ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 3, 2018

മനോനിയന്ത്രണം




നിങ്ങളുടെ മനസ്സ് ഒരു മിനിട്ട് ചിന്താ ശൂന്യമാക്കാമോ? 

ചിന്തകളാണ് പ്രവർത്തിക്കാധാരം.ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങിനെ പ്രവൃത്തി നിയന്ത്രിക്കും.നിങ്ങൾ  മനസ്സിൻ നിയന്ത്രണത്തിലാണ്, മനസ്സ്   നിങ്ങളുടെ നിയന്ത്രണത്തിലല്ല.  അങ്ങിനെയുള്ള നിങ്ങൾ എങ്ങിനെ മറ്റുള്ളവരെ നിയന്ത്രിക്കും?


അസംശയം മഹാബാഹോ!
മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൌന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ(ഗീത-6-35)


സാരം : കൃഷ്ണൻ അർജ്ജുനനോട് :മനസ്സ്
കീഴടക്കുവാൻ കഴിയാത്തതും ചഞ്ചലവുമാ
ണെന്നതിൽ സംശയമില്ല,എങ്കിലും അഭ്യാ
സം(യോഗ)കൊണ്ടും വൈരാഗ്യം (ഇന്ദ്രിയനിയന്ത്രണം)കൊണ്ടുംഅതിനെ നിയന്ത്രിക്കാം


മനസ്സിനെ ജയിക്കാതെ ശാശ്വത ശാന്തിയും
ആനന്ദവും കൈവരിക്കാനാകില്ല.
മനോജയം നേടുവാനുള്ള അനുഷ്ഠാനങ്ങളാണ് ഹൈന്ദവസംസ്ക്കാരം നിർദ്ദേശിക്കുന്നത്.



ഹരി ഓം തത് സത്.

അമൃതവാണി

തുടക്കത്തില്‍ സാധകന്മാരും ചെയ്യുന്നത്‌ ഭരണാധികാരിയുടെ നയതന്ത്രജ്ഞത പിന്തുടരുകയാണ്‌. ഉള്ളിലെ ദേഷ്യവും അഹങ്കാരവും ഒന്നും പുറത്തുകാണിക്കാതെ, പണ്ട്‌ അങ്ങനെ പ്രകടിപ്പിച്ചപ്പോഴുണ്ടായ ഭവിഷ്യത്തുക്കള്‍ ഓര്‍ത്തുകൊണ്ട്‌, സാധകനും ആദ്യമാദ്യം സാഹചര്യങ്ങളോടും വ്യക്തികളോടും പ്രതികരിക്കാന്‍ പരിശീലിക്കണം. പക്ഷേ, ഒരു പ്രധാന വ്യത്യാസമുള്ളത്‌ സാധകന്റെ ലക്ഷ്യം മനസ്സിലുണ്ടായിട്ടുള്ള ദുഷ്ചിന്തകളെ കണ്ടെത്തി നശിപ്പിക്കലാണ്‌. എന്നാല്‍ ലോകവ്യവഹാരത്തില്‍ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്‌ തല്‍ക്കാലം ഏത്‌ വിധേനയും പ്രതിസന്ധികള്‍ തരണം ചെയ്യാനാണ്‌. ഞെരിഞ്ഞിലിന്‌ മുകളില്‍ മണ്ണുവാരിയിട്ട്‌ നടക്കാന്‍ വഴിയൊരുക്കുന്നതുപോലെയാണവരുടെ പ്രവൃത്തി. അതിന്റെ പരിണിതഫലത്തെക്കുറിച്ച്‌ അവര്‍ ചിന്തിക്കുന്നില്ല. വൈകാരിക ചിന്തകള്‍ അടിച്ചമര്‍ത്തുന്നതുകൊണ്ടുമാത്രം അവ നശിക്കുന്നില്ലെന്ന്‌ അവര്‍ അറിയുന്നില്ല. അവ മനസ്സിന്റെ ആഴങ്ങളിലേക്ക്‌ പോവുകയാണ്‌. അവിടെക്കിടന്നവ കിളിര്‍ക്കുന്നു. അബോധ മനസ്സിന്റെ ഇരുട്ടില്‍ അവയുടെ വേരുകള്‍ പടരുന്നു. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്‌ ഈ അധമവാസനകള്‍ തലപൊക്കുമ്പോള്‍ സാധാരണക്കാരന്‍ തകര്‍ന്നുപോകുന്നു. ഈ ഭൂതത്തെ താന്‍തന്നെ സൃഷ്ടിച്ചതാണെന്ന്‌ അപ്പോള്‍ അവന്‍ ഓര്‍ക്കുന്നില്ല. ആദ്യം മുതല്‍തന്നെ അവന്‍ മനസ്സിനെ കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരവസ്ഥവരുമായിരുന്നില്ല.


– മാതാ അമൃതാനന്ദമയീദേവി


തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം*



ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ദുർഗാ ദേവി ക്ഷേത്രമാണു തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാ ദേവി ക്ഷേത്രം.

Image result for തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ തലവൂർ ഗ്രാമത്തിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുന്നിക്കോട് - പട്ടാഴി പാതയിൽ കുന്നിക്കോട്ടു നിന്നും 3 കിലോമീറ്റർ മാറിയാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര മർദ്ദിനി ഭാവത്തിലുള്ള ദുർഗ്ഗയാണു ഇവിടുത്തെ പ്രതിഷ്ഠ.



പേരിനു പിന്നിൽ

തലവന്മാരുടെ ഊരായിരുന്നു തലവൂർ. ദാരികനിഗ്രഹം എന്ന തിരു കൊലയുടെ ശബ്ദം കേട്ട ഇടം എന്ന അർത്ഥത്തിൽ തൃക്കൊന്നമർക്കോട് എന്ന പേര് ലഭിച്ചത്. കോട് എന്ന സ്ഥലത്തിന് സ്ഥലം എന്നർത്ഥമുണ്ട്.


ദുർഗ്ഗ 

ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ രൗദ്ര രൂപമാണ് ദുർഗാദേവി.

മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ് വിശ്വാസം . പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗയെ കണക്കാക്കുന്നത്.



മൂലക്ഷേത്രം

തലവൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഭൂതത്താൻ മുകളിലാണ്. ക്ഷേത്രത്തോട് ചേർന്ന് കുന്നിൻ മുകളിലാണ് ഇത്. പണ്ട് ഘോരവനമായിരുന്ന ഇവിടെ ദേവീസാന്നിധ്യം ആദ്യം അനുഭവിച്ചറിഞ്ഞത് പുല്ലുപറിക്കാനെത്തിയ താഴ്ന്ന ജാതിയിൽ പെട്ടവരായിരുന്നു.
വലിയ കുന്നും ഘോരവനമുമായതിനാൽ ഇവിടെയെത്താൻ ഭക്തർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് താഴെ ക്ഷേത്രം പണിയുകയായിരുന്നു.


മറ്റു ഉപ ദേവാലയങ്ങൾ

ഗണപതി
മുരുകൻ
യക്ഷി നട
രക്ഷസ്സ്
സർപ്പക്കാവ് - നാഗരാജാവ്, നാഗയക്ഷി
യോഗീശ്വരൻ
നവഗ്രഹങ്ങൾ



പ്രധാന ചടങ്ങുകൾ

തലവൂർ പൂരം (കുംഭ മാസത്തിലെ പൂരം നാൾ)
തലവൂർ പൊങ്കാല (മകര മാസത്തിലെ ആദ്യ ഞായറാഴ്ച)
തൈപ്പൂയ മഹോത്സവം
നവരാത്രി ഉത്സവം-വിദ്യാരംഭം
ഷഷ്ഠി വ്രതം
നാരങ്ങാവിളക്ക് (മലയാളമാസത്തിലെ ആദ്യ ഞായറാഴ്ച)
വിളക്കുപൂജ (മലയാളമാസത്തിലെ അവസാന വെള്ളിയാഴ്ച)
രാമായണ മാസാചരണം (മണ്ഡലചിറപ്പ് മഹോത്സവം)
നവരാത്രി ഉത്സവം




തലവൂർ പൂരം

ചരിത്ര പ്രസിദ്ധമായ തലവൂർ പൂരം നടക്കുന്നതു ഈ ക്ഷേത്രത്തിലാണു്. കുംഭ മാസത്തിലെ പൂരം നാളിലാണു ഈ ഉത്സവം കൊണ്ടാടുന്നത്.
ദേവീക്ഷേത്രസന്നിധിയിൽ കുംഭമാസത്തിൽ നാട്ടുകാർ ഒത്തുകൂടി "കീഴ്പ്പതിവുപോൽ പതിവടിയന്തരങ്ങൾ നടത്തിക്കൊള്ളാം" എന്ന് പ്രതിജ്ഞ ചെയ്തു പിരിയുന്നതോടെയാണ് പൂരത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുക.
നാട്ടുപ്രമാണികളുടെ സാന്നിധ്യത്തിൽ തെക്കും വടക്കും ചേരികളുടെ പ്രതിനിധികളായി 12 പേർ വീതം ഇരു വശങ്ങളിലുമായി നിന്ന് കരവിളിച്ച് നടത്തുന്ന ചടങ്ങ് ആർപ്പുവിളികളും ആരവങ്ങളുമായി പിരിയുന്നു.
തുടർന്ന് ദേവി തന്റെ പിറന്നാളിന് നാട്ടുകാരെ ക്ഷണിക്കാനെത്തുന്നതാണ് പറയിടീൽ ചടങ്ങ്. ഉത്സവത്തിനും തിരുന്നാളിനും വരുന്ന ചെലവ് വഹിക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.
ധാന്യത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഒരു ഭാഗം അതിനുവേണ്ടി അവർ ദേവിക്ക് സമർപ്പിക്കുന്നു. നാടുകണ്ട്, 20ഓളം ദിവസം നീണ്ടതാണ് പറയിടീൽ ചടങ്ങ്. നാടുകണ്ട് തിരിച്ചെത്തുന്ന ദേവിക്കു മുൻപിൽ അധികം വൈകാതെ ഉത്സവം അരങ്ങേറുന്നു.



പത്തു ദിവസം നീണ്ട ഉത്സവത്തിന്റെ ആദ്യ ഏഴ് ദിവസം സപ്താഹാദികളാണ്. എട്ട്, ഒൻപത്, പത്ത് (മകം, പൂരം, ഉത്രം) ദിവസങ്ങളിലാണ് യഥാർത്ഥ ഉത്സവം അരങ്ങേറുന്നത്. പൂരം ദിവസം വമ്പിച്ച ഘോഷയാത്രയും, വെടിക്കെട്ടും അരങ്ങേറുന്നു. തലവൂർ ദേശത്തിന്റെ പ്രസിദ്ധി വർദ്ധിപ്പിച്ചതിൽ വെടിക്കെട്ടിന് നിർണ്ണായക സ്ഥാനമാണുള്ളത്.



മൈലം കിടങ്ങയിൽ ക്ഷേത്രങ്ങളുമായുള്ള ബന്ധം

ഒരു നേർവര വരച്ചാൽ മൂന്ന് ദേവി ക്ഷേത്രങ്ങൾ ഒരേ വരയിൽ. ദാരികനിഗ്രഹം തൃക്കൊന്നമർന്ന് കിടുങ്ങിയ കിടങ്ങയിൽ ക്ഷേത്രവും, തൃക്കൊന്നമർന്ന കേട്ട തൃക്കൊന്നമർക്കോടും തൃക്കൊന്നമർന്ന മൈലം തൃക്കൊന്നമർക്കാവുമാണ് ഈ ക്ഷേത്രങ്ങൾ.


തലവൂർ പ്രദേശത്തിന്റെ അടുത്തടുത്ത പ്രദേശങ്ങളായ കുന്നിക്കോട്, മൈലം എന്നിവിടങ്ങളിലാണ് ഈ ക്ഷേത്രങ്ങൾ. പരസ്പരം സഹോദരീഭാവമാണ് ഇവർ തമ്മിലെന്നാണ് പ്രാദേശികരുടെ വിശ്വാസം.
തലവൂർ പൂരം തിരുന്നാൾ ദിവസം രാത്രിയിൽ മൈലം ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞാൽ മേൽശാന്തി ഉടൻ നടയടച്ച് ദേവീസാന്നിദ്ധ്യത്തെ ആവാഹിച്ച് പൂരം കൂടാനായി തലവൂരെത്തുന്നു. രാത്രിയിലെ എഴുന്നെള്ളത്തിന് ദേവീതിടമ്പുമായി മൈലം ദേവിയുടെ സാന്നിദ്ധ്യത്തിൽ ആനപ്പുറത്ത് ഏറുന്നത് അദ്ദേഹമാണ്. തുടർന്ന് മൂലക്ഷേത്രമായ ഭൂതത്താൻ മുകളിലേക്ക് ഭൂതഗണങ്ങളുടെയൊപ്പം ആനയിക്കുന്നു. ഈ സമയം അനുജത്തി ഭാവത്തിൽ കിടങ്ങയിൽ ഭഗവതി തയ്യാറെടുപ്പുകളുമായി അവിടെയുണ്ടാകുമെന്നാണ് വിശ്വാസം.


ജ്യേഷ്ഠത്തി ഭാവത്തിൽ നിലകൊള്ളുന്ന തലവൂർ, മൈലം ഭഗവതികൾക്ക് പുറം തിരിഞ്ഞിരിക്കുന്ന വിഷമം കൊണ്ട് കിഴക്കോട്ട് മൂന്ന് തവണ പ്രതിഷ്ഠ നടത്തിയിട്ടും കിടങ്ങയിൽ ദേവി വടക്കോട്ട് ദർശനമായി ഇരുന്നു എന്നാണ് ഐതിഹ്യം


#ഭാരതീയചിന്തകൾ

Tuesday, January 2, 2018

ശുഭചിന്ത


സൃഷ്ടിയുടെ ഉറവിടം, ഓരോ അണുവിലും ഓരോ ജീവിയിലും നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിലും, ഉണ്ട്. അതു നിങ്ങള്‍ക്കു പ്രാപ്യമായാല്‍,നിങ്ങളുടെ ജീവിതം അത്ഭുതകരമായിത്തീരും.


The source of creation is in every atom, every creature, and every cell of your body. If you can access it, your life will be magical.

സദ്ഗുരു 

രാമായണത്തിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ - പുരാണകഥകൾ



അധാര്‍മികതയെ ചെറുക്കുക, ധാര്‍മികതയെ മുറുകെപ്പിടിക്കുക-ഇതാണ് രാമകഥയുടെ കാതല്‍. ദുഷ്ടശക്തികളെ നിഗ്രഹിച്ച് ധാര്‍മികതയുടെ ശാശ്വതവിജയം പ്രഘോഷിക്കാനാണ് രാമന്‍ അവതാരമെടുത്തത്.
രാമനില്‍നിന്ന് പുതിയ കാലത്തിനു പലതും പഠിക്കാനുണ്ട്. 


ഭരണകര്‍ത്താവെന്നനിലയില്‍ ജനാഭിപ്രായം മാനിക്കാന്‍ രാമന്‍ കാണിച്ച വ്യഗ്രത ഇതില്‍ പ്രധാനമാണ്. സീതയെക്കുറിച്ച് അപവാദം പ്രചരിച്ചപ്പോള്‍ അതില്‍ തെല്ലും വാസ്തവമില്ലെന്ന് രാമനു ബോധ്യമുണ്ടായിരുന്നു. പക്ഷേ, സ്വന്തം ഇഷ്ടംപോലും രാജ്യതാത്പര്യത്തിനായി രാമന്‍ ബലികഴിച്ചു.
രാജാവായിരുന്ന രാമനു വിമര്‍ശകരുടെ വായടപ്പിക്കാമായിരുന്നു. നമ്മുടെ ജനാധിപത്യക്രമത്തില്‍ ഭരണകര്‍ത്താക്കള്‍ ജനാഭിപ്രായത്തിനു നല്‍കുന്ന പരിഗണനകൂടി ഇതോടു ചേര്‍ത്തുവെക്കണം.



മറ്റൊന്ന് രാമന്റെ പിതൃസ്നേഹവും അനുസരണയുമാണ്. ദശരഥന്റെ വാക്കുപാലിക്കേണ്ടത് മകനായ തന്റെ കടമയാണെന്ന് രാമന്‍ വിശ്വസിക്കുന്നു. പിതാവിന്റെ ചെയ്തികളുടെ ന്യായാന്യായങ്ങള്‍ പരിശോധിക്കാനോ വിമര്‍ശിക്കാനോ ഈ സത്പുത്രന്‍ തയ്യാറാകുന്നില്ല. സ്വത്തിനെച്ചൊല്ലിയും മറ്റു നിസ്സാരകാര്യങ്ങളെച്ചൊല്ലിയും മാതാപിതാക്കളുമായി കലഹിക്കുന്നവര്‍ രാമന്റെ നിലപാടുകള്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും.


ഈശ്വരന്‍ നല്കുന്ന വരങ്ങള്‍ ലോകനന്മയ്ക്കായി വിനിയോഗിക്കണം. രാവണനും കുംഭകര്‍ണനുമൊക്കെ ലഭിച്ച വരങ്ങള്‍ ദുരുപയോഗം ചെയ്തു. അത് അവരുടെ നാശത്തിനു കാരണമായി.


നന്മചെയ്യുകയും ധാര്‍മികത മുറുകെപ്പിടിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ഈശ്വരാംശത്താല്‍ നിറയും. ദുഷ്‌കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവനില്‍ രാക്ഷസഭാവമാകും വളരുക.


ഈശ്വരകടാക്ഷവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ പ്രതിബന്ധങ്ങളുടെ വന്‍കടല്‍ തരണംചെയ്യാന്‍ മനുഷ്യനു കഴിയുമെന്നും രാമകഥ വെളിവാക്കുന്നു.

കലിയുഗവരദന്റെ മഹിമകളിലൂടെ - ദേവേന്ദ്രന്റെ ദുര്‍വ്വിചാരം ബ്രാഹ്മണര്‍ക്കുണ്ടായ ഗൗതമശാപം (44)



ayappa

ദയാപൂര്‍വ്വം മുനിമാരെ നോക്കി സന്തോഷത്തോടുകൂടി സൂതന്‍ വീണ്ടും പറഞ്ഞു തുടങ്ങി. ഹരിഹരസുതന്‍ വിജയബ്രാഹ്മണനോടു വീണ്ടും അരുളിചെയ്തു. ധരണീദേവന്മാര്‍ക്ക് (ബ്രാഹ്മണര്‍ക്ക്) ആസുരസ്വഭാവം വന്നു ചേരുന്നതിനുള്ള കാരണം ഞാന്‍ പറയാം. ഭവാന്‍ പരമഭക്തനാണ്. അതിനാല്‍ ഗുഹ്യമായതു പറയുവാന്‍ എനിക്ക് അശേഷം മടിയില്ല.

കൃതയുഗത്തില്‍ ബ്രാഹ്മണരെല്ലാവരും മൂന്നുവേദങ്ങളിലും പ്രവീണരായിരുന്നു. അതിനാല്‍ അവര്‍ ഫലേച്ഛയില്ലാതെ പരമാത്മാവില്‍ ചിത്തമുറപ്പിച്ച് യാഗങ്ങള്‍ നടത്തി. അതുമൂലം ഇന്ദ്രന്‍ മനസ്സില്‍ ചിന്തിച്ചു.

‘ഈ ബ്രാഹ്മണരെല്ലാം ഫലേച്ഛ കൂടാതെ യാഗം കഴിക്കുന്നു. ഇത് എത്രകാലം തുടരുമെന്ന് അറിയില്ല. പരമാത്മാവില്‍ ചിത്തമുറപ്പിച്ചു ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം അതനുഷ്ഠിക്കുന്നവരെ ബാധിക്കുകയില്ല എന്നാണ് ശ്രുതി പറയുന്നത്. അതിനാല്‍ ഇനി മഴ പെയ്യിക്കാതെ ഈ ഭൂമിയാകെ ഉണങ്ങിവരളാന്‍ ഇടയാക്കുന്നതാണ്.

ഭൂമി വരളുമ്പോള്‍ ഫലേച്ഛയോടു കൂടി ബ്രാഹ്മണര്‍ യാഗങ്ങളനുഷ്ഠിക്കും. അപ്പോള്‍ ദേവന്മാര്‍ക്കും ശക്തി വര്‍ദ്ധിക്കും. ഇങ്ങനെ വിചാരിച്ച് ഇന്ദ്രന്‍ മഴപെയ്യിക്കുന്നത് നിര്‍ത്തിവെച്ചു.

മഴയില്ലാതെ ആയതോടെ ജനങ്ങള്‍ കഷ്ടപ്പെട്ടു. ജലം തേടി ആളുകള്‍ പലദിക്കിലേക്കും സഞ്ചരിച്ചു. അക്കൂട്ടത്തില്‍ കുറച്ച് ബ്രാഹ്മണര്‍ സ്ത്രീജനങ്ങളോടും പശുക്കളോടും കിടാക്കളോടും കൂടി വനത്തില്‍ പ്രവേശിച്ചു. ജലം തേടി വനത്തിലൂടെ നടന്ന അവര്‍ വിസ്മയകരമായ ഒരു തപോപവം കണ്ടു. മഴയില്ലാത്തതു കൊണ്ടുള്ള ഒരു കുഴപ്പവും അവര്‍ അവിടെ കണ്ടില്ല.

അതികാരുണ്യവാനായ ഗൗതമമുനി വസിക്കുന്ന തപോപവനമാണ് അതെന്നു മനസ്സിലാക്കിയ ബ്രാഹ്മണര്‍ ആശ്രമകവാടത്തിനുള്ളില്‍ പ്രവേശിച്ചു. അതീവസന്തോഷത്തോടെ ഗൗതമമുനി ബ്രാഹ്മണരെ സ്വീകരിച്ചു പറഞ്ഞു. ഭൂസുരന്മാരേ, നിങ്ങള്‍ക്കു നമസ്‌ക്കാരം. ഇന്ദ്രന്‍ ചെയ്ത പ്രവര്‍ത്തികളേക്കുറിച്ചെല്ലാം ഞാന്‍  നേരത്തെ അറിഞ്ഞിരിക്കുന്നു. ഈ ആശ്രമസ്ഥലം നിങ്ങള്‍ക്കുള്ളതാണ്. ഇത് സ്വന്തമെന്നു വിചാരിച്ച് ഇവിടെ സുഖത്തോടെ വസിച്ചാലും.

മഴയില്ലാത്തതുകൊണ്ടുള്ള യാതൊരു കുഴപ്പങ്ങളും ഇവിടെ ബാധിക്കുകയില്ല. കുളങ്ങളില്‍ നല്ല തെളിനീരും, ചണം, ഗോതമ്പ്, വരിനെല്ല്, പശുക്കള്‍ക്കാവശ്യമായ പുല്ല്, വൃക്ഷങ്ങളില്‍ പാകമായ മധുരഫലങ്ങള്‍ എന്നിവയെല്ലാം ഇവിടെഉണ്ട്. ഫലമൂലാദികള്‍ പറിക്കും തോറും ഇരട്ടിയായിത്തീരും.  ഇവയെല്ലാം അനുഭവിച്ച് സുഖത്തോടെ വസിക്കുക. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്.

മുനിയുടെ കനിവേറുന്ന വാക്കുകള്‍ കേട്ട് സന്തുഷ്ടരായ ബ്രാഹ്മണര്‍ ആ തപോവനത്തില്‍ ശാന്തിയോടെ വസിച്ചു. ഇതു കണ്ട് കുപിതനായ ഇന്ദ്രന്‍ ഈര്‍ഷ്യയോടെ ചിന്തിച്ചു. എന്റെ പഴയ ശത്രുവായ ഗൗതമന്‍ ബ്രാഹ്മണരെ സംരക്ഷിക്കുന്നു.  ബ്രാഹ്മണരെ പറഞ്ഞിളക്കി ഗൗതമനെ ആശ്രമത്തില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നതാണ്.  ഇങ്ങനെ ചിന്തിച്ച് പുരന്ദരന്‍ ഒരു ബ്രാഹ്മണന്റെ വേഷം ധരിച്ച് താപസാശ്രമത്തില്‍ വസിക്കുന്ന ബ്രാഹ്മണരോടു ചേര്‍ന്നു. അവരില്‍ ഒരുവനായി തഞ്ചത്തില്‍ ഇന്ദ്രന്‍ കഴിഞ്ഞു.

ബ്രാഹ്മണര്‍ ഇന്ദ്രനെ തിരിച്ചറിഞ്ഞില്ല. കപടഭൂസരവേഷം ധരിച്ച ഇന്ദ്രന്‍ ഒരു ദിനം ദ്വിജന്മാരോടു പറഞ്ഞു: മനസ്സില്‍  കൃപവെടിഞ്ഞു ഗൗതമന്‍ ദിവസം തോറും ഓരോ പശുവിനെക്കൊല്ലും. പാചകം ചെയ്തു ഭക്ഷിക്കുകയും ചെയ്യുന്നു. ബ്രാഹ്മണരേ, നിങ്ങള്‍ ഇതറിയുന്നില്ലേ? നമ്മുടെ പശുക്കളുടെ കണക്കെടുക്കുമ്പോള്‍ എല്ലാം വ്യക്തമാകും. പശുക്കളെ കൊന്നുതിന്നുന്ന ആ കള്ളനെ പിടിച്ചു കെട്ടി അടിച്ചുകൊല്ലുവാന്‍ നാം അല്പം പോലും മടിക്കരുത്. ഈ വാക്കുകള്‍ കേട്ട് ഒരു വൃദ്ധബ്രാഹ്മണന്‍ ചെവിരണ്ടും പൊത്തി പറഞ്ഞു.

ശാന്തം പാപം, ശാന്തം പാപം. ഇനിയാരും ഇങ്ങനെയാന്നും പറയരുത്. മഹാതാപസനായ ഗൗതമന്‍ പശുക്കളെ കൊല്ലുമെന്ന് പറയുന്നവര്‍ക്ക് മഹാപാപം ഉണ്ടാകും. അതു കേട്ട് കപടഭൂസുരനായ ഇന്ദ്രന്‍ പറഞ്ഞു. പ്രഭാതത്തില്‍ മഹര്‍ഷി താമസിക്കുന്നിടത്തു ചെന്നാല്‍ ഗോവധം തെളിവോടുകൂടി കാണാം. അതില്‍പരമൊരു തെളിവ് വേണമോ? നിങ്ങള്‍ പറയുക.

കുറച്ചുനേരം ആലോചിച്ചശേഷം ബ്രാഹ്മണര്‍ പറഞ്ഞു. അതു കൊള്ളാം. നമ്മളെല്ലാവരും കൂടി നാളെ രാവിലെ മുനിയുടെ ആശ്രമത്തില്‍ ചെന്ന് പരിശോധിക്കുക തന്നെ. പിറ്റേ ദിവസം പ്രഭാതത്തില്‍ എല്ലാവരും കൂടി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. പതിവുപോലെ പ്രഭാതത്തില്‍ സ്‌നാനം ചെയ്ത് അര്‍ഘ്യം നല്‍കി ആശ്രമത്തിലെത്തി അഗ്നി ജ്വലിപ്പിച്ച് മഹര്‍ഷി ഹോമമാരംഭിച്ചു. ഈ സമയം ഇന്ദ്രന്‍ ഒരു പശുവിന്റെ രൂപമെടുത്ത് ആശ്രമത്തിലെത്തി ഹോമസാമഗ്രികളായ സ്രുവവും ജൂഹുവും ചവിട്ടിപ്പൊട്ടിച്ചു. പൂക്കളെല്ലാം ചവച്ചു തിന്നു.

മൂത്രമൊഴിച്ച് ഹോമാഗ്നി കെടുത്തി. മുഴുത്ത കൊമ്പുകള്‍ കൊണ്ട് മുനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മദം പൂണ്ടു നില്‍ക്കുന്ന പശുവിനെ മഹര്‍ഷി കൈകൊണ്ടു മെല്ലെ തള്ളിനീക്കി. ഉടന്‍ തന്നെ പിടച്ചുകൊണ്ട്  പശു നിലത്തു വീണു. കൈകാലുകള്‍ തടിച്ചു വീര്‍ത്തു. നാക്കു കടിച്ച് മരിച്ചപോലെ ആ പശു കിടപ്പായി.

ഇതേ സമയം അവിടെയെത്തിയ ബ്രാഹ്മണര്‍ ഗൗതമന്‍  പശുവിനെകൊന്നു എന്ന് വിചാരിച്ച് ശബ്ദമുണ്ടാക്കി മുനിയുടെ അടുത്തെത്തി. കഷ്ടം!കഷ്ടം! ഈ മഹാപാപിയുടെ കയ്യാല്‍ പാവം പശു മരിച്ചിരിക്കുന്നു. ബ്രാഹ്മണന്മാരേ, ഈ ഘാതകനായ മുനിയെ പിടിച്ചുകെട്ടുക.

അടിച്ചുകൊല്ലുവാന്‍ ഒട്ടം മടിക്കേണ്ടതില്ല. എന്നെല്ലാം ആക്രോശിച്ചു പാഞ്ഞടുത്ത ബ്രാഹ്മണരെ തന്റെ തപശക്തിയാല്‍ തടഞ്ഞു നിര്‍ത്തി ഗൗതമന്‍ അല്പനേരം ധ്യാനിച്ചു. തന്റെ ദിവ്യദൃഷ്ടിയാല്‍ നടന്നതെല്ലാം മനസ്സിലാക്കിയ മഹര്‍ഷി ഇന്ദ്രനെ തപശക്തിയാല്‍ തല്‍ക്ഷണം തന്റെ മുന്നിലെത്തിച്ചു. ക്രുദ്ധനായ ഗൗതമന്‍ ശപിച്ചു. എന്നില്‍ ഗോവധം എന്ന കുറ്റം ആരോപിച്ച നിനക്ക് രണ്ട് ബ്രഹ്മഹത്യകള്‍ക്കു തുല്യമായ മഹാപാപം ഉണ്ടാകും.

പുരന്ദരനെ ശപിച്ച ശേഷം മുനി ബ്രാഹ്മണരേയും ശപിച്ചു. പരമാര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവുള്ള നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതിനാല്‍ പരമാര്‍ത്ഥബോധരഹിതരായി അസുരതുല്യരായി മാറുന്നതാണ്.

ഉഗ്രമായ ഗൗതമശാപം കേട്ട് അതീവദു:ഖിതരായി കരഞ്ഞുകൊണ്ട് ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ചു. എഴുന്നേറ്റ് വീണ്ടും വീണ്ടും വന്ദിച്ച് അവര്‍ ക്ഷമയാചിച്ചു. അറിയാതെ ഞങ്ങള്‍ ചെയ്ത പിഴകളൊക്കെയും കരുണാപൂര്‍വ്വം അങ്ങ് ക്ഷമിക്കേണമേ.

മുനി തിലകമേ ജയിച്ചാലും. അങ്ങയുടെ പാദങ്ങള്‍ വിജയിക്കട്ടെ. ഇത്തരത്തില്‍ പറഞ്ഞു ശരണം യാചിച്ച് നിലകൊള്ളുന്ന ബ്രാഹ്മണരില്‍ കനിവുതോന്നി ഗൗതമ മഹര്‍ഷി പറഞ്ഞു. എന്റെ ശാപം വെറുതെയാവില്ല. എന്നിരുന്നാലും ശാപത്തിനു മോക്ഷം തരാന്‍ ശ്രമിക്കാം. ഇതല്ലാതെ മറ്റൊരു വഴിയില്ല. നിങ്ങളെല്ലാവരും കലിയുഗത്തില്‍ ഭൂസുരന്മാരായി ജനിക്കും. പരമാര്‍ത്ഥ ബോധമുണ്ടാകുവാന്‍ നിങ്ങള്‍ ഭാഷ്യം പഠിച്ചുകൊള്ളുക.

കലിയുഗത്തില്‍ മഹിമയേറുന്ന മലയാള ഭൂമിയില്‍ ശിവഗുരുവെന്ന ബ്രാഹ്മണന്റെ പുത്രനായി പുരാന്തകനായ മഹാദേവന്‍ ജനിക്കുന്നതാണ്. ശിവാംശജാതനായ ആ കുമാരന് ‘ശങ്കരന്‍’ എന്നായിരിക്കും നാമധേയം. ശങ്കരന്‍ ശ്രുതിഭാഷ്യത്തെ ശരിയായി രചിക്കും. അതു പഠിച്ചാല്‍ നിങ്ങള്‍ക്കേവര്‍ക്കും പരമാര്‍ത്ഥ ബോധം വരും.

പരമേശ്വരനെ ഭക്തിയോടെ ഭജിച്ചാല്‍ കലിയുഗം വരെ പഠിച്ചനുഷ്ഠിക്കാനുള്ള ഒരു ശാസ്ത്രം ഭഗവാന്‍ നിങ്ങള്‍ക്കു തരുന്നതാണ്. ഇത്രയും പറഞ്ഞ് ഗൗതമ മഹര്‍ഷി കൊടും തപസ്സാരംഭിച്ചു. ചപലമതികളായ ബ്രാഹ്മണര്‍ക്കുവേണ്ടി ഭഗവാന്‍ മഹാദേവന്‍ ‘കുളാര്‍ണ്ണവതന്ത്രം’ നിര്‍മ്മിച്ചു. ശിവനിര്‍ദ്ദേശാനുസരണം ബ്രാഹ്മണര്‍ തന്ത്രോക്തരീതിയില്‍ ആരാധനകള്‍നടത്തി കാലം കഴിച്ചു.



ജന്മഭൂമി:

കര്‍മ്മഫലത്തില്‍ ആഗ്രഹമില്ലാതാവാന്‍




ശ്രീ രാമഗീത

നാജ്ഞാനഹാനിര്‍ ന ച രാഗസംക്ഷയോ
ഭവേത്തതഃ കര്‍മ്മ സദോഷമുദ്ഭവേത്
തതഃ പുനഃ സംസൃതിരപ്യവാരിതാ
തസ്മാദ് ബുധോ ജ്ഞാനവിചാരവാന്‍ ഭവേത്.


അജ്ഞാനം ഇല്ലാതാക്കാന്‍ കര്‍മ്മത്തിനാവില്ല. ഇവിടെ ”അജ്ഞാനം” എന്നതിന് അതിന്റെ കാര്യമായ ”അഹന്ത”, അതായത് കര്‍ത്തൃത്വഭോക്തൃത്വാഭിമാനരൂപമായ ജീവഭാവം എന്നര്‍ത്ഥം. 

കര്‍മ്മരംഗത്തുനിന്ന് കര്‍ത്തൃത്വാഭിമാനത്തെ പൂര്‍ണമായും നീക്കാനാവില്ല. എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും കര്‍മ്മം കര്‍ത്തൃത്വാഭിമാനത്തെ പോഷിപ്പിക്കുകയേ ഉള്ളൂ എന്നതാണ് വാസ്തവം.



”ഞാനിതു ചെയ്യുന്നു” എന്ന അഭിമാനത്തോടെ കര്‍മ്മം ചെയ്യുന്ന ഒരാള്‍ക്ക് ആ കര്‍മ്മത്തിന്റെ ഫലം അനുഭവിക്കണമെന്ന ഇച്ഛ ഉണ്ടാവാതിരിക്കില്ല. കര്‍ത്തൃത്വബുദ്ധിയോടൊപ്പം ഭോക്തൃത്വബുദ്ധിയും ഉണ്ടാവുമെന്നര്‍ത്ഥം. ഇതു രണ്ടും ചേര്‍ന്നതാണ് ജീവഭാവം-അഹന്ത. ഈ മിഥ്യാഭിമാനങ്ങള്‍ കര്‍മ്മംകൊണ്ട് നീക്കാവതല്ല. കര്‍മ്മത്തിന് ”കര്‍മ്മഫല”ത്തെ ഉണ്ടാക്കാനേ കഴിയൂ. പുതിയൊരു കര്‍മ്മരംഗവും അതില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ പുതിയൊരു ശരീരവും ഉല്‍പ്പാദിപ്പിക്കുന്നു; വാസനകള്‍ തീര്‍ക്കാന്‍ പുതിയ കര്‍മ്മങ്ങളിലേര്‍പ്പെടേണ്ടിയും വരുന്നു. അതിനായി ഈ ജീവിതത്തില്‍തന്നെ ഒരു കര്‍മ്മരംഗത്തുനിന്ന് മറ്റൊരു കര്‍മ്മരംഗത്തേയ്ക്കും, മരണശേഷം മറ്റൊരു ദേഹത്തിലേക്കും നീങ്ങാന്‍ ജീവന്‍ നിര്‍ബന്ധിതനായിത്തീരുന്നു. ഇങ്ങനെ സംസാരത്തിലെ ചുറ്റിത്തിരിയല്‍ അനിവാര്യമായിത്തീരുന്നുവെന്നര്‍ത്ഥം.
അതിനാല്‍ വിവേകിയായ സാധകന്‍ അര്‍പ്പണഭാവത്തില്‍ സ്‌നേഹപൂര്‍ണമായ നിസ്വാര്‍ത്ഥസേവനം അനുഷ്ഠിച്ച് വാസനകളെ ശുദ്ധീകരിച്ചശേഷം ”പരമാത്മതത്ത്വത്തെക്കുറിച്ച് വിചാരം ചെയ്യണ”മെന്ന് ശ്രീരാമന്‍ ഉപദേശിക്കുന്നു. തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥത്തെ ഗാഢമായും നിഷ്ഠയോടേയും വിചാരം ചെയ്യലാണ് ജ്ഞാനസാധന. ഇത്-ആത്മവിചാരം-അവധാനതയോടെ ചെയ്യേണ്ടതാണ്.



നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ എപ്പോഴും സന്നിധാനം ചെയ്യുന്ന ആത്മാവ് കര്‍മ്മംകൊണ്ട് നേടേണ്ടതോ നേടാവുന്നതോ അല്ല. സര്‍വ്വേശ്വരനില്‍ ഭക്തിയോടെയും സഹജാതരില്‍ സ്‌നേഹത്തോടെയും സമൂഹനന്മയ്ക്കായി അനുഷ്ഠിക്കപ്പെടുന്ന നിസ്വാര്‍ത്ഥ സേവനം നമ്മുടെ വാസനകളെ തീര്‍ച്ചയായും ശുദ്ധീകരിക്കും. സാത്ത്വികവാസനകള്‍ വികസിക്കുമ്പോള്‍ മനോബുദ്ധികളുടെ ബഹിര്‍മുഖത്വം നീങ്ങുന്നു; നമ്മുടെ ചിന്ത ശാന്തവും ജാഗരൂകവും ഏകാഗ്രഹവുമാവാന്‍ തുടങ്ങുന്നു. ഇങ്ങനെ ശുദ്ധമായ ഹൃദയമാണ് ആത്മാനുസന്ധാനം ചെയ്യാന്‍ സമര്‍ത്ഥമായ ഉപകരണം.
ധ്യാന സാധന തുടരുന്നതിന്നനുസരിച്ച് അന്തരാത്മാവില്‍ ചിത്തമുറപ്പിക്കാനുള്ള, ധ്യാനനിഷ്ഠ നിലനിര്‍ത്താനുള്ള കഴിവ് വര്‍ധിച്ചുവരും. അതോടൊപ്പം പെരുകിപ്പെരുകിവരുന്ന ആനന്ദനിര്‍വൃതി സാധകന്നനുഭവപ്പെടുകയും ചെയ്യും.



ശ്രീരാമഗീതയുടെ അവതാരികയാണ് ഈ ശ്ലോകമെന്ന് പറയാം. കര്‍മ്മയോഗമനുഷ്ഠിച്ച് അന്തഃകരണം ശുദ്ധമാക്കിയ ഒരുത്തമസാധകനായി ശിഷ്യനായ ലക്ഷ്മണനെ ഗുരുവായ ശ്രീരാമന്‍ കാണുന്നു. അത്തരമൊരു സാധകന്‍ ഇനി അനുഷ്ഠിക്കേണ്ടത് ധ്യാനയോഗമാണ്. താഴ്ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടി തന്റെ അദ്ധ്യാപകനോടുള്ള സ്‌നേഹബന്ധം കാരണം, ക്ലാസുകയറ്റം കിട്ടിയാലും പുതിയ ക്ലാസിലേക്ക് പോവാന്‍ കൂട്ടാക്കുന്നില്ല. അപ്പോള്‍ രക്ഷിതാക്കള്‍ ഇടപെട്ട് അനുനയവാക്കുകളെക്കൊണ്ട് ബോധ്യപ്പെടുത്തിയോ ശാസിച്ചോ അവനെ അടുത്ത ക്ലാസില്‍ കൊണ്ടുചെന്നാക്കുന്നു.



പുതിയ അദ്ധ്യാപകനും പുതിയ കൂട്ടുകാരുമായി ഇടപഴകുന്നതുവരെ കുട്ടിക്ക് മനഃപ്രയാസമുണ്ടാവും. അതുപോലെ ഗുരുവിനും തന്റെ ശിഷ്യനെ സാവധാനം കര്‍മ്മരംഗത്തുനിന്ന് വിടുവിട്ട് ധ്യാനമാര്‍ഗത്തിലേക്ക് നയിക്കേണ്ട ചുമതലയുണ്ട്. ഇതുവളരെ സൂക്ഷിച്ചുവേണം ചെയ്യാന്‍. വിശ്വാസം തകര്‍ക്കാന്‍ എളുപ്പം കഴിയും; സൃഷ്ടിക്കുക എളുപ്പമല്ല.
ശ്രീരാമന് ലക്ഷ്മണന്റെ ഹൃദയം നന്നായറിയാം. അതിനാല്‍ ജീവനെ സംസാരബന്ധത്തില്‍നിന്ന് വിമുക്തനാക്കാന്‍ കര്‍മത്തിനാവില്ലെന്ന് ശ്രീരാമന്‍ വെട്ടിത്തുറന്ന് പറയുന്നു. ”ജ്ഞാനംകൊണ്ടേ അജ്ഞാനം നീങ്ങൂ. കര്‍മ്മം അജ്ഞാനത്തിന്റെ സന്തതിയാണ്, വിരോധല്ല.”

അമൃതവാണി

കാമക്രോധാദികളോടുള്ള സാധകന്റെ സന്ധിയില്ലാത്ത സമരം ഒന്നോ രണ്ടോ ദിവസംകൊണ്ട്‌ അവസാനിക്കുന്നതല്ല. പ്രതികൂലസാഹചര്യത്തില്‍ കോപം വരുന്നത്‌ അവന്‌ നിയന്ത്രിക്കേണ്ടിവരും. ചിലപ്പോള്‍ നിയന്ത്രണം വിട്ടുപോയെന്ന്‌ വരാം. അപ്പോള്‍ പിന്നീട്‌ പശ്ചാത്തപിച്ചു ദേഷ്യത്തിന്റെ മൂലകാരണം കണ്ടെത്തി പ്രാര്‍ത്ഥനകൊണ്ടോ ധ്യാനംകൊണ്ടോ അതിനെ മനസ്സില്‍ നിന്നും നിശേഷം തുടച്ചുനീക്കാന്‍ അവന്‍ ശ്രമിക്കണം. അവന്റെ ജീവിതത്തിന്റെ ലക്ഷ്യംതന്നെ മനസ്സിന്റെ രീതിയിലുള്ള സംശോധനമാണ്‌. ഇങ്ങനെ പ്രയത്നം നിരന്തരം തുടരുകയാണെങ്കില്‍ അവന്റെ അഹങ്കാരവും അതില്‍ നിന്നുളവാകുന്ന മറ്റു വൃത്തികളും ക്രമേണ ക്ഷയിക്കുന്നത്‌ അറിയാന്‍ കഴിയും. ആ യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ ഗുരുകൃപകൊണ്ട്‌ അവന്റെ അഹങ്കാരം പൂര്‍ണമായും നശിക്കുന്നു. അവന്‍ പൂര്‍ണത അടയുന്നു. അവിടെ മനസ്സ്‌ ഇന്ന്‌ നാം അറിയുന്ന രീതിയില്‍ ഇല്ലെന്നുതന്നെ പറയാം. ചിന്തകളില്ലെങ്കില്‍പ്പിന്നെ എന്തു മനസ്സാണ്‌? ആ അവസ്ഥയിലാണ്‌ ശരിയായ പ്രതികരണം സംഭവിക്കുന്നത്‌.

– മാതാ അമൃതാനന്ദമയീദേവി


വാഴപ്പള്ളി വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രം




കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളിയിൽ തിരുവെങ്കിടപുരം ക്ഷേത്രത്തിനു തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രം.

Related image


തെക്കുംകൂർ രാജാക്കന്മാരെ ആയോധന വിദ്യ അഭ്യസിപ്പിച്ച വായ്പൂര് കൈമളുടെ കളരി ആസ്ഥാനത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
ശ്രീ അദ്ധ്യാത്മരത്നം പി.കെ. ദിവാകരകൈമളുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്.




ഉപദേവി ദേവന്മാർ

ശ്രീ ഭദ്ര, ഗണപതി, ശാസ്താവ്, ശ്രീചക്ക്രം, ഗന്ധർവൻ, യക്ഷി, രക്ഷസ്, യോഗീശ്വരൻ.



ക്ഷേത്ര തന്ത്രികൾ

വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ താന്ത്രിക സ്ഥാനം വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രത്തിനു വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതിചെയുന്ന ചീരയ്കാട്ടു മനയിൽ ഉള്ള നമ്പൂതിരിമാർക്ക് ആണ്.
അവിടുത്തെ വാമനൻ നമ്പൂതിരി ആണ് മകര മാസത്തിലെ ഉത്രട്ടാതി നാളിൽ ക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്.




ക്ഷേത്ര പൂജകൾ

ദിവസേന രാവിലെയും വൈകിട്ടും പുറം വിളക്ക്.
പൌർണ്ണമി, പ്രദോഷം നട തുറക്കലും തുടര്ന്നുള്ള പൂജകളും.



വിശേഷ ദിവസങ്ങൾ

പ്രദോഷം പൂജകൾ
ഭഗവാൻ പത്നീസമേതനായി കൈലാസത്തിൽ നൃത്തം ചെയ്യുന്നു . ആസമയത്ത് വിഷ്ണു, ബ്രഹ്മാദി ദേവകൾ വാദ്യങ്ങളുമായി അകമ്പടി സേവിക്കുന്നു.

ഇതുകാണാൻ മുപ്പത്തിമുക്കോടി ദേവന്മാരും ആകാശത്തു വന്നിട്ടുണ്ടാവും എന്നാണ് വിശ്വാസം.

ഈ ദിവസം (ത്രയോദശി ദിവസം ചിലപ്പോൾ ദ്വാദശി നാളിലും) രാവിലെ മുതൽ രാത്രി വരെ പൂജകൾ നടത്താറുണ്ട്.

രാവിലെ നിർമാല്യം, അഭിഷേകം,നിവേദ്യം, ഗണപതി ഹോമം, ഉഷഃപൂജ യോട് കൂടി നട അടയ്ക്കുന്നു.

തുടർന്ന് വൈകിട്ട് നട തുറന്നു വിളക്ക്, അതിനുശേഷം പ്രധാന അഭിഷേകം ദീപാരാധനക്കു മുൻപായി നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നു. ഈ സമയം പ്രധാന വഴിപാടുകൾ ആയ ചുറ്റുവിളക്ക് , 9 തട്ടോടു കൂടിയ കരിങ്കല്ല് വിളക്കുകൾ തെളിയിക്കൽ. തുടർന്ന് ദീപാരാധന. അതിനു ശേഷം ശ്രീ ഭദ്രാ പാർവതി ദേവി പ്രീതിക്ക് തിടപള്ളിയിൽ മഹാ ഭഗവതി സേവ അർച്ചന നടക്കുന്നതാണ്.




പ്രതിഷ്ഠദിനമഹോത്സവം

മകര മാസത്തിലെ ഉത്രട്ടാതി നാളിൽ [ജനുവരി - ഫെബ്രുവരി ]ആണ് വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനമഹോത്സവം.

പ്രതിഷ്ഠദിനമഹോത്സവ പൂജകൾ

രാവിലെ
6.00- നു നട തുറപ്പ്
മഹാ ഗണപതിഹോമം
ഉഷ:പൂജ
വളരെയേറെ പ്രാധാന്യമുള്ള കലശം എഴുന്നള്ളിപ്പും അഭിഷേകം
വിശേഷാൽ പൂജ
വിശേഷാൽ യോഗീശ്വരൻ, നഗത്താൻ മാർക്കുള്ള പൂജകൽ.
പ്രധാന പ്രസാദം ആയ അരവണ പായസം, പാൽപായസം, പടച്ചോറ് നേദ്യങ്ങൾ


വൈകിട്ട്
വലിയ വിളക്ക് തെളിയിക്കൽ [പുറം വിളക്ക് , ചുറ്റു വിളക്കുകൾ, കല്ലുവിളക്ക് ]
വിശേഷാൽ മഹാ ദീപാരാധന
വെടികെട്ട്
അത്താഴ പൂജ
പ്രധാന പ്രസാദം ആയ കടും പായസം , ഉണ്ണിയപ്പം നേദിക്കുക
മഹാ ഭഗവതി സേവ
നട അടപ്പ്



അന്നേ ദിവസം വൈകിട്ട് ഭക്തിഗാനസുധ , സംഗീത സദസ്സ് ,എന്നിവയും നടത്താറുണ്ട് ആണ്.


ശിവരാത്രി ദിന പൂജകൾ


കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്ത) ചതുർദ്ദശിയും ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രങ്ങളിലേതേങ്കിലുമൊന്നും ചേർന്നുവരുന്ന ദിവസമാണ് 'മഹാശിവരാത്രി' ആഘോഷിക്കുന്നത്.
അന്നേ ദിനം ക്ഷേത്രത്തിൽ രാത്രിയിൽ അഷ്ടാഭിഷേകം നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, തൈര്, നെയ്യ്, തേൻ, എണ്ണ, കരിമ്പിൻ നീര്, കളഭം തുടങ്ങിയവ ഉപയോഗിക്കുന്നു.



രുക്മിണി സ്വയംവര ഘോഷയാത്ര

വർഷത്തിൽ രണ്ടു തവണ അടുത്തുള്ള വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം , തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം ക്ഷേത്രങ്ങളിൽ നിന്നും ഭാഗവത സപ്താഹത്തോട് അനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ നടക്കൽ നിന്നാണ് പുറപെടുന്നത്.


മീനഭരണി ഉത്സവം - തിരുവായുധം എഴുന്നെള്ളിപ്പ്




മോർക്കുളങ്ങര ദേവി

വായ്പൂര് കൈമളുടെ കളരിയിലെ പ്രധാന ദേവത മോർക്കുളങ്ങര ശ്രീ പൊർക്കലി ഭഗവതിയാണ്.

വായ്പൂര് കൈമളുടെ തറവാട്ടിലെ അറയ്ക്കകത്ത് ഇന്നും മോർകുളങ്ങര ശ്രീ ഭദ്രകാളി ദേവിയുടെ ആവാസവും വരത്ത് പോക്കും ഉണ്ടെന്നു വിശ്വസിച്ചു പോരുന്നു.


എല്ലാ കൊല്ലവും മീന മാസത്തിലെ ഭരണി നാളിൽ മോർക്കുളങ്ങര ശ്രീ ഭഗവതി തിരുവായുധം എഴുന്നെള്ളിച്ച് വായ്പൂര് തറവാട്ടിലെ അറയ്ക്കകത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നു.


#ഭാരതീയചിന്തകൾ

Monday, January 1, 2018

ശുഭചിന്ത



നല്ല ശീലങ്ങള്‍, ചീത്ത ശീലങ്ങള്‍ എന്നൊന്നുമില്ല. ശീലം എന്നാല്‍ ബോധപൂര്‍വമല്ലാതെയാണു ജീവിക്കുന്നത് എന്നര്‍ത്ഥം.


There is no such thing as good habits and bad habits. Habit means living life without awareness.

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം : പന്ത്രണ്ടാം; അദ്ധ്യായം വിജയബ്രാഹ്മണ ചരിതം (37 )



എത്രയും അത്ഭുതകരമായ ഭൂതേശമാഹാത്മ്യം സൂതന്‍ ആദരവോടുകൂടി വീണ്ടും പറഞ്ഞുതുടങ്ങി.


sree-ayyappan






അഗസ്ത്യമഹര്‍ഷിയുടെ വാക്കുകള്‍കേട്ട് പന്തളരാജാവ് വന്ദിച്ചു ചോദിച്ചു. മഹര്‍ഷേ, കുംഭദള തീര്‍ത്ഥം എവിടെയാണ്? കുംഭസംഭവനായ അങ്ങ് അതിന്റെ ഉത്ഭവത്തെക്കുറിച്ചു പറഞ്ഞുതന്നാലും. ഭൂതനാഥന്റെ പൂജാവിധിയും ഭവാന്‍ എന്നോടു പറയണം. പമ്പയുടെ മാഹാത്മ്യവും എനിക്കു തൃപ്തിവരാനായി പറയണം. ഭൂതനാഥനെ പ്രതിഷ്ഠിക്കുവാന്‍ ഏതുവിധത്തിലാണു ക്ഷേത്രം പണിയേണ്ടതെന്നും ഭൂതനാഥനെ പ്രതിഷ്ഠിക്കുവാന്‍ യോഗ്യനായി ഭൂമിയില്‍ ആരാണുള്ളതെന്നും കനിവോടെ അരുളിചെയ്താലും. അങ്ങല്ലാതെ എനിക്ക് ഒരു ഗുരുനാഥനില്ല.



രാജശേഖരനൃപന്റെ വാക്കുകള്‍കേട്ട് സാമോദം അഗസ്ത്യമഹര്‍ഷി പറഞ്ഞു. ഭൂപതേ, കേട്ടുകൊള്ളുക. സ്വര്‍ണ്ണനിര്‍മ്മിതമായ ആലയത്തില്‍ വസിക്കുന്ന ഭൂതാധിനാഥനെ ദേവന്മാര്‍ ഭക്തിയോടുകൂടി ആകാശഗംഗയിലെ ജലം കൊണ്ട് നിത്യവും അഭിഷേകം ചെയ്യുന്നു. ആ അഭിഷേകതീത്ഥംഒന്നായൊഴുകിവരുന്ന തീര്‍ത്ഥത്തെയാണു കുംഭദളമെന്നു വിളിക്കുന്നത്(കുമ്പളത്തോട്). കംഭദളതീര്‍ത്ഥം ഉത്ഭവിക്കുവാന്‍ ഒരു കാരണമുണ്ട്. രാജന്‍, ഞാനതു ചുരുക്കിപ്പറയാം.കേള്‍ക്കുക. പണ്ട് പാണ്ഡ്യദേശത്ത് വിജയന്‍ എന്നൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗൃഹത്തില്‍ മഹാലക്ഷ്മി ആനന്ദത്തോടെ വസിച്ചിരുന്നു.



സമ്പത്ത് വര്‍ദ്ധിച്ചുവര്‍ദ്ധിച്ചുവന്നുവെങ്കിലും സന്താനങ്ങളില്ലാത്തതിന്റെ ദുഃഖം വിജയബ്രാഹ്മണനെ സദാ അലട്ടിയിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ സമ്പത്തു മുഴുവന്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ചിലവഴിച്ചു. അനപത്യദുഃഖത്താല്‍ വിഷണ്ണനായഅദ്ദേഹം അവശേഷിച്ച അല്പം സ്വത്തുകൊണ്ട് കാലംകഴിച്ചു.


ദോഷരഹിതനായ വിജയദ്വിജന്റെ വീട്ടില്‍ ഒരുദിവസം സന്ധ്യയ്ക്ക് ഒരു ഭിക്ഷു വന്നുചേര്‍ന്നു. വിജയന്‍ ആദരപൂര്‍വ്വം ഭിക്ഷുവിനെ പൂജിച്ചു. പൂജയില്‍ സന്തുഷ്ടനായ ഭിക്ഷു പറഞ്ഞു: പുത്രനെ ലഭിക്കുവാന്‍ അങ്ങ് അതിയായി ആഗ്രഹിക്കുന്നുവെന്ന് ഞാനറിയുന്നു. അതിനുള്ള ഒരുപായം ഞാന്‍ പറഞ്ഞുതരാം. ശിവനും വിഷ്ണുവും എന്നല്ല സമസ്തദേവകളും ഒന്നായവതരിച്ചിട്ടുള്ള താരകബ്രഹ്മത്തിനെ സ്മരിച്ചാല്‍ ഭവാന്റെ സങ്കടങ്ങളൊക്കെയും നീങ്ങും.


മൂന്നുലോകങ്ങളിലുള്ളവര്‍ക്കും ശോകരോഗം ശമിപ്പിക്കുവാനുള്ള ഔഷധമാണു താരകബ്രഹ്മോപാസന. ആര്യതാതനായ ഭഗവാന്റെമന്ത്രം ധ്യാനിച്ച് അങ്ങ് നേരെ വടക്കുപടിഞ്ഞാറ് ദിക്കിലേക്കു പോവുക. വഴിയില്‍ ഒരുവലിയ മല കാണാം. ആ മലകയറി സധൈര്യം നടക്കുക. നടന്ന് ഒടുവില്‍ പമ്പയാകുന്ന പുണ്യതീര്‍ത്ഥത്തിലെത്തും. അവിടെ തീര്‍ത്ഥസ്‌നാനം ചെയ്ത് സന്തോഷപൂര്‍വ്വം നദിയുടെ വടക്കുദിക്കില്‍ ചെല്ലുക. പുണ്യവതിയായ ശബരി തപസ്സുചെയ്യുന്ന പുണ്യസ്ഥലം കണ്ടുവന്ദിക്കുക. അവിടെ തപം ചെയ്തുവാഴുന്ന ശബരിയെ ഭക്തിയോടെ പ്രദക്ഷിണം ചെയ്തു വന്ദിക്കുക. ധന്യയായ ശബരിതപസ്വിനി അങ്ങയുടെ വാഞ്ചിതങ്ങള്‍ സഫലമാകുവാനുള്ളവഴി പറഞ്ഞുതരുന്നതാണ്. ഇത്രയും പറഞ്ഞ് വിജയ
ദ്വിജന്‍ നല്‍കിയ ഭിക്ഷ കഴിച്ച് ഭിക്ഷു അന്ന് അവിടെ വസിച്ചു. പിറ്റേദിവസം ബ്രാഹ്മണനെ അനുഗ്രഹിച്ച ശേഷം ഭിക്ഷു യാത്രയായി.



ഭിക്ഷു പറഞ്ഞുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ച് വിജയബ്രാഹ്മണന്‍ പമ്പാതീരം കടന്ന് ശബരിയെക്കണ്ടു വന്ദിച്ചു. ബ്രാഹ്മണനെക്കുറിച്ചെല്ലാം അറിയുന്നവളായ ശബരി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു. വിഭോ, അങ്ങയുടെ വൃത്താന്തമെല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു.


അങ്ങേയ്ക്ക് പുത്രനുണ്ടാകും. അതില്‍ സംശയമില്ല. ഇവിടെ നിന്ന് അല്പം വടക്കോട്ടുചെന്നാല്‍ ഒരു ജലധാര കാണാം ആ ജലധാരയില്‍ ഒരുതവണ സ്‌നാനം ചെയ്താല്‍ അങ്ങയുടെ ആഗ്രഹങ്ങളെല്ലാം സാധിക്കും. ആ ജലപ്രവാഹത്തിന്റെ ശക്തിമൂലം അടുത്തുചെല്ലുന്നവര്‍പോലും അകലത്തേയ്ക്കു മാറ്റപ്പെടും. താരകബ്രഹ്മമൂര്‍ത്തിയുടെ അഭിഷേകതീര്‍ത്ഥമാണത്. ആ തീര്‍ത്ഥംഅല്പം ദൂരെ നിന്നു ശേഖരിക്കുവാന്‍ ഞാന്‍ നല്‍കുന്ന ഒരുകുംഭം വാങ്ങി അവിടേയ്ക്കു പോവുക.



ജലം ഭൂമിയില്‍വീണുചിതറുന്നതിനു മുന്‍പേ അതു കുടത്തില്‍ വാങ്ങിക്കുക. ഭൂമിയില്‍ മര്‍ത്യര്‍ക്ക് ഉപകാരത്തിനായും പാപനാശത്തിനായും ആ പുണ്യതീര്‍ത്ഥം മാറുന്നതിന് അങ്ങ് കാരണമായിത്തീരും. അങ്ങേയ്ക്ക് അതുല്യമായ കീര്‍ത്തിയും വന്നുചേരും. ഇത്രയും പറഞ്ഞ് ശബരി ഒരു മണ്‍കുടം ബ്രാഹ്മണനു നല്‍കി.


ശബരിയെ തൊഴുത് വിജയബ്രാഹ്മണന്‍ കുംഭം സ്വീകരിച്ചു. കുംഭവുമായി ബ്രാഹ്മണന്‍ ജലധാരയ്ക്ക് അരികിലേക്കു നടന്നു. തീര്‍ത്ഥപ്രവാഹത്തെ കുടത്തിലേക്കു സ്വീകരിക്കുവാനായി താരകബ്രഹ്മമന്ത്രം ജപിച്ച് അല്പം ദൂരെ നിന്ന് വിജയന്‍ കുംഭം നീട്ടി. ജലപ്രവാഹത്തിന്റെ ശക്തിയാല്‍ കുഭം ദളങ്ങളായി തകര്‍ന്നുവീണു. ഭൂമിയില്‍ പതിച്ച മണ്‍കഷ്ണങ്ങള്‍ വന്‍ പാറകളായി പരിണമിച്ചു. ആ പാറകള്‍ക്കു നടുവില്‍ ഒരു ഗര്‍ത്തം (കുഴി) രൂപപ്പെട്ടു. ഉടന്‍ തന്നെ ജലപ്രവാഹത്തിന്റെ ശക്തികുറഞ്ഞു.



മന്ദംമന്ദം തീര്‍ത്ഥ ജലം പ്രവഹിച്ചുതുടങ്ങി. ഈ കാഴ്ചകളെല്ലാം കണ്ട് വിസ്മയിച്ച ബ്രാഹ്മണന്‍ ശബരിയുടെ തപസ്സിന്റെ ശക്തിയെക്കുറിച്ചു ചിന്തിച്ച്താരകബ്രഹ്മത്തെ സങ്കല്പിച്ച് ആ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു. സങ്കടങ്ങളെല്ലാം ഒഴിഞ്ഞ് വിജയന്‍ കൃതാര്‍ത്ഥനായി. ആ സമയത്ത് ബ്രാഹ്മണന്റെ ശരീരത്തില്‍നിന്നും കറുത്ത നിറത്തിലുള്ള നിരവധി പക്ഷികള്‍ ഉത്ഭവിച്ചു പറന്നുയര്‍ന്നുതുടങ്ങി. എന്നാല്‍ അല്പദൂരം പിന്നിടുന്നതിനു മുമ്പ് ഇരുചിറകുകളും കരിഞ്ഞ് അവ ഭൂമിയില്‍വീണു പിടഞ്ഞുമരിച്ചു. ഈ കാഴ്ചകള്‍ കണ്ട ദേവകള്‍ സന്തോഷപൂര്‍വ്വംആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി. താരകമൂര്‍ത്തിയുടെ അഷ്ടാക്ഷര മന്ത്രം (ഓംപരായഗോപ്‌ത്രേ നമഃ:) ജപിച്ച്കണ്ണു ചിമ്മിത്തുറന്ന വിജയബ്രാഹ്മണന്‍ തന്റെമുന്നില്‍ ഒരു ബാലകനെ കണ്ടു.



നീലത്താമരയിതളുകള്‍ പോലെ പ്രശോഭിക്കുന്ന കോമളസ്വരൂപനും കോടിക്കണക്കിനു കാമദേവന്മാരുടെ സൗന്ദര്യംഒന്നുചേര്‍ന്ന ശരീരത്തോടുകൂടിയവനും ബാണവും ധനുസ്സും കയ്യില്‍ ധരിച്ചവനും കാരുണ്യത്തിന് വാസഗേഹമായവനും ചന്ദ്രബിംബസമാനമായമുഖത്തോടുകൂടിയവനും മനോമോഹനനുമായ ബാലകനെ കണ്ട് വര്‍ദ്ധിച്ച ഭക്തിയോടെ ഉത്തമനായ ആ ബ്രാഹ്മണന്‍ സാഷ്ടാംഗം നമസ്‌കരിച്ചു.


ആനന്ദം മൂലംകണ്ണുനീര്‍ പൊഴിച്ച് വേദമന്ത്രങ്ങളാല്‍ ഭൂതനാഥനെ അദ്ദേഹം സ്തുതിച്ചുതുടങ്ങി. ആദ്യം പുരുഷസൂക്തത്താലും തുടര്‍ന്ന് രുദ്രസൂക്തങ്ങളാലും ‘നന്ദാമഹേ’ ഇത്യാദി മന്ത്രങ്ങളാലും ശാന്തിപാഠങ്ങളാലും ഭൂതേശസഹസ്രനാമത്താലും ആദരപൂര്‍വ്വം വിജയഭൂസരന്‍ താരകബ്രഹ്മമൂര്‍ത്തിയെ സ്തുതിച്ചുവന്ദിച്ചു. തന്റെമുന്നില്‍ തൊഴുതു നില്‍ക്കുന്ന ഭൂസുരനെകണ്ട് ഭൂതേശനായ ജഗന്നാഥന്‍ അരുള്‍ചെയ്തു. മഹാമതേ, അങ്ങയുടെ ഭക്തിയില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. ചേതോഭിലാഷം എന്തെന്നു പറയുക. ഞാന്‍ അതു നല്‍കുന്നതാണ്.


ആയിരം സൂര്യന്മാരുടെ ശോഭയോടെ പ്രകാശിക്കുന്ന തേജോമയനായ ധര്‍മ്മശാസ്താവിന്റെ വാക്കുകള്‍കേട്ട് ഉള്ളില്‍ ഭക്തിയുംസന്തോഷവും നിറഞ്ഞ് താണുതൊഴുതു വിജയന്‍ സാവധാനം പറഞ്ഞു. പുണ്യമൂര്‍ത്തേ, ഞാന്‍ പുത്രാര്‍ത്ഥിയാണ്. എന്റെ പുത്രന്‍ എന്ന ഭാവത്തില്‍അവിടുന്ന് വര്‍ത്തിക്കണം. ഇതുകേട്ട് അവ്യയനായ ഭൂതനാഥന്‍ വിപ്രനോടു പറഞ്ഞു – വിപ്രകുലമണേ, അങ്ങയുടെ പുത്രനെന്ന ഭാവത്തില്‍ വേറൊരു ജന്മത്തില്‍ ഞാന്‍ വര്‍ത്തിക്കുന്നതാണ്. ഈ ജന്മത്തില്‍ അങ്ങേയ്ക്ക് ഇനി മേലില്‍ സമ്പത്തും പുത്രന്മാരും വര്‍ദ്ധിച്ചു വരും. ഈ തീര്‍ത്ഥത്തിന്റെ മഹിമയാല്‍ അങ്ങയുടെ പൂര്‍വ്വ ജന്മപാപങ്ങളെല്ലാം ഭസ്മമായിരിക്കുന്നു. നോക്കുക, അങ്ങയുടെ പാപങ്ങളാണ് പക്ഷികളുടെ രൂപത്തില്‍ ഇവിടെ മരിച്ചുകിടക്കുന്നത്.



ഇത്‌കേട്ട് ബ്രാഹ്മണന്‍ ഭൂതനാഥനോടുചോദിച്ചു. പ്രഭോ, എന്തു മഹാപാതകമാണു ഞാന്‍ മുമ്പ് ചെയ്തിട്ടുള്ളത്? ഭൂതനാഥന്‍ അരുള്‍ചെയ്തു. വിശ്വാസവഞ്ചനയാണ് അങ്ങ് പൂര്‍വ്വ ജന്മത്തില്‍ ചെയ്ത മഹാപാതകം. ദോഷമില്ലാത്തവനില്‍അസൂയമൂലം ദോഷമാരോപിക്കുക, മോഷ്ടിക്കുക, മദ്യപാനം ചെയ്തു മത്തനായിചെയ്യേണ്ടതോര്‍ക്കാതെ ചെയ്തുകൂടേണ്ടാത്തവ ചെയ്യുക, കാരണമില്ലാതെ മറ്റുജന്തുക്കളെകൊല്ലുക, തുടങ്ങിയുള്ള വിവിധതരം പാതകങ്ങളില്‍വെച്ച്ഏറ്റവും വലിയ പാതകമാണ് വിശ്വാസവഞ്ചന.



നൂറുജന്മം അനുഭവിച്ചാലും വിശ്വാസവഞ്ചന ചെയ്തവന്റെ പാപങ്ങള്‍ ഒടുങ്ങുകയില്ല. എന്നിരുന്നാലുംഎന്റെ ഭക്തയായ ശബരി പ്രാര്‍ത്ഥിച്ചതുമൂലവും, അല്പ പ്രവാഹമായിത്തീര്‍ന്ന ഈ തീര്‍ത്ഥത്തില്‍ ഭക്തിയോടെ സ്‌നാനം ചെയ്തതുമൂലവും അങ്ങയുടെ സര്‍വപാപങ്ങളും ഭസ്മമായിഏറ്റവും ശുദ്ധനായിരിക്കുന്നു. പക്ഷേ, അങ്ങയുടെ മനസ്സില്‍ അതിമോഹം ഉദിച്ചതിനാല്‍ ഒരു ജന്മംകൂടി സ്വീകരിക്കേണ്ടതായിവരും. അന്ന് ഞാന്‍ അങ്ങയുടെ പുത്രനെന്ന ഭാവത്തില്‍കൂടെ വസിക്കുന്നതാണ്. മാത്രമല്ല ഞാന്‍ അങ്ങയുടെ ഭൃത്യനുമായിരിക്കും. ഭക്തരുടെ ദാസനായി വസിക്കാന്‍ എനിക്ക് അതിയായ ആനന്ദമാണുള്ളത്.



അടുത്ത ജന്മത്തില്‍ ഞാന്‍ അങ്ങേയ്ക്ക് നിര്‍ഗുണ ബ്രഹ്‌മോപദേശം നല്‍കുന്നതാണ്. അതോടെ കൈവല്യംലഭിച്ച് അങ്ങ് ജന്മരഹിതനായി ബ്രഹ്മപദം പൂകും. കുംഭംദളങ്ങളായിമാറുകയാല്‍(കുടംചിതറുകയാല്‍) കുംഭദളതീര്‍ത്ഥമെന്ന് ഈ തീര്‍ത്ഥം അറിയപ്പെടും. അങ്ങയുടെ സല്‍ക്കീര്‍ത്തി ഈ തീര്‍ത്ഥമുള്ളകാലത്തോളം നിലനില്‍ക്കും.



ജന്മഭൂമി: 

അമൃതവാണി



പരമമായ അര്‍ത്ഥത്തില്‍ കര്‍ത്താവെന്ന ഭാവമില്ല. അതുകൊണ്ട്‌ കര്‍മവും ഇല്ല. പ്രതിക്രിയയ്ക്കും ഇടമില്ല. ഉള്ളത്‌ കേവലസാക്ഷി ഭാവം മാത്രമാണ്‌. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും അതാതിന്റെ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്‌ നമ്മള്‍ ദൃക്‌സാക്ഷിയായി നിലകൊള്ളുന്നു എന്നതേയുള്ളൂ. അവയെ എല്ലാം വെറുതെ നിരീക്ഷിക്കുന്നതല്ലാതെ മനസ്സ്‌ ഒന്നിനെയും പറ്റി വിധിക്കുന്നില്ല. വിലയിരുത്തുന്നില്ല. അഹങ്കാരത്തിന്റെ പിടിയില്‍നിന്നും പൂര്‍ണമായും മുക്തനാകുമ്പോഴാണ്‌ ജീവിതത്തില്‍ യഥാര്‍ത്ഥമായ പ്രതികരണം സാധ്യമാകുന്നത്‌. അതുവരെ പ്രതികരണസ്വഭാവം നമ്മള്‍ വളര്‍ത്തിയെടുക്കാന്‍ ഉള്ള ശ്രമത്തിലാണ്‌ എന്നുപറയണം. കുറഞ്ഞപക്ഷം, ബാഹ്യമായി എങ്കിലും സമൂഹത്തോട്‌ പ്രതികരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്‌ ആരെ സംബന്ധിച്ചും അത്യാവശ്യമുള്ള കാര്യമാണ്‌.

– മാതാ അമൃതാനന്ദമയീദേവി


വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍


ഭാരതത്തില്‍ പൗരാണിക കാലം മുതല്‍തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് അത്യധികം പ്രാധാന്യം കല്‍പിച്ചിരുന്നു. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക് വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാണ് വ്രതാനുഷ്ഠാനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. പുണ്യം, ആരോഗ്യം, ഐശ്വര്യം ഇവയ്ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദി കര്‍മങ്ങളാണ് വ്രതങ്ങള്‍. ശരീരത്തിനും മനസ്സിനും ഉത്തേജനം നല്‍കുന്നതാണ് എല്ലാ വ്രതങ്ങളും. ശാരീരികവും മാനസികവുമായ ശുചിത്വം, ആഹാര നിയന്ത്രണം, ഭഗവദ് പ്രാര്‍ത്ഥന, ക്ഷേത്രദര്‍ശനം തുടങ്ങിയവ എല്ലാ വ്രതങ്ങള്‍ക്കും ബാധകമാണ്. എല്ലാ വ്രതങ്ങളും കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവത്സരം, പക്ഷം, തിഥി, മാസം, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് വ്രതങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത്.

നിത്യവ്രതങ്ങള്‍, നൈമിത്തിക വ്രതങ്ങള്‍, കാമ്യവ്രതങ്ങള്‍ എന്നിങ്ങനെയാണ്. വ്രതങ്ങള്‍ പുണ്യത്തിനായി അനുഷ്ഠിക്കുന്നവ നിത്യവ്രതങ്ങള്‍. ഉദാ: ഏകാദശി, പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നവ നൈമിത്തിക വ്രതങ്ങള്‍. ഉദാ: അമാവാസി വ്രതം. ആഗ്രഹ സാഫല്യത്തിനായി അനുഷ്ഠിക്കുന്നവ കാമ്യവ്രതങ്ങള്‍. ഉദാ: ഷഷ്ഠി വ്രതം, തിങ്കളാഴ്ച വ്രതം. വ്രതങ്ങള്‍ ഉപവാസമായോ, വെള്ളം മാത്രം കുടിച്ചോ, പഴങ്ങള്‍ കഴിച്ചോ, ഒരു നേരം ഭക്ഷണം കഴിച്ചോ, അരിയാഹാരം കഴിക്കാതെയോ എങ്ങനെ വേണമെങ്കിലും അനുഷ്ഠിക്കാം. ഏറ്റവും പ്രധാനം വ്രതങ്ങള്‍ നോല്‍ക്കുന്ന ആളിന്റെ ഭക്തി, ത്യാഗമനഃസ്ഥിതി ഇവയാണ്. വ്രതങ്ങള്‍ നോല്‍ക്കുന്നതിന് പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. വ്രതങ്ങള്‍ നമ്മുടെ ജീവിതത്തിന് അടുക്കും ചിട്ടയും ഏതു പരിതഃസ്ഥിതിയെയും തരണം ചെയ്യാനുള്ള ത്രാണി, ആരോഗ്യം, എല്ലാറ്റിനുമുപരി ജീവിത സംതൃപ്തി ഇവ പ്രദാനം ചെയ്യുന്നു. എല്ലാ വ്രതത്തിനും നാഥന്മാരായി ഓരോ ദേവതമാരുണ്ടായിരിക്കും. വ്രതങ്ങള്‍ വര്‍ഷത്തിലൊരിക്കലുള്ളത്, മാസത്തിലൊരിക്കലുള്ളത്, മാസത്തില്‍ രണ്ടുള്ളത്, ആഴ്ചയില്‍ ഒന്നുള്ളത് ഇങ്ങനെയെല്ലാമുണ്ട്. ഉപവാസവ്രതമെടുക്കുന്നതിന് തലേദിവസം അരി ആഹാരം ഒരു നേരമേ പാടുള്ളൂ.

ഏകാദശി വ്രതം
വ്രതങ്ങളില്‍ ശ്രേഷ്ഠമായ ഏകാദശിക്ക് വ്രതസംഖ്യയില്ല. വ്രതാനുഷ്ഠാനം ജീവിതാവസാനം വരെ പാലിക്കണം. പ്രതിപദം മുതല്‍ 11-ാമത്തെ തിഥി വരുന്ന ദിവസമാണ് ഏകാദശി. വെളുത്ത പക്ഷ ഏകാദശിയാണ് ഉത്തമം. ഏകാദശി ദിവസം അരിഭക്ഷണം കഴിക്കരുത്. ഉപവാസമായും ഏകാദശി എടുക്കാം. പിറ്റേന്ന് ദ്വാദശി ദിവസം തുളസിതീര്‍ത്ഥം സേവിച്ച് പാരണ വീടാം. മഹാവിഷ്ണു പ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് ഏകാദശി. ഭാഗവതപാരായണം, വിഷ്ണു കീര്‍ത്തനങ്ങള്‍ എന്നിവ മുഖ്യമായും അനുഷ്ഠിക്കണം. ഏകാദശികളില്‍ മുഖ്യമായവ ഗുരുവായൂര്‍ ഏകാദശി എന്ന ഉത്ഥാന ഏകാദശി. ഭഗവാന്‍ നിദ്രയില്‍നിന്നുണരുന്ന, പാര്‍ത്ഥന്‍ കര്‍മത്തെക്കുറിച്ച് ബോധവാനാക്കിയ, വിശ്വരൂപം കാണിച്ചുകൊടുത്ത, വൃശ്ചികമാസത്തിലും, മാനവന് എല്ലാ സ്വര്‍ഗസുഖങ്ങളും അവസാനം മുക്തിയും ലഭിക്കുന്ന സ്വര്‍ഗവാതില്‍ ഏകാദശി ധനുമാസത്തിലും അനുഷ്ഠിക്കുന്നു.


ജന്മാഷ്ടമി വ്രതം
അമ്പാടിക്കണ്ണന്റെ പിറന്നാള്‍, ചിങ്ങമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും കൂടി വരുന്ന ദിവസം ഉപവാസവ്രതമാണ് അനുഷ്ഠിക്കേണ്ടത്. രാവിലെ കുളിച്ച് ശുദ്ധരായി ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം, ഭഗവത്കീര്‍ത്തനങ്ങള്‍ ഇവയോടുകൂടി രാത്രി അവതാരപൂജ കഴിഞ്ഞ് ഭഗവാനു നേദിച്ച കരിക്ക് ഒഴിച്ച് വ്രതം അവസാനിപ്പിക്കാം.


വിനായക ചതുര്‍ത്ഥി
വിഘ്‌നനായകന്റെ ജന്മദിനം ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ദശി ഉപവാസമായോ, ഒരു നേരം ഭക്ഷണമായോ വ്രതം അനുഷ്ഠിക്കാം. ഗണപതി ഹോമം വഴിപാട് ഗണേശ കീര്‍ത്തനങ്ങള്‍ ജപിക്കുക ഇവ നടത്തി, രാത്രി ചന്ദ്രനെ കാണാതെ കഴിച്ചുകൂട്ടണം. സര്‍വവിഘ്‌ന നിവാരണമാണ് ഫലം.


മഹാശിവരാത്രി വ്രതം
പ്രപഞ്ചനാശം ഒഴിവാക്കാന്‍ സ്വയം കാളകൂടവിഷം കഴിച്ച് ലോകരക്ഷകനായി വര്‍ത്തിക്കുന്ന നീലകണ്ഠനെ ഊണും ഉറക്കവും ഉപേക്ഷിച്ച് ഭക്തര്‍ ആരാധിക്കുന്ന പുണ്യദിനം. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയാണ് ശിവരാത്രി. ശിവരാത്രി വ്രതത്തിന് ഉപവാസമാണ് വേണ്ടത്. തലേന്ന് ഒരിക്കലെടുത്ത് ശിവരാത്രി ദിവസം ഉപവാസത്തോടുകൂടി കഴിയണം. 108 ശിവാലയങ്ങളില്‍ ഒന്നിലെങ്കിലുമോ, കഴിയുമെങ്കില്‍ ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നിലെങ്കിലുമോ പോവാന്‍ സാധിച്ചാല്‍ പുണ്യം. രാത്രി ശിവരാത്രി പൂജ കഴിഞ്ഞ് ഭഗവാനു നേദിച്ച കരിക്ക് കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. മഹാദേവനെ പ്രാര്‍ത്ഥിക്കാന്‍ ഓം നമഃശിവായ എന്ന് അഞ്ച് അക്ഷരവും, വെറും പച്ചവെള്ളവും, വെറും പച്ചില (കൂവളത്തില)യും മാത്രം മതി. ഭഗവാനോടുള്ള വിധേയത്വം, എല്ലാം സമര്‍പ്പിക്കാനുള്ള മനസ്സ് ഇവ ഉണ്ടെങ്കില്‍ സകലവിധ പാപങ്ങളില്‍നിന്നും മോചനവും ശിവലോകപ്രാപ്തിയും ലഭിക്കും.


തിരുവാതിര വ്രതം
ഉമാമഹേശ്വരപ്രീതിക്കായി എടുക്കുന്ന വ്രതമാണ് തിരുവാതിര. ശിവന്‍ ശക്തിയോടു ചേര്‍ന്ന ദിവസമാണ് തിരുവാതിര. പാര്‍വതീദേവി മഹാദേവനെ ഭര്‍ത്താവായി ലഭിക്കാന്‍ തിരുവാതിരവ്രതം നോറ്റിരുന്നു. അതിനെ അനുസ്മരിക്കാനാണ് എല്ലാ സ്ത്രീകളും (കന്യകമാരും, മംഗല്യവതികളും) തിരുവാതിര വ്രതം നോല്‍ക്കുന്നത്. തിരുവാതിര ഉറക്കമൊഴിക്കല്‍, തിരുവാതിരകളി, പാതിരാപ്പൂചൂടല്‍ ഇവയൊക്കെ ധനുമാസത്തിലെ തിരുവാതിരയ്ക്കാണ് അനുഷ്ഠിക്കുന്നത്. നെടുമംഗല്യ സന്തുഷ്ട ദാമ്പത്യം, സന്താനസൗഖ്യം, കുടുംബ ഭദ്രത ഇവയൊക്കെ തിരുവാതിര വ്രതത്തിന്റെ പുണ്യം, ധനുവിലെ തിരുവാതിര മുതല്‍ എല്ലാ മാസത്തിലെയും തിരുവാതിര വ്രതമെടുത്ത് അടുത്ത ധനുവിലെ തിരുവാതി വരെ വ്രതം നോറ്റാല്‍ കന്യകമാര്‍ക്ക് ഉത്തമനായ ഭര്‍ത്താവിനെയും ഉത്തമ കുടുംബജീവിതവും ലഭിക്കും. തിരുവാതിര വ്രതത്തിന് അരിയാഹാരം പാടില്ല. കിഴങ്ങുവര്‍ഗ്ഗങ്ങളെല്ലാം കൂടിയ ‘തിരുവാതിരപ്പുഴുക്ക്’ ആണ് പ്രധാന ആഹാരം. പഴം, കായ് വറുത്തത് ഇവയൊക്കെ തിരുവാതിര വിഭവങ്ങളാണ്. മകയിരം മക്കള്‍ക്കുവേണ്ടിയും പുണര്‍തം സഹോദരങ്ങള്‍ക്കുവേണ്ടിയും വ്രതം അനുഷ്ഠിക്കുന്നു.


നവരാത്രി വ്രതം
ദേവീപ്രീതിക്കായി എടുക്കുന്ന വ്രതമാണ് നവരാത്രി വ്രതം. അക്ഷരപൂജയുടെയും ശക്തിപൂജയുടെയും നാളുകളാണ് ഈ ഒമ്പത് ദിവസം. അശ്വിനമാസത്തിലെ പ്രതിപദയില്‍ ആരംഭിച്ച് ദശമി (വിജയദശമി)യില്‍ അവസാനിക്കുന്നു. അധര്‍മത്തെയും അജ്ഞാനത്തെയും ആസുരിക ശക്തികളെയും കീഴടക്കി ജ്ഞാനത്തിന്റെ തിരികൊളുത്തിയ ദിവസം വിജയദശമി ആയി. എല്ലാവരും ഇതിനെ അനുസ്മരിച്ച് നവരാത്രി വ്രതം നോല്‍ക്കുന്നു. ഒരു നേരം ഭക്ഷണമാണ് നവരാത്രിക്ക് വിധി. ദേവീക്ഷേത്ര ദര്‍ശനം, ദേവീ ഭാഗവത പാരായണം, ദേവീമാഹാത്മ്യപാരായണം എന്നിവ തീര്‍ച്ചയായും നടത്തേണ്ടതാണ്. ഉത്തരേന്ത്യയില്‍ ശക്തിപൂജയും കേരളത്തില്‍ സരസ്വതീപൂജയും കൂടുതലായി അനുഷ്ഠിക്കുന്നു. ദുഃഖങ്ങളെല്ലാമകന്ന് സുഖവും സന്തോഷവും ലഭിക്കാന്‍ എല്ലാവരും നവരാത്രി വ്രതം അനുഷ്ഠിച്ച് ദേവീപ്രീതി കൈവരുത്തേണ്ടതാണ്.


പൗര്‍ണമി
ദുര്‍ഗ്ഗാദേവിയുടെ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് പൗര്‍ണമി വ്രതം. കറുത്തവാവു കഴിഞ്ഞുവരുന്ന പതിനഞ്ചാമത്തെ തിഥി പൗര്‍ണമി അഥവാ വെളുത്തവാവ്. ചന്ദ്രന്‍ ഏറ്റവും ബലവാനായിരിക്കുന്ന ദിവസമാണ് പൗര്‍ണമി. ചന്ദ്രദശമാന്ദ്യം ഉള്ളവര്‍ പൗര്‍ണമിവ്രതം നോല്‍ക്കുന്നത് ഉത്തമമായിരിക്കും. ചന്ദ്രഗ്രഹം അതിന്റെ ക്ഷയാവസ്ഥയില്‍ ദേവിയെ പ്രാര്‍ത്ഥിച്ചാണ് ബലം കൈവരിക്കുന്നത്. ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ മനോബലവും എല്ലാവിധ ജീവിത ഐശ്വര്യങ്ങളും ഉണ്ടാവും. പൗര്‍ണമി ഒരിക്കല്‍ ആയും ഉപവാസമായും മൗനവ്രതമായും എടുക്കാറുണ്ട്. രാത്രി അരിഭക്ഷണം കഴിക്കരുത്. സന്ധ്യകഴിഞ്ഞ് പൗര്‍ണമി പൂജയോടുകൂടി വ്രതം പൂര്‍ണമാകും. പൗര്‍ണമി ദിവസം സ്ത്രീകള്‍ ഒരുമിച്ചുചേര്‍ന്ന് വിളക്കുപൂജ നടത്തുന്നത് ഉത്തമമാണ്. പൗര്‍ണമി ദിവസം ചന്ദ്രോദയ സമയത്ത് ചെമ്പുപാത്രത്തില്‍ തേന്‍ ചേര്‍ത്ത പലഹാരങ്ങള്‍ ചന്ദ്രനര്‍പ്പിച്ചാല്‍ ചന്ദ്രന്‍ തൃപ്തനാകും.


അമാവാസി വ്രതം
പിതൃക്കള്‍ക്ക് പ്രധാനപ്പെട്ട ദിവസമാണ് അമാവാസി അഥവാ കറുത്തവാവ്. വെളുത്തവാവ് കഴിഞ്ഞു വരുന്ന 15-ാമത്തെ തിഥിയാണ് അമാവാസി. അമാവാസി ദിവസം രാവിലെ തന്നെ പിതൃതര്‍പ്പണം നടത്തണം. ഏറ്റവും പ്രധാനപ്പെട്ട അമാവാസി കര്‍ക്കടക മാസത്തിലെ അമാവാസി വ്രതമാണ്. അമാവാസി വ്രതമെടുക്കുന്നതിന് തലേന്ന് ഒരുനേരം ഭക്ഷണമേ പാടുള്ളൂ. പിതൃപ്രീതി, വംശാഭിവൃദ്ധി, ആരോഗ്യം, സമ്പത്ത് ഇവയൊക്കെ അമാവാസി വ്രതത്തിന്റെ പുണ്യമാണ്.


ഷഷ്ഠി വ്രതം
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷത്തിലെ ഷഷ്ഠി ആണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദയാല്‍പ്പരം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ഷഷ്ഠി ഉപവാസമാണ്. പഞ്ചമിനാള്‍ ഒരു നേരം ഭക്ഷണം കഴിച്ച് ഒരിക്കലെടുക്കണം. ഷഷ്ഠി നാള്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നിര്‍ബന്ധമായും നടത്തണം. ഉച്ചയ്ക്ക് ഷഷ്ഠി പൂജയ്ക്കുശേഷം ക്ഷേത്രത്തിലെ നൈവേദ്യച്ചോറ് കഴിച്ച് വ്രതം അവസാനിപ്പിക്കാം. ഷഷ്ഠിവ്രതം തുടങ്ങുന്നത് തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി ദിവസം ആയിരിക്കണം. ഷഷ്ഠി, എണ്ണം അനുസരിച്ച് എടുക്കാം (6, 12 എന്നിങ്ങനെ). തുടങ്ങുന്ന ദിവസത്തെ നിയമം അനുസരിച്ച് വേണം എല്ലാ ഷഷ്ഠിവ്രതവും അനുഷ്ഠിക്കേണ്ടത്. സുബ്രഹ്മണ്യ പ്രീതി, ഇഷ്ടകാര്യ സാധ്യം, സന്താനസൗഖ്യം, ത്വക്‌രോഗ ശാന്തി ഇവയൊക്കെ ഫലം.

ദേവതമാര്‍ക്കും വിശേഷദിവസങ്ങള്‍


ഓരോരോ ദേവതമാര്‍ക്കും ഓരോരോ വിശേഷ ദിവസങ്ങളുണ്ട്. ഗണപതിക്ക് ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥിയും, തുലാമാസത്തില്‍ തിരുവോണവും മീന മാസത്തിലെ പൂരവും വിശേഷപ്പെട്ടതാണ്. മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്. ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വ, വെള്ളി ദിവസങ്ങളും പ്രധാനപ്പെട്ടതാണ്.

സരസ്വതി ദേവിയ്ക്ക് കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം (വിജയദശമി) എന്നിവ ഏറെ പ്രധാനമാണ്. ഭദ്രകാളി ദേവിക്ക് ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരച്ചൊവ്വയും (മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

വിഷ്ണുദേവന് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും (ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും (കുചേലദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നതുവരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷപ്പെട്ടതാണ്. ശിവഭഗവാന് ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

ശാസ്താവിന് വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവയാണ് പ്രധാനം. കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്‌കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം (പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവയാണ് സുബ്രഹ്മണ്യന് പ്രധാനം. ശ്രീരാമദേവന് മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശി തിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

ശുഭചിന്ത



സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തി



സത്സഗത്തിലൂടെ നിസ്സംഗത്വം രൂപപ്പെടുന്നു. നിസ്സംഗത്ത്വത്തിലൂടെ മോഹമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. മോഹമുക്തനാകുമ്പോൾ അചഞ്ചലമായ തത്ത്വമുണരുന്നു.  നിശ്ചലമായ ആ അവസ്ഥ ജീവന്മുക്തിയെ പ്രാപിക്കാൻ ഇടയാക്കുന്നു.