ശൗനകമഹർഷി ചോദിച്ചു: "ബാലഖില്യന്മാരുടെ തപസ്സുകൊണ്ട് ഗരുഡൻ ഉത്ഭവിച്ചതെങ്ങിനെ? കശ്യപന് ഈ പക്ഷി പുത്രനായി ജനിച്ചതെങ്ങിനെ? അവൻ അധൃഷ്യനും അവദ്ധ്യനും ആവാനെന്താണു കാരണം? ഇതെല്ലാം പുരാണത്തിലുള്ളതാണെങ്കിൽ കേട്ടാൽ കൊള്ളാം.'' സൂതൻ പറഞ്ഞു: "ഇതെല്ലാം പുരാണ വിഷയങ്ങൾ തന്നെ. അതുകൊണ്ട് ഞാൻ ചുരുക്കി പറയാം.'
" കശ്യപൻ പുത്രാർത്ഥമായി ഒരു യജ്ഞം നടത്തി.ദേവന്മാർ ഗന്ധർവ്വന്മാർ'ഋഷിമാർ, എല്ലാം അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ദേവേന്ദ്രനും, ദേവന്മാരും, ബാലഖില്യന്മാർ ഉൾപ്പെടെയുള്ള മുനിമാരും മേലരി കൊണ്ടുവരാൻ പോയി. ദേവേന്ദ്രൻ തന്റെ ശക്തിക്കൊത്ത വലിയ കെട്ടുമായി ഒരു വിഷമവും കൂടാതെ നടന്നു.പെരുവിരലിനോളം മാത്രം വലിപ്പമുള്ള ബാലഖില്യന്മാർ ഓരോ ചെത്തുപൂളും ചുമന്ന് പശുക്കുളമ്പുകൊണ്ടുണ്ടായ കുഴിയിലെ വെള്ളം കാരണം മറുകര കടക്കാൻ വിഷമിക്കുന്നതു കണ്ട് ദേവേന്ദ്രൻ ചിരിച്ചു പോയി. ഇതു കേട്ടുള്ള സങ്കടം കൊണ്ട് ആ മഹർഷിമാർ മറ്റൊരിന്ദ്രനുണ്ടാവാൻ വേണ്ടി മഹാതപസ്സ് ആരംഭിച്ചു.
ഈ വിവരം അറിഞ്ഞ് ദേവേന്ദ്രൻ കശ്യപനെ ശരണം പ്രാപിച്ചു.കശ്യപൻ ബാലഖില്യരെ കണ്ട് ബ്രഹ്മാവ് കൽപ്പിച്ചതിന് മാറ്റം വരുത്തരുതെന്ന് അപേക്ഷിച്ചു.ഈ ദേവേന്ദ്രന്റെ പേരിൽ കനിവുണ്ടായി നിങ്ങളുടെ തപഃ ഫലമായുണ്ടാകുന്ന ഇന്ദ്രൻ ബലവീര്യവാനും പക്ഷികളുടെ ഇന്ദ്രനും ആയിക്കോട്ടെ എന്നു നിർദ്ദേശിക്കുകയും ചെയ്തു.ബാലയില്യന്മാര തു സമ്മതിക്കുകയും ,അവരുടെ കർമ്മഫലം കശ്യപനു നൽകുകയും ചെയ്തു.
കശ്യപനും പുത്രാർത്ഥം കർമ്മം ചെയ്യുകയുണ്ടായല്ലൊ. ഇക്കാലത്തു തന്നെ കശ്യപൻ വിനതയ്ക്ക് വരം കൊടുത്തപ്പോൾ ഈ രണ്ടു കർമ്മഫലങ്ങളും അവൾക്കു ലഭിച്ചു.കശ്യപ പ്രജാപതി ഇന്ദ്രനോട് പറഞ്ഞു: "വിനതയ്ക്ക് ജനിക്കുന്ന നിന്റെ സോദരന്മാർ മൂലം നിനക്ക് ദോഷം ഒന്നും വരികയില്ല. ഇനി മേലാൽ വിപ്രരെ പരിഹസിക്കരുത് !"
വിനതയ്ക്ക് അരുണനും ഗരുഡനും പുത്രന്മാരുണ്ടായി. അർദ്ധകായനായ അരുണൻ ബ്രഹ്മാജ്ഞയാൽ സൂര്യന്റെ തേരാളിയായി. ഗരുഡൻ പക്ഷികൾക്ക് ഇന്ദ്രനായി അഭിഷേകവും ഏറ്റു."
No comments:
Post a Comment