ദീപാവലി- ദീപങ്ങളുടെ ഉത്സവം ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള്‍ പ്രചാരത്തിലുണ്ട് .
അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി. ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന ഒരസുരനായിരുന്നു നരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിക്കുകയും ചെയ്തു. പിറവിയെടുത്തത് അതി ശക്തനായ ഒരസുര ശിശുവായിരുന്നു. ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി.
അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു. എന്നാല്‍ ഭഗവാനില്‍ നിന്നുള്ള വരലബ്ധിയില്‍ നരക൯ മഹാഅഹങ്കാരിയായി മാറി. ദേവന്മാരോട് അവന് കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല. ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.
ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി . വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു . അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്.
മറ്റൊരൈതിഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക് മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു.
രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു. ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷം ചിലയിടങ്ങളില്‍ നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്. "വലിയ ചന്ദ്രനെ വരുത്തല്‍" എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അവര്‍ അദ്ദേഹത്തെ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. പൂജകള്‍ക്ക് ശേഷം ബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക് തിരിച്ചയയ്ക്കല്‍ ചടങ്ങുമുണ്ടാകും . ഒന്നാം ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം എല്ലാ പൂജകള്‍ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കു തന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ള തത്വമായിരിക്കും ഒരു പക്ഷെ ഇതിലെല്ലാം അടങ്ങിയിരിക്കുന്ന മൂലാധാരം.
പ്രകാശം നല്‍കുക എന്നുള്ളതാണല്ലോ ദീപങ്ങളുടെ ധര്‍മ്മം. അതിലുടെ നമ്മള്‍ പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു. ദീപാവലിക്കു തൊട്ടു മു൯പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്‍ത്ഥസ്നാനത്തിനും ഉത്തമമായിട്ടാണ് കണക്കാക്കുന്നത്. വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈല സേചനം അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം.
ദീപാവലിയുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത് പത്മ പുരാണത്തില്‍ വിവരിക്കുന്നുണ്ട് . തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ ദീപാവല്യാം ചതുര്‍ദ്ദശീം പ്രാത സ്നാനാം ഹിയ കുത്യാത് യമലോകം നപശുതി . മേല്‍പ്പറഞ്ഞ അനുഷ്ഠാനങ്ങള്‍ മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്‍. എണ്ണ തേച്ചുകുളി വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു. അധര്‍മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്‍മ്മത്തിന്റെതാണല്ലോ. മനുഷ്യരാശികളില്‍ സ്വയമേവ അന്തര്‍ലീനമായിരിക്കുന്നു. ആസുരിക ശക്തികളെ അന്യമാക്കാനും സമഭാവനതകളും കാരുണ്യത്തിന്റെ ത്രിമാനങ്ങളും അവിടെ നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള്‍ ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളാണല്ലോ. അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില്‍ വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്‍മ്മ സംരക്ഷണം മു൯നിര്‍ത്തിക്കൊണ്ടാണ്.
ഇവയൊന്നും കുടാതെ ജൈനമതക്കാരുടെ ഇടയില്‍ മറ്റൊരു കഥ കുടി ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്‍ന്നെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം അത് ജപിക്കാ൯. ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ തിന്മകളെ തൊട്ടു വെളുപ്പിക്കുന്നൊരു പ്രകാശ ബിന്ദുവാണ്. നമുക്കത് നിത്യ പ്രഭയുടെ ജാജ്ജ്വലുതയോടെ ആസ്വദിക്കാം - അനുഭവിക്കാം . നന്മയുടെ പുതു വെളിച്ചം നല്കാന് ഒരു ദീപാവലി കൂടി കടന്നു വരുന്നു.. ഉള്ളിലുള്ള സ്നേഹമെന്ന വിളക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള് കത്തിച്ചും നമുക്കൊന്ന്നായി ഒരു മനസ്സോടെ കൊണ്ടാടാം ..
ഏവര്‍ക്കും ഐശ്വര്യ പൂര്ണമായ ദീപാവലി ആശംസകള്‍..!!
No comments:
Post a Comment