ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 29, 2020

ശ്രീരാമചന്ദ്രനും ഹനുമാനും




ഒരിക്കൽ ശ്രീരാമചന്ദ്രന്‍ ഹനുമാനോട് അരുളിചെയ്തിട്ടുണ്ട്.

”അല്ലയോ കപിശ്രേഷ്ഠാ അങ്ങ് ചെയ്യുന്ന ഓരോ ഉപകാരങ്ങള്‍ക്കും പ്രത്യുപകാരമായി നമ്മുടെ ജീവന്‍പോലും നല്‍കുവാന്‍ നാം സന്നദ്ധനാണ്. ഇനിയും അനേകമനേകം ഉപകാരങ്ങള്‍ അങ്ങ് ചെയ്യുവാന്‍ ബാക്കിയുണ്ട്. നാം അങ്ങേയ്ക്ക് പ്രത്യുപകാരം ചെയ്യുകയില്ല. പ്രത്യുപകാരം ചെയ്യുന്നതില്‍കൂടി നാം തമ്മിലുള്ള ആത്മബന്ധം അകന്നുപോകുമെങ്കില്‍ അതു നമുക്ക് തീരാനഷ്ടമാണ്. അപ്രകാരം ഒരു സംഭവം സ്വപ്നത്തില്‍പോലും ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല”.



ശ്രീസീതാരാമ പട്ടാഭിഷേക സമയത്ത് വൈദേഹി വായുപുത്രനായ ഹനുമാന് ഒരു അപൂര്‍വമായ രത്‌നഹാരം പാരിതോഷികമായി നല്‍കി. ആ ദിവ്യരത്‌നഹാരം ധരിച്ചുനിന്ന ഹനുമാന്‍ പത്തിരട്ടി പ്രശോഭിച്ചു. മഹാതേജസ്വിയും ധൈര്യശാലിയും സമര്‍ത്ഥനും വിനയനും വീരപരാക്രമിയും സര്‍വ്വോപരി പരമഭക്തനുമായ വാനരശ്രേഷ്ഠന്‍ സീതാദേവി നല്‍കിയ നവരത്‌നഹാരമണിഞ്ഞ്, പല കോടി പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭ ഒരുമിച്ചു മഹാമേരു പര്‍വതത്തില്‍ പതിച്ചാലെന്നതുപോലെ ദൃഢഗാത്രനായ ഹനുമാന്‍ അത്യന്തം പ്രശോഭിച്ചു. അപ്രകാരമുള്ള അമൂല്യമായ രത്‌നഹാരത്തിനുള്ളില്‍പോലും ആഞ്ജനേയന്‍ തന്റെ ആശ്രയദേവനായ ശ്രീരാമചന്ദ്രനെ അനേ്വഷിച്ച കഥ പ്രസിദ്ധമാണല്ലോ. 



ആഞ്ജനേയന്റെ ആ പ്രവര്‍ത്തി കണ്ട് വിസ്മയാധീനനായ ശ്രീരാമന്‍ ചോദിച്ചു. ആഞ്ജനേയാ! അങ്ങ് നമ്മെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നമ്മുടെ നാമത്തെയാണോ എന്ന്. തന്റെ അന്തരംഗം മടികൂടാതെ ഹനുമാന്‍ ശ്രീരഘുരാമനെ ഉണര്‍ത്തിച്ചു. മഹാപ്രഭോ അങ്ങയെക്കാള്‍ അങ്ങയുടെ തിരുനാമം ശ്രേഷ്ഠമായതുതന്നെ. ഇത് അടിയന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വ്യക്തമായ അഭിപ്രായമാണ്. അങ്ങ് ഇപ്പോള്‍ അയോദ്ധ്യാ വാസികളുടെ രാജാവാണ്. പക്ഷേ അവിടുത്തെ തിരുനാമങ്ങള്‍ ത്രിലോകങ്ങളിലും ധ്വനിക്കുന്ന ദിവ്യ മന്ത്രങ്ങളാണ്. ഹനുമാന്റെ സുദൃഢമായ രാമനാമനിഷ്ഠ ഇപ്രകാരമാണ്. ശ്രീരാമനാമജപവും രാമായണ കഥാശ്രവണവും വളരെ എളുപ്പത്തില്‍ ശ്രീരാമപാദകമലങ്ങളെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്ന് മറ്റാരെക്കാളും അനുഭവം പൂര്‍ണമായി മനസ്സിലാക്കിയിരുന്ന ഉത്തമഭക്തനാണ് ഹനുമാന്‍.

Friday, February 28, 2020

മറ്റൊരു ഇന്ദ്രൻ




ശൗനകമഹർഷി ചോദിച്ചു: "ബാലഖില്യന്മാരുടെ തപസ്സുകൊണ്ട് ഗരുഡൻ ഉത്ഭവിച്ചതെങ്ങിനെ? കശ്യപന് ഈ പക്ഷി പുത്രനായി ജനിച്ചതെങ്ങിനെ? അവൻ അധൃഷ്യനും അവദ്ധ്യനും ആവാനെന്താണു കാരണം? ഇതെല്ലാം പുരാണത്തിലുള്ളതാണെങ്കിൽ കേട്ടാൽ കൊള്ളാം.'' സൂതൻ പറഞ്ഞു: "ഇതെല്ലാം പുരാണ വിഷയങ്ങൾ തന്നെ. അതുകൊണ്ട് ഞാൻ ചുരുക്കി പറയാം.'



" കശ്യപൻ പുത്രാർത്ഥമായി ഒരു യജ്ഞം നടത്തി.ദേവന്മാർ ഗന്ധർവ്വന്മാർ'ഋഷിമാർ, എല്ലാം അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ദേവേന്ദ്രനും, ദേവന്മാരും, ബാലഖില്യന്മാർ ഉൾപ്പെടെയുള്ള മുനിമാരും മേലരി കൊണ്ടുവരാൻ പോയി. ദേവേന്ദ്രൻ തന്റെ ശക്തിക്കൊത്ത വലിയ കെട്ടുമായി ഒരു വിഷമവും കൂടാതെ നടന്നു.പെരുവിരലിനോളം മാത്രം വലിപ്പമുള്ള ബാലഖില്യന്മാർ  ഓരോ ചെത്തുപൂളും ചുമന്ന് പശുക്കുളമ്പുകൊണ്ടുണ്ടായ കുഴിയിലെ വെള്ളം കാരണം മറുകര കടക്കാൻ വിഷമിക്കുന്നതു കണ്ട് ദേവേന്ദ്രൻ ചിരിച്ചു പോയി. ഇതു കേട്ടുള്ള സങ്കടം കൊണ്ട് ആ മഹർഷിമാർ മറ്റൊരിന്ദ്രനുണ്ടാവാൻ വേണ്ടി മഹാതപസ്സ് ആരംഭിച്ചു.



ഈ വിവരം അറിഞ്ഞ് ദേവേന്ദ്രൻ കശ്യപനെ ശരണം പ്രാപിച്ചു.കശ്യപൻ ബാലഖില്യരെ കണ്ട് ബ്രഹ്മാവ് കൽപ്പിച്ചതിന് മാറ്റം വരുത്തരുതെന്ന് അപേക്ഷിച്ചു.ഈ ദേവേന്ദ്രന്റെ പേരിൽ കനിവുണ്ടായി നിങ്ങളുടെ തപഃ ഫലമായുണ്ടാകുന്ന ഇന്ദ്രൻ ബലവീര്യവാനും പക്ഷികളുടെ ഇന്ദ്രനും ആയിക്കോട്ടെ എന്നു നിർദ്ദേശിക്കുകയും ചെയ്തു.ബാലയില്യന്മാര തു സമ്മതിക്കുകയും ,അവരുടെ കർമ്മഫലം കശ്യപനു നൽകുകയും ചെയ്തു.
കശ്യപനും പുത്രാർത്ഥം കർമ്മം ചെയ്യുകയുണ്ടായല്ലൊ. ഇക്കാലത്തു തന്നെ കശ്യപൻ വിനതയ്ക്ക് വരം കൊടുത്തപ്പോൾ ഈ രണ്ടു കർമ്മഫലങ്ങളും അവൾക്കു ലഭിച്ചു.കശ്യപ പ്രജാപതി ഇന്ദ്രനോട് പറഞ്ഞു: "വിനതയ്ക്ക് ജനിക്കുന്ന നിന്റെ സോദരന്മാർ മൂലം നിനക്ക് ദോഷം ഒന്നും വരികയില്ല. ഇനി മേലാൽ വിപ്രരെ പരിഹസിക്കരുത് !"



വിനതയ്ക്ക് അരുണനും ഗരുഡനും പുത്രന്മാരുണ്ടായി. അർദ്ധകായനായ അരുണൻ ബ്രഹ്മാജ്ഞയാൽ സൂര്യന്റെ തേരാളിയായി. ഗരുഡൻ പക്ഷികൾക്ക് ഇന്ദ്രനായി അഭിഷേകവും ഏറ്റു."


Thursday, February 27, 2020

ശ്രീരാമസ്വാമിയും ഹനുമാൻ സ്വാമിയും





ഹനുമാനും ശ്രീരാമനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച തികച്ചും നാടകീയമാണ്. പരിചയമില്ലാത്ത ഏതോ രണ്ടാളുകളെ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധപാണികളായി കാട്ടില്‍ കാണുകയാണ് വാനരന്മാരും ഹനുമല്‍ സുഗ്രീവന്മാരും. ആരായിരിക്കാം അവര്‍? ബാലിയുടെ ആള്‍ക്കാര്‍ വേഷപ്രച്ഛന്നരായി വന്നതാണോ? അതാണ് സുഗ്രീവന്റെ സന്ദേഹം. അപ്പോഴാണ് നയകോവിദനായ ഹനുമാന്റെ സമാധാനം:



     'ഈ ഋശ്യമൂക പര്‍വതത്തില്‍ ബാലിയോ ബാലിയുടെ ആള്‍ക്കാരോ കടന്നുവരുമെന്ന് ശങ്കിക്കയേ വേണ്ട. ബാലിക്ക് ഇവിടം ദുഷ്പ്രവേശ്യമാണെന്ന കാര്യം അങ്ങ് മറന്നുകളഞ്ഞോ? ശാഖാമൃഗസഹജമായ ലഘുചിത്തതകൊണ്ടാണ് അങ്ങ് ഇങ്ങനെ ഭയപ്പെടുന്നത്. അങ്ങ് വിവേകബുദ്ധിയോടുകൂടി ആലോചിക്കൂ.'



ഹനുമാന്റെ ആത്മവിമര്‍ശംകൂടി ഇവിടെ നമുക്കു ദര്‍ശിക്കാം. താനും ശാഖാമൃഗം തന്നെ. പക്ഷേ, വിവേകവും സാമാന്യവിജ്ഞാനവും അവശ്യം അപേക്ഷണീയമായി വരുമ്പോള്‍ അത് കൈവിടുകയില്ല. ഇങ്ങനെ സുഗ്രീവനെ സമാശ്വസിപ്പിച്ച ശേഷമാണ് രാമലക്ഷ്മണന്മാരുടെ അടുത്തേക്ക് യാത്ര തിരിക്കുന്നത്. 'ഏതോ വാനരത്താന്‍ വരുന്നു' എന്നു കരുതി അവര്‍ തന്നെ അഗണ്യനാക്കിത്തള്ളരുതെന്ന വിചാരത്തോടെയാണ് സന്യാസിയുടെ വേഷം സ്വീകരിച്ചത്. അവരെ സവിനയം നമസ്‌കരിച്ചശേഷം മധുരമായി സുവ്യക്തമായി വ്യാകരണശുദ്ധമായ സംസ്‌കൃതഭാഷയില്‍ സംസാരിച്ചുതുടങ്ങി.




ഹനുമാന്‍ അവരോടു ചോദിച്ചു: 'രാജര്‍ഷികളെപ്പോലെ തേജസ്സാര്‍ന്ന നിങ്ങള്‍ ആരാണ്? എവിടെനിന്നു വരുന്നു? ശക്രതുല്യരായി, ദീര്‍ഘബാഹുക്കളായി, രൂപസമ്പന്നരായി, ശോഭാവാന്മാരായി കാണപ്പെടുന്ന നിങ്ങള്‍ നിശ്ചയമായും സാധാരണക്കാരല്ല. നിങ്ങള്‍ എവിടെനിന്നു വരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം. ആര്യാവര്‍ത്തത്തെ ഭരിക്കാന്‍ പോരിമയാര്‍ന്നവരാണ് നിങ്ങളെന്ന് എനിക്കു തോന്നുന്നു. പക്ഷേ, നിങ്ങളെന്താണ് പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിയാത്തത്? അല്ല. ഞാന്‍ ചോദിച്ചതിനൊന്നും ഉത്തരം പറയുന്നില്ലല്ലോ. ഒരുവേള ഞാനാരെന്നു പറയാത്തതിനാലാവാം. എന്നാല്‍ കേട്ടാലും ധര്‍മാത്മാവായ സുഗ്രീവന്‍ എന്നൊരു വാനരയൂഥപനുണ്ട്. അവന്‍ സ്വന്തം സഹോദരനാല്‍ നിഷ്‌കാസിതനായി അങ്ങുമിങ്ങും അലഞ്ഞുതിരിയുന്നു. ആ സുഗ്രീവനാല്‍ അയയ്ക്കപ്പെട്ട ഹനുമാന്‍ എന്ന വാനരനാണ് ഞാന്‍. സുഗ്രീവസചിവനുമാണ്. എന്റെ സ്വാമി നിങ്ങളുമായി സഖ്യംചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കാമരൂപനാണ്; എവിടെയും സഞ്ചരിക്കാന്‍ കഴിയുന്നവനുമത്രേ.'വാക്യകുശലനായ ഹനുമാന്റെ അറിവും നെറിവും നിറഞ്ഞ വാക്കുകള്‍ കേട്ട് സമ്മോദാശ്ചര്യചിത്തനായിത്തീര്‍ന്ന രാമന്‍, ആ ഭാഷണകുശലതയെപ്പറ്റിത്തന്നെ വിചാരിച്ചങ്ങനെ തെല്ലുനേരം നിന്നുപോയി. മാധുര്യം, അക്ഷരവ്യക്തി, പദച്ഛേദം, അത്വര, ധൈര്യം, ലയസമത്വം ഇവ ആറാണ് വാക്കിന്റെ ഗുണങ്ങള്‍ എന്നു പ്രസിദ്ധം. ഇവ ആറും തികഞ്ഞ കൂറൊത്ത വാക്കുകളാണ് ഹനുമാനില്‍ നിന്നു പുറപ്പെട്ടത്.



അവിളംബിതമദ്രുതംഉരസ്ഥം കണ്ഠഗം വാക്യം വര്‍ത്തതേ മധ്യമേ സ്വരേസംസ്‌കാരക്രമസമ്പന്നാം അദ്രുതാമവിളംബിതാംഉച്ചാരയതി കല്യാണീം വാചം ഹൃദയോഹാരിണീം.
രാമായണത്തിലെ മറ്റൊരു കഥാപാത്രത്തിന്റെയും ഭാഷണകൗശലത്തെപ്പറ്റി വാല്മീകി ഇപ്രകാരം വര്‍ണിക്കുന്നില്ല.  


രാമായണം മുഴുവന്‍ നോക്കിയാലും രാമന്‍ ഹനുമാന്ന് നല്കുന്നത്ര പ്രശംസ മറ്റൊരാള്‍ക്കും നല്കുന്നില്ല. 'ഇത്ര സമര്‍ഥനായ ഒരു ദൂതനുണ്ടെങ്കില്‍, ആര്‍ക്ക്, ഏതു കാര്യമാണ് സാധിക്കാതെ പോകുക? ഇത്തരം ഗുണഗണങ്ങളോടുകൂടിയ ഒരു സചിവനുണ്ടെങ്കി ആ രാജാവിന് അസാധ്യമായിപ്പിന്നെ ഒന്നുമുണ്ടാകയില്ല.' എന്നും മറ്റും ഹനുമാനെ രാമന്‍ പ്രശംസിക്കുന്നു. 


         രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമായതുതന്നെ ഹനുമാന്റെ ബുദ്ധിയും തന്ത്രജ്ഞതയും വീര്യപരാക്രമവും സ്പഷ്ടമാക്കുന്ന കാണ്ഡമായതിനാലാണ്.

Wednesday, February 26, 2020

ഹനുമാന് ശ്രീരാമന്റെ അനുഗ്രഹം



വാനരന്മാരെ സീതാന്വേഷണത്തിന് നിയോഗിക്കാന്‍ ശ്രീരാമന്‍ ആവശ്യപ്പെട്ടു. ഉടനെ സുഗ്രീവന്‍ ഉത്തരവ് നല്‍കി. ഓരോ ദിക്കിലേക്കും നൂറായിരം കപിവീരന്മാര്‍ സീതതെ തിരഞ്ഞുപോകണം. ദക്ഷിണദിക്കിലേക്ക് പോകുന്നവരുടെ നായകന്‍ അംഗദനായിരിക്കും. ബ്രഹ്മാവിന്റെ പുത്രനായ ജാംബവാന്‍, അഗ്നിയുടെ പുത്രനായ നീലന്‍, വായുപുത്രനായ ഹനുമാന്‍ എന്നിവരെക്കൂടാതെ മൈന്ദന്‍, വിവിദന്‍, തുംഗന്‍, സുഷേണന്‍, ശരഭന്‍. ഇവര്‍ കൂടെപ്പോകണം. സുഹോത്രന്‍, ഉല്‍ക്കാമുഖന്‍, ശരാരി, ഗവയന്‍, ഗവാക്ഷന്‍, അനംഗന്‍, ഗന്ധമാദനന്‍ തുടങ്ങിയവരെ ദക്ഷിണക്കിക്കിലേയ്ക്ക് അയയ്ക്കുന്നു. മുപ്പതുനാളിനകത്ത് ജാനകിയെ കണ്ടുപിടിച്ച് മടങ്ങിയെത്തണം. അതില്‍ ഒരുദിവസം അധികമെടുത്താല്‍ എന്നില്‍നിന്നും നിങ്ങള്‍ എല്ലാവരും പ്രാണാന്തദണ്ഡം (മരണശിക്ഷ) അനുഭവിക്കേണ്ടിവരും. ഇതാണ് ശരിക്കും സുഗ്രീവാജ്ഞ.


അംഗദന് സുഗ്രീവന്‍ അവര്‍ സഞ്ചരിക്കേണ്ട വഴികളും രാജ്യങ്ങളും വിശദമായി പറഞ്ഞുകൊടുക്കുന്നു. ധാരാളം കൊടുമുടികളുള്ള വിന്ധ്യപര്‍വതം, മനോഹരമായ നര്‍മ്മദാനദി, ഗോദാവരി, കൃഷ്ണ, വരദ എന്നീ നദികളും മേഖലം, ഉല്‍കലം, അശ്വവന്തി എന്നീ ദേശങ്ങളും കടന്ന് ദശവര്‍ണം എന്ന നഗരം, വിദര്‍ഭം, ഋഷീകം, മാഷികം എന്നീ രാജ്യങ്ങളിലും സീതയെ തിരക്കണം. കൂടാതെ മത്സ്യം, കലിംഗം കൗശികം, ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം മുതലായ രാജ്യങ്ങളിലും പോയി തിരയണം. പിന്നെ കാവേരി, താമ്രപര്‍ണിനദികളും മലയപര്‍വതവും കടക്കണം. സമുദ്രതീരത്തെത്തിയാല്‍ മഹേന്ദ്രപര്‍വതം കാണാം. കാട്ടിലും മേട്ടിലും പര്‍വതത്തിലും ഗുഹയിലുമെല്ലാം സീതയെ തെരയാന്‍ പറയുന്നു.
കപികള്‍ യാത്ര പുറപ്പെടാറായപ്പോള്‍ ശ്രീരാമന്‍ ഹനുമാനെ അടുത്തുവിളിച്ചു പറഞ്ഞു.



 ” നിന്നില്‍ എനിക്കു പ്രത്യേക വിശ്വാസം തോന്നുന്നു. ഇത് എന്റെ നാമാക്ഷരം കൊത്തിയ മോതിരമാണ്. പരിചയപ്പെടുത്തുന്നതിന് നീ ഇത് ജാനകിയുടെ കൈയില്‍ കൊടുക്കണം. ഹേ, കപിശ്രേഷ്ഠാ, നിന്റെ ബുദ്ധി, ബലം എന്നിവ ഞാന്‍ നന്നായി അറിയുന്നു. എന്റെ കാര്യത്തില്‍ നിനക്കുള്ള ശുഷ്‌കാന്തിയും ഭക്തിയും മറ്റാര്‍ക്കുമില്ല എന്നും എനിക്കറിയാം.
ആനന്ദരാമായണത്തില്‍ ശ്രീരാമന്‍ ഹനുമാന് ഈ സന്ദര്‍ഭത്തില്‍ മന്ത്രോപദേശംകൂടി നല്‍കുന്നു. തന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാനെന്നറിയാമായിരുന്ന രാമന്‍ പുറപ്പെടാന്‍ നേരത്ത് ഹനുമാന്റെ ചെവയില്‍ രഹസ്യമായി താരകന്ത്രം ഉപദേശിക്കുന്നു. ” ഓം ശ്രീരാം ജയ് രാം ജയ്ജയ് രാം” ഈ മന്ത്രം ജപിച്ചോളൂ. നിനക്കെല്ലാം സാധിക്കും എന്നനുഗ്രഹിച്ചു. 



ശ്രീരാമന്റെ വിരലില്‍ കിടന്ന നാമങ്കിതമായ മുദ്രമോതിരം മാരുതി ഭവ്യതയോടെ രണ്ടു കൈകള്‍ കൊണ്ടും ഏറ്റുവാങ്ങി കണ്ണില്‍ വച്ചിട്ട് ശിരസില്‍ തന്നെ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തത്. എല്ലാവരും ഉടനടി യാത്രയായി. ആത്മാന്വേഷണത്തിന് ഇറങ്ങിത്തിരിക്കുന്ന ലക്ഷംപേരില്‍ ഭക്തിയും ശ്രദ്ധയുമുള്ള ഒരാളേ കാണുകയുള്ളൂവെന്നും അയാള്‍മാത്രമേ ലക്ഷ്യം പ്രാപിക്കുകയുള്ളൂവെന്നും ഈ സംഭവം സൂചിപ്പിക്കുന്നു.

Wednesday, February 19, 2020

ശ്രീഭൂതനാഥസ്തവം



സഹ്യോത്തുംഗേ വസന്തം ഹരിഹരതനയം താരകബ്രഹ്മമൂർത്തിം
യോഗാധീശം മുനീന്ദ്രം  നിഗമനുതവിഭും യോഗപട്ടാസനസ്ഥം
ദേവാധീശം പരേശം പരമസുഖകരം ശാശ്വതം ശാന്തമൂർത്തിം
ധ്യായേദാനന്ദമൂർത്തിം  ഭവദുരിതഹരം  നിർമ്മലം നിർവ്വികല്പം. 1


ഭൂതനാഥ കലിദോഷനാശക മുരാന്തകാത്മജ ജടാധര
ജ്ഞാനരൂപ പരമാർത്ഥദായക മുരാന്തകാത്മജ കൃപാനിധേ
ലോഭമോഹമദകാമനാശക സുരേശപൂജിത മഹാഗുരോ
താപസേന്ദ്ര ശബരീശ പാശഹര ദീനരക്ഷക നമോസ്തുതേ. 2


ദേവദേവ ഹരിശങ്കരാത്മജ സുരാദിവന്ദിത തപോനിധേ 
യോഗപട്ടധര ചിത്സുഖാമൃത പരാത്മരൂപ കരുണാംബുധേ
കോമളാംഗ നിഗമാഗമാദിനുത വേദതത്ത്വപരിശോഭിത
ജ്ഞാനദായക  മഹാഗുരോ കലിമലക്ഷണാപഹ! നമോസ്തുതേ. 3


ദേവാധീശ്വരശങ്കരാത്മജവിഭും യോഗീശഭാവസ്ഥിതം
വാജ്യാരൂഢസുശോഭിതം ഗുണനിധിം വാത്സല്യതോയാകരം
സഹ്യോത്തുംഗമഹീധ്രവാസിതഗുരും വേദാന്തവാക്യേസ്ഥിതം
ശാസ്താരം പ്രണതോസ്മ്യഹം സുരനിധിം ശങ്കാപഹം ശാശ്വതം. 4


ആനന്ദരൂപഹരിശങ്കരയുക്തമൂർത്തിം
വേദാന്തസാരസുവിഭാസമഹാസ്വരൂപം
ശക്രാദിഭിർന്നുതതപോവരദേവദേവം
ഭൂതാധിനാഥശബരീശഗുരും നമാമി. 5


പുണ്യാതിപുണ്യപദപങ്കജപുണ്യമൂർത്തിം
മോക്ഷാദിദം ശുഭകരം കരുണാസമുദ്രം
ദേവാധിപം പരമപാവനബോധമൂർത്തിം
ഭൂതാധിനാഥശബരീശഗുരും നമാമി. 6



രുദ്രാക്ഷഹാരതുളസീമണിശോഭിതാംഗം!
നീലാംബരാവൃതസുശോഭിതദിവ്യഗാത്രം!
കാലാരിജം ത്രിഭുവനാർച്ചിതദേവദേവം!
ഭൂതാധിനാഥശബരീശഗുരും നമാമി. 7


പട്ടാസനേസ്ഥിതതപോനിരതം മുനീന്ദ്രം
ബ്രഹ്മോപദേശകകരേണസുശോഭമാനം
ജാനുസ്ഥഹസ്തലസിതം പരമേശസൂനും!
ഭൂതാധിനാഥശബരീശഗുരും നമാമി ! 8


ഭാനോഃ സമാനനസുഫാലസുഗണ്ഡയുഗ്മം!
ശോണാധരാമൃതസുഹാസവിഭും ! പരേശം
കാരുണ്യപൂരിതവിലോചനമപ്രമേയം
ഭൂതാധിനാഥശബരീശഗുരും നമാമി. 9



നീലാഞ്ജനാചലസമാനജടാവിഭൂഷം
രുദ്രാക്ഷഭൂഷണമഘാന്തകമാത്മരൂപം
ഹംസാദിനാഥപരമാത്ഭുതദേവദേവം
ഭൂതാധിനാഥശബരീശഗുരും നമാമി. 10


അജ്ഞാനവൈരിതമഹാശനരാജരാജം
ദുർമ്മോഹലോഭമദകാമവിനാശദക്ഷം
ശങ്കാപഹാരമമരാദിനുതം പ്രശാന്തം
ഭൂതാധിനാഥശബരീശഗുരും നമാമി. 11


ജ്ഞാനാദിസത്വഗുണദം വരതാപസേന്ദ്രം
സംസാരദുഃഖഹരശോഭനപുണ്യമൂർത്തിം
ചിദ്രൂപഭാസുരപരാത്മവിശുദ്ധമൂർത്തിം
ഭൂതാധിനാഥശബരീശഗുരും നമാമി. 12


സിദ്ധേശ്വരം സുരനിധിം, പരമേശസൂനും
ജ്ഞാനേശ്വരം, മുനിവരം മഹിഷീവിനാശം 
യോഗീശ്വരം മുരഹരാത്മജപുണ്യമൂർത്തിം
ഭൂതാധിനാഥശബരീശഗുരും നമാമി. 13


മായാവിമോഹിതഭവാർണ്ണവനാശഹേതും
കൈവർത്തകം ഗുണനിധിം കരുണാംബുരാശിം
മോഹാന്തകം  സകലവൈരിവിനാശദേവം
ഭൂതാധിനാഥശബരീശഗുരും നമാമി. 14


യോഗീന്ദ്രം ഹരിശങ്കരാത്മജവിഭും ശ്രീയോഗപട്ടാസനം 
ചിൻമുദ്രാങ്കിതജാനുസംസ്ഥിതകരം നീലാംബരം ശോഭനം
ഭാന്തം ഭസ്മവിഭൂഷിതം സുരനുതം ദേവം ജടാധാരിണം
സഹ്യോത്തുംഗമഹീധ്രവാസിതഗുരും ശ്രീഭൂതനാഥം ഭജേ. 15



സഹ്യാദ്രിയുടെ ഉത്തുംഗശൃംഗമായ  ശബരിഗിരീമന്ദിരത്തിൽ മണിമയമായ പീഠമദ്ധ്യത്തിൽ വസിക്കുന്നവനും, ഇടതുകൈ ഇടതുകാൽമുട്ടിൽ ചേർത്തുവച്ച് വലതുകയ്യിൽ ജ്ഞാനമുദ്രയേന്തിയവനും, യോഗപട്ടാസനസ്ഥിതനും, സംസാരദുഃഖത്തിന് അന്തകനുമായ ഭൂതനാഥന്റെ അപദാനങ്ങളെ വർണ്ണിക്കുന്നതാണ് ഈ കൃതി. 



 © സദ്ഗമയ സത്‌സംഗവേദി  (www.sadgamayasv.com)

Thursday, February 13, 2020

ആർഷവാണി, സുഭാഷിതം



സദ്ഭിരേവ സഹാസീത
 സദ്ഭിഃ കുര്‍വ്വീത സങ്ഗതിം।


സദ്ഭിര്‍വ്വിവാദം മൈത്രീം ച നാസദ്ഭിഃ കിഞ്ചിദാചരേത്॥

(സമയോചിതപദ്യമാലായം  സുഭാഷിതരത്നഭണ്ഡാഗാരേ।)



ഒരു വ്യക്തിയുടെ സൌഹൃദങ്ങളും സഹവാസവും അയാളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നല്ലവരെ മാത്രം തേടിപ്പിടിച്ചു അവരോടോപ്പം സുഖമായിരിക്കാനാണ്  ഈ സുഭാഷിതം നമ്മോടു പറയുന്നത്


സമയോചിത പദ്യമാലികയിലും സുഭാഷിതരത്നഭണ്ഡാഗാരത്തിലും കാണുന്ന ഈ സുഭാഷിതത്തിന്‍റെ അര്‍ത്ഥം:


നല്ലവരോടു മാത്രം കൂട്ടുകൂടുക, നല്ലവരോട് ഒപ്പം മാത്രം താമസിക്കുക, ചര്‍ച്ചകള്‍ ചെയ്യുന്നത് നല്ല വ്യക്തികള്‍ക്കൊപ്പം മാത്രം ആവണം.
സൌഹൃദങ്ങള്‍ നല്ലവരോട് ഒപ്പം മാത്രം ആകട്ടെ. ഒരിക്കലും ചീത്ത വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്



ഇത് വളരെ എളുപ്പമാണെന്ന് തോന്നും. പക്ഷെ ആരാണ് നല്ലവര്‍ എന്ന് തീരുമാനിക്കാനും, നല്ലവരെ കിട്ടുവാനും. അങ്ങിനെ കിട്ടിയാലും അവരുമായി സംഗമിക്കാനുമെല്ലാം ഒട്ടേറെ പ്രയാസമുണ്ട്. പിന്നെ  സാഹചര്യങ്ങള്‍ ഒത്തു വരികയും വേണം


Saturday, February 1, 2020

ശരീരം / ഭാഗവത മാഹാത്മ്യം



അസ്ഥിസ്തംഭം സ്നായുബദ്ധം മാംസശോണിതലേപിതം I
 ചര്‍മ്മാവനദ്ധം ദുര്‍ഗ്ഗദ്ധം
പാത്രം മൂത്രപുരീഷയോഃ I     
 ജരാശോകവിപാകാര്‍ത്തം
 രോഗമന്ദിരമാതുരം II
ദുഷ്പൂരം ദുര്‍ദ്ധരം ദുഷ്ടം
സദോഷം ക്ഷണഭംഗുരം I
കൃമിവിഡ് ഭസ്മസംജ്ഞാന്തം ശരീരമിതി വര്‍ണ്ണിതം II



( എല്ലുകളാകുന്ന തൂണുകളില്‍ ഞരമ്പുകളാകുന്ന കയറുകൊണ്ട് കെട്ടിയുറപ്പിച്ചതും, മാംസം, രക്തം എന്നിവയാല്‍ നിറച്ചതും, തോലി നാല്‍ മൂടപ്പെട്ടും, മലമൂത്രങ്ങളുടെ പാത്രമായിരിക്കുന്നതും, അതിനാല്‍ ദുര്‍ഗ്ഗന്ധത്തോടുകൂടിയതും, ജരാനരകളുടെ കാലത്തില്‍ അത്യന്തം ക്ലേശം വരുന്നതും, രോഗങ്ങളുടെ ഇരിപ്പിടമായതിനാല്‍ എപ്പോഴും ദുഃഖം നിറഞ്ഞതും, തൃപ്തിവരുത്താന്‍ പ്രയാസമുള്ളതും, ദുഷിച്ചതും, വാതപിത്തകഫാദിദോഷങ്ങളോടുകൂടിയതും, പെട്ടെന്നു് നശിക്കുന്ന  സ്വഭാവത്തോടുകൂടിയതും, അവസാനം പുഴുക്കളായിട്ടോ, മലമായിട്ടോ, ഭസ്മമായിട്ടോ തീരുന്നതിനെ ശരീരമെന്നു് പറയുന്നു )


( പദ്മ പുരാണം,  ഭാഗവത മാഹാത്മ്യം, 5-59 & 60)