ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 27, 2016

ശ്രീ മൃദംഗശൈലേശ്വരി ദുർഗ്ഗാ ക്ഷേത്രം, മുഴക്കുന്ന്


" ദുര്‍ഗ്ഗാം ഞ്ചാപി മൃദംഗ ശൈലനിലയാം 
ശ്രീ പോര്‍ക്കലീ ഇഷ്ടദാം, ഭക്ത്യാനിത്യമുപാസ്മഹെ
സപദിന കൂര്‍വ്വഞ്ചമീ മംഗളം "

ദക്ഷിണഭാരതത്തിലെ അതി പൗരണിക ഗ്രാമമായ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരിദേവീ ക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ അതിമഹത്വം ഉദ്ഘോഷിക്കുന്നതാണ് ഈ ക്ഷേത്രം. നിസ്വാര്‍ത്ഥമായ ഭക്തിയോടുകൂടി നിത്യമെന്നേന ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ - ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ..   രണ്ട് ഭാവത്തിലാണ് ദേവീ സങ്കൽപം മൃദംഗശൈലേശ്വരിയും ശ്രീപോർക്കിലിയും. കലാവാസനകൾ വളരാനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്. അന്തരിച്ച സംഗീത സംവിധായകൻ വി.ദക്ഷിണാമൂർത്തി സ്വാമികൾ ഇവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു.

വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അിറയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലമത്രേ മൃദംഗ ശൈലം. മൃദംഗരൂപത്തില്‍ മഹാദേവി സ്വയംഭൂവായ് ഉയര്‍ന്നുവന്നെന്നും ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നും സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നായതിനാല്‍ ഈ പ്രദേശം 'മുഴങ്ങിയകുന്ന്' എന്നും അത് ലോപിച്ചു മുഴക്കുന്നായെന്നും പറയപ്പെടുന്നു. മൃദംഗശൈലം എന്ന വാക്കിന്‍റെ മലയാളപദം മിഴാവ് കുന്ന് എന്നാണ്. ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വാതില്‍മാടത്തിലാണ് ദേവി മിഴാവ് രൂപത്തില്‍ സ്വയംഭൂവായ സ്ഥാനം.

കൊട്ടാരക്കര തമ്പുരാന്‍റെ രാമനാട്ടത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് കോട്ടയം തമ്പുരാന്‍ കഥകളി സൃഷ്ടിച്ചതും ഈ ക്ഷേത്രസന്നിധിയില്‍വച്ചാണ്. ബകവധം, കിര്‍മീരവധം, കല്യാണ സൗഗന്ധികം, നിവാതകവചകാലകേയവധം എന്നീ ആട്ടക്കഥ രചിച്ചതും ഈ ക്ഷേത്രത്തില്‍ വെച്ചാണ്.


" മാതംഗാനന മബ്ജവാസരമണിം 
ഗോവിന്ദ മാദ്യം ഗുരും 
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം 
ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍ 
ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം 
ശ്രീപോര്‍ക്കലീമിഷ്ടദാം 
ഭക്ത്യാനിത്യമുപാസമഹെ സപദി ന: 
കുര്‍വ്വന്ത്വമീ മംഗളം "


എന്ന് കഥകളിയുടെ വന്ദനശ്ലോകത്തിലൂടെ സ്തുതിക്കപ്പെടുന്ന മൃദംഗശൈലേശ്വരിദേവിയുടെ മഹത്വം ദേശവും കാലവും കടന്ന് ഈ ലോകമാകെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.


കഥകളിയുടെ ഉത്ഭവം ഇവിടെ നിന്നാണെന്ന് പറഞ്ഞുവല്ലോ? തമ്പുരാന്‍ കഥകളിയിലെ വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീവേഷം അദ്ദേഹത്തിന് വേണ്ടവിധം തോന്നായ്കയാല്‍ ഇവിടെ ധ്യാനനിരതനാവുകയും പിന്നീട് ക്ഷേത്രക്കുളത്തില്‍ ദേവി തന്നെ ആ രൂപം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്നതും ചരിത്രമാണ്. ഇന്നും ആ സ്ത്രീ വേഷം തന്നെയാണ് കഥകളിയില്‍ ഒരുമാറ്റവും വരുത്താതെ നിലവിലുള്ളത്.


കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ കുലദേവതയായ ശ്രീപോര്‍ക്കലി എന്നും പുകള്‍പെറ്റ മൃദംഗശൈലേശ്വരിദേവി സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവങ്ങളില്‍ കുടികൊള്ളുന്നു. നാം ഏത് ഭാവത്തില്‍ പ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ നമ്മില്‍ പ്രസാദിക്കുമെന്ന് സാരം.


പുരളീരാജാക്കന്മാരുടെ കുലദേവതാക്ഷേത്രം എന്ന നിലയില്‍ കോകില സന്ദേശകാവ്യത്തിലും മറ്റും ഉദ്ഘോഷിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാക്ഷേത്രത്തില്‍ വെച്ച് യുദ്ധത്തിന് പോവുന്നതിനു മുന്നോടിയായി പുരളിരാജാക്കന്മാർ ദേവിക്ക് ബലിതര്‍പ്പതണം നടത്തിയിരുന്ന വേളയില്‍ ദേവി പോരില്‍ കലിതുള്ളുന്ന കാളിയായി, പാര്‍ക്കാളി - പോര്‍ക്കലി - ശ്രീ പോര്‍ക്കലിയായി എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞിരുന്നുവെന്ന് ഐതീഹ്യം പറയുന്നു. ദക്ഷിണഭാരതത്തിലെ എല്ലാ പോര്‍ക്കലീ ക്ഷേത്രങ്ങളുടെയും ആരുഢമാണിവിടം. ഇന്ന് ഈ ഗുഹാക്ഷേത്രം നിലവിലില്ല. അതിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്.


പഞ്ചലോഹ നിർമ്മിതമായ വിഗ്രഹത്തിന് വളരെ ശക്തിയാണ് ഉള്ളത്. ഇവിടെ അഭിഷേകം ചെയ്ത തീർഥം കുടിച്ചാൽ മാറാരോഗങ്ങൾ വരെ മാറും എന്ന് പറയപ്പെടുന്നു. മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം രചിക്കാൻ പ്രചോദനമായത് ഈ ക്ഷേത്രമാണ് എന്നും കരുതുന്നു. പി കുഞ്ഞിരാമൻ പഴശിരാജയെ വർണിക്കുന്ന കവിതയാണ് പുരളിമലയിലെ പൂമരങ്ങൾ.


പുരളിമല ആസ്ഥാനമാക്കി ഹരിശ്ചന്ദ്ര പെരുമാൾ സ്ഥാപിച്ച രാജവംശമാണ് പിൽക്കാലത്ത് മലബാർ കോട്ടയം രാജവംശമായി അറിയപ്പെടുന്നത്, ഈ പരമ്പരയിലാണ് പഴശ്ശിരാജയും. അദ്ദേഹത്തിന്റെ കുടുംബ പരദേവതയാണ് ഈ ദേവി. യുദ്ധത്തിന് പോകും മുൻപ് ദേവിക്ക് ഗുരുതിയും വഴിപാടുകളും നടത്തുക ഇവിടെ പതിവായിരുന്നു.


രാമനാട്ടത്തെ പരിഷ്ക്കരിച്ചാണ് കഥകളി ചിട്ടപ്പെടുത്തിയത് കോട്ടയം തമ്പുരാനാണ്. ലോകത്തെവിടെയും കഥകളി ആടിയാൽ പാടുന്ന വന്ദനശ്ലോകം ഈ ക്ഷേത്രത്തിലെ ദേവിയുടെ ധ്യാന ശ്ലോകമാണ്. ക്ഷേത്രകുളത്തിൽ നിന്നും ദേവി ഉയർന്നുവെന്നാണ് കഥകളിയുടെ സ്ത്രീരൂപം രാജാവിന് മനസിലാക്കി കൊടുത്തു എന്ന് ഐതിഹ്യം. ഇവിടെ അടുത്തു തന്നെയാണ് പിണ്ഡാലി കളരി ക്ഷേത്രം പഴശ്ശിരാജ ഉൾപ്പെടെയുള്ളവർ ഇവിടുത്തെ കളരിയിലാണ് ആയുധമുറകൾ പഠിച്ചത്. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയും ഇവിടെ കളരി പഠിച്ചിരുന്നു.


ദേവിയുടെ ഉപദേവൻമാരായി മഹാഗണപതിയും ദക്ഷിണാമൂർത്തിയും അമൃതകലശമേന്തിയ ശാസ്താവും നാഗവുമാണ് ഉള്ളത്.നവരാത്രിയും മീനമാസത്തിലെ പൂരവും ആണ് ഇവിടത്തെ ഉത്സവങ്ങൾ. മകരസംക്രാന്തിയും വിശേഷ ദിവസമായി ആഘോഷിക്കുന്നു.
ഇത്രയൊക്കെ പ്രത്യേകതകൾ ഉള്ള ക്ഷേത്രം ഇന്നും പുരാതനമായ രീതിയിലാണ് നിലകൊള്ളുന്നത്. ഇവിടത്തെ വിഗ്രഹം മൂന്ന് പ്രാവശ്യം മോഷണം പോയിട്ടുണ്ട്. മൂന്ന് തവണയും കള്ളന്മാർക്ക് പാതി വഴിയിൽ അത് ഉപേക്ഷിക്കേണ്ടിവന്നു. വിഗ്രഹം മോഷ്ടിച്ച ഉടനെ അവർക്ക് സ്ഥലകാല ഭ്രമം സംഭവിച്ചു. തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് ഏതാണ് എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. അതിനാൽ തന്നെ അതുമായി എങ്ങോട്ടാണ് പോകുന്നത് എന്നുപോലും അറിയാതെ ആകുന്നു. പിന്നെ നിയന്ത്രണമില്ലാതെ മലമൂത്രവിസർജ്ജനം നടക്കുന്നു. അങ്ങനെ വശം കെട്ട് ആണ് മൂന്ന് പ്രാവശ്യവും ഈ വിഗ്രഹം ഉപേക്ഷിച്ച് പോയത്. പൊലീസിനെ ഒരു പ്രാവശ്യം കള്ളന്മാർ തന്നെ വിളിച്ചു പറഞ്ഞു സംഭവവും ഇതിൽപെടുന്നു എന്നതും അത്ഭുതമായി ഭക്തജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  മുന്‍ DGP അലക്സാണ്ടര്‍ ജേക്കബ്‌ ആണ് ഒരു ചാനൽ പരിപാടിക്കിടയിൽ ഇത് വെളിപ്പെടുത്തിയത് .


ശ്രീ മൃദംഗശൈലേശ്വരി ദുർഗ്ഗാ ക്ഷേത്രം, മുഴക്കുന്ന്,    കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. പഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണു് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമൻ സൃഷ്ടിച്ച 108 ക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ പോർക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ശ്ലോകം ഇങ്ങനെ:


മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം

ക്ഷേത്രസമീപത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു...!


ദർശന സമയം: രാവിലെ 5.30 am To 10.30 am
വൈകുന്നേരം :5.30 pm To 7.30pm

പ്രധാന വഴിപാടുകൾ: ഉദായാസ്തമന പൂജ ,വിശേഷാൽ നിറമാല ,ത്രികാല പൂജ,  ,തിരുവക്കാടി ,താലിചാർത്തൽ ,കടും പായസം , ത്രിമധുരം ,പുഷ്പാഞ്ജലികൾ , etc ......!


ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി .

തലശ്ശേരി _ കൂത്തുപറമ്പ് _ഉരുവച്ചാൽ _ ശിവപുരം _തില്ലങ്കേരി _ മുഴക്കുന്ന്.. ക്ഷേത്രം.

കണ്ണൂർ _ മട്ടന്നൂർ _ള്ളിയിൽ- തില്ലങ്കേരി - മുഴക്കുന്ന്-ക്ഷേത്രം .
ഇരിട്ടി _വിളക്കോട്- കാക്കയങ്ങാട് - മുഴക്കുന്ന്-ക്ഷേത്രം .

കൊട്ടിയൂർ _ കേളകം-പേരാവൂർ_ കാക്കയങ്ങാട് - മുഴക്കുന്ന് _ ക്ഷേത്രം.

mob: 9544513473,9961457205,8547805933.

1 comment:

  1. അമ്മേ ദേവീ മഹാമായേ ശരണം .
    വളരെ നല്ല വിവരണം. ഈ ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ വിശ്വാസികളിലേക്ഖ് എത്തട്ടേ...

    ReplyDelete