ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 4, 2014

കമല്‍ഹാസന്റെ സ്വപ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.

പുറത്ത് തിമിര്‍ക്കുന്ന മഴയേക്കാളും ശക്തി കമലിന്റെ വാക്കുകള്‍ക്കുണ്ടായിരുന്നു. സിനിമ മാത്രം സ്വപ്നം കണ്ട് നട്ടുച്ച നേരത്തും മദിരാശി നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടി ലൊക്കേഷനിലേക്കു പോകുന്ന കമല്‍ഹാസനില്‍ നിന്നാണ് അദ്ദേഹം സംഭാഷണം തുടങ്ങിയത്

ചെന്നൈ നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ഏറ്റവും മുകളിലത്തെ മുറിയുടെ ജനാലയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ കമല്‍ഹാസന്റെ മുഖം ഒരു കണ്ണാടി പോലെയാണ്! താഴെ നഗരത്തിരക്കിലെ കാഴ്ചകളുടെ റിഫ്ളക്ഷന്‍! ജീവിതലക്ഷ്യത്തിലേക്കുള്ള പരക്കം പാച്ചിലുകളുമായി നഗരത്തിലൂടെ അലയുന്ന പലവിധ മനുഷ്യരുടെ കാഴ്ചകള്‍ അത്തരം ഒരുപാട് ജീവിതങ്ങളെ പകര്‍ന്നാടിയ ആ മുഖത്തും പ്രതിഫലിക്കുന്നുണ്ട്.

വാറുപൊട്ടിയ ചെരുപ്പ് കടകടാശബ്ദത്തിലടിച്ച് പോകുന്നവര്‍, സൈക്കിളില്‍ ആഞ്ഞു ചവിട്ടി നീങ്ങുന്നവര്‍, വഴിയരികില്‍ നഗരത്തിരക്കില്‍ ഏകാകിയായി നില്‍ക്കുന്നവര്‍, നിറഞ്ഞ കച്ചവട സാധനങ്ങള്‍ക്കുള്ളില്‍ സ്വപ്നങ്ങള്‍ അടക്കം ചെയ്തവര്‍... അങ്ങനെ എത്രയോ പേര്‍ ആ നഗരത്തിരക്കിലൂടെ ഒഴുകിനീങ്ങുന്നുണ്ട്. സന്തോഷത്തിന്റെ, വേദനയുടെ, കിനാവിന്റെ, കണ്ണീരിന്റെ, ഒറ്റപ്പെടലിന്റെ, അവഗണനയുടെ ഒരുപാട് കഥകള്‍ അവര്‍ ഓരോരുത്തര്‍ക്കും പറയാനുമുണ്ടാകും.

ജീവിതത്തിന്റെ സുന്ദരവും കഠിനവുമായ അനുഭവങ്ങള്‍ പറയാതെ പറയുന്നവരാകും അവരിലേറെയും. ജീവിതത്തെക്കുറിച്ച് വലിയ വലിയ സ്വപ്നങ്ങള്‍ നെയ്തവര്‍. അപൂര്‍വം ചിലര്‍ ആ സ്വപ്നങ്ങളുടെ ആകാശഗോപുരങ്ങള്‍ കീഴടക്കിയപ്പോള്‍ ഭൂരിപക്ഷവും ആ സിനിമാനഗരത്തിന്റെ വിയര്‍പ്പിലും ചെളിയിലും മുങ്ങിത്താണു.വിജയപരാജയങ്ങളുടെ ആ കഥകളിലെവിടെയോ ആണ് അഭിഭാഷകനായ ഡി ശ്രീനിവാസന്റെയും രാജലക്ഷ്മിയുടെയും മകന്‍ കമല്‍ഹാസന്‍ തന്റെ ബാല്യം കണ്ടെത്തുന്നത്.

അതു സ്വപ്നങ്ങളുടെ മാത്രം കഥയാണ്. വലിയ വലിയ സ്വപ്നങ്ങള്‍ കണ്ട ഒരു ഗ്രാമീണ ബാലന്റെ കഥ. ആ സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് പിടിച്ചു കയറുവാന്‍ കമല്‍ഹാസന്‍ എന്ന "സകലകലാ വല്ലഭന്‍' രാപ്പകല്‍ ഒഴുക്കിയ വിയര്‍പ്പിന്റെ കഥ. ആറാം വയസ്സില്‍ തുടങ്ങി അറുപതിന്റെ പൂര്‍ണ്ണതയിലേക്ക് കടക്കുമ്പോള്‍ ആ സ്വപ്ന സഞ്ചാരവഴികള്‍ കമല്‍ ഓര്‍ത്തെടുക്കുന്നത് ആ നഗരത്തിലൂടെ സ്വപ്നങ്ങളുമായി സൈക്കിള്‍ ചവിട്ടിത്തീര്‍ത്ത വഴികളില്‍ നിന്നു തുടങ്ങി സ്വന്തം ചരിത്രത്തിലൂടെ മാത്രമല്ല, അഭിനയത്തിലും ജീവിതത്തിലും ശരിക്കും മഹാപര്‍വതങ്ങളായി മാറിയ പ്രതിഭകളെ ചേര്‍ത്തു വച്ചുകൂടിയാണ്.

സത്യത്തിന്റെ തീക്ഷ്ണതയും അനുഭവങ്ങളുടെ മൂര്‍ച്ചയുമുള്ള കമലിന്റെ വാക്കുകളിലൂടെ ആ ജീവിതം നേരിട്ട് കേട്ടറിഞ്ഞു. പല കാലങ്ങളില്‍ പല കൂടികാഴ്ചകളില്‍. അതുകൊണ്ടുതന്നെ കമലിന്റെ സ്നേഹമൊഴികള്‍ക്ക് അല്‍പ്പം ഫ്ളാഷ്ബാക്ക് ആവശ്യമാണ്. പത്തുവര്‍ഷം മുമ്പ് - ആള്‍വാര്‍പേട്ടിലുള്ള കമല്‍ഹാസന്റെ പഴയ വീട്ടിലേക്കുള്ള പടികള്‍ അന്ന് ഞങ്ങള്‍ ആദ്യമായി കയറുകയാണ്.

"ഇന്ത്യന്‍' മുതല്‍ "കളത്തൂര്‍ കണ്ണമ്മ'വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ ഛായാചിത്രങ്ങള്‍ ചുമരില്‍. കമലിന്റെ അഭിനയചക്രത്തിലൂടെയുള്ള ഒരു സ്വപ്നസഞ്ചാരം പോലെ നീണ്ടുപോകുന്ന ചിത്രവഴിത്താരകള്‍! രാജ് കമല്‍ ഫിംലിംസിന്റെ സ്വീകരണമുറിയിലെത്തിയപ്പോള്‍ അവിടെ ഒരു ആറുവയസ്സുകാരന്റെ വലിയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. ആദ്യ സിനിമയായ "കളത്തൂര്‍ കണ്ണമ്മ'യിലെ കുഞ്ഞു കമല്‍. "കടന്നുവന്ന വഴികളൊന്നും ഞാന്‍ മറന്നിട്ടില്ല' എന്ന് കമലിന്റെ ശബ്ദത്തില്‍ ആ ചിത്രം മന്ത്രിക്കുന്നുവോ?

മുകളിലെ മുറിയുടെ കനമുള്ള വാതില്‍ തുറന്ന് നിറഞ്ഞ പുഞ്ചിരിയോടെ ഇന്ത്യന്‍ സിനിമയിലെ ആ മഹാത്ഭുതം മുന്നിലെത്തി. കൈകൂപ്പി, ഹസ്തദാനത്തോടെ ഒരു സ്വാഗതം! അതായിരുന്നു ആദ്യ കൂടിക്കാഴ്ച. പുതിയ ചിത്രത്തിന്റെ ചര്‍ച്ചയ്ക്കെത്തിയ വിദേശികളോട് ഒഴിവു ചോദിച്ച് ഇരുപത് മിനിറ്റ് സമയം കമല്‍ അനുവദിച്ചു. ഇരുപത് മണിക്കൂറിന്റെ വിലയുള്ള ആ ഇരുപത് മിനിറ്റിനുള്ളില്‍ കരുതിയ ചോദ്യങ്ങളില്‍ പത്തെണ്ണംപോലും ചോദിക്കാനാവാതെ അല്പം നിരാശയോടെ യാത്രപറയുമ്പോള്‍ സ്നേഹത്തിന്റെ ഭാഷയില്‍ കമല്‍ പറഞ്ഞു: ""വിഷമിക്കേണ്ട, തീര്‍ച്ചയായും ഒരഭിമുഖത്തിനുള്ള സമയം ഞാന്‍ നിങ്ങള്‍ക്കു തരും.''

കാത്തിരിപ്പ് അത്ര നീണ്ടതായി തോന്നിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കൊച്ചിയിലെ ലേ മെറിഡിയനില്‍ വെച്ച് തികച്ചും യാദൃച്ഛികമായി കമല്‍ സമയം അനുവദിച്ചു. മണിക്കൂറുകള്‍ നീണ്ട സംഭാഷണം സിനിമേതര വിഷയങ്ങളിലൂടെ കടന്നുപോയി. കവി, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍. കമലിലെ എഴുത്തുകാരനെ പരിചയപ്പെടുത്തിയ അഭിമുഖമായിരുന്നു അത്.

തുടര്‍ന്ന് പരിചയം പുതുക്കാന്‍ രണ്ടവസരംകൂടി സാധ്യമായി. കോഴിക്കോട്ട് ഐ വി ശശിയെ ആദരിച്ച "ഉത്സവ'വും ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷവും. അന്നും കമല്‍ പറഞ്ഞു: ""വൈകാതെ നമുക്കു കാണാം.''

ഒരു സന്ധ്യയില്‍ അപ്രതീക്ഷിതമായി എത്തിയ കമലിന്റെ ഫോണ്‍, അടുത്തദിവസം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ആള്‍വാര്‍പേട്ടിലെ ഓഫീസിലെത്താനായിരുന്നു നിര്‍ദേശം. കാറിന്റെ വേഗതയില്‍ ഒരു രാത്രിമുഴുവന്‍ കമലിന്റെ വേഷപ്പകര്‍ച്ചകള്‍ മനസ്സിലൂടെ കടന്നുപോയ യാത്ര. നേരത്തേയെത്തി ഓഫീസില്‍ കമലിനുവേണ്ടിയുള്ള കാത്തിരിപ്പ്. കൃത്യം പന്ത്രണ്ടുമണിക്ക് കമല്‍ മുന്നില്‍.

പത്തുവര്‍ഷത്തിനുശേഷവും അതേ ചിരി, കൈകൂപ്പല്‍, ഊഷ്മളമായ അതേ ഹസ്തദാനം. ഉച്ചഭക്ഷണം പോലും മാറ്റി വെച്ച് കമല്‍ ചോദ്യങ്ങള്‍ കാത്തിരുന്നു. അളന്നുമുറിച്ച, തന്റേടത്തോടെയുള്ള ഉത്തരം. കണ്ണും പുരികവും ചുണ്ടും തീര്‍ക്കുന്ന നടനതാളങ്ങളാല്‍ കഥകള്‍ ദൃശ്യങ്ങളാല്‍ മുന്നില്‍ വിരിയിക്കുകയായിരുന്നു കമല്‍. എത്രയോ സിനിമകളില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ച ഭാവങ്ങള്‍. ഒരു പക്ഷേ, ഇനിയും കണ്ടിട്ടില്ലാത്ത കമലിന്റെ പുതുഭാവങ്ങള്‍!

ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചി തന്റെ ക്യാമറയില്‍ അതെല്ലാം മനോഹര ദൃശ്യങ്ങളാക്കി മാറ്റി. ആ കൂടിക്കാഴ്ചയും മറക്കാത്ത അനുഭവമായിരുന്നു. ഇതോടെ ഫ്ളാഷ്ബാക്കിന് തിരശ്ശീല.അറുപതാം പിറന്നാളിലേക്ക് നടന്നടുക്കുന്ന കമലുമായി വീണ്ടും ഒരു സംഭാഷണത്തിനായി ചെന്നൈയിലെത്തുമ്പോള്‍ തിമിര്‍ത്തു പെയ്യുന്ന ആടിമാസമഴയാണ് സ്വാഗതമേകിയത്.

ആള്‍വാര്‍പേട്ടിലെ വീട്ടില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ചന്ദന നിറത്തിലുള്ള പാന്റും ഷര്‍ട്ടും ധരിച്ച് ക്ലീന്‍ഷേവില്‍ പുഞ്ചിരി തൂകിയ കമല്‍. അറുപതിലും ഒരു യുവാവിന്റെ കരുത്തും പ്രസരിപ്പും ഞങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞു. പുറത്ത് തിമിര്‍ക്കുന്ന മഴയേക്കാളും ശക്തി കമലിന്റെ വാക്കുകള്‍ക്കുണ്ടായിരുന്നു. അക്ഷരങ്ങള്‍ വാക്കുകളായ് പെയ്തിറങ്ങിയത്

സിനിമ മാത്രം സ്വപ്നം കണ്ട് നട്ടുച്ച നേരത്തും മദിരാശി നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടി ലൊക്കേഷനിലേക്കു പോകുന്ന കമല്‍ഹാസനില്‍ നിന്നാണ്."അതൊന്നും മറക്കാനാവില്ല അനിയാ. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈ നഗരത്തിലെ ഹോട്ടലുകളില്‍ താമസിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും ഞാന്‍ വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കും. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മയാണ് അത്. ഹോട്ടല്‍ മുറിയിലിരുന്ന് തിരക്കഥാകൃത്ത് എഴുതി തരുന്ന സ്ക്രിപ്റ്റ് ലൊക്കേഷനിലെത്തിക്കണം. അതെത്തിച്ചശേഷം വീണ്ടും ഹോട്ടലിലെത്തണം. അപ്പോഴേക്കും അടുത്ത സീന്‍ എഴുതി വച്ചിട്ടുണ്ടാകും. ഇത് കാറില്‍ വന്നൊന്നുമല്ല ഞാന്‍ വാങ്ങിക്കൊണ്ടുപോകുന്നത്. സൈക്കിള്‍ ചവിട്ടിയാണ് വരുന്നതും പോകുന്നതുമെല്ലാം. എന്റെ വിയര്‍പ്പ് ഈ നഗരത്തിന്റെ മുക്കിലും മൂലയിലുമൊക്കെ വീണിട്ടുണ്ടാകും. ശരിക്കും കഠിനാധ്വാനമായിരുന്നെങ്കിലും എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. സിനിമയെന്ന സ്വപ്നം. അതുകൊണ്ട് പുലര്‍ച്ച അഞ്ചുമണിവരെ തുടര്‍ച്ചയായി ജോലി ചെയ്താലും അതൊരു അധ്വാനമായി തോന്നിയില്ല. ആഹ്ലാദം മാത്രമായിരുന്നു എനിക്ക്. ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്നതിന്റെ ആഹ്ളാദം.

? ജീവിതം ഒരു വലിയ സ്വപ്നമാണെന്ന് മുമ്പൊരിക്കല്‍ താങ്കള്‍ പറഞ്ഞിട്ടുണ്ട്. വലിയ വലിയ സ്വപ്നങ്ങള്‍ കാണുന്ന കമല്‍ഹാസന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്തായിരുന്നു.

= നിങ്ങള്‍ക്കു മുന്നിലിരിക്കുന്ന മജ്ജയും മാംസവുമുള്ള ഈ കമല്‍ഹാസന്‍ തന്നെയാണ് ആ ചോദ്യത്തിനുള്ള ഉത്തരം. ഞാന്‍ ധാരാളം സ്വപ്നം കാണുന്നവനാണ്. ഉറങ്ങുമ്പോഴല്ല, യഥാര്‍ത്ഥ ജീവിതത്തില്‍. വലിയ സ്വപ്നങ്ങള്‍ കണ്ട് പ്രവര്‍ത്തിക്കുമ്പോഴേ, എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ കഴിയൂ. ഒന്നുമില്ലായ്മയില്‍നിന്ന് എന്നെ ഇവിടെവരെയെത്തിച്ചത് ഞാന്‍ കണ്ട സ്വപ്നങ്ങളാണ്. സ്വപ്നങ്ങള്‍ കാണാത്തവരായി ആരുണ്ട്? കുഷ്ഠരോഗിക്കും കള്ളനുംവരെ സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങള്‍ക്കൊത്ത് നമ്മളും ഉയര്‍ന്ന് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ നമ്മള്‍ക്കും ഒരു സ്വപ്നമായി മാറാന്‍ കഴിയുകയുള്ളൂ.

? അറുപതു വര്‍ഷത്തെ ജീവിതാനുഭവം താങ്കള്‍ക്കുണ്ട്. അമ്പത്തിനാലു വര്‍ഷത്തെ അഭിനയാനുഭവവും. എങ്ങനെ കാണുന്നു.

= കാലത്തിനൊപ്പം നമ്മുടെ ജീവിതവും കടന്നുപോകുന്നുണ്ട്. പ്രായം ശരീരത്തിനേ ആകാവൂ. മനസ്സിനെ എപ്പോഴും ചെറുപ്പത്തിലേക്കു പിടിച്ചു വെക്കാന്‍ നമ്മള്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മളുടെ പ്രവൃത്തിക്കും വാര്‍ധക്യം സംഭവിക്കും. പക്ഷേ, ഒരു കലാകാരന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായം തടസ്സമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആറാം വയസ്സില്‍ തുടങ്ങിയ സിനിമാ ജീവിതം അറുപതാം വയസ്സിലും ഞാന്‍ തുടരുന്നു. അഹങ്കാരത്തിന്റെ പുറത്താണ് ഇത് പറയുന്നതെന്ന് കരുതരുത്. നല്ല ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. അന്നും ഇന്നും എന്റെ കൈമുതല്‍ ഈ ആത്മവിശ്വാസം തന്നെയാണ്.

? കമല്‍ഹാസന്‍ എന്ന പേരിനുപോലും പ്രത്യേകതയുണ്ട്. ആരാണ് ഈ പേര് നല്‍കിയത്.

= ഹിന്ദുവിന്റെയും മുസ്ലീമിന്റെയും നാമങ്ങള്‍ ചേര്‍ന്നതാണ് കമല്‍ഹാസന്‍. എന്റെ അച്ഛനിട്ട പേരാണത്. എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എനിക്ക് നല്‍കി എന്നൊരിക്കലും ഞാന്‍ അച്ഛനോട് ചോദിച്ചിട്ടില്ല. സ്വാതന്ത്ര്യസമരകാലത്ത് അച്ഛനൊപ്പം ജയിലില്‍ കിടന്നിരുന്ന ഒരു സുഹൃത്തിന്റെ പേരാണ് കമല്‍ഹാസന്‍ എന്നൊരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. അതിനപ്പുറം ഒന്നും അറിയില്ല. ജ്യേഷ്ഠന്മാര്‍ക്ക് ചന്ദ്രഹാസന്‍, ചാരുഹാസന്‍ എന്നീ പേരുകളാണ് നല്‍കിയത്. എന്റെ കാഴ്ചപ്പാടുകള്‍, വിശ്വാസം, രാഷ്ട്രീയം ഇതൊക്കെ രൂപപ്പെടുംമുമ്പ്, എനിക്ക് ഓര്‍മവെക്കും മുമ്പ് അച്ഛന്‍ നല്‍കിയ ഈ പേരില്‍ എനിക്കഭിമാനം മാത്രമേയുള്ളൂ.

? തമിഴ്നാട്ടിലെ പരമക്കുടി ഗ്രാമത്തിലാണ് കമല്‍ഹാസന്‍ ജനിച്ചതെന്ന് കേട്ടിട്ടുണ്ട്. ആ ഗ്രാമാനുഭവങ്ങള്‍ താങ്കളിലെ കലാകാരന്റെ വളര്‍ച്ചയ്ക്ക് എത്രത്തോളം സഹായകമായി.

= ജനിച്ചത് പരമക്കുടിയാലാണെന്നേയുള്ളൂ. ഞാന്‍ വളര്‍ന്നത് ചെന്നൈയിലാണ്. ചെറിയ കുട്ടിയായിരിക്കുമ്പോഴേ ഞങ്ങളുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. എന്റെ ബാല്യകാല ഓര്‍മകളില്‍ പരമക്കുടിക്ക് വലിയ സ്ഥാനമൊന്നുമില്ല. അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങളില്‍നിന്നാണ് പരമക്കുടി എന്റെ മനസ്സിലേക്ക് കടന്നുവന്നത്. എനിയ്ക്ക് അറുപതു വയസ്സായി. പരമക്കുടി ഗ്രാമത്തിന് ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല. വല്ലപ്പോഴും ഞാന്‍ പരമക്കുടിയില്‍ പോകാറുണ്ട്. ആ യാത്ര ആരുമറിയാറില്ല. അതൊരു പഴയ ഓര്‍മയെ വീണ്ടെടുക്കലാണ്. എന്റെ അച്ഛനും അമ്മയും ജീവിച്ച മണ്ണിനെ തൊട്ടുവന്ദിക്കുന്നപോലുള്ള ഒരനുഭവം.

? നമ്മള്‍ ഇരിക്കുന്ന ഈ വീട് കമല്‍ഹാസന്റെ ജീവിതസ്പന്ദനങ്ങളോരോന്നും പകര്‍ത്തിവെച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്തൊക്കെയാണ് ഈ വീടിനെക്കുറിച്ചുള്ള ഓര്‍മകള്‍

.= ഇതെന്റെ പഴയവീടാണ്. എന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ഒന്നിച്ചു താമസിച്ച വീട്. ശരിക്കും എന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. പരമക്കുടിയില്‍നിന്ന് അച്ഛന്‍ ഞങ്ങളെയുംകൊണ്ട് ഈ വീട്ടിലേക്കാണ് വന്നത്. കുറെക്കാലം ഇവിടെ വാടകയ്ക്ക് താമസിച്ച ശേഷമാണ് ഈ വീട് വാങ്ങിയത്. ഇവിടെയെത്തുന്ന ഓരോ നിമിഷവും ഞാനൊരു കുട്ടിയായി മാറും. ഓര്‍മ്മകള്‍ എന്നെ വന്നു പൊതിയും. ആ ഓര്‍മ സുഖമുള്ളതും ചിലപ്പോള്‍ നീറുന്നതുമാകും. ഈ മുറ്റത്തും വരാന്തകളിലും പടികളിലും ആ കൊച്ചുകമല്‍ ഇപ്പോഴും ഓടിക്കളിക്കുന്നുണ്ട്. അവന്റെ കുസൃതികള്‍ക്കുള്ള അമ്മയുടെ ശകാരം ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. കളത്തൂര്‍ കണ്ണമ്മയില്‍നിന്നും വിശ്വരൂപത്തിലേക്കുള്ള ദൂരം കമല്‍ഹാസന്‍ സഞ്ചരിക്കാന്‍ തുടങ്ങിയത് ഈ വീട്ടില്‍ നിന്നാണ്. ഒരുപാടൊരുപാട് ഓര്‍മ്മയാണ് അനുജാ എനിക്കീ വീട്. എന്റെ മരണംവരെ ഇതെനിക്ക് കൊട്ടാരം തന്നെയാണ്.

? അച്ഛനും അമ്മയുമാണ് ജീവിതത്തിലെ ഹീറോകള്‍ എന്നൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവരുമായുള്ള അടുപ്പം എങ്ങനെയാണ്.

= അച്ഛന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. ഞാന്‍ ജനിക്കും മുമ്പേ അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നതുകൊണ്ട് ജയിലിലൊക്കെ കിടക്കേണ്ടി വന്നിട്ടുണ്ട്. തൊഴില്‍ കൊണ്ട് വക്കീലായിരുന്നെങ്കിലും അച്ഛന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ മോഹിച്ചിരുന്നില്ല. അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ എംഎല്‍എയോ എംപിയോ ഒക്കെ ആകാമായിരുന്നു. പക്ഷേ, അതിനൊന്നും ഒട്ടും മോഹമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം അച്ഛന്‍ രാഷ്ട്രീയം വിട്ടു. കലയോട് വലിയ താല്‍പര്യമായിരുന്നു അച്ഛന്. മക്കള്‍ക്ക് സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്‍കി. ഒരിക്കലും മക്കളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിച്ചില്ല. അതുകൊണ്ടുതന്നെ അച്ഛനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. മറിച്ചായിരുന്നെങ്കില്‍ കമല്‍ഹാസന്‍ എന്ന വക്കീലിനെയോ അധ്യാപകനെയോ രാഷ്ട്രീയക്കാരനെയോ ആയിരിക്കും നിങ്ങള്‍ കാണുക.

? അമ്മയോടായിരുന്നോ കമല്‍ഹാസന് ഏറെ അടുപ്പം.

= വീട്ടിലെ ചെറിയ കുട്ടിയായതുകൊണ്ട് എല്ലാവര്‍ക്കും പ്രത്യേക വാത്സല്യം എന്നോടുണ്ടായിരുന്നു. അച്ഛന്‍ ഒരുപാട് തമാശകള്‍ പറയുന്ന ആളായിരുന്നെങ്കിലും അല്പം ഭയം കലര്‍ന്ന ബഹുമാനമായിരുന്നു എനിയ്ക്ക് അദ്ദേഹത്തോടുണ്ടായിരുന്നത്. എന്നാല്‍ അമ്മ അങ്ങനെയല്ല. നല്ല ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു. എന്റെ സ്വഭാവരീതികള്‍ പലതും അമ്മയില്‍നിന്ന് കിട്ടിയതാണ്. ജീവിതത്തില്‍ എന്നെ ഏറെ സ്വാധീനിച്ചതും അമ്മയാണ്. കാരണം അമ്മ വളരെ ബോള്‍ഡായിരുന്നു. അച്ഛനേക്കാള്‍ ബോള്‍ഡ്. എന്തിലും തന്റേതായ അഭിപ്രായങ്ങള്‍ വെട്ടി തുറന്നു പറയാന്‍ അമ്മയ്ക്കു മടിയുണ്ടായിരുന്നില്ല.

? അച്ഛനും അമ്മയും പ്രതീക്ഷിച്ച വഴിയേ മകന്‍ സഞ്ചരിക്കാത്തതില്‍ അവര്‍ക്ക് വേദനയുണ്ടായിക്കാണില്ലേ.

= ഞാന്‍ പറഞ്ഞില്ലേ, ഒരിക്കലും ഒന്നും എന്റെ അച്ഛനും അമ്മയും എന്നില്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പരമാവധി സ്വാതന്ത്ര്യം എനിക്കു തന്നു. ആ സ്വാതന്ത്ര്യം ഞാന്‍ എന്റെ മക്കള്‍ക്കും നല്‍കി. സ്കൂളില്‍ പോയി പഠിക്കുന്നതിനോട് എനിയ്ക്കൊട്ടും താല്‍പര്യമില്ലായിരുന്നു. അനുഭവങ്ങള്‍ തന്നെയാണ് എന്റെ പഠനം. അച്ഛനും അമ്മയ്ക്കും ഒരിക്കലും എന്നെക്കുറിച്ച് വേദനിക്കേണ്ടി വന്നിട്ടില്ല. ഒരാശങ്കയും അവര്‍ക്ക് എന്നിലില്ലായിരുന്നു. മകന്‍ മണ്ടനല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞതും അവര്‍ തന്നെയാണ്.

? സ്കൂളില്‍ പോയി പഠിക്കാന്‍ കഴിയാതെ വന്നതില്‍ പിന്നീടെപ്പോഴെങ്കിലും നിരാശയുണ്ടായിട്ടുണ്ടോ.

= എന്തിന്, ഏത് അക്കാദമിക് സ്ഥാപനങ്ങള്‍ തരുന്നതിനേക്കാളും വലിയ പാഠമാണ് ഞാനെന്റെ ജീവിതംകൊണ്ട് പഠിച്ചത്. സ്കൂളില്‍ പോകാമായിരുന്നു; പോയിരുന്നു. പക്ഷെ അതിനൊരു തുടര്‍ച്ചയുണ്ടായില്ല. നൃത്തത്തിനോടും പാട്ടിനോടുമായിരുന്നു കുട്ടിക്കാലത്തേ എന്റെ താല്‍പര്യം. ആ താല്‍പ്പര്യമാണ് എന്നെ വളര്‍ത്തിയത്. അറുപതു വര്‍ഷത്തെ ജീവിതംകൊണ്ട് ഞാന്‍ പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇപ്പോഴും ഞാന്‍ ജീവിതത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത്.

? ആറാം വയസ്സില്‍ ആദ്യചിത്രം. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ആ സിനിമ നേടിത്തന്നു. ആ അനുഭവം ഓര്‍മ്മയിലുണ്ടോ.

= തിരിച്ചറിവ് നേടിത്തുടങ്ങുന്നതിനു മുമ്പുള്ള കാലത്ത് ലഭിച്ച ആ ബഹുമതിക്ക് ഒരുപാട് മധുരമുണ്ട്. ആ പുരസ്കാരത്തിന്റെ വലുപ്പം ഒരുപക്ഷേ അന്നു മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. അച്ഛനും അമ്മയും സഹോദരങ്ങളുമാണ് ആ അംഗീകാരത്തില്‍ ഏന്നേക്കാള്‍ സന്തോഷിച്ചിട്ടുണ്ടാകുക.

? "കളത്തൂര്‍ കണ്ണമ്മ'യിലെ കൊച്ചുകമലിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു.

= അവനിപ്പോഴും എന്നിലുണ്ട്. ഒരു കുട്ടിയാകാന്‍ എനിക്കിപ്പോഴും കഴിയും. മനസ്സിനെ ഒന്നു പിറകിലോട്ടു പായിച്ചാല്‍ മതി. പക്ഷേ, അറുപതു വയസ്സുള്ള ഒരാളായി എനിക്ക് ജീവിക്കാന്‍ കഴിയില്ല. എഴുപതുകാരനോ, തൊണ്ണൂറുകാരനോ ഒക്കെയായി അഭിനയിക്കാന്‍ കഴിയും.

? ജെമിനി ഗണേശന്‍, എംജിആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയ മാസ്റ്റേഴ്സിനൊപ്പം ബാല്യത്തിലേ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാമോ.

= ജെമിനിമാമയ്ക്കൊപ്പമായിരുന്നു സിനിമയിലെ എന്റെ തുടക്കം. സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ടയിരുന്നു അദ്ദേഹത്തിന്. ഒരുപാട് കഴിവുകള്‍ ഉണ്ടായിട്ടും അതൊക്കെ വേണ്ടപോലെ അദ്ദേഹം പ്രകടിപ്പിച്ചോ എന്ന കാര്യത്തില്‍ സംശയമാണ്. ഏതു കാര്യത്തിലും കൂടെ നില്‍ക്കാന്‍ തയ്യാറാകുന്ന ഒരാള്‍ അതായിരുന്നു ജെമിനി മാമ. ശിവാജി ഗണേശന്‍ സാറിനൊപ്പം അഭിനയിക്കാനായി എന്നെ കൂട്ടിക്കൊണ്ടു പോയത് എന്റെ ജ്യേഷ്ഠന്‍ ചന്ദ്രഹാസനാണ്. "പാര്‍ത്താല്‍ പശിക്കിറ്താ'യിരുന്നു ശിവാജി സാറിനൊപ്പം വേഷമിട്ട ആദ്യചിത്രം. സ്വന്തം മകനോട് കാണിക്കുന്ന സ്നേഹമായിരുന്നു സാറിന് എന്നോട്. അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളിലെ ഡയലോഗെല്ലാം അന്നേ എനിക്ക് കാണാപാഠമായിരുന്നു. ലൊക്കേഷനില്‍ വച്ച് അത് ഞാന്‍ പറയുമ്പോള്‍ സാറിന് വലിയ സന്തോഷമാണ്. എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലും, പ്രതിസന്ധിഘട്ടങ്ങളിലും തണലായി നിന്ന വലിയ മനുഷ്യന്‍, അതാണ് എനിക്ക് ശിവാജി സാര്‍. "ആനന്ദജ്യോതി'യുടെ ലൊക്കേഷനില്‍ വച്ച് എംജിആര്‍ സാറിനെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു ""നിനക്ക് ആരാകണം?'' വലിയ നടനാകണം എന്നല്ല ഞാന്‍ മറുപടി പറഞ്ഞത്, സയന്റിസ്റ്റാകണം, അതല്ല സര്‍ ഡോക്ടറാകണം. കൃത്യമായി ഒരുത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. എംജിആര്‍ സാറാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്. എത്രയോവട്ടം അദ്ദേഹം എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. മഹാനടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമാണെങ്കിലും അതിനപ്പുറമുള്ള സ്നേഹമാണ് അവര്‍ എനിക്ക് നല്‍കിയത്.

? "കണ്ണും കരളും'മായിരുന്നല്ലോ മലയാളത്തിലെ തുടക്കം. ആ അനുഭവം എങ്ങനെയായിരുന്നു.

= തമിഴ് സിനിമകളിലെ എന്റെ അഭിനയം കണ്ടിട്ടാണ് സേതുമാധവന്‍ സാര്‍ കണ്ണും കരളിലുമഭിനയിക്കാന്‍ വിളിക്കുന്നത്. സേതുസാറിന് ഞാനിന്നും ഒരു കുട്ടിയാണ്. അദ്ദേഹം പലപ്പോഴും പറയാറുണ്ട് കമല്‍ ഇന്നും എനിക്ക് കുട്ടിയാണ്. കണ്ണും കരളില്‍ അഭിനയിക്കാന്‍ വന്ന അതേ കുട്ടി. അതങ്ങനെയാവാതെ വഴിയില്ലല്ലോ. അച്ഛനമ്മമാര്‍ക്ക് കുട്ടികള്‍ എത്ര വളര്‍ന്നു വലുതായാലും അവരുടെ മനസ്സില്‍ കുട്ടി തന്നെയായിരിക്കും. ഒരുപക്ഷേ, സത്യന്‍മാഷും ശിവാജിസാറും എംജിആര്‍ സാറും ജെമിനി മാമയുമൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്കും ഞാന്‍ ഒരു കുട്ടി തന്നെയായിരിക്കും.

? "കണ്ണും കരളി'ലെ നായകന്‍ സത്യനായിരുന്നല്ലോ. ആ മഹാനടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ്.

= ആറാമത്തെ വയസ്സില്‍ ഞാന്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ സത്യന്‍മാസ്റ്റര്‍ വലിയ നടനാണ്. അന്ന് മദ്രാസിലെ സ്റ്റുഡിയോകളില്‍ മലയാള പടങ്ങള്‍ രാത്രിയിലാണ് ഷൂട്ട് ചെയ്യുന്നത്. രാത്രിയിലാകുമ്പോള്‍ പകുതി വാടകമതി. കുറഞ്ഞ ബജറ്റിലുള്ള പടങ്ങളായിരിക്കും മിക്കതും. ഷൂട്ടിംഗ് കഴിയുമ്പോള്‍ രണ്ടുമണിയോ മൂന്നുമണിയോ ആകും. അപ്പോള്‍ ഞാന്‍ നല്ല ഉറക്കമായിരിക്കും. എന്നെയും തോളിലിട്ട് എല്ലാ ദിവസവും സത്യന്‍ മാസ്റ്റര്‍ വീട്ടിലെത്തും. എന്നെ ഒരു സോഫയില്‍ കിടത്തി "മോനെ ഉണര്‍ത്തേണ്ട, അവനുറങ്ങിക്കോട്ടെ' എന്ന് അമ്മയോട് പറഞ്ഞാണ് സത്യന്‍ മാഷ് മടങ്ങുന്നത്. അമ്മ ആദ്യമൊക്കെ കരുതിയത് ഈ മനുഷ്യന്‍ പ്രൊഡക്ഷനിലെ ജോലിക്കാരനാണെന്നാണ്. പിന്നീടാണ് സിനിമയിലെ നായകനാണ് ഇദ്ദേഹമെന്ന് അമ്മ അറിയുന്നത്. ആ വല്യ നടന്‍ വീട്ടില്‍ വന്നിട്ട് ഒന്നിരിക്കാന്‍ പറയാനോ, ഒരു കപ്പ് ചായ നല്‍കാനോ കഴിയാത്തതില്‍ അമ്മയ്ക്ക് വലിയ വിഷമമുണ്ടായിരുന്നു. വലിയ മനസ്സിന്റെ ഉടമയായിരുന്നു സത്യന്‍ മാസ്റ്റര്‍.

? സത്യന്‍ മാഷിനെ പിന്നീട് കാണാറുണ്ടായിരുന്നോ.

= മദിരാശി നഗരത്തിലൂടെ പലപ്പോഴും കാറോടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. ഒരിക്കല്‍, ഞാന്‍ റോഡിലൂടെ നടന്നു വരികയായിരുന്നു. കാറില്‍ വരികയായിരുന്ന മാഷ് എന്നെ കണ്ടു. ഉടനെ കാര്‍ നിര്‍ത്തി. അദ്ദേഹത്തിന് എന്നെ മനസ്സിലായി. "നീ ആ പഴയ കുട്ടിയല്ലേ, കമല്‍?' ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചശേഷം എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു. ആ പഴയ വീട്ടില്‍തന്നെ. ഞാന്‍ പറഞ്ഞു. "ശരി കയറ്.' അദ്ദേഹമെന്നെ വീട്ടിലെത്തിച്ചു. ഒന്ന് കയറി ഇരിക്കാന്‍ പോലും അദ്ദേഹത്തിന് സമയമില്ലായിരുന്നു. പെട്ടെന്ന് തന്നെ കാറോടിച്ചു പോകുകയും ചെയ്തു. ചിലപ്പോള്‍ അദ്ദേഹം പോയത് ഹോസ്പിറ്റലിലേക്കായിരിക്കാം. രക്തം മാറ്റി വയ്ക്കാന്‍ സ്വയം കാറോടിച്ചായിരുന്നു സത്യന്‍മാഷ് പോയത്. ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുമ്പോഴും, അത് ആരെയും അറിയിക്കാതെ ക്യാമറക്കു മുന്നിലെത്തിയ ഒരേ ഒരു നടന്‍ സത്യന്‍ മാഷായിരിക്കും. മാഷിനൊപ്പമുള്ള ഒരു ഫോട്ടോ പോലും എന്റെ കൈവശമില്ല. പക്ഷേ, എന്റെ മനസ്സില്‍ അദ്ദേഹത്തിന്റെ ചിത്രം ഞാന്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും മരിക്കാത്തൊരോര്‍മ്മയാണത്.

? ടി കെ ഷണ്‍മുഖത്തിന്റെ നാടക സമിതിയില്‍ അഭിനേതാവായി എത്തുന്നത് എപ്പോഴാണ്.

= ചില വീഴ്ചകള്‍ ഉയര്‍ച്ചകളിലേക്കുള്ള പടവുകളാണെന്ന് പറയാറില്ലേ. അങ്ങനെയൊരനുഭവമാണ് ടികെഎസ് നാടകസമിതിയില്‍ എന്നെ കൊണ്ടുചെന്നെത്തിച്ചത്. ഒരിക്കല്‍ സ്കൂളിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണു പരിക്കുപറ്റി ഞാന്‍ കിടപ്പിലായി. ആ വീഴ്ചയില്‍ എന്റെ പുസ്തകങ്ങളും തെറിച്ചുപോയി. അതിലൊന്ന് ഞങ്ങളുടെ അധ്യാപകന്‍ ടികെഎസ് ഭഗവതിസാറിന്റെ മകനാണ് കിട്ടിയത്. ഭഗവതിസാര്‍ ആ പുസ്തകം കണ്ടപ്പോള്‍ ഇതാരുടെ പുസ്തകമാണെന്ന് ചോദിച്ചു. സിനിമയിലൊക്കെ അഭിനയിക്കുന്ന ഒരു കുട്ടിയുടേതാണെന്നു മകന്‍ മറുപടി പറഞ്ഞു, ആ സമയം ഭഗവതിസാര്‍ കുട്ടികളുടെ ഒരു നാടകം ചെയ്യാനുള്ള പരിപാടിയിലായിരുന്നു. അസുഖം മാറിയാല്‍ ടികെഎസ് നാടകസമിതിയില്‍ വരാന്‍ ഭഗവതി സാര്‍ പറഞ്ഞു. കുറച്ചു നാളുകള്‍ക്കുശേഷം എന്റെ അച്ഛനാണ് നാടകസമിതിയിലേക്ക് എന്നെ കൊണ്ടുപോയത്. ടി കെ ഷണ്‍മുഖം എന്ന കലാകാരനെ ഞാന്‍ പരിചയപ്പെടുന്നത് അന്നാണ്. അച്ഛന് എന്നെ നാടകട്രൂപ്പില്‍ അയക്കുന്നതില്‍ ഒരു വിഷമവും ഇല്ലായിരുന്നു. മക്കളില്‍ ഒരാള്‍ കലാകാരനായി വളരട്ടെ എന്നാകും അച്ഛന്‍ ആഗ്രഹിച്ചത്. ശരിക്കും, ടികെഎസിന്റെ നാടകസമിതിയിലെ പരിശീലനം എന്നിലെ നടന് ഒരുപാട് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്.

? തങ്കപ്പന്‍ മാസ്റ്ററുടെ കീഴില്‍ കുറച്ചുകാലം കൊറിയോഗ്രാഫി അസിസ്റ്റന്റായും ജോലി ചെയ്തിരുന്നല്ലോ.

= ആ അനുഭവവും ഒരിക്കലും മറക്കാനാവില്ല. എന്റെ പതിനാറാമത്തെ വയസ്സിലാണ് ഞാന്‍ തങ്കപ്പന്‍ മാസ്റ്ററുടെ അസിസ്റ്റന്റാകുന്നത്. നൂറുകണക്കിന് ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു അക്കാലത്ത്. നസീര്‍സാര്‍, മധുസാര്‍, എം ജി സോമന്‍ തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റുകളുടെ കൂടെ ഞാന്‍ ഡാന്‍സ് അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിലുള്ള പരിശീലനം എന്റെ അഭിനയജീവിതത്തിന് കുറെ സഹായകമായിട്ടുണ്ട്. തങ്കപ്പന്‍ മാസ്റ്റര്‍ വെറുമൊരു ഡാന്‍സ് മാസ്റ്ററായിരുന്നില്ല. വലിയ ജീവിതാനുഭവമുള്ള മനുഷ്യനായിരുന്നു. കലാകാരന് വേണ്ടത് വിനയമാണ് എന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഗുരുക്കന്മാര്‍ ഉണ്ടായത് മഹാഭാഗ്യമായി. ശിഷ്യന്റെ ഉയര്‍ച്ചയില്‍ അങ്ങേയറ്റം ആനന്ദിക്കുന്ന ഗുരുക്കന്മാര്‍, അത് വലിയൊരുനുഗ്രഹം കൂടിയാണ്.

? സിനിമയാണ് തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞ നിമിഷം.

= സിനിമയിലേക്ക് കാലെടുത്തു വച്ച നിമിഷം മുതല്‍ എന്റെ മനസ്സും ജീവിതവും സിനിമയായി മാറുകയായിരുന്നു. "കളത്തൂര്‍ കണ്ണമ്മ'യ്ക്കു ശേഷം ബാലതാരമായി ആറോ ഏഴോ ചിത്രങ്ങള്‍. ചെറിയ കുട്ടിയായതുകൊണ്ട് വീട്ടിലെ പോലെ തന്നെ ഷൂട്ടിംഗ് സ്ഥലത്തും എല്ലാവര്‍ക്കും പ്രത്യേക സ്നേഹമായിരുന്നു. സിനിമ എന്താണെന്ന് അറിഞ്ഞതു മുതല്‍ ആ കലയെ ആത്മാര്‍ത്ഥമായി പഠിക്കാനുള്ള പരിശ്രമങ്ങളുണ്ടായി. അതിപ്പോഴുമുണ്ട്. സിനിമയില്‍ ഇന്നും ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ആ മനസ്സോടെയാണ് ഓരോ ചിത്രങ്ങളേയും ഞാന്‍ സമീപിക്കുന്നത്.

? മലയാളമാണ് കമല്‍ഹാസനെ നായകനായി ആദ്യം അംഗീകരിച്ചത്.

= അത് ഞാന്‍ മറന്നിട്ടില്ലല്ലോ. സേതുമാധവന്‍സാറിന്റെ "കന്യാകുമാരി'യില്‍ അവസരം കിട്ടിയില്ലായിരുന്നെങ്കില്‍ ഇന്ന് കമല്‍ഹാസന്‍ ആരുമാകുമായിരുന്നില്ല. ഒരുപക്ഷേ, ഒരു ഡാന്‍സ് മാസ്റ്ററോ സ്റ്റണ്ട് മാസ്റ്ററോ ആയെന്നുവരാം. അതിലപ്പുറം ഒന്നുമാകുമായിരുന്നില്ല. മലയാളത്തില്‍ ഏറെ നായകന്മാരുള്ളപ്പോഴാണ് എന്നെയും നായകനായി മലയാളം അംഗീകരിച്ചത്. വയനാടന്‍ തമ്പാനും, മദനോത്സവവും, രാസലീലയും, വിഷ്ണുവിജയവും, പൊന്നിയും ചാണക്യനുമെല്ലാം എനിക്ക് മലയാളം തന്ന സ്നേഹത്തിന്റെ ബാക്കിപത്രമാണ്. സത്യന്‍മാഷു മുതല്‍ നസീര്‍ സാര്‍, മധുസാര്‍, ജയന്‍, സോമന്‍, സുകുമാരന്‍, തിക്കുറിശ്ശി, കൊട്ടാരക്കര തുടങ്ങി മലയാളത്തിലെ എത്രയോ വലിയ നടന്മാര്‍ക്കൊപ്പം കടന്നുപോയതാണ് എന്റെ അഭിനയജീവിതം. കമല്‍ഹാസന് ഉയിരുള്ളിടത്തോളംകാലം മലയാളത്തെ മറക്കാനാകില്ല.

? കമല്‍ഹാസനെ വീണ്ടും മലയാളത്തിന്റെ തിരശ്ശീലയില്‍ കാണാന്‍ വര്‍ഷങ്ങളായി കേരളീയര്‍ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു സാധ്യത ഇനിയില്ലേ.

= നല്ലൊരു കഥയും കഥാപാത്രവും വരികയാണെങ്കില്‍ മലയാളത്തില്‍ പടം ചെയ്യാന്‍ ഞാനിപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം ഒരുങ്ങുന്നില്ല എന്നതാണ് സത്യം. വിവിധ ഭാഷകളിലഭിനയിച്ച അനുഭവത്തില്‍ നിന്നും പറയാം മലയാളത്തില്‍ ഉള്ളതുപോലെ ഇത്രയേറെ മികച്ച അഭിനേതാക്കള്‍ മറ്റൊരു ഭാഷാ ചിത്രത്തിലും ഇല്ല. സത്യന്‍ മാഷും കൊട്ടാരക്കരസാറും ഒന്നേയുള്ളൂ. അതുപോലെ മോഹന്‍ലാലും മമ്മുട്ടിയും രണ്ടെണ്ണമില്ല. ഭരത്ഗോപിയ്ക്കു പകരം ഒരാളെ ചിന്തിക്കാന്‍ കഴിയുമോ, നെടുമുടി വേണു ഏത് വേഷത്തിനാണ് പാകമല്ലാത്തത്. അടൂര്‍ഭാസിക്കും കുതിരവട്ടം പപ്പുവിനും പകരക്കാരില്ല. മലയാളത്തിലെ മഹാപ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യത്തേക്കാളേറെ പുണ്യമാണ്.

? കാലത്തെ വെല്ലുന്ന വിധം അഭിനയത്തെ പുതുക്കി പണിത നടനാണ് കമല്‍ഹാസന്‍. സൂപ്പര്‍താരം എന്ന സ്വപ്നവിഗ്രഹത്തെ പോലും തകര്‍ത്തുകളഞ്ഞ താങ്കളുടെ അഭിനയത്തിലെ മാജിക് എന്താണ്.

= കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് പ്രധാനം. അമ്പതുവര്‍ഷം മുമ്പുള്ള അഭിനയരീതിയാണോ ഇന്ന് നമ്മള്‍ സിനിമയില്‍ കാണുന്നത്. അപൂര്‍വ സഹോദരങ്ങളോ, അവ്വൈഷണ്‍മുഖിയോ, ദശാവതാരമോ ഇനിയും ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമില്ല. അങ്ങനെ ചെയ്താല്‍ നടന്‍ ടൈപ്പാകുകയാണ്. വ്യത്യസ്തതയാണ് ഞാനാഗ്രഹിക്കുന്നത്. അതിനുവേണ്ടി പുതുതായി, ഇന്നേവരെ ആരും ചെയ്യാത്ത എന്തെങ്കിലും ചെയ്യുക. ഒരര്‍ത്ഥത്തില്‍ പുതുമ തേടിക്കൊണ്ടിരിക്കുക. എന്നാലും കലാകാരന്‍ പൂര്‍ണ്ണനാകുന്നില്ല. വീണ്ടും വീണ്ടും അയാള്‍ തന്നിലെ നടനെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതാണ് ഞാന്‍ ചെയ്യുന്നത്. സാധാരണ വേഷങ്ങളേക്കാള്‍ അസാധാരണ വേഷങ്ങള്‍ ചെയ്യാനാണ് എന്നും എനിയ്ക്ക് താല്‍പര്യം. അതിനു വര്‍ഷങ്ങള്‍ നീണ്ട അന്വേഷണവും, കഠിനപരിശ്രമവും വേണ്ടിവന്നേക്കാം. സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. അതൊന്നും ചിന്തിക്കാതെ പുതുമകള്‍ തേടിക്കൊണ്ടിരിക്കുക. അതെന്റെ പ്രതിബദ്ധതയാണ്. നിങ്ങള്‍ അതിനെ കമല്‍ മാജിക് എന്ന് വിളിച്ചാലും എനിക്ക് വിരോധമില്ല.

? അഭിനയം താങ്കള്‍ക്ക് തൊഴിലോ, അതോ ആത്മാവിഷ്ക്കാരമോ? രണ്ടിനോടും ഒരേ സമയം നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ.

= രണ്ടുമാണ്. തൊഴില്‍ എന്ന നിലയില്‍ അതിനോട് നൂറുശതമാനവും നീതിപുലര്‍ത്തി എന്നാണ് എന്റെ വിശ്വാസം. നിര്‍മ്മാതാവിന്റെ ചെക്കും വാങ്ങി "ങ്ങ്ഹാ. ഇത്രയൊക്കെ മതി' എന്ന മനോഭാവത്തോടെ കമല്‍ഹാസന്‍ ഒരു ചിത്രവും ചെയ്തിട്ടില്ല. പിന്നെ ആത്മാവിഷ്ക്കാരമാണോ എന്ന് ചോദിച്ചില്ലേ. "സകലകലാവല്ലഭന്‍' എന്നും "ഉലകനായകന്‍' എന്നുമൊക്കെ നിങ്ങള്‍ വിശേഷിപ്പിക്കുമ്പോഴും എന്നിലെ നടന്റെ ദാഹം അടങ്ങിയിട്ടില്ല. എന്റെ ഓരോ പരീക്ഷണങ്ങളിലും അതുണ്ട്. ഇതുവരെ ചെയ്ത ചിത്രങ്ങളിലും ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങളിലും അതുണ്ടാകും. വ്യത്യസ്തതയാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഞാനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. തൊഴില്‍ എന്ന നിലയില്‍ സിനിമയില്‍ നിന്നുണ്ടാക്കിയ സമ്പാദ്യങ്ങള്‍ സിനിമയ്ക്കുവേണ്ടി തന്നെയാണ് ഞാന്‍ സമര്‍പ്പിക്കുന്നത്. അത് എന്റെ ആത്മാവിഷ്ക്കാരത്തിന് വേണ്ടിയാണ്. നല്ല സിനിമയ്ക്ക് വേണ്ടിയാണ്.

? വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഓരോ ചിത്രങ്ങളിലും സൃഷ്ടിക്കുമ്പോള്‍ കമല്‍ഹാസന്‍ സ്വന്തം പരിമിതികളെക്കുറിച്ച് എപ്പേഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

= അങ്ങനെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കേ പലപ്പോഴും സ്വന്തം പരിമിതികളെ മറികടക്കാനാകൂ. ശിവാജി ഗണേശന്‍ സാറിന്റെയോ, സത്യന്‍ മാഷിന്റേയോ പോലെ ഞാന്‍ അഭിനയിക്കാമെന്നുവച്ചാല്‍ അത് നടക്കുന്ന കാര്യമല്ല. ഒരിക്കലും അവരാകാന്‍ എനിയ്ക്ക് പറ്റില്ല. കാല്‍പ്പനിക വേഷങ്ങള്‍ സുന്ദരമായി ചെയ്ത നടനല്ലേ നസീര്‍ സാര്‍. അദ്ദേഹത്തിനൊപ്പം എത്താന്‍ എനിക്ക് കഴിയില്ല. എന്റെ കഴിവിനെക്കുറിച്ച് ഞാന്‍ തന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ഒരിക്കലും വിജയിക്കാന്‍ കഴിയില്ല. കഴിവുകളെ തിരിച്ചറിയുന്നപോലെ പരിമിതികളെയും നടന്‍ തിരിച്ചറിയണം.

? സിനിമയെക്കുറിച്ചുള്ള അന്തര്‍ദേശീയ ശില്പശാലകളില്‍ മുടങ്ങാതെ പങ്കെടുക്കുന്ന ആളാണ് കമല്‍ഹാസന്‍. ഇതുകൊണ്ട് അഭിനയത്തെ എത്രമാത്രം നവീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

= എന്റെ അഭിനയത്തിന്റെ വിധി നിങ്ങള്‍ പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. എന്റെ മുപ്പതാമത്തെ വയസ്സില്‍ അറുപതുകാരന്റെ വേഷത്തില്‍ ഞാനഭിനയിച്ചിട്ടുണ്ട്. ഈ അറുപതാം വയസ്സില്‍ ഞാന്‍ മുപ്പതുകാരനായും അഭിനയിച്ചേക്കാം. അതിന് മനസ്സുമാത്രം പോര. പഠനവും വേണം. അല്ലാതെ ചെയ്താല്‍ അത് ഫാന്‍സിഡ്രസ്സായി മാറും. വിദേശത്ത് നടന്ന പല ശില്പശാലകളിലും പങ്കെടുത്തതിലൂടെ സിനിമയെക്കുറിച്ച് പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം അഭിനയത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അഭിനയമായാലും സംവിധാനമായാലും നിര്‍മ്മാണമായാലും പ്രേക്ഷകന്റെ ഭാഗത്തുനിന്നാണ് ഞാന്‍ ആദ്യം ചിന്തിക്കുന്നത്. അതിനുശേഷം മാത്രമേ പഠിച്ച കാര്യങ്ങള്‍ സിനിമയിലുപയോഗിക്കാറുള്ളൂ.

? ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുപോലും ഫാന്‍സ് അസോസിയേഷന്‍ ഉള്ള കാലമാണിത്. പക്ഷേ, താങ്കളുടെ പേരില്‍ ഉണ്ടായിരുന്ന ഫാന്‍സ് അസോസിയേഷന്‍ താങ്കള്‍ തന്നെ നിരോധിക്കുകയാണ് ചെയ്തത്.

= ഫാന്‍സ് അസോസിയേഷനുകളാണോ നമുക്കാവശ്യം. സിനിമാ ഇന്‍ഡസ്ട്രിയെ നിലനിര്‍ത്തുന്നത് ഫാന്‍സുകളാണോ. എനിക്കതിനോട് തുടക്കത്തിലേ താല്‍പര്യമില്ലാത്തതുകൊണ്ട് എന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ നിരോധിച്ച് സോഷ്യല്‍ ക്ലബ്ബാക്കുകയാണ് ഞാന്‍ ചെയ്തത്. സോഷ്യല്‍ ക്ലബ്ബിന് ധാരാളം കാര്യങ്ങള്‍ ചെയ്യാനാകും. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. രക്തദാനത്തിനും നേത്രദാനത്തിനും, ഹൃദയശസ്ത്രക്രിയക്കുമൊക്ക സഹായികളായി മാറാം. അല്ലാതെ സൂപ്പര്‍ സ്റ്റാറുകള്‍ക്കുവേണ്ടി ജയ് വിളിക്കുന്നവരാകരുത് ഫാന്‍സുകാര്‍.

? സിനിമയെ സംബന്ധിച്ചിടത്തോളം താരങ്ങളും താരദ്വന്ദ്വങ്ങളും എക്കാലത്തും ഉണ്ടായിട്ടുണ്ട്. സത്യന്‍-പ്രേംനസീര്‍, മമ്മൂട്ടി

മോഹന്‍ലാല്‍, എംജിആര്‍-ശിവാജി ഗണേശന്‍, രജനീകാന്ത്-കമല്‍ഹാസന്‍, അജിത്-വിജയ്... അങ്ങനെ തുടര്‍ന്നുപോകുന്നു. യഥാര്‍ത്ഥത്തില്‍ താങ്കളും രജനീകാന്തും കടുത്ത മത്സരമുണ്ടോ.= തീര്‍ച്ചയായും മത്സരമുണ്ട്. അത് നീയോ ഞാനോ വലിയവന്‍ എന്ന നിലയിലുള്ള മത്സരമല്ല. തികച്ചും ആരോഗ്യകരമായ മത്സരമാണ്. അത് നടന് മാത്രമല്ല സിനിമയ്ക്കും ഗുണം ചെയ്യും. മമ്മൂട്ടിയും ലാലും ഒന്നിച്ചഭിനയിച്ച പല രംഗങ്ങളും കാണുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞിട്ടില്ലേ. അത് പ്രതിഭകളുടെ മത്സരമാണ്. മത്സരം എന്നുപോലും അതിനെ പറയാനാവില്ല. ഒരു കൊടുക്കല്‍ വാങ്ങല്‍ രീതിയാണത്. രജനീകാന്തിന്റെയും എന്റെയും കാര്യത്തില്‍ കുറെ സാമ്യതകളും അതിലേറെ വൈരുധ്യങ്ങളുമാണുള്ളത്. അതില്‍ ആദ്യത്തെ കാര്യം ഞാന്‍ യുക്തിവാദിയും രജനി ആത്മീയവാദിയുമാണെന്നുള്ളതാണ്. എനിയ്ക്ക് എന്തുകാര്യവും അദ്ദേഹത്തോട് നേരിട്ട് പറയാം. തിരിച്ചും അങ്ങനെതന്നെ. ഞാനറിയുന്ന രജനീകാന്ത് ഒരു മഹദ്വ്യക്തിത്വത്തിന്റെ ഉടമയാണ്.

? മലയാളത്തിലെന്നപോലെ ഹിന്ദിയിലും താങ്കള്‍ ശ്രദ്ധേയനായിരുന്നു. "ഏക് ദുജേ കേലിയേ'യും, "സാഗറു'ം ചെയ്ത് പ്രേക്ഷകരില്‍ ചലനം സൃഷ്ടിച്ച കമല്‍ഹാസന്‍ പിന്നീട് എന്തുകൊണ്ടാണ് ബോളിവുഡ് ഉപേക്ഷിച്ചത്.

= മലയാളികള്‍ എനിക്കു നല്‍കിയ സ്നേഹം സ്വന്തം കുടുംബത്തോടു കാണിക്കുന്നതാണ്. ആ സ്നേഹം ഞാനും തിരിച്ചുനല്‍കി. എന്നാല്‍ അത്തരമൊരു സ്നേഹമായിരുന്നില്ല എനിക്ക് ഹിന്ദിയില്‍ നിന്നും ലഭിച്ചത്. അഭിനയിക്കാന്‍ ധാരാളം അവസരങ്ങളുണ്ടായിട്ടും മാനസികമായി എനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടുമാത്രമാണ് ഞാന്‍ ഹിന്ദി സിനിമാരംഗത്തുനിന്ന് പിന്മാറിയത്.

? ആരാധകര്‍ക്കുപോലും തിരിച്ചറിയാനാവാത്തവിധം സിനിമയില്‍ ഒട്ടേറെ വേഷപ്പകര്‍ച്ചകള്‍ നടത്തിയ നടനാണ് കമല്‍ഹാസന്‍. പലപ്പോഴും യഥാര്‍ത്ഥ ജീവിതത്തിലും താങ്കള്‍ വേഷപ്രച്ഛന്നനായി ലോകം കാണാന്‍ ഇറങ്ങാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ.

= കമല്‍ഹാസന്റെ യഥാര്‍ത്ഥ രൂപവുമായി നിരത്തിലിറങ്ങിയാല്‍ എന്താകും എന്റെ അവസ്ഥ. ആളുകള്‍ എന്നെ കൊത്തിതിന്നും. സ്നേഹമാണ് അവര്‍ കാണിക്കുന്നതെന്ന് എനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ, നമ്മള്‍ നൂറുപേര്‍ക്ക് നടുവില്‍ പെട്ടെന്നിരിക്കട്ടെ. എല്ലാവരും കൂടി നമ്മെ പിടിച്ചുവലിക്കുകയും പിച്ചുകയും ചെയ്താലത്തെ അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ. അപ്പോള്‍ ഒരു ജനപ്രിയ നടനായാലുള്ള കാര്യം പറയാനുണ്ടോ. പതിനാറാമത്തെ വയസ്സില്‍ എനിയ്ക്ക് റോഡിലൂടെ ഇറങ്ങി നടക്കാമായിരുന്നു. ആരും ശല്യപ്പെടുത്തില്ല. പക്ഷേ ഇന്നതല്ല. എനിക്ക് സമൂഹത്തിന്റെ സ്പന്ദനങ്ങളെ , മനുഷ്യജീവിതത്തെ നേരിട്ടു കാണണമെങ്കില്‍ എ സി റൂമില്‍ അടച്ചിരുന്നിട്ട് കാര്യമില്ല. അതിന് ജനങ്ങള്‍ക്കിടയിലേക്കിറങ്ങണം. അപ്പോള്‍ പെട്ടെന്ന് തിരിച്ചറിയാത്തവിധം ചില രൂപമാറ്റങ്ങളൊക്കെ വേണ്ടിവരും. ഞാന്‍ ചില സ്ഥലങ്ങളിലൊക്കെ ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ഇത്തരം യാത്രകളില്‍ സിനിമയ്ക്കു പറ്റിയ പല കാര്യങ്ങളും നമുക്ക് നേരില്‍ കാണാനാകും. അതു പലപ്പോഴും ഗുണം ചെയ്തിട്ടുമുണ്ട്.

? കമല്‍ഹാസന്‍ നല്ലൊരു വായനക്കാരനാണെന്ന കാര്യം ഏറെ പേര്‍ക്കും അറിയാം. ചരിത്രവും പുരാണവും, സാഹിത്യവുമുള്‍പ്പെടെ വിപുലമായ ഒരു ഗ്രന്ഥശേഖരവും താങ്കള്‍ക്കുണ്ട്. വായന കുട്ടിക്കാലത്തേ ഉണ്ടായിരുന്നോ.

= സ്കൂളിലെ പാഠപുസ്തകത്തേക്കാള്‍ ഞാന്‍ ഇഷ്ടപ്പെട്ടത് മഹാന്മാരുടെ ജീവിതകഥകളായിരുന്നു. സിനിമയോട് താല്‍പ്പര്യം തോന്നിത്തുടങ്ങിയ കാലംമുതല്‍ സിനിമയുമായി ബന്ധപ്പെട്ട എന്തും ഞാന്‍ വായിക്കും. എപ്പോഴും ഒരു പുസ്തകം കയ്യിലുണ്ടാകും. ചിലപ്പോഴത് കവിതയാകാം. ചെറുകഥയും നോവലുമാകാം. ജോലിയുടെ ഇടവേളകളില്‍ ഞാനത് വായിക്കും. എന്റെ പല സിനിമകളും ഉണ്ടായത് വായനയില്‍ നിന്നാണ്. നല്ല വായനക്കാരായ കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പല പുസ്തകങ്ങളും അവര്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. ചില പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. ചരിത്രപുസ്തകങ്ങളോടാണ് ഇപ്പോള്‍ ഏറെ പ്രിയം.

? മലയാളത്തിലെ പല എഴുത്തുകാരുമായും കമല്‍ഹാസന് വളരെ അടുത്ത ബന്ധമാണല്ലോ

.= എം ടി വാസുദേവന്‍ നായര്‍ സാറും ടി പത്മനാഭന്‍ സാറുമൊക്കെയായി വളരെ നല്ല ബന്ധമാണ്. അയ്യപ്പപ്പണിക്കര്‍ സാറിന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാട് സാറിന്റെയും കവിതകളും വലിയ ഇഷ്ടമാണ്. ആരേയും ഇതുവരെ ഇഷ്ടമില്ലാതിരുന്നിട്ടില്ല. കമല്‍ഹാസന്റെ സുഹൃത്തുക്കളാണ് ഇവരെല്ലാം എന്നു പറയുന്നതിനേക്കാളും അവരുടെ സുഹൃത്തുക്കളില്‍ ഒരു ആരാധകനെന്നപോലെ ഞാനുമുണ്ട് എന്നു പറയാനാണ് എനിയ്ക്കിഷ്ടം. ഇത്തരം സൗഹൃദങ്ങളെല്ലാം ജീവിതം എനിക്കു നല്‍കിയ പുണ്യമാണ്. എഴുത്തുകാരനായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. എഴുത്തുകാരന് ഒരിക്കലും മരണമില്ല. തകഴി ശിവശങ്കപ്പിള്ളയ്ക്കും എസ് കെ പൊറ്റെക്കാടിനും വൈക്കം മുഹമ്മദ് ബഷീറിനും മരണമില്ല. തലമുറകളാണ് അവരുടെ കൃതികളിലൂടെ കടന്നുപോകുന്നത്. വ്യാസനെയും വാത്മീകിയെയും കാള്‍മാക്സിനെയും ഒരു തലമുറയ്ക്കും പരിചയപ്പെടുത്തി കൊടുക്കേണ്ട. എഴുത്തുകാരന്‍ അവന്റെ സൃഷ്ടികളിലൂടെ ജീവിക്കുന്നപോലെ, ഒരു നടന് എല്ലാ തലമുറകളുടെയും മനസ്സില്‍ ഇരിപ്പിടം കിട്ടിയെന്നു വരില്ല.

? കമല്‍ഹാസന്‍ എന്ന എഴുത്തുകാരന്റെ മുഖം ഇനിയും വേണ്ടപോലെ തിരിച്ചറിയപ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നത്. കവിത, നോവല്‍, ചെറുകഥ, തിരക്കഥ... എഴുത്തിന്റെ പല മേഖലകളിലും താങ്കള്‍ കൈവെച്ചിട്ടുണ്ട്. നമുക്ക് കവിയായ കമല്‍ഹാസനെപ്പറ്റി ആദ്യം സംസാരിക്കാം. കവിതയെഴുത്ത് എപ്പോഴാണ് തുടങ്ങിയത്.

= കൃത്യമായി പറയാന്‍ എനിക്കാവില്ല. തമിഴിലെ പെരിയ കവി കണ്ണദാസന്റെ വരികളെ അനുകരിച്ച് വളരെ ചെറുപ്പത്തില്‍ ഞാന്‍ കവിതകളെഴുതുമായിരുന്നു. ആ "മണ്ടന്‍ കവിതകള്‍' ഞാന്‍ കണ്ണദാസനെ കാണിക്കും. ഞാനും എഴുതാറുണ്ട് എന്നറിയിക്കാന്‍ വേണ്ടി മാത്രം. കവിത വായിച്ചശേഷം കണ്ണദാസന്‍ പറയും. "ങ്ങ്ഹാ... നന്നായിട്ടുണ്ട്.' ഇനിയും എഴുതണം. എഴുതി എഴുതി പഠിക്കണം. പ്രസിദ്ധീകരണത്തെപ്പറ്റിയൊക്കെ പിന്നീട് ആലോചിച്ചാല്‍ മതി എന്നൊക്കെ. കുറെ കഴിഞ്ഞാല്‍ ഇപ്പോഴെഴുതിയ കവിതകള്‍ നിനക്ക് ഇഷ്ടമില്ലാതെ വരും. അതിനര്‍ത്ഥം കവിയെന്ന നിലയില്‍ നീ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ്. കണ്ണദാസന്റെ അഭിപ്രായങ്ങള്‍ എനിക്കെന്നും പ്രചോദനമായിട്ടുണ്ട്. അതുപോലെ എഴുത്തുകാരനായ എന്റെ സുഹൃത്ത് ആര്‍ സി ശക്തിയും വലിയ പ്രോത്സാഹനം തന്നിട്ടുണ്ട്.

? വായനക്കാരില്‍നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ച കവിത ഏതാണ്.

= പതിനെട്ടാമത്തെ വയസ്സില്‍ ഞാനെഴുതിയ "മഴൈ' എന്ന കവിതക്ക് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. നന്നായിട്ടുണ്ട് എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞ കവിതയാണ് മഴൈ. മലയാളത്തില്‍ "ചാരിത്ര്യം' വാക്കിന് തമിഴില്‍ "കര്‍പ്പ്' എന്നാണ് പറയുക. ചാരിത്ര്യത്തെക്കുറിച്ച് ധാരാളം കവിതകളുണ്ട്. ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകള്‍ ആകാശത്തു നോക്കി മഴ പെയ്യട്ടെ എന്നു പറഞ്ഞാല്‍ പെയ്യും എന്നൊരു വിശ്വാസമുണ്ട്. "പെയ്യിനെ പെയ്യുമാ മഴൈ' എന്നാണ് പറയുക. ഇതിനെ ധിക്കരിച്ച് ഞാനെഴുതിയ കവിത "പെയ്യനെ പെയ്യുമാ മഴൈ. മഴയ്ക്കുമെനില്‍ ശൊല്‍ ഉന്‍തായിടം' ചാരിത്ര്യമുള്ളവര്‍ ആകാശം നോക്കി മഴ പെയ്യട്ടെ എന്നു പറഞ്ഞാല്‍ മഴ പെയ്യുമെങ്കില്‍ എന്റെ നാട് നയട്ടെ എന്നായിരുന്നു കവിതയുടെ സാരം. വൈരമുത്തു സാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. എഴുത്ത് നിര്‍ത്തരുതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ആദ്യം അച്ചടിച്ചുവന്ന എന്റെ കവിതയാണ് "മഴൈ'. "കുമുദം' പത്രത്തിലാണ് കവിത പ്രസിദ്ധീകരിച്ചത്.

? ചലച്ചിത്രകാരനായ താങ്കളുടെ കവിതകളെ പ്രേക്ഷകര്‍ എങ്ങനെ കാണുന്നു.

= ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് ലാസാറമാമൃദം. അദ്ദേഹത്തിന്റെ കഥ പോലെയുണ്ട് കമല്‍ഹാസന്റെ എഴുത്ത്. ലാസാറമാമൃദത്തിനു ശേഷം അതുപോലെ എഴുതുന്ന ഒരാളില്ല എന്നു ഞങ്ങള്‍ വിചാരിച്ചു. കമല്‍ഹാസന്റെ കഥയും കവിതയും അത്തരത്തിലുള്ളതാണ് എന്നു വായനക്കാര്‍ പറഞ്ഞത് വലിയൊരനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. തകഴിയെപ്പോലെ എഴുതുന്ന ഒരാള്‍ എന്നു പറയുന്നതുപോലെയാണ് ഞാനതിനെ കാണുന്നത്.

? അയോദ്ധ്യയെപ്പറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ് താങ്കളെഴുതിയ കവിത പിന്നീട് ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടല്ലോ.

= ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് അതു പ്രസിദ്ധീകരിച്ചത്. അതോടെ എനിയ്ക്ക് പ്രൊട്ടക്ഷന്‍ വേണ്ട അവസ്ഥവരെയുണ്ടായി. ഭരണകൂടത്തോടുള്ള അമര്‍ഷവും വിപ്ലവചിന്തയുമെല്ലാം ഞാന്‍ കവിതയ്ക്കു വിഷയമായി സ്വീകരിക്കാറുണ്ട്.

? വര്‍ഗീയതയും തീവ്രവാദവുമൊക്കെ താങ്കള്‍ കവിതയ്ക്ക് വിഷമയാക്കിയിട്ടുണ്ട്. അതുപൊലെ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ശക്തമായി പ്രതികരിച്ച തമിഴ് സിനിമാരംഗത്തെ ഒരേയൊരു നടനും താങ്കളായിരുന്നു.

= പ്രതികരിക്കേണ്ടിടത്ത് അപ്പപ്പോള്‍ പ്രതികരിക്കണം. വര്‍ഗീയതയും തീവ്രവാദവും നമ്മുടെ മുന്നിലെത്തുമ്പോള്‍ കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. എന്റെ വീടിന്റെ മുറ്റത്തുള്ള കുപ്പ ഞാന്‍ എടുത്തു മാറ്റിയിട്ടില്ലെങ്കില്‍ മറ്റാരാണ് അത് ചെയ്യുക? അതെടുത്ത് മാറ്റിയശേഷം മതി അടുത്ത വീട്ടിലെ അഴുക്കുചാലിന്റെ ചോര്‍ച്ചയെപ്പറ്റി പറയാന്‍. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യര്‍ എന്നും പ്രതികരിച്ചുകൊണ്ടേയിരിക്കും. ഞാന്‍ എന്റെ വാക്കുകളിലൂടെയും ഇത്തരം പ്രവണതകള്‍ക്കെതിരെ തിരിച്ചടിച്ചുകൊണ്ടിരിക്കും. എനിക്കാവുന്നിടത്തോളം കാലം.

? ജീവിതസംഘര്‍ഷങ്ങളോട് പൊരുതി, സ്വപ്നങ്ങളിലേക്ക് പിടിച്ചുകയറിയ ജീവിതമാണ് കമല്‍ഹാസന്റേത്. പക്ഷേ എന്നും വിവാദങ്ങള്‍ക്കു നടുവിലായിരുന്നു താങ്കള്‍.

= കഠിനാധ്വാനം ചെയ്യുന്ന ഒരാളെ കാരണമില്ലാതെ വിമര്‍ശിക്കുക എന്ന പതിവു തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. വിവാദങ്ങളുണ്ടാക്കുവാന്‍ മാത്രം ജീവിക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ എന്തിനേയും അത്തരം കണ്ണുകളിലൂടെ മാത്രമേ കാണുകയുള്ളൂ. എന്റെ സിനിമകളെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം, എഴുത്തിനെ വിമര്‍ശിക്കാം, എന്നിലെ കലാകാരനെയും മനുഷ്യനെയും വിമര്‍ശിക്കാം. പക്ഷേ, ആ വിമര്‍ശനം നിങ്ങള്‍ക്കോ, എനിക്കോ സമൂഹത്തിനോ ഗുണകരമാകണം. അടിസ്ഥാനമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ വെറും സദാചാരവാദികള്‍ മാത്രമാണ്.

? മതത്തിലും ദൈവത്തിലും താങ്കള്‍ വിശ്വസിക്കുന്നില്ല. എപ്പോഴാണ് കമല്‍ഹാസന്‍ നിരീശ്വരവാദിയായി മാറിയത്.

= എന്റെ അച്ഛനും അമ്മയ്ക്കും നല്ല ഭക്തിയുണ്ടായിരുന്നു. ആ ഭക്തി അവര്‍ ജീവിതാവസാനം വരെ സൂക്ഷിച്ചു. എന്റെ മൂത്ത ജ്യേഷ്ഠന്‍ ചാരുഹാസന്‍ നിരീശ്വരവാദിയാണ്. ചന്ദ്രഹാസന്‍ ചേട്ടന്‍ ആത്മീയവാദിയും. പക്ഷേ, കുട്ടിക്കാലം മുതലേ ഞാനൊരു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്ന ആളല്ല. ആ ചിന്ത മാറ്റമാണെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. കുട്ടിക്കാലത്തു തന്നെ ഞാന്‍ പൂണൂല്‍ ഉപേക്ഷിച്ചപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അച്ഛന്‍ എന്നോട് പറഞ്ഞില്ല. എന്റെ ശരികളില്‍ ഞാന്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു. ഞാന്‍ ഒന്നു ചോദിക്കട്ടെ എന്താണ് മതം? എന്താണ് ദൈവം? അതിന് കൃത്യമായ ഒരുത്തരം തരാന്‍ ഇവിടുത്തെ വിശ്വാസികള്‍ക്കാവുന്നുണ്ടോ? ഞാന്‍ വിശ്വസിക്കുന്നത് മനുഷ്യനിലാണ്. നമ്മുടെ നാട്ടിലുണ്ടാകുന്ന കലാപങ്ങളില്‍ ഏറെയും മതവുമായി ബന്ധപ്പെട്ടതാണ്. മതവും ജാതിയും ദൈവവുമാണ് ഇവിടത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന്. ചലനമില്ലാത്ത കരിങ്കല്‍ പ്രതിമകള്‍ക്കു മുമ്പില്‍ പണം വാരിയെറിയുമ്പോഴും ഒരു നേരത്തെ വിശപ്പടക്കാന്‍ തെരുവുകളിലെ എച്ചില്‍കൂനയില്‍ കൈയിടുന്ന പട്ടിണിപ്പാവങ്ങളെ കാണാതെ പോകുന്നവര്‍ മനുഷ്യരാണോ? എന്റെ ദൈവം എന്റെ മനസ്സാണ്. എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ. മനുഷ്യന് ദോഷകരമായി ബാധിക്കുന്ന ഒന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.

? കമല്‍ഹാസന് കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടോ.

= നമ്മള്‍ ഇതുവരെ സംസാരിച്ച പലകാര്യങ്ങളിലും എന്റെ രാഷട്രീയമുണ്ട്. കമല്‍ഹാസന്‍ എന്ന വ്യക്തി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ അതാണ് എന്റെ രാഷ്ട്രീയം. പിന്നെ, എന്റെ രാഷ്ട്രീയനിലപാടുകളാണ് ഞാന്‍ പല ചിത്രങ്ങള്‍ക്കും വിഷയമായി സ്വീകരിച്ചിട്ടുള്ളത്. എന്റെ എഴുത്തിലും ആ രാഷ്ട്രീയം കാണാം.

? "താര'ങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന കാഴ്ച തമിഴ്നാട്ടില്‍ പുതിയതല്ല. എങ്കിലും ചോദിക്കട്ടെ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമോ.

= അതിനു പറ്റിയ ആളല്ല ഞാന്‍. കലാകാരനെന്ന നിലയില്‍ എനിക്കു ചെയ്യാവുന്നതിന്റെ പത്തിലൊരംശം പോലും ഞാന്‍ ചെയ്തിട്ടില്ല. എനിക്കു പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ സിനിമയിലൂടെ പറഞ്ഞു കൊള്ളാം. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിക്കീഴില്‍ വെള്ള വസ്ത്രവും ധരിച്ച് കൈകൂപ്പി നില്‍ക്കുന്ന കമല്‍ഹാസന്റെ ചിത്രത്തിനായി നിങ്ങള്‍ കാത്തിരിക്കേണ്ട.

? താരങ്ങള്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുന്നതും തമിഴ്നാട്ടിലെ പതിവാണ്. കമല്‍ഹാസന്റെ പേരില്‍ അങ്ങനെയൊന്നുണ്ടായാല്‍

= അതൊരിക്കലും സംഭവിക്കുകയില്ല. മണ്ടന്‍ന്മാരെ അങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യൂ. അന്തിയുറങ്ങാന്‍ കൂരയില്ലാതെ എത്രയോ പാവങ്ങള്‍ വെയിലും മഴയുമേറ്റ് തെരുവില്‍ കഴിയുന്ന നാടാണു നമ്മുടേത്. അതു തിരിച്ചറിയുന്ന ഒരാളും തന്റെ പേരില്‍ അമ്പലം പണിയാന്‍ സമ്മതിക്കില്ല. അങ്ങനെ സമ്മതിക്കുന്നവരുടെ ബുദ്ധിക്ക് എന്തോ തകരാറ് പറ്റിയിട്ടുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. ഞാന്‍ നിങ്ങളെപോലെ ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. അല്ലാതെ കമല്‍ഹാസനായി ഒരു ദൈവികപരിവേഷം സൃഷ്ടിക്കേണ്ട. എനിക്കുവേണ്ടി ഒരമ്പലവും നിങ്ങള്‍ പണി കഴിപ്പിക്കേണ്ട. ജീവിതമുള്ളയിടത്തോളം കാലം ഈ ലോകത്ത് എന്നെ ഒരു മനുഷ്യനായി മാത്രം കാണുക. മരണംവരെ ജീവിക്കാന്‍ അനുവദിക്കുക. എന്നു മാത്രമേ എനിക്കുപറയുവാനുള്ളൂ.

? സിനിമയില്‍ ഒരുപാട് മരണങ്ങളാടിയ നടനാണ് തങ്കള്‍. വെള്ളിത്തിരയിലെ അനുഭവം ജീവിതത്തില്‍ പ്രതിഫലിച്ച നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടോ.

= ഞാനഭിനയിച്ച പല സിനിമകളിലും നായകനോ നായികയോ മരണപ്പെടുന്നത് ക്യാന്‍സര്‍ വന്നാണ്. മദനോത്സവം തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. സിനിമയിലെ ചില അനുഭവങ്ങള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ ഒരു നിമിഷം നമ്മള്‍ പകച്ചുപോകും. ജീവിതമേത് സിനിമയേത് എന്ന് തിരിച്ചറിയാനാവാത്തവിധം അത് നമ്മെ അമ്പരപ്പിച്ചുകളയും. എന്റെ പ്രിയപ്പെട്ട പലരെയും മരണം തട്ടിയെടുത്തത് ക്യാന്‍സറിന്റെ രൂപത്തിലാണ്. ജീവിതം എന്തെന്ന് അറിയും മുമ്പാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. വേര്‍പാടുകളെല്ലാം വേദനകളാണ്. ജീവിതം വിട്ടുപോയവരുടെ കാര്യം ഓര്‍ക്കുമ്പോള്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്.

? മരണത്തെ താങ്കള്‍ ഭയപ്പെടുന്നുണ്ടോ.

= ഒരിക്കലുമില്ല. പക്ഷേ വേദനയോടെയുള്ള മരണം ഞാനിഷ്ടപ്പെടുന്നില്ല. നമ്മള്‍ ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ മരിക്കുകയാണെങ്കില്‍ എനിക്കതില്‍ സന്തോഷമേയുള്ളൂ. എന്റെ അച്ഛനെ അമ്മയെ എനിക്കു കിട്ടിയത് എങ്ങനെയെന്നു പറയാനാവില്ല. അതുപോലെയാണ് ഞാന്‍ മരണത്തേയും കാണുന്നത്. എം ജി ആര്‍, ശിവാജി ഗണേശന്‍, പ്രേംനസീര്‍, സോമന്‍ തുടങ്ങിയവരുടെ മരണം പെട്ടെന്നായിരുന്നു. പക്ഷേ ജയന്റെ മരണം അങ്ങനെയായിരുന്നില്ല. ഉയരത്തില്‍ നിന്നും വീണ് ഒരുപാട് വേദനിച്ചുള്ള മരണമായിരുന്നു. അത് അങ്ങനെയൊരു മരണം എനിക്കുവേണ്ട. മരണം ജീവിതത്തിന്റെ പൂര്‍ണ്ണവിരാമമാണെന്ന് മനസ്സിലാക്കാത്തവര്‍ക്ക് എപ്പോഴും മരണഭയം ഉണ്ടാകും.

? പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ടോ.

= പുനര്‍ജന്മമെന്നത് ഒരു കെട്ടുകഥയാണെന്ന് ഞാന്‍ പറയും. പണ്ടത്തെ രാജാക്കന്മാരും സേനാമേധാവികളും മറ്റുമുണ്ടാക്കിയ കെട്ടുകഥ. യുദ്ധത്തില്‍ മരിച്ചാല്‍ പുനര്‍ജന്മമുണ്ടെന്ന് വിശ്വസിപ്പിച്ച് ഭടന്മാരെ പടക്കളത്തിലേക്കു തള്ളിവിട്ട രാജാക്കന്മാരുടെ കൗശലമായിട്ടേ പുനര്‍ജന്മത്തെ ഞാന്‍ കാണുന്നുള്ളൂ. വേറെ ജന്മത്തില്‍ ഞാന്‍ മറ്റൊരാളായിട്ട് ജനിച്ചിട്ട് കാര്യമില്ല. എനിക്കുവേണ്ടത് ഈ ജന്മത്തിന്റെ തുടര്‍ച്ചയാണ്. ഈ ജീവിതത്തില്‍ മനുഷ്യനായി ജീവിക്കാതെ അടുത്തജന്മമുണ്ടെന്ന് വിശ്വസിച്ച് അമ്പലത്തിലോ പള്ളികളിലോ പോയി പ്രാര്‍ത്ഥിച്ചതുകൊണ്ട് എന്ത് പ്രയോജനം.

? ഈ വലിയ ജീവിതം എപ്പോഴെങ്കിലും എഴുതണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?.

= ആത്മകഥ എഴുതാന്‍ മാത്രം വലിയൊരു ജീവിതാനുഭവം എനിക്കില്ല. കുട്ടിക്കാലത്തേ സിനിമയില്‍ വന്നതുകൊണ്ട് കുറേ കാര്യങ്ങള്‍ പഠിക്കാനായി. പലതും കണ്ടു. അനുഭവിച്ചു. അതൊക്കെ തുറന്നെഴുതുമ്പോള്‍ ഞാന്‍ പലരെയും വേദനിപ്പിക്കേണ്ടി വരും. ഒപ്പം സ്വയം വേദനിക്കേണ്ടിയും വരും. ആത്മകഥ എഴുതുമ്പോള്‍ അത് എന്നേക്കാള്‍ മറ്റുള്ളവരുടെ കഥകൂടിയാകും. ഞാന്‍ സ്വയം വളര്‍ന്നതല്ല. എന്നെ വളര്‍ത്തിയതാണ്. എന്റെ ജീവിതസത്യങ്ങളില്‍ പലതും ഞാനെഴുതിയ തിരക്കഥയില്‍ പലപ്പോഴും നിങ്ങള്‍ക്കു വായിച്ചെടുക്കാം. അതിനപ്പുറം ഒരാത്മകഥയെഴുതാന്‍ എനിക്കാവില്ല.

? ഒരു ചോദ്യം വെറുതെ ചോദിക്കട്ടെ, സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ കമല്‍ഹാസന്‍ എന്താകുമായിരുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

= ഒരു പക്ഷേ നക്സലൈറ്റ് ആയെന്നുവരാം...., ഇല്ല... അങ്ങനെയാവില്ല. ഈ ചോദ്യം വെറുതെ ചോദിക്കുന്നതല്ലേ? എന്നാലും കൃത്യമായ ഉത്തരം തരാം. എങ്ങനെ കറങ്ങിത്തിരിഞ്ഞാലും സിനിമയില്‍ തന്നെ വരുമായിരുന്നു. തിരിച്ചറിവ് നേടിത്തുടങ്ങുന്നതിനുമുമ്പേ എന്റെ ലോകം സിനിമയായിരുന്നു. അല്ലെങ്കില്‍ സിനിമയോട് ബന്ധപ്പെട്ടതായിരുന്നു. എത്ര കഠിനാധ്വാനം ചെയ്യേണ്ടിവന്നാലും സിനിമയില്‍ എന്തെങ്കിലുമായിത്തീരുമെന്ന് ഉറപ്പായിരുന്നു. നടനെന്ന നിലയില്‍ സിനിമക്ക് എന്നെ വേണ്ടാതായാലും ഞാന്‍ സിനിമയില്‍ത്തന്നെ ഉണ്ടാകും. ഒരു ഡാന്‍സ് മാസ്റ്ററായിട്ടെങ്കിലും. കാരണം സിനിമയല്ലാതെ എനിക്കു മറ്റൊരു ജീവിതമില്ല.

? നൂറുവര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അമ്പത്തിനാലുവര്‍ഷവും സിനിമക്കൊപ്പം സഞ്ചരിച്ച വ്യക്തിത്വമാണ് താങ്കളുടേത്. സ്വപ്നങ്ങളാണ് ഇവിടം വരെ എത്തിച്ചതെന്നും പലപ്പോഴും പറഞ്ഞു. അവസാനമായി ചോദിക്കട്ടെ, സിനിമയുടെ ഗതി മാറ്റിമറിക്കുന്ന താങ്കളുടെ അടുത്ത പരീക്ഷണം അഥവാ സ്വപ്നം എന്താണ്.

= സിനിമയില്‍ ഇന്നും ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ്. ആ മനസ്സാണ് എന്നെ പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. അതു മരണം വരെ ഞാന്‍ തുടരും.

***************************

അതുകൊണ്ട് കമല്‍ഹാസന്റെ സ്വപ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. പ്രതിസന്ധികളെ അതിജീവിക്കാനും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമായി ഞാന്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കും....! ഞങ്ങളിറങ്ങുന്വോഴും മഴയുടെ കനം കുറഞ്ഞിരുന്നില്ല. തിമിര്‍ത്തുപെയ്യുന്ന മഴയത്തും ചെന്നൈ നഗരത്തിലൂടെ മനുഷ്യര്‍ പാഞ്ഞുകൊണ്ടിരുന്നു. അവരില്‍ എത്രയോ പേര്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനായി സഞ്ചരിക്കുന്നുണ്ടാകാം. അവര്‍ക്കിടയിലൂടെ സൈക്കിളില്‍ ഒരു പതിനാറുകാരന്‍ പയ്യനും ചിലപ്പോള്‍ കടന്നുപോകുന്നുണ്ടാകാം. ഹോട്ടലിന് മുകളില്‍ നിന്ന് ആ കാഴ്ച്ചയിലേക്ക് കണ്ണുകള്‍ എറിഞ്ഞ് കമല്‍ ഓര്‍മ്മകളിലേക്ക് മൗനത്തോടെ മടങ്ങുന്നുണ്ടാകാം.ദേശാഭിമാനി ഓണം വിശേഷാല്‍ പ്രതിയില്‍ നിന്ന്

No comments:

Post a Comment