ഹനുമാനും ശ്രീരാമനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച തികച്ചും നാടകീയമാണ്. പരിചയമില്ലാത്ത ഏതോ രണ്ടാളുകളെ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധപാണികളായി കാട്ടില്‍ കാണുകയാണ് വാനരന്മാരും ഹനുമല്‍ സുഗ്രീവന്മാരും. ആരായിരിക്കാം അവര്‍? ബാലിയുടെ ആള്‍ക്കാര്‍ വേഷപ്രച്ഛന്നരായി വന്നതാണോ? അതാണ് സുഗ്രീവന്റെ സന്ദേഹം. അപ്പോഴാണ് നയകോവിദനായ ഹനുമാന്റെ സമാധാനം:
'ഈ ഋശ്യമൂക പര്‍വതത്തില്‍ ബാലിയോ ബാലിയുടെ ആള്‍ക്കാരോ കടന്നുവരുമെന്ന് ശങ്കിക്കയേ വേണ്ട. ബാലിക്ക് ഇവിടം ദുഷ്പ്രവേശ്യമാണെന്ന കാര്യം അങ്ങ് മറന്നുകളഞ്ഞോ? ശാഖാമൃഗസഹജമായ ലഘുചിത്തതകൊണ്ടാണ് അങ്ങ് ഇങ്ങനെ ഭയപ്പെടുന്നത്. അങ്ങ് വിവേകബുദ്ധിയോടുകൂടി ആലോചിക്കൂ.'
ഹനുമാന്റെ ആത്മവിമര്‍ശംകൂടി ഇവിടെ നമുക്കു ദര്‍ശിക്കാം. താനും ശാഖാമൃഗം തന്നെ. പക്ഷേ, വിവേകവും സാമാന്യവിജ്ഞാനവും അവശ്യം അപേക്ഷണീയമായി വരുമ്പോള്‍ അത് കൈവിടുകയില്ല. ഇങ്ങനെ സുഗ്രീവനെ സമാശ്വസിപ്പിച്ച ശേഷമാണ് രാമലക്ഷ്മണന്മാരുടെ അടുത്തേക്ക് യാത്ര തിരിക്കുന്നത്. 'ഏതോ വാനരത്താന്‍ വരുന്നു' എന്നു കരുതി അവര്‍ തന്നെ അഗണ്യനാക്കിത്തള്ളരുതെന്ന വിചാരത്തോടെയാണ് സന്യാസിയുടെ വേഷം സ്വീകരിച്ചത്. അവരെ സവിനയം നമസ്‌കരിച്ചശേഷം മധുരമായി സുവ്യക്തമായി വ്യാകരണശുദ്ധമായ സംസ്‌കൃതഭാഷയില്‍ സംസാരിച്ചുതുടങ്ങി.
ഹനുമാന്‍ അവരോടു ചോദിച്ചു: 'രാജര്‍ഷികളെപ്പോലെ തേജസ്സാര്‍ന്ന നിങ്ങള്‍ ആരാണ്? എവിടെനിന്നു വരുന്നു? ശക്രതുല്യരായി, ദീര്‍ഘബാഹുക്കളായി, രൂപസമ്പന്നരായി, ശോഭാവാന്മാരായി കാണപ്പെടുന്ന നിങ്ങള്‍ നിശ്ചയമായും സാധാരണക്കാരല്ല. നിങ്ങള്‍ എവിടെനിന്നു വരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം. ആര്യാവര്‍ത്തത്തെ ഭരിക്കാന്‍ പോരിമയാര്‍ന്നവരാണ് നിങ്ങളെന്ന് എനിക്കു തോന്നുന്നു. പക്ഷേ, നിങ്ങളെന്താണ് പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിയാത്തത്? അല്ല. ഞാന്‍ ചോദിച്ചതിനൊന്നും ഉത്തരം പറയുന്നില്ലല്ലോ. ഒരുവേള ഞാനാരെന്നു പറയാത്തതിനാലാവാം. എന്നാല്‍ കേട്ടാലും ധര്‍മാത്മാവായ സുഗ്രീവന്‍ എന്നൊരു വാനരയൂഥപനുണ്ട്. അവന്‍ സ്വന്തം സഹോദരനാല്‍ നിഷ്‌കാസിതനായി അങ്ങുമിങ്ങും അലഞ്ഞുതിരിയുന്നു. ആ സുഗ്രീവനാല്‍ അയയ്ക്കപ്പെട്ട ഹനുമാന്‍ എന്ന വാനരനാണ് ഞാന്‍. സുഗ്രീവസചിവനുമാണ്. എന്റെ സ്വാമി നിങ്ങളുമായി സഖ്യംചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കാമരൂപനാണ്; എവിടെയും സഞ്ചരിക്കാന്‍ കഴിയുന്നവനുമത്രേ.'വാക്യകുശലനായ ഹനുമാന്റെ അറിവും നെറിവും നിറഞ്ഞ വാക്കുകള്‍ കേട്ട് സമ്മോദാശ്ചര്യചിത്തനായിത്തീര്‍ന്ന രാമന്‍, ആ ഭാഷണകുശലതയെപ്പറ്റിത്തന്നെ വിചാരിച്ചങ്ങനെ തെല്ലുനേരം നിന്നുപോയി. മാധുര്യം, അക്ഷരവ്യക്തി, പദച്ഛേദം, അത്വര, ധൈര്യം, ലയസമത്വം ഇവ ആറാണ് വാക്കിന്റെ ഗുണങ്ങള്‍ എന്നു പ്രസിദ്ധം. ഇവ ആറും തികഞ്ഞ കൂറൊത്ത വാക്കുകളാണ് ഹനുമാനില്‍ നിന്നു പുറപ്പെട്ടത്.
അവിളംബിതമദ്രുതംഉരസ്ഥം കണ്ഠഗം വാക്യം വര്‍ത്തതേ മധ്യമേ സ്വരേസംസ്‌കാരക്രമസമ്പന്നാം അദ്രുതാമവിളംബിതാംഉച്ചാരയതി കല്യാണീം വാചം ഹൃദയോഹാരിണീം.
രാമായണത്തിലെ മറ്റൊരു കഥാപാത്രത്തിന്റെയും ഭാഷണകൗശലത്തെപ്പറ്റി വാല്മീകി ഇപ്രകാരം വര്‍ണിക്കുന്നില്ല.
രാമായണം മുഴുവന്‍ നോക്കിയാലും രാമന്‍ ഹനുമാന്ന് നല്കുന്നത്ര പ്രശംസ മറ്റൊരാള്‍ക്കും നല്കുന്നില്ല. 'ഇത്ര സമര്‍ഥനായ ഒരു ദൂതനുണ്ടെങ്കില്‍, ആര്‍ക്ക്, ഏതു കാര്യമാണ് സാധിക്കാതെ പോകുക? ഇത്തരം ഗുണഗണങ്ങളോടുകൂടിയ ഒരു സചിവനുണ്ടെങ്കി ആ രാജാവിന് അസാധ്യമായിപ്പിന്നെ ഒന്നുമുണ്ടാകയില്ല.' എന്നും മറ്റും ഹനുമാനെ രാമന്‍ പ്രശംസിക്കുന്നു.
രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമായതുതന്നെ ഹനുമാന്റെ ബുദ്ധിയും തന്ത്രജ്ഞതയും വീര്യപരാക്രമവും സ്പഷ്ടമാക്കുന്ന കാണ്ഡമായതിനാലാണ്.
No comments:
Post a Comment