അവനവനില്‍ നിന്നുള്ള മാറ്റം
ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും എന്റെ അടുത്ത് കൗണ്‍സലിംഗിന് വന്നു. വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷമാവുന്നു. ആദ്യത്തെ ഒന്നൊന്നര വര്‍ഷം കുഴപ്പമില്ലാതെ കഴിഞ്ഞു. അക്കാലങ്ങളില്‍ അവര്‍ക്കിടയില്‍ വേരുപിടിച്ചു തുടങ്ങിയ സംഘര്‍ഷത്തെ അവര്‍ കാര്യമായെടുത്തിരുന്നില്ല. വഴക്കുകളും പിണക്കങ്ങളും വേര്‍പിരിഞ്ഞിരിക്കലും പതിവായപ്പോള്‍ ആരോ നിര്‍ദ്ദേശിച്ചിട്ടാണ് കൗണ്‍സലിംഗിന് വന്നത്.
കുറെ വിഷമങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് അവസാനിപ്പിച്ചു: ''ഒന്നും ശരിയാവാന്‍ പോകുന്നില്ല. അവളൊരിക്കലും മാറാന്‍ പോകുന്നില്ല. നന്നാവാനും പോകുന്നില്ല.''
ഞാന്‍ ചോദിച്ചു: ''അവരെ മാറ്റാന്‍ നിങ്ങളെന്തൊക്കെ ചെയ്തു?''
''ഞാനെന്താ ചെയ്യാത്തത്?'' അയാളുടെ ചോദ്യം. ''ഉപദേശിച്ചു, പരിഹസിച്ചു, ശിക്ഷിച്ചു. സാറെ എന്ത് ചെയ്തിട്ടും കാര്യമില്ല. ഇതങ്ങനെയുള്ള ഒരു ജനുസ്സാ.''
''ഇതൊക്കെ ചെയ്തിട്ടും അവര്‍ മാറിയില്ലെങ്കില്‍ ഇനി എന്തെങ്കിലും മാറ്റം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ? '' ഞാന്‍ ചോദിച്ചു.
ഉടനെ ഉത്തരം: ''ഇനി അതിന് മുതിരുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവാന്‍ പോണില്ല. ഉറപ്പാ.''
''അവരേതായാലും മാറില്ലെന്ന് ഉറപ്പായല്ലോ. നിങ്ങള്‍ക്ക് മാറാന്‍ പറ്റുമോ?'' എന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനു മുമ്പില്‍ അയാള്‍ കണ്ണ് തുറിച്ചുനോക്കി. ചോദ്യം അയാളുടെ ഉള്ളില്‍ തറച്ചിരിക്കണം. അയാള്‍ ആലോചിക്കുകയായിരുന്നു. എനിക്ക് അവളില്‍ മാറ്റമുണ്ടാക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എനിക്ക് എന്നില്‍ മാറ്റമുണ്ടാക്കുവാനാകുമോ? മാറ്റം എന്നില്‍ നിന്നാവട്ടെ എന്ന് അയാള്‍ തീരുമാനിച്ചു. അയാള്‍ ചോദിച്ചു: ''അതിനെന്താ ചെയ്യാ?''
ഞാന്‍ പറഞ്ഞു: ''എന്തൊക്കെ ചെയ്യാനാവുമെന്ന് നിങ്ങള്‍ തന്നെ കണ്ടെത്തുക.''
അയാള്‍ ആലോചിച്ചു. ചില മാറ്റങ്ങള്‍ക്ക് തയ്യാറായി. ഒരു ദിവസം അയാള്‍ സ്വന്തം മുറി വൃത്തിയാക്കി. ഒരു കാലത്തും ശ്രദ്ധിക്കാതിരുന്ന മേശപ്പുറം അടുക്കിവെച്ചു. ഭാര്യക്ക് സംശയം: ''ഇയാള്‍ക്കെന്തുപറ്റി?''
വൈകാതെ അയാള്‍ സ്വന്തം മുറിയില്‍ നിന്നും പുറത്തേക്കു വന്നു. തീന്‍ മുറിയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഭാര്യയെ അടുക്കളയില്‍ സഹായിക്കാന്‍ തുടങ്ങി. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഭാര്യ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ തോന്നി. അയാള്‍ പറയുന്നത് ഭാര്യയും ശ്രദ്ധിച്ചു തുടങ്ങി. ഒന്നിച്ചു പുറത്തേക്ക് പോകാന്‍ തുടങ്ങി. ബന്ധുജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഉല്ലാസ യാത്രക്കു പോയി. അതൊക്കെ മുടങ്ങിക്കിടപ്പായിരുന്നു.
അയാളിലെ മാറ്റം ഭാര്യക്ക് അത്ഭുതമായി.
പിന്നീട് ആഹ്ലാദമായി മാറി. അതവരെ സ്വയം ചിന്തിപ്പിക്കുവാനും അവരുടെ തന്നെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും കാരണമായി. അവര്‍ക്കിടയില്‍ ആശയവിനിമയം ഫലപ്രദമായി നടക്കാന്‍ തുടങ്ങി. ശാരീരിക ബന്ധം പോലും കൂടുതല്‍ ആഹ്ലാദകരമായിത്തുടങ്ങി. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുത്തു തുടങ്ങി. സംഘര്‍ഷത്തിന്റെ മഞ്ഞുമലകളുരുകി.
അഞ്ച് മാസം കഴിഞ്ഞ് എന്നോടൊപ്പമുള്ള എഴാമത്തെ സെഷനില്‍ അയാള്‍ പറഞ്ഞു: ''നന്ദിയുണ്ട് സന്തോഷം വീണ്ടെടുക്കാനായതിന്. സ്വസ്ഥത തിരിച്ചു തന്നതിന്. എല്ലാറ്റിനുമപ്പുറം ആരില്‍ നിന്നാവണം മാറ്റം എന്ന് എന്നെ ബോധ്യപ്പെടുത്തിയതിന്.''
വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ഒരു ശവപ്പറമ്പില്‍ ഒരു പുരോഹിതന്റെ ശവക്കല്ലറയില്‍ രേഖപ്പെടുത്തിയതിന്റെ സാരം ഇങ്ങനെ:
'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഈ ലോകം മാറ്റിമറിക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. ഞാന്‍ വലുതായപ്പോള്‍ മനസ്സിലായി, ഈ ലോകം മാറാന്‍ പോകുന്നില്ല. അപ്പോള്‍ ഈ ലോകം മുഴുവന്‍ മാറ്റിമറിക്കാന്‍ എനിക്ക് കഴിയില്ലെന്നും ഏറ്റവും ചുരുങ്ങിയത് എന്റെ ദേശത്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ശ്രമിക്കാമെന്നും ഞാന്‍ കരുതി. അതിനായി ശ്രമിച്ചു. അതും അസാധ്യമെന്ന് എനിക്ക് വഴിയെ മനസ്സിലായി. പ്രായമേറെ കഴിഞ്ഞപ്പോള്‍ എന്റെ കുടുംബത്തില്‍ നിന്നാവട്ടെ മാറ്റം എന്നു തീരുമാനിച്ചു പ്രവര്‍ത്തിച്ചു. എനിക്കടുപ്പമുള്ളതും ഏറ്റവും നന്നായിട്ടറിയുന്നതും കുടുംബമാണല്ലോ. വൈകാതെ ഞാനൊന്നറിഞ്ഞു: എനിക്കെന്റെ കുടുംബത്തെയും മാറ്റാന്‍ പറ്റില്ല. 'ലോകവും ദേശവും കുടുംബവും മാറില്ലെന്ന് മനസ്സിലാക്കിയ അയാള്‍ സ്മാരക ശിലയിലെ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ: 'ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ എന്നെയാണ് മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ഏതു കുടുംബത്തെയും, പിന്നീട് ദേശത്തെയും ലോകത്തെയും മാറ്റിയെടുക്കാന്‍ വഴിവെച്ചേനെ. ഈ തിരിച്ചറിവ് വരുമ്പോഴേക്ക് ഞാന്‍ മരണക്കിടക്കിയിലായിപ്പോയല്ലോ?' ശവക്കല്ലറയിലെ ഈ വലിയ കുറിപ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത് അത്ര ചെറിയ കാര്യമല്ല. ലോകം മാറ്റി മറിക്കാന്‍ ആശിക്കും മുമ്പെ നിങ്ങള്‍ സ്വയം ഉചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുക.
മാറ്റം ആരില്‍ നിന്നാവണം എന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നത്. നാം ഈ ലോകത്തിന്റെ തിന്മകള്‍ കണ്ട് എല്ലാം വെണ്‍മയുള്ളതാക്കാന്‍ ആഗ്രഹിക്കുന്നു. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും വര്‍ഗീയ വിഭാഗീയതയുടെയും ലോകം മാറ്റിയെടുക്കാന്‍ കൊതിക്കുന്നു. സ്വാര്‍ഥതയുടെയും ആര്‍ത്തിയുടെയും ചുറ്റുവട്ടത്തെ തിരുത്താനാശിക്കുന്നു. സമത്വത്തിന്റെ സന്തോഷത്തിന്റെ ഒരു മഹാബലിയുഗം പുലരാന്‍ പ്രാര്‍ഥിക്കുന്നു. അതിനായി തന്നാലാവുന്നത് ചെയ്യുന്നു. എന്നാല്‍ താന്‍ മാറാതെ ഈലോകം മാറില്ലെന്നത് അയാളറിയുന്നില്ല. കൊള്ളരുതായ്മയുടെയോ ആര്‍ത്തിയുടെയോ വിഭാഗീയതയുടേയോ സ്വാര്‍ഥതയുടെയോ ഘടകങ്ങള്‍ തന്നിലുണ്ടോ എന്ന് നാം പരിശോധിക്കുന്നില്ല. അത്രയൊന്നും എളുപ്പമല്ലാത്ത ഒരു ഭഗീരഥപ്രയത്‌നത്തിന് മുമ്പ് നമുക്ക് ചെയ്യേണ്ടിയിരുന്നത് തന്റെ തന്നെ മാറ്റമാണെന്ന് നാം കാണാതെ പോകുന്നു. നാം മാറുമ്പോള്‍ അത് മറ്റുള്ളവരുടെ കൂടി മാറ്റത്തിന് കാരണമായി തീരുമെന്നതാണ് വസ്തുത.
കോഴിക്കോട്ടെ പഴയ ഒരു സ്‌കൂളിലെ ഒരധ്യാപകനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. സ്‌കൂള്‍ വരാന്തയിലും ക്ലാസിലും നിലത്ത് കാണുന്ന കടലാസു തുണ്ടുകള്‍, ചണ്ടികള്‍ എന്നിവ പെറുക്കിയെടുത്ത് സ്വന്തം കീശയിലിട്ട് കൊണ്ടുപോകും. അധ്യാപകരുടെ മുറിയിലെ ചണ്ടികളിടാനുള്ള കൊട്ടയില്‍ നിക്ഷേപിക്കും. ആ അധ്യാപകന്‍ അങ്ങനെ ചെയ്യണമെന്ന് ഒരു വിദ്യാര്‍ഥിയോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു വിദ്യാര്‍ഥിയോടും പറയേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഒരധ്യാപകനില്‍ നിന്നാണ് മിഠായികടലാസോ മറ്റോ നിലത്തോ റോഡിലോ വലിച്ചെറിയരുതെന്ന് മനസ്സിലാക്കിയതെന്ന് മകന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. വീട്ടില്‍വന്ന് കീശയില്‍ നിന്ന് അവ മാറ്റുമ്പോഴാണ് ഞാനവനില്‍ നിന്നറിഞ്ഞത്. വര്‍ഷങ്ങളേറെ കഴിഞ്ഞും ഇന്നും അവനതൊരു ശീലമായി കൊണ്ടുനടക്കുന്നു. എവിടെയെങ്കിലും ഒരു പ്ലാസ്റ്റിക് കടലാസോ ചണ്ടിയോ വലിച്ചെറിയും മുമ്പെ ഞാന്‍ എന്റെ മകനെ ഓര്‍ക്കുന്നു. ഞാന്‍ എന്നെ നിയന്ത്രിക്കുന്നു.
സ്വയം മാറുന്നതിനെക്കുറിച്ച് ആലോചിക്കാത്ത അതിന് ശ്രമിക്കാത്ത, നാം മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും തിരുത്തുമ്പോള്‍ സ്വന്തം വീഴ്ചകള്‍ക്ക് ഒരു കവചം പണിയുകയാണ് നാമറിയാതെ ചെയ്യുന്നത്. അപ്പോള്‍ നമ്മള്‍ സ്വന്തം തിരുത്താനുള്ള കാര്യങ്ങള്‍ കാണാതെ പോകുന്നു. തിരുത്തലുകള്‍ നടക്കുന്നില്ല. എന്ന് മാത്രമല്ല, തിരുത്തപ്പെടാനുള്ള സാധ്യതകള്‍ പോലും നുള്ളിക്കളയുന്നു. അങ്ങനെ വരുമ്പോള്‍, പ്രിയപ്പെട്ടവരെ നമ്മളാശിക്കും വിധം മാറ്റിയെടുക്കാനുള്ള അവസരവും ഇല്ലാതാക്കുന്നു. ആരാദ്യം മാറ്റങ്ങള്‍ക്ക് വിധേയമാകും എന്ന പിടിവാശിയില്‍ ഇരുവരും മാറാത്ത ലോകത്ത് തന്നെ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെടുന്നു.
ബന്ധങ്ങളുടെ സുദൃഢത നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമ്പോഴാണ് ഉണ്ടാവുന്നത്. ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍, ഭര്‍ത്താവ് തിരിച്ചറിയേണ്ടതുണ്ട്. അവ പ്രാധാന്യം അനുസരിച്ച് നിറവേറ്റുന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുന്ന ഭര്‍ത്താവ്, ഭാര്യ തന്റെ പ്രതീക്ഷകള്‍ നിറവേറ്റട്ടെ എന്നിട്ട് ഞാന്‍ ചെയ്യേണ്ടത് ചെയ്യാം എന്ന് കരുതുന്നില്ല. അതിനായി ശ്രമിക്കുന്നു, അസാധ്യമായത് ബോധ്യപ്പെടുത്തുന്നു. അതേസമയം ഭാര്യയുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമ്പോള്‍ ഭര്‍ത്താവിന്റെ മോഹങ്ങള്‍ സഫലീകരിക്കാന്‍ ഭാര്യയും ശ്രമിക്കുന്നു. ഭാര്യ-ഭര്‍തൃ ബന്ധം ഫലപ്രദമാക്കുകയും, ആഘോഷമാക്കിമാറ്റുകയും ചെയ്യുന്നു. ബന്ധങ്ങള്‍ നമ്മളില്‍ പലരും ആഘോഷമാക്കി (celebrating relationship) മാറ്റാതെ പോവുന്നതിന്റെ കാരണം മാറ്റം മറ്റേയാള്‍ ആദ്യം നടത്തട്ടെ എന്ന് ശാഠ്യം പിടിച്ചിരിക്കുന്നത് കൊണ്ടാണ്. അങ്ങനെ കൈപിടിയിലൊതുങ്ങേണ്ട ചുറ്റുവട്ടം വഴുതിമാറുന്നു. നമ്മള്‍ നിസ്സഹായരായി പോകുന്നു. ഏറ്റവും പ്രിയപ്പെട്ടവരിലും എന്നും കൂടെയുള്ളവരിലും പോലും നമുക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. തൊടാനാവുമെന്ന് കരുതിയത് അകന്നു നില്‍ക്കുന്നതും, സ്വാധീനിക്കാനാവുമെന്ന് വിചാരിക്കുന്നത് തണുത്തുറഞ്ഞ് കിടക്കുന്നതും അതുകൊണ്ടാണ്.
ശേഷക്രിയ
1. നാം പലവിധ കാരണങ്ങളാല്‍ നമ്മുടെ തീരുമാനങ്ങളില്‍ ദൃഢീകരിക്കപ്പെട്ട് കിടക്കുന്നു. കുട്ടിക്കാലാനുഭവങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ചുറ്റുവട്ടത്തെ മറ്റു ഘടകങ്ങള്‍ തുടങ്ങിയ പലവിധ കാര്യങ്ങളില്‍ ഇത് സംഭവിക്കുന്നു. നമ്മുടെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റത്തിന് തടസ്സമാകുന്നത് നമ്മളെടുക്കുന്ന ഇത്തരം തീരുമാനങ്ങളാണ്.
2. സാഹചര്യങ്ങളും ബന്ധങ്ങളും എപ്പോഴും നമ്മില്‍ നിന്ന് മാറ്റം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അത് അതാത് നേരങ്ങളില്‍ തിരിച്ചറിയേണ്ടതുണ്ട്. ആത്മപരിശോധന നടത്തുമ്പോള്‍ അത് തിരിച്ചറിയാനാവുന്നു.
3. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനപരമായ ഒരു ഘടകം പരസ്പര പൂരകത്വമാണ്. കൊടുക്കുന്നവനെ തിരിച്ചുകിട്ടാനര്‍ഹതയും, വാങ്ങാന്‍ അവകാശവുമുള്ളൂ. മാറുന്നവനേ മറ്റുള്ളവരില്‍ നിന്ന് മാറ്റം പ്രതീക്ഷിക്കാനും പാടുള്ളൂ.
4. മറ്റുള്ളവരുടെ തെറ്റുകളില്‍ മാത്രം ശ്രദ്ധിക്കുന്നത് സ്വയം മാറാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തിന്റെ നല്ല വശങ്ങള്‍ നമ്മള്‍ എപ്പോഴും കാണുക. അതിനെക്കുറിച്ചാലോചിക്കുക.
5. മാറ്റം വരുത്തുന്നതിനെ പ്രതിരോധിക്കുന്ന നമ്മുടെ തന്നെ ആന്തരിക സംവിധാനങ്ങളെ മനസ്സിലാക്കുക. അവയെ നിയന്ത്രിക്കുകയോ നുള്ളിമാറ്റുകയോ ചെയ്താല്‍ നമ്മുടെ മാറാനുള്ള സന്നദ്ധത ശക്തമാകുന്നു.
6. സ്വയം വരുത്തേണ്ട തിരുത്തലുകള്‍ ഓരോ ബന്ധത്തിലും മുന്‍ഗണനാ ക്രമത്തില്‍ കണ്ടെത്തുന്നത് മാറ്റത്തിന്റെ ആദ്യപടിയാണ്. ഏറ്റവും കടുത്ത ബന്ധം, ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരം എന്നിവ പരിഗണിച്ച് മുന്‍ഗണന കണ്ടെത്താനാവുന്നതാണ്.
7. മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പ്രയോഗിക്കാം എന്ന് ചിന്തിക്കുക. വഴി കണ്ടെത്തുക.
8. നാം മാറാന്‍ തുടങ്ങിയാല്‍ അത് കൊട്ടിയാഘോഷിക്കാതിരിക്കുക. നമ്മുടെ മാറ്റത്തിനുള്ള തല്‍ഫലപ്രതിഫലം പ്രതീക്ഷിക്കാതിരിക്കുക. ഉടനെ നാം പ്രതീക്ഷിക്കുന്ന പ്രതിഫലം ചിലപ്പോള്‍ മറ്റുള്ളവരില്‍ നമ്മിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുക. നിബന്ധനകളോടെയുള്ള മാറ്റം ഉറച്ച മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ല.
9. മറ്റുള്ളവരില്‍ നമ്മളാശിക്കുന്ന മാറ്റങ്ങളുണ്ടാവുമ്പോള്‍ അതിനെപ്പോഴും നന്ദി പറയുക. അതിനാല്‍ നമുക്ക് ലഭിക്കുന്ന സന്തോഷം പ്രകടിപ്പിക്കുക.
Good article Anilkumar. Please keep writing.
ReplyDelete