ആലപ്പുഴ ജില്ലയിലെ കാ൪ത്തികപ്പളളിയില്‍ കായംകുളം - ഹരിപ്പാട് ഹൈവേയില്‍ നങ്ങ്യാ൪കുളങ്ങര കവലയില്‍ നിന്നും ഉദേശം മൂന്നര കിലോമീറ്റ൪ പടിഞ്ഞാറ്,
മുഖ്യ മൂ൪ത്തി ഭദ്രകാളി വടക്കോട്ട് ദ൪ശനമായി ആറടിയോളം ഉയരമുളള ദാരുവിഗ്രഹം.
ജലദൃഷ്ടിയാണ് അമ്മ.
കുംഭത്തിലെ അശ്വതി നാളിലാണ് പ്രധാന ഉത്സവം. അന്നേദിവസം രാവിലെ ഭക്തരുടെ വഴിപാട് കുത്തിയോട്ടം അമ്മയുടെ തിരുസന്നിധിയില്‍ എത്തുന്നു.
ചാന്താട്ടം ദേവിക്ക് പ്രിയപ്പെട്ട വഴിപാടാണ്.
ഐതിഹ്യം
സാക്ഷാല്‍ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യമാണ് വലിയകുളങ്ങര അമ്മ.
നൂറ്റാണ്ട്കള്‍ക്ക് മുമ്പ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന മഹാദേവികാട് എന്ന ഗ്രാമം കാ൪ത്തികപ്പളളി എന്ന സാമന്തരാജ്യത്തിന്‍റെ ഭാഗമായിരുന്നു.ധാരാളം വനപ്രദേശം ഉണ്ടായിരുന്ന ഈ ഗ്രാമത്തില്‍ പല ദു൪ദേവതകളും വിഹരിച്ചിരുന്നു.തന്മൂലം കടുത്ത ദാരിദ്ര്യവും വസൂരി പോലുളള വ്യാധികളും ദുരിതങ്ങളും ഇവിടെ പട൪ന്നുപിടിച്ചിരുന്നു.ധാരാളമാളുകൾ ചത്തൊടുങ്ങി.തുട൪ന്ന് പ്രശ്നപരിഹാരത്തിന് നാട്ടു പ്രമാണിമാ൪ ഒത്തുകൂടി ജ്യോത്സനേ വരുത്തി പ്രശ്നം വെപ്പിച്ചപ്പോൾ കൊടുങ്ങല്ലൂരമ്മയെ ഭജിച്ച് പ്രീതി പ്പെടുത്തുക എന്ന് വിധി ഉണ്ടാകുകയും അങ്ങനെ തിരുവിതാംക്കൂ൪ മഹാരാജാവിന്‍റെ പടത്തലവനായ മഞ്ഞാടിയില്‍ പത്മനാഭ൯ തമ്പിയുടെ നേത്രത്ത്വത്തില്‍ ഒരു സംഘം കൊടുങ്ങല്ലൂരില്‍ പോയി ഭജനം പാ൪ക്കുകയും തുട൪ന്ന് ദേവി പ്രസന്നയായി സ്വദേശത്ത് മടങ്ങി പോയി ഒരു ആലയം പണിത് അവിടെ പദ്മമിട്ട് പൂജ കഴിപ്പിച്ച് ഭജന നടത്തുവാനും മണ്ഡല സമാപ്തിക്ക് മുമ്പ് ഒരു നാള്‍ സായംസന്ധ്യയില്‍ അമ്മ അവിടെ എത്തുമെന്നും സ്വപ്ന ദ൪ശനം ഉണ്ടായി.
അവ൪ ആഹ്ളാദത്തോടെ തിരികെയെത്തി തമ്പിയുടെ വീടിനടുത്തുളള വലിയകുളത്തിന് വടക്ക് ആലയം പണിത് അവിടെ പൂജ നടത്തി.
അങ്ങനെയിരിക്കേ കൊടുങ്ങല്ലൂരില്‍ നിന്നുളള ഒരു ബ്രാഹ്മണ സന്യാസി തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനായി പുറപ്പെട്ടു.മാ൪ഗ്ഗമധ്യേ ആപത്തൊന്നും ഉണ്ടാകാതിരിക്കാ൯ അദ്ദേഹം കൊടുങ്ങല്ലൂരമ്മയെ ഒരു വാളില്‍ ആവാഹിച്ചോണ്ടാണ് പോയത്.അന്ന് മുറജപത്തിന് പോകുന്നവ൪ക്ക് കാ൪ത്തികപ്പളളി കൊട്ടാരത്തില്‍ അന്തിയൂട്ടും താവളവുമുണ്ടായിരുന്നതിനാല്‍ അദ്ദേഹം കാ൪ത്തികപ്പളളി കൊട്ടാരം ലക്ഷ്യമിട്ട് തീരദേശത്തൂടെയാണ് വന്നത്.അങ്ങനെ അദ്ദേഹം ഒരു സന്ധ്യാവേളയില്‍ കാ൪ത്തികപ്പളളി നാട്ടിലെ വലിയകുളത്തിന് സമീപം എത്തി ദേവീ ചൈതന്യം ആവാഹിച്ച വാളും,ഓലക്കുടയും,ഭാണ്ഡവും കുളക്കരയില്‍ ഒരു ആലിന്‍റെ ചുവട്ടില്‍ വെച്ച് കുളത്തിലിറങ്ങി സ്നാനം തുടങ്ങി.സ്നാനവും സന്ധ്യാവന്ദനവും കഴിഞ്ഞ് ആ മഹാബ്രാഹ്മണന്‍ വാളിന്‍റെ മുമ്പിലിരുന്ന് മന്ത്രം ജപിച്ച് തുടങ്ങി.ജപം കഴിഞ്ഞ് വാള്‍ എടുക്കാ൯ ശ്രമിച്ചപ്പോള്‍ അതവിടെ ഉറച്ചിരിക്കുന്നതായാണ് കാണുന്നത്.ഈ സമയം ആലിന്‍റെ ഒരു ശിഖരം ഒടിഞ്ഞ് വീഴുകയും ആലയത്തിന്‍റെ സമീപത്തെ പനച്ചകാട്ടില്‍ ഒരു ദിവ്യ പ്രകാശം തെളിയുകയും ചെയ്തു.
ദേവീ ചൈതന്യം ഉണ്ടായ പനച്ചകാട്ടില്‍ നിന്നും ആ ചൈതന്യത്തെ ആവാഹിച്ച് ഭജനാലയത്തില്‍ വെച്ച് പൂജിച്ചുകൊണ്ടിരുന്ന ദാരുപീഠത്തില്‍ ലയിപ്പിക്കുകയും ബാലാലയമായി നിത്യ പൂജ നടത്തി വരുകയും ചെയ്തു.തുട൪ന്ന് വാളുറച്ച സ്ഥലത്ത് ഷഡാധാരമായി ക്ഷേത്രം പണിയുകയും ചെയ്തു.
കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയും ദേവിയുടെ തങ്ക അങ്കിയും തമ്മിലുളള സാദൃശ്യം ദേവി കൊടുങ്ങല്ലൂരില്‍ നിന്നുവന്നു എന്നതിന് ഉപോല്‍ ബലകമാണ്..
ഉപദേവതമാ൪
യക്ഷി -- അമ്മ വലിയകുളങ്ങരയില്‍ വരുന്നതിന് മുമ്പ് ഇവിടെ യക്ഷിയമ്മയുടെ വിഹാരകേന്ദ്രമായിരുന്നു.ദേവീ ചൈതന്യമുണ്ടായ പനച്ചക്കാട്ടിലെ കരിമ്പനയിലായിരുന്നു യക്ഷിയമ്മയുടെ വാസ സ്ഥലം.അമ്മയേ പ്രതിഷ്ഠിച്ച ശേഷം യക്ഷിയമ്മയേ സമീപം കുടിയിരുത്തി..വറനിവേദ്യവും ഒറ്റപന്തഗുരുതിയും പ്രധാനം.
മസൂരിമാല--മസൂരിമാല ദാരുകന്‍റെ പത്നിയാണെന്ന് വിശ്വാസം.വസൂരി തുടങ്ങിയ വ്യാധികള്‍ക്ക് കുരുമുലക് നടക്കെറിഞ്ഞാല്‍ ഫലസിദ്ധി ഉറപ്പ്.വൃശ്ചികം 1മുതല്‍ 41വരെയും എല്ലാ മലയാളമാസം ഒന്നാം തീയതിയും നട തുറന്ന് മഞ്ഞള്‍പ്പൊടി അഭിഷേകവും പൂജകളും.വെച്ച് നിവേദ്യം ഇല്ല. മിഥുന മാസത്തിലെ അവസാനത്തെ വെളളിയാഴ്ച നടക്കുന്ന ഗുരുതി പ്രധാനം.
കരിങ്കാളി-ശത്രുസംഹാരത്തിനും ഭൂതപ്രേതാദി ഉപദ്രവങ്ങളുടെ ശമനത്തിനും കരിങ്കാളി ഭജനം ഉത്തമം.പകുതി വെന്ത കടുംപായസവും കരിം ഗുരുതിയും പ്രധാനം.എല്ലാ വർഷവും ധനുമാസം 11ന് ചെറുശ്ശേരിൽ കുടുംബക്കാർ നടത്തുന്ന ഗുരുസിയാണ് ആട്ടവിശേഷം.
നാഗയക്ഷി - പടിഞ്ഞാറുവശത്ത് യക്ഷിയമ്മക്ക് അടുത്തായി നാഗചൈതന്യം കുടികൊള്ളുന്നു..
സർപ്പം പാട്ട് പ്രധാന വഴിപാടാണ്..
ഭൂതഗണങ്ങള്,
പുളിക്കീഴ് ആശാ൯രക്ഷസ്സ്-- പുളിക്കീഴ് ആശാ൯ എന്ന മുസ്ളീം മന്ത്രവാദി അമ്മയെ വെല്ലുവിളിച്ചുവെന്നും അമ്മ സാക്ഷാല് ഭദ്രകാളീ രൂപത്തില്‍ ദ൪ശനം നല്കിയെന്നും ഐതീഹ്യം. വലിയകുളങ്ങര ക്ഷേത്രത്തിന് ജാതി മത ചിന്തകള്‍ക്കതീതമായ ഒരു സംസ്കാരമുണ്ട് എന്നതിനാല്‍ വിവിധ മതക്കാ൪ അമ്മയ്ക്ക് പറനല്കുന്നുണ്ട്.
ബ്രാഹ്മണരക്ഷസ്സ്--ദേവിയുടെ ആഗമനത്തിന് നിമിത്തമായ ബ്രാഹ്മണരക്ഷസ്സാണ് ക്ഷേത്രത്തിന് പടിഞ്ഞാറ് പ്രതിഷ്ഠിച്ചിട്ടുളളത്.പ്രധാനദേവതക്കൊപ്പം തുല്യപ്രാധാന്യം രക്ഷസ്സിനും കൊടുത്തുപോരുന്നു.ദേവിക്ക് അഭിഷേകവും മല൪നിവേദ്യവും കഴിഞ്ഞാലുട൯ തന്നെ രക്ഷസ്സിനും അത് നടത്തുന്നു.
ക്ഷേത്രപാല൯--കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന് ക്ഷേത്രവും പ്രതിഷ്ഠയുമുളള രണ്ടുക്ഷേത്രങ്ങളേ ഉളളു.അത് വലിയകുളങ്ങരയും കൊടുങ്ങല്ലൂരുമാണ്.സാധാരണക്ഷേത്രങ്ങളില്‍ ക്ഷേത്രപാലനുണ്ടെങ്കില്‍ അത് ശിലമാത്രമേ ഉണ്ടാകാറുളളു.
എതിരേൽപ്പ് മഹോത്സവം
പദ്മമിട്ട് പൂജനടത്തിയതിനെ അനുസ്മരിപ്പിക്കുന്ന കളമെഴുത്തും പാട്ടും ഭജനാലയത്തില്‍ നിന്നും ദേവിയേ പുതിയ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു കൊണ്ടുവന്നതിനെ അനുസ്മരിപ്പിക്കുന്ന എതിരേല്‍പ്പ് മഹോത്സവവും ഇന്നും ഈ ക്ഷേത്രത്തില്‍ മുടങ്ങാതെ നടക്കുന്നു. വൃശ്ചികം 25 മുതൽ ധനു 1 വരെ ഏഴു ദിവസമാണ് എതിരേല്‍പ്പ് മഹോത്സവം..ആദ്യ നാല് ദിവസം ദേവിയുടെ വാളും വട്ടകയുമായി കിഴക്കേ ആല്‍ സന്നിധാനത്തില്‍ പൂജയും.അവസാന മൂന്നു ദിവസം അമ്മയെ ജീവതയിൽ എഴുന്നള്ളിക്കുന്നു. പുതുക്കുണ്ടം, വടക്കേക്കര , തെക്കേക്കര എന്നീ കരകളാണ് യഥാക്രമം അവസാന മൂന്ന് ദിവസം എതിരേൽപ്പ് നടത്തുന്നത്.. താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആനന്ദ നൃത്തം കളിച്ച് തിരിച്ച് ക്ഷേത്രത്തിലെഴുന്നള്ളുന്ന അമ്മയെ വഴിനീളെ ഭക്തർ വിളക്ക് വെച്ച് എതിരേൽക്കുന്നു. ഭഗവതി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ സേവയും ദീപക്കാഴ്ചയും വെടിക്കെട്ടും നടത്തുന്നു.തുട൪ന്ന് ഭക്തരെയെല്ലാം അനുഗ്രഹിച്ച് ഇനി പറയെടുപ്പിന് വന്നു കാണാമെന്നു പറഞ്ഞ് ഭഗവതി അകംപൂകുന്നു.
പറയ്ക്കെഴുന്നള്ളത്ത്
28 ദിവസത്തെ പറയെടുപ്പ് നടക്കുന്നത് ധനു - മകരം മാസങ്ങളിലാണ്.. ക്ഷേത്രത്തിന് തെക്കുള്ള കിപ്പടയിൽ ആണ് കൈനീട്ടപ്പറ. 28 നാളുകൾ അമ്മ മക്കളുടെ വീടുകളിലായിരിക്കും. അൻപൊലികളും പറ സദ്യകളും വിളക്കൻപൊലികളും ഒക്കെയായി ആചാരപ്പെരുമയോടെയാണ് വലിയകുളങ്ങര അമ്മയുടെ പറയ്‌ക്കെഴുന്നള്ളത്ത്.
പറയെടുപ്പിന്റെ അവസാന ദിവസം നടക്കുന്ന തൃക്കുന്നപ്പുഴ ക്ഷേത്രത്തിലേക്കുള്ള അമ്മയുടെ എഴുന്നള്ളത്തും അതു കഴിഞ്ഞുള്ള കടൽ നീരാട്ടും ചരിത്രപ്രസിദ്ധമാണ്. സഹോദര സ്ഥാനീയനായ തൃക്കുന്നപ്പുഴ ശാസ്താവിനോടൊപ്പമാണ് അന്ന് അമ്മ നേദ്യമുണ്ണുന്നത്.. അമ്മയുടെ കടൽനിരാട്ട് കാണാൻ ദൂരെദേശങ്ങളിൽ നിന്നു പോലും ഭക്തർ എത്തുന്നു.അന്നേ ദിവസം തൃക്കുന്നപ്പുഴ ദേശത്തെ പറയെടുപ്പ് കഴിഞ്ഞ് അമ്മ തിരിച്ചെഴുന്നള്ളുമ്പോൾ വലിയകുളങ്ങരയിൽ ഉത്സവത്തിന്റെ പ്രതീതിയാണ് .. അന്ന് രാത്രി വിളക്കൻപൊലിയും കഴിഞ്ഞ് സമുഹമഠത്തിലെ അവസാന പറയും എടുത്ത് അഖിലാണ്ഡേശ്വരിയായ വലിയകുളങ്ങര അമ്മ തിരുവുള്ളം നിറഞ്ഞ് നൃത്തം ചവിട്ടി അകം പൂകുന്ന കാഴ്ച വർണ്ണനാതീതമാണ്...
കുംഭത്തിലെ അശ്വതി ദിവസമാണ് പ്രധാന ഉത്സവം.
പത്ത് ദിവസമാണ് ഉത്സവം.എട്ടും ഒ൯പതും ഉത്സവങ്ങള്‍ക്ക് (ഉത്തൃട്ടാതി,രേവതി) അമ്മയുടെ കൂട്ട എഴുന്നുള്ളത്തും അകമ്പടിയായി സത്രീ ജനങ്ങളുടെ ദേശ താലപ്പൊലിയും ഉണ്ടാകും.
അശ്വതിക്ക് അമ്മയുടെ തിരുമുറ്റത്ത് കെട്ടുകാഴ്ചകളെത്തും. പ്രധാനമായും നാല് കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഉളളത്
1.വടക്കേക്കര 2. തെക്കേക്കര 3.പുതുക്കുണ്ടം 4.എരിയ്ക്കാവ്
14 കെട്ടുകാഴ്ചകളാണ് ഇവിടെ..
ഇതില്‍ പുതുക്കുണ്ടത്തിന്‍റെതാണ് ഏറ്റവും പ്രധാനം. ഇത്പണിയാ൯ പാരമ്പര്യ അവകാശികളുണ്ട്.കൂടാതെ
വടക്കേക്കരയില്‍ നിന്ന് രണ്ടും ,
തെക്കേക്കരയില്‍ നിന്ന് നാലും,
പുതുക്കുണ്ടത്തില്‍ നിന്ന് രണ്ടും,
പുളിക്കീഴ്, എരിയ്ക്കാവ് എന്നിവിടങ്ങളില്‍ നിന്ന് ഒരു കുതിരയും,
ചിങ്ങോലി, പിള്ളക്കടവ് , ത്രാച്ചേരി മൂട്ടിൽ എന്നീ മുന്നിടങ്ങളിൽ നിന്നും പടക്കുതിരകളും, പുന്നാന്തറയിൽ നിന്നും ഒരു കെട്ടു കാളയുമാണ്
അശ്വതി മഹാ ഉത്സവത്തിന്‍റെ പ്രധാന ആക൪ഷണം.
അശ്വതി നാളില്‍ ഉച്ചയോടെ ഈ കെട്ടുരുപ്പടികളുടെ എല്ലാം അടുത്തേക്ക് അമ്മ ജീവതയില്‍ എഴുന്നുള്ളി കുതിര ചുവട്ടില്‍ ഇരുന്ന് പറ സ്വീകരിച്ച് ക്ഷേത്രത്തിന് കിഴക്കുളള പാപ്പാടി ചാലിലെ വയലില്‍ കാഴ്ചക്ക് അവയേ ക്ഷണിക്കുന്നു.
കുതിരകളെല്ലാം പാപ്പാടി ചാലില്‍ അണിനിരന്നു കഴിയുമ്പോള്‍ അവിടെ നിന്ന് അമ്മ അവയെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.
തുട൪ന്ന് ശ്രീ ഭഗവതി അകം പൂകിയതിന് ശേഷം, ദീപാരാധന. ദീപാരാധനക്കൊപ്പമുളള ഗംഭീര വെടിക്കെട്ട് ഭക്തിയുടെ സമർപ്പണത്തിന്റെ കുളിർ മഴയാകുന്നു..
പൊങ്കാല മഹോത്സവം
മീനത്തിലെ അശ്വതിനാളില്‍ അമ്മക്ക് നാരീജനങ്ങള്‍ പൊങ്കാല നിവേദിക്കുന്നു. ഉച്ചക്കുശേഷം അമ്മയുടെ കൊച്ചുകുട്ടികളുടെ വക കെട്ടുകാഴ്ചകള്‍ ക്ഷേത്രമുറ്റത്തെക്ക് താളമേളങ്ങളുടെ അകമ്പടിയോടെ എത്തുന്നു.മീനഭരണിനാളില് അമ്മകൊടുങ്ങല്ലൂ൪ക്ക് പോകുന്നു എന്നതിനാല്‍ മീനഭരണിദിവസം രാവിലെ പത്ത് മണിയോടെ നടയടച്ചാല്‍ അടുത്തനാളിലേ നടതുറക്കൂ.
ജീവതകളി
മദ്ധ്യകേരളത്തിലേ പ്രധാനപ്പെട്ട ദേവീക്ഷേത്രങ്ങളില്‍ ദേവിയേ ജീവതയില്‍ എഴുന്നളളിക്കുന്ന സമ്പ്രദായമുണ്ട്.വലിയകുളങ്ങര, ചെട്ടികുളങ്ങര, രാമപുരം , കാരാഴ്മ എന്നീ ക്ഷേത്രങ്ങളിലെ ജീവതകളി വളരേ പ്രസിദ്ധമാണ്. ജീവതകളിയുടെ മൂന്ന് തരം ചിട്ടകള്‍ ഇന്ന് നിലവിലുണ്ട്, ചെട്ടികുളങ്ങര ചിട്ടയും രാമപുരം ചിട്ടയും കാരാഴ്മ ചിട്ടയും. വലിയകുളങ്ങരയില്‍ രാമപുരം ചിട്ടപ്രകാരമാണ് ജീവതകളി നടത്തുന്നത്.ലക്ഷീതാളം, ശംഭുതാളം, അടന്തതാളം, പഞ്ചാരിതാളം, കുണ്ടനാച്ചിതാളം, വിഷമകുണ്ഡലതാളം, വ൪മ്മംപഞ്ചാരിതാളം എന്നിവയാണ് ഇന്ന് നിലവിലുളള ചില താളങ്ങള്‍... മേളക്കാ൪ ചില ഭേദഗതികള്‍ വരത്തിയിട്ടുളള താളങ്ങളും ഉണ്ട്.എന്നാലും വലിയകുളങ്ങരയിലെ ഉത്തൃട്ടാതി നാളിലെ കൂട്ടഎഴുന്നളളത്തിനും രേവതി നാളിലേ ദേശതാലപ്പൊലിയിലും അശ്വതി നാളിലെ തിരുഃഎഴുന്നളളത്തിലും ദൃശ്യവിസ്മയതാളങ്ങള്‍ വ൪ണ്ണനാതീതമാണ്...........
തന്ത്രി -- കെ. കെ. കൃഷ്ണൻ നമ്പൂതിരി, കുണ്ടിൽ മല്ലിശ്ശേരി മന ,കൊടകര തൃശൂർ ..
No comments:
Post a Comment