ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 26, 2014

അവനവനില്‍ നിന്നുള്ള മാറ്റം

അവനവനില്‍ നിന്നുള്ള മാറ്റം 

 ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും എന്റെ അടുത്ത് കൗണ്‍സലിംഗിന് വന്നു. വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷമാവുന്നു. ആദ്യത്തെ ഒന്നൊന്നര വര്‍ഷം കുഴപ്പമില്ലാതെ കഴിഞ്ഞു. അക്കാലങ്ങളില്‍ അവര്‍ക്കിടയില്‍ വേരുപിടിച്ചു തുടങ്ങിയ സംഘര്‍ഷത്തെ അവര്‍ കാര്യമായെടുത്തിരുന്നില്ല. വഴക്കുകളും പിണക്കങ്ങളും വേര്‍പിരിഞ്ഞിരിക്കലും പതിവായപ്പോള്‍ ആരോ നിര്‍ദ്ദേശിച്ചിട്ടാണ് കൗണ്‍സലിംഗിന് വന്നത്. 
കുറെ വിഷമങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് അവസാനിപ്പിച്ചു: ''ഒന്നും ശരിയാവാന്‍ പോകുന്നില്ല. അവളൊരിക്കലും മാറാന്‍ പോകുന്നില്ല. നന്നാവാനും പോകുന്നില്ല.'' 
ഞാന്‍ ചോദിച്ചു: ''അവരെ മാറ്റാന്‍ നിങ്ങളെന്തൊക്കെ ചെയ്തു?'' 
''ഞാനെന്താ ചെയ്യാത്തത്?'' അയാളുടെ ചോദ്യം. ''ഉപദേശിച്ചു, പരിഹസിച്ചു, ശിക്ഷിച്ചു.  സാറെ എന്ത് ചെയ്തിട്ടും കാര്യമില്ല. ഇതങ്ങനെയുള്ള ഒരു ജനുസ്സാ.'' 
''ഇതൊക്കെ ചെയ്തിട്ടും അവര്‍ മാറിയില്ലെങ്കില്‍ ഇനി എന്തെങ്കിലും മാറ്റം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ? '' ഞാന്‍ ചോദിച്ചു. 
ഉടനെ ഉത്തരം: ''ഇനി അതിന് മുതിരുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവാന്‍ പോണില്ല. ഉറപ്പാ.'' 
''അവരേതായാലും മാറില്ലെന്ന് ഉറപ്പായല്ലോ. നിങ്ങള്‍ക്ക് മാറാന്‍ പറ്റുമോ?'' എന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനു മുമ്പില്‍ അയാള്‍ കണ്ണ് തുറിച്ചുനോക്കി. ചോദ്യം അയാളുടെ ഉള്ളില്‍ തറച്ചിരിക്കണം. അയാള്‍ ആലോചിക്കുകയായിരുന്നു. എനിക്ക് അവളില്‍ മാറ്റമുണ്ടാക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എനിക്ക് എന്നില്‍ മാറ്റമുണ്ടാക്കുവാനാകുമോ? മാറ്റം എന്നില്‍ നിന്നാവട്ടെ എന്ന് അയാള്‍ തീരുമാനിച്ചു. അയാള്‍ ചോദിച്ചു: ''അതിനെന്താ ചെയ്യാ?'' 
ഞാന്‍ പറഞ്ഞു: ''എന്തൊക്കെ ചെയ്യാനാവുമെന്ന് നിങ്ങള്‍ തന്നെ കണ്ടെത്തുക.'' 
അയാള്‍ ആലോചിച്ചു. ചില മാറ്റങ്ങള്‍ക്ക് തയ്യാറായി. ഒരു ദിവസം അയാള്‍ സ്വന്തം മുറി വൃത്തിയാക്കി. ഒരു കാലത്തും ശ്രദ്ധിക്കാതിരുന്ന മേശപ്പുറം അടുക്കിവെച്ചു. ഭാര്യക്ക് സംശയം: ''ഇയാള്‍ക്കെന്തുപറ്റി?''
വൈകാതെ അയാള്‍ സ്വന്തം മുറിയില്‍ നിന്നും പുറത്തേക്കു വന്നു. തീന്‍ മുറിയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഭാര്യയെ അടുക്കളയില്‍ സഹായിക്കാന്‍ തുടങ്ങി. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഭാര്യ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ തോന്നി. അയാള്‍ പറയുന്നത് ഭാര്യയും ശ്രദ്ധിച്ചു തുടങ്ങി. ഒന്നിച്ചു പുറത്തേക്ക് പോകാന്‍ തുടങ്ങി. ബന്ധുജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഉല്ലാസ യാത്രക്കു പോയി. അതൊക്കെ മുടങ്ങിക്കിടപ്പായിരുന്നു. 
അയാളിലെ മാറ്റം ഭാര്യക്ക് അത്ഭുതമായി. 
പിന്നീട് ആഹ്ലാദമായി മാറി. അതവരെ സ്വയം ചിന്തിപ്പിക്കുവാനും അവരുടെ തന്നെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും കാരണമായി. അവര്‍ക്കിടയില്‍ ആശയവിനിമയം ഫലപ്രദമായി നടക്കാന്‍ തുടങ്ങി. ശാരീരിക ബന്ധം പോലും കൂടുതല്‍ ആഹ്ലാദകരമായിത്തുടങ്ങി. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുത്തു തുടങ്ങി. സംഘര്‍ഷത്തിന്റെ മഞ്ഞുമലകളുരുകി.
അഞ്ച് മാസം കഴിഞ്ഞ് എന്നോടൊപ്പമുള്ള എഴാമത്തെ സെഷനില്‍ അയാള്‍ പറഞ്ഞു: ''നന്ദിയുണ്ട് സന്തോഷം വീണ്ടെടുക്കാനായതിന്. സ്വസ്ഥത തിരിച്ചു തന്നതിന്. എല്ലാറ്റിനുമപ്പുറം ആരില്‍ നിന്നാവണം മാറ്റം എന്ന് എന്നെ ബോധ്യപ്പെടുത്തിയതിന്.'' 
വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ഒരു ശവപ്പറമ്പില്‍ ഒരു പുരോഹിതന്റെ ശവക്കല്ലറയില്‍ രേഖപ്പെടുത്തിയതിന്റെ സാരം ഇങ്ങനെ:
'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഈ ലോകം മാറ്റിമറിക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. ഞാന്‍ വലുതായപ്പോള്‍ മനസ്സിലായി, ഈ ലോകം മാറാന്‍ പോകുന്നില്ല. അപ്പോള്‍ ഈ ലോകം മുഴുവന്‍ മാറ്റിമറിക്കാന്‍ എനിക്ക് കഴിയില്ലെന്നും ഏറ്റവും ചുരുങ്ങിയത് എന്റെ ദേശത്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ശ്രമിക്കാമെന്നും ഞാന്‍ കരുതി. അതിനായി ശ്രമിച്ചു. അതും അസാധ്യമെന്ന് എനിക്ക് വഴിയെ മനസ്സിലായി. പ്രായമേറെ കഴിഞ്ഞപ്പോള്‍ എന്റെ കുടുംബത്തില്‍ നിന്നാവട്ടെ മാറ്റം എന്നു തീരുമാനിച്ചു പ്രവര്‍ത്തിച്ചു. എനിക്കടുപ്പമുള്ളതും ഏറ്റവും നന്നായിട്ടറിയുന്നതും കുടുംബമാണല്ലോ. വൈകാതെ ഞാനൊന്നറിഞ്ഞു: എനിക്കെന്റെ കുടുംബത്തെയും മാറ്റാന്‍ പറ്റില്ല. 'ലോകവും ദേശവും കുടുംബവും മാറില്ലെന്ന് മനസ്സിലാക്കിയ അയാള്‍ സ്മാരക ശിലയിലെ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ: 'ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ എന്നെയാണ് മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ഏതു കുടുംബത്തെയും, പിന്നീട് ദേശത്തെയും ലോകത്തെയും മാറ്റിയെടുക്കാന്‍ വഴിവെച്ചേനെ. ഈ തിരിച്ചറിവ് വരുമ്പോഴേക്ക് ഞാന്‍ മരണക്കിടക്കിയിലായിപ്പോയല്ലോ?' ശവക്കല്ലറയിലെ ഈ വലിയ കുറിപ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത് അത്ര ചെറിയ കാര്യമല്ല. ലോകം മാറ്റി മറിക്കാന്‍ ആശിക്കും മുമ്പെ നിങ്ങള്‍ സ്വയം ഉചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുക. 
മാറ്റം ആരില്‍ നിന്നാവണം എന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നത്. നാം ഈ ലോകത്തിന്റെ തിന്മകള്‍ കണ്ട് എല്ലാം വെണ്‍മയുള്ളതാക്കാന്‍ ആഗ്രഹിക്കുന്നു. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും വര്‍ഗീയ വിഭാഗീയതയുടെയും ലോകം മാറ്റിയെടുക്കാന്‍ കൊതിക്കുന്നു. സ്വാര്‍ഥതയുടെയും ആര്‍ത്തിയുടെയും ചുറ്റുവട്ടത്തെ തിരുത്താനാശിക്കുന്നു. സമത്വത്തിന്റെ സന്തോഷത്തിന്റെ ഒരു മഹാബലിയുഗം പുലരാന്‍ പ്രാര്‍ഥിക്കുന്നു. അതിനായി തന്നാലാവുന്നത് ചെയ്യുന്നു. എന്നാല്‍ താന്‍ മാറാതെ ഈലോകം മാറില്ലെന്നത് അയാളറിയുന്നില്ല. കൊള്ളരുതായ്മയുടെയോ ആര്‍ത്തിയുടെയോ വിഭാഗീയതയുടേയോ സ്വാര്‍ഥതയുടെയോ ഘടകങ്ങള്‍ തന്നിലുണ്ടോ എന്ന് നാം പരിശോധിക്കുന്നില്ല. അത്രയൊന്നും എളുപ്പമല്ലാത്ത ഒരു ഭഗീരഥപ്രയത്‌നത്തിന് മുമ്പ് നമുക്ക് ചെയ്യേണ്ടിയിരുന്നത് തന്റെ തന്നെ മാറ്റമാണെന്ന് നാം കാണാതെ പോകുന്നു. നാം മാറുമ്പോള്‍ അത് മറ്റുള്ളവരുടെ കൂടി മാറ്റത്തിന് കാരണമായി തീരുമെന്നതാണ് വസ്തുത. 
കോഴിക്കോട്ടെ പഴയ ഒരു സ്‌കൂളിലെ ഒരധ്യാപകനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. സ്‌കൂള്‍ വരാന്തയിലും ക്ലാസിലും നിലത്ത് കാണുന്ന കടലാസു തുണ്ടുകള്‍, ചണ്ടികള്‍ എന്നിവ പെറുക്കിയെടുത്ത് സ്വന്തം കീശയിലിട്ട് കൊണ്ടുപോകും. അധ്യാപകരുടെ മുറിയിലെ ചണ്ടികളിടാനുള്ള കൊട്ടയില്‍ നിക്ഷേപിക്കും. ആ അധ്യാപകന്‍ അങ്ങനെ ചെയ്യണമെന്ന് ഒരു വിദ്യാര്‍ഥിയോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു വിദ്യാര്‍ഥിയോടും പറയേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഒരധ്യാപകനില്‍ നിന്നാണ് മിഠായികടലാസോ മറ്റോ നിലത്തോ റോഡിലോ വലിച്ചെറിയരുതെന്ന് മനസ്സിലാക്കിയതെന്ന് മകന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. വീട്ടില്‍വന്ന് കീശയില്‍ നിന്ന് അവ മാറ്റുമ്പോഴാണ് ഞാനവനില്‍ നിന്നറിഞ്ഞത്. വര്‍ഷങ്ങളേറെ കഴിഞ്ഞും ഇന്നും അവനതൊരു ശീലമായി കൊണ്ടുനടക്കുന്നു. എവിടെയെങ്കിലും ഒരു പ്ലാസ്റ്റിക് കടലാസോ ചണ്ടിയോ വലിച്ചെറിയും മുമ്പെ ഞാന്‍ എന്റെ മകനെ ഓര്‍ക്കുന്നു. ഞാന്‍ എന്നെ നിയന്ത്രിക്കുന്നു. 
സ്വയം മാറുന്നതിനെക്കുറിച്ച് ആലോചിക്കാത്ത അതിന് ശ്രമിക്കാത്ത, നാം മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും തിരുത്തുമ്പോള്‍ സ്വന്തം വീഴ്ചകള്‍ക്ക് ഒരു കവചം പണിയുകയാണ് നാമറിയാതെ ചെയ്യുന്നത്. അപ്പോള്‍ നമ്മള്‍ സ്വന്തം തിരുത്താനുള്ള കാര്യങ്ങള്‍ കാണാതെ പോകുന്നു. തിരുത്തലുകള്‍ നടക്കുന്നില്ല. എന്ന് മാത്രമല്ല, തിരുത്തപ്പെടാനുള്ള സാധ്യതകള്‍ പോലും നുള്ളിക്കളയുന്നു. അങ്ങനെ വരുമ്പോള്‍, പ്രിയപ്പെട്ടവരെ നമ്മളാശിക്കും വിധം മാറ്റിയെടുക്കാനുള്ള അവസരവും ഇല്ലാതാക്കുന്നു. ആരാദ്യം മാറ്റങ്ങള്‍ക്ക് വിധേയമാകും എന്ന പിടിവാശിയില്‍ ഇരുവരും മാറാത്ത ലോകത്ത് തന്നെ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെടുന്നു. 
ബന്ധങ്ങളുടെ സുദൃഢത നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമ്പോഴാണ് ഉണ്ടാവുന്നത്. ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍, ഭര്‍ത്താവ് തിരിച്ചറിയേണ്ടതുണ്ട്. അവ പ്രാധാന്യം അനുസരിച്ച് നിറവേറ്റുന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുന്ന ഭര്‍ത്താവ്, ഭാര്യ തന്റെ പ്രതീക്ഷകള്‍ നിറവേറ്റട്ടെ എന്നിട്ട് ഞാന്‍ ചെയ്യേണ്ടത് ചെയ്യാം എന്ന് കരുതുന്നില്ല. അതിനായി ശ്രമിക്കുന്നു, അസാധ്യമായത് ബോധ്യപ്പെടുത്തുന്നു. അതേസമയം ഭാര്യയുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമ്പോള്‍ ഭര്‍ത്താവിന്റെ മോഹങ്ങള്‍ സഫലീകരിക്കാന്‍ ഭാര്യയും ശ്രമിക്കുന്നു. ഭാര്യ-ഭര്‍തൃ ബന്ധം ഫലപ്രദമാക്കുകയും, ആഘോഷമാക്കിമാറ്റുകയും ചെയ്യുന്നു. ബന്ധങ്ങള്‍ നമ്മളില്‍ പലരും ആഘോഷമാക്കി (cel­e­brat­ing re­la­tion­ship) മാറ്റാതെ പോവുന്നതിന്റെ കാരണം മാറ്റം മറ്റേയാള്‍ ആദ്യം നടത്തട്ടെ എന്ന് ശാഠ്യം പിടിച്ചിരിക്കുന്നത് കൊണ്ടാണ്. അങ്ങനെ കൈപിടിയിലൊതുങ്ങേണ്ട ചുറ്റുവട്ടം വഴുതിമാറുന്നു. നമ്മള്‍ നിസ്സഹായരായി പോകുന്നു. ഏറ്റവും പ്രിയപ്പെട്ടവരിലും എന്നും കൂടെയുള്ളവരിലും പോലും നമുക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. തൊടാനാവുമെന്ന് കരുതിയത് അകന്നു നില്‍ക്കുന്നതും, സ്വാധീനിക്കാനാവുമെന്ന് വിചാരിക്കുന്നത് തണുത്തുറഞ്ഞ് കിടക്കുന്നതും അതുകൊണ്ടാണ്.
 
ശേഷക്രിയ
1. നാം പലവിധ കാരണങ്ങളാല്‍ നമ്മുടെ തീരുമാനങ്ങളില്‍ ദൃഢീകരിക്കപ്പെട്ട് കിടക്കുന്നു. കുട്ടിക്കാലാനുഭവങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ചുറ്റുവട്ടത്തെ മറ്റു ഘടകങ്ങള്‍ തുടങ്ങിയ പലവിധ കാര്യങ്ങളില്‍ ഇത് സംഭവിക്കുന്നു. നമ്മുടെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റത്തിന് തടസ്സമാകുന്നത് നമ്മളെടുക്കുന്ന ഇത്തരം തീരുമാനങ്ങളാണ്. 
2. സാഹചര്യങ്ങളും ബന്ധങ്ങളും എപ്പോഴും നമ്മില്‍ നിന്ന് മാറ്റം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അത് അതാത് നേരങ്ങളില്‍ തിരിച്ചറിയേണ്ടതുണ്ട്. ആത്മപരിശോധന നടത്തുമ്പോള്‍ അത് തിരിച്ചറിയാനാവുന്നു. 
3. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനപരമായ ഒരു ഘടകം പരസ്പര പൂരകത്വമാണ്. കൊടുക്കുന്നവനെ തിരിച്ചുകിട്ടാനര്‍ഹതയും, വാങ്ങാന്‍ അവകാശവുമുള്ളൂ. മാറുന്നവനേ മറ്റുള്ളവരില്‍ നിന്ന് മാറ്റം പ്രതീക്ഷിക്കാനും പാടുള്ളൂ. 
4. മറ്റുള്ളവരുടെ തെറ്റുകളില്‍ മാത്രം ശ്രദ്ധിക്കുന്നത് സ്വയം മാറാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തിന്റെ നല്ല വശങ്ങള്‍ നമ്മള്‍ എപ്പോഴും കാണുക. അതിനെക്കുറിച്ചാലോചിക്കുക.
5. മാറ്റം വരുത്തുന്നതിനെ പ്രതിരോധിക്കുന്ന നമ്മുടെ തന്നെ ആന്തരിക സംവിധാനങ്ങളെ മനസ്സിലാക്കുക. അവയെ നിയന്ത്രിക്കുകയോ നുള്ളിമാറ്റുകയോ ചെയ്താല്‍ നമ്മുടെ മാറാനുള്ള സന്നദ്ധത ശക്തമാകുന്നു. 
6. സ്വയം വരുത്തേണ്ട തിരുത്തലുകള്‍ ഓരോ ബന്ധത്തിലും മുന്‍ഗണനാ ക്രമത്തില്‍ കണ്ടെത്തുന്നത് മാറ്റത്തിന്റെ ആദ്യപടിയാണ്. ഏറ്റവും കടുത്ത ബന്ധം, ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരം എന്നിവ പരിഗണിച്ച് മുന്‍ഗണന കണ്ടെത്താനാവുന്നതാണ്. 
7. മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പ്രയോഗിക്കാം എന്ന് ചിന്തിക്കുക. വഴി കണ്ടെത്തുക. 
8. നാം മാറാന്‍ തുടങ്ങിയാല്‍ അത് കൊട്ടിയാഘോഷിക്കാതിരിക്കുക. നമ്മുടെ മാറ്റത്തിനുള്ള തല്‍ഫലപ്രതിഫലം പ്രതീക്ഷിക്കാതിരിക്കുക. ഉടനെ നാം പ്രതീക്ഷിക്കുന്ന പ്രതിഫലം ചിലപ്പോള്‍ മറ്റുള്ളവരില്‍ നമ്മിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുക. നിബന്ധനകളോടെയുള്ള മാറ്റം ഉറച്ച മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ല.
9. മറ്റുള്ളവരില്‍ നമ്മളാശിക്കുന്ന മാറ്റങ്ങളുണ്ടാവുമ്പോള്‍ അതിനെപ്പോഴും നന്ദി പറയുക. അതിനാല്‍ നമുക്ക് ലഭിക്കുന്ന സന്തോഷം പ്രകടിപ്പിക്കുക.     

Friday, November 21, 2014

അയ്യപ്പനും ശബരിമലയും

ആബൽബാന്ധവനായ അയ്യപ്പനും ശബരിമലയും മലയാളിയുടെയും മലയാളക്കരയുടെയും പുണ്യവും അന്നദാതാവും തന്നെ, എല്ലാ അർത്ഥത്തിലും!

ഇതാ ശബരിമല സീസന്‍ തുടങ്ങി കഴിഞ്ഞു. ഇനി മുതല്‍ ദിനം പ്രതിയായി 10 കോടി, 20 കോടി, 50 കോടി, 100 കോടി എന്നൊക്കെയായി ശബരിമല വരുമാന വിവരങ്ങൾ കൊണ്ട് പത്രങ്ങളും മറ്റു മാധ്യമങ്ങളും ഇറങ്ങും. ചിലര്‍ കുറച്ചു കൂടി ഉദാരമാനസ്കരാകും. കേരളത്തിനു ആയിരം കോടി രൂപയുടെ വരുമാനം ലഭിക്കും എന്നാകും അവരുടെ വാര്‍ത്ത.. എന്നാല്‍ സത്യത്തില്‍ എന്താണ് ശബരിമല ക്ഷേത്രവും അയ്യപ്പനും കാരണം കേരളത്തിനു ലഭ്യമാകുന്ന ഏകദേശം വരുമാനം, അല്ലെങ്കില്‍ കേരളത്തിൽ നടക്കുന്ന ക്രയവിക്രയങ്ങൾ? (നമുക്കാ കണക്കിലെക്കൊന്നു നോക്കാം.. ഓര്‍ക്കുക ഒരു ഏകദേശ കണക്കു മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ തീര്‍ച്ചയായും യഥാര്‍ത്ഥ വരുമാനം ഈ കണക്കില്‍ കൂടുന്നതല്ലാതെ ഒട്ടും കുറയില്ല എന്ന് മാത്രം ഉറപ്പിച്ചു പറയാം.)

ഏകദേശം മൂന്നു കോടി സ്വാമിമാര്‍ ആണ് കഴിഞ്ഞ വര്ഷം മല കയറിയത് എന്നാണു ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 50 ലക്ഷത്തോളം മലയാളികള്‍ ഉണ്ടായിരിക്കും എന്ന് ഒരൂഹം വച്ച് നമുക്ക് കണക്കിലേക്ക് കടക്കാം..

ഒരു സ്വാമി, മലക്ക് പോകാന്‍ മാലയിടുമ്പോള്‍ ചിലവാകുന്നത് മുണ്ട്, മാല തുടങ്ങിയവക്കായി ഏകദേശം 150 രൂപ. അപ്പോള്‍ 50 ലക്ഷം പേര്‍ക്ക് 75 കോടി രൂപയുടെ ചെലവ്. അതിനു ശേഷം കെട്ട് നിറക്കുമ്പോള്‍, സാധനങ്ങള്‍ക്ക് മാത്രമായി, കുറഞ്ഞ പക്ഷം ചിലവാകുന്നത് 1000 രൂപ.. അതായത് 500 കോടി രൂപ കെട്ടുനിറക്കായി മാത്രം ചിലവാകുന്നു. യാത്ര ചെലവ് ഏകദേശം എടുത്തു നോക്കിയാല്‍ ഏറ്റവും കുറഞ്ഞത്‌ 1000 രൂപ. വീണ്ടും ഒരു 500 കോടി. അങ്ങനെ മൊത്തം 1000 കോടി രൂപ.

കന്നി അയ്യപ്പന്മാര്‍ പോകുമ്പോള്‍ ഭൂരിഭാഗം വീടുകളിലും ചില പ്രത്യേക ചടങ്ങുകളും അയ്യപ്പന്‍ പാട്ടുകളും നടത്തപെപ്ടാരുണ്ട്... 50 ലക്ഷം അയ്യപ്പന്മാരില്‍ അഞ്ചു ലക്ഷത്തിന്റെ എങ്കിലും വീട്ടില്‍ പല വിധ പൂജകളും അന്നദാനവും നടത്തിയിട്ടാണ് പോകുന്നത്. അതിനുള്ള തുക പലപ്പോഴും ആയിരങ്ങളും പതിനായിരങ്ങളും ആകാറുണ്ട്. അതിനുള്ള ചെലവ് കുറഞ്ഞത്‌ 5000 രൂപ വച്ച് കൂട്ടിയാല്‍ തന്നെ ചെലവ് 250 കോടി രൂപ. പോകുന്ന വഴിക്ക് ഒരു വിധ എല്ലാ ക്ഷേത്രങ്ങളിലും ഈ 50 ലക്ഷം പേരും കയറിട്ടാണ് പോകുന്നത്... അവിടങ്ങളില്‍ നടത്തുന്ന വഴിപാടുകള്‍ ഒരാള്‍ക്ക്‌ 100 രൂപ വച്ച് കൂട്ടിയാല്‍ പോലും വരുന്നത് 50 കോടി രൂപ. ശബരിമലയില്‍ സ്വാമിമാര്‍ സമര്‍പ്പിക്കുന്ന (വീട്ടില്‍ നിന്ന് ലഭിക്കുന്ന വഴിപാട് പണം ഉള്‍പ്പെടെ) പണത്തിന്റെ ഒരു ഏകദേശ കണക്കെടുത്താല്‍ തന്നെ ആളോഹരി 100 രൂപ കൂട്ടിയാല്‍ പോലും കിട്ടുന്നത് 50 കോടി രൂപ.

ഇനി ശബരിമല സീസണില്‍ നടക്കുന്ന ദേശ വിളക്കുകളുടെ ചെലവ് കൂട്ടി നോക്കിയാല്‍ ലഭിക്കുന്ന കണക്കോ? ഒരു നല്ല അയ്യപ്പന്‍ വിളക്ക് നടത്തുമ്പോള്‍ ചിലവാകുന്നത് ലക്ഷക്കണക്കിന്‌ രൂപയാണ്. കേരളത്തിലെ എല്ലാ ദേശങ്ങളിലും അയ്യപ്പന്‍ വിളക്കുകള്‍ നടത്തപ്പെടാറുണ്ട്.. അതും നൂറു കണക്കിന് ദേശ വിളക്കുകള്‍. അതിന്റെ മൊത്തം ചെലവ് കുറഞ്ഞത്‌ 100 കോടി രൂപ വരും.

ഇങ്ങനെ എല്ലാം കൂടി നോക്കിയാല്‍ കേരളത്തിലെ സ്വാമിമാരുടെ കയ്യില്‍ നിന്ന് ചിലവാകുന്നത് കുറഞ്ഞത്‌ 1500 കോടി രൂപ!! മൂന്നു കോടി സ്വാമിമാരിൽ 50 ലക്ഷത്തിന്റെ കണക്കാണ് 1500 കോടി രൂപ എന്നുള്ളത്. കേരളത്തിനു പുറത്തു നിന്ന് വരുന്ന ബാക്കി രണ്ടര കോടി സ്വാമിമാര്‍ ചിലവാക്കുന്ന തുക ഇതിന്റെ എത്രയോ ഇരട്ടി വരും.. അങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞത്‌ "10000 കോടി" രൂപയുടെ ക്രയവിക്രയങ്ങള്‍ ആണ് ശബരിമല കാരണം ഭാരതത്തില്‍ നടക്കുന്നത്..


ചില കാര്യങ്ങള്‍ കൂടി..


1) ലോകത്തില്‍ എവിടെയൊക്കെ മലയാളികള്‍ ഉണ്ടോ അവിടെ എല്ലാം അയ്യപ്പന്‍ വിളക്കുകളും ആഘോഷങ്ങളും നടക്കാറുണ്ട്.. അതിന്റെ കണക്കും ആയിരക്കണക്കിന് കോടികള്‍ തന്നെ വരും..

2) എല്ലാ മലയാള മാസവും ആദ്യ അഞ്ചു ദിവസങ്ങളില്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമായത് കൊണ്ട് ഇപ്പോള്‍ ആ ദിവസങ്ങളിലും അസാമാന്യ തിരക്കുണ്ടാകാരുണ്ട്. ഒരു മാസം അഞ്ചു ദിവസം വച്ച് നോക്കുമ്പോള്‍ വര്‍ഷത്തില്‍ 60 ദിവസം. അതില്‍ ഉത്സവം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ മണ്ഡല കാലത്തേതു പോലെ തന്നെ സ്വാമിമാര്‍ ദര്‍ശനതിനെത്തുന്നുണ്ട്. ഇവരുടെ യാത്രയിലും കുറഞ്ഞത്‌ ഒരു ആയിരം കോടി രൂപയുടെ വരുമാനം കേരളത്തിനു ലഭ്യമാകുന്നുണ്ട്..
കേരളത്തിലെ ഏറ്റവും വരുമാനമുള്ള കമ്പനികള്ക്ക് പോലും ശബരിമലയിലെ വരുമാനത്തിനൊപ്പമെത്താൻ കഴിയില്ല. ഈ ക്രയവിക്രയങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും വന്കിട ചെറുകിട കച്ചവടക്കാരെയും തൊഴിലാളികളെയും വാഹനുടമകളെയും ഒരു പരിധി വരെ ജീവിച്ചു പോകുവാൻ സഹായിക്കുന്നതും.
അവസാനമായി ശബരിമലയും മണ്ഡലകാലവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന, അത് കൊണ്ട് ഉപജീവനം കഴിയുന്ന "ചിലരെ" കൂടി പരിചയപ്പെടാം..


1. സർക്കാർ - KSRTC, KSEB, റെയിൽവേ, പോലീസ്, ഫയർ ഫോഴ്സ് , ആരോഗ്യ വകുപ്പ്
2. സ്വകാര്യ വാഹന ഉടമകൾ, ഡ്രൈവർമാർ
3. പെട്രോൾ പാമ്പുകൾ
4. ചെറുകിട വർക്ക്‌ ഷോപ്പുകൾ, പഞ്ചർ കടകൾ
5. വന്കിട, ചെറുകിട ഹോട്ടൽ ഉടമകൾ, തൊഴിലാളികൾ
6 . തുണിമില്ലുകൾ
7 . പൂജാ ദ്രവ്യങ്ങളുടെ നിർമാതാക്കൾ
8 . തമിഴ്നാട്ടിലെ പൂകൃഷിക്കാർ
9 . ഗ്രാമീണരായ പശുവളർത്തലുകാർ
10 . അയ്യപ്പൻ പാട്ട് കലാകാരന്മാർ, മേളക്കാർ
11. ഗാനരചയിതാക്കൾ
12. സംഗീത സംവിധായകന്മാർ,
13. ഗായകർ,
14. നിർമാതാക്കൾ
15. സ്റ്റുഡിയോ ഉടമകൾ, തൊഴിലാളികൾ
16. ചാനലുകൾ, ഇതര മാധ്യമങ്ങൾ അങ്ങനെയങ്ങനെ മത ജാതി ഭേദമെന്യേ ഏതെല്ലാം മേഖലകൾ ശബരിമലയും അയ്യപ്പനും കാരണം നിലനില്ക്കുന്നു എന്നുള്ളത് മറക്കരുത് എന്നുള്ള ഒരു അഭ്യര്ത്ഥന കൂടിയുണ്ട്

Tuesday, November 11, 2014

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

  ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം


ആത്മജ്ഞാനികൾക്ക് ബ്രഹ്മതത്വമായും അഭയാർത്ഥികൾക്ക് കല്പവൃക്ഷമായും അനഹങ്കാരികൾക്ക് ചിദ്രൂപമായും വേദവാദികൾക്ക് വേദാന്തപ്പൊരുളായും നിറഞ്ഞരുളുന്ന ശ്രീകൃഷ്ണപരമാത്മാവ് ജനാർദ്ദന സ്വരൂപത്തിൽ വിരാജിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം .

തൃശൂരിൽ നിന്ന് 26 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രം കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് . ക്ഷേത്രനിർമ്മാണം നടത്തിയത് വിശ്വകർമ്മാവാണെന്നാണ് ഐതിഹ്യം . 
ക്ഷേത്രത്തിലെ ആരാധനക്രമങ്ങൾ ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു

മേൽ‌പ്പത്തൂരും , പൂന്താനവും , വില്വമംഗലവും , കുറൂരമ്മയും അങ്ങനെ നിരവധി പേർ ഗുരുവായൂരപ്പന്റെ കരുണാകടാക്ഷങ്ങൾക്ക് പാത്രമായ കഥകൾ പ്രചാരത്തിലുണ്ട് .അഭയം തേടിയെത്തുന്നവർക്ക് തന്നെത്തന്നെ സമർപ്പിക്കുന്ന ആമ്നായപ്പൊരുളായ ഭഗവാനെ കാണാൻ പണ്ഡിത പാമരഭേദമില്ലാതെ ഭക്തജന സഹസ്രങ്ങളാണ് ഒഴുകിയെത്തുന്നത് .

 ഉത്തമ സന്തതിക്കു വേണ്ടി തന്നെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ച സുതപസ്സ് എന്ന പ്രജാപതിക്കും പത്നി പ്രശ്നിക്കും ബ്രഹ്മാവ് ഒരു മഹാവിഷ്ണു വിഗ്രഹം നൽകുന്നു. ഈ വിഗ്രഹത്തെ ഭക്തിയോടെ അർച്ചിച്ചതിന്റെ ഫലമായി ഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു . ഭഗവാനു തുല്യനായ പുത്രനുണ്ടാകണമെന്ന അഭ്യർത്ഥനയ്ക്ക് താൻ തന്നെ പുത്രനായി വരാമെന്ന് വിഷ്ണു വാഗ്ദാനം ചെയ്യുന്നു . മൂന്നു ജന്മം വിവിധ ഭാവങ്ങളിൽ അവരുടെ പുത്രനായി ജനിക്കാമെന്നാണ് ഭഗവാൻ വരം കൊടുത്തത് .ഒപ്പം ബ്രഹ്മാവിന്റെ പക്കൽ നിന്ന് ലഭിച്ച വിഗ്രഹം ഈ മൂന്നു ജന്മങ്ങളിലും പൂജിക്കാനുള്ള അവസരമുണ്ടാകട്ടെ എന്ന ആശീർവാദവും ദമ്പതികൾക്കു നൽകി .

 സനകാദി മുനികൾക്ക് ബ്രഹ്മതത്വം ഉപദേശിച്ച പ്രശ്നിഗർഭനാണ് ആദ്യജന്മത്തിലുണ്ടായ പുത്രൻ . രണ്ടാം ജന്മത്തിൽ കശ്യപനും അദിതിയുമായി വന്ന ദമ്പതികൾക്ക് വാമനൻ എന്ന പേരിൽ മഹാവിഷ്ണു അവതരിച്ചു .മൂന്നാമത്തെ ജന്മത്തിൽ അവർ വസുദേവ ദേവകിമാരായപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനെന്ന പേരിൽ പുത്രനായി അവതരിച്ചു മുൻ ജന്മങ്ങളിൽ പൂജിച്ചുപാസിച്ചിരുന്ന വിഗ്രഹം അവർക്ക് കൊടുത്തത് .ധൌമ്യ മഹർഷിയാണ്. അനന്തരം ദ്വാരകയിൽ സ്ഥാപിച്ച ഈ വിഗ്രഹത്തെ ദ്വാരക സമുദ്രത്തിലാണ്ട ശേഷം അവിടെ നിന്നും കണ്ടെടുത്തത് ദേവഗുരുവായ ബൃഹസ്പതിയും വായുവും കൂടിയാണ് .ഈ മഹനീയ വിഗ്രഹം പ്രതിഷ്ടിക്കാൻ ഭൂമണ്ഡലമാകെ ചുറ്റിനടന്ന ഗുരുവും വായുവും ശ്രീപരമേശ്വരന്റെ നിർദ്ദേശാനുസരണം വിഗ്രഹം പ്രതിഷ്ടിച്ച സ്ഥലമാണ് ഗുരുവായൂർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത് . 

 തക്ഷക ദംശനത്താൽ പിതാവായ പരീക്ഷിത്ത് മരണപ്പെട്ടതിൽ കോപിച്ച് പുത്രൻ ജനമേജയൻ സർപ്പ സത്രം നടത്തി നിരവധി നാഗങ്ങളെ യജ്ഞാഗ്നിയിൽ ആഹുതിചെയ്തു .അവസാനം തകഷകന്റെ ഊഴം വന്നപ്പോൾ ദേവഗുരുവായ ബൃഹസ്പതി സർപ്പസത്രം അവസാനിപ്പിക്കാൻ ജനമേജയനോട് ഉപദേശിച്ചു . ദേവഗുരുവിന്റെ ഉപദേശത്താൽ ജനമേജയൻ സത്രം അവസാനിപ്പിച്ചുവെങ്കിലും പിൽക്കാലത്ത് അതികഠിനമായ കുഷ്ഠരോഗം അദ്ദേഹത്തെ പിടികൂടി. അത്രി മഹർഷിയുടെ പുത്രനായ ആത്രേയൻ ജനമേജയനോട് ഗുരുവായൂരിൽ പോയി ഭജനമിരിക്കാൻ ഉപദേശിച്ചു .ഗുരുവായൂരിന്റെ മഹത്വത്തെക്കുറിച്ച് അന്വേഷിച്ച ജനമേജയന് ആത്രേയൻ പറഞ്ഞു കൊടുത്ത ഗുരുപവനപുര മാഹാത്മ്യത്തിലാണ് മേൽ‌പ്പറഞ്ഞ ഐതിഹ്യം അടങ്ങിയിട്ടുള്ളത്

 ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ മലയാളത്തിനു ലഭിച്ചത് നിരവധി സാഹിത്യകൃതികളാണ് . 

 മേൽ‌പ്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയവും പൂന്താനത്തിന്റെ കൃഷ്ണഗാഥയും അതിൽ പേരുകേട്ടതാണ് . ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കി മാനവേദൻ രാജ എഴുതിയ കൃഷ്ണഗീതികളിലൂടെയാണ് പിൽക്കാലത്ത് കൃഷ്ണനാട്ടം രൂപമെടുത്തത് . അത് പിന്നീട് രാമനാട്ടമെന്ന കലാരൂപം ആരംഭിക്കാൻ പ്രേരണ നൽകുകയും കഥകളി എന്ന വിഖ്യാത കലാരൂപം പിറവിയെടുക്കുകയും ചെയ്തു . 

 ഗുരുവായൂർ പുരേശനെ പ്രകീർത്തിച്ച് നിരവധി ഗാനങ്ങളും കീർത്തനങ്ങളും ഉണ്ടായിട്ടുണ്ട് . ഇതെല്ലാം എണ്ണിത്തീർക്കാൻ അനന്തനുമാവില്ലെന്നാണ് പണ്ഡിതമതം

 ഹന്ത ഭാഗ്യം ജനാനാം ....

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

  ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രംമ്മാവാണെന്നാണ് ഐതിഹ്യം .
 ക്ഷേത്രത്തിലെ ആരാധനക്രമങ്ങൾ ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു . മേൽ‌പ്പത്തൂരും , പൂന്താനവും , വില്വമംഗലവും , കുറൂരമ്മയും അങ്ങനെ നിരവധി പേർ ഗുരുവായൂരപ്പന്റെ കരുണാകടാക്ഷങ്ങൾക്ക് പാത്രമായ കഥകൾ പ്രചാരത്തിലുണ്ട് .അഭയം തേടിയെത്തുന്നവർക്ക് തന്നെത്തന്നെ സമർപ്പിക്കുന്ന ആമ്നായപ്പൊരുളായ ഭഗവാനെ കാണാൻ പണ്ഡിത പാമരഭേദമില്ലാതെ ഭക്തജന സഹസ്രങ്ങളാണ് ഒഴുകിയെത്തുന്നത് .


 ഉത്തമ സന്തതിക്കു വേണ്ടി തന്നെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ച സുതപസ്സ് എന്ന പ്രജാപതിക്കും പത്നി പ്രശ്നിക്കും ബ്രഹ്മാവ് ഒരു മഹാവിഷ്ണു വിഗ്രഹം നൽകുന്നു. ഈ വിഗ്രഹത്തെ ഭക്തിയോടെ അർച്ചിച്ചതിന്റെ ഫലമായി ഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു . ഭഗവാനു തുല്യനായ പുത്രനുണ്ടാകണമെന്ന അഭ്യർത്ഥനയ്ക്ക് താൻ തന്നെ പുത്രനായി വരാമെന്ന് വിഷ്ണു വാഗ്ദാനം ചെയ്യുന്നു . മൂന്നു ജന്മം വിവിധ ഭാവങ്ങളിൽ അവരുടെ പുത്രനായി ജനിക്കാമെന്നാണ് ഭഗവാൻ വരം കൊടുത്തത് .ഒപ്പം ബ്രഹ്മാവിന്റെ പക്കൽ നിന്ന് ലഭിച്ച വിഗ്രഹം ഈ മൂന്നു ജന്മങ്ങളിലും പൂജിക്കാനുള്ള അവസരമുണ്ടാകട്ടെ എന്ന ആശീർവാദവും ദമ്പതികൾക്കു നൽകി .



 സനകാദി മുനികൾക്ക് ബ്രഹ്മതത്വം ഉപദേശിച്ച പ്രശ്നിഗർഭനാണ് ആദ്യജന്മത്തിലുണ്ടായ പുത്രൻ . രണ്ടാം ജന്മത്തിൽ കശ്യപനും അദിതിയുമായി വന്ന ദമ്പതികൾക്ക് വാമനൻ എന്ന പേരിൽ മഹാവിഷ്ണു അവതരിച്ചു .മൂന്നാമത്തെ ജന്മത്തിൽ അവർ വസുദേവ ദേവകിമാരായപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനെന്ന പേരിൽ പുത്രനായി അവതരിച്ചു മുൻ ജന്മങ്ങളിൽ പൂജിച്ചുപാസിച്ചിരുന്ന വിഗ്രഹം അവർക്ക് കൊടുത്തത് .ധൌമ്യ മഹർഷിയാണ്. അനന്തരം ദ്വാരകയിൽ സ്ഥാപിച്ച ഈ വിഗ്രഹത്തെ ദ്വാരക സമുദ്രത്തിലാണ്ട ശേഷം അവിടെ നിന്നും കണ്ടെടുത്തത് ദേവഗുരുവായ ബൃഹസ്പതിയും വായുവും കൂടിയാണ് .ഈ മഹനീയ വിഗ്രഹം പ്രതിഷ്ടിക്കാൻ ഭൂമണ്ഡലമാകെ ചുറ്റിനടന്ന ഗുരുവും വായുവും ശ്രീപരമേശ്വരന്റെ നിർദ്ദേശാനുസരണം വിഗ്രഹം പ്രതിഷ്ടിച്ച സ്ഥലമാണ് ഗുരുവായൂർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത് .



 തക്ഷക ദംശനത്താൽ പിതാവായ പരീക്ഷിത്ത് മരണപ്പെട്ടതിൽ കോപിച്ച് പുത്രൻ ജനമേജയൻ സർപ്പ സത്രം നടത്തി നിരവധി നാഗങ്ങളെ യജ്ഞാഗ്നിയിൽ ആഹുതിചെയ്തു .അവസാനം തകഷകന്റെ ഊഴം വന്നപ്പോൾ ദേവഗുരുവായ ബൃഹസ്പതി സർപ്പസത്രം അവസാനിപ്പിക്കാൻ ജനമേജയനോട് ഉപദേശിച്ചു . ദേവഗുരുവിന്റെ ഉപദേശത്താൽ ജനമേജയൻ സത്രം അവസാനിപ്പിച്ചുവെങ്കിലും പിൽക്കാലത്ത് അതികഠിനമായ കുഷ്ഠരോഗം അദ്ദേഹത്തെ പിടികൂടി. അത്രി മഹർഷിയുടെ പുത്രനായ ആത്രേയൻ ജനമേജയനോട് ഗുരുവായൂരിൽ പോയി ഭജനമിരിക്കാൻ ഉപദേശിച്ചു .ഗുരുവായൂരിന്റെ മഹത്വത്തെക്കുറിച്ച് അന്വേഷിച്ച ജനമേജയന് ആത്രേയൻ പറഞ്ഞു കൊടുത്ത ഗുരുപവനപുര മാഹാത്മ്യത്തിലാണ് മേൽ‌പ്പറഞ്ഞ ഐതിഹ്യം അടങ്ങിയിട്ടുള്ളത്


 ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ മലയാളത്തിനു ലഭിച്ചത് നിരവധി സാഹിത്യകൃതികളാണ് .


 മേൽ‌പ്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയവും പൂന്താനത്തിന്റെ കൃഷ്ണഗാഥയും അതിൽ പേരുകേട്ടതാണ് . ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കി മാനവേദൻ രാജ എഴുതിയ കൃഷ്ണഗീതികളിലൂടെയാണ് പിൽക്കാലത്ത് കൃഷ്ണനാട്ടം രൂപമെടുത്തത് . അത് പിന്നീട് രാമനാട്ടമെന്ന കലാരൂപം ആരംഭിക്കാൻ പ്രേരണ നൽകുകയും കഥകളി എന്ന വിഖ്യാത കലാരൂപം പിറവിയെടുക്കുകയും ചെയ്തു .


 ഗുരുവായൂർ പുരേശനെ പ്രകീർത്തിച്ച് നിരവധി ഗാനങ്ങളും കീർത്തനങ്ങളും ഉണ്ടായിട്ടുണ്ട് . ഇതെല്ലാം എണ്ണിത്തീർക്കാൻ അനന്തനുമാവില്ലെന്നാണ് പണ്ഡിതമതം


 ഹന്ത ഭാഗ്യം ജനാനാം ....

Monday, November 10, 2014

നവഗ്രഹധ്യാനശ്ലോകങ്ങള്‍

നവഗ്രഹധ്യാനശ്ലോകങ്ങള്‍

സൂര്യധ്യാനം

 
ശോണാംഭോരുഹ-സംസ് ഥിതം ത്രിനയനം വേദ-ത്രയീ-വിഗ്രഹം
ദാനാംഭോജ-യുഗാഭയാനി ദധതം ഹസ്തൈഃ പ്രവാള-പ്രഭം
കേയൂരാംഗദ-ഹാര-കങ്കണ-ധരം കര്‍ണ്ണോല്ലസത്  കുണ്ഡലം
ലോകോല്പത്തി-വിനാശ-പാലന-കരം സൂര്യം ഗുണാബ്ധിം ഭജേ

 ചന്ദ്രധ്യാനം
 
കര്‍പ്പൂര-സ്ഫടികാവദാതമനിശം പൂര്‍ണ്ണേന്ദു-ബിംബാനനം
മുക്താ-ദാമ-വിഭൂഷിതേന വപുഷാ നിര്‍മ്മൂലയന്തം തമഃ
ഹസ്താഭ്യാം കുമുദം വരം ച ദധതം നീലാളകോല്‍ഭാസിതം
സ്വസ്യാങ് കസ് ഥ -മൃഗോദിതാശ്രയ-ഗുണം സോമം സുധാബ്ധിം  ഭജേ

 
 
കുജധ്യാനം

 
വിന്ധ്യേശം ഗ്രഹദക്ഷിണപ്രതിമുഖം രക്തത്രികോണാകൃതിം
ദോര്‍ഭിഃ സ്വീകൃത-ശക്തി-ശൂല-സഗദം ചാരൂഢ-മേഷാധിപം
ഭാരദ്വാജമുപാത്ത-രക്ത-വസനച്ഛത്രശ്രിയാ-ശോഭിതം
മേരോര്‍ദ്ദിവ്യ-ഗിരൈഃ പ്രദക്ഷിണ-കരം സേവാമഹേ  തം കുജം
 
ബുധധ്യാനം

ആത്രേയം മഹദാധിപം ഗ്രഹ-ഗണസ്യേശാന-ഭാഗ-സ്  ഥിതം
ബാണാകാരമുദങ്മുഖം ശരലസത്തൂണീര-ബാണാസനം
പീതസ്രഗ്വസന-ദ്വയ-ധ്വജ-രഥച്ഛത്ര-ശ്രിയാ ശോഭിതം
മേരോര്‍ദ്ദിവ്യഗിരൈഃ പ്രദക്ഷിണ-കരം സേവാമഹേ തം ബുധം

ഗുരുധ്യാനം
 
രത്നാഷ്ടാപദ-വസ്ത്രരാശിമമലം ദക്ഷാല്‍ കിരന്തം കരാ‌-
ദാസീനം വിപണൌ കരം നിദധതം രത്നാദി-രാശൌ പരം
പീതാലേപന-പുഷ്പ-വസ്ത്രമഖിലാലങ്കാര-സംഭൂഷിതം
വിദ്യാ-സാഗര-പാരഗം സുര-ഗുരും വന്ദേ സുവര്‍ണ്ണ-പ്രഭം
 
ശുക്രധ്യാനം

ശ്വേതാംഭോജ-നിഷണ്ണം  ആപണ-തടേ ശ്വേതാംബരാലേപനം 
നിത്യം ഭക്തജനായ സന്പ്രദദതം വാസോ മണീന്‍ ഹാടകം
വാമേനൈവ കരേണ ദക്ഷിണ-കരേ വ്യാഖ്യാന-മുദ്രാങ്കിതം
ശുക്രം ദൈത്യ-വരാര്‍ച്ചിതം സ്മിത-മുഖം വന്ദേ സിതാംഗ-പ്രഭം
 
ശനീശ്വരധ്യാനം

ധ്യായേന്നീലശിലോച്ചയ-ദ്യുതി-നിഭം നീലാരവിന്ദാസനം
ദേവം ദീപ്ത-വിശാല-ലോചന-യുതം നിത്യക്ഷുധം  കോപിനം
നിര്‍മ്മാംസോദര-ശുഷ്ക-ദീര്‍ഘ-വപുഷം രൌദ്രാകൃതിം ഭീഷണം
ദീര്‍ഘ-ശ്മശ്രു-ജടാ-യുതം ഗ്രഹ-പതിം സൌരം സദാഹം ഭജേ

രാഹുധ്യാനം
 
രാഹും മദ്ധ്യമ-ദേശജം തു നിരൃതി- സ് ഥാനേസ് ഥിതം ജൈമിനീ-
ഗോത്രം ഖഡ്ഗധരം ച ശൂര്‍പ്പ-സദൃശം ശാര്‍ദ്ദൂല-രത്നാസനം
നീലം നീല-വിഭൂഷണ-ധ്വജ-രഥച്ഛത്രശ്രിയാ-ശോഭിതം
മേരോര്‍ദ്ദിവ്യഗിരേഃ പ്രദക്ഷിണകരം സേവാമഹേ /ഹിം സദാ 
 
കേതുധ്യാനം
 
കേതും ബന്ധുര-ദേശജം ധ്വജ-സമാകാരം വിചിത്രായുധം
ശ്വിത്രം ജൈമിനി-ഗോത്രജം ഗ്രഹഗണേ വായവ്യ-കോണ-സ് ഥിതം
വ്യാത്താസ്യാനന ഭീഷണം ധ്വജ-രഥച്ഛത്ര-ശ്രിയാ ശോഭിതം
മേരോര്‍ദ്ദിവ്യഗിരേഃ പ്രദക്ഷിണ-കരം സേവാമഹേ തത് തമഃ

സ്നേഹം


ഒരു തുളളി സ്നേഹം നീ എനിക്കു നല്‍കൂ,
കോരിച്ചൊരിയുന്നൊരു മഴയായി ഞാൻ തിരിച്ചു നല്‍കാം.....
ഒരു കൊച്ചു തണലായി നീ എന്നില്‍ നിറയൂ,
പടര്‍ന്ന് പന്തലിച്ചൊരു വനമായി ഞാൻ കാത്തുകൊളളാം.....
ഒരു കുമ്പിള്‍ പൂവ് നീ പറിച്ചു നല്‍കൂ,
ഒരു തീരാവസന്തം ഞാൻ തീര്‍ത്തു കൊളളാം.....
ഒരു തുളളി മധുരം നീ നാവില്‍ പകരൂ,
ഒരു കടല്‍ മധുകുംഭം പകരം നല്‍കാം.....
ഒരു നുറുങ്ങു വെട്ടമായി നീ എന്നെ നയിക്കൂ,
ഒരു പ്രഭാപൂരമായി ഞാൻ പ്രശോഭിച്ചീടാം.....
ഒരു കണ്ണില്‍ കോണിലായി നീ നിറച്ചു നിര്‍ത്തൂ,
ഒരു തേന്‍കണമായി നിന്നില്‍ പടര്‍ന്നൊഴുകാം.....
ഒരു കുഞ്ഞ് മുത്തം നീ കവിളില്‍ നല്‍കൂ,
ഒരു ധനുമാസ രാത്രി ഞാന്‍ പകരം വെയ്ക്കാം.....
ഒരു പുതു രാഗമാലിക നീ രചിക്കൂ,
ഒരു സ്വരരാഗ നാദസുധ ഞാൻ തീര്‍ക്കാം.....
ഒരു വിരല്‍ തുമ്പിനാല്‍ നീ മോക്ഷമേകൂ,
ഒരു ജന്മം മുഴുവൻ ഞാൻ ആശ്വസമേകാം.