ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 26, 2020

ഹനുമാന് ശ്രീരാമന്റെ അനുഗ്രഹം



വാനരന്മാരെ സീതാന്വേഷണത്തിന് നിയോഗിക്കാന്‍ ശ്രീരാമന്‍ ആവശ്യപ്പെട്ടു. ഉടനെ സുഗ്രീവന്‍ ഉത്തരവ് നല്‍കി. ഓരോ ദിക്കിലേക്കും നൂറായിരം കപിവീരന്മാര്‍ സീതതെ തിരഞ്ഞുപോകണം. ദക്ഷിണദിക്കിലേക്ക് പോകുന്നവരുടെ നായകന്‍ അംഗദനായിരിക്കും. ബ്രഹ്മാവിന്റെ പുത്രനായ ജാംബവാന്‍, അഗ്നിയുടെ പുത്രനായ നീലന്‍, വായുപുത്രനായ ഹനുമാന്‍ എന്നിവരെക്കൂടാതെ മൈന്ദന്‍, വിവിദന്‍, തുംഗന്‍, സുഷേണന്‍, ശരഭന്‍. ഇവര്‍ കൂടെപ്പോകണം. സുഹോത്രന്‍, ഉല്‍ക്കാമുഖന്‍, ശരാരി, ഗവയന്‍, ഗവാക്ഷന്‍, അനംഗന്‍, ഗന്ധമാദനന്‍ തുടങ്ങിയവരെ ദക്ഷിണക്കിക്കിലേയ്ക്ക് അയയ്ക്കുന്നു. മുപ്പതുനാളിനകത്ത് ജാനകിയെ കണ്ടുപിടിച്ച് മടങ്ങിയെത്തണം. അതില്‍ ഒരുദിവസം അധികമെടുത്താല്‍ എന്നില്‍നിന്നും നിങ്ങള്‍ എല്ലാവരും പ്രാണാന്തദണ്ഡം (മരണശിക്ഷ) അനുഭവിക്കേണ്ടിവരും. ഇതാണ് ശരിക്കും സുഗ്രീവാജ്ഞ.


അംഗദന് സുഗ്രീവന്‍ അവര്‍ സഞ്ചരിക്കേണ്ട വഴികളും രാജ്യങ്ങളും വിശദമായി പറഞ്ഞുകൊടുക്കുന്നു. ധാരാളം കൊടുമുടികളുള്ള വിന്ധ്യപര്‍വതം, മനോഹരമായ നര്‍മ്മദാനദി, ഗോദാവരി, കൃഷ്ണ, വരദ എന്നീ നദികളും മേഖലം, ഉല്‍കലം, അശ്വവന്തി എന്നീ ദേശങ്ങളും കടന്ന് ദശവര്‍ണം എന്ന നഗരം, വിദര്‍ഭം, ഋഷീകം, മാഷികം എന്നീ രാജ്യങ്ങളിലും സീതയെ തിരക്കണം. കൂടാതെ മത്സ്യം, കലിംഗം കൗശികം, ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം മുതലായ രാജ്യങ്ങളിലും പോയി തിരയണം. പിന്നെ കാവേരി, താമ്രപര്‍ണിനദികളും മലയപര്‍വതവും കടക്കണം. സമുദ്രതീരത്തെത്തിയാല്‍ മഹേന്ദ്രപര്‍വതം കാണാം. കാട്ടിലും മേട്ടിലും പര്‍വതത്തിലും ഗുഹയിലുമെല്ലാം സീതയെ തെരയാന്‍ പറയുന്നു.
കപികള്‍ യാത്ര പുറപ്പെടാറായപ്പോള്‍ ശ്രീരാമന്‍ ഹനുമാനെ അടുത്തുവിളിച്ചു പറഞ്ഞു.



 ” നിന്നില്‍ എനിക്കു പ്രത്യേക വിശ്വാസം തോന്നുന്നു. ഇത് എന്റെ നാമാക്ഷരം കൊത്തിയ മോതിരമാണ്. പരിചയപ്പെടുത്തുന്നതിന് നീ ഇത് ജാനകിയുടെ കൈയില്‍ കൊടുക്കണം. ഹേ, കപിശ്രേഷ്ഠാ, നിന്റെ ബുദ്ധി, ബലം എന്നിവ ഞാന്‍ നന്നായി അറിയുന്നു. എന്റെ കാര്യത്തില്‍ നിനക്കുള്ള ശുഷ്‌കാന്തിയും ഭക്തിയും മറ്റാര്‍ക്കുമില്ല എന്നും എനിക്കറിയാം.
ആനന്ദരാമായണത്തില്‍ ശ്രീരാമന്‍ ഹനുമാന് ഈ സന്ദര്‍ഭത്തില്‍ മന്ത്രോപദേശംകൂടി നല്‍കുന്നു. തന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാനെന്നറിയാമായിരുന്ന രാമന്‍ പുറപ്പെടാന്‍ നേരത്ത് ഹനുമാന്റെ ചെവയില്‍ രഹസ്യമായി താരകന്ത്രം ഉപദേശിക്കുന്നു. ” ഓം ശ്രീരാം ജയ് രാം ജയ്ജയ് രാം” ഈ മന്ത്രം ജപിച്ചോളൂ. നിനക്കെല്ലാം സാധിക്കും എന്നനുഗ്രഹിച്ചു. 



ശ്രീരാമന്റെ വിരലില്‍ കിടന്ന നാമങ്കിതമായ മുദ്രമോതിരം മാരുതി ഭവ്യതയോടെ രണ്ടു കൈകള്‍ കൊണ്ടും ഏറ്റുവാങ്ങി കണ്ണില്‍ വച്ചിട്ട് ശിരസില്‍ തന്നെ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തത്. എല്ലാവരും ഉടനടി യാത്രയായി. ആത്മാന്വേഷണത്തിന് ഇറങ്ങിത്തിരിക്കുന്ന ലക്ഷംപേരില്‍ ഭക്തിയും ശ്രദ്ധയുമുള്ള ഒരാളേ കാണുകയുള്ളൂവെന്നും അയാള്‍മാത്രമേ ലക്ഷ്യം പ്രാപിക്കുകയുള്ളൂവെന്നും ഈ സംഭവം സൂചിപ്പിക്കുന്നു.

No comments:

Post a Comment