ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 11, 2014

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

  ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം


ആത്മജ്ഞാനികൾക്ക് ബ്രഹ്മതത്വമായും അഭയാർത്ഥികൾക്ക് കല്പവൃക്ഷമായും അനഹങ്കാരികൾക്ക് ചിദ്രൂപമായും വേദവാദികൾക്ക് വേദാന്തപ്പൊരുളായും നിറഞ്ഞരുളുന്ന ശ്രീകൃഷ്ണപരമാത്മാവ് ജനാർദ്ദന സ്വരൂപത്തിൽ വിരാജിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം .

തൃശൂരിൽ നിന്ന് 26 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രം കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് . ക്ഷേത്രനിർമ്മാണം നടത്തിയത് വിശ്വകർമ്മാവാണെന്നാണ് ഐതിഹ്യം . 
ക്ഷേത്രത്തിലെ ആരാധനക്രമങ്ങൾ ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു

മേൽ‌പ്പത്തൂരും , പൂന്താനവും , വില്വമംഗലവും , കുറൂരമ്മയും അങ്ങനെ നിരവധി പേർ ഗുരുവായൂരപ്പന്റെ കരുണാകടാക്ഷങ്ങൾക്ക് പാത്രമായ കഥകൾ പ്രചാരത്തിലുണ്ട് .അഭയം തേടിയെത്തുന്നവർക്ക് തന്നെത്തന്നെ സമർപ്പിക്കുന്ന ആമ്നായപ്പൊരുളായ ഭഗവാനെ കാണാൻ പണ്ഡിത പാമരഭേദമില്ലാതെ ഭക്തജന സഹസ്രങ്ങളാണ് ഒഴുകിയെത്തുന്നത് .

 ഉത്തമ സന്തതിക്കു വേണ്ടി തന്നെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ച സുതപസ്സ് എന്ന പ്രജാപതിക്കും പത്നി പ്രശ്നിക്കും ബ്രഹ്മാവ് ഒരു മഹാവിഷ്ണു വിഗ്രഹം നൽകുന്നു. ഈ വിഗ്രഹത്തെ ഭക്തിയോടെ അർച്ചിച്ചതിന്റെ ഫലമായി ഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു . ഭഗവാനു തുല്യനായ പുത്രനുണ്ടാകണമെന്ന അഭ്യർത്ഥനയ്ക്ക് താൻ തന്നെ പുത്രനായി വരാമെന്ന് വിഷ്ണു വാഗ്ദാനം ചെയ്യുന്നു . മൂന്നു ജന്മം വിവിധ ഭാവങ്ങളിൽ അവരുടെ പുത്രനായി ജനിക്കാമെന്നാണ് ഭഗവാൻ വരം കൊടുത്തത് .ഒപ്പം ബ്രഹ്മാവിന്റെ പക്കൽ നിന്ന് ലഭിച്ച വിഗ്രഹം ഈ മൂന്നു ജന്മങ്ങളിലും പൂജിക്കാനുള്ള അവസരമുണ്ടാകട്ടെ എന്ന ആശീർവാദവും ദമ്പതികൾക്കു നൽകി .

 സനകാദി മുനികൾക്ക് ബ്രഹ്മതത്വം ഉപദേശിച്ച പ്രശ്നിഗർഭനാണ് ആദ്യജന്മത്തിലുണ്ടായ പുത്രൻ . രണ്ടാം ജന്മത്തിൽ കശ്യപനും അദിതിയുമായി വന്ന ദമ്പതികൾക്ക് വാമനൻ എന്ന പേരിൽ മഹാവിഷ്ണു അവതരിച്ചു .മൂന്നാമത്തെ ജന്മത്തിൽ അവർ വസുദേവ ദേവകിമാരായപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനെന്ന പേരിൽ പുത്രനായി അവതരിച്ചു മുൻ ജന്മങ്ങളിൽ പൂജിച്ചുപാസിച്ചിരുന്ന വിഗ്രഹം അവർക്ക് കൊടുത്തത് .ധൌമ്യ മഹർഷിയാണ്. അനന്തരം ദ്വാരകയിൽ സ്ഥാപിച്ച ഈ വിഗ്രഹത്തെ ദ്വാരക സമുദ്രത്തിലാണ്ട ശേഷം അവിടെ നിന്നും കണ്ടെടുത്തത് ദേവഗുരുവായ ബൃഹസ്പതിയും വായുവും കൂടിയാണ് .ഈ മഹനീയ വിഗ്രഹം പ്രതിഷ്ടിക്കാൻ ഭൂമണ്ഡലമാകെ ചുറ്റിനടന്ന ഗുരുവും വായുവും ശ്രീപരമേശ്വരന്റെ നിർദ്ദേശാനുസരണം വിഗ്രഹം പ്രതിഷ്ടിച്ച സ്ഥലമാണ് ഗുരുവായൂർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത് . 

 തക്ഷക ദംശനത്താൽ പിതാവായ പരീക്ഷിത്ത് മരണപ്പെട്ടതിൽ കോപിച്ച് പുത്രൻ ജനമേജയൻ സർപ്പ സത്രം നടത്തി നിരവധി നാഗങ്ങളെ യജ്ഞാഗ്നിയിൽ ആഹുതിചെയ്തു .അവസാനം തകഷകന്റെ ഊഴം വന്നപ്പോൾ ദേവഗുരുവായ ബൃഹസ്പതി സർപ്പസത്രം അവസാനിപ്പിക്കാൻ ജനമേജയനോട് ഉപദേശിച്ചു . ദേവഗുരുവിന്റെ ഉപദേശത്താൽ ജനമേജയൻ സത്രം അവസാനിപ്പിച്ചുവെങ്കിലും പിൽക്കാലത്ത് അതികഠിനമായ കുഷ്ഠരോഗം അദ്ദേഹത്തെ പിടികൂടി. അത്രി മഹർഷിയുടെ പുത്രനായ ആത്രേയൻ ജനമേജയനോട് ഗുരുവായൂരിൽ പോയി ഭജനമിരിക്കാൻ ഉപദേശിച്ചു .ഗുരുവായൂരിന്റെ മഹത്വത്തെക്കുറിച്ച് അന്വേഷിച്ച ജനമേജയന് ആത്രേയൻ പറഞ്ഞു കൊടുത്ത ഗുരുപവനപുര മാഹാത്മ്യത്തിലാണ് മേൽ‌പ്പറഞ്ഞ ഐതിഹ്യം അടങ്ങിയിട്ടുള്ളത്

 ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ മലയാളത്തിനു ലഭിച്ചത് നിരവധി സാഹിത്യകൃതികളാണ് . 

 മേൽ‌പ്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയവും പൂന്താനത്തിന്റെ കൃഷ്ണഗാഥയും അതിൽ പേരുകേട്ടതാണ് . ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കി മാനവേദൻ രാജ എഴുതിയ കൃഷ്ണഗീതികളിലൂടെയാണ് പിൽക്കാലത്ത് കൃഷ്ണനാട്ടം രൂപമെടുത്തത് . അത് പിന്നീട് രാമനാട്ടമെന്ന കലാരൂപം ആരംഭിക്കാൻ പ്രേരണ നൽകുകയും കഥകളി എന്ന വിഖ്യാത കലാരൂപം പിറവിയെടുക്കുകയും ചെയ്തു . 

 ഗുരുവായൂർ പുരേശനെ പ്രകീർത്തിച്ച് നിരവധി ഗാനങ്ങളും കീർത്തനങ്ങളും ഉണ്ടായിട്ടുണ്ട് . ഇതെല്ലാം എണ്ണിത്തീർക്കാൻ അനന്തനുമാവില്ലെന്നാണ് പണ്ഡിതമതം

 ഹന്ത ഭാഗ്യം ജനാനാം ....

No comments:

Post a Comment