരിതം കേട്ടതിനു ശേഷം ഞാന്‍ ആ ദിവ്യമായ ദേവീയജ്ഞം ചെയ്യാം. അങ്ങിനെ ഞാന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാവട്ടെ.'



വ്യാസന്‍ പറഞ്ഞു: 'അതീവ മഹത്തരമായ ദേവീചരിതം ഞാന്‍ വിസ്തരിക്കാം. അതിനായി ഒരു കഥ കേട്ടാലും. സൂര്യവംശത്തില്‍ പുഷ്പപുത്രനായി മഹാതേജസ്വിയായ ധ്രുവസന്ധി എന്നൊരു രാജാവുണ്ടായിരുന്നു. അയോദ്ധ്യയിലെ രാജാവായിരുന്ന അദ്ദേഹം ധര്‍മ്മിഷ്ഠനും വര്‍ണ്ണാശ്രമധര്‍മ്മങ്ങളില്‍ നിഷ്ണാതനുമായിരുന്നു. അദ്ദേഹത്തിന്‍റെ രാജ്യത്ത് നാല് വര്‍ണ്ണങ്ങളില്‍പ്പെട്ടവരും അവരവരുടെ ധര്‍മങ്ങള്‍ യഥാവിധി അനുഷ്ടിച്ചുവന്നു. കള്ളന്മാരോ ദുഷ്ടലാക്കുള്ളവരോ രാജ്യത്തുണ്ടായിരുന്നില്ല. മനുഷ്യര്‍ക്ക് ലുബ്ധോ, ധൂര്‍ത്തോ, ഏഷണിയോ, കുബുദ്ധിയോ ഉണ്ടായിരുന്നില്ല. ധ്രുവസന്ധിക്ക് രൂപവതികളായ രണ്ടു രാജ്ഞിമാര്‍ ഉണ്ടായിരുന്നു. മനോരമയും ലീലാവതിയും. രണ്ടുപേരുമായി രാജാവ് നന്ദനോദ്യാനങ്ങളില്‍ ക്രീഡിച്ചും സുഖസമ്പത്തുകള്‍ ആസ്വദിച്ചും ജീവിതം കൊണ്ടാടി.



മനോരമയുടെ പുത്രന്‍ സുദര്‍ശനന്‍. ലീലാവതിയുടെ  കുമാരന്‍ ശത്രുജിത്ത്. രാജാവ് അതീവസന്തോഷത്തോടെ ദാനധര്‍മ്മങ്ങളും കുമാരന്മാര്‍ക്ക് വേണ്ടി ജാതസംസ്കാരകര്‍മ്മങ്ങളും നടത്തി തനിക്കുണ്ടായ പുത്രലാഭം നന്നായി ആഘോഷിച്ചു. രണ്ടു പുത്രന്മാരെയും യാതൊരു പക്ഷപാതവും കൂടാതെ രാജാവ് ഒരുപോലെ സ്നേഹിച്ചു. പുത്രന്മാര്‍ക്ക് യഥാകാലം ചൂഡാകര്‍മ്മം (ആദ്യത്തെ മുടി വെട്ടല്‍) നടത്തിച്ചു. അതിസുന്ദരന്മാരായ ഈ ബാലന്മാര്‍ അവരുടെ ചേഷ്ടിതങ്ങള്‍ കൊണ്ട് കൊട്ടാരത്തിലെ എല്ലാവരെയും ആകര്‍ഷിച്ചു.  ശത്രുജിത്ത് നല്ല വാക്  ചാതുരിയുള്ളവനായിരുന്നു. അതിനാല്‍ രാജാവിനും മന്ത്രിമാര്‍ക്കും നാട്ടുകാര്‍ക്കും ഇളയവനായ ശത്രുജിത്തിനോടു പ്രിയം ഏറിവന്നു. മൂത്തവനായ സുദര്‍ശനനില്‍ എല്ലാവരുടെയും പ്രീതി അല്‍പം കുറവായിരുന്നു. ഒരു ദിവസം രാജാവ് വേട്ടയ്ക്കായി കാട്ടിലേയ്ക്ക് പോയി. മാന്‍, ആന, പന്നി എന്നിങ്ങിനെ വിവിധമൃഗങ്ങളെ വേട്ടയാടി രാജാവ് രസിച്ചു വരവേ, കാട്ടില്‍ നിന്നും ഒരു സിംഹം അദ്ദേഹത്തിനു മുന്നില്‍ ചാടി വീണു. രാജാവയച്ച അമ്പ്‌ കൊണ്ട് ക്രുദ്ധനായ സിംഹം അലറിവിളിച്ചു. വാലുമുയര്‍ത്തിപ്പിടിച്ചു സടകുടഞ്ഞുകൊണ്ട് സിംഹം രാജാവിന്റെ നേരേ ചാടി. രാജാവാണെങ്കില്‍ ഉറയില്‍നിന്നുമൂരിപ്പിടിച്ച വാളുമായി അതി പരാക്രമത്തോടെ അവനെ നേരിടാന്‍ തയ്യാറായി നിന്നു. അപ്പോള്‍ രാജഭടന്മാര്‍ സിംഹത്തിനു നേരെ ശരവര്‍ഷം ചൊരിഞ്ഞു. അമ്പേറ്റു വലഞ്ഞ സിംഹം രാജാവിന്റെ മേല്‍ ചാടി വീഴേ രാജാവ് അതിനെ വാളുകൊണ്ട് വെട്ടി, സിംഹം ക്ഷണത്തില്‍ കുതിച്ചു ചാടി തിരിഞ്ഞുവന്ന് ഹിംസ്രനഖങ്ങള്‍ കൊണ്ട് രാജാവിനെ മാന്തിപ്പൊളിച്ച് കൊന്നുകളഞ്ഞു. സേവകവൃന്ദം നിലവിളിച്ചുകൊണ്ട് ശരമാരി തുടരവേ സിംഹവും ചത്തു വീണു. പരിവാരങ്ങള്‍ കൊട്ടാരത്തില്‍ച്ചെന്നു മന്ത്രിമാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു. വനത്തില്‍പ്പോയി അവര്‍ രാജാവിനായി സംസ്കാരകര്‍മ്മങ്ങള്‍ വേണ്ടപോലെ ചെയ്തു. പരലോകസുഖപ്രാപ്തിക്കായി വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ എല്ലാ ക്രിയകളും അനുഷ്ഠിച്ചു.



രാജാവിന്റെ മൂത്തപുത്രനായ സുദര്‍ശനനെ രാജാവായി വാഴിക്കാന്‍ മന്ത്രിമാര്‍ തമ്മില്‍ ആലോചിച്ചു. 'അവനാണെങ്കില്‍ ഉത്തമനും ധര്‍മ്മപത്നിയുടെ പുത്രനുമാണ്. കനിഷ്ഠനായ അവനില്‍ രാജലക്ഷണങ്ങള്‍ ഉണ്ട് താനും. ബാലനാണെങ്കിലും അവനെ രാജാവാക്കാം' എന്ന് വസിഷ്ഠനും സമ്മതിച്ചു. ഇങ്ങിനെ കൊട്ടാരത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഉജ്ജയിനിയിലെ രാജാവ് യുധാജിത്ത് അവിടെയെത്തി. ലീലാവതിയുടെ പിതാവായ അദ്ദേഹം ജാമാതാവിന്റെ മരണവൃത്താന്തമറിഞ്ഞു വന്നതാണ്‌. സുദര്‍ശനന്റെ മുത്തശ്ശന്‍ കലിംഗരാജാവ് വീരസേനനനും അപ്പോള്‍ അവിടെയെത്തി. രണ്ടു രാജാക്കന്മാരും അവരുടെ പടയുമായാണ് വന്നിട്ടുള്ളത്. പിന്നെ രാജപുത്രന്മാരില്‍ ആരാണ് കിരീടാവകാശി എന്ന തര്‍ക്കമായി. ‘ഈ രണ്ടു പേരില്‍ ജ്യേഷ്ഠന്‍ രാജാവാകുക എന്നത് ന്യായം. എന്നാല്‍ രാജഗുണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശത്രുജിത്താണ് ജ്യേഷ്ഠസ്വഭാവം കാണിക്കുന്നവന്‍. പ്രായം കൊണ്ട് മുതിര്‍ന്നവനാണെങ്കിലും ജനപ്രിയനായ ശത്രുജിത്തിനെപ്പോലെയല്ല സുദര്‍ശനന്‍’ എന്നായി യുധാജിത്ത്. വീരസേനന്‍ സുദര്‍ശനനു വേണ്ടിയും വാദിച്ചു. രാജാക്കന്മാര്‍ തമ്മിലുള്ള തര്‍ക്കം മൂത്തു. യുധാജിത്ത് മന്ത്രിമാരെ ഭര്‍സിച്ചു: 'ധനമോഹികളായ നിങ്ങള്‍ സുദര്‍ശനനെ രാജാവാക്കി സ്വാര്‍ത്ഥം നേടാന്‍ നോക്കുകയാണ്! ശത്രുജിത്താണ് പരാക്രമശാലിയും ബലവാനും. അങ്ങിനെയുള്ളവനാണ് രാജാവാകാന്‍ യോഗ്യന്‍. ഇതിനുവേണ്ടി യുദ്ധം ചെയ്യാനും ഞാനൊരുക്കമാണ്’. ഇങ്ങിനെ രാജാക്കന്മാര്‍ തമ്മില്‍ വാക്പോര് തുടര്‍ന്നു.



വീരസേനന്‍ പറഞ്ഞു: 'രണ്ടു ബാലന്മാരും ഒരേപോലെ ബുദ്ധിമാന്മാരാണ്. അവരില്‍ ഞാനൊരു ഭേദവും കാണുന്നില്ല.' എങ്ങുമെത്താത്ത ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരും മറ്റെല്ലാവരും ക്ഷീണിച്ചുവശായി. അപ്പോഴേയ്ക്കും സാമന്തരാജാക്കന്മാരും പ്രഭുക്കന്മാരും യുദ്ധോല്‍സുകരായി അവിടെയെത്തിച്ചേര്‍ന്നു. തര്‍ക്കം മൂത്ത് രണ്ടു രാജാക്കന്മാരും തമ്മില്‍ യുദ്ധം ആസന്നമായിത്തീര്‍ന്നു. രണ്ടു കൂട്ടരും യുദ്ധത്തിനു തയ്യാറെടുത്തു.  രാജവിയോഗം മനസ്സിലാക്കിയ ശൃംഗവേരപുരവാസികളായ കാട്ടുകള്ളന്മാര്‍  ആ സമയത്ത് കൊട്ടാരം കൊള്ളയടിക്കാനുള്ള ഉദ്ദേശത്തോടെ നഗരത്തില്‍ എത്തിച്ചേര്‍ന്നു. 'പ്രായപൂര്‍ത്തിയാവാത്ത ചെറുകുമാരന്മാരാണല്ലോ ഇനിയുള്ളത്' എന്നാണവര്‍ കണക്കു കൂട്ടിയിരുന്നത്. 

Thursday, December 1, 2016

അംബായജ്ഞാനുഷ്ഠാനം - ശ്രീമദ്‌ ദേവീഭാഗവതം. 3. 13. - ദിവസം 50.


 അംബായജ്ഞാനുഷ്ഠാനം


ഹരിണാ തു കഥം യജ്ഞ: കൃത: പൂര്‍വ്വം പിതാമഹ
ജഗത്കാരണരൂപേണ വിഷ്ണുനാ പ്രഭവിഷ്ണുനാ
കേ സഹായാസ്തു തത്രാസന്‍ ബ്രാഹ്മണാ: കേ മഹാമതേ
ഋത്വിജോ വേദതത്ത്വജ്ഞാസ്തന്മേ ബ്രൂഹി പരന്തപ



ജനമേജയന്‍ ചോദിച്ചു: 'ഭഗവാന്‍ വിഷ്ണു സ്വയം ജഗത്കാരണനാണല്ലോ? അദ്ദേഹമെങ്ങിനെയാണ് യജ്ഞം നടത്തിയത്? ആരൊക്കെയാണ് യാഗസഹായത്തിന് കൂടെ കൂടിയവര്‍? ഭഗവാന്‍ വിഷ്ണു ചെയ്ത അംബായജ്ഞത്തിന്റെ വിശേഷങ്ങള്‍ കേട്ട് മനസ്സിലാക്കിയ ശേഷം ഞാനും ശ്രദ്ധാപൂര്‍വ്വം അംബായജ്ഞത്തെ അനുഷ്ഠിച്ചുകൊള്ളാം.'



വ്യാസന്‍ പറഞ്ഞു: 'ഭഗവാന്‍ വിഷ്ണു ചെയ്ത ആ മഹാ യജ്ഞത്തിന്റെ വൈശിഷ്ട്യം പറഞ്ഞാല്‍ തീരില്ല. എങ്കിലും ഞാനത് അങ്ങേയുടെ അറിവിലേയ്ക്കായി സവിസ്തരം പറഞ്ഞു നോക്കാം. മൂന്നു ശക്തികളെ സഹധര്‍മ്മം അനുഷ്ഠിക്കാന്‍ കൂട്ടു നല്‍കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ ദേവി വിമാനമാര്‍ഗ്ഗം തിരികെ അയച്ചതിനെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ? അവര്‍ മൂന്ന് ദമ്പതികളും ഘോരസമുദ്രത്തില്‍ ചെന്ന് സ്വധാമങ്ങള്‍ നിര്‍മ്മിക്കാനായി ആദ്യം ഭൂമിയെ സൃഷ്ടിച്ചു. അപ്പോള്‍ ദേവി സ്വമേധയാ തന്‍റെ ആധാരശക്തിയെ അവര്‍ക്കായി നല്‍കി. അങ്ങിനെ ഭൂമി ആധാരശക്തിയെ ആശ്രയിച്ചു മേദസ്സോടു കൂടി നിലകൊണ്ടു. മധുകൈടഭന്‍മാരുടെ മേദസ്സിനാല്‍ മേദിനിയായും എല്ലാറ്റിനെയും ധരിക്കുന്നവളാകയാല്‍ ധരയായും വിസ്താരം കൊണ്ട് പ്രിഥ്വിയായും വലുപ്പം കൊണ്ട് മഹിയായും ഭൂമി അറിയപ്പെട്ടു. ദേവി ആ ഭൂമിയെ ശേഷന്റെ മസ്തകത്തിലെ നാഗമണിയായി പ്രതിഷ്ഠിച്ചു. എന്നിട്ട് മരക്കഷണങ്ങള്‍ ഉറപ്പിക്കാന്‍ ആശാരിമാര്‍ ആണി വെയ്ക്കുന്നതുപോലെ സര്‍പ്പമസ്തകത്തിലിരിക്കുന്ന ഭൂഗോളം ഇളകാതിരിക്കാന്‍ ദേവി പര്‍വ്വതങ്ങളെയും സ്ഥാപിച്ചു. അതിനാല്‍ പണ്ഡിതന്മാര്‍ പര്‍വ്വതങ്ങളെ മഹീധരം എന്ന് വിളിക്കുന്നു. മഹീധരങ്ങളില്‍ പ്രമുഖനാണ് മേരു. അതിവിസ്തൃതിയും രത്നശൃംഗങ്ങള്‍ നിറഞ്ഞതുമാണ് ആ മഹാപര്‍വ്വതം.



ബ്രഹ്മാവ്‌, മരീചി, യത്രി, പുലഹന്‍, പുലസ്ത്യന്‍, നാരദന്‍, ക്രതു, ദക്ഷന്‍, വസിഷ്ഠന്‍, തുടങ്ങിയവരെ തന്‍റെ മാനസപുത്രന്മാരായി സൃഷ്ടിച്ചു. മരീചിയില്‍ നിന്ന് കശ്യപന്‍ ജനിച്ചു. ദക്ഷന് പതിമൂന്നു പുത്രിമാരുണ്ടായിരുന്നു. അവരില്‍ നിന്നാണ് ദേവാസുരജാതികളുടെയെല്ലാം  ഉദ്ഭവം. കശ്യപന്‍ വീണ്ടും സൃഷ്ടി തുടര്‍ന്നു. മനുഷ്യന്‍, പശു, മറ്റു മൃഗങ്ങള്‍, സര്‍പ്പങ്ങള്‍,  എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികളായിരുന്നു കശ്യപസൃഷ്ടികള്‍. ബ്രഹ്മാവിന്റെ പാതി മെയ്യില്‍ വലത്തുഭാഗത്തുനിന്ന് സ്വയംഭുവമനുവും ഇടതുഭാഗത്തുനിന്നും ശതരൂപയും ആവീര്‍ഭവിച്ചു. അവരുടെ മക്കളാണ് ഉത്താനപാദനും പ്രിയവ്രതനും. അവര്‍ക്ക് മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ബ്രഹ്മാവ്‌ ഇങ്ങിനെയുള്ള സൃഷ്ടികള്‍ ചെയ്തശേഷം സുമേരു പര്‍വ്വതത്തിന്റെ മുകളിലായി ബ്രഹ്മലോകത്തെ സൃഷ്ടിച്ചു. ഭഗവാന്‍ വിഷ്ണുവാകട്ടെ തന്റെ വാമഭാഗമായ ലക്ഷ്മീദേവിയെ സന്തോഷിപ്പക്കാന്‍ വൈകുണ്ഡം നിര്‍മ്മിച്ചു. പരമശിവന്‍ തനിക്കായി കൈലാസം സൃഷ്ടിച്ചു. കൈലാസത്തില്‍ കിങ്കരന്മാരായി ഭൂതഗണങ്ങളെയും സൃഷ്ടിച്ച് ഭാഗവാനവിടെ സദാ ധ്യാനമഗ്നനായിക്കഴിഞ്ഞു.



മേരുശിഖിരത്തിലാണ് ഇന്ദ്രന്റെ ആസ്ഥാനമായ സ്വര്‍ഗ്ഗം. നാനാവിധ രത്നങ്ങളാല്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ഗ്ഗലോകം ത്രിവിഷ്ടപമാണ്. പാലാഴി മഥനവേളയില്‍ ലഭ്യമായ പാരിജാതം, ഐരാവതം (ആന), ഉച്ചൈശ്രവസ് (കുതിര), കാമധേനു, രംഭാദികളായ അപ്സരസ്സുകള്‍, ഇങ്ങിനെയുള്ള ദിവ്യജീവികള്‍ സ്വര്‍ഗ്ഗത്തിനു മോടി കൂട്ടി. ധന്വന്തരിയും, ചന്ദ്രനും പാലാഴി മഥനത്തില്‍ നിന്നും ഉത്ഭവിച്ചവരാണ്. അവരും സ്വര്‍ഗ്ഗത്തില്‍ത്തന്നെ വസിക്കുന്നു. പൊതുവില്‍ മനുഷ്യര്‍, ദേവന്മാര്‍, മൃഗങ്ങള്‍ എന്നിങ്ങിനെ മൂന്നു തരമാണ് സൃഷ്ടികള്‍. കര്‍മ്മാനുസാരിയായി അണ്ഡജം (മുട്ടയില്‍ നിന്നും), സ്വേദജം (വിയര്‍പ്പില്‍ നിന്നും), ഉദ്ബിജം (പൊട്ടിമുളച്ച്), ജരായുജം (പ്രസവിച്ച്) എന്നിങ്ങിനെ നാലുതരമാണ് ജീവസൃഷ്ടികള്‍. ഇങ്ങിനെയുള്ള വൈവിദ്ധ്യതയാര്‍ന്ന സൃഷ്ടികളുണ്ടാക്കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ സസുഖം വാണു.



സൃഷ്ടികള്‍ തുടരവേ, ഒരുനാള്‍ ലക്ഷ്മീദേവിയുമൊരുമിച്ചു രമിച്ചിരുന്ന വിഷ്ണുഭഗവാന്‍ സുധാസിന്ധുവില്‍ കുടികൊള്ളുന്ന രത്നവിഭൂഷിതമായ ആ മണിദ്വീപിനെപ്പറ്റി ഓര്‍ക്കുകയുണ്ടായി. അവിടെവച്ചാണല്ലോ ദേവീസ്മരണയാല്‍ താന്‍ സ്ത്രീരൂപം പ്രാപിച്ചത്! മഹാമായയെ നേരിട്ട് ദര്‍ശിച്ചതിനാല്‍ തനിക്ക് മന്ത്രദീക്ഷകിട്ടിയതും അവിടെ വച്ചാണ്. എന്നാലിനി അംബികായജ്ഞം നടത്തുകതന്നെ എന്ന് നിശ്ചയിച്ച ഹരി മറ്റുള്ളവരെയെല്ലാം വിളിച്ചു കൂട്ടി. ബ്രഹ്മാവ്‌, ശിവന്‍, വരുണന്‍, ശക്രന്‍, അഗ്നി, യമന്‍, വസിഷ്ഠന്‍, കശ്യപന്‍, ദക്ഷന്‍, വാമദേവന്‍, ബൃഹസ്പതി, എന്നിവര്‍ ചേര്‍ന്ന് ഒരു മഹായാഗത്തിനുള്ള ഒരുക്കം തുടങ്ങി. ഏറ്റവും മനോഹരമായ ഒരു യജ്ഞമണ്ഡപം തീര്‍ക്കാന്‍ അതിവിദഗ്ദ്ധരായ ശില്‍പികള്‍ വന്നെത്തി. യാഗശാലയില്‍ ഇരുപത്തേഴു ഋത്വിക്കുകള്‍ നിരന്നു. ചിതിയും വലിയ യജ്ഞവേദിയും അവിടെ നിര്‍മ്മിക്കപ്പെട്ടു. യാഗശാല മന്ത്രമുഖരിതമായി. വിധിയാംവണ്ണം പ്രോജ്വലിപ്പിച്ചുയര്‍ന്ന അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കവേ ഒരശരീരി കേട്ടു: ‘വിഷ്ണോ, ദേവന്മാരില്‍ സുപ്രധാനി നീയാകട്ടെ. ബ്രഹ്മാദികളായ മറ്റു ദേവന്മാര്‍ നിന്നെ പൂജിക്കട്ടെ. ഭൂമിയിലെ ജനങ്ങള്‍ നിന്നെ പൂജിക്കട്ടെ. നീ അവരുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നവനാകട്ടെ. ദൈത്യപീഢയാല്‍ വലയുന്നവര്‍ക്ക് നീ ആശ്വാസം നല്‍കാന്‍ നിനക്കാവട്ടെ. എല്ലാ വേദങ്ങളും പൂജാര്‍ഹനായി അങ്ങയെ കണക്കാക്കട്ടെ. ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ ഭൂമിയില്‍ യഥാസമയം അവതരിച്ചു ധര്‍മ്മസംരക്ഷണം ചെയ്യുക എന്ന കര്‍ത്തവ്യം അങ്ങില്‍ നിക്ഷിപ്തമാണ്. നാനായോനികളിലായി അങ്ങ് കൈക്കൊള്ളുന്ന അംശാവതാരങ്ങളെല്ലാം സര്‍വദാ പൂജനീയമായിത്തീരും. മൂന്നു ലോകത്തിലും അങ്ങയുടെ പുകള്‍ പരക്കും. അവിടെയെല്ലാം ശക്തിയുടെ സാന്നിദ്ധ്യവും സഹായവും അങ്ങേയ്ക്ക് കൂട്ടായി ഉണ്ടാവും. ഈ അവതാരങ്ങള്‍ക്ക് തുണയായി വാരാഹി, നാരസിംഹി എന്നിങ്ങിനെയുള്ള ഭേദങ്ങളോടെ ശക്തി പ്രകടിതമാവും. നാനാതരം വേഷഭൂഷകളും, സര്‍വ്വാഭരണങ്ങളും അണിഞ്ഞു വിളങ്ങുന്ന ശക്തിയുടെ പിന്തുണയോടെ എല്ലാ ദേവകാര്യങ്ങളും നടത്താന്‍ ഞാന്‍ അങ്ങയെ ചുമതലപ്പെടുത്തുന്നു. എന്‍റെ വരം മൂലമാണ് നിനക്കീ പ്രാഭവങ്ങള്‍ എല്ലാമുണ്ടാവുന്നതെന്ന് മറക്കാതിരിക്കുക. ഗര്‍വ്വലേശംപോലും നീയീ ശക്തി ഭേദങ്ങളോടു കാണിക്കാനിടവരരുത്. നീയീ ശക്തികളെ യഥാവിധി പൂജിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങിനെ സകലാഭീഷ്ടങ്ങളെയും നല്‍കുന്ന ശക്തിസ്വരൂപിണികള്‍ അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും. ഭൂമണ്ഡലത്തില്‍ മാത്രമല്ല, സപ്തദ്വീപുകളിലും മനുഷ്യര്‍ അവരവരുടെ ആഗ്രഹസംപൂര്‍ത്തിക്കായി എപ്പോഴും അവരെ പൂജിക്കുന്നതാണ്. അവര്‍ക്കും നിനക്കും അങ്ങിനെ യശസ്സ് വര്‍ദ്ധിക്കട്ടെ. ഓരോരോ മന്ത്രങ്ങള്‍ കൊണ്ടു ജപിച്ചും നാനാവിധ വസ്തുക്കള്‍ കൊണ്ട് അര്‍ച്ചിച്ചും അവര്‍ നിങ്ങളെ പൂജിക്കും. മാനവ പൂജയാല്‍ അങ്ങേയ്ക്ക് കീര്‍ത്തിയും അഭിവൃദ്ധിയും ഉത്തരോത്തരം വര്‍ദ്ധിതമാവും.'



വ്യാസന്‍ പറഞ്ഞു: ദിവ്യമായ അശരീരി നിലയ്ക്കവേ ഭഗവാന്‍ ഹരി സംപ്രീതഭാവത്തോടെ മനസ്സുമുഴുവന്‍ ദേവിയില്‍ അര്‍പ്പിച്ചു വിധിപൂര്‍വ്വം യജ്ഞമവസാനിപ്പിച്ചു. എല്ലാ ദേവന്മാരെയും യാത്രയയച്ച ശേഷം ഭഗവാന്‍ തന്‍റെ ഗരുഡവാഹനമേറി അനുചരസമേതം വൈകുണ്ഡം പൂകി. യജ്ഞത്തിന്റെ ദിവ്യവാര്‍ത്തകള്‍ പരസ്പരം പറഞ്ഞും സന്തോഷിച്ചും ദേവന്മാര്‍ തങ്ങളുടെ ഗേഹങ്ങളിലേയ്ക്ക് മടങ്ങി. അങ്ങിനെ കാതിനു തേന്മൊഴിയായി മുഴങ്ങിയ ആകാശവാണി കേട്ട് എല്ലാവര്‍ക്കും ഭഗവതിയോട് അനന്യമായ ഭക്തിയുണ്ടായി. അതിനുശേഷം മുനിമാരും ബ്രാഹ്മണരും മറ്റുസജ്ജനങ്ങളും വേദവിഹിതവും സര്‍വ്വഫലദായകവുമായ ദേവീപൂജ – അംബായജ്ഞം- നിത്യവും ചെയ്യാന്‍ തുടങ്ങി.