ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 4, 2016

ക്ഷേത്രത്തിലേക്ക് വരേണ്ടത്

ക്ഷേത്രത്തിലേക്ക് വരേണ്ടത്

ലോകത്തിന്റെ മുഴുവന്‍ ചക്രവര്‍ത്തിയായ ജഗദീശ്വരനെ കണ്ട് വന്ദിക്കാനാണ് താന്‍ പോകുന്നത് എന്ന ബോധം വേണം. 

കഴിവിനനുസരിച്ച് സാധിക്കുന്ന ഉപഹാരം അര്‍പ്പിക്കാന്‍ പറ്റിയ ഫലപുഷ്പാദികള്‍ കൈയിലെടുക്കണം. ദേഹശുദ്ധി വരുത്തണം. പ്രൗഢി കാണിക്കാനല്ല, നഗ്നത മറയ്ക്കുവാന്‍ ഉതകുന്ന വസ്ത്രങ്ങളേ ധരിക്കാവൂ. സാധിച്ചാല്‍ ഈറന്‍ വസ്ത്രമാകുന്നത് അധികം നന്ന്.

വാഹനത്തില്‍ ഗോപുരനടയ്ക്കല്‍ ചെന്ന് ഇറങ്ങരുത്. നടക്കുവാന്‍ സാധിക്കാവുന്നത്ര ദൂരത്തുനിന്ന് നടന്ന് മനസ്സില്‍ ഈശ്വരഭാവനയോടൊപ്പം നാവില്‍ നാമജപത്തോടും അതീവ വിനയത്തോടെ ഒട്ടും ബദ്ധപ്പാടില്ലാതെ നടന്നാണ് ക്ഷേത്രത്തിലേക്ക് വരേണ്ടത്. ക്ഷേത്രത്തിലല്ല, ക്ഷേത്രപരിസരത്തില്‍പോലും തുപ്പുകയോ മൂത്രം ഒഴിക്കുകയോ മലവിസര്‍ജനം ചെയ്യുകയോ അരുത്. അതുപോലെ ബീഡി മുതലായവ വലിക്കരുത്. മദ്യപാനം ഒരുവിധത്തിലുമരുത്.

പ്രധാന ഗോപുരദ്വാരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്, പുറത്ത് പ്രദക്ഷിണം വെച്ചു വേണം ചുറ്റമ്പലത്തില്‍ പ്രവശിക്കാന്‍. പിന്നെ തിരുനടയില്‍നിന്ന് ദിവ്യമംഗള സ്വരൂപത്തെ കണ്‍കുളുര്‍ക്കെ കണ്ട് ആനന്ദത്തിന്റെ അശ്രുധാര പൊഴിക്കണം. തന്റെ ജന്മം സഫലമായി, താന്‍ കൃതാര്‍ത്ഥനായി എന്ന തോന്നല്‍ വരണം. ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ഭഗവദ്ദര്‍ശനത്തിനുശേഷം ചുറ്റമ്പലത്തിലോ മറ്റു സൗകര്യമുള്ള സ്ഥലത്തോ കുറച്ചുനേരം ഇരുന്ന് ധ്യാനിക്കണം.

നാമജപം, കീര്‍ത്തനം മുതലായവ നടത്തി, കുറച്ചുനേരം ഭാഗവതം, രാമായണം, ഗീത മുതലായവ വായിക്കണം. അതിനുശേഷം അഭിഷേകം ചെയ്ത തീര്‍ത്ഥം, പ്രസാദം, നിവേദ്യം ഇവ അനുഭവിക്കണം. ശരിയായ പ്രസാദം എന്താണെന്ന് ഗീതാവചനം ഓര്‍ക്കുന്നത് ഉചിതമായിരിക്കും. രാഗദ്വേഷങ്ങളെ വിട്ട്, ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങളെ സ്വീകരിച്ച് ആത്മാവിനെ തന്റെ വശത്തുനിര്‍ത്തുവാന്‍ സാധിക്കുന്നവന് പ്രസാദം കിട്ടുന്നു.

പ്രസാദം എന്നതിന്റെ അര്‍ത്ഥം, സന്തോഷം, ഉല്ലാസം എന്നല്ല.
 മനസ്സിന്റെ നിര്‍മലത-ആഗ്രഹങ്ങളില്ലാത്തവസ്ഥ; നിശ്ചലത ഇളക്കമില്ലാത്തവസ്ഥ ഇവ രണ്ടുംകൂടി ചേരുമ്പോഴത്തെ അനുഭവമാണ് പ്രസാദം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുറച്ചുനേരത്തേയ്‌ക്കെങ്കിലും മനസ്സില്‍ ആഗ്രഹങ്ങള്‍ വരാതെ, മനസ്സ് അങ്ങ് ഇങ്ങ് ഓടാതെ സ്വസ്ഥമായി നില്‍ക്കുമ്പോഴാണ് ഭഗവാന്റെ പ്രസാദം കിട്ടി എന്നത് സാര്‍ത്ഥകമാവുക. കുറച്ച് ചന്ദനമോ, കളഭമോ, പൂവോ, അല്‍പ്പം നിവേദ്യവസ്തുക്കളോ കിട്ടലല്ല അത് എന്നറിയണം.

കടപ്പാട്  **ജന്മഭൂമി**

No comments:

Post a Comment