വൈക്കംവടയാര് ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇനി അവശേഷിക്കുന്നത് ഒരുനാള്‍ മാത്രം. ആറ്റുവേല പഠിപ്പുരയില്‍ വെളിച്ചപ്പാടിന്റെയും ഭഗവതിയുടെയും തടിയില്‍ കൊത്തിയ രൂപങ്ങളും മറ്റും തയ്യാറായി കഴിഞ്ഞു .
ഇനി ചാട് അശ്വതി നാളില്‍ 18നാഴിക ഇരുട്ടുമ്പോള്‍ അഴിച്ചുവിടുന്നത് വരെ തട്ടും മുട്ടുംമായി ആരെങ്കിലും കാണും ചാടില്‍. കാരണം അനക്കമില്ലാതെ വെറുതെ ചാട് കിടക്കുവാന് പാടില്ലെന്നാണ് പഴമക്കാരുടെ വിശ്വാസം.
ആറ്റുവേല ഉത്സവത്തിനു ആറ്റുവേലക്കടവില്‍ 14ന് കൊടികയറിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.
19, 20 തീയതികളിലാണ് ആറ്റുവേല ഉത്സവം. *നാളെയാണ് (തിങ്കളാഴ്ച്ച)ലോക പ്രസിദ്ധിയാര്‍ന്ന ആറ്റുവേല.*
അന്നേദിവസം നദിയിലൂടെ ഒഴുകിയെത്തുന്ന ബഹുനില തട്ടുകളുള്ള ആറ്റുവേല ദര്‍ശിക്കാന്‍ വിവിധനാടുകളില്നിന്നായി പതിനായിരക്കണക്കിനു ഭക്തരാണ് എല്ലാവര്‍ഷവും വടയാര്‍ ക്ഷേത്രത്തിലും മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും വരവേല്‍ക്കുവാനും അമ്മയെ കണ്ട് അനുഗ്രഹം ഏറ്റുവാങ്ങുവാനും കാത്തുനില്‍ക്കുന്നത്. ആര്‍പ്പും കുരവയും മേളവും അരിയും പൂവും എറിയലും എല്ലാംകൊണ്ടും ഒരു മേളമാണ്.മൂവാറ്റുപുഴയാറിന്റെ ജലനിരപ്പിലൂടെ വട്ടം ചുറ്റി കറങ്ങി വരുന്ന ആറ്റുവേലയും അതിനു പുറകിലായി മേളങ്ങളോട് കൂടി ഗരുഡന്‍തൂക്കവും ഒന്നു കാണേണ്ട കാഴ്ച്ചതന്നെയാണ്.
ആറ്റുവേല പുറപ്പാട് കേരളത്തിലെ ക്ഷേത്രാചാരങ്ങളിലെ അപൂര്‍വമായ കാഴ്ചയാണ്. *കൊടുങ്ങല്ലൂരമ്മ അനുജത്തിയായ ഇളങ്കാവിലമ്മയെ കാണുന്നതിനും ഗ്രാമത്തിനാകെ അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനുമായി എത്തുന്നു എന്നാണു ഇവിടുത്തുകാരുടെ സങ്കല്പം.ഭക്തര്‍ താളവും മേളവുമായി കൊടുങ്ങല്ലൂരമ്മയെ സ്വീകരിക്കുന്ന ചടങ്ങാണ് ആറ്റുവേല.വിവിധ തട്ടുകളിലായുള്ള ആറ്റുവേലയുടെ നിര്‍മാണം ഗ്രാമത്തിന്റെ ഒന്നാകെയുള്ള പ്രാര്‍ഥനയുടെ പൂര്‍ത്തീകരണമാണ്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്ന ആഘോഷമാണ് ആറ്റുവേല. മാത്രവുമല്ല ആറ്റുവേല തൊഴുത് മടങ്ങിയാല്‍ ഐശ്വര്യവും രോഗമുക്തിയും കൈവരിയുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഭക്തര്‍ ആറ്റുവേലച്ചാടില് അരിയും പൂവും എറിയുന്നത് എന്നും പറയുന്നു.
ഏകദേശം 280 കേവുഭാരം വരുന്ന ആറ്റുവേലചാട് താങ്ങാന്‍ ശേഷിയുള്ള രണ്ടുകെട്ടുവള്ളങ്ങളാണ് ചാടിനെ കെട്ടിനിര്‍ത്താന്‍ ഇതിന് ഉപയോഗിക്കുന്നത്. ഇതിനു മുകളില്‍ പിണ്ടിപ്പൊഴുത് (അടിത്തറ) കെട്ടിയശേഷം ഒന്‍പതു കോല് നീളവും ഏഴ് അംഗുലം സമചതുരത്തിലുള്ള നാലു തേക്കുതടികളും ഇതിനായി ഉപയോഗിക്കുന്നു. അഞ്ചാമതായി മുഖമണ്ഡപത്തിന്റെ ഭാഗത്ത് ഏഴുകോല്‍ നീളവും ഏഴ് അംഗുലത്തിലുള്ള ഒരു തടിയും കെട്ടി ഇതിന്റെ മുകളില്‍ തേക്കിന് പലകകള്‍ നിരത്തി തട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഉയരമുള്ളതും വണ്ണമുള്ളതുമായ 18 തടിത്തൂണുകളില്‍ മൂന്നു നിലകളോടുകൂടിയ ക്ഷേത്രമാണു നിര്‍മിക്കുന്നത്. ഇതിനു 18 കോല് ഉയരവും 11 കോല് ചുറ്റളവുമാണ് ഉണ്ടാവുക. ഇതില്‍ ആയിരത്തിയെട്ട് ചുറ്റുവിളക്ക്, നൂറ്റിയെട്ട് തൂക്കുവിളക്ക്, വാഴക്കുലകള്‍ തുടങ്ങിയവ കൊണ്ടു വര്‍ണ പ്രപഞ്ചമൊരുക്കി തീര്‍ത്തിരിക്കുകയാണ്.മൂന്നു നിലകളിലുള്ള ആറ്റുവേലച്ചാടിനു മുകളില്‍ താഴികക്കുടത്തിന്റെ സ്ഥാനത്ത് ഒന്നര കോല് ഉയരത്തില്‍ വലിയ തീപ്പന്തമാണ് ആ സമയത്ത് തെളിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ തിടമ്പ് പ്രതിഷ്ഠ ശ്രീകോവിലിന്റെ മുകള്‍ ഭാഗത്താണ് വച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമെ സര്ണ്ണാഭരണ വിഭൂഷിണിയായ ദേവിക്കു പ്രത്യേകം തൂക്കുവിളക്കും,മറ്റു ഭാഗങ്ങളിലായി അനന്തശയനം, ഭീഷ്മര്‍, വെളിച്ചപ്പാട് എന്നീ ദാരുശില്പങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പാരമ്പര്യമായി കൈമാറിവരുന്ന ആചാരാനുഷ്ടാനങ്ങള്‍ പാലിച്ചാണ് കൊടിയേറ്റ് മുതലുള്ള ആറ്റുവേലയുടെ വിവിധ ചടങ്ങുകള്‍ നടക്കുക. അവകാശികളായ കുടുംബക്കാര്‍ക്കാണ് ആറ്റുവേലച്ചാടിന്റെ നിര്‍മ്മാണച്ചുമതല. വടക്കുംകൂര്‍ രാജവംശത്തിന്റെ കുടുംബദേവതയായ ഇളങ്കാവിലമ്മയുടെ ആറ്റുവേലച്ചാട് നിര്‍മ്മിക്കുന്നതിന് ദേശക്കാരില്‍ ചിലര്‍ക്ക് കരമൊഴിയായി ഭൂമിയും മറ്റ് ചില ആനുകൂല്യങ്ങളും രാജാവ് നല്‍കിയിരുന്നു. പിന്നീട് ഈ ആചാരങ്ങള്‍ ഓരോ കുടുംബത്തിലെയും ഇളമുറക്കാര്‍ ഏറ്റെടുത്തു നടത്തുകയാണ് ചെയ്യുന്നത്. അതി വിശേഷമേറിയതും പ്രസിദ്ധിയാര്‍ജിച്ചതുമായ ജലനിരപ്പിലൂടെയുളള മനോഹരമായ ആ കാഴ്ച കാണുവാനും ദേവിയുടെ എഴുന്നളളിപ്പിലൂടെ സര്‍വ്വഐശ്വര്യവും കടന്നുവരുവാനുമുളള ആ ഒരു നിമിഷത്തിനായി കാത്തിരിക്കുയാണ് ഇവിടുത്തെ ഭക്തജനങ്ങള്‍.
No comments:
Post a Comment