*ഒരു കൊച്ചു മോഹം *
കഥ
ഹരിപ്രസാദ് നായർ
അമ്മയോടൊപ്പം ഡോക്ടർ ആന്റിയുടെ ബ്ലൌസുകൾ തുന്നിയത് കൊടുക്കാനാണ് അമ്മു നന്ദനയുടെ വീട്ടിൽ വന്നത്. നന്ദന അഞ്ചിലും അമ്മു നാലിലും പഠിക്കുന്നു. നഴ്സറി മുതലേ ഒരേ സ്കൂളിലായിരുന്നെങ്കിലും രണ്ട് വര്‍ഷം മുമ്പ് അമ്മു സർക്കാർ സ്കൂളിലേക്ക് മാറി. നന്ദനയോടൊപ്പം കുറച്ചുനേരം കളിക്കാനായിരുന്നൂ വന്നത് എങ്കിലും നന്ദന ഇല്ലാതിരുന്നത് കൊണ്ട് അമ്മുവിന് വല്ലാത്ത മുഷിപ്പ് തോന്നി. ഛേ. വേണ്ടിയിരുന്നില്ല. അവളോർത്തു.
അമ്മ ഡോക്ടർ ആന്റിയുമായി അകത്ത് വർത്തമാനം പറയുന്നു. സ്വീകരണ മുറിയിലെ ടീപ്പോയിൽ കുറെയേറെ പുസ്തകങ്ങളുണ്ടായിരുന്നു. പലതും മെഡിസിനുമായി ബന്ധപ്പെട്ടതാണ്. ഒന്നും മനസ്സിലായില്ലെങ്കിലും. ഒന്നുരണ്ടെണ്ണം ചുമ്മാ മറിച്ച് നോക്കി. പിന്നെ അതുവിട്ട് അക്വേറിയത്തിലെ മീനുകളെ നോക്കി നിന്നു. അപ്പോഴാണ് സ്റ്റെയർകേസിനു സമീപമുള്ള മേശപ്പുറത്ത് നല്ല ഭംഗിയുള്ള ഒരു സ്കൂൾബാഗിരിക്കുന്നത്
ത് കണ്ടത്. നന്ദനയുടേതാവണം. അവൾ അടുത്ത് ചെന്ന് ബാഗ് സൂക്ഷ്മമായി നോക്കി. ഹോ എന്തൊരു ഭംഗി. മഞ്ഞനിറമുള്ള ബാഗിൽ പച്ചയും ചുവപ്പും കലർന്ന കാർട്ടൂണുകൾ നന്നായി ചേരുന്നുണ്ട്. ബാഗിലേക്ക് നോക്കുംതോറും അതവളെ കൂടുതൽ കൂടുതൽ ആകർഷിക്കുന്നതുപോലെ. ഇതുപോലെ ഒരു ബാഗ് എനിക്കുണ്ടായിരുന്നെങ്കിൽ. അവൾ ചുമ്മാ ആശിച്ചു പോയി.
ഓ നടക്കാത്ത കാര്യം. അവളോർത്തു. അച്ഛനുണ്ടായിരുന്നെങ്കിൽ ഒന്നു പറയേണ്ട താമസം, വാങ്ങിച്ചു തന്നേനേ. എന്തിനാണ് അച്ഛൻ എല്ലാവരേയും വിട്ടുപോയത്. എന്തുമാത്രം ബുദ്ധിമുട്ടുകളാണ് അമ്മ സഹിക്കുന്നത്. പൊടുന്നനെ അമ്മുവിന് വല്ലാത്ത സങ്കടം തോന്നി. അപ്പോൾ അവൾ കണ്ണടച്ച് ജപിക്കാൻ തുടങ്ങി. നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ എന്നിങ്ങനെ. മുത്തശ്ശി പറഞ്ഞു തന്ന സൂത്രമാണ്. നാമം ജപിച്ചാൽ ഭഗവാൻ സങ്കടം മാറ്റുമത്രേ.
സാധാരണ ജപം തുടങ്ങിയാൽ ഉണ്ണിക്കണ്ണന്റെ രൂപമാണ് മനസ്സിൽ തെളിയാറ്. പക്ഷേ ഇപ്പോൾ ഉണ്ണികൃഷ്ണൻ വന്നില്ല. പകരം ബാഗാണ് വരുന്നത്. ശ്രമിച്ചു നോക്കിയിട്ടും രക്ഷയില്ല. ബാഗ് മനസ്സിൽ നിന്ന് മായുന്നില്ല.
ഒടുവിൽ ജപം നിർത്തി അകത്തേക്ക് ചെന്ന് അവൾ പറഞ്ഞു. നമുക്ക് പോകാം അമ്മാ.
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴും നന്ദനയുടെ ബാഗാണ് മനസ്സിൽ നിറയേ. അപ്പോൾ അമ്മയുടെ ശബ്ദം കേട്ടു. അയ്യോ ചെരിപ്പ് പൊട്ടി. അമ്മയുടെ ചെരിപ്പ് വീണ്ടും പൊട്ടി. അച്ഛനുണ്ടായിരുന്നപ്പോൾ വാങ്ങിയതാവണം. പലതവണ പൊട്ടിയതാണ്. തുന്നിച്ച് വീണ്ടും ഇടും അമ്മ. ചെരിപ്പൂരി സഞ്ചിയിലിട്ട് നടത്തം തുടർന്നു. അമ്മക്ക് വേണ്ടി നല്ല ഒരു ചെരിപ്പ് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ. അമ്മു ഓർത്തു.
ദുബായിലായിരുന്ന അച്ഛൻ ഒന്നിനും ഒരു കുറവും വരുത്തിയിരുന്നില്ല. പുതിയ ഉടുപ്പുകൾ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പലഹാരങ്ങൾ, ഐസ്ക്രീം, ചോക്ലേറ്റ്, അമ്മക്ക് സാരികൾ, അടുക്കള സാധനങ്ങൾ, ഫ്രൂട്ട്സ് അങ്ങിനെ ഒത്തിരി ഒത്തിരി. അമ്മുവിന് ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല. സ്വയമറിഞ്ഞ് അച്ഛൻ ചെയ്യുന്നതുതന്നെ ആവശ്യങ്ങളിൽ കൂടുതലായിരുന്നു. അവസാനം അവധിക്ക് വന്നശേഷം പിന്നെ അച്ഛൻ പോയില്ല. എപ്പഴാ അച്ഛാ പോവ്വാ എന്ന് ചോദിച്ചപ്പോൾ ഇനി പോണില്യാന്ന് പറഞ്ഞു അച്ഛൻ. അതു കേട്ട് അമ്മുവിന് വല്ലാത്ത സന്തോഷം തോന്നി. ഇനി എപ്പോഴും അച്ഛൻ കൂടെയുണ്ടാവുമല്ലോ. പക്ഷേ സന്തോഷം അധികം നീണ്ടു നിന്നില്ല.
അച്ഛൻ ഇടക്കിടെ ടൗണിൽ പോവുകയും ധാരാളം മരുന്നുകൾ കഴിക്കാനും തുടങ്ങി. ഇടക്ക് തൃശ്ശൂരിലും തിരുവനന്തപുരത്തും പോകും. അച്ഛൻ ക്ഷീണിതനായി മാറി. പഴയതുപോലെ അവശ്യങ്ങൾ ചോദിക്കാതായി. ടൗണിൽ എല്ലാവരും കൂടി പോകുന്നതും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കലും എല്ലാം നിന്നു. കാറു വിറ്റു. സ്വർണവളകൾ അമ്മയുടെ കൈകളിൽ കാണാതായി. കഴുത്തിൽ ഒരു ചെയിൻ മാത്രമായി. വളരെയായി ഉപയോഗിക്കാതിരുന്ന തയ്യൽ മഷീൻ അമ്മ വീണ്ടും ചവിട്ടി തുടങ്ങി. അച്ഛൻ പുറത്തേക്ക് പോവാതായി.
ഒരു ദിവസം
ക്ലാസിനിടെ ശിപായി വന്ന് ടീച്ചറോടെന്തോ പറഞ്ഞു. ക്ലാസ് നിർത്തി ടീച്ചർ പോയി അല്പം കഴിഞ്ഞതും വീണ്ടും ശിപായി വന്ന് അമ്മുവിനോട് ബാഗുമായി ഹെഡ്മിസ്ട്രസിന്റെ മുറിയിൽ ചെല്ലാൻ പറഞ്ഞു. എന്തു പറ്റീ എന്നറിയാതെ പകച്ചു നിന്ന അമ്മുവിനോട് ടീച്ചർ പറഞ്ഞു. നമുക്ക് വീട്ടിൽ പോകാം. ഹെഡ്മിസ്ട്രസിന്റെ ജീപ്പിൽ വീട്ടിലെത്തിയപ്പോൾ ആളുകൾ കൂടി നില്‍ക്കുന്നു. ഉമ്മറത്ത് നിലവിളക്കിനു മുമ്പിൽ വെള്ളത്തുണി പുതപ്പിച്ച അച്ചന്റെ ശരീരം.
അമ്മ തോളിൽ പിടിച്ചു കുലുക്കിയിട്ട് ചോദിച്ചു. എന്താ അമ്മൂ സ്വപ്നം കാണ്വാ. അവൾ ചുമ്മാ തലകുലുക്കി. ഐസ്ക്രീം വേണോ അമ്മൂ. അമ്മ ചോദിച്ചു. വേണ്ട. അല്ലെങ്കിലേ ഒന്നും ആവശ്യപ്പെടുന്ന സ്വഭാവം അമ്മുവിനില്ലായിരുന്നു. അച്ഛന്റെ മരണശേഷം അമ്മ കുടുതൽ സമയം തുന്നാൻ തുടങ്ങി. അമ്മുവിന്റെ പഠിത്തം സർക്കാർ സ്കൂളിലേക്ക് മാറി. നന്നായി പഠിക്കുന്നത് കൊണ്ട് ടീച്ചർമാർക്കൊക്കെ അമ്മുവിനെ വലിയ ഇഷ്ടമാണ്. ഇടക്കൊക്കെ കൊച്ചു കൊച്ചു മോഹങ്ങൾ മനസ്സിലുദിക്കാറുണ്ടെങ്കിലും അവൾ ഒന്നും അമ്മയോട് പറയാറില്ല. രാത്രി വളരെ വൈകിയും തയ്യൽ മെഷീന്റെ ശബ്ദം കേൾക്കാറുണ്ട്. അമ്മക്ക് വീണ്ടും ബുദ്ധിമുട്ടായാലോ? അപ്പോൾ അവൾ മുത്തശ്ശിയുടെ അടുത്ത് ചെല്ലും. എന്നിട്ട് പറയും. മുത്തശ്ശി നാമം ജപിക്കാം. അവളുടെ മനം കണ്ടപോലെ മുത്തശ്ശി ചോദിക്കും. എന്താ മോള് ആശീച്ചേ. ഒന്നുമില്ലെന്ന് അമ്മു തലയാട്ടും. അവളുടെ മുടിയിലൂടെ വീരലോടിച്ചുകൊണ്ട് മുത്തശ്ശി ചൊല്ലും.
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ
അച്ഛൻ പോയപ്പോൾ മുത്തശ്ശി കിടന്നു. എണീക്കാൻ പോലും അമ്മയുടെ സഹായം വേണം. ക്രമേണ മുത്തശ്ശിക്കുള്ള മരുന്നുകളും കൂടി കൂടി വന്നു.
വീട്ടിലെത്തിയതും അമ്മു നേരെ മുത്തശ്ശിയുടെ അടുത്തേക്കാണ് ചെന്നത്. കട്ടിലിൽ കയറിയിരുന്ന് മുത്തശ്ശിയുടെ മുടിയിലൂടെ വിരലോടിച്ചു. അപ്പോൾ അവളാവശ്യപ്പെടാതെ തന്നെ മുത്തശ്ശി നാമജപം തുടങ്ങി, കൂടെ അവളും.
ഭക്ഷണം കഴിച്ചു കിടന്നപ്പോൾ വീണ്ടും നന്ദനയുടെ ബാഗ്. അമ്മ തുന്നിത്തന്ന വർണ്ണശബളമായ ബാഗ് ഭംഗിയുള്ളതു തന്നെ. കൂട്ടുകാർ പറയും. അമ്മുവിന്റെ ബാഗിന് നല്ല ഭംഗിയുണ്ടെന്ന്. എങ്കിലും നന്ദനയുടെ ബാഗിന് എന്തോ ഒരു പ്രത്യേകതയുള്ളതുപോലെ. ഉറങ്ങിയപ്പോൾ സ്വപ്നത്തിലും നന്ദനയുടെ ബാഗ് തന്നെ. പിറ്റേന്ന് സ്കൂളിലും അമ്മുവിന് ക്ലാസിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. ടീച്ചറുടെ ചോദ്യത്തിന് ഉത്തരങ്ങൾ തെറ്റുന്നു. എന്തു പറ്റീ അമ്മുവിന്? ടീച്ചർക്കും സംശയം.
വീട്ടിലെ കാര്യങ്ങൾ നടത്തിക്കൊണ്ട് പോകാൻ അമ്മ ഒത്തിരി പാടുപെടുന്നുവെന്ന് അമ്മുവിനറിയാം. അതുകൊണ്ടുതന്നെ മനസ്സിലുദിക്കുന്ന കൊച്ചു കൊച്ചു മോഹങ്ങളെ അവൾ അധികം താലോലിക്കാറില്ല. എല്ലാവരും പറയും അമ്മു നല്ല കുട്ടിയാണെന്ന്.
എന്തൊക്കെയായാലും ഒരു ബാഗ് ആഗ്രഹിക്കുന്നത് അത്ര വലിയ തെറ്റാണോ?
ഇല്ലാത്ത ഒരു ബാഗിന്റെ ഭാരം കൂടിക്കൂടി വന്നപ്പോൾ ഒരു സന്ധ്യക്ക് അവൾ മുത്തശ്ശിയുടെ അടുത്ത് ചെന്ന് മുടിയിലൂടെ വിരലോടിച്ചു. ഉടനെ നാമജപവും തുടങ്ങി.
നാരായണായ നമ നാരായണായ നമ
നാരായണായ നമ നാരായണ
ജപം കഴിഞ്ഞപ്പോൾ മുത്തശ്ശി ചോദിച്ചു. എന്താ മോളാശിച്ചേ. അവൾ കഥ മുഴുവൻ പറഞ്ഞപ്പോൾ അമ്മയോട് പറഞ്ഞാലോ എന്നായീ മുത്തശ്ശി. മുത്തശ്ശിയോട് പറഞ്ഞപ്പോഴേ എന്തോ ഭാരമൊഴിഞ്ഞ പോലെ തോന്നി അമ്മുവിന്. അവൾ വേണ്ടെന്ന് തലയാട്ടി തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ അമ്മ.
അവളാകെ ചമ്മിപ്പോയി.
പക്ഷേ കുഞ്ഞിന്റെ നൊമ്പരമറിഞ്ഞ മാതൃഹൃദയം നൊന്തു. അല്പാല്പമായി പൈസ ചേർത്ത് വെച്ച് നല്ലൊരു ബാഗ് വാങ്ങണമെന്ന് അമ്മ ഉറച്ചൂ.
കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് രാവിലെ അമ്മ പറഞ്ഞു. അമ്മൂ ഉച്ചക്ക് ശേഷം നമുക്ക് ടൗണിൽ പോണം. മോൾക്ക് ഇഷ്ടപ്പെട്ട നല്ലൊരു ബാഗ് വാങ്ങാം. അവൾക്ക് സന്തോഷമായി. പക്ഷേ ഉച്ചകഴിഞ്ഞതും മഴ തുടങ്ങി. അതും പെരുമഴ. തുള്ളിക്കൊരുകുടം പേമാരി.
മഴയുടെ ശക്തി ഒന്നു കുറയുമെന്ന് കരുതി കാത്തിരുന്നു കാത്തിരുന്നു സന്ധ്യയായി. പോക്ക് നടന്നില്ല. പക്ഷേ അമ്മക്കു വാശിയായി. നാളെ അമ്മു സ്കൂളിൽ പോണ്ട. എന്റെ മോളിനി പുതിയ ബാഗും കൊണ്ടേ സ്കൂളിലേക്ക് പോണുള്ളൂ. അയ്യോ ആദ്യ ദിവസം തന്നെ പോവാണ്ടിരിക്ക്യേ. സാരൂല്യാന്നായി അമ്മ.
പിറ്റേന്ന് ഉച്ച വരെ നിന്നൂ മഴ. മഴനിന്നതും പുറപ്പെട്ടു. ടൗണിൽ ബസ്സിറങ്ങി നേരെ ചെന്നത് മാളിലേക്ക്. ഒന്നുരണ്ട് കടകളിൽ നോക്കിയെങ്കിലും അമ്മുവിന് ഒന്നും ഇഷ്ടമായില്ല. രണ്ടാമത്തെ നിരയിലേക്ക് എസ്കലേറ്ററിൽ കയറുമ്പോൾ അമ്മയുടെ കാലൊന്ന് തെന്നി. പക്ഷേ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. കടയിൽ ചെന്നതും തൊട്ടുമുന്നിൽ ചന്തമുള്ള ബാഗ്. നന്ദനയുടെ ബാഗിനേക്കാൾ ഭംഗി. ബാഗെടുത്ത് നെഞ്ചോടൂ ചേർത്ത് അമ്മു പറഞ്ഞു. ഇതു നല്ല ഭംഗീല്യേ അമ്മാ. ബാഗെടുത്ത് നെഞ്ചോടൂ ചേർത്ത്, അമ്മയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ ചെരിപ്പുകളുടെ സെക്ഷനിലേക്ക് നടന്നു. അവിടെയെത്തി ഗമയിൽ പറഞ്ഞു. അമ്മക്ക് നല്ലൊരു ചെരിപ്പ്.
അത്ര പൈസീല്യാമ്മൂ. ചെരിപ്പ് പിന്നെ വാങ്ങാം. ഇപ്പൊ ബാഗ് വാങ്ങീട്ട് പോവാം. വഴീണ്ടമ്മാ അമ്മു സമാധാനിപ്പിച്ചു. പുതിയ ചെരിപ്പ് കാലിലിട്ട് നോക്കിയിട്ട് അമ്മു പറഞ്ഞു. നന്നായിട്ടുണ്ട്. കാലിലിട്ടോളൂ പഴേത് പൊതിയാം.
ബാഗില്ലാതെ ചെരിപ്പും വാങ്ങി പുറത്തിറങ്ങിയപ്പോൾ അമ്മുവിന് ഒട്ടും ദു:ഖം തോന്നിയില്ല. മറിച്ച് അമ്മക്ക് ഒരു നല്ല ചെരിപ്പ് വാങ്ങിയതിൽ നിറഞ്ഞ ചാരിതാര്‍ത്ഥ്യമാണ് തോന്നിയത്. . അവൾക്ക് അതിയായ സന്തോഷവും പിന്നെ കുറച്ച് അഭിമാനവും തോന്നി. പക്ഷേ മാതൃഹൃദയം ആർദ്രതയാൽ നൊന്തു പിടഞ്ഞു. ധൃതിയിൽ പുറത്തിറങ്ങി ആളൊഴിഞ്ഞ ഒരു കോണിലെത്തിയതും അടക്കിവെച്ച വേദന അണപൊട്ടിയൊഴുകി. കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഉതിര്‍ന്നു. ആരും കാണരുതേ ഈശ്വരാ എന്നു കരുതി അവർ തല മുകളിലേക്കുയർത്തി. എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല. ആരോ സാരിയുടെ ഞൊറിയിൽ പിടിച്ചു വലിച്ചു. നോക്കിയപ്പോൾ നാലഞ്ചു വയസ്സുള്ള ഒരു ബാലൻ.
നിഷ്കളങ്കത തുളുമ്പുന്ന ഭാവത്തിൽ അവൻ ചോദിച്ചു. എന്തിനാ ആന്റീ കരയണ്. മുഖം കുനിച്ച് അവനെ നോക്കി ഒന്നുമില്ലെന്ന് തലയാട്ടിയപ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങിയ ബാഷ്പകണങ്ങളിലൊരുതുള്ളി അവന്റെ കൊച്ചു പാദത്തിൽ പതിച്ചു. താഴോട്ട് നോക്കി അത്ഭുതം കൂറി അവൻ പറഞ്ഞു. ഹായ് നല്ല ചെരിപ്പ്. പിന്നെ തല ഉയര്‍ത്തി ചോദിച്ചു. പുതിയതാ? അതേയെന്നവർ തലയാട്ടിയപ്പോൾ അടുത്ത ചോദ്യമായി. ചെരിപ്പ് കടിച്ച്വോ. അതിനാ കര്യേണ്. കടുത്ത ഹൃദയവേദനയിലും കുട്ടിയുടെ കുസൃതി കേട്ട് അവർ ചിരിച്ചു പോയി.
എനിക്ക് ബാഗ് വാങ്ങാതെ അമ്മക്ക് ചെരിപ്പ് വാങ്ങിയതിനാ അമ്മ കരയണ്. അമ്മു പറഞ്ഞു. അപ്പോൾ കുറച്ചകലെ നിന്ന് ആരോ വിളിച്ചു. ഉണ്ണീ വേഗം വരൂ എന്താ അവിടെ നിന്നേ. പ്രൌഢയായ ഒരു യുവതി. അമ്മ വിളിക്കുണൂ. പോട്ടേട്ടോ എന്ന് പറഞ്ഞ് അവൻ ഒറ്റ ഓട്ടം. പക്ഷേ നാലഞ്ചു ചുവട് വെച്ചതും തിരിഞ്ഞു നിന്നിട്ട് പറഞ്ഞു. വീട്ടിൽ പൊയ്ക്കൊള്ളൂ. ഒക്കെ ശര്യാവും. പിന്നെ തിരിഞ്ഞോടി അമ്മയോടൊപ്പം എത്തിയപ്പോൾ വീണ്ടും തിരിഞ്ഞ് കൈവീശി പറഞ്ഞു. ടാറ്റാ. ആ അമ്മയും കുഞ്ഞും കണ്ണിൽ നിന്നും മറയുന്നത് വരെ അവർ നോക്കി നിന്നു.
തിരിച്ചു ബസ്സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോൾ അമ്മ ചോദിച്ചു . ഹോട്ടലിന്ന് എന്തെങ്കിലും കഴിച്ചാലോ അമ്മൂ. വേണ്ടാമ്മാ. നമുക്ക് പാക്ക് ചെയ്തു കൊണ്ടാവാം. മുത്തശ്ശിക്കും കഴിക്കാലോ. കുറച്ച് പലഹാരങ്ങളും വാങ്ങി വീട്ടിലെത്തിയപ്പോൾ സന്ധ്യ മയങ്ങി. കോലായയെത്തിയപ്പോൾ അകത്ത് നിന്ന് ആരോ മുത്തശ്ശിയോട് സംസാരിക്കുന്ന ശബ്ദം കേട്ടു. അകത്ത് ചെന്നതും കണ്ടു, അമ്മയുടെ സ്റ്റൂൾ മുത്തശ്ശിയുടെ കട്ടിലിനടുത്തിട്ട് അമ്മുവിന്റെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ. അമ്മു ഓടി ടീച്ചറുടടുത്തെത്തി. അവളെ ചേർത്തി നിർത്തി ടീച്ചർ ചോദിച്ചു. എന്തേ ഫസ്റ്റ് ഡേ ആയിട്ട് വന്നില്ല? അമ്മു ഒന്നും പറയാതെ അമ്മയെ നോക്കി. രാവിലെ നല്ല മഴയായിരുന്നില്യേ.?
പോട്ടെ സാരല്യ. ടീച്ചർ പറഞ്ഞു. ഇന്ന് പഠിത്തോന്നൂണ്ടായിരുന്നില്യ. ഹാ പിന്നെ അമ്മൂന് ഞാനൊരു സർപ്രൈസ് കൊണ്ട് വന്നിട്ടുണ്ട്. എന്താ ടീച്ചർ അമ്മു ചോദിച്ചു. എണീറ്റ് കട്ടിലിന്റെ പിന്നിൽ നിന്ന് ഒരു ബാഗ് എടുത്തുയർത്തി ടീച്ചർ പറഞ്ഞു. ഇതാ ഇത്. അത്ഭുതമെന്ന് പറയട്ടേ അമ്മു കടയിൽ കണ്ട അതേ ബാഗ്. വിശ്വസിക്കാനാവാതെ അമ്മയും മകളും പരസ്പരം നോക്കി നിന്നപ്പോൾ ടീച്ചർ തുടര്‍ന്നു. ഇന്ന് സ്കൂളിൽ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്കാര് വന്നിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് ബാഗ്, യൂണിഫോം, ബുക്സ് അങ്ങിനെ എല്ലാ സാധനങ്ങളും ഉള്ള കിറ്റ് വിതരണം ചെയ്യാൻ. ഞാനൊരെണ്ണം അമ്മൂന് വേണ്ടി വാങ്ങി. അമ്മൂന്റെ കാര്യം പറഞ്ഞപ്പൊ അവരൊരു കാഷ് അവാര്‍ഡും തന്നു. ഹാന്റ് ബാഗ് തുറന്ന് ഒരു കവറെടുത്ത് നീട്ടി ടീച്ചർ തുടര്‍ന്നു. ഹാ പിന്നെ അമ്മൂ ഈ ബാഗും സ്പെഷലാട്ടോ. മറ്റുള്ള കുട്ടികൾക്കൊക്കെ ട്രസ്റ്റിന്റെ പേരെഴുതിയ ബാഗാണ്. നന്നായി പഠിക്കണ കുട്യാന്ന് പറഞ്ഞപ്പൊ ന്നാ ബാഗും സ്പെഷലായിക്കോട്ടെ എന്നായീ ഒരാള്.
സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി അമ്മുവിന്. അമ്മയുടെ കവിളിലൂടെ കണ്ണുനീർ കുടുകുടാ ഒഴുകി. ടീച്ചർ യാത്ര പറഞ്ഞ് ഇറങ്ങിയതും മൂവരും ഒന്നിച്ച് കെട്ടിപ്പിടിച്ച് നാമജപം തുടങ്ങി. ഉറക്കെ. ഉറക്കെ.
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ
അല്പനേരമായതും മുത്തശ്ശി പറഞ്ഞു. മോളേ വിളക്ക് വെച്ചില്ലല്ലോ. ഒരുപാട് വൈകി. ന്നാലും സാരല്യ. നീയൊരു വിളക്ക് കത്തിക്ക്. കണ്ണന്. കണ്ണന്റെ പടത്തിനു മുമ്പിൽ വിളക്ക് വെച്ച് കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ കണ്ണ് തുറന്നു നോക്കിയപ്പോൾ ഫോട്ടോയിലെ കണ്ണന് നേരത്തേ കണ്ട കുട്ടിയുടെ അതേ ഛായ. വീണ്ടും കണ്ണടച്ചു. അപ്പോൾ വീട്ടിൽ പൊയ്ക്കൊള്ളൂ എല്ലാം ശര്യാവും എന്ന് പറഞ്ഞ് ഓടുന്ന കണ്ണൻ. അകലെ നിന്ന് ടാറ്റാ പറയുന്ന കയ്യിൽ ഓടക്കുഴൽ. തലയിൽ ചൂടിയ മയില്‍പ്പീലി. ഓടക്കുഴൽ പിടിച്ച കൈ വീശി അവൻ ഓടിയോടി അകലുന്നു.
അവർ ഉറക്കെ പാടി
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ