ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 28, 2017

യഥാർത്ഥ ഭക്തി



അർത്ഥന എന്നാൽ യാചിക്കൽ. പ്രാർത്ഥന എന്നാൽ അപേക്ഷിക്കൽ

ഈശ്വരനോടപേക്ഷിക്കുന്നതെന്തും പ്രാർത്ഥനയാണ്. മനുഷ്യരോടർത്ഥിക്കുന്നതെന്തും യാചനയും. യാചനയിൽ വാങ്ങുന്നവന്റെ മനസ്സിൽ ദൈന്യതയും കൊടുക്കുന്നവന്റെ മനസ്സിൽ അഹന്തയും തലപൊക്കുന്നു.


ഈശ്വരന്റെ മുമ്പിൽ പ്രാർത്ഥിക്കുന്നതാണുത്തമം. ആദ്യമൊക്കെ അർത്ഥാർത്ഥിയായി പ്രാർത്ഥിക്കാനേ സാധാരണകാരായ മനുഷ്യർക്ക് സാധിക്കൂ. ഭക്തിയും ശ്രദ്ധയും ഏകാഗ്രതയും ആ പ്രാർത്ഥനയിലുണ്ടെങ്കിൽ അതു സഫലമാകും. ഇങ്ങനെ കുറേ കഴിയുമ്പോൾ ഇത്തരം അർത്ഥാർത്ഥിയാവുന്നതിൽ നമുക്കുതന്നെ ജാള്യത തോന്നാൻ തുടങ്ങും. അപ്പോഴാണ് നാം ഈശ്വരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങുന്നത്. മനുഷ്യ മനസ്സിന്റെ പക്വത തുടങ്ങുന്നത് അപ്പോഴാണ്.
പ്രാരാബ്ധങ്ങളിൽ പെട്ടു നട്ടംതിരിയുന്ന മനുഷ്യർക്ക് ആശ്വാസം കണ്ടെത്താൻ കഴിയുന്നത് പ്രാർത്ഥനയിൽ കൂടിയാണ്. നാം ഒരു കാര്യം മറ്റൊരാളെ ഏൽപ്പിക്കുന്നു എത്ര വിശ്വസ്തനായാലും അയാൾ അത് വേണ്ടപോലെ ചെയ്യുമോ എന്ന് നമുക്കൊരാശങ്ക തോന്നും. ചിലപ്പോൾ അയാൾക്കതു ചെയ്യാനേ കഴിഞ്ഞില്ലെന്നും വരാം. എങ്കിലും നമുക്കു ചെയ്യാൻ കഴിയാത്തതുകൊണ്ടാണല്ലോ അതു മറ്റൊരാളെ ഏൽപ്പിക്കേണ്ടി വന്നത്? നാം ഒരു കാര്യം ഈശ്വര സന്നിധിയിൽ നിന്നു പ്രാർത്ഥിക്കുന്നു. കുട്ടിയുടെ രോഗം മാറ്റണേ! എന്നാവാം. വിവാഹം നടക്കണേ! എന്നാവാം. കൃഷി പിഴക്കരുതേ! എന്നോ, കച്ചവടം പുഷ്ടിപ്പെടണം എന്നോ ആവാം ചിലപ്പോൾ. എന്നാൽ അങ്ങനെ പ്രാർത്ഥിച്ച് നമ്മുടെ കഴിവിനനുസരിച്ച് ഒരു വഴിപാടു നടത്തുകയോ ക്ഷേത്രഭാണ്ടാരത്തിൽ എന്തെങ്കിലും സമർപ്പിക്കുകയോ ചെയ്തുകഴിഞ്ഞാൽ നമ്മുടെ മനസ്സിന് സമാധാനം ലഭിക്കുന്നു എന്നത് തീർച്ചയാണ്. കാരണം ഈശ്വരന് അതു ചെയ്യാൻ കഴിയും എന്നും, ചെയ്യും എന്നും ഉള്ള ഉറച്ച വിശ്വാസമാണിവിടെ നിന്നും നമുക്കുണ്ടാവുന്നത്. പലർക്കും പലപ്പോഴും പ്രാർത്ഥനകൾ ഫലിക്കുന്നതുകൊണ്ടാണല്ലോ ക്ഷേത്രങ്ങളിൽ വിശ്വാസികളും വഴിപാടുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നത്. എന്നാൽ ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾപോലും നാം ഒരു കാര്യം ഓർക്കണം. നമ്മുടെ മനസ്സിൽ ഭക്തിയും ശ്രദ്ധയും ഉറച്ച വിശ്വാസവും വേണം എന്നാലേ പ്രാർത്ഥന ഫലിക്കൂ.


പക്വതയിലേക്ക് എത്താൻ തുടങ്ങുമ്പോൾ പ്രാർത്ഥനയുടെ രീതി മാറുന്നു.പ്രാർത്ഥിക്കുന്നവന്റെ മനോഭാവം മാറുന്നു. ഈശ്വരനും പ്രാർത്ഥിക്കുന്ന ആളും തമ്മിലുള്ള ബന്ധത്തിനും കൂടുതൽ ദൃഢതയുണ്ടാകുന്നു. അപ്പോൾ ഈശ്വരസന്നിധിയിലെത്തിയാലും പ്രാർത്ഥിക്കേണ്ടതെങ്ങനെ? എന്തു പ്രാർത്ഥിക്കണം എന്ന ബോധം നമ്മുടെ നിയന്ത്രണത്തിലല്ലതാവുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ അടുത്തെത്തിയ നരേന്ദ്രൻ എന്ന യുവാവ് തന്റെ ഗൃഹത്തിലെ കഷ്ടസ്ഥിതി ഗുരുവിനെ അറിയിച്ചു. ഗുരു ദേവിയോടു പ്രാർത്ഥിക്കുവാൻ ഉപദേശിച്ചു. നരേന്ദ്രൻ കുറച്ചുനേരം കണ്ണടച്ചുനിന്നു ദേവിയോടു പ്രാർത്ഥിച്ചശേഷം ഗുരുസന്നിദ്ധിയിലെത്തി. പ്രാർത്ഥിച്ചുവോ? ഗുരു ആരാഞ്ഞു. ഉവ്വ് എന്നായിരുന്നു മറുപടി. എന്താണ് പ്രാർത്ഥിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം വിചിത്രമായിരുന്നു. എന്റെ ഹൃദയം പരിശുദ്ധമാവണേ, എന്റെ മനസ്സിൽ സകലരേയും സ്നേഹിക്കുവാനുള്ള കഴിവുടാവണേ! എന്റെ ഉള്ളിൽ അചഞ്ചലമായ ഭക്തിയും വിശ്വാസവും നിറയണേ! എന്നാണ് പ്രാർത്ഥിച്ചത്. മൂന്നുതവണ ഈ പ്രാർത്ഥനയും ഉത്തരവും തുടർന്നു. ഭഗവാൻ ശ്രീ രാമകൃഷ്ണൻ പുഞ്ചിരിതൂകിക്കൊണ്ടു നരേന്ദ്രനോട് പറഞ്ഞു, നിന്റെ ഗൃഹത്തിൽ അരിക്കോ, പരിപ്പിനോ, ഉടുക്കാൻ തുണിക്കോ ക്ലേശമുണ്ടാവില്ല. അത് ഗുരുവിന്റെ സ്പെഷ്യൽ അനുഗ്രഹമായിരുന്നു. ആദ്യത്തേത് ലോകമാതാവായ ദേവി കാണിച്ച ലീലയും. പ്രാർത്ഥന നമ്മുടെ നിയന്ത്രണത്തിലല്ലതാവുന്നത് ഭക്തിയുടെ നിറവിന്റെ ലക്ഷണവുമാണ്. പല ഭക്തന്മാരും സ്തോത്ര രചനകൾ നടത്തി ദൈവങ്ങളെ സ്തുതിക്കുന്നത് ഈ മനോനിലയിലാണ്.


എന്റെ ഹൃദയം പരിശുദ്ധമാവണേ! സ്നേഹപൂർണ്ണമാവാണേ! ത്യാഗോന്മുഖവും അചഞ്ചലവുമായ ഭക്തിവിശ്വാസം നിറഞ്ഞതുമാവണേ! എന്നു പ്രാർത്ഥിക്കുവാനുള്ള മനോഭാവം നമ്മളിൽ ഓരോരുത്തർക്കും ഉണ്ടാവാൻ ദേവി അനുഗ്രഹിക്കട്ടെ.

No comments:

Post a Comment