പ്രബോധനം
മഹാകവി ഉള്ളൂർ
അവിരതം സുഖ, മവികലം ശുഭ-
മെവിടെയുണ്ടതീയുലകിൽ മാനുഷ ?
ചിലേടം പൊങ്ങുന്നു, ചിലേടം താഴുന്നു,
മലയുമാഴിയുമിയലുമീ മന്നിൽ.
പകലുമാവശ്യം ഇരവുമാവശ്യം
അഹസ്സിൻ ജീവിതമഖണ്ഡമാക്കുവാൻ.
നിഴലുമേൽക്കണം, വെയിലുമേൽക്കണം
വഴിയിൽ മുന്നോട്ടു നടന്നുപോകുവാൻ.
ജലസമം സൃഷ്ടിക്കുതകിടും ഭൂതം
ജ്വലനനും ;--ഒന്നു തണുത്ത, തൊന്നുഷ്ണം.
അചലമാം മൃത്തും ചലമാം വായുവു-
മജന്നു തൻപണിക്കവശ്യമമ്മട്ടിൽ.
അഴുകിപ്പോയതായ് നമുക്കു തോന്നുന്ന--
തഴകിൻ മറ്റൊന്നിന്നമൃതമാകുന്നു ;
അതിനെയും നമ്മെപ്പടച്ച കയ് യാൽത്താൻ
വിധി ചമച്ചതെന്നറിയണം നമ്മൾ.
തടിപ്പിലെന്തുള്ളൂ കൊതിച്ചുകൊള്ളുവാൻ ?
ചടപ്പിലെന്തുള്ളൂ വെറുത്തുതള്ളുവാൻ?
മധുരഗാത്രിമാർക്കഴകല്ലീ തുല്യം
പൃഥുനിതംബവും പ്രതനുമധ്യവും ?
II
നമുക്കു കണ്ടിടാം ജയത്തിൽപ്പോലവേ
സമഗ്രമാം മെച്ചം പരാജയത്തിലും.
പകയ്പതെന്തിന്നു ? പതിപ്പതു ധാത്രീ--
ഭഗവതിയുടെ മടിയിലല്ലയോ ?
അവിടുന്നാശ്വാസമരുളുമപ്പുറം :
നിവർന്നുയർന്നു നാം നിലകൊള്ളും വീണ്ടും.
ഒരുമലർമാതുണ്ടുലകി, ലദ്ദേവി-
ക്കൊരിടത്തെപ്പൊഴുമിരുന്നാൽപ്പോരുമോ ?
ഭവനം തോറുമാ പ്രമദ പോകട്ടെ
നവനവാപാങ്ഗചലനലോലയായ്.
ഒരുദിനം നമുക്കരികിലുമവൾ
വരും ; വരം തരുമുണർന്നിരിക്കുകിൽ.
അമൃതിലോഹരി നമുക്കുമു,ണ്ടതിൻ
ക്രമത്തിലായതു വിളന്പും മോഹിനി.
ഒടുവിലാകിലെന്തതു ? തൽ പാത്രത്തി-
ന്നടിയിൽ വായ് ക്കുവതുറഞ്ഞ സത്തല്ലീ ?
ദിതിജരായിടാതിരിക്കുകിൽ നമ്മെ-
ത്രിദശപങ് ക്തിയിലിരുത്തിടും.കാലം.
അതുവരെ നമുക്കഴലിലാഴാതെ
മധുരമാമാശാഫലം ഭുജിച്ചിടാം. (40)
III
ഗണിച്ചിടേണ്ട നാമഥവാ മറ്റൊന്നും ;
മനസ്സല്ലീ സാക്ഷാന്മനുഷ്യസാമ്രാജ്യം ?
അതു നമുക്കു നാമധീനമാക്കിയാ-
ലതിന്നു മേലെന്തുണ്ടധീശ്വരപദം ?
വൃഥയാമീയത്തെസ്സുഖമാം പൊന്നാക്കാൻ
വിദഗ്ദ്ധൻ താൻ മർത്ത്യ,നവൻ രസസിദ്ധൻ.
വിഷത്തെയും നല്ല മരുന്നാക്കാമെന്നു
ഭിഷക് പ്രവരന്മാർ തെളിച്ചുകാട്ടുന്നു.
ധനത്തിൻ നേട്ടത്താൽ വരാത്തതാം സുഖം
ധനത്തിൻ ഗത്യാത്താൽ ചിലർക്കു കിട്ടുന്നു; (?) Error?
എഴുനിലമേട തരാത്തൊരാനന്ദ-
മെളിയ പുൽക്കുടിൽ ചിലർക്കു നൽകുന്നു ;
തനിശ്ശൃങ്ഗാരത്തിൽ ചെടിപ്പു തോന്നിടും
മനം കരുണത്തിൽപ്പുളകം കൊള്ളുന്നു.
ഇതിന്റെയൊക്കെയും രഹസ്യമോർക്കുകിൽ
മതി ; നരൻ സുഖി, കുശലി,യപ്പുറം.
ക്ഷണനേരത്തേയ് ക്കു കുപിതനായ്ത്തോന്നാ-
മനുഗ്രഹിപ്പതിന്നണയുമീശ്വരൻ ;
ചെറിയ നുള്ളൊന്നു തരാം ദയാബ്ധി, തൻ-
തിരുവടിയെയൊന്നുയർന്നു നാം നോക്കാൻ,
അലറുന്നു മുഖം കറുപ്പിച്ചും കൊണ്ടു
മഴപൊഴിക്കുവാനുഴറിടും മേഘം ;
ശുഭമാശ്ശബ്ദമോ കൃഷീവലന്മാർക്കു
വിപഞ്ചിയിൽനിന്നു പൊഴിയും കാകളി. (64)
IV
ജനനം--എന്തോന്നുണ്ടതിങ്കൽ മോദിപ്പാൻ ?
മരണം--എന്തോന്നുണ്ടതിങ്കൽ ഖേദിപ്പാൻ ?
ഇവിടത്തെജ്ജനിക്കിതരലോകത്തി-
ലെവിടെയോ പെടും മൃതിയല്ലീ ബീജം ?
ഒരിടം മുങ്ങലുമൊരിടം പൊങ്ങലും--
ഒരു നീർമുക്കിളിക്കളിയിതോർക്കുകിൽ,
പ്രപഞ്ചജീവിതതടിനിക്കീറ്റില്ലം
പ്രഭവമ,ല്ലന്തം ശ്മശാനവുമല്ല.
ഇരുകതകെഴും മുറിയൊന്നീയൂഴി,-
യൊരുവശം ജനി, മറുവശം മൃതി.
തുറന്നതിലൊന്നുമടച്ചുമറ്റൊന്നു-
മിരുന്നിടുന്നീല വിധി സമദർശി.
എവിടെയോനിന്നു പറന്നുവന്ന നാ-
മെവിടെയോ നോക്കിപ്പറക്കും പക്ഷികൾ.
വിശാലമായിടും വിഹായസത്തിന്റെ
വിഭാഗമാമിരുവശവും വിട്ടു നാം
നെടുനാളിക്കൂട്ടിലടിയുവാനെങ്കി-
ലുടയവനെന്തിന്നരുളി പക്ഷങ്ങൾ ?
പെരുമഴയിലും കൊടുവെയിലിലു-
മൊരേ കുടതന്നേ തുണ--ശമം--ശമം. (84)
V
അവിരതം സുഖ, മവികലം ശുഭ-
മിവയെനൽകും പോൽ ചില ജഗത്തുകൾ !
എനിക്കു മോഹമില്ലശേഷമെങ്ങും വെൺ-
മണൽ പരക്കുമമ്മരുക്കളിൽപ്പാർക്കാൻ.
തിരകളറ്റൊരക്കടലുകളിലെൻ
തരി നയിപ്പതിൽത്തരിമ്പുണ്ടോ രസം ?
അവനി, പെറ്റമ്മേ, ഭവദുത്സങ്ഗംതാൻ
നവനവക്രീഡയ് ക്കുചിതമാം രങ്ഗം.
ഭവതിതൻ മേന്മ മുഴുവൻ വായ്പതു
വിവിധതയിലും വികലതയിലും.
തലയിൽ സർവജ്ഞനണിവതു തിങ്കൾ-
ക്കലയെത്താൻ, മുഴുമതിയെയല്ലല്ലോ.
പ്രതിക്ഷണം മോദമരുളുന്നു സുഖ-
പ്രതീക്ഷയാം സുധ പകർന്നു നൽകി നീ.
പ്രവൃത്തിക്കെന്നെ നീയൊരുക്കുന്നു പേർത്തും
പ്രവൃദ്ധമായിടും പ്രചോദനത്തിനാൽ
തൊഴിലാളിക്കുള്ളോരുലകം നീ മാത്രം ;
മുതലാളിക്കുള്ളോരുലകം മറ്റെല്ലാം.
അശിപ്പതൊന്നല്ലെൻ പിറവിതൻ ലക്ഷ്യം ;
നശിപ്പതില്ല ഞാനൊരിക്കലുമെങ്ങും.
ഇരുകൈകൊണ്ടുമെൻ ജനനി, നിൻ പരി-
ചരണം ചെയ്യുവാൻ തരം വന്നാൽപ്പോരും--
അവിതഥമെനിക്കതൊന്നിനാൽ നേടാ-
മവിരതം സുഖ,മവികലം ശുഭം.
No comments:
Post a Comment