ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 7, 2016

ധ്യാനം

ധ്യാനം
<><><>< 
' മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ 
ബന്ധായ വിഷയാസക്തം മുക്തൈന്നിർവ്വിഷയം മതം' 

മനസ്സ് ഒന്നുമാത്രമാണ് ബന്ധനത്തിനും മുക്തിക്കും കാരണം. മനസ്സ് വിഷയാസക്തമാകുമ്പോൾ ബന്ധിക്കപ്പെടുന്നു.  വിഷയരഹിതമാകുമ്പോൾ മുക്തിയും ലഭിക്കുന്നു. വിഷയങ്ങളെ വിട്ട് മനസ്സ് ആത്മാഭിമുഖമാക്കി നിർത്തുമ്പോൾ  അനന്വയമായ ആത്മദർശനം ലഭിക്കുന്നു. പരമാത്മാവുമായി ജീവചൈതന്യത്തിന് ഉണ്ടാവുന്ന  തന്മയീഭാവമാണ് ഉപാസന. വിഭിന്നരൂപത്തിലും ഭാവത്തിലും തെളിഞ്ഞു പ്രകാശിക്കുന്ന ഏകസത്തയെ തന്ത്രശാസ്ത്രത്തിൽ മന്ത്രദേവതകൾ  എന്നു വിളിക്കുന്നു. മന്ത്രദേവതകളുടെ സ്വരൂപത്തിന്റെയും ഭാവത്തിന്റെയും അടിസ്ഥാനത്തിൽ  ആണ് ധ്യാനശ്ലോകങ്ങൾ ആവിഷ്കൃതമായിട്ടുള്ളത് . 
ധ്യാനത്തിന്റെയും അടിസ്ഥാനപ്രമാണം
" യാദൃശീ ഭവാനാ നിത്യാ സിദ്ധിർഭവതി താദൃശീ" 

നാം യാതൊന്നായി ഭാവൻ ചെയ്യുകയും  ആന്തരികമായി മനനം ചെയ്യുകയും ചെയ്യുന്നുവോ ക്രമേണ നാം അതുമായി താദത്മ്യം പ്രാപിക്കുന്നു.ധ്യാനമെന്നാൽ കേവലം ശ്ലോകം ചൊല്ലൽ മാത്രമല്ല.

ധ്യാനത്തിന്റെ പ്രാധാന്യം 
ധ്യാനത്തെ സാധൂകരിക്കുന്ന പ്രമാണങ്ങൾ ഓട്ടനവധിയുണ്ട്.
“ധ്യാനേന ജ്ഞാനമപ്നോതി ജ്ഞാനാന്മോക്ഷശ്ച വിന്ദതി"

ധ്യാനം ഹേതുവായി ജ്ഞാനം ലഭിക്കുന്നു. ജ്ഞാനത്തിലൂടെ മോക്ഷവും സിദ്ധിക്കുന്നു. 
"ധ്യാനം വിനാ ചിത്തശുദ്ധേഃ കരണം നൈവ വിദ്യതേ"  
ധ്യാനം കൂടാതെ ഒരിക്കലും ചിത്തശുദ്ധി കൈവരുന്നതല്ല. (ശിവതത്ത്വസുധാനിധി) , 
"ധ്യാനയോഗാദ് ഭവേത് സിദ്ധിർനാന്യഥാ ഖലു പാർവ്വതി"   ധ്യാനയോഗം കൊണ്ടുമാത്രമേ സിദ്ധി ലഭിക്കുകയുള്ളു    മറ്റൊരുപായം ഇല്ല. 
"ദേവ  ഏവ യജേദ്ദേവം  നാദേവോ ദേവമർച്ചയേത്" 
ദേവൻ  മാത്രമാണ് ദേവനെ പൂജിക്കുന്നത്  ദേവനായിട്ടല്ലാതെ ദേവനെ അർച്ചിക്കരുത്. ദേവനായി തീരാനും  ഈശ്വരഭാവം ഉൾക്കൊള്ളുവാനുമുള്ള ഉത്തമപദ്ധതിയാണ് ധ്യാനയോഗം. സർവ്വകഴിവും ഉപയോഗിച്ച് ദേവനും താനുമായി സങ്ക്ൽപിക്കുകയാണ് ധ്യനത്തിൽ ചെയ്യുന്നത്.

ജപമായാലും, പൂജയായാലും, അർച്ചനയായാലും , ഹോമമായാലും എന്നുവേണ്ട എല്ലാദേവകാര്യങ്ങൾക്കും ധ്യാനത്തിലൂടെ മാത്രമേ അതാതു ദേവനുമായി തന്മയീഭാവം  പ്രാപിക്കാൻ കഴിയൂ. അതുകൊണ്ട് ധ്യാനം അതീവശ്രദ്ധയോടെ പഠിക്കുകയും ജാഗ്രതയോടെ മനനം ചെയ്യേണ്ടതുമാണ്.

   "ധ്യാനഭേദം പ്രപശ്യന്തി രുചിഭേദാത് പൃഥക് വിധം"  

സാധകന്റെ രുചിഭേദമനുസരിച്ച് ഒരേ മൂർത്തിക്കു തന്നെ ധ്യാന ഭേദങ്ങളും കാണപ്പെടുന്നു. ഉദാ;- മഹാവിഷ്ണുവിനെ  വാസുദേവനായും,സങ്കർഷണമൂർത്തിയായും, .അങ്ങനെ  പലരും പലവിധത്തിലും ആണ് ഇഷ്ട്പെടുന്നത് . അതിനെല്ലാം ധ്യാന ശ്ലോകങ്ങളും കാണാം.

ധ്യാനം മനസ്സിനെ ബലപെടുത്തുന്നു., ചൈതന്യവത്താക്കുന്നു. ഏകാഗ്രമാക്കുന്നു.  ധ്യാനം കൂടാതെ ജപമില്ല, ജപമില്ലാതെ പുരശ്ചരണമില്ല,   പുരശ്ചരണമില്ലാതെ മന്ത്രസിദ്ധിയും ഇല്ല.

എന്താണ് ധ്യാനം  

മന്ത്രമൂർത്തിയുടെയോ, മന്ത്രദേവതയുടെയോ, സ്വരൂപത്തിന്റെയും  ഭാവത്തിന്റെയും സമൂർത്തമായ ആവിഷ്കാരണമാണ് ധ്യാനം. സ്വയം ആകലും ആയിതീരലും,.

ഇന്ദ്രിയസഞ്ചയങ്ങളെ സമാഹരിച്ച് മനസ്സിനെ കേന്ദ്രീകരിച്ച് തന്റെ തന്നെ സ്വരൂപമായി ഇഷ്ട്ദേവതയെ ചിന്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെ ധ്യാനം എന്നു പറയുന്ന്. (കുളാർണ്ണവം).  

ഇന്ദ്രീയം - മനസ്സ് - ചിത്തം - ജീവചൈതന്യം.(ഇഷ്ട്ദേവത) 

ധ്യാനമെന്നാൽ മനസ്സിനെ യഥാവിധി സംയോജിപ്പിക്കലാണ് ( രുദ്രയാമളം).

മനസ്സിനെ സമാഹരിച്ച് അന്തർവർത്തിയായ ജീവചൈതന്യത്തെ, തന്റെ അഭിഷ്ട്ദേവതയെ  വിഭാവനം ചെയ്യുന്നതിനെ ധ്യാനം എന്നു പറയുന്നു. (ശാരദാതിലകം) .

ധ്യാനങ്ങളെ  മൂന്നായി തരം തിരിക്കാം .1- സാവയവം, 2 - മിശ്രം, 3-  നിരാകാരം, 
1- മന്ത്രമൂർത്തിയുടെ ഭാവത്തെയും ആയുധ വിന്യാസക്രമത്തെയും വർണ്ണിച്ചു കൊണ്ടുള്ളവയാണ്  സാവയവധ്യാനങ്ങൾ,

2-   മന്ത്രമൂത്തിയുടെ പ്രധാനപ്പെട്ട തത്വങ്ങളും അൽപം ചില പ്രസക്തഭാഗങ്ങളും മാത്രം വർണ്ണിക്കുന്നതാണ് മിശ്രധ്യാനം.

3 - തത്വത്തിനു മാത്രം പ്രസക്തിയുള്ളവയാണ് നിരാകാരധ്യാനങ്ങൾ.

ധ്യാനസ്ഥാനങ്ങൾ

ഹൃദയപത്മകർണ്ണികയിലും സൂര്യമണ്ഡലത്തിലും  ചന്ദ്രമണ്ഡലത്തിലും അഗ്നിമണ്ഡലത്തിലും പ്രതിമയിലും  ഇഷ്ടദേവതയെ ധ്യാനിക്കാം .

ഇതിൽ ഹൃദയപത്മമാണ് പ്രഥമഗണനീയവും സുപ്രധാനവും. ഈ സങ്കൽപത്തെ കുറിച്ച്  മനസ്സിലാക്കുന്നത് യോഗയവും യുക്തവുമായിരിക്കും. ഈ  സംവിധാനത്തിൽ ഹൃദയത്തെ പത്മത്തോടാണ്  ഉപമിച്ചിരിക്കുന്നത്. താമര സർവ്വദേവതാസാന്നിദ്ധ്യം ഉൾകൊള്ളുന്ന ദൈവീകപുഷ്പം കൂടിയാണ്.

അപ്രമേയവും ഉദാത്തവൽക്കരിപ്പെട്ടതുമായ   ഹൃദയപത്മം സങ്കല്പാധിഷ്ഠിതമാണെങ്കിലും കൂടി ആരാധനവിഷയമത്രെ. ആനന്ദകന്ദായ നമഃ, ജ്ഞാനനാളായ നമഃ, വൈരാഗ്യപത്രായ നമഃ, സൗഭാഗ്യ കേസരായ നമഃ, ഐശ്വര്യ കർണ്ണികായ നമഃ, എന്നിങ്ങനെ പത്മത്തിന്റെ എല്ല ഭാഗങ്ങളും അർച്ചന യോഗ്യം തന്നെ. ഇങ്ങനെയുള്ള ഹൃദയപത്മത്തിലാണ്  ജീവചൈതന്യത്തെ ധ്യാനിക്കുവാൻ പറയുന്നത്.

ആനന്ദമാകുന്ന (ബ്രഹ്മം) കിഴങ്ങോടും ജ്ഞാനമാകുന്ന തണ്ടോടും കൂടിയ ഹൃദയപത്മത്തിൽ പ്രദീപകലികാസ്വരൂപത്തിൽ  ജീവസ്വരൂപത്തെ ധ്യാനിക്കൂ.

     മന്ത്രജപത്തെ ഫലവത്താക്കുന്ന ധ്യാനയോഗത്തെ പറയുന്നു.

സൂക്ഷമവും ജ്യോതിർമയവുമായ ജീവചൈതന്യത്തെ ഹൃദയത്തിൽ ചിന്തിക്കണം, മറ്റൊന്നും ചിന്തിക്കാതെയുള്ള ഈ അവസ്ഥ ഐശ്വര്യപൂർണമാണ് ഹൃദയം പത്മകണികയിൽ സദാ ശോഭിച്ചു കൊണ്ടിരിക്കുന്നതും കടമ്പിൻ പൂവിന്റെ ആകൃതിയ്ക്കൊത്തതും ( ദീപനാളം പോലെ) ജ്യോതിർമ്മയിയായ സജീവചൈതന്യത്തെ ധ്യാനിക്കണം . ആ ജീവചൈതന്യത്തിൽ നിന്നും ബഹിർഗമിക്കുന്ന തേജസ്സ് സർവ്വനാഡീ പടലങ്ങളിൽ കൂടിയും  പ്രസരിക്കുന്നതായി  ഭാവിക്കണം.  ഇപ്രകാരമുള്ള ജപധ്യാനനിരതനായ സാധകൻ മന്ത്രജന്യമായ പരമഫലം (സിദ്ധി) അനുഭവിക്കുന്നു.

Wednesday, April 6, 2016

കൊടുങ്ങല്ലൂർ ഭരണി

കൊടുങ്ങല്ലൂർ ഭരണി 


താനാരൊ തന്നാരോ തന താനാരോ തന്നാരോ..!!
"താനാരം തന്നാരം താനാരം ദേവ്യേ..
താനാരം തന്നാരം താനാരം
കാവില്‍ കൊടുങ്ങല്ലൂര്‍ വാണിടും ദേവ്യേ
അമ്മേ ഭഗവതി ഭദ്രകാള്യേ.." 


ജ്വലിക്കുന്ന മീനച്ചൂടില്‍ ചുവന്ന പട്ടുടുത്ത് അരമണിയും ചിലമ്പും കിലുക്കി കോമരങ്ങള്‍ മുറതെറ്റാതെ ഇക്കൊല്ലവും കൊടുങ്ങല്ലൂര്‍ കാവിലേക്ക് വന്നു. മുളവടികളില്‍ തട്ടി 'താനാരം തന്നാരം' പാടി, താളം ചവുട്ടി മണ്ണിന്റെ മക്കള്‍ കാവിലേക്കൊഴുകി. കേരളത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും നേര്‍ച്ച നേര്‍ന്നും പിച്ചതെണ്ടിയും കോമരങ്ങളും കൂട്ടരും കാവിലെത്തി നൃത്തമാടി, ഉറഞ്ഞു തുള്ളി.
സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത നെല്ലും, മഞ്ഞളും, കുരുമുള്‍കും അമ്മക്ക് കാഴ്ചവെച്ച് രുദ്രതാളത്തോടെ ഉള്ളിലെ ജ്വലനാഗ്നികള്‍ വായ്ത്താരി പാടി നൃത്തം ചവിട്ടി അമ്മക്കു മുന്നില്‍ അലറിവിളിക്കും, പൊട്ടിക്കരയും, വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കും. സങ്കടങ്ങളും, പരിഭവങ്ങളും, അഹന്തയും, അഹങ്കാരവും അമ്മക്കു മുന്നില്‍ ഇറക്കിവെച്ച് വെറും പച്ചമനുഷ്യരായി തിരിച്ചു പോകും.
കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ തെക്ക് കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം. കേരളത്തില്‍ ആദ്യമായി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രമെന്ന പെരുമയുമുണ്ട് കൊടുങ്ങല്ലൂരിന്. അപൂര്‍വ്വമായ ആചാരങ്ങളുള്ള ഈ ക്ഷേത്രത്തിലെ ഒരു പ്രധാന ഉത്സവമാണ് മീന മാസത്തിലെ ഭരണി മഹോത്സവം. അശ്വതി നാളിലെ കാവുതീണ്ടലാണ് അതില്‍ പ്രധാനം.
വിശ്വാസം ചെമ്പട്ടു പുതക്കുന്ന ഈ ചരിത്ര പ്രസിദ്ധമായ മണ്ണില്‍ മീനത്തിലെ തിരുവോണ ദിവസം ഉച്ചപ്പൂജക്കു ശേഷം വടക്കെ നടയിലെ ദീപസ്തംഭത്തിനു സമീപം മണല്‍ത്തിട്ട രൂപപ്പെടുത്തി അതില്‍ ചെമ്പട്ടു വിരിച്ച് കോഴിയെ സമര്‍പ്പിക്കുന്ന 'കോഴിക്കല്ലു മൂടല്‍' ചടങ്ങോടെ ഭരണി തുടങ്ങുകയായി. കൊടുങ്ങല്ലൂര്‍ ഭഗവതി വീട്ടുകാര്‍ക്കാണ് ആ ചടങ്ങിന് അവകാശം. ചടങ്ങു പൂര്‍ത്തിയായാല്‍ കാരണവര്‍ 'തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ' എന്നു മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ വടക്കന്‍ കേരളത്തിലെ തച്ചോളി തറവാട്ടുകാരാണ് ആദ്യം കോഴിയെ സമര്‍പ്പിക്കുക.കോഴിക്കല്ലു മൂടലിനു ശേഷം ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ കോണിലെ ആല്‍മരത്തില്‍ എടമുക്ക് മൂ‍പ്പന്മാര്‍ വേണാടന്‍ കൊടികള്‍ ഉയര്‍ത്തും. കേരളത്തില്‍ ധ്വജപ്രതിഷ്ഠ (കൊടിമരം) ഇല്ലാത്ത ഏകക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനും ഭരണിക്കും കൊടിയുയര്‍ത്തുന്നത് ക്ഷേത്രമുറ്റത്തെ അരയാല്‍-പേരാല്‍ കൊമ്പുകളിലാണ്.
പുരാണ കഥാഖ്യാന പ്രകാരം, ലോകാധമനം നടത്തിവന്നിരുന്ന ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികാനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയായി. അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നണ് വിശ്വാസം. പ്രത്യക്ഷമൈഥുനത്തിന്റെ സൂചനയായിട്ടാണ് തെറിപ്പാട്ടു പാടുന്നത്.
അശ്വതി നാളില്‍ ഉച്ചതിരിഞ്ഞ് സ്ത്രീകളടക്കമുള്ള കോമരങ്ങള്‍ കൂട്ടം ചേര്‍ന്ന് ക്ഷേത്രത്തിനു ചേര്‍ന്നുള്ള അവകാശത്തറകളില്‍ (ആല്‍ത്തറ) സ്ഥാനം പിടിച്ചിരിക്കും. കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ നിലപാടു തറയില്‍ വന്ന് ചുവന്ന പട്ടുകുട ഉയര്‍ത്തുന്നതോടെ 'കാവുതീണ്ടല്‍' ആരംഭിക്കുകയായി. തറയില്‍ ഇരിക്കുന്നവരും മറ്റുള്ള കോമരങ്ങളും കൂട്ടരും ക്ഷേത്രത്തിനു ചുറ്റും ഓടി മൂന്നു വട്ടം പ്രദക്ഷിണം വയ്ക്കും കൂറ്റന്‍ തിരമാലകള്‍ പോലെ അലയടിച്ചു വരുന്ന ഭക്തജനം 'അമ്മേ ദേവ്യേ' എന്നുറക്കെ വിളിച്ച് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ മുളവടികള്‍ കൊണ്ട് അടിച്ച് , മഞ്ഞള്‍ പൊടിയും കുരുമുള്‍കും വിതറി തിരുനടയിലെത്തി ഉറഞ്ഞു തുള്ളി തിരുനെറ്റിയില്‍ വാള്‍ത്തലപ്പുകൊണ്ട് വെട്ടിയരിഞ്ഞ് നൃത്തം വയ്ക്കും, മുറിവില്‍ അമ്മയുടെ പ്രസാദമായ മഞ്ഞള്‍ പുരട്ടും.
മീനഭരണിയോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ കാവും, നഗരവും ചുവക്കും, അരയാല്‍ കൊമ്പുകളില്‍ കൊടികൂറകള്‍ പാറും, സംഘം ചേര്‍ന്ന് 'തന്നാരം' പാടി ക്ഷേത്രപരിസരത്ത നൃത്തം വയ്ക്കും. 'കോഴിക്കല്ലില്‍; ചുവന്ന പട്ട് വിരിച്ച് നമസ്ക്കരിച്ച് സായൂജ്യമടയും, എല്ലാ സങ്കടങ്ങളും ദേവിക്കു മുന്നില്‍ ഇറക്കിവെയ്ക്കും.


"അമ്മേടെ മക്കള് വന്നിട്ടുണ്ടമ്മേ
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ
നാടിന്റെ മക്കള്, കാടിന്റെ മക്കള്
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ" *


കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഭക്തര്‍ ഏറെയും വരുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ എണ്‍പതു വയസ്സു കഴിഞ്ഞ വൃദ്ധയും വൃദ്ധനും വരെ ഭക്തരിലുണ്ടാകും. 

കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്കറിയാം, ഉത്സവം നമ്മുടെ കണ്മുമ്പില്‍ തുറന്നിടുന്നതെന്തെന്ന്. സാധാരണ ജീവിതസാഹചര്യങ്ങളില്‍ ഒരു പുല്‍പ്പായ നിവര്‍ത്തിയിടാന്‍പോലും ശേഷിയില്ലാത്ത വൃദ്ധര്‍ അന്ന് ചെമ്പട്ടുടുത്ത് ഉറഞ്ഞുതുള്ളി നെറുകവെട്ടിപ്പൊളിച്ച് ചോരയൊലിപ്പിച്ച് കാഴ്ച്ചയുടെ ചലിക്കുന്ന ഗോപുരങ്ങളായി നമുക്ക് മുന്നില്‍ നിറയും.ദൈവത്തിന്റെ ശക്തിയല്ല അത്. കലയുടെ ശക്തിയാണ്. ഗോത്രകലയുടെ ശക്തി. അത് സങ്കടവും നിരാശയും നിറഞ്ഞ ഉടലില്‍നിന്ന്,ഉയിരില്‍ നിന്ന് പ്രാചീനമായ ഒരു ഗോത്രജീവിതശക്തിയെ പുറത്തു ചാടിക്കുന്നു.ആഴത്തിലെ ഭൂതകാലത്തെ, ഒരു പ്രാചീനഗോത്രസമത്വത്തെ പില്‍ക്കാലത്തുണ്ടായ വിലക്കുകളില്‍നിന്ന് പുറത്തെത്തിക്കുകയാണവര്‍. ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കിവെച്ച എല്ലാ തടവറകളില്‍ നിന്നും മനുഷ്യന്‍ അവന്റെ/അവളുടെ സ്വേച്ഛയിലെത്തുന്നു.' **
എല്ലാവരും ഒരേ മനസ്സോടെ 'അമ്മേ ദേവ്യേ' വിളിച്ച് കൊടുങ്ങല്ലൂര്‍ കാവിനേയും, നഗരത്തിനേയും ശബ്ദമുഖരിതമാക്കും. സാമൂഹ്യ-ജാതീയ-സാമ്പത്തിക വിത്യാസമില്ലാതെ അമ്മയുടെ മക്കള്‍ ഒരേ മനസ്സോടെ, ഒരേ താളത്തോടെ, ഒരേ വായ്ത്താരിയോടെ തികഞ്ഞ സാഹോദര്യത്തോടെ ക്ഷേത്രമുറ്റത്ത് ഭക്തിയാല്‍ ലയിക്കും. ഓരോ ദേശത്തിനും അവരുടെ ആല്‍ത്തറ, ദേശമൂപ്പന്‍ എന്നിവയുണ്ട്. കലിതുള്ളി വന്ന കോമരങ്ങളും കൂട്ടരും മൂപ്പന്റെ മുന്നില്‍ നമസ്കരിച്ച് മൂപ്പന്റെ അനുഗ്രഹവും വാങ്ങി മഞ്ഞള്‍ പ്രസാദവും അണിഞ്ഞ് തിരിച്ചു പോരും.


അടുത്ത കൊല്ലം ഭരണിനാളില്‍ അമ്മയെ കാണാന്‍ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ സ്വന്തം ദേശങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങും.

സനാതന ധര്‍മം

മനുഷ്യര്‍ക്ക്‌ മതം എന്നൊന്നില്ലായിരുന്നു ...

അവര്‍ക്കുണ്ടയിരുന്നത് പല രീതിയിലുള്ള സംസ്കാരം മാത്രം ...
ഇന്നു മതം കച്ചവടമാണ് ..
രാമേശ്വരത്തെ രാമസേതുവില്‍ പരീക്ഷണം നടത്തിയ അമേരിക്കന്‍ സ്പേസ് റിസര്‍ച് സെന്റര്(nasa) കണ്ടു പിടിച്ച കാര്യമാണ് അത് രാമ രാവണ യുദ്ധ കാലത്ത് ഉണ്ടാക്കിയിരിക്കുന്നതാണ്....
ഇതു അബ്ദുല്‍ കലാമിന്റെ ആത്മകഥയായ വിങ്ങ്സ് ഓഫ് ഫൈയറില്‍ പറയുന്നുണ്ട് ...
അതിന്‍റെ പഴക്കവും അവര്‍ കണ്ടു പിടിച്ചു ..തികച്ചും ശാസ്ത്രീയമായ രീതിയില്‍ ....
എത്രെയാണ്ന്നോ...13.1/2 ലക്ഷം വര്‍ഷം ..
ഹൈന്ദവ പുരാണ പ്രകാരം ഇതു 15 ലക്ഷം വര്‍ഷമാണ്‌
അന്നൊന്നും മതം എന്ന വിഷം ഇല്ലായിരുന്നു ..
എല്ലാം പല പല സംസ്കാരങ്ങളില്‍ ജീവിക്കുന്നവര്‍ മാത്രം . .
അന്നുണ്ടായിരുന്നത്‌ ചാതുര്‍വര്‍ണ്യം മാത്രം...
ബ്രാഹ്മണന്‍,ക്ഷത്രിയന്‍,വൈശ്യന്‍,ശൂദ്രന്‍ എന്നിങ്ങനെ മാത്രം. ഈ വര്‍ണങ്ങള്‍ ജന്മം കൊണ്ടല്ല കര്‍മം കൊണ്ടാണെന്ന് മാത്രം..
ജന്മം കൊണ്ടാരും ബ്രാഹ്മണനും മറ്റും ആകുന്നില്ല ..
ശൂദ്രന്‍ ചെയ്യുന്നത് ബ്രാഹ്മന്ഹ്യ കര്‍മങ്ങള്‍ ആണെങ്കില്‍ അവനും ബ്രാഹ്മണന്‍ തന്നെ ....
ഒരു മതങ്ങളിലും പെടാതെ സനാതന ധര്‍മം പിന്തുടരുന്നവരെ(അനുഷ്ടിക്കുന്നവരെ ) ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു...
മതം എന്നാല്‍ അഭിപ്രായം എന്നാണ്.
എന്താണ് സനാതന ധര്‍മ്മം ?
ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...
ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല എന്നറിയുക.
പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.
"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" - നാം നമ്മുടെ സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവരുടെ സുഖത്തിനും കൂടി കാരണമായി തീരുമാറാകട്ടെ, എന്ന ശ്രീ നാരായണ ഗുരുദേവ വചനത്തില്‍ സനാതന ധര്‍മ്മം അപ്പാടെ ഒതുങ്ങുന്നു.
അന്ധവിശ്വാസികള്‍ക്ക് സനാതന ധര്‍മ്മത്തിന്റെ മഹത്വം എങ്ങിനെ മനസ്സിലാകും ? അന്ധമായി വിശ്വസിക്കുവാനും, പിന്തുടരുവാനും ആരെയും ഒരിക്കലും നിര്‍ബന്ധിക്കാത്തതുകൊണ്ട്, സനാതന ധര്‍മ്മം ഒരിക്കലും ഒരു മതമല്ല, മറിച്ച് ധര്‍മ്മം ആണ്. ഈ പ്രപഞ്ചത്തിലെ എല്ലാ മനുഷ്യര്‍ക്കും ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാന്‍ അവകാശം നല്‍കുന്ന ഒരേ ഒരു സനാതന ധര്‍മ്മം. ആ ധര്‍മ്മത്തില്‍ ആണ് ഈ പ്രപഞ്ചം നില നില്‍ക്കുന്നത് എന്നതിനാല്‍ സനാതന ധര്‍മ്മം നശിക്കുമ്പോള്‍ ലോകം തന്നെ നശിക്കുന്നു.
തമസോ മാ ജ്യോതിര്‍ ഗമയ...!
ലോകാ സമസ്താ സുഖിനോ ഭവന്തു...

കണിക്കൊന്ന

കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?
.
ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും"
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
." ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്‌.
" എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"
ഇത്തവണ എല്ലാവരും നിറയെ കൊന്നപ്പുക്കള്‍ വയ്ക്കണേ!
ശ്രീകൃഷ്ണ പാദത്തില്‍ സമര്‍പ്പണം"

രോഗങ്ങളും ദുരിതങ്ങളും ശാപമാണോ?

വരുന്ന രോഗങ്ങളകന്നുപോകാൻ
വരം തരേണം ഗുരുവായൂരപ്പാ!

രോഗങ്ങളും ദുരിതങ്ങളും  ശാപമാണോ? ശരീരത്തെ സ്നേഹിക്കുന്നവര്‍ക്കു രോഗം തീർച്ചയായും ഒരു ശാപം തന്നെയാണ്. രോഗബാധിതമായ ശരീരമാണെങ്കിൽ നമ്മുടെ പല ആഗ്രഹങ്ങള്‍ക്കും ശരീരം വിലങ്ങു തടിയായി മാറും. ആശയെ അടക്കാൻ ശരീരത്തെ സ്നേഹിക്കുന്നിടത്തോളം കാലം സാധ്യവുമല്ല.
പക്ഷെ ഭഗവാനെ ഇഷ്ടപ്പെട്ടാൽ രോഗം
അനുഗ്രഹമായി മാറും. ഭട്ടേരിപ്പാടിന് വാതരോഗം വന്നപ്പോൾ ഗുരുവായൂരപ്പനെ കിട്ടി. അനേകം ഭക്തർക്ക് ഗുരുവായൂരപ്പനോട് അടുക്കാൻ അദ്ദേഹം കണ്ണന് നേദിച്ച നാരായണീയ നവനീതം കിട്ടി. പുത്രദുഃഖം കൃഷ്ണപ്രേമമാക്കിയ പൂന്താനത്തിനെ കണ്ണൻ തന്നെ വന്ന് കൈപിടിച്ചുകൊണ്ടുപോയി. അദ്ദേഹം സ്വാനുഭവത്തിൽ നിന്ന്
"ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റുവേണമോ മക്കളായ്"
എന്ന് ആനന്ദത്തോടെ പാടിയ ജ്ഞാനപ്പാന നമുക്ക് എല്ലാവര്‍ക്കും കിട്ടി. ഭീഷ്മപിതാമഹര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചിരുന്ന അമ്പുകളുടെ വേദനയിലും ഭഗവാനെ സ്മരിച്ചപ്പോൾ ഭഗവാനെ കണ്ട് ശരീരം ഉപേക്ഷിച്ച് ഭഗവാനിൽ ചേരാൻ കഴിഞ്ഞു.  അനേകം ജീവന്മാർക്ക് ഭഗവാനിലെത്താനായി അദ്ദേഹം കണ്ണന് സമർപ്പിച്ച വിഷ്ണുസഹസ്രനാമം കിട്ടി.
ശ്രീനാരായണ തീര്‍ത്ഥര്‍ വയറു വേദനകൊണ്ടു വലഞ്ഞപ്പോൾ അദ്ദേഹത്തിന് വരാഹമൂർത്തിയെ ദര്‍ശിക്കാൻ കഴിഞ്ഞു.  ഭക്തരെ ഭഗവാനോടു ചേർക്കാൻ അദ്ദേഹം കൃഷ്ണലീലാതരംഗിണിയും തന്നു. പരീക്ഷിത്ത് മഹാരാജാവ് മരണം തന്നെ മുന്നിൽ വന്ന് നിന്നപ്പോൾ ശ്രീകൃഷ്ണനിൽ മനസ്സു ചേർത്തു.  ഭാഗവതാമൃതത്തെ നമുക്കു ലഭിച്ചു.
ഈ ഭക്തോത്തമന്മാർ രോഗങ്ങളേയോ ദുഖങ്ങളേയോ സ്വീകരിച്ചില്ല. ഭഗവാനെ സ്വീകരിച്ചു. രോഗങ്ങളും പീഠകളും അവരെ തളര്‍ത്തിയില്ല. ഭഗവാനിലേക്ക് ഉയർത്തി. സ്വയം ഭഗവാനേ നേടിയതിനൊപ്പം അനേകം ജീവന്മാരെ ഭഗവാനിലേക്ക് നയിച്ചു. നാം സദാ ഭഗവത് സ്മരണയോടെ ഇരിക്കണം. നമ്മുടെ വാക്കും പ്രവൃത്തിയും നമ്മോടൊപ്പം മറ്റുള്ളവരേയും ഭഗവാനോട് ചേർക്കാൻ സഹായിക്കുന്നതാകണം.  രാമ സേതു നിർമ്മിച്ചപ്പോൾ നിസ്സാരനായ അണ്ണാൻകുഞ്ഞ് തനിക്ക് കഴിയുംപോലെ സഹായം ചെയ്തില്ലേ.
അതുപോലെ എല്ലാവർക്കും സാധിക്കും. എല്ലാവരിലും ആത്മാവായി ഇരിക്കുന്ന ഭഗവാൻ സന്തോഷിക്കാൻ എല്ലാവരേയും ഭഗവാനായിക്കണ്ട് ഫലേച്ഛയില്ലാതെ സ്നേഹിക്കാം. എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ. ആനന്ദം നിറയട്ടെ.
സദാ ഭഗവത് സ്മരണയുണ്ടാവട്ടെ.

ആദിത്യപുരം സൂര്യദേവ ക്ഷേത്രം


സൂര്യനെ മുഖ്യ ദേവനായി ആരാധിക്കുന്ന ക്ഷേത്രങ്ങൾ  ഭാരതത്തിൽ വളരെ അപൂർവമാണ്.ആ നിലക്ക് സൂര്യനെ പ്രധാന മൂർത്തിയായി ആരാധിച്ചു വരുന്ന ആദിത്യപുരം ക്ഷേത്രത്തിനു വളരെയധികം പ്രാധാന്യമുണ്ട്.നവഗ്രഹങ്ങളോട് കൂടി ചില ദിക്കിൽ കാണാറുണ്ട്.ഇവിടെ നവഗ്രഹ പ്രതിഷ്ഠ ഇല്ല.വൃത്താകാരമായ ശ്രീ കോവിലിൽ പടിഞ്ഞാറ് ദർശനമായിട്ടാണ് സൂര്യപ്രതിഷ്ഠ.ത്രേതായുഗത്തിലാണ് പ്രതിഷ്ഠ നടന്നിട്ടുള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു.എന്നാൽ ക്ഷേത്രോൽപ്പത്തിയെ സംബന്ധിച്ച് ലിഖിതമായ രേഖകൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല.ക്ഷേത്ര സമീപമുള്ള മരങ്ങാട്ടു മനക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്മ സ്ഥാനം.മനയിലുള്ളവർ തലമുറകളായി വിശ്വസിച്ചു പോരുന്ന ഐതിഹ്യം ഇങ്ങനെയാണ്.


                   മനയിലെ മഹാ തപസ്വി ആയിരുന്ന ഒരു പൂർവികൻ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് വെച്ച് സൂര്യനെ തപസ്സു ചെയ്തു പ്രസാദിപ്പിക്കുകയും വരമായി ലഭിച്ച വിഗ്രഹത്തെ പ്രതിഷ്ടിക്കുകയും ചെയ്തു എന്നാണ്.തുടർന്ന് ഇന്ന് നടന്നു വരുന്ന പൂജാദികൾ ചിട്ടപ്പെടുത്തുകയും അത് തന്റെ പരമ്പരകൾ തന്നെ നിർവഹിക്കണമെന്ന വ്യവസ്ഥയും ചെയ്തു.ചതുർബാഹുവായി പത്മാസനത്തിൽ തപസിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.രണ്ടു കൈകളിൽ ശംഖം,ചക്രം മറ്റു രണ്ടു കൈകൾ തപോമുദ്രയിലുമാണ്.ഇതെപ്പറ്റിയുള്ള ഐതിഹ്യം – ആദിത്യൻ തനിക്കു കൂടുതൽ ശക്തി ലഭിക്കുന്നതിനായി മഹാമാായയെ തപസ്സു ചെയ്യുകയും മഹാമായ പ്രത്യക്ഷപ്പെട്ടു ഉദയം മുതൽ 6 1/4 നാഴിക വരെ സകല ദേവതകളുടെയും ശക്തി ആദിത്യനിൽ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.ഈ ഒരു തപസ്സിന്റെ സങ്കല്പ്പമാണ് ഇവിടെ.ആദിയിൽ നിദ്രാവസ്തയിലായിരുന്ന ആദിത്യ മണ്ഡലത്തിൽ ലോകാനുഗ്രഹാർത്ഥം ആദി പരാശക്തി തൻറെ ശക്തിയെ പ്രവേശിപ്പിച്ചപ്പോൾ ആദിത്യന് അനന്യമായ ശക്തിവിശേഷം ഉണ്ടായി എന്നാണ് ഇതിന്റെ താത്വികാർത്ഥം.


                        ആദിത്യന്റെ ശ്രീ കോവിലിനോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ദുര്ഗാ ഭഗവതിയെ പ്രതിഷ്ടിചിരിക്കുന്നു.കൊല്ലവര്ഷം 1050 കളിലാണ് ദുര്ഗാ പ്രതിഷ്ഠ നടന്നത്.ക്ഷേത്രത്തിൽ നിന്ന് കുറച്ചു കിഴക്ക് മാറി കക്കത്തുമല എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ദേവി ക്ഷേത്രം പൂജാദികൾ ഇല്ലാതെ ജീർണാവസ്ഥയിൽ കഴിഞ്ഞിരുന്നു.അവിടെ നിന്ന് ദേവി വിഗ്രഹത്തെ ഇവിടേയ്ക്ക് കൊണ്ട് വരുകയും ശ്രീ കോവിലിന്റെ പുറകിൽ കിഴക്കോട്ട് ചാരിവെച്ച് നിവെദ്യാദികൾ തുടങ്ങുകയും ചെയ്തു.കുറച്ചു ദിവസങ്ങൾക്കു ശേഷം പാഴൂർ പടിപ്പുരയിൽ പോയി ദേവി വിഗ്രഹത്തെ എവിടെ പ്രതിഷ്ടിക്കണം എന്ന് രാശി വെച്ച് നോക്കി.ദേവി ഇപ്പോൾ ഇരിക്കണ്ട സ്ഥലത്ത് തന്നെയാണ് ഇരിക്കുന്നതെന്ന് അവിടെ തന്നെ ശ്രീകോവിൽ പണിത്‌ പ്രതിഷ്റ്റിക്കനമെന്നും കണ്ടു.തുടർന്ന് ദേവി വിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു.അന്ന് വരെ ശ്രീകോവിൽ മാത്രമുണ്ടായിരുന്ന ക്ഷേത്രത്തിനു ഇന്ന് കാണുന്ന അംഗങ്ങൾ പണി തീർത്തത് അതിനു ശേഷമാണ്.ദേവി പ്രതിഷ്ടയും മേൽ പറഞ്ഞ ഐതിഹ്യവും തമ്മിൽ ബന്ധമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.രക്ത ചന്ദനമാണ് ഇവിടെ പ്രസാദമായി കൊടുക്കുന്നത് എന്നത് ഒരു സവിശേഷതയാണ്.ഞായറാഴ്ചകളാണ് ദർശനത്തിനു പ്രാധാന്യമുള്ള ദിവസം.മേട മാസത്തിലെയും വൃശ്ചിക മാസത്തിലെയും അവസാന ഞായറാഴ്ച ഇവിടെ കാവടി ഉത്സവമായിട്ടു ആഘോഷിക്കുന്നു.സൂര്യൻ ഉച്ച സ്ഥിതിയിൽ നില്ക്കുന്ന മേട മാസത്തിലെ കാവടിക്കാന് പ്രാധാന്യം.ഈ ദിവസം മരങ്ങാട്ടു മനയിലെ ഒരംഗം കാവടി എടുക്കണമെന്ന നിർബന്ധമുണ്ട്.ധാരാളം ഭക്ത ജനങ്ങളും കാവടി എടുത്തു സമർപ്പിക്കാരുണ്ട്.സന്താന പരമ്പരയുടെ ശ്രെയസിനും രോഗ ശാന്തിക്കും വളരെ വിശേഷമാണ് കാവടി എടുക്കൽ.



                   പൊതുവെ രോഗശാന്തി,ആരോഗ്യം,ബുദ്ധിവികാസം എന്നിവയാണ് ആദിത്യ ഭജനത്തിന്റെ ഫലം.ആരോഗ്യം ഭാസ്ക്കരാദിച്ചെത് എന്നാണ് പൂർവിക പ്രമാണം.ത്വക് രോഗങ്ങള മാറുന്നതിനു ഇവിടുത്തെ രക്ത ചന്ദന പ്രസാദം വിശേഷമാണ് .കണ്ണിന്റെ അധീശ ദേവതയായിട്ടു സൂര്യനെ കണക്കാക്കുന്നു.അതുകൊണ്ട് നേത്രരോഗ നിവാരണത്തിന് ആദിത്യ ഭജനം ഉത്തമമാണ്.


കൊല്ലവര്ഷം 1060 കളിൽ കോട്ടയം സ്വദേശിയായ ഒരാൾ ക്ഷേത്രത്തിൽ ഭജനത്തിനു വന്നു.അദ്ധേഹത്തിന്റെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ട്ടപ്പെട്ടിരുന്നു.ഇട്ടറ എന്നാണ് അദ്ധേഹത്തിന്റെ പേര്.അദ്ദേഹം തീവ്രമായ ഭജനം തുടങ്ങി.ഒരു വര്ഷം കഴിഞ്ഞപ്പോൾ രണ്ടു കണ്ണിനും കാഴ്ച ലഭിച്ചു.പിന്നീട് അദ്ദേഹം പല ദിക്കുകളിലും സഞ്ചരിച്ചു ക്ഷേത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുകയും അവർക്ക് ഇവിടുത്തെ പ്രസാദം കൊടുക്കുകയും ചെയ്തിരുന്നു.അദ്ദേഹം ഭജിക്കുവാനുപയോഗിച്ചിരുന്ന തറ ഇന്ന് മതിലിനു പുറത്തു തെക്ക് ഭാഗത്ത്‌ കാണാം.അവിടെ കാവടി ദിവസം വിളക്ക് വെച്ച് അവലും മലരും ശർക്കരയും കരിക്കും സമര്പ്പിക്കാറുണ്ട്.സൂര്യൻ എന്നത് ഭാരതീയർക്കു സത്യത്തിന്റെ പരമമായ ജ്ഞാനത്തിന്റെ പ്രതീകമാണ് .ആ തേജസ്സിനെ വേദവും ഉപനിഷത്തുകളും സ്തുതിക്കുന്നു.സൂര്യന്റെ ദിവ്യമായ തേജസ് നമ്മുടെ ബുദ്ധിയെ ഉണർത്തട്ടെ എന്നാണ് ഗായത്രി മന്ത്രം അർഥമാക്കുന്നത്. സത്യദർശനത്തിനു വേണ്ടി സ്വർണമയമായ ആവരണത്തെ ഞങ്ങള്ക്ക് വേണ്ടി നീക്കി തരണമെന്ന് സൂര്യനോട് ഉപനിഷത്ത് ഋഷി പ്രാർഥിക്കുന്നു.ശ്രീ ശങ്കരാചാര്യർ അദ്വൈത മതം സ്ഥാപിച്ചതിനു ശേഷം പന്ജായതന പൂജ നടപ്പില വരുത്തി. അതിൻ പ്രകാരം പ്രധാനമായും അഞ്ചു ദേവതകളെയെ പൂജികണ്ടാതായുള്ളൂ. അതിൽ ആദിത്യന് പ്രഥമ സ്ഥാനം കൊടുത്തിരിക്കുന്നു.(അഞ്ചു ദേവതകൾ- ആദിത്യൻ,അംബിക,വിഷ്ണു,ശിവൻ,ഗണപതി )നമുക്ക് ആരോഗ്യവും ബുദ്ധിയും സദാ നല്കികൊണ്ടിരിക്കുന്നു.

സൂര്യന് ഈ കേരളത്തിൽ ക്ഷേത്രമുണ്ട് എന്നത് മഹാഭാഗ്യം തന്നെയാണ്.പുണ്യസ്ഥാനമായ ഈ സൂര്യക്ഷേത്രത്തിൽ ദർശനം നടത്തുന്നവർക്കെല്ലാം എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നു എന്നാണ് വിശ്വാസവും അനുഭവവും.

ഭഗവാന്‍ പരമശിവൻ

ഭഗവാന്‍ പരമശിവൻ ആണ് സംഹാരത്തിന്‍റെ ദേവന്‍ .


ബ്രഹ്മാവ്‌ സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിന്‍റെ ധര്‍മ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിര്‍ത്തുന്നു , അതിനു ശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാന്‍ അതിനെ സംഹരിക്കുന്നു.

ഞാന്‍ മംഗള മൂര്‍ത്തി ആണ്. ശിവം എന്ന വാക്കിനര്‍ത്ഥം മംഗളം എന്നാണ്.
ലോകത്തിനു മുഴുവന്‍ മംഗളം നല്കുന്ന ഞാന്‍ താമസിക്കുന്നത് ശ്മശാനത്തിലാണ്.

ഒരുവന്‍ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവന്‍ സന്തോഷം നല്കുന്ന ഞാന്‍ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തില്‍ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാല്‍ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാല്‍ ഞാൻ നിങ്ങളുടെ ശരീരത്തില്‍ തന്നെ കുടി കൊള്ളുന്നു.


സംഹാരമൂര്‍ത്തിയായ ഞാൻ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. ഞാന്‍ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ( മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ) ഒരുവന്‍റെ എല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാന്‍ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയും നശിപ്പിച്ച ചാരമാണ് ആ ഭസ്മം. ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.


എന്‍റെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാല്‍ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതും നാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തര്‍ത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ്‍ തുറന്നാല്‍ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അര്‍ത്ഥ ശൂന്യമാണ്. തലയില്‍ ചൂടിയ ചന്ദ്രന് വളര്‍ച്ചയും തളര്‍ച്ചയുമില്ല. നിങ്ങള്‍ എന്നെങ്കിലും പൂര്‍ണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളര്‍ച്ചയും തളര്‍ച്ചയും ഇല്ലാതാവണമെങ്കില് സൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനു സമയം ഇല്ലാതാവണം, ശിവന്‍ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അര്‍ത്ഥം .ഞാൻ ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നു. ( സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.)


ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിന്‍റെ പ്രതീകമായി തരംഗ രൂപത്തില്‍ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തില്‍ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാന്‍ . ഞാൻ നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നു . വാസുകി എന്ന നാഗത്തെ ഞാൻ എപ്പോഴും കഴുത്തിലണിയുന്നു. ആദി-ശേഷനെ പൂണുല്‍ ആയും പത്മന്‍ പിംഗളന്‍ എന്ന സര്‍പ്പങ്ങളെ കണ്ടലങ്ങള്‍ ആയും ധനഞ്ജയന്‍ കംബളന്‍ എന്നി നാഗങ്ങളെ തോള്‍ വളയായും അശ്വതരന്‍ എന്ന നാഗം വലം കയ്യിലും തക്ഷകന്‍ എന്ന നാഗം ഇടംകയ്യിലും വളയായിട്ടും നീലാന്ജനത്തിന്റെ നിറമുള്ള നീലന്‍ എന്ന നാഗം അരഞ്ഞാണമായും ഭഗവാന്‍ ധരിച്ചിരിക്കുന്നു. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. ചഞ്ചലചിത്തത്തിൽ നിന്നും ഞാൻ മോചിതനാണ് എന്ന് സൂചിപ്പിക്കാൻ കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും എന്നെ കാണാം . പരമാധികാരത്തിന്റെ ചിഹ്നമായ തൃശൂലം സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നു. ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. എന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. എന്റെ വില്ലാണ് പിനാകം . നന്തി എന്ന വെളുത്ത കാളയാണ് എന്റെ വാഹനം.
ഭക്തരക്ഷയ്കായി ഞാൻ പല രൂപത്തിലും അവതരിക്കും . ( സജ്ജനങ്ങള്‍ക്ക്‌ മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന്


ഞാൻ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ .ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു.

രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.

മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപം

ഷോഡശശ്രീവിദ്യനെന്ന നാലാമത്തെ അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.

അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്.ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു.


ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.

ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു.

എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു.

ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം.

പത്താമത്തെ അവതാരം കമലെന്നും . ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.)


ഓം നമ:ശ്ശിവായ


സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമഃ ശിവായ. ശിവനെ നമിക്കുന്നു, ശിവനെ ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർഥമാക്കുന്നത്.

അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.ശിവായ

 സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:-


"നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. "ന" എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, "മ" പ്രപഞ്ചത്തെക്കുറിക്കുന്നു. "ശി" ശിവനെ പ്രതിനിധീകരിക്കുന്നു. "വ" എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. "യ"എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. "ന" എന്നാൽ ഭൂമി. "മ" എന്നാൽ ജലം. x"ശി" എന്നാൽ അഗ്നി. "വ"എന്നാൽ വായു. "യ" എന്നാൽ ആകാശം"


ഓം നമഃശിവായ 🙏🙏🙏

ശതരുദ്രീയം

ശതരുദ്രീയം
സ്കന്ദപുരാണം കുമാരികാഖണ്ഡത്തിൽ ഭർതൃയജ്ഞമുനി ഇന്ദ്രദ്യുമ്നാദികളോട് പറയുന്ന ശിവോപാസനാവിധിയാണ് ഇത്. മഹാമുനിമാര് , സ്വർഗ്ഗദേവതാദികള് ആദിയായ 100 ഉപാസകരാല് പൂജിക്കപ്പെട്ട നൂറ് ലിംഗങ്ങളുടെ പേരുകളും അവയുടെ ഉപാസകരും അവരുപയോഗിച്ച നാമങ്ങളും ചേർന്നതാണ് ഈ ശതരുദ്രീയം .
''യസ്യ രുദ്രസ്യ മാഹാത്മ്യം
ശതരുദ്രീയമുത്തമം | ''
- രുദ്രന്റെ നൂറു മാഹാത്മ്യങ്ങൾ ഉൾക്കൊള്ളുന്ന ഉത്തമസ്തോത്രമത്രെ ശതരുദ്രീയം ...
ശിവജ്ഞാനതേജസുകൊണ്ട് ശോഭിക്കുന്ന ഭർതൃയജ്ഞമുനി പറഞ്ഞു ഃ
''ഈ സംപൂർണ്ണജഗത്ത് മുഴുവനും ശിവശക്തിരൂപമാണ്. പുല്ലിംഗസൂചകങ്ങളായ പദാർത്ഥങ്ങളെല്ലാം ശിവസ്വരൂപമാണ്. സ്ത്രീലിംഗസൂചകങ്ങളായ പദാർത്ഥങ്ങളെല്ലാം ശക്തിസ്വരൂപമാണ്. ഭഗവാൻ രുദ്രന്റെ ഉത്തമ മാഹാത്മ്യം ശതരുദ്രീയം എന്ന പേരിലറിയപ്പെടുന്നു.. അതിന്റെ ശ്രവണം മനുഷ്യനിൽ അന്തർലീനമായ സർവ്വപാപങ്ങളേയും കഴുകിക്കളയുന്നു.
-( ശതരുദ്രീയം )-
1. ബ്രഹ്മാവ് - ഹാടകലിംഗം - ജഗത് പ്രധാനായ നമഃ.
[സ്വർണ്ണംകൊണ്ടുണ്ടാക്കിയത് . ജഗത്പ്രധാനൻ എന്ന നാമത്താല് ബ്രഹ്മാവ് ആ ലിംഗത്തെ ഉപാസിച്ചു. ]
2. ശ്രീകൃഷ്ണൻ - കൃഷ്ണശിലാലിംഗം- ഊർജ്ജിതായ നമഃ .
[ ശ്രീകൃഷ്ണൻ സ്ഥലഭാഗത്തിൽ കൃഷ്ണശിലകൊണ്ട് ലിംഗം ഉണ്ടാക്കി സ്ഥാപിച്ച് അതിനെ ആരാധിച്ചു. ]
3. സനകാദികൾ - (സ്വ)ഹൃദയലിംഗം - ജഗത്ഗത്യൈ നമഃ.
[ സനസകാദിമഹർഷിമാർ സ്വന്തം ഹൃദയത്തെ തന്നെ ലിംഗമായി ഉപാസിച്ചു. ]
4. സപ്തർഷികൾ - ദർഭാങ്കുരമയലിംഗം - വിശ്വയോന്യൈ നമഃ.
[ദർഭാങ്കുരത്താല് നിർമ്മിച്ച ലിംഗം ]
5. നാരദൻ - ആകാശലിംഗം - ജഗത്ബീജായ നമഃ.
[ നാരദൻ ആകാശത്തെ (sky ) ശിവലിംഗമായി ധ്യാനിച്ച് ഉപാസിച്ചു. ]
6. ഇന്ദ്രൻ - വജ്രമയലിംഗം - വിശ്വാത്മനേ നമഃ.
7. സൂര്യൻ - താമ്രമയലിംഗം - വിശ്വസൃജേ നമഃ.
[ ചെമ്പുകൊണ്ട് നിർമ്മിച്ചത് ]
8. ചന്ദ്രൻ - മുക്താമയലിംഗം - ജഗത്പത്യൈ നമഃ.
[ മുത്തുകൊണ്ട് നിർമ്മിച്ചത് ]
9. അഗ്നി - ഇന്ദ്രനീലലിംഗം - വിശ്വേശ്വരായ നമഃ.
10. ബൃഹസ്പതി - പുഷ്യരാഗലിംഗം - വിശ്വയോന്യൈ നമഃ.
11. ശുക്രാചാര്യൻ - പദ്മരാഗലിംഗം - വിശ്വകർമ്മണേ നമഃ.
12. കുബേരൻ - സുവർണ്ണലിംഗം - ഈശ്വരായ നമഃ.
[സ്വർണ്ണത്താല് നിർമ്മിച്ചത് ]
13. വിശ്വദേവന്മാർ - രജതലിംഗം - ജഗത്ഗത്യൈ നമഃ.
[ വെള്ളികൊണ്ട് ഉണ്ടാക്കിയത് ] .
14. യമരാജൻ - പിത്തലലിംഗം - ശംഭവേ നമഃ.
[പിച്ചളലിംഗം ]
15. വസുക്കൾ - കാംസ്യലിംഗം - സ്വയംഭുവേ നമഃ.
[ ഓടിന്റെ ലിംഗം ]
16. മരുത്തുക്കൾ - ത്രിവിധലോഹമയലിംഗം - ഭൂതേശായ നമഃ.
[ മൂന്ന് ലോഹങ്ങളാല് നിർമ്മിച്ചത് ]
17. രാക്ഷസന്മാർ - ലോഹമയലിംഗം - ഭൂതഭവ്യഭവോദ്ഭവായ നമഃ.
18. ഗുഹ്യകഗണം - സ്പടികലിംഗം - യോഗായ നമഃ.
19. ജൈഗീഷവ്യമുനി - ബ്രഹ്മരന്ധ്രലിംഗം - യോഗേശ്വരായ നമഃ.
[ ജൈഗീഷവ്യൻ തന്റെ ബ്രഹ്മരന്ധ്രത്തെ ലിംഗമായി ഉപാസിച്ചു ]
20. നിമി - നേത്രയുഗളലിംഗം - ശർവായ നമഃ.
[ നിമി തന്റെ രണ്ട് കണ്ണുകളെ ലിംഗമായി ഉപാസിച്ചു. ]
21. ധന്വന്തരി - ഗോമയലിംഗം - സർവലോകേശ്വരേശ്വരായ നമഃ.
[ ചാണകത്താല് നിർമ്മിച്ചത് ]
22. ഗന്ധർവഗണം - കാഷ്ഠമയലിംഗം - സർവശ്രേഷ്ഠായ നമഃ.
[ മരത്താൽ നിർമ്മിക്കപ്പെട്ടത് ]
23. ശ്രീരാമചന്ദ്രൻ - വൈഢൂര്യലിംഗം - ജ്യേഷ്ഠായ നമഃ.
24. ബാണൻ - മരതകലിംഗം - വാസിഷ്ഠായ നമഃ.
25. വരുണൻ - സ്പടികമണിമയലിംഗം - പരമേശ്വരായ നമഃ.
26. നാഗഗണം - മുദ്ഗലിംഗം -ലോകത്രയംകരായ നമഃ.
[ ചെറുപയറിനാല് നിർമ്മിക്കപ്പെട്ട ലിംഗം ]
27. സരസ്വതി - ശുദ്ധമുക്താമയലിംഗം - ലോകത്രയാശ്രിതായ നമഃ.
28. ശനി - ആവർത്തമയലിംഗം - ജഗന്നാഥായ നമഃ.
[ ശനിദേവൻ ശനിയാഴ്ച അമാവാസിരാത്രിയില് മഹാസാഗരങ്ങൾ സംഗമിക്കുന്ന സ്ഥാനത്ത് ഉണ്ടാകുന്ന നീർച്ചുഴിയെ ശിവലിംഗമായി ഉപാസിക്കുന്നു ]
29. രാവണൻ - മല്ലികാപുഷ്പലിംഗം - സുദുർജയായ നമഃ.
[ മുല്ലപ്പൂക്കൾകൊണ്ട് നിർമ്മിച്ച ലിംഗത്തെ ആരാധിക്കുന്നു.]
30. സിദ്ധഗണം - മാനസലിംഗം - കാമമൃത്യുജരാതിഗായ നമഃ.
[ സിദ്ധന്മാര് മനസാകുന്ന ലിംഗത്തെ അല്ലെങ്കിൽ മനസുകൊണ്ട് നിർമ്മിക്കുന്ന ലിംഗത്തെ ആരാധിക്കുന്നു ]
31. മഹാബലി - യജ്ഞമയലിംഗം - ജ്ഞാനാത്മനേ നമഃ.
[ യജ്ഞപ്രിയനായ ബലിരാജാവ് പുണ്യയജ്ഞങ്ങളാകുന്ന ലിംഗത്താല് ശിവാരാധന ചെയ്യുന്നു. ]
32. മരീച്യാദിമഹർഷിമാർ - പുഷ്പമയലിംഗം - ജ്ഞാനഗമ്യായ നമഃ .
33. സൽദേവതകൾ - കർമ്മമയലിംഗം - ജ്ഞാനജ്ഞേയായ നമഃ
[ സൽകർമ്മം ചെയ്യുന്ന ദേവതകള് അവരുടെ പുണ്യകർമ്മങ്ങളാകുന്ന ലിംഗത്താല് ശിവഭജനം ചെയ്യുന്നു. ]
34. ഫേനപാനമുനി - ഫേനലിംഗം - സുദുർവിദേ നമഃ.
[ പത പാനം ചെയ്യുന്ന ഫേനപാനമുനി പതയാല് ഉണ്ടാകുന്ന ലിംഗത്തെ ആരാധിക്കുന്നു. ]
35. കപിലൻ - ബാലുകാമയലിംഗം - വരദായ നമഃ.
[ കപിലമഹർഷി മണൽകൊണ്ട് നിർമ്മിച്ച ലിംഗത്തെ ഉപാസിക്കുന്നു. ]
36. സാരസ്വതമുനി - വാണീലിംഗം - വാഗീശ്വരായ നമഃ.
[ സരസ്വതീപുത്രനായ സാരസ്വതമുനി വാണിയിൽ/വാക്കിൽ ലിംഗാരാധനയെ ചെയ്യുന്നു. ]
37. ശിവഗണം - ശിവമൂർത്തിലിംഗം - രുദ്രായ നമഃ.
[ ഭഗവാൻ ശിവന്റെ മൂർത്തിമയമായ ലിംഗത്തെ ഉപാസിക്കുന്നു ]
38. ദേവഗണം - ജാംബൂനദസുവർണലിംഗം - ശിതികണ്ഠായ നമഃ .
[ ദേവന്മാര് ഏഴ് സ്വർഗ്ഗനദികളിലൊന്നായ ജംബൂനദിയിലെ സ്വർണ്ണലിംഗത്തെ ആരാധിക്കുന്നു ]
39. ബുധൻ - ശംഖലിംഗം - കനിഷ്ഠായ നമഃ.
[ ശംഖുകൊണ്ട് ഉണ്ടാക്കിയത് ]
40. അശ്വനികൾ - മൃത്തികാ(പാർഥിവ)ലിംഗം - സുവേധായ നമഃ.
[ അശ്വനീദേവന്മാര് കളിമണ്ണുകൊണ്ട് നിർമ്മിച്ച ലിംഗത്തെ സേവിക്കുന്നു ]
41. ഗണേശൻ - ഗോധൂമസുപിഷ്ടലിംഗം - കപർദ്ദിനേ നമഃ.
[ ഗോതമ്പ് പൊടികൊണ്ട് നിർമ്മിച്ചത് ]
42. മംഗളൻ - നവനീതലിംഗം - കരാളായ നമഃ.
[ വെണ്ണയാല് നിർമ്മിച്ചത് ]
43. ഗരുഡൻ - ഓദനലിംഗം - ഹര്യക്ഷായ നമഃ.
[ ചോറ്/അന്നത്താൽ നിർമ്മിച്ചത് ]
44. കാമദേവൻ - ഗുഡലിംഗം - രതിദായ നമഃ.
[ ശർക്കരയാല് നിർമ്മിക്കപ്പെട്ടത് ]
45. ശചീദേവി - ലവണലിംഗം - ബഭ്രുകേശായ നമഃ.
[ ഉപ്പുകൊണ്ട് ഉണ്ടാക്കിയത് ]
46. വിശ്വകർമ്മാ - പ്രാസാദലിംഗം - യാമ്യേ നമഃ.
[ ശില്പചാതുരിയാല് നിപർമ്മിക്കപ്പെട്ട പ്രാസാദമന്ദിരത്തെ ലിംഗമായിഉപാസിക്കുന്നു ]
47. വിഭീഷണൻ - ധൂളിമയലിംഗം - സുഹൃത്തമായ നമഃ.
[ മൺപൊടികൊണ്ട് നിർമ്മിച്ചത് ]
48. സഗരൻ - വംശാങ്കുരമയലിംഗം - സംഗതായ നമഃ.
[ സഗരരാജാവ് മുളങ്കൂമ്പിനെ ലിംഗമായി ഉപാസിക്കുന്നു ]
49. രാഹു - ഹിംഗുലിംഗം- ഗമ്യായ നമഃ.
[ കായംകൊണ്ട് നിർമ്മിച്ചത് ]
50. ലക്ഷ്മീദേവി - ലേപ്യമയലിംഗം - ഹരിനേത്രായ നമഃ.
[ കുമ്മായച്ചാന്തുകൊണ്ട് ഉണ്ടാക്കിയത് ]
51. യോഗികൾ - സർവ്വഭൂതസ്ഥലിംഗം - സ്ഥാണവേ നമഃ.
[ ആത്മാവിന്റെ സർവ്വഭൂതസ്ഥഭാവത്തെ യോഗികള് ലിംഗമായി ആരാധിക്കുന്നു ]
52. മനുഷ്യര് - നാനാവിധലിംഗങ്ങൾ - പുരുഷായ നമഃ.
[ മനുഷ്യര് പലതരം ലിംഗങ്ങൾകൊണ്ട് ശിവനെ ആരാധിക്കുന്നു ]
53. നക്ഷത്രം - തേജോമയലിംഗം - ഭാസ്വരായ നമഃ.
[ തേജസാകുന്ന ലിംഗത്തെ ആരാധിക്കുന്നു ]
54. കിന്നരഗണം- ധാതുലിംഗം - സുദീപ്തായ നമഃ.
[ധാതുക്കളാല് ( minerals ) ഉണ്ടാക്കുന്ന ലിംഗം]
55. ബ്രഹ്മരാക്ഷസന്മാർ - അസ്ഥിമയലിംഗം - ദേവദേവായ നമഃ.
56. ചാരണന്മാർ - ദന്തമയലിംഗം - രംഹസായ നമഃ.
57. സാദ്ധ്യന്മാർ - സപ്തലോകമയലിംഗം - ബഹുരൂപായ നമഃ.
[ സപ്തലോകങ്ങളെ ലിംഗരൂപത്തിൽ ആരാധിക്കുന്നു. ]
58. ഋതുക്കൾ - ദുർവാങ്കുരമയലിംഗം - സർവായ നമഃ.
[ കറുകക്കൂമ്പുകൊണ്ട് നിർമ്മിച്ച ലിംഗം ]
59. അപ്സരസുകൾ - കുങ്കുമലിംഗം - ആഭൂഷണായ നമഃ.
60. ഊർവശി - സിന്ദൂരലിംഗം - പ്രിയവാസനായ നമഃ.
61. ഗുരു - ബ്രഹ്മചാരിലിംഗം - ഉഷ്ണീവ്യൈ നമഃ.
[ ഗുരു ബ്രഹ്മചാരിയായ ശിഷ്യനെ ശിവലിംഗഭാവത്തിൽ ആരാധിക്കുന്നു ]
62. യോഗിനിമാര് - അലക്തകലിംഗം - സുവഭ്രുകേ നമഃ.
[ മൈലാഞ്ചികൊണ്ട് നിർമ്മിച്ചത് ]
63. സിദ്ധയോഗിനിമാര് - ശ്രീഖണ്ഡലിംഗം - സഹസ്രാക്ഷായ നമഃ.
[ ശ്രീഖണ്ഡം - ചന്ദനം ]
64. ഡാകിനിമാര് - മാംസമയലിംഗം - സുമീഢൂഷ്യൈ നമഃ.
65. മനുഗണം- അന്നമയലിംഗം - ഗിരീശായ നമഃ .
66. അഗസ്ത്യൻ - വ്രീഹിമയലിംഗം - സുശാന്തായ നമഃ.
[ നെല്ലുകൊണ്ടുണ്ടാക്കിയ ലിംഗം ]
67. ദേവലമുനി - യവമയലിംഗം - പത്യൈ നമഃ.
[ യവധാന്യംകൊണ്ട് നിർമ്മിച്ചത് ]
68. വാൽമീകി - വാൽമീകലിംഗം - ചീരവാസായ നമഃ.
[ ചിതൽപുറ്റുകൊണ്ടുണ്ടാക്കിയ ലിംഗം ]
69. പ്രദർദ്ദനൻ - വാണലിംഗം- ഹിരണ്യഭുജായ നമഃ.
[ ബാണലിംഗം (വാണഃ - ബാണൻ ). ബാണശിലയുടെ ലിംഗം ]
70. ദൈത്യന്മാര് - തന്തുഭലിംഗം - ഉഗ്രായ നമഃ.
[ കടുകുകൊണ്ട് നിർമ്മിച്ച ലിംഗം ]
71. ദാനവന്മാര് - നിഷ്പാവജലിംഗം - ദിക്പത്യൈ നമഃ .
72. മേഘങ്ങൾ - നീരമയലിംഗം - പർജ്ജന്യായ നമഃ
[ മേഘങ്ങൾ ജലലിംഗത്തെ അർച്ചിക്കുന്നു ]
73. യക്ഷരാജൻ - മാഷമയലിംഗം - ഭൂപത്യൈ നമഃ.
[ ഉഴുന്നുകൊണ്ടുണ്ടാക്കുന്ന ലിംഗം ]
74. പിതൃക്കൾ - തിലമയലിംഗം - വൃഷപത്യൈ നമഃ.
[ പിതൃക്കള് എള്ളുകൊണ്ടുണ്ടാക്കിയ ലിംഗത്തെ ആരാധിക്കുന്നു ]
75. ഗൗതമമുനി - ഗോധൂളിമയലിംഗം - ഗോപത്യൈ നമഃ.
[ പശുക്കളുടെ കുളമ്പുതട്ടിയുണ്ടാകുന്ന പൊടികൊണ്ട് നിർമ്മിച്ചത് ]
76. വാനപ്രസ്ഥന്മാർ - ഫലമയലിംഗം - വൃക്ഷാവൃതായ നമഃ.
[ വനത്തിലെ കായ്ക്കനികളാലുണ്ടാക്കപ്പെട്ടത് ]
77. കാർത്തികേയൻ - പാഷാണലിംഗം - സേനാന്യൈ നമഃ.
[ പാറകൊണ്ട് നിർമ്മിച്ച ലിംഗം ]
78. അശ്വതരനാഗം - ധാന്യമയലിംഗം - മദ്ധ്യമായ നമഃ.
79. യജ്ഞകർത്താവ് - പുരോഡാശമയലിംഗം - സ്രുവഹസ്തായ നമഃ.
[ യജ്ഞംചെയ്യുന്നവൻ പുരോഡാശംകൊണ്ട് (ഹവിസ്സുകൊണ്ട് ) നിർമ്മിക്കുന്ന ലിംഗത്തെ ആരാധിക്കുന്നു ]
80. യമൻ - കാലായസമയലിംഗം - ധന്വിനേ നമഃ.
[ കാലായസം (കറുത്ത ഇരുമ്പ് ) ]
81. പരശുരാമൻ- യവാങ്കുരലിംഗം- ഭാർഗ്ഗവായ നമഃ.
82. പുരൂരവസ് - ഘൃതമയലിംഗം - ബഹുരൂപായ നമഃ.
[ നെയ്യുകൊണ്ടുണ്ടാക്കുന്ന ലിംഗം ]
83. മാന്ധാതാവ് - ശർക്കരാമയലിംഗം - ബാഹുയുഗായ നമഃ.
84. ഗോക്കൾ - ദുഗ്ധലിംഗം - നേത്രസഹസ്രകായ നമഃ.
[ പാലുകൊണ്ട് നിർമ്മിക്കുന്നത് ]
85. പതിവ്രതാസ്ത്രീകൾ - ഭർതൃമയലിംഗം - വിശ്വപത്യൈ നമഃ.
[ പതിവ്രതകൾ ഭർത്താവാകുന്ന ലിംഗത്തെ ശിവനായി ആരാധിക്കുന്നു ]
86. നരനാരായണന്മാർ - മൗഞ്ജീമയലിംഗം - സഹസ്രശീർഷായ നമഃ.
[ ബ്രഹ്മചാരികൾ അരയിൽ കെട്ടുന്ന മുഞ്ഞപ്പുല്ലുകൊണ്ട് ഉണ്ടാക്കപ്പെട്ടത് ]
87. പൃഥു - താർക്ഷ്യലിംഗം - സഹസ്രചരണായ നമഃ.
[ താർക്ഷ്യൻ - ഗരുഡൻ ]
88. പക്ഷി - വ്യോമലിംഗം - സർവാത്മകായ നമഃ.
[ പക്ഷികൾ ആകാശത്തെ ശിവലിംഗമായി പൂജിക്കുന്നു ]
89. പൃഥ്വി - ഗന്ധമയലിംഗം - ദ്വിതന്വേ നമഃ.
[ പൃഥ്വീദേവി തന്റെ ഗുണമായ ഗന്ധത്തിൽ ലിംഗാരാധനചെയ്യുന്നു ]
90. പാശുപതന്മാര് - ഭസ്മലിംഗം - മഹേശ്വരായ നമഃ.
91. ഋഷികൾ - ജ്ഞാനമയലിംഗം- ചിരസ്ഥാനായ നമഃ.
[ ഋഷികള് ജ്ഞാനരൂപമായ ലിംഗത്തെ ഉപാസിക്കുന്നു ]
92. ബ്രാഹ്മണന്മാര് - ബ്രഹ്മലിംഗം - ജ്യേഷ്ഠായ നമഃ.
[ ബ്രഹ്മജ്ഞാനികളായ ബ്രാഹ്മണര് പരബ്രഹ്മത്തെ ലിംഗമായി ഉപാസിക്കുന്നു ]
93. ശേഷനാഗം - ഗോരോചനലിംഗം - പശുപത്യൈ നമഃ.
[ പശുവിന്റെ പിത്തഗ്രന്ഥിയിൽനിന്നെടുക്കുന്ന സുഗന്ധദ്രവ്യമായ ഗോരോചനത്താൽ നിർമ്മിച്ച ലിംഗം ]
94. വാസുകി - വിഷലിംഗം- ശങ്കരായ നമഃ.
95. തക്ഷകൻ - കാളകൂടലിംഗം - ബഹുരൂപായ നമഃ.
96. കാർക്കോടകൻ - ഹാലാഹലലിംഗം - പിംഗാക്ഷായ നമഃ.
97.ശൃംഗി - വിഷമയലിംഗം - ധൂർജ്ജട്യൈ നമഃ.
98. പുത്രൻ - പിതൃമയലിംഗം - വിശ്വരൂപായ നമഃ.
[ പുത്രൻ പിതാവിനെ ശിവലിംഗസ്വരൂപമായി ആരാധിക്കുന്നു ]
99. ശിവാദേവി - പാരദലിംഗം - ത്ര്യംബകായ നമഃ.
[ രസംകൊണ്ട് (mercury ) ഉണ്ടാക്കുന്ന ലിംഗം ]
100. മത്സ്യാദി ജീവിഗണം - ശസ്ത്രമയലിംഗം - വൃഷാകപിനേ നമഃ.
[ ശസ്ത്രം - ഉപകരണം. മൽസ്യാദിജീവികൾ അവരുടെ ദന്തം മുതലായ ഉപകരണങ്ങളെ ശിവലിംഗസ്വരൂപമായി ആരാധിക്കുന്നു ]
ഫലശ്രുതി ഃ
പുണ്യകരമായ ഈ ശതരുദ്രീയം ചൊല്ലുന്നവരില് ശിവകൃപ പ്രവഹിക്കും. അവരുടെ ആശകള് സഫലമാവും. മനോവാക്കർമ്മങ്ങൾകൊണ്ട് ചെയ്ത സകല പാപങ്ങളും നശിക്കും. അവർക്ക് രോഗശമനം , ബന്ധമോചനം , ഭയമുക്തി ഇവയെല്ലാം ഉണ്ടാകും. ഈ നാമങ്ങള് ഉച്ചരിച്ചുകൊണ്ട് ശിവന് പുഷ്പാർച്ചന ചെയ്യുന്നവരുടെ സർവപാപങ്ങളും നശിക്കുമെന്നതിൽ സംശയമില്ല.