''പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം.
ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും
ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമറിക്കാനാകും.
വിദ്യാഭ്യാസമാണ് ഏക പരിഹാരം.''- മലാല യൂസഫ്‌സായി
മലാലയുടെ ദുരന്തമറിഞ്ഞ് വിഖ്യാത ഹോളിവുഡ് നടിയും സാമൂഹികപ്രവര്‍ത്തകയുമായ ആഞ്ചലീന ജോളി ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിലെഴുതിയ ലേഖനം.
ബുധനാഴ്ചത്തെ പ്രഭാതം, പോകാന്‍ ഇഷ്ടമില്ലെന്ന പതിവു പരാതി കേട്ടില്ലെന്നു നടിച്ചുകൊണ്ട് കുട്ടികളെ സ്‌കൂളിലേക്കൊരുക്കുകയായിരുന്നു ഞാന്‍. അതിനിടയിലാണ് ന്യൂയോര്‍ക്ക് ടൈംസിലെ തലവാചകം ശ്രദ്ധയില്‍ പെട്ടത്. 'അവകാശങ്ങള്‍ക്കായി നിലകൊണ്ട പെണ്‍കുട്ടിയെ താലിബാന്‍ വെടിവെച്ചു വീഴ്ത്തി. പതിനാലുകാരിയായ മലാല തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു, ഇതല്ലാതെ മറ്റൊരു സാധ്യതയും അവള്‍ അവശേഷിപ്പിച്ചില്ല' - താലിബാന്‍ വാദിക്കുന്നു. സ്‌കൂള്‍ ബസ്സിനകത്തേക്ക് കയറി മലാലയെ പേരുചൊല്ലി വിളിച്ച് തിരിച്ചറിഞ്ഞശേഷം തലയ്ക്കു നിറയൊഴിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു അവള്‍ ചെയ്ത കുറ്റം.
പത്രം വായിച്ചതിനുശേഷം മലാലയുടെ കഥ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് എനിക്ക് നിര്‍ബന്ധം തോന്നി. സ്‌കൂളില്‍ പോകണമെന്നു മോഹിച്ച 'കുറ്റത്തിന്' ഒരു പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്ന ലോകത്തെക്കുറിച്ചുള്ള കഥ മനസ്സിലാക്കിയെടുക്കാന്‍ അവര്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
മലാലയുടെ കഥ ദിവസംമുഴുവന്‍ അവരുടെ കൂടെത്തന്നെയുണ്ടായിരുന്നു. രാത്രിയായപ്പോള്‍ ഒരുപാടു ചോദ്യങ്ങളുമായി അവര്‍ എന്റെ ചുറ്റും കൂടി. മലാലയുടെ അഭിമുഖം കണ്ടും ഡയറിക്കുറിപ്പുകള്‍ വായിച്ചും ഞങ്ങളൊരുമിച്ച് അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. ബി.ബി.സിക്കു വേണ്ടി ബ്ലോഗെഴുത്ത് ആരംഭിക്കുമ്പോള്‍ 11 വയസ്സായിരുന്നു മലാലയുടെ പ്രായം. താലിബാന്റെ കീഴിലുള്ള ജീവിതത്തെക്കുറിച്ചാണ് അവള്‍ ഏറെയും എഴുതിയിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച് സാധാരണവേഷത്തില്‍ സ്‌കൂളിലേക്ക് പോയതും തട്ടത്തിനടിയില്‍ പുസ്തകങ്ങള്‍ ഒളിപ്പിച്ചതും ഏറ്റവുമൊടുവില്‍ സ്‌കൂളിലേക്കുള്ള പോക്ക് പൂര്‍ണമായി മുടങ്ങിയതുമെല്ലാം.
മലാലയുടെ വലിയൊരു പ്രതിമ സ്ഥാപിക്കാന്‍ ലോകം മുന്‍കൈയെടുക്കണം, അതിനടുത്ത് ഒരു വായനാമൂലയും- ഞങ്ങളുടെ എട്ടു വയസ്സുകാരിയുടെ നിര്‍ദേശമതായിരുന്നു. മലാല നോക്കിവളര്‍ത്തുന്ന അരുമമൃഗങ്ങളുണ്ടെങ്കില്‍ ഇപ്പോള്‍ ആരുണ്ടാകും അതിനെയൊക്കെ സംരക്ഷിക്കാന്‍? പ്രായോഗികമായ ഈ ചോദ്യമുന്നയിച്ചത് ഞങ്ങളുടെ ആറു വയസ്സുകാരി. മലാലയുടെ മാതാപിതാക്കളെക്കുറിച്ച് തിരക്കിയ അവള്‍ ഇപ്പോഴവര്‍ കരയുന്നുണ്ടാകുമോ എന്നും ആശങ്കപ്പെട്ടു. അവര്‍ തീര്‍ച്ചയായും കരയുന്നുണ്ടാകുമെന്ന് ഞാന്‍ മറുപടി നല്കി. സ്വന്തം മകളുടെ വിധിയോര്‍ത്തല്ല മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങളെയോര്‍ത്താവും അവര്‍ കണ്ണീര്‍ വാര്‍ക്കുന്നത്. മലാലയെപ്പോലെ അവളുടെ മാതാപിതാക്കളും ധീരതയുടെയും കരുത്തിന്റെയും പ്രതീകങ്ങള്‍ തന്നെ. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന മലാലയുടെ പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും കവിയുമാണ്.
പിറ്റേദിവസം രാവിലെ മുതല്‍ ടിവി ചാനലുകള്‍ പാകിസ്താനിലെ പെണ്‍കുട്ടികള്‍ മലാലയ്ക്കായി പ്രാര്‍ഥിക്കുന്നതും തെരുവുകളില്‍ പ്രകടനം നടത്തുന്നതും ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്നു. മലാലയ്‌ക്കൊപ്പം നില്ക്കുന്ന ഈ കുട്ടികളെയും ആരെങ്കിലും വെടിവെക്കുമോയെന്ന് എന്റെ മകന്‍ ആധി പൂണ്ടു. അപകടത്തെക്കുറിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ മലാലയ്‌ക്കൊപ്പം നില്ക്കുന്നതെന്ന് ഞാനവനോടു പറഞ്ഞു. മലാല തങ്ങള്‍ക്കെത്രമാത്രം പ്രിയപ്പെട്ടവളാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് അവര്‍ ഈ ധൈര്യം കാട്ടുന്നത്. മലാലയുടെ ധീരത ആ കുട്ടികളുടെ ധീരതയെ ഉണര്‍ത്തിയിരിക്കുന്നു.
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ട് എന്റെ കുട്ടികള്‍ വീണ്ടും ചോദിച്ചു, എന്തിനാണവര്‍ മലാലയെ കൊല്ലണമെന്ന് തീരുമാനിച്ചത്? 'വിദ്യാഭ്യാസം അതിശക്തിയേറിയ കാര്യമായതുകൊണ്ടുതന്നെ' - ഞാന്‍ മറുപടി നല്കിയത് ഇങ്ങനെയായിരുന്നു.
മലാലയ്ക്കു നേരേയുതിര്‍ന്ന വെടിയുണ്ടകള്‍ ഒരു രാഷ്ട്രത്തിന്റെ ഹൃദയത്തിലാണ് തറച്ചിരിക്കുന്നത്. താലിബാന്‍ പിന്‍മാറാന്‍ വിസ്സമതിച്ചാല്‍ പാകിസ്താനിലെ മുഴുവന്‍ പേര്‍ക്കും ആ വെടിയുണ്ടകളുടെ പരിക്കേല്ക്കും. അതിനിന്ദ്യവും ഹിംസാത്മകവുമായ ആ നടപടി ഉദ്ദേശിച്ചതിന്റെ നേരേവിപരീതഫലമാണ് ഉളവാക്കിയിരിക്കുന്നത്. മലാലയുടെ ആദര്‍ശങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അവളുടെ പിന്നില്‍ അണിനിരന്ന് ഭീതിയുടെ ദുര്‍ഭരണത്തെ എതിര്‍ക്കാന്‍ പാകിസ്താനികള്‍ ഒന്നടങ്കം തീരുമാനിച്ചത് അതിന്റെ തെളിവു തന്നെ.
പാകിസ്താനി താലിബാന്‍ വക്താവ് പറഞ്ഞത് 'ഇതൊരു പാഠമായിരിക്കട്ടേ' എന്നാണ്. ശരി. ഇതൊരു പാഠമായിരിക്കട്ടെ- വിദ്യാഭ്യാസം പ്രാഥമികമായ അവകാശമാണെന്ന പാഠം. ആ അവകാശം പാകിസ്താനി പെണ്‍കുട്ടികള്‍ക്കു മാത്രം നിഷേധിക്കരുതെന്ന പാഠം.
'ഞാന്‍ മലാലയാണ്' എന്ന് ഒരു പാകിസ്താനി പെണ്‍കുട്ടി എഴുന്നേറ്റു നിന്ന് പ്രഖ്യാപിക്കുമ്പോള്‍ അവള്‍ ഒറ്റയ്ക്കല്ല എന്നോര്‍ക്കുക. ലോകമെങ്ങുമുള്ള അമ്മമാരും അധ്യാപകരും അവരുടെ മക്കളോടും വിദ്യാര്‍ഥികളോടും മലാലയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മലാല തുടങ്ങിവെച്ച പോരാട്ടത്തില്‍ പങ്കുചേരാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കാനും പെണ്‍കുട്ടികളടക്കം എല്ലാവര്‍ക്കും വിദ്യ ഉറപ്പുവരുത്താനുമായി പാകിസ്താനിലുടനീളം ഒരു ദേശീയപ്രസ്ഥാനം ഉയര്‍ന്നുവന്നുകഴിഞ്ഞു. സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനിവാര്യമായൊരു വിപ്ലവത്തിന് നാന്ദികുറിക്കുകയാണ് മലാലയ്ക്കുണ്ടായ ദാരുണാനുഭവം.
എണ്ണമില്ലാത്തത്ര മനുഷ്യരെ പ്രചോദിപ്പിക്കാന്‍ ഒരൊറ്റ ധീരസ്വരത്തിന് സാധിക്കും എന്നതിന്റെ തെളിവാണ് മലാല. ക്ലാസ്മുറികളിലും അടുക്കളമേശകളിലുമായി ലോകമെങ്ങുമുള്ള അമ്മമാരും അച്ഛന്‍മാരും ആണ്‍മക്കളും പെണ്‍മക്കളും മലാലയുടെ ജീവമുക്തിക്കായി പ്രാര്‍ഥിക്കുകയും അവളേന്തിയ ദീപശിഖ ഏറ്റെടുക്കാന്‍ സന്നദ്ധത കാട്ടുകയും ചെയ്യുന്നു. അടുത്ത വര്‍ഷത്തെ നൊബേല്‍ സമാധാനസമ്മാനജേതാവിനെ കണ്ടെത്താനായി നോബല്‍ സമിതി യോഗംചേരുമ്പോള്‍ മലാലയെ ഗൗരവമായി പരിഗണിക്കുന്ന കാര്യം ഞാന്‍ ഭാവനയില്‍ കാണുകയാണ്.
(ഞാന്‍ മലാല എന്ന പുസ്തകത്തില്‍ നിന്ന്
No comments:
Post a Comment