ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, September 3, 2017

കുമ്മാട്ടി


Image result for കുമ്മാട്ടി
ഓണക്കാലത്ത് വീടുവീടാന്തരം കയറി യെത്തുന്ന കുമ്മാട്ടികള്‍ പലരെയും സംബന്ധിച്ച് നല്‍കുന്നത് കൗതുകം മാത്രമാണ്.
എന്നാല്‍ പഴമക്കാര്‍ കുമ്മാട്ടിയെ കാണുന്നത് ഭയഭക്തി ബഹുമാനത്തോടെത്തന്നെയാണ്. ശിവന്റെ ഭൂതഗണങ്ങളായ കുമ്മാട്ടികള്‍ വീടുകളില്‍ എത്തുന്നത് കാലദോഷം തീര്‍ക്കാനാണെന്നാണ് ഹൈന്ദവ വിശ്വാസം. പുരാണങ്ങളിലെ കഥാപാത്രങ്ങളെ സ്തുതിച്ചെത്തുന്ന കുമ്മാട്ടികളെ എന്നും മലയാളികള്‍ ഏറെ ആദരവോടെയാണ് കാണുന്നത്. കുമ്മാട്ടിക്കൂട്ടങ്ങള്‍ക്ക് പിന്നിലെ ഐതിഹ്യം ശിവനും അര്‍ജ്ജുനനുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരന്‍ അനുജനായ അര്‍ജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ടായുധങ്ങള്‍ തപസുചെയ്ത് നേടാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അര്‍ജ്ജുനന്‍ ഹിമാലയത്തിലെത്തി ദേവേന്ദ്രന്‍, ശിവന്‍, യമന്‍, വരുണന്‍ എന്നീ ദേവന്‍മാരെ കണ്ട് വരം സ്വന്തമാക്കി. ഇതില്‍ ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ കഠിനമായ തപസു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അര്‍ജ്ജുന്‍ വരമായി ആഗ്രഹിച്ചത്. എന്നാല്‍ ഈ വരം നല്കുന്നതിന് മുമ്പായി അര്‍ജ്ജുനന്റെ സാമര്‍ഥ്യം പരീക്ഷിക്കാന്‍ ശിവന്‍ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു. ശിവന്‍ കാട്ടാളരൂപം ധരിച്ച് അര്‍ജ്ജുനന്റെ മുമ്പിലെത്തി. പാര്‍വ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അര്‍ജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അര്‍ജ്ജുനന്‍ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി.

കിരാതരൂപിയായ ശിവന്‍ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടര്‍ന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിക്ക് മേല്‍ കൊണ്ടതെന്ന് പറഞ്ഞ് അര്‍ജ്ജുനന്‍ പന്നിയില്‍ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തര്‍ക്കം മുറുകിയപ്പോള്‍ തങ്ങളില്‍ ആരാണ് കേമന്‍ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.ശിവനും അര്‍ജ്ജുനനും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ച് തങ്ങളുടെ കഴിവുകള്‍ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവില്‍ അര്‍ജ്ജുനന്‍ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവു പറയേണ്ടിവന്നതില്‍ അര്‍ജ്ജുനന്‍ ദുഃഖിച്ചു. പെട്ടെന്ന് ശിവന്‍ കിരാതരൂപം വെടിഞ്ഞ് സ്വന്തം രൂപം കൈക്കൊണ്ട് അര്‍ജ്ജുനനെ അനുഗ്രഹിച്ചു. അതോടൊപ്പം ദിവ്യശക്തിയുള്ള പാശുപതാസ്ത്രവും സമ്മാനിച്ചു. അപ്പോഴേക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങള്‍ അവിടെയെത്തി. അവര്‍ ശിവനേയും പാര്‍വ്വതിയേയും സന്തോഷിപ്പിക്കാന്‍ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. വളരെ കാലങ്ങള്‍ക്ക് ശേഷം ശിവന്‍ പാര്‍വ്വതീ സമേതനായി തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ കുടികൊണ്ടു.

ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കല്‍ കൂടി കേള്‍ക്കണമെന്ന് പാര്‍വ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീര്‍ന്നതും പാര്‍വ്വതി ഭൂതഗണങ്ങള്‍ക്ക് പട്ടും വളയും സമ്മാനിച്ചു. തുടര്‍ന്ന് ശിവന്‍ ഭൂതഗണങ്ങളോട്‌നിര്‍ദ്ദേശിച്ചു. ‘ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങള്‍ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവര്‍ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോള്‍ നിങ്ങള്‍ ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം. ‘അങ്ങനെയാണ് കുമ്മാട്ടിക്കളിക്ക് ഏറെ പ്രചാരം തൃശൂരില്‍ ലഭിച്ചത്. പര്‍പ്പടകപുല്ല് ദേഹത്ത് ചുറ്റി മുഖംമൂടി ധരിച്ചാണ് കുമ്മാട്ടികള്‍ എത്തുന്നത്.

കൃഷ്ണകുമാര്‍ ആമലത്ത്

No comments:

Post a Comment