108 ശിവക്ഷേത്രങ്ങളില് 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള് കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്
ചൊവ്വല്ലൂർ ശിവക്ഷേത്രം ചൊവ്വല്ലൂരപ്പൻ പടിഞ്ഞാറ് ചൊവ്വല്ലൂർ ചൊവ്വല്ലൂർ ഗുരുവായൂർ തൃശ്ശൂർ ജില്ല
പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന് സമീപം .ഗുരുവായൂരിൽ നിന്ന് തൃശൂർ ബസ്സിൽ കയറി 3 കി.മി.സഞ്ചരിച്ചാൽ കണ്ടാണശ്ശേരി സ്റ്റോപ്പിൽ ഇറങ്ങാം റോഡിന്റെ ഇടതുവശത്താണ് ക്ഷേത്രം ശിവക്ഷേത്രനിർമ്മാണത്തിന് മുമ്പ് തന്നെ അവിടെ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നു.തിരുവമ്പാടി കൃഷ്ണക്ഷേത്രം .കരിങ്കല്ലു കൊണ്ട് നിർമ്മിച്ച ആക്ഷേത്രത്തിന്റെ ശ്രീകോവിൽ മനോഹരമാണ്.തിരുവമ്പാടി കണ്ണനെ കൂടി ദർശിച്ചാലേ ശിവക്ഷേത്ര ദർശനം പൂർത്തിയാവുകയുള്ളൂ എന്നാണ് വിശ്വാസം.
രണ്ട് ഐതിഹ്യം ആണ് ക്ഷേത്രത്തെ പറ്റിയുള്ളത് പ്രചാരത്തിലുള്ള ഐതിഹ്യം ഇതാണ്
ചൊവ്വല്ലൂരിലെ ശിവൻ പരശുരാമപ്രതിഷ്oയാണ് .സ്വയംഭൂവായ ആവിഗ്രഹ ശില ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഉദയത്തിന് വളരെ മുമ്പ്തന്നെ അവിടെ ഉണ്ടായിരുന്നു.വൈകിയാണ് അതിലെ ശിവസാന്നിധ്യം അറിഞ്ഞത് .പിന്നീട് അവിടെ ശിവക്ഷേത്രം ഉയർന്നുവന്നു.അതു കൊണ്ട് ശ്രീകൃഷ്ണ ക്ഷേത്രത്തേക്കാൾ പഴമ ശിവക്ഷേത്രത്തിനുണ്ട്. ആരംഭകാലത്ത് ശിവക്ഷേത്രത്തിന്റെ ഊരാളന്മാർ 28 ഇല്ലക്കാരായിരുന്നുവത്രെ! അവർ എല്ലാം നശിച്ചുപോയപ്പോൾ ക്ഷേത്രം മഴവനൂർ ഇല്ലക്കാരുടേതായി തീർന്നു. കുറെ കാലം കഴിഞ്ഞപ്പോൾ ആ ഇല്ലവും അന്യം വന്നു .പിന്നീട് താഴക്കുളത്തു ഇല്ലക്കാരുടെ ഭരണത്തിലായി.ഇപ്പോൾ അവരും ഇല്ലാതായി.നാട്ടുകാരുടെ കമ്മറ്റിയാണ് ഭരിക്കുന്നത്. ഊരായ്മക്കാരുടെ അസ്ഥിരത ക്ഷേത്ര നാശത്തിന് ഇടയാക്കിയിട്ടുണ്ടാകാം. അതു കൊണ്ട് ചൊവ്വല്ലൂർ ശിവക്ഷേത്രത്തിന് തന്നെയാണ് കൂടുതൻ പഴമ അവകാശപ്പെടാനുള്ളത്.
ചൊവ്വല്ലൂര് മഹേശ്വരസാന്നിധ്യത്തിൽ അനുഗ്രഹീതമാണ്. സാമാന്യം വലിയ വട്ട ശ്രീകോവിലിൽ ത്യാഗത്തിന്റെ മൂർത്തിയായ ഭഗവാൻ ഗതകാല മഹിമ വിളിച്ചോതിക്കൊണ്ടു് പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. ഭഗവാന് ആഡംബരങ്ങൾ ഒന്നും വേണ്ട. വെറും ജലം കൊണ്ടുള്ള അഭിഷേകം .സുഗന്ധ പുഷ്പങ്ങൾ വേണ്ട കൂവളത്തില മതി.ഇതിന്റെയൊക്കെ അർഥമെന്താണെന്നോ❓ ഭക്തന്മാരിൽ ത്യാഗമനോഭാവം വളരണമെന്നാണ്.
ശ്രീകോവിലിന്റെ കിഴക്ക് ഭാഗത്തു പാർവ്വതി ഉണ്ടു്. കിഴക്കോട്ട് ദർശനമായി മരുവന്നു . പാർവ്വതിയുടെ ദാരുവിഗ്രഹം മനോഹരമാണ്.ശിവക്ഷേത്രത്തിൽ പിൻവിളക്കിനുള്ള പ്രാധാന്യം പാർവ്വതി പിന്നിലുണ്ടന്നത് തന്നെയാണ്.
മറ്റൊരൈതിഹ്യം ഇങ്ങനെയാണ്
തൃശൂർ ജില്ലയിലെ ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമേറിയ ഈ ശിവക്ഷേത്രമാണ്, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്
എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച് ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു.ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.
കേരളത്തിലെ 108 ശിവാലയങ്ങളിൽ ഏറെ പ്രസിദ്ധമായ ചൊവ്വല്ലൂർ ശിവക്ഷേത്രം തൃശ്ശൂർ ജില്ലയിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഗുരുവായൂർ ദർശനത്തിനെത്തുന്ന ഭക്തർ ചൊവ്വല്ലൂരിലും ദർശനത്തിന് വരാറുണ്ട്. ക്ഷേത്രത്തിന് കിഴക്കുഭാഗത്തുകൂടെ ചൊവ്വല്ലൂർപ്പടി തോട് ഒഴുകിപ്പോകുന്നു. തോടിനോടുചേർന്നുതന്നെയാണ് ക്ഷേത്രക്കുളവും സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രദർശനത്തിനെത്തുന്ന ഏതൊരു ഭക്തനെയും ആദ്യം ആകർഷിയ്ക്കുന്നത് പടിഞ്ഞാറേ നടയിലുള്ള കൂറ്റൻ അരയാൽ മരമാണ്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തീസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിനെ രാവിലെ ഏഴുതവണ വലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഓസോൺ ഏറ്റവുമധികം ഉത്പാദിപ്പിയ്ക്കുന്ന വൃക്ഷവും അരയാൽ തന്നെ. ആലിനെ വലംവച്ചുകഴിഞ്ഞാൽ പടിക്കെട്ടുകൾ കയറി മതിലകത്ത് പ്രവേശിയ്ക്കാം. ഇവിടെ ക്ഷേത്രത്തിലൊരുവശത്തും ഗോപുരങ്ങളില്ല. കൊടിയേറി ഉത്സവം നടത്താത്തതിനാൽ കൊടിമരവുമില്ല.
പരമപവിത്രമായ നാലമ്പലത്തിലേയ്ക്ക് കടക്കാം. വളരെ വലുതും മനോഹരവുമായ രണ്ടുനില വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. സാധാരണ ശ്രീകോവിലിന്റെ ഇരട്ടി വലിപ്പം വരും ഈ ശ്രീകോവിലിന്. ശ്രീകോവിലിന്റെ രണ്ടുനിലകളും ചെമ്പുമേഞ്ഞതാണ്. ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും ധാരാളമായി കാണാം. വട്ടശ്രീകോവിലിനകത്ത് ചതുരാകൃതിയിലാണ് ഗർഭഗൃഹം പണിതീർത്തിരിയ്ക്കുന്നത്. മൂന്നുമുറികൾക്കകത്താണ് ഗർഭഗൃഹം. ഇതിൽ പടിഞ്ഞാട്ട് ദർശനമായി ചൊവ്വല്ലൂരപ്പന്റെ മൂന്നടിയോളം പൊക്കം വരുന്ന സ്വയംഭൂലിംഗം പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഇതിന് തൊട്ടപ്പുറത്ത് കിഴക്കോട്ട് ദർശനമായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയാണ്. ഇതേ ശ്രീകോവിലിൽത്തന്നെ തെക്കോട്ട് ദർശനമായി ഗണപതി, ദക്ഷിണാമൂർത്തി എന്നീ പ്രതിഷ്ഠകളുമുണ്ട്.
ശ്രീകോവിലിനുമുന്നിൽ ഓടുമേഞ്ഞ ഒരു നമസ്കാരമണ്ഡപമുണ്ട്. അതിൽ ഭഗവദ്വാഹനമായ നന്തിയുടെ ശിലാവിഗ്രഹം കാണാം. നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറഞ്ഞാൽ അത് അദ്ദേഹം ഭഗവാനോടുചെന്ന് പറയും എന്നാണ് വിശ്വാസം. ഇവിടെ ദിവസവും നന്തിയ്ക്ക് വിളക്കുവയ്പുണ്ട്.
കേരളത്തിലെ ക്ഷേത്രങ്ങളിൽ അധികം കണ്ടുവരാത്ത അത്ഭുതകരമായ രണ്ട് പ്രത്യേകതകൾ ചൊവ്വല്ലൂർ ക്ഷേത്രത്തിനുണ്ട്.
ഒന്ന്,ശിവകുടുംബത്തിന്റെ മൊത്തം ദർശനം. ശിവനെയും പാർവ്വതിയെയും കൂടാതെ ശിവപുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെയും ശൈവാംശജാതനായ ഹനുമാന്റെയും സാന്നിദ്ധ്യമാണ് ഈ അപൂർവ്വതയ്ക്കുപിന്നിൽ. രണ്ട്, വിഗ്രഹരൂപത്തിലുള്ള സപ്തമാതൃപ്രതിഷ്ഠ. സാധാരണയായി ക്ഷേത്രങ്ങളിൽ ബലിക്കല്ലുകളുടെ രൂപത്തിൽ മാത്രം കണ്ടുവരാറുള്ള സപ്തമാതൃക്കളെ ഇവിടെ അവരുടെ സ്വരൂപങ്ങളിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തെക്കുഭാഗത്തെ മാതൃശാലയിൽ വടക്കോട്ട് ദർശനമായാണ് ഈ പ്രതിഷ്ഠകൾ.
ഗണപതിയുടെ രണ്ട് പ്രതിഷ്ഠകൾ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, ദക്ഷിണാമൂർത്തി, സപ്തമാതൃക്കൾ, നവഗ്രഹങ്ങൾ, സിംഹോദരൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിങ്ങനെ മൊത്തം പതിനൊന്ന് ഉപദേവതാപ്രതിഷ്ഠകളാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിലുള്ളത്. കൂടാതെ ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറുഭാഗത്ത് തിരുവമ്പാടിയിൽ ശ്രീകൃഷ്ണഭഗവാനും സാന്നിദ്ധ്യമരുളുന്നു.
ക്ഷേത്രത്തിലെ ദർശനക്രമം ഇതാണ്:
പടിഞ്ഞാറേ നടയിലെ ആൽമരത്തെ പ്രദക്ഷിണം വച്ച് മതിലകത്തുകടന്നാൽ ആദ്യം പുറത്തുനിന്ന് ചൊവ്വല്ലൂരപ്പനെ വന്ദിയ്ക്കണം. തുടർന്ന് നാമജപത്തോടെ പ്രദക്ഷിണം വച്ച് ഉപദേവതാസന്നിധികളിൽ തൊഴുക. വടക്കുപടിഞ്ഞാറേ മൂലയിൽ സുബ്രഹ്മണ്യൻ, വടക്കുകിഴക്കേമൂലയിൽ നവഗ്രഹങ്ങൾ, തെക്കുകിഴക്കേമൂലയിൽ ഹനുമാൻ, തെക്കുപടിഞ്ഞാറേമൂലയിൽ സിംഹോദരൻ എന്നിവരാണ് നാലമ്പലത്തിനുപുറത്തു കുടികൊള്ളുന്ന ഉപദേവതകൾ. സിംഹോദരസന്നിധിയ്ക്കും അപ്പുറത്താണ് നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകൾ. ശിവഭൂതഗണങ്ങളിൽ പ്രധാനിയായ സിംഹോദരനെ വന്ദിച്ചശേഷമാകണം നാലമ്പലത്തിനകത്ത് കടക്കാൻ. പത്തടിയോളം പൊക്കമുള്ള ഭീമാകാരമായ വലിയ ബലിക്കല്ലാണ് ആദ്യം നമ്മെ സ്വാഗതം ചെയ്യുക. ബലിക്കല്ലിന് കിഴക്കുഭാഗത്ത് ഒരു ദീപസ്തംഭമുണ്ട്. അതുകഴിഞ്ഞ് നാലമ്പലത്തിനകത്ത് കടക്കാം.
നമസ്കാരമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തിയെ വന്ദിച്ചശേഷം മഹാദേവനെ തൊഴുക. തുടർന്ന് വടക്കുഭാഗത്ത് ഓവുവരെ ചെന്ന് താഴികക്കുടം നോക്കി 'ശംഭോ മഹാദേവാ' എന്നുച്ചരിച്ച് രണ്ടുകൈകളും മടക്കി തലയിൽ തട്ടിത്തൊഴുത് വീണ്ടും ശിവന്റെ നടയിലേയ്ക്ക് വരിക. തുടർന്ന് കിഴക്കേ നടയിലെ പാർവ്വതീദേവിയെ വന്ദിയ്ക്കാൻ തെക്കുഭാഗത്തുകൂടെ പോകുക. അവിടെ തൊഴുതശേഷം ഓവിനപ്പുറത്ത് വന്ന് വീണ്ടും താഴികക്കുടം നോക്കി 'ശംഭോ മഹാദേവാ' എന്നുച്ചരിച്ച് രണ്ടുകൈകളും മടക്കി തലയിൽ തട്ടിത്തൊഴുത് വീണ്ടും പാർവ്വതീദേവിയുടെ നടയിലേയ്ക്ക് വരിക. പിന്നെ ശ്രീകോവിലിന്റെ തെക്കേ നടയിലെ ഗണപതിയെയും ദക്ഷിണാമൂർത്തിയെയും മാതൃശാലയിലെ സപ്തമാതൃക്കളെയും വന്ദിച്ച് തെക്കുപടിഞ്ഞാറേ മൂലയിലേയ്ക്ക് വരിക. അവിടെ കുടിയിരുത്തപ്പെട്ടിട്ടുള്ള ഗണപതിയെയും അയ്യപ്പനെയും വന്ദിയ്ക്കുക. അതുകഴിഞ്ഞ് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ ചൊവ്വല്ലൂരപ്പന്റെ നടയിലെത്തി വീണ്ടും ദർശനം നടത്തി തീർത്ഥവും പൂവും ചന്ദനവും വാങ്ങി പുറത്തിറങ്ങുക. തുടർന്ന് വീണ്ടും പുറത്തുകൂടെ പ്രദക്ഷിണം നടത്തുക. അതുകഴിഞ്ഞാൽ പുറത്തിറങ്ങി തിരുവമ്പാടി കൃഷ്ണനെയും വന്ദിയ്ക്കുക. അങ്ങനെ ഒരു ദർശനം പൂർത്തിയാകും.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളും നടക്കുന്ന മഹാക്ഷേത്രമാണ് ചൊവ്വല്ലൂർ ശിവക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ പത്തുമിനിറ്റ് നേരം നിർമ്മാല്യദർശനമാണ്. തുടർന്ന് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹത്തിൽ അലങ്കാരങ്ങൾ ചാർത്തുന്നു. തുടർന്ന് അഞ്ചുമണിയ്ക്ക് മലർനിവേദ്യവും അതുകഴിഞ്ഞ് ഉഷഃപൂജയുമാണ്. ഉഷഃപൂജ കഴിഞ്ഞ് ഗണപതിഹോമം നടത്തുന്നു. ആറുമണിയോടെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ. ഈ സമയത്ത് ഉപദേവന്മാർക്ക് നിവേദ്യം സമർപ്പിയ്ക്കും. അതുകഴിഞ്ഞാൽ എതിരേറ്റുശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്നാണ് ഇതിന്റെ സങ്കല്പം. ശീവേലി കഴിഞ്ഞാൽ ശിവന് നവകാഭിഷേകവും ധാരയും. പിന്നീട് രാവിലെ എട്ടുമണിയോടെ പന്തീരടിപൂജ. അതിനുശേഷം പത്തരയോടെ ഉച്ചപൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കും.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടത്തുന്നു. അതിനുശേഷം ഏഴേകാലിന് അത്താഴപൂജയും ഏഴേമുക്കാലിന് അത്താഴശീവേലിയും നടത്തുന്നു. തുടർന്ന് തൃപ്പുക നടത്തി എട്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാവിധികളാണ് മേൽ സൂചിപ്പിച്ചവ. വിശേഷദിവസങ്ങളിൽ ഇത്തരം പൂജാവിധികൾക്ക് മാറ്റം വരും. കീഴ്മുണ്ടയൂർ മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. നാട്ടുകാർ ചേർന്ന് തിരഞ്ഞെടുക്കുന്ന ഒരു ഉപദേശക സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഇവിടത്തെ പ്രധാന വഴിപാട് ദമ്പതീപൂജയാണ്. ഉമാമഹേശ്വരപൂജ എന്നും ഇത് അറിയപ്പെടുന്നു. മംഗല്യഭാഗ്യത്തിന് ഉത്തമമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അധികദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന ഗുരുവായൂരിലെ ഉദയാസ്തമനപൂജ പോലെ ഇതും വളരെ പ്രസിദ്ധമാണ്. എല്ലാ ദിവസവും സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞാണ് ദമ്പതിപൂജ നടത്തുന്നത്. കൂടാതെ ഉദയാസ്തമനപൂജ, മൃത്യുഞ്ജയഹോമം, ശംഖാഭിഷേകം, ധാര തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതാണ് പ്രധാന വഴിപാട്. ഗണപതിയ്ക്ക് അപ്പം മൂടലാണ് പ്രധാനം. അയ്യപ്പന് നീരാജനവും സുബ്രഹ്മണ്യന് പാലഭിഷേകവും ഹനുമാന് വടമാലയും പ്രധാനമാണ്. നവഗ്രഹങ്ങൾക്ക് ഓരോ ദിവസവും വിശേഷാൽ പൂജകളുണ്ട്.
ഇവിടത്തെ പ്രധാന ആഘോഷം മഹാശിവരാത്രിയാണ്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസമാണ് മഹാശിവരാത്രി ആഘോഷിയ്ക്കുന്നത്. ചൊവ്വല്ലൂർ ക്ഷേത്രത്തിൽ ഇതൊരു ത്രിദിനപരിപാടിയാണ് - അതായത് ദ്വാദശി, ത്രയോദശി, ചതുർദ്ദശി അങ്ങനെ മൂന്നുദിവസങ്ങളിലായി നടത്തുന്ന പരിപാടി. ശിവരാത്രിദിവസം സന്ധ്യയ്ക്ക് ലക്ഷദീപം തെളിയിയ്ക്കുന്നു. മൂന്നുദിവസവും കലാപരിപാടികളുമുണ്ടാകും. അന്ന് ക്ഷേത്രത്തിൽ നടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജകളും സഹസ്രകലശാഭിഷേകവുമുണ്ടാകും.
ധനുമാസത്തിലെ തിരുവാതിരയാണ് മറ്റൊരു പ്രധാന ആഘോഷം. തിരുവാതിരയോടനുബന്ധിച്ച് പാർവ്വതീദേവിയ്ക്ക് വിശേഷാൽ പൂജകളുണ്ടാകും. ഈ ദിവസങ്ങളിൽ വിശേഷാൽ പട്ടും താലിയും ചാർത്തലുണ്ടാകും. 12 ദിവസമാണ് തിരുവാതിര ആഘോഷം. തിരുവാതിരദിവസം സ്ത്രീകൾ ഉറക്കമിളച്ച് തിരുവാതിരക്കളി നടത്തുന്നുണ്ടാകും.
കന്നിമാസത്തിൽ നവരാത്രിയും പ്രധാനപ്പെട്ട ആഘോഷമാണ്. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രിയായി ആഘോഷിയ്ക്കുന്നത്. 1984ലാണ് ഇവിടെ നവരാത്രി ആഘോഷം തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും ഗംഭീരൻ കലാപരിപാടികളോടെ നവരാത്രി ആഘോഷിയ്ക്കപ്പെടുന്നു. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ മുതലായവ ക്ഷേത്രത്തിലെ വാതിൽമാടത്തിൽ പൂജയ്ക്കുവയ്ക്കുന്നു. മഹാനവമിദിവസം അടച്ചുപൂജയാണ്. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് സാധനങ്ങളെല്ലാം തിരിച്ച് ഉടമസ്ഥർക്ക് കൊടുക്കുന്നു. അന്ന് ആയിരത്തോളം കുട്ടികൾ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിയ്ക്കുന്നു.
ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി ക്ഷേത്രത്തിലെ ഉപദേവനായ ഗണപതിയ്ക്ക് ഏറെ വിശേഷമാണ്. അന്ന് ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും നടത്തിവരുന്നു. 1995ലാണ് അഷ്ടദ്രവ്യഹോമം തുടങ്ങിയത്; 2002ൽ ഗജപൂജയും ആനയൂട്ടും. ഗണപതിയ്ക്ക് അന്ന് വിശേഷാൽ അപ്പം മൂടലുണ്ടാകും. അന്ന് ചന്ദ്രദർശനം പാടില്ല.
വൃശ്ചികം 1 മുതൽ ധനു 11 വരെയുള്ള 41 ദിവസം കൂടിയ മണ്ഡലകാലവും ക്ഷേത്രത്തിൽ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.ഈ ദിവസങ്ങളിൽ ഉപദേവനായ അയ്യപ്പന് വിശേഷാൽ പൂജകളും അഭിഷേകങ്ങളുമുണ്ടാകും. കൂടാതെ ശിവന് 40 ദിവസം പഞ്ചഗവ്യാഭിഷേകവും അവസാനദിവസം കളഭാഭിഷേകവും നടത്തിവരുന്നു. ധാരാളം ശബരിമല തീർത്ഥാടകർ അന്ന് ക്ഷേത്രദർശനത്തിന് വരും. ക്ഷേത്രത്തിൽ മാലയിടാനും കെട്ടുനിറയ്ക്കാനും ഭക്ഷണം, വിശ്രമം മുതലായ കാര്യങ്ങൾക്കുമൊക്കെ സൗകര്യങ്ങൾ ഏർപ്പെടുത്താറുണ്ട്. ക്ഷേത്ര ഉപദേശക സമിതി വകയും ശബരിമല തീർത്ഥാടനമുണ്ടാകും. വൃശ്ചികമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ച സന്ധ്യയ്ക്ക് കെട്ടുനിറച്ച് വെള്ളിയാഴ്ച പുലർച്ചെ പുറപ്പെട്ട് രണ്ട് ദിവസം അവിടെ താമസിച്ചശേഷം ഞായറാഴ്ച രാത്രി തിരിച്ചെത്തുന്ന വിധത്തിലാണ് തീർത്ഥാടനം. 1984ലാണ് ഇത് തുടങ്ങിയത്.
തുലാമാസത്തിലെ സ്കന്ദഷഷ്ഠിയും മകരമാസത്തിലെ തൈപ്പൂയവും ക്ഷേത്രത്തിലെ മറ്റൊരു ഉപദേവനായ സുബ്രഹ്മണ്യന്റെ വിശേഷദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ കാവടിയാട്ടവും സുബ്രഹ്മണ്യന് വിശേഷാൽ അഭിഷേകങ്ങളും നടക്കും. കവിളിലൂടെ ശൂലം കുത്തിയിറക്കി ചുറ്റും നാരങ്ങകൾ വച്ചുള്ള ഭീകരവഴിപാടും ഈ ദിവസങ്ങളിലുണ്ടാകും.
മേടമാസത്തിലെ വിഷുവും ക്ഷേത്രത്തിൽ വിശേഷദിവസമാണ്. അന്ന് പതിവിലും ഒരുമണിക്കൂർ നേരത്തേ നട തുറക്കും. കണിക്കൊന്നകൾക്കും അഷ്ടമംഗല്യത്തിനുമൊപ്പം ശിവലിംഗവും കണ്ട് ഭക്തർ സായൂജ്യമടയുന്നു. തുടർന്ന് ക്ഷേത്രദർശനം നടത്തി ആദ്യമെത്തുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകുന്നു.
ചിങ്ങമാസത്തിൽ തിരുവോണം നാളിൽ ക്ഷേത്രത്തിൽ വലിയ നിറമാല ആഘോഷിയ്ക്കുന്നു. 1960ലാണ് ഇത് ആരംഭിച്ചത്. ക്ഷേത്രത്തിൽ അത്തം തൊട്ട് തിരുവോണം വരെയുള്ള പത്തുദിവസവും പൂക്കളമിട്ടൂവയ്ക്കും. ഉത്രാടം, തിരുവോണം നാളുകളിൽ ക്ഷേത്രത്തിൽ സദ്യയുണ്ടായിരിയ്ക്കും.
കർക്കടകമാസം മുഴുവൻ രാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. ഇല്ലം നിറ, തൃപ്പുത്തരി, ഔഷധസേവ, മുറജപം, വിശേഷാൽ ഗണപതിഹോമം, ഭഗവതിസേവ, നിറമാല, ചുറ്റുവിളക്ക് എന്നിവയും ക്ഷേത്രത്തിലുണ്ടാകും. മഴുവന്നൂർ മനയ്ക്കലെ അയ്യപ്പൻ, ഭദ്രകാളി, രക്ഷസ്സ് എന്നിവർക്കും ഈ ദിവസങ്ങളിൽ പൂജകളുണ്ടാകും.
മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേക ആഘോഷവും ക്ഷേത്രത്തിലുണ്ട്. ഇടവമാസത്തിലെ കലശസ്മരണ മഹോത്സവമാണത്. 2001 മെയ് 25ന് ക്ഷേത്രത്തിൽ നടന്ന നവീകരണകലശത്തിന്റെ ഓർമ്മയ്ക്കായി 2002ൽ ആരംഭിച്ചതാണ് ഈ ആഘോഷം. ഇടവമാസത്തിലെ കാർത്തിക, രോഹിണി, മകയിരം ദിവസങ്ങളിലായാണ് ഈ ആഘോഷം നടത്തിവരുന്നത്.
കൂടാതെ എല്ലാ മാസവും തിരുവാതിര നക്ഷത്രത്തിൽ തന്ത്രിപൂജയും വാരമിരിയ്ക്കലുമുണ്ടാകും. അതിന്റെ തലേന്ന് (മകയിരം നക്ഷത്രം) വാതിൽമാടത്തിൽ അഷ്ടദളപദ്മമിട്ട് ഭഗവതിസേവയുണ്ടാകും. വാരത്തിന്റെ പിറ്റേ ദിവസം (പുണർതം നക്ഷത്രം) വേളിയോത്ത്, ചെറുനാമജപം, ഭസ്മാഭിഷേകം എന്നീ ചടങ്ങുകളുമുണ്ടാകും. തിങ്കളാഴ്ച, പ്രദോഷവ്രതം, വൈക്കത്തഷ്ടമി തുടങ്ങിയവയും വിശേഷദിവസങ്ങളാണ്. തിരുവമ്പാടിക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിവസം വിശേഷാൽ പൂജകളുണ്ടാകും. അന്ന് ക്ഷേത്രത്തിൽ വലിയ ഘോഷയാത്രകളും ഉറിയടിമത്സരവും നടക്കും.